Tuesday 23 July 2013

ചലനം നിലച്ചെങ്കിലും (കഥ)


 .


 ഈ ക്ലോക്കൊന്നു നന്നാക്കി വച്ചൂടെ ?
സ്വീകരണമുറിയിലെ ചുവരിലിരിക്കുന്ന ക്ലോക്കിനെ നോക്കി പലരും ചോദിച്ച
 ചോദ്യമാണിത് .
ഞാനും ഇതേ ചോദ്യം പലതവണ ചോദിച്ചിട്ടുണ്ട് .ഒരു പുഞ്ചിരി മാത്രമായിരുന്നു
 ബാബുവിന്‍റെ മറുപടി .
       വാച്ചു നന്നാക്കുന്നവര്‍ എത്ര ശ്രമിച്ചാലും  ഒരാഴ്ചയില്‍ കൂടുതല്‍ നടക്കാന്‍ അതിന്‍റെ സൂചികള്‍ക്കു കഴിയാറില്ല.
ഇതിനെ നന്നാക്കാന്‍ പറ്റില്ല സാറെ . അവര്‍ തീര്‍ത്തുപറഞ്ഞു .
ബാബുവിന്‍റെ പരീക്ഷണങ്ങള്‍ക്കും ഇച്ഛാശക്തിക്കും അവയെ നടത്താന്‍ കഴിഞ്ഞതുമില്ല .
       ചോദിക്കുന്നവരോടൊക്കെ മറുപടിപറഞ്ഞു മടുത്തപ്പോള്‍ അല്പം കാര്യമായിത്തന്നെ ഞാന്‍ വിഷയം അവതരിപ്പിച്ചു:
ഈ ക്ലോക്കെടുത്ത്  സ്റ്റോര്‍റൂമിലെ  അലമാരയില്‍ വയ്ക്കാം.പുതിയ ഒരെണ്ണം വാങ്ങി സ്വീകരണമുറിയില്‍ വയ്ക്കാം.
അല്പനേരം ബാബുവിന്‍റെ പ്രതികരണത്തിനായി കാത്തു . മറുപടി പറയാന്‍ ഭാവമില്ലെന്നു ഉറപ്പായപ്പോള്‍  ഞാനൊരു സ്റ്റൂളില്‍ കയറിനിന്ന്‍ ചുവരിലെ ചത്ത ക്ലോക്കിനെ എടുത്തു ; റ്റീപ്പോയില്‍ വച്ചു നിവരുംമുമ്പ് എന്‍റെ വലത്തേ ചെവിക്കുറ്റിയില്‍ നിന്ന്‍ തീപ്പൊരി ചിതറി .
         കണ്ണു ചുവപ്പിച്ച് , മൂക്കു വിറപ്പിച്ച് , ചുണ്ടുകോട്ടി,നിന്നുകിതയ്ക്കുന്ന
ബാബുവിന്‍റെ രൂപഭാവങ്ങള്‍ എന്നെ ഭയപ്പെടുത്തി .
          നിമിഷങ്ങള്‍ക്കകം ബാബു ഷര്‍ട്ടെടുത്തിട്ട് , ഒന്നും മിണ്ടാതെ പുറത്തേക്കു പോയി .
          അപ്രതീക്ഷിതമായ ഭാവപ്പകര്‍ച്ചയുടെ പൊരുളറിയാതെ ഞാന്‍ കുഴങ്ങി .
           നാട്ടിന്‍പുറത്തെ കുടുംബവീട്ടില്‍നിന്ന്‍  പട്ടണത്തിലെ വാടകവീട്ടിലേക്കു താമസം മാറുമ്പോള്‍ ബാബു പപ്പയോടു ചോദിച്ചു വാങ്ങിയതാണ് ഈ ക്ലോക്കും പഴകിദ്രവിച്ചുതുടങ്ങിയ ബൈബിളും അസാധാരണവലിപ്പമുള്ള അലുമിനീയം കലവും .
          അന്ന് ക്ലോക്കിന്‍റെ സൂചികള്‍ പണിമുടക്കിയിട്ടില്ലായിരുന്നു .
           വിലപിടിപ്പുള്ള ധാരാളം വീട്ടുപകരണങ്ങള്‍ , ഇഷ്ടമുള്ളതൊക്കെ എടുത്തുകൊള്ളാന്‍ അനുവാദം ; എന്നിട്ടും ബാബു തെരഞ്ഞെടുത്തത് ഈ  മൂന്നു പുരാവസ്തുക്കള്‍ മാത്രം .
           വാടകവീട്ടില്‍ അവശ്യസാധനങ്ങള്‍ ഒപ്പിക്കാനുള്ള തത്രപ്പാടില്‍  എനിക്ക് പലപ്പോഴും അരിശംവന്നിട്ടുണ്ട് ;'ഇഷ്ടപ്പെട്ടതൊന്നും എടുക്കാന്‍ സമ്മതിച്ചില്ല . അതെങ്ങനാ ഇവിടെ  ഒരാള്‍ക്കു പുരാവസ്തുക്കളോടാണല്ലോ പ്രിയം. '
         ഞാനെത്ര കലിതുള്ളിയാലും ഇക്കാര്യത്തില്‍ ബാബുവിന് ദേഷ്യം വരാറില്ല. എന്‍റെ ദേഷ്യം കണ്ടാസ്വദിക്കുകയാണ് പതിവ് .
'ദേഷ്യം വരുമ്പം നിന്നെക്കാണാന്‍ നല്ല രസമാണ് ;മുഖമൊക്കെ  തുടുത്തു ചുവന്ന്‍ .....'
        അത്തരം സന്ദര്‍ഭങ്ങളെല്ലാം അവസാനിക്കുന്നത് ഓര്‍മ്മയില്‍പോലും മധുരംകിനിയുന്ന അനുഭൂതിവിശേഷങ്ങളിലായിരിക്കും .
        ഉപയോഗപ്പഴക്കം കൊണ്ട് ദ്രവിച്ചുതുടങ്ങിയ  ബൈബിള്‍ ; എഴുപത്തിയഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ളത് , ബാബുവിന്‍റെ സ്വകാര്യമുറിയില്‍  അമൂല്യനിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട് . കൂടെക്കൂടെ അതിനെയെടുത്ത് തഴുകിത്താലോലിക്കുന്നത്  ബാബുവിന്‍റെ ശീലമായിരുന്നു.        രണ്ടുപേര്‍ക്കു ചുരുണ്ടിരിക്കാന്‍ പറ്റിയ ഉള്ളുള്ള അലുമിനിയം പാന സ്റ്റോര്‍മുറിയുടെ നല്ലൊരുഭാഗം അപഹരിച്ചിരുന്നു . നഗരസഭയുടെ ശുദ്ധജലവിതരണം മുടങ്ങുമെന്ന്  അറിയിപ്പുണ്ടായ ദിവസം ഞങ്ങള്‍ അതിനെ പുറത്തെടുത്ത് കുളിമുറിയില്‍ വെള്ളം നിറച്ചുവച്ചു .
അതങ്ങനെ തുടര്‍ന്നുപോന്നു .
           ഒരുദിവസം പാന കാണാതായി .
        'കള്ളന്മാര്‍ക്കതേ കിട്ടിയുള്ളൂ . എന്‍റെ പിറന്നാള്‍ദിവസം പാവങ്ങള്‍ക്ക് കൊടുക്കാന്‍ നേര്‍ച്ചക്കഞ്ഞി വച്ചിരുന്ന കലമായിരുന്നു.അമ്മ മരിക്കുംവരെ നേര്‍ച്ച മുടക്കിയിട്ടില്ല .'
 ബാബു വികാരാധീനനായി പറഞ്ഞതും ദുഃഖിച്ചിരുന്നതും ഇന്നലെക്കഴിഞ്ഞതുപോലെ .
         ഭാര്യയെ തല്ലിയതിന്റെ ദുഃഖം തീര്‍ക്കാന്‍ ഒരു പൈന്റ് അകത്താക്കി ബാബു തിരിച്ചെത്തി . വന്നപാടെ ക്ലോക്കെടുത്ത് ബെഡ്റൂമിലെ ചുവരില്‍ വച്ചു .
        അടികൊണ്ടു തിണര്‍ത്ത കവിള്‍ത്തടം തഴുകിത്തഴുകി ബാബു പറഞ്ഞു :
'ഇനി ആരും കളിയാക്കില്ല കേട്ടോ . എന്നാലും എന്‍റെ മോളേ, ഇതിനെ സ്റ്റോര്‍റൂമില്‍ കൊണ്ടുവയ്ക്കാന്‍ പറഞ്ഞില്ലെ നീ . ആദ്യമായി ലീവ്സറണ്ടര്‍ചെയ്തുകിട്ടിയ കാശിന്  എന്റമ്മ   വാങ്ങിക്കൊണ്ടുവന്നതാടീ ഈ ഫോറിന്‍ക്ലോക്ക് . അന്‍സോണിയാക്ലോക്കിനെപ്പറ്റി നിനക്കെന്തറിയാം ! നന്നാക്കാന്‍ സ്പെയര്‍പാര്‍ട്സ് കിട്ടണ്ടെ .
പിന്നെ ... ആ ബൈബിള്‍ ..  സണ്ടെസ്കൂള്‍ വാര്‍ഷികത്തിന് മറ്റീര്‍സായിപ്പു നേരിട്ടുനല്‍കിയ സമ്മാനമാണ് എന്‍റെ അമ്മയ്ക്ക്;. ഇതിന്റെയൊക്കെ വിലയെന്താണെന്നു നിനക്കു മനസ്സിലാവില്ല ;  നീ ഭാഗ്യവതിയല്ലെ , നിന്‍റെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ .'
          അമ്മയുമായി ബന്ധപ്പെട്ടതെന്തും ബാബുവിന് വിലമതിക്കാനാവാത്ത നിധികളായിരുന്നു. ബാബുവിന്‍റെ ഹൃദയസ്പന്ദനം പോലും അമ്മ എന്ന രണ്ടക്ഷരത്തിന്റെ ആവര്‍ത്തനതാളമല്ലെ എന്നെനിക്കു തോന്നിയിരുന്നു .
         ചെറുപ്പത്തിലേ നഷ്ടപ്പെട്ട അമ്മയുടെ ഓര്‍മ്മക്കായി, അമ്മയെ കണ്ടുമതിവരാത്ത , സ്നേഹിച്ചു കൊതിതീരാത്ത മകന്‍റെ  സ്നേഹപൂജയായി ആ പഴകിപ്പൊടിഞ്ഞ ബൈബിളും നടക്കാത്ത സൂചികളുള്ള അന്സോണിയാ ക്ലോക്കും ബാബു വച്ചിരുന്ന അതേ സ്ഥാനങ്ങളില്‍ ഇന്നും ഭദ്രമായിരിക്കുന്നു .ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഒരിക്കലും കണ്ടിട്ടില്ലാത്ത അമ്മായിയമ്മയുടെ ഓര്‍മ്മക്കായി , ബാബുവിന്‍റെ മാതൃസ്നേഹത്തിന്റെ പ്രതീകമായി അവരണ്ടും ഞാനും നിധിപോലെ സൂക്ഷിക്കുന്നു .
          കാണുന്നവരൊക്കെ കളിയാക്കാറുണ്ട് : ഈ ക്ലോക്കിലെപ്പോഴും ഏഴുമണിയാ ?
 സൂചികള്‍ നിശ്ചലമെങ്കിലും അതിന്‍റെ ഹൃദയം തുടിക്കുന്നത് എനിക്കപ്പോള്‍ കേള്‍ക്കാം. അതിന്‍റെ സൂചികള്‍ തിളങ്ങുന്നതും കാണാം .
 എന്നും സന്ധ്യയുടെ കടുംചുവപ്പാണതിന്.

2 comments:

  1. കഥ നന്നായി അവതരിപ്പിച്ചു
    ചിലർക്ക് ചിലതിനോട് മമത
    കൂടും അതിനു ചില കാരണങ്ങളും
    ഒപ്പം ഉണ്ടാകും. നല്ല അവതരണം
    എഴുതുക അറിയിക്കുക

    PS:
    ഇവിടുത്തെ വേർഡ്‌ verification
    എടുത്തു മാറ്റുക, കമന്റു ചെയ്യാൻ
    അത് ബുദ്ധിമുട്ടുണ്ടാക്കും,
    ഡാഷ്ബോർഡിൽ പോയി അത് മാറ്റാം

    ReplyDelete