Sunday 21 July 2013

നിരാശയുടെ കാമുകന്‍ (അനുസ്മരണക്കുറിപ്പ്‌)


 
തനിക്കുചുറ്റുമുള്ള പാതിരയെക്കുറിച്ചു മാത്രം പാടിയ ഒരു രാക്കുയില്‍ !
ജീവിതത്തിന്റെ പ്രഭാതങ്ങളെ കണ്ണിലേക്കും കരളിലേക്കും കോരിനിറയ്ക്കാനാവാതെ പിടഞ്ഞുമരിച്ച രാക്കുയില്‍ ;ഇരുപത്തേഴാം വയസ്സില്‍ ആത്മഹത്യ ചെയ്ത ഇടപ്പള്ളി രാഘവന്‍പിള്ള .
ആഴമേറിയ വിഷാദാത്മകതയും ആത്മനിന്ദയും മനുഷ്യനെ ആത്മഹത്യയിലേക്കു നയിക്കുമെന്ന മനശാസ്ത്രപാഠങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഇടപ്പള്ളിയുടെ ജീവിതവും ആത്മഹത്യയും .
ആയിരത്തിത്തൊള്ളായിരത്തി ഒന്‍പതു ജൂണ്‍ മുപ്പതിന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ഡവത്തുവീട്ടില്‍ നീലകണ്‍ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയില്‍ താഴത്തുവീട്ടില്‍ മീനാക്ഷിയമ്മയുടെയും മകനായി ജനിച്ചു. ഗര്‍ഭാശയാര്‍ബുദം ബാധിച്ച് അമ്മ അദ്ദേഹത്തിന്റെ ബാല്യത്തില്‍ത്തന്നെ ജീവനൊടുക്കി.തിരുവിതാംകൂര്‍ എക്സൈസ് വകുപ്പില്‍ ശിപായിയായിരുന്ന അച്ഛന്‍ പുനര്‍ വിവാഹം ചെയ്തു. രണ്ടാനമ്മയുമായി പൊരുത്തപ്പെടാനാവാതെ അനുജന്‍ ഗോപാലപിള്ള നാടുവിട്ടു പോയി . വീട്ടിലെ അസ്വാസ്ഥ്യങ്ങള്‍ , ദാരിദ്ര്യം ,അച്ഛന്റെ കുത്തഴിഞ്ഞ ജീവിതം എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ രാഘവന്‍പിള്ള ബാല്യം മുതല്‍ക്കുതന്നെ വിഷാദിയും ഏകാകിയും ആയിത്തീര്‍ന്നു.
"അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവില്‍പ്പെട്ട് ഞെങ്ങിഞെരിഞ്ഞു വിങ്ങിപ്പിടയുന്ന
ആത്മാഭിമാനത്തിന്റെ ഒരു പര്യായമായിരുന്നു ശ്രീമാന്‍ ഇടപ്പള്ളി രാഘവന്‍പിള്ള" എന്നായിരുന്നു ആയിരത്തിത്തൊള്ളായിരത്തിമുപ്പത്താറു ഒക്ടോബറില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള സ്മാരകമുദ്രയില്‍ കുറിച്ചിട്ട വാക്കുകള്‍ .
വിഷാദം ,അപകര്‍ഷവിചാരങ്ങള്‍ , പ്രേമതരളത, മരണാഭിരതി എന്നിവയാണ് ഇടപ്പള്ളിക്കവിതയുടെ ഭാവധാരകള്‍. ഇറ്റാലിയന്‍ കാല്‍പനിക കവിയായ ലിയോപാര്‍ഡിയോടാണ് നിരൂപകര്‍ ഇടപ്പള്ളിയെ തുലനപ്പെടുത്തുന്നത് . ഇടപ്പള്ളിയുടെ ജീവിതദര്‍ശനം അദ്ദേഹത്തിന്റെ മൃത്യുബോധവുമായി ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു. അസാമാന്യമായ കാവ്യപ്രതിഭയും പ്രായത്തില്‍കവിഞ്ഞ പരിപാകവും പ്രകടമാക്കുന്ന ഇടപ്പള്ളിക്കവിതകളില്‍ നിറഞ്ഞോഴുകുന്നത് വിഷാദാത്മകതയുടെ ഒടുങ്ങാത്ത കാല്‍പ്പനികഭാവങ്ങള്‍ .
ഈ ജീവിതത്തിലുള്ള വിശ്വാസമില്ലായ്മ അഥവാ വ്യര്‍ഥതാബോധം
പൂര്‍ണ്ണമായും പ്രകാശിപ്പിക്കാന്‍ കവിതയിലൂടെ അസാധ്യമാണെന്നും ആത്മഹത്യയിലൂടെ മാത്രമേ പൂര്‍ണ്ണമായ പ്രകടനം സാധ്യമാകൂ എന്നുമുള്ള അബോധപ്രേരണ ആയിരുന്നിരിക്കാം അദ്ദേഹത്തെ ആത്മഹത്യക്കു പ്രേരിപ്പിച്ചത് . പ്രണയപരാജയം ആ പ്രേരണക്ക് കരുത്തു പകര്‍ന്നിരിക്കാം . കാല്പനികതയുടെ ആത്മവേദന അനുഭവിച്ചിട്ടുള്ള ഒരു കവിക്കും മരണത്തെയും സൌന്ദര്യത്തെയും രണ്ടായിക്കാണാന്‍ കഴിഞ്ഞിട്ടില്ല . മരണത്തോട് ബന്ധപ്പെടുമ്പോള്‍ പ്രേമത്തിനു കൂടുതല്‍ സൌന്ദര്യം കിട്ടുന്നു എന്ന വിശ്വാസമാകാം
"മമ പ്രണയലതിക തഴയ്ക്കുവാന്‍
മരണശാഖയില്‍ത്തന്നെ പടരണം "
എന്നെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് .'മരണത്തിന്‍റെ സൌന്ദര്യം' എന്ന ലേഖനത്തില്‍ കെ .പി .അപ്പന്‍ ഇടപ്പള്ളിക്കവിതയെ ഇപ്രകാരം അടയാളപ്പെടുത്തുന്നു: "സ്വയം കുത്തി മുറിവേല്‍പ്പിക്കുന്ന ചേതനയായിരുന്നു ഇടപ്പള്ളിയുടേത്. മുറിവില്‍നിന്നും രക്തം സ്രവിച്ചപ്പോള്‍ ഇടപ്പള്ളി കരഞ്ഞു . അദ്ദേഹത്തിന്റെ മനസ്സില്‍ നിരവധി വീണക്കമ്പികള്‍ ഉണ്ടായിരുന്നതുകൊണ്ട് കരച്ചില്‍ കവിതയായി മാറി ."
തുഷാരഹാരം (1935), നവസൌരഭം (1936), ഹൃദയസ്മിതം (1936), മണിനാദം (1944) ഇവയാണ് ഇടപ്പള്ളിയുടെ പ്രധാന കൃതികള്‍ .
മലയാളകവിതയില്‍ കാല്‍പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളിരാഘവന്‍പിള്ളയു മാണ്‌ .ഇരുവരും ഉറ്റ സ്നേഹിതന്‍മാരുമായിരുന്നു.പ്രിയസ്നേഹിതന്റെ അകാലവിയോഗത്തില്‍ മനമുരുകിയപ്പോള്‍ ചങ്ങമ്പുഴയില്‍നിന്നു മലയാളത്തിനു ലഭിച്ചത് സാധാരണക്കാരന്റെ എക്കാലത്തേയുംപ്രിയപ്പെട്ട പ്രണയകാവ്യമായ രമണനും .

No comments:

Post a Comment