Friday 23 May 2014

മണ്ണിന്‍റെ പെണ്ണ് (കവിത)


മഹാസമുദ്രമേ !
നീ 
  സുന്ദരികളില്‍ അതിസുന്ദരി തന്നെ.

നിന്‍റെ മലരികളും ചുഴലികളും

നിന്‍റെ അടിയൊഴുക്കുകളും

ഒടുവില്‍... നിന്‍റെ സുനാമികളും

കാത്തിരുന്നതാര്‍ക്കു വേണ്ടി ?

താപനിലയുടെ  ഗ്രാഫ്

ഉയര്‍ന്നുയര്‍ന്ന്‍,

ധ്രുവങ്ങളോളമെത്തിയ

എന്‍റെ 

ഉഷ്ണ നിശ്വാസങ്ങളെ
ആവാഹിച്ചെടുപ്പതിനോ ?



മഹാസമുദ്രമേ !

ഇപ്പോള്‍ നീ ശാന്തമായുറങ്ങുന്ന
ഒരൊട്ടകപ്പെണ്ണു  തന്നെ .
എന്‍റെ
അഗ്നിജ്വാലകളെ
ഊതിക്കെടുത്തി
നീയെന്നെ
നെഞ്ചോടു ചേര്‍ത്തണയ്ക്കുന്നു .
ഇപ്പോള്‍ നീയെനിക്കാരാണ് ?
അഭയരക്ഷയേകുന്ന
അമ്മയോ?
രക്ഷാബന്ധമേകുന്ന
ദേവീരൂപമോ ?




Friday 16 May 2014

ശ രീരം (കവിത )


.


ശ രീരം

 ഒരു ക്ഷേത്ര ഗണിതമാണ് .

അളവുകള്‍

കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടത് .

ത്രികോണത്തിന് 

 നൂറ്റി യെ ണ്‍പതു ഡിഗ്രിയും

വൃത്തത്തിന്

  മുന്നൂറ്റിയറുപതും.

അനുപാതം

മാറ്റി ക്കുറിക്കാന്‍

ആരും

ഇഷ്ടപ്പെടുന്നില്ല.

അരൂപിയായി വന്ന്

അളവുകള്‍ തെറ്റിക്കുന്ന

കാലത്തിന്‍റെ

കണ്ണുവെട്ടിച്ച്

ഈ ശരീരത്തെ

പ്രകാശവേഗത്തില്‍

 പറത്തി വിട്ടാ ലോ?







 

Friday 9 May 2014

തേക്കിലകള്‍ ഓര്‍മ്മിപ്പിക്കുന്നത് (കവിത)







രാത്രിയില്‍...
വിശന്നു വലഞ്ഞ കാറ്റിന്
എന്തൊരാര്‍ത്തി !
കണ്ണില്‍ കണ്ടത്
കരുത്തുറ്റ തേക്കുമരം.
അടിച്ചുലച്ച്,
കൊമ്പുകളടര്‍ത്തിത്തിന്നു വിശപ്പാറ്റി.
ആര്‍ത്തലച്ചു ഓടിച്ചെന്ന മഴയെ
ചിതറിച്ചീറ്റി ദാഹം തീര്‍ത്തു.

രാവിലേ...
ഉണര്‍ന്നു പത്രം തിരഞ്ഞപ്പോള്‍
മുറ്റം നിറയെ
അടര്‍ന്നു ചിതറിയ
തേക്കിലകള്‍!
നാട്ടിന്പുറത്തെ
പൊളിഞ്ഞ തറവാടിന്‍റെ
തിണ്ണയിറമ്പത്ത്
തേക്കിലയില്‍ വിളമ്പിയ
കപ്പയും ചോറും വാരിത്തിന്നു
വിശപ്പാറ്റുന്ന
ട്യൂഷന്‍ടീച്ചര്‍
കണ്ണിലേക്കു കയറിവന്നു;
പിന്നാലേ..

കത്തിക്കരിഞ്ഞ
കുടല്‍മണവുമായി
കുറേ എല്ലിന്‍ കൂടുകളും.