Thursday 16 October 2014

കാഷ്മീരിലെ കുങ്കുമപ്പാടങ്ങള്‍ (2013 ഒക്റ്റോബര്‍) (യാത്ര)




'സീറോപോയിന്‍റ് ' എന്ന എന്‍റെ  യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്  



            
                 “കുങ്കുമപ്പൂവുകള്‍ പൂത്തു.....എന്‍റെ
                 തങ്കക്കിനാവിന്‍   താഴ്വരയില്‍ ....”
    ഗാനഗന്ധര്‍വനായ യേശുദാസിന്‍റെ മധുരശബ്ദത്തിലൂടെ  മനസ്സിലിടം നേടിയ കുങ്കുമപ്പൂവുകള്‍. കൌമാരയൗവ്വനസ്വപ്നങ്ങളില്‍ മനസ്സിന്‍റെ  താഴ്വരയില്‍ പൂത്തുലഞ്ഞ കുങ്കുമപ്പാടങ്ങള്‍. അന്നൊന്നും എനിക്കറിയില്ലായിരുന്നു നമ്മുടെ രാജ്യത്തിന്‍റെ വടക്ക്, അങ്ങ് കാശ്മീരില്‍ ഇങ്ങനെയൊരു കുങ്കുമപ്പാടമുണ്ടെന്ന്. ഹബ്ബാഖാത്തൂണ്‍ വിരഹഗീതങ്ങള്‍ ആലപിച്ചുകൊണ്ട് അലഞ്ഞുനടന്ന ആ  കുങ്കുമപ്പാടങ്ങള്‍ നേരില്‍ക്കണ്ട നിര്‍വൃതിയിലാണ്  ഞാനിപ്പോള്‍.
        


ഹബ്ബാ  ഖാത്തൂണ്‍  ആരാണെന്നറിയണ്ടേ? പതിനാറാം  നൂറ്റാണ്ടില്‍ (1554–1609)  ജീവിച്ചിരുന്ന ഒരു  മിസ്റ്റിക് കവി (mystic poet). കാശ്മീരി സാഹിത്യചരിത്രത്തിലെ ഒരു ഐതിഹാസിക വ്യക്തിത്വം. ഇംഗ്ലീഷ്സാഹിത്യത്തിലെ ലിറിക്സിനു സമാനമായി കാശ്മീരിയില്‍  ‘ലോല്‍’ (lol) എന്ന സാഹിത്യരൂപത്തിനു ജന്മംനല്‍കിയ  ഹബ്ബാ ഖാത്തൂന്‍,  ‘കാഷ്മീരിലെ നൈറ്റിംഗേല്‍’ എന്നറിയപ്പെടുന്ന പ്രണയഗായിക.  കാഷ്മീരിലെ   ചന്ദ്രഹാര്‍ഗ്രാമത്തില്‍ ജനിച്ച ഒരു കൃഷീവലപുത്രി. ചീനാര്‍മരങ്ങളുടെ തണലിലും കുങ്കുമപ്പാടങ്ങളിലും പാട്ടുംപാടി നടന്നാണ് അവള്‍ വളര്‍ന്നത്. അതീവസുന്ദരിയായിരുന്ന  അവളെ   ഗ്രാമീണര്‍  സൂണ്‍ (zoon) എന്ന് വിളിച്ചു. സൂണ്‍  എന്നാല്‍  മൂണ്‍ (ചന്ദ്രന്‍) എന്നര്‍ത്ഥം. സാധാരണ പെണ്‍കുട്ടികളില്‍നിന്നും  വ്യതസ്തയായിരുന്ന സൂണിനെ മൗലവി എഴുത്തും വായനയും പഠിപ്പിച്ചുവെങ്കിലും വളരെ ചെറുപ്പത്തിലേതന്നെ അവളെ ലല്ല എന്ന നിരക്ഷരനായ കൃഷീവലന് വിവാഹംകഴിച്ചുകൊടുത്തു. സാമാന്യ വിദ്യാഭ്യാസമുള്ളവളും കവിതയിലും പാട്ടിലുമൊക്കെ തല്പ്പരയുമായ സൂണിന്‍റെ അന്തര്‍ദാഹങ്ങള്‍    മനസ്സിലാക്കാന്‍ പാവം ലല്ലയ്ക്ക് കഴിഞ്ഞില്ല. ഭര്‍ത്താവുമൊത്തുള്ള ജീവിതം അവളെ ദു:ഖിതയാക്കി. നിരാശനായ  ലല്ല അവളെ വീട്ടിലേക്ക് തിരിച്ചയച്ചു. വിവാഹമോചിതയായ സൂണ്‍  ചീനാര്‍ മരത്തണലിലിരുന്ന് ശോകഗാനങ്ങള്‍ ആലപിക്കുക പതിവായിരുന്നു. ഒരുദിവസം  അതുവഴി കുതിരപ്പുറത്തുവന്ന യൂസഫ്‌ ഷാ ചക്  പാട്ടുകേട്ട് അവളുടെ അരികിലെത്തി. അദ്ദേഹം  അവളുടെ  സൗന്ദര്യത്തില്‍ ഭ്രമിച്ചുവശായി. പ്രഥമദര്‍ശനത്തില്‍ത്തന്നെ ഇരുവരും അനുരാഗബദ്ധരുമായി. പിന്നീട് അവര്‍ വിവാഹിതരാവുകയും  സൂണ്‍ ‘ഹബ്ബാ ഖാത്തൂന്‍’ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വളരെ സന്തോഷകരമായ ദാമ്പത്യമായിരുന്നു അവരുടേത്. എന്നാല്‍ അധികകാലം അത് നീണ്ടുനിന്നില്ല. യൂസഫ്‌ ഷാ ചക് കാഷ്മീരിലെ രാജാവായി വാഴവേ, അക്ബര്‍   ഡല്‍ഹിയില്‍ ആധിപത്യം ഉറപ്പിക്കുകയും യൂസഫ്ഷായെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റുചെയ്ത് നാടുകടത്തി ജയിലിലടക്കുകയും ചെയ്തു. വിരഹിണിയും ദു:ഖിതയുമായ ഹബ്ബാഖാത്തൂന്‍ വിരഹഗാനങ്ങള്‍ പാടിക്കൊണ്ട്  സന്യാസിനിയെപ്പോലെ  കുങ്കുമപ്പാടങ്ങളില്‍ അലഞ്ഞുനടന്നു. അവസാനനാളുകളില്‍  അവര്‍ എഴുതിപ്പാടിനടന്ന  ഭാവഗീതങ്ങള്‍ വളരെയധികം ജനപ്രീതി നേടി. കാഷ്മീരിലെ  ചെറുപ്പക്കാര്‍ ഇന്നും അവ പാടിനടക്കുന്നു.
         ഒക്ടോബര്‍   മദ്ധ്യംമുതല്‍  നവംബര്‍ ആദ്യംവരെയുള്ള മൂന്നാഴ്ചക്കാലമാണ് കുങ്കുമപ്പാടങ്ങള്‍ പൂത്തുലയുന്നത്. പര്‍പ്പിള്‍ നിറമുള്ളതും സില്‍ക്ക്ദളങ്ങളുള്ളതുമായ കുങ്കുമപ്പൂക്കള്‍. ആരെയും മദിപ്പിക്കുന്ന തീക്ഷ്ണഗന്ധമുള്ള കുങ്കുമപ്പൂക്കള്‍. നിലാവുള്ള രാത്രികളില്‍ വിടര്‍ന്ന്‍ മണംചുരത്തുന്ന കുങ്കുമപ്പൂക്കള്‍  ആരെയും പ്രണയലോലുപരാക്കും. അതുകൊണ്ടുതന്നെയാവാം നിലാവുള്ള രാത്രികളില്‍  കുങ്കുമപ്പാടങ്ങളില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നത്. ഒക്റ്റോബറിലെ നിലാവുള്ള  രാത്രികളില്‍ കുങ്കുമപ്പൂക്കളുടെ വര്‍ണ്ണഭംഗി ആസ്വദിക്കുന്നതിനും മാദകഗന്ധം നുകരുന്നതിനും കാഷ്മീരിലെ രാജാക്കന്മാര്‍ വല്ലാതെ കൊതിച്ചിരുന്നുവത്രേ, പ്രത്യേകിച്ചും ജഹാംഗീര്‍ ചക്രവര്‍ത്തി.  മുഗള്‍ചക്രവര്‍ത്തിമാര്‍ ദീപാവലി ആഘോഷിച്ചിരുന്നത് കാഷ്മീരിലെ  കുങ്കുമപ്പാടങ്ങളിലായിരുന്നുവത്രെ.
          ലോകത്തില്‍ത്തന്നെ  കുങ്കുമം കൃഷിചെയ്യുന്നത് മൂന്നേമൂന്നു രാജ്യങ്ങളിലാണ്: ഇറാന്‍, സ്പെയിന്‍, ഇന്ത്യ. ബി.സി.അഞ്ഞൂറിനോടടുത്ത കാലത്ത് ഇന്ത്യ ആക്രമിച്ചു കീഴടക്കിയ പേര്‍ഷ്യന്‍രാജാക്കന്മാരാണ് കാശ്മീരിന്‍റെ  മണ്ണില്‍ കുങ്കുമം നട്ടുവളര്‍ത്തിയതെന്ന്‍ ചരിത്രം പറയുന്നു. എ.ഡി.പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളില്‍  കാഷ്മീര്‍ സന്ദര്‍ശിച്ച രണ്ട് സൂഫി സന്യാസിമാരാണ് കുങ്കുമം അവിടേക്ക് കൊണ്ടുവന്നത് എന്നൊരു  ഐതിഹ്യവും കാശ്മീരില്‍ പ്രചാരത്തിലുണ്ട്. സന്ദര്‍ശനത്തിനിടയ്ക്ക് രോഗബാധിതരായ  സന്യാസിമാര്‍ ചികിത്സയ്ക്കായി അവിടത്തെ ഗോത്രത്തലവനെ സമീപിച്ചുവെന്നും അദ്ദേഹം ആ വിശുദ്ധന്മാരുടെ രോഗം സുഖപ്പെടുത്തിയെന്നും പ്രതിഫലമായി  അവര്‍ കുങ്കുമത്തിന്‍റെ  വിത്ത് നല്‍കിയെന്നുമാണ് കഥ. കുങ്കുമവ്യാപാരകേന്ദ്രമായ പാമ്പൂരില്‍ ഖാജാ മസൂദ് വാലി എന്നും ഷെയ്ക്ക് ഷെരിഫുദിന്‍ വാലി എന്നും പേരായ രണ്ടു വിശുദ്ധന്മാരുടെ  ശവകുടീരമുണ്ട്; അവരുടെ പേരില്‍ ഓരോ ആരാധനാലയങ്ങളുമുണ്ട്. കുങ്കുമം വിളവെടുപ്പുകാലത്ത് ഈ വിശുദ്ധന്‍മാര്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള  പ്രാര്‍ഥനനകളും പതിവാണ്. എന്നാല്‍ കാഷ്മീരിലെ പ്രശസ്തകവിയും പണ്ഡിതനുമായ മൊഹമ്മദ് യൂസഫ്‌ ടെംഗ് ഈ  കഥയോട് യോജിക്കുന്നില്ല. കാഷ്മീരിലെ കുങ്കുമകൃഷിക്ക് രണ്ടായിരത്തിയഞ്ഞൂറു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ചരിത്രരേഖകളുടെയും ഹൈന്ദവേതിഹാസങ്ങളുടെയും  അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു.
           
കുങ്കുമച്ചെടി വളരെ ചെറുതാണ്. ദൂരക്കാഴ്ചയ്ക്ക്  പൂക്കള്‍ മാത്രമാണ് മണ്ണിനുമീതെ ഉള്ളതെന്നേ തോന്നൂ. പൂത്തുലഞ്ഞുകിടക്കുന്ന  പാടങ്ങള്‍  കണ്ടാല്‍ നിലത്ത്‌  പര്‍പ്പിള്‍പരവതാനി വിരിച്ചതുപോലെ. പൂക്കളുടെ അത്യാകര്‍ഷകമായ നിറവും അനിതരമായ സുഗന്ധവും ഇന്ദ്രിയങ്ങള്‍ക്ക് പകര്‍ന്നേകുന്ന സുഖാനുഭൂതി എത്രയെന്ന്  പറഞ്ഞറിയിക്കാന്‍ ഭാഷയില്‍ വാക്കുകളില്ല. അത് നേരിട്ട് അനുഭവിച്ചറിയുകതന്നെ വേണം. പൂവിന്‍റെ ഓറഞ്ചുനിറമുള്ള കേസരങ്ങളാണ്  തീക്ഷ്ണമായ സുഗന്ധം പുറപ്പെടുവിക്കുന്നത്. ഓരോ പൂവിലും രണ്ടോമൂന്നോ കേസരങ്ങളുണ്ടാവും. അവയില്‍നിന്നാണ് മേല്‍ത്തരം കുങ്കുമം (ശുദ്ധകുങ്കുമം) ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് ഗുണവും വിലയും വളരെ കൂടുതലാണ്. പൂക്കളുടെ പരാഗണഭാഗവും  കുങ്കുമം ഉല്‍പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. ഇതിന് ശുദ്ധകുങ്കുമത്തിന്‍റെ  അത്രയും ഗുണനിലവാരമില്ല, വിലയും താരതമ്മ്യേന കുറവാണ്. പൂവിന്‍റെ മറ്റുഭാഗങ്ങള്‍ പാകപ്പെടുത്തിയെടുക്കുന്ന കുങ്കുമവുമുണ്ട്. ഷാഹിസാഫ്രന്‍, മോന്‍ഗ്ര, ലാച്ച, കൗച്ചി, തുടങ്ങി പലതരത്തിലുള്ള കുങ്കുമം  കമ്പോളത്തില്‍ ലഭ്യമാണ്.
           ഔഷധസസ്യമെന്ന നിലയില്‍ കുങ്കുമത്തിന് മാനവചരിത്രത്തോളംതന്നെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ഇന്ത്യയിലും ലോകത്തിന്‍റെ പലഭാഗത്തും രോഗങ്ങള്‍ക്ക്   ശമനമേകുന്ന ദിവ്യഔഷധമായി ഇന്നും കുങ്കുമം ഉപയോഗിക്കുന്നുണ്ട്. ബി.സി.ആറാം നൂറ്റാണ്ടില്‍  ഫൊനീഷ്യക്കാര്‍  സില്‍ക്കുപോലുള്ള ദലങ്ങളും തീക്ഷ്ണസുഗന്ധവുമുള്ള പൂക്കളുള്ള ഒരത്ഭുതസസ്യത്തെത്തേടി  കാശ്മീരില്‍ വന്നതായി രേഖകളുണ്ട്. ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് ഹൃദ്യമായ നിറവും  മണവും രുചിയും നല്‍കുന്നതില്‍ കുങ്കുമം പ്രഥമസ്ഥാനത്താണ്. കാശ്മീരികളുടെ വിശിഷ്ടപാനീയമായ ‘കാഹ് വ’യിലും ബിരിയാണി, മധുരപലഹാരങ്ങള്‍, മിട്ടായികള്‍ എന്നിവയിലും കുങ്കുമം ചേര്‍ക്കാറുണ്ട്. യൂറോപ്യന്മാരാണ് ആദ്യമായി കുങ്കുമം പാചകത്തിന്  ഉപയോഗിച്ചുതുടങ്ങിയത്  എന്ന് പറയപ്പെടുന്നു. ടുബാക്കോ, ആള്‍ക്കഹോള്‍, ഡെയറി, ഡൈ, കോസ്മറ്റിക്സ് തുടങ്ങിയ വ്യവസായങ്ങള്‍ക്കും കുങ്കുമം ഉപയോഗിക്കുന്നു. കൂടാതെ,  പുരാതനകാലം മുതല്‍ക്കേ  പെര്‍ഫ്യൂമായും  ഫേഷ്യല്‍ക്രീമായും കുങ്കുമം വ്യാപകമായി  ഉപയോഗിച്ചുപോരുന്നു. ക്ലിയോപാട്ര ചര്‍മ്മത്തിന് സ്വര്‍ണ്ണനിറവും മാദകഗന്ധവും ലഭിക്കുന്നതിന് കുങ്കുമം ഉപയോഗിച്ചിരുന്നുവത്രെ. ഹിന്ദുക്കളും തിബറ്റന്‍സന്യാസിമാരും മതപരമായ ചടങ്ങുകള്‍ക്ക് കുങ്കുമം ഉപയോഗിക്കുന്നു. കുങ്കുമം ഒരു കളറിംഗ് ഏജന്റ് കൂടിയാണ്. ആകയാല്‍ പണ്ടുകാലങ്ങളില്‍   ഖുറാന്‍ പോലുള്ള വിശുദ്ധഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്നതിന് കയ്യെഴുത്തു വിദഗ്ദ്ധന്മാര്‍ കുങ്കുമം ഉപയോഗിച്ചിരുന്നു. പാകപ്പെടുത്തിയ കുങ്കുമം  വായുകടക്കാത്ത കണ്ടെയ്നറുകളിലാണ് സൂക്ഷിച്ചുവയ്ക്കേണ്ടത്. ഈര്‍പ്പവും ചൂടും പ്രകാശവും കുങ്കുമത്തിന്‍റെ സ്വാഭാവികഗുണവും നിറവും ഇല്ലാതാക്കും.
          സൂര്യപ്രകാശം തട്ടിയാല്‍ കുങ്കുമപ്പൂവിന്‍റെയും  നിറം മങ്ങും. ആകയാല്‍ വെയിലുദിക്കുംമുന്‍പുതന്നെ പൂക്കള്‍ ശേഖരിക്കേണ്ടതുണ്ട്. വെളുപ്പിനുതന്നെ സുന്ദരികളായ കാശ്മീരിപെണ്‍കുട്ടികള്‍ പൂക്കൊട്ടകളുമായി  പാടങ്ങളില്‍ പൂനുള്ളാനിറങ്ങും. പൂക്കളുടെ നിറവും മണവും പോലെതന്നെ ഹൃദയാവര്‍ജ്ജകമാണ് പൂനുള്ളുന്ന പെണ്‍കിടാങ്ങളുടെ രൂപഭാവങ്ങളും.  പൂക്കള്‍ നുള്ളിനുള്ളി അവരുടെ കൈവിരലുകള്‍  കുഴയുന്നുണ്ടാവില്ലേ?  ഇല്ല, അവര്‍ ക്ഷീണമറിയുന്നില്ല. അവരുടെ സൗന്ദര്യത്തില്‍ ഉടക്കിനിന്ന    എന്‍റെ കവിമനസ്സിന്‍റെ സന്ദേഹമാവാമത്. ഉത്സാഹികളായ  ആ പെണ്‍കുട്ടികളുടെ  ചുണ്ടില്‍നിന്നുതിരുന്നത് ഹബ്ബാ ഖാതൂണിന്‍റെ പ്രണയഗീതങ്ങളാവാം.

            
   കാശ്മീരില്‍  കുങ്കുമം കൃഷിചെയ്യുന്നത് പാമ്പോരിലാണ്. മഴയെമാത്രം  ആശ്രയിച്ചുള്ള പരമ്പരാഗത കൃഷിസമ്പ്രദായങ്ങളാണ് അടുത്തകാലംവരെ  കുങ്കുമക്കര്‍ഷകര്‍ അവലംബിച്ചിരുന്നത്. നൂറുകിലോഗ്രാം പൂക്കളില്‍നിന്ന് മൂന്നുകിലോഗ്രാം ശുദ്ധകുങ്കുമം ലഭിക്കുമായിരുന്നു. എന്നുവച്ചാല്‍ ഒരു കിലോഗ്രാം ശുദ്ധകുങ്കുമം  ഉത്പാദിപ്പിക്കാന്‍ ഒന്നരലക്ഷം പുതുപുഷ്പങ്ങള്‍ വേണം. വളരെ ആദായകരമായ  തൊഴിലായിരുന്നു കുങ്കുമകൃഷി. വര്‍ഷംതോറും ലക്ഷക്കണക്കിന്‌ രൂപ ലാഭം കിട്ടിയിരുന്നുവെന്ന്‍  കര്‍ഷകര്‍ പറയുന്നു. എന്നാല്‍ ഏതാനുംവര്‍ഷങ്ങളായി ഉത്പാദനം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടംകാരണം  കുങ്കുമക്കര്‍ഷകര്‍ കടുത്ത  പ്രതിസന്ധി നേരിടുകയാണ്. സര്‍ക്കാരിന്‍റെ പുതിയ പരിഷ്കാരങ്ങളാണ് ഉത്പാദനം കുറയാന്‍ കാരണമെന്ന് അവര്‍ ആരോപിക്കുന്നു. രണ്ടായിരത്തിപ്പത്തില്‍  നാഷണല്‍  സാഫ്രന്‍  മിഷന്‍ (NSM) ഏര്‍പ്പെടുത്തിയ ശാസ്ത്രീയ  കൃഷിരീതികള്‍ കുങ്കുമകൃഷിയെ മെച്ചപ്പെടുത്തുകയല്ല, നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഹെക്റ്ററൊന്നിന്  മൂന്നുകിലോഗ്രാം കുങ്കുമം കിട്ടിക്കൊണ്ടിരുന്നത് അഞ്ചുകിലോഗ്രാമായി ഉയര്‍ത്തണമെന്നതാണ്  NSM ലക്ഷ്യമിടുന്നത്. അതിനായി പരമ്പരാഗത  രീതികള്‍ ഉപേക്ഷിച്ച് ശാസ്ത്രീയകൃഷി രീതികള്‍ സ്വീകരിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ജലസേചനത്തിനായി  കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ചെലവ് കേന്ദ്ര, സംസ്ഥാന  സര്‍ക്കാരുകള്‍ വഹിക്കുമെന്നാണ്  NSM-ന്‍റെ വ്യവസ്ഥ. എന്നാല്‍ “ഒന്നും നേരായ രീതിയില്‍ മുമ്പോട്ടുപോകുന്നില്ല. ഓരോ കാര്യങ്ങള്‍ക്കായി സര്‍ക്കാരാപ്പീസുകള്‍ കയറിയിറങ്ങിയും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുത്തും മടുത്തു. സര്‍ക്കാരിലുള്ള വിശ്വാസംതന്നെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കൃഷിഭൂമി വില്‍ക്കുകയല്ലാതെ ഗത്യന്തരമില്ല.” ഉത്പാദനം കുറയുന്നതിനുള്ള മറ്റൊരു കാരണം ഭൂമാഫിയകളുടെ കടന്നുകയറ്റമാണെന്ന്  കുങ്കുമപ്പാടങ്ങള്‍ക്കരികില്‍ ഉയര്‍ന്നുവരുന്ന വലിയ കെട്ടിടങ്ങളെ ചൂണ്ടിക്കാട്ടി അവര്‍  പറയുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് കെട്ടിടനിര്‍മാണത്തിന് അനുമതിനല്‍കിയതെന്ന്  അവര്‍ ആരോപിക്കുന്നു. ഇറാനില്‍നിന്നുള്ള മായംചേര്‍ത്തതും വിലകുറഞ്ഞതുമായ കുങ്കുമം  വിപണിയില്‍ സുലഭമായതും തങ്ങളുടെ നഷ്ടത്തിനു ഒരു കാരണമായി അവര്‍ പറയുന്നു. ജീവിതംതന്നെ  വഴിമുട്ടിയ അവസ്ഥയിലാണ് പലരും.
          കര്‍ഷകരുടെ സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും  ജമ്മുകാശ്മീര്‍ റ്റൂറിസം സഞ്ചാരികളെ ആകര്‍ഷിക്കാനായി വര്‍ഷംതോറും വിളവെടുപ്പുകാലത്ത് (നവംബര്‍ ആദ്യവാരത്തില്‍) കുങ്കുമപ്പാടങ്ങളില്‍  ‘കുങ്കുമോത്സവം’ എന്ന പേരില്‍ വര്‍ണ്ണാഭമായ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നുണ്ട്. ശ്രീനഗറില്‍നിന്ന് പതിമൂന്ന്‌ കിലോമീറ്റര്‍ അകലെയാണ് പാമ്പോരിലെ കുങ്കുമപ്പാടങ്ങള്‍. ജമ്മുകാശ്മീര്‍  നാഷണല്‍ ഹൈവേയിലൂടെ അരമണിക്കൂര്‍കൊണ്ട് പാമ്പോരിലെത്താം. ജമ്മുവില്‍നിന്നു ട്രെയിനിലായാലും  അരമണിക്കൂര്‍ മതി.