Tuesday 3 August 2021

വഞ്ചിവീട്ടിലെ ഒരു ദിവസം (യാത്ര) എസ്.സരോജം

പുന്നപ്ര-വയലാര്‍ വിപ്ലവഭൂമിയില്‍നിന്ന് ഞങ്ങള്‍ ബോട്ടുജെട്ടിയിലേക്ക് യാത്രയായി. രാവിലെ ഹോട്ടല്‍മാനേജര്‍ ഏര്‍പ്പാടാക്കിത്തന്ന ടാക്‌സി ഞങ്ങള്‍ക്കായി കാത്തുനില്‍പുണ്ടായിരുന്നു. രണ്ടുദിവസമായി കടലും കായലും പുഴയുമൊക്കെ കാണുന്നുണ്ടെങ്കിലും യാത്ര കരയിലൂടെ മാത്രമായിരുന്നല്ലൊ. മുമ്പ് പലപ്പോഴും കെട്ടുവള്ളത്തില്‍ പകല്‍യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആഡംബരപ്രൗഢിയോടെ കായലില്‍ ഒഴുകിനീങ്ങുന്ന വഞ്ചിവീട്ടില്‍ രാവുറങ്ങാനുള്ള അവസരം ഇതേവരെ ഒത്തുവന്നിട്ടില്ല. ഇന്നേതായാലും ആഗ്രഹം സാധിക്കുന്നതിന്റെ ത്രില്ലിലാണ്. പത്തുമണിക്ക് ബുക്കിംഗ് ഓഫീസിലെത്തി. കായലരികത്ത് നിരവധി ഹൗസ്‌ബോട്ടുകള്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ നിരത്തിയിട്ടിരിക്കുന്നത് ദൂരെനിന്ന് കാണാന്‍തന്നെ എന്തൊരു ഭംഗി. തിരക്കുകുറഞ്ഞ സീസണായതുകൊണ്ട് മുന്‍കൂര്‍ ബുക്കിംഗില്ലാതെതന്നെ പ്രീമിയം കാറ്റഗറിയില്‍പ്പെട്ട ഒരെണ്ണം ലഭ്യമായി. യാത്രയാരംഭിക്കുന്നത് പതിനൊന്നരക്കാണ്. കുറച്ചുനേരം ഞങ്ങള്‍ സമീപക്കാഴ്ചകള്‍ ആസ്വദിച്ചുനടന്നു. പതിനൊന്നായപ്പോഴേക്കും ഞങ്ങള്‍ ബുക്കുചെയ്ത ബോട്ടിലെ ജീവനക്കാരെത്തി. യാത്രക്കുവേണ്ടി ബോട്ട് സജ്ജമാക്കുക, അടുത്തദിവസം മടങ്ങിയെത്തുംവരെയുള്ള ആവശ്യത്തിനുവേണ്ട എല്ലാ സാധനസാമഗ്രികളും കരുതിവയ്ക്കുക തുടങ്ങിയ ജോലികളില്‍ അവര്‍ വ്യാപൃതരായി. നല്ല അടുക്കും ചിട്ടയും വൃത്തിയുമുള്ള ബോട്ട്;. എയര്‍കണ്ടിഷന്‍ ചെയ്തമനോഹരമായൊരു ലിവിംഗ്‌റൂമും കുഷനിട്ട ഇരിപ്പിടങ്ങളും ഡൈനിംഗ്‌ടേബിളും ബാത്തറ്റാച്ഡ് ബഡ്‌റൂമും നല്ലൊരടുക്കളയും തുടങ്ങി അത്യാവശ്യമായ ആര്‍ഭാടങ്ങളെല്ലാമുണ്ട്. തീന്‍മേശമേല്‍ മുന്തിരി, ആപ്പിള്‍, മാതളം, കൈതച്ചക്ക തുടങ്ങിയ പഴങ്ങളും അതിഥികള്‍ക്കായി കരുതിവച്ചിരിക്കുന്നു. ബോട്ട്‌ഡ്രൈവര്‍ പീറ്ററും അടുക്കളക്കാരന്‍ ഷാജിയും വളരെ സരസമായ പെരുമാറ്റംകൊണ്ട് ആദ്യമേ ഞങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി. കൃത്യം പതിനൊന്നരക്ക് വഞ്ചിവീട് ഞങ്ങളെയുംകൊണ്ട് പുറപ്പെടുകയായി .ചെന്തെങ്ങിന്‍ കരിക്ക് തന്ന് ഷാജി ഞങ്ങളെ സ്വാഗതംചെയ്തു. പുന്നമടക്കായല്‍ എന്നു കേള്‍ക്കുമ്പോള്‍ കേരളീയരുടെ മനസ്സില്‍ തെളിയുന്നത് നെഹൃട്രോഫി വള്ളംകളിയായിരിക്കും. 1952-ല്‍ ആരംഭിച്ച നെഹൃട്രോഫി വള്ളംകളി ഇന്ന് സ്വദേശീയരും വിദേശീയരുമായ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയൊരു ജലമേളയായി മാറിയിരിക്കുന്നു. ആഗസ്റ്റ് മാസത്തിലെ രണ്ടാംശനിയാഴ്ചയാണ് ജനലക്ഷങ്ങളെത്തുന്ന ജലമാമാങ്കം അരങ്ങേറുന്നത്. ആളും ആരവവുമൊഴിഞ്ഞ ഐലന്‍ഡ് പവിലിയന്‍ ആഘോഷപ്പെരുമകള്‍ അയവിറക്കിക്കൊണ്ട് അടുത്ത വള്ളംകളിക്കായി കാത്തുകിടപ്പാണ്. നീലജലപ്പരപ്പില്‍ കുഞ്ഞോളങ്ങള്‍ വിരിയിച്ചുകൊണ്ട് കൊച്ചുറാണി എന്നുപേരായ വഞ്ചിവീട് മെല്ലെ മുന്നോട്ടുനീങ്ങി. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിന്റെ അനന്യമായ തീരഭംഗികളില്‍ കണ്ണുടക്കിയിരിക്കുന്ന യാത്രികരുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന വള്ളങ്ങളും സര്‍വ്വീസ് ബോട്ടുകളും ശിക്കാരകളും. ഒന്നിനുപുറകെ മറ്റൊന്നായി ഒഴുകിപ്പരക്കുന്ന കായല്‍ത്തിരകള്‍ എണ്ണിയിരിക്കാന്‍ എന്തെന്നില്ലാത്ത ആവേശം. അടുക്കളയില്‍ ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലാണ് ഷാജി. മനംമയക്കുന്ന കാഴ്ചകള്‍ക്കൊപ്പം പീറ്ററിന്റെ കുട്ടനാടന്‍ കഥകള്‍ യാത്രയുടെ ആസ്വാദ്യത ഇരട്ടിയാക്കി. വീട്ടിലെ തിരക്കുകളില്‍നിന്നൊഴിഞ്ഞ് തീര്‍ത്തും ഭാരമൊഴിഞ്ഞൊരു മനസ്സുമായി വഞ്ചിക്കൊപ്പം ഒഴുകിപ്പോവുകയാണ് ഞാനിപ്പോള്‍.
കുട്ടനാടിന്റെ ജനപ്രിയ നേതാവായിരുന്ന തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് വേമ്പനാട്ടുകായല്‍ക്കരയില്‍ പതിനാലേക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്നു. ചീനവലകളും കെട്ടുവള്ളങ്ങളും ആയുര്‍വേദ സുഖചികിത്സകളും ഉള്‍പ്പെടുന്ന റിസോര്‍ട്ട് സമ്പന്നരായ വിദേശസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. റിസോര്‍ട്ടിനെപ്പറ്റി സമീപകാലത്ത് ഉയര്‍ന്നുകേട്ട അനധികൃത കായല്‍കൈയേറ്റ പ്രശ്‌നവും ഓര്‍മ്മയില്‍ മിന്നിപ്പൊലിഞ്ഞു. ഒരുവശത്ത് കൃഷിയിറക്കാന്‍ ഒരുക്കിയിട്ടിരിക്കുന്ന നെല്‍പാടങ്ങളുടെ വിശാലദൃശ്യം. കായല്‍നിരപ്പില്‍നിന്നും കുറെ താഴ്ചയിലാണ് പാടങ്ങളുടെ കിടപ്പ്. നെല്‍പാടങ്ങള്‍ക്കും കായലിനുമിടയില്‍ അരപ്പട്ടപോലെ നീണ്ടുകിടക്കുന്ന വരമ്പുകളില്‍ തെങ്ങുകളും പച്ചപ്പുകളുമുണ്ട്. ആവശ്യമുള്ളപ്പോള്‍മാത്രം വരമ്പുമുറിച്ച് കായല്‍ജലം പാടങ്ങളിലേക്ക് ഒഴുക്കിവിടാന്‍ പറ്റുന്ന രീതിയിലാണ് വരമ്പുകളുടെ നിര്‍മ്മിതി. വീതികുറഞ്ഞ വരമ്പത്ത് വേരുറപ്പിക്കാന്‍ ഇടംപോരാതെ നില്‍ക്കുന്ന കൊന്നത്തെങ്ങുകള്‍ കാറ്റത്ത് സമൂലം ഇളകിയാടുന്നു. അതെന്താ മുറിച്ചുകളയാത്തത്, ഏതെങ്കിലും ബോട്ടിന്റെ പുറത്തേക്ക് മറിഞ്ഞുവീണാലോ എന്നായി ഞങ്ങളുടെ ആശങ്ക.
ഒന്നര മുതല്‍ രണ്ടരവരെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയാണ്. ആള്‍പാര്‍പ്പുള്ള ചെറിയൊരു തുരുത്തിനോടടുപ്പിച്ച് ബോട്ട് പാര്‍ക്കുചെയ്തു. കപ്പ, മീന്‍കറി, കരിമീന്‍ വറുത്തത് തുടങ്ങി വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണം ആസ്വദിച്ചുകഴിച്ചു. കേരളത്തിന്റെ സംസ്ഥാനമത്സ്യമായ കരിമീന്‍ കുട്ടനാടന്‍ കായലുകളില്‍ സുലഭമാണ്. കൂടാതെ പലയിനം മത്സ്യങ്ങള്‍ ധാരാളമായി ലഭിക്കുന്നു. തീരവാസികളുടെ ഉപ ജീവനമാര്‍ഗ്ഗങ്ങളിലൊന്നാണ് മത്സ്യബന്ധനം. മിക്കവീടുകളിലും ഒരു ചെറിയ വള്ളമുണ്ടാവും; ചിലത് യന്ത്രം ഘടിപ്പിച്ചതും ചിലത് തുഴഞ്ഞുപോകാവുന്നതും. നമ്മള്‍ സ്വന്തം സ്‌കൂട്ടറിലും കാറിലുമൊക്കെ സഞ്ചരിക്കുന്നതുപോലെ അവര്‍ സ്വന്തം വള്ളങ്ങളില്‍ സഞ്ചരിക്കുന്നു. ഊണുകഴിഞ്ഞ് അല്‍പനേരം കിടപ്പറയില്‍ വിശ്രമിച്ചു. സാധാരണ ഹൗസ്‌ബോട്ടുകളെ അപേക്ഷിച്ച് വലിയ ജാലകങ്ങളാണ് പ്രീമിയം ബോട്ടുകളിലെ കിടപ്പറയിലുള്ളത്. കുഞ്ഞോളങ്ങള്‍ അലയടിക്കുന്ന കായല്‍പരപ്പും സമീപവാസികള്‍ തുഴഞ്ഞുപോകുന്ന കൊച്ചുയാത്രാവള്ളങ്ങളും ദൂരെയൊരു കടവത്ത് ഒതുക്കിയിട്ടിരിക്കുന്ന ഹൗസ്‌ബോട്ടുകളും അകലെയുള്ള പച്ചത്തുരുത്തും തുടങ്ങി എത്ര സുന്ദരമായ ജാലകക്കാഴ്ചകള്‍. അപ്രതീക്ഷിതമായി ആഞ്ഞുവീശിയ കാറ്റും കനത്ത മഴയും യാത്രാനുഭൂതിയുടെ മറ്റൊരു തലം സൃഷ്ടിച്ചു. കായല്‍പ്പരപ്പില്‍ വെള്ളിമുത്തുകള്‍ വിതറുന്ന മഴയിലേക്ക് ജാലകത്തിലൂടെ കൈനീട്ടിനില്‍ക്കുമ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് വീട്ടിറമ്പിലേക്ക് കൈനീട്ടിനില്‍ക്കുന്ന കുട്ടിക്കാലം ഓര്‍മ്മവന്നു. കാറ്റും മഴയും തെല്ലൊന്നു ശമിച്ചപ്പോള്‍ വീണ്ടും യാത്ര ആരംഭിക്കുകയായി ഏതു കാലാവസ്ഥയിലും വളരെ ആസ്വാദ്യകരമാണ് വെനീസിനെപ്പോലെ സുന്ദരിയായ ആലപ്പുഴയിലെ കായല്‍സഞ്ചാരം. നിറയെ യാത്രക്കാരുമായി ആലപ്പുഴക്ക് പോകുന്ന ഒരു സര്‍ക്കാര്‍ ബോട്ട് ഞങ്ങളെ കടന്നുപോയി. വലിയ സാമ്പത്തികമൊന്നുമില്ലാത്ത ആളുകള്‍ക്കും വളരെ തുച്ഛമായ ചെലവില്‍ കായല്‍കാഴ്ചകള്‍ ആസ്വദിക്കാന്‍ പറ്റിയ മാര്‍ഗ്ഗംകൂടിയാണ് കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ സര്‍വീസ്‌ബോട്ടുകള്‍. നാലരമണിയാണ് ചായസമയം. ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തുകോരിയ പഴംപൊരിയും ചൂടുചായയുമായി ഷാജിയെത്തി. മഴ മാറിയെങ്കിലും അന്തരീക്ഷം ഇരുണ്ടുകിടപ്പാണ്. അഞ്ചുമണിയോടെ ചെറിയ മത്സ്യബന്ധനബോട്ടുകള്‍ കായലിലിറങ്ങിത്തുടങ്ങി. ചെറിയൊരു ടൗണിന്റെ സമീപത്ത് ബോട്ട് അഞ്ചുനിമിഷത്തേക്ക് നിറുത്തി. കായല്‍ മത്സ്യങ്ങള്‍, പഴം പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ റോഡരികത്ത് വില്‍പനക്ക് വച്ചിരിക്കുന്നു. ഞങ്ങള്‍ ബോട്ടില്‍നിന്നുകൊണ്ടുതന്നെ കുറച്ച് ചെമ്മീന്‍ വാങ്ങി. ഷാജി അത് അത്താഴത്തോടൊപ്പം പൊരിച്ചുതരാമെന്നേറ്റു. പീറ്റര്‍ ബോട്ടുതിരിച്ച് നിശ്ചിതസ്ഥാനത്ത് പാര്‍ക്കുചെയ്തു. ബോട്ടിനും ഡ്രൈവര്‍ക്കും രാവിലെ എട്ടുമണിവരെ വിശ്രമമാണ്. പീറ്റര്‍ ബാഗുമെടുത്ത് വീട്ടിലേക്കു പോയി. ഷാജി അത്താഴമുണ്ടാക്കുന്ന തിരക്കിലും. ഞങ്ങള്‍ ബോട്ടിന്റെ തുഞ്ചത്തിരുന്ന് പരിസരക്കാഴ്ചകളില്‍ മുഴുകി.
രാത്രിവാസത്തിനെത്തിയ സഞ്ചാരികളെയും പേറിക്കൊണ്ട് നിശ്ചിതസ്ഥാനങ്ങളില്‍ നിരന്നുകിടപ്പാണ് വഞ്ചിവീടുകള്‍. വെള്ളംനിറഞ്ഞ കുട്ടനാടന്‍ പാടശേഖരങ്ങള്‍ ആകാശനിഴല്‍പോലെ അകലെ കാണാം. പാടത്തിനും കായലിനും ഇടയ്ക്കുള്ള അതിര്‍വരമ്പില്‍ കെട്ടിപ്പൊക്കിയ കൂരകളും ഷീറ്റുമേഞ്ഞ വീടുകളും ദരിദ്രജീവിതത്തിന്റെ അടയാളങ്ങള്‍ പേറിനില്‍ക്കുന്നു. അതൊക്കെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ വീടുകളാണെന്ന് പീറ്റര്‍ പറഞ്ഞതോര്‍ത്തു. വീടുകളില്‍ നിന്ന് പതുങ്ങിയെത്തുന്ന നേര്‍ത്തവെളിച്ചം അവരുടെ ജീവിതരേഖ പോലെതന്നെ കായലോളങ്ങളില്‍ ആടിയുമുലഞ്ഞും നില്‍ക്കുന്നു. തൊട്ടടുത്ത വഞ്ചിയിലുള്ളവര്‍ യൂറോപ്പില്‍നിന്നുള്ളവരാണ്. നിക്കറും ബനിയനുമിട്ട വെളുമ്പിപ്പെണ്ണിന്റെ ചുണ്ടില്‍ എരിയുന്ന സിഗരറ്റുണ്ട്. അവള്‍ കരയിലെ ദരിദ്രജീവിതത്തിന്റെ ചലനങ്ങള്‍ നോക്കി ആശ്ചര്യപ്പെട്ടുനില്‍പാണ്. കായലിലേക്ക് ചാഞ്ഞുനില്‍ക്കുന്ന പുന്നമരത്തിന്റെ ചുവട്ടിലിരുന്ന് രണ്ടുപേര്‍ ചൂണ്ടയിടുന്നു. തെങ്ങോലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന നിഴല്‍വെളിച്ചത്തില്‍ അവരുടെ രൂപം ഇരുണ്ടുകാണാം. ഇടയ്ക്കിടെ ചലിക്കുന്ന കൈകളാണ് അവര്‍ക്ക് ജീവനുണ്ടെന്ന് തോന്നിക്കുന്നത്. വല്ലപ്പോഴും ചൂണ്ടയില്‍ കുരുങ്ങുന്ന ചെറുമീനുകളെ അവര്‍ പ്ലാസ്റ്റിക് കവറിലാക്കി പൊതിഞ്ഞുവയ്ക്കുന്നുണ്ട്. ''അവര്‍ അത്താഴക്കറിക്കുള്ള മീന്‍പിടിക്കുന്നതാ. ഇങ്ങനെ കരയ്ക്കിരുന്നാ വലുതൊന്നും കിട്ടൂല്ല. പാവങ്ങള്‍. അവര്‍ക്ക് വള്ളോം വലയുമൊന്നുമില്ല.'' ഞങ്ങളുടെ കൗതുകം കണ്ടിട്ട് ഷാജി പറഞ്ഞു. ''സാറേ ഞാനൊന്നു പുറത്തേക്കിറങ്ങിയിട്ടു വരാം. അരമണിക്കൂര്‍ കഴിഞ്ഞുപോരേ അത്താഴം?.'' ''മതിമതി, ഷാജി പോയിട്ടു വാ.''
കായലിന്റെ തീരത്തോടുചേര്‍ന്നുള്ള നടവഴിയോരത്ത് ഏതാനും ചെറിയ വീടുകളും ഒരു വീടിനോടുചേര്‍ന്ന് ഒരു പീടികയുമുണ്ട്. മുറുക്കാന്‍, സിഗരറ്റ് തുടങ്ങി അരിയും പലവ്യഞ്ജനവും വരെ ആ കൊച്ചുപീടികയില്‍ കിട്ടും. ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതും കുശലവര്‍ത്തമാനങ്ങള്‍ പറയുന്നതുമൊക്കെ കണ്ടും കേട്ടുമിരുന്ന് സമയം പോയതറിഞ്ഞില്ല. കുളി കഴിഞ്ഞപ്പൊഴേക്കും ഷാജി മടങ്ങിയെത്തി. അത്താഴവും ഉച്ചത്തെപ്പോലെ രുചിവിഭവസമൃദ്ധം. കായലിലെ രാത്രിക്കാഴ്ചകള്‍ക്ക് വിസ്മയിപ്പിക്കുന്ന സൗന്ദര്യമാണ്. മുകളിലെ ആകാശത്തിനും താഴത്തെ കായലിനും ഒരേനിറം, ഇരുള്‍നീല. കായല്‍കാറ്റിന് സുഖകരമായൊരു കുളിര്. ഓളങ്ങള്‍ തീരത്തോടു മുട്ടിയുരുമ്മുന്ന ഗ്ലും ഗ്ലും ശബ്ദം. മത്സ്യബന്ധനബോട്ടുകളില്‍നിന്നുള്ള നേര്‍ത്തവെളിച്ചം. ജാലകക്കാഴ്ചകളെ തിരശ്ശീലകൊണ്ട് മറച്ച് ഉറങ്ങാന്‍കിടന്നു. വെളുക്കുവോളം സുഖകരമായ ഉറക്കം. ഉണര്‍ന്നപ്പോള്‍ ഷാജിയുടെ വക ബഡ്‌കോഫിയും ഗുഡ്‌മോര്‍ണിംഗും. ദിനകൃത്യങ്ങള്‍ക്കുശേഷം ഒരു പ്രഭാതസവാരി. പച്ചപ്പുനിറഞ്ഞ പരിശുദ്ധമായ കായലോരം. പ്രഭാതസൂര്യന്റെ ഇളംചൂടും തെങ്ങോലകള്‍ തഴുകിയെത്തുന്ന ഇളംകാറ്റും. തുരുത്തിലെ ജനജീവിതം എത്ര ലളിതം. എന്തിനും ഏതിനും വള്ളങ്ങളെയും സര്‍ക്കാര്‍ ബോട്ടുകളെയും ആശ്രയിക്കുന്ന ഒരു ജനത... നടത്തംകഴിഞ്ഞുവന്നപ്പോഴേക്കും പീറ്റര്‍ റെഡി. എട്ടുമണിയോടെ മടക്കയാത്ര, ഇതിനിടയില്‍ പ്രഭാതഭക്ഷണം; ദോശയും സാമ്പാറും ചമ്മന്തിയും ചായയും പതിനൊന്നായപ്പോള്‍ യാത്രയാരംഭിച്ച അതേസ്ഥാനത്തുതന്നെ തിരിച്ചെത്തി.
വളരെ ഉല്ലാസപ്രദമായിരുന്നു ഹൗസ്‌ബോട്ടിലെ യാത്രയും താമസവും എങ്കിലും മനസ്സിനെ അസ്വസ്ഥമാക്കിയ ഒരുകാര്യം എടുത്തുപറയാതെവയ്യ. കായലിലങ്ങോളമിങ്ങോളം യാത്രക്കാര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകളുംു കുപ്പികളും ഓളങ്ങള്‍ക്കൊപ്പം ഒഴുകിനടക്കുന്നു. കായല്‍ മലിനമാകാതെ സൂക്ഷിക്കേണ്ടത് ഓരോ യാത്രികരുടെയും കടമയാണെന്നകാര്യം മലയാളികളെന്തേ മറന്നുപോകുന്നു?