Wednesday 6 January 2021

ജലപഹര്‍കുന്നിലെ പീസ്‌ പഗോഡ (യാത്ര) എസ്.സരോജം





ജലപഹര്‍ കുന്നിലെ പീസ്‌ പഗോഡയുടെ മുറ്റത്തുനില്‍ക്കുമ്പോള്‍, രണ്ടാം ലോകയുദ്ധകാലത്ത്‌ അണുബോംബെറിഞ്ഞു തകര്‍ക്കപ്പെട്ട നാഗസാക്കിയും ഹിരോഷിമയുമൊക്കെ ഒരുനിമിഷം മനസ്സിലേക്ക്‌ കടന്നുവന്നു. മനുഷ്യന്‌ സഹജീവികളോട്‌ എത്രത്തോളം ക്രൂരതകാട്ടാന്‍ കഴിയുമെന്ന്‌ ലോകം ഞെട്ടലോടെ കണ്ടറിഞ്ഞത്‌ ഈ ലോകയുദ്ധകാലത്താണല്ലൊ. യുദ്ധം കൊടുംപിരികൊണ്ടിരുന്ന കാലത്ത്‌, 
സ്വന്തംജീവന്‍പോലും അപകടത്തിലാവുമെന്ന ഭീതി വെടിഞ്ഞ്‌, താന്‍ യുദ്ധവിരുദ്ധ സിദ്ധാന്തത്തെ അനുകൂലിക്കുന്നതായി പ്രഖ്യാപിക്കുകയും ജപ്പാനിലെങ്ങും ചെണ്ടകൊട്ടിനടന്ന്‌ യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌ത ബുദ്ധസന്യാസിയാണ്‌ ജപ്പാന്‍കാരനായ നിചിദാ സു ഫുജി. ബുദ്ധന്‍റെ അഹിംസയും ഗാന്ധിജിയുടെ അക്രമരാഹിത്യവും അദ്ദേഹത്തെ ഒരുപോലെ സ്വാധീനിച്ച രണ്ട്‌ മഹാസിദ്ധാന്തങ്ങളായിരുന്നു.
1885-ല്‍ ജപ്പാനിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച ഫുജി ഒരു നൂറ്റാണ്ടുകാലം നീണ്ട തന്‍റെ ജീവിതം ലോകസമാധാനത്തിനായി ഉഴിഞ്ഞുവച്ച മഹാത്യാഗിയായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ സന്യാസം സ്വീകരിച്ച ഫുജി, നിപ്പോണ്‍സന്‍ മ്യൊഹോജി എന്നറിയപ്പെടുന്ന ജാപ്പനീസ്‌ ബുദ്ധിസ്റ്റ്‌ വിഭാഗത്തിന്‍റെ സ്ഥാപകനാണ്‌. മഹായാന ബുദ്ധിസ്റ്റുകള്‍ക്ക്‌ ഏറെ പ്രിയങ്കരമായ ലോട്ടസ്‌ സൂത്ര എന്ന മന്ത്രമാണ്‌ ഇക്കൂട്ടര്‍ക്കും പ്രിയം. 1931-ല്‍ അദ്ദേഹം കല്‍ക്കട്ടയില്‍ വരികയും ഗ്യാക്കു ഷൊദൈ എന്ന ജാപ്പനീസ്‌ ആചാരപ്രകാരം, ചെണ്ടകൊട്ടി, ദൈമൊകു മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്‌ നഗരംമുഴുവന്‍ കാല്‍നടയായി സഞ്ചരിക്കുകയും ചെയ്‌തു. 1933-ല്‍ അദ്ദേഹം വാര്‍ധ ആശ്രമത്തില്‍ ചെന്ന്‌ ഗാന്ധിജിയെ കാണുകയുണ്ടായി. ഗാന്ധിജിയാവട്ടെ, ഫുജിയുടെ സന്ദര്‍ശനം ഒരനുഗ്രഹമായി കരുതുകയും ദൈമൊകുമന്ത്രം ആശ്രമത്തിലെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തെ ആദരിക്കുകയും ചെയ്‌തു.
ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബു വര്‍ഷിച്ചതിനെ തുടര്‍ന്നുണ്ടായ സമാനതകളില്ലാത്ത ദുരന്തങ്ങള്‍ കണ്ട്‌ മനംനൊന്താണ്‌ ലോകസമാധാനത്തിനായി പീസ്‌ പഗോഡകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്‌. വര്‍ണ്ണ, വര്‍ഗ്ഗ, മത ഭേദമെന്യേ, ലോകമെമ്പാടും സമാധാനത്തിനായി നിലകൊള്ളുന്ന ആര്‍ക്കും ഒത്തുചേരാനുള്ള ഇടങ്ങളാണ്‌ പീസ്‌ പഗോഡകള്‍. 1947-ലാണ്‌ ഫുജി തന്നെ ലോകപ്രശസ്‌തനാക്കിയ ആ തീരുമാനമെടുത്തത്‌; ലോകസമാധാനത്തിനായി പീസ്‌ പഗോഡകള്‍ (ശാന്തിസ്‌തൂപങ്ങള്‍) നിര്‍മ്മിക്കുക. യുദ്ധം കാരണം ഒന്നരലക്ഷത്തിലധികം മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞ നാഗസാക്കിയിലും ഹിരോഷിമയിലുമാണ്‌ ആദ്യം പീസ്‌ പഗോഡകള്‍ നിര്‍മ്മിച്ചത്‌. രണ്ടായിരാമാണ്ടോടുകൂടി ഏഷ്യ, യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളിലായി എണ്‍പത്‌ പീസ്‌ പഗോഡകള്‍ നിര്‍മ്മിക്കുകയുണ്ടായി. അദ്ദേഹം ലോകത്തിനു നല്‍കിയ പ്രധാന സന്ദേശം ഇതായിരുന്നു: Civilization is not to kill human beings, not to destroy things, not to make war, civilization is to hold mutual affection and to respect one another.
പൈന്‍മരനിരകളുടെ പശ്ചാത്തലഭംഗിയില്‍, പ്രശാന്തസുന്ദരമായ കുന്നിന്‍മുകളില്‍, രണ്ട്‌ കോണ്‍ക്രീറ്റ്‌ സിംഹങ്ങള്‍ കാവല്‍ നില്‍ക്കുന്ന പീസ്‌ പഗോഡ കണ്ണിനും കരളിനും കുളിര്‍മയേകുന്ന സുന്ദരനിര്‍മ്മിതിയാണ്‌.



1972-ല്‍ ആരംഭിച്ച്‌ ഇരുപത്‌ വര്‍ഷംകൊണ്ട്‌ നിര്‍മ്മിതി പൂര്‍ത്തിയാക്കിയ, ഡാര്‍ജിലിംഗിലെ ശാന്തിസ്‌തൂപത്തില്‍ ശ്രീബുദ്ധന്‍റെ നാല്‌ അവതാരങ്ങള്‍ - നില്‍ക്കുന്നതും ഇരിക്കുന്നതും ധ്യാനിക്കുന്നതും ഉറങ്ങുന്നതുമായ സുവര്‍ണ്ണശില്‍പങ്ങള്‍ കാണാം. 



സ്‌തൂപത്തിനു ചുറ്റും ശ്രീബുദ്ധന്‍റെ ശ്രദ്ധേയമായ ജീവിതസന്ദര്‍ഭങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. ശാന്തിസ്‌തൂപത്തില്‍നിന്ന്‌ നോക്കിയാല്‍ കഞ്ചന്‍ ജംഗ മലനിരകള്‍ വ്യക്തമായി കാണാം.
ഏകദേശം നൂറുവാര ഇപ്പുറത്തായി, ജപ്പാന്‍കാരുടെ പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന, രണ്ടുനിലകളുള്ളൊരു ബുദ്ധക്ഷേത്രത്തിലാണ്‌ സന്ദര്‍ശകര്‍ ആദ്യമെത്തുക. 

ഇത്‌ നിപ്പോണ്‍സന്‍ മ്യൊഹോജി ബുദ്ധക്ഷേത്രം എന്നറിയപ്പെടുന്നു. പ്രധാന കവാടത്തില്‍നിന്നും ഇറക്കവും കയറ്റവുമൊക്കെയുള്ള ചെറിയൊരു റോഡിലൂടെ അഞ്ചാറുമിനിറ്റ്‌ നടന്നാല്‍ ക്ഷേത്രകവാടമായി. ഏതാനും പടിക്കെട്ടുകള്‍കൂടി കയറിയാല്‍ ക്ഷേത്രമായി.
റോഡിന്‍റെ ഒരുവശത്ത്‌ മനോഹരമായ നാലഞ്ച്‌ ചെറിയ വീടുകള്‍, അവയ്‌ക്കുമുന്നില്‍ പാറിപ്പറക്കുന്ന പ്രാര്‍ത്ഥനക്കൊടികള്‍.
ക്ഷേത്രത്തിനകത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്നത്‌ ഫുജി ഗുരുജിയുടെ ചിത്രമാണ്‌. അടുത്ത്‌ ഒരു ബുദ്ധരൂപം ഉള്ളതുകൊണ്ട്‌ ഇതൊരു ബുദ്ധക്ഷേത്രമാണെന്ന്‌ മനസ്സിലാക്കാം. മുകളിലത്തെ പ്രാര്‍ത്ഥനാഹാളില്‍നിന്ന്‌ പുറത്തേക്കൊഴുകുന്ന ചെണ്ടയുടെ ശബ്‌ദം പരിസരമാകെ മുഴങ്ങിക്കേള്‍ക്കാം. കൗതുകപൂര്‍വ്വം മുകളിലേക്ക്‌ കയറിച്ചെന്നപ്പോള്‍ ജപ്പാന്‍കാരിയായ പുരോഹിത ഹൊ-കൊ എന്നു പേരായ വലിയൊരു ചെണ്ടകൊട്ടി, ദൈമൊകു മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നു. അല്‍പനേരം അവിടെയിരുന്ന്‌ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ അവര്‍ ഞങ്ങളോട്‌ പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ ചെറിയ ചെണ്ടയും കോലും തന്നിട്ട്‌, അവര്‍ വലിയ ചെണ്ടകൊട്ടുന്ന അതേ താളത്തില്‍ കൊട്ടാനും പറഞ്ഞുതന്നു. അത്ഭുതമെന്നു പറയട്ടെ, വലുതും ചെറുതുമെല്ലാം ഒരേ ശബ്‌ദത്തില്‍, ഒരേ താളത്തില്‍ മുഴങ്ങി. നമുക്ക്‌ ഇഷ്‌ടമുള്ളത്രയും നേരം അവിടെ അങ്ങനെ കൊട്ടിയും പാടിയുമിരിക്കാം. എന്നാല്‍, അധികനേരമിരിക്കാന്‍ ഞങ്ങള്‍ക്ക്‌ സമയമുണ്ടായിരുന്നില്ല. എങ്കിലും ഭക്തിസാന്ദ്രമായ ആ അന്തരീക്ഷത്തിലിരുന്ന്‌ ഏതാനും നിമിഷം ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ചു. പോരുമ്പോള്‍, ദൈവത്തിന്‍റെ അനുഗ്രഹമെന്ന്‌ പറഞ്ഞ്‌ മധുരമുള്ള ഒരു സാധനം തിന്നാനും തന്നു.
1954-ല്‍, ജപ്പാനിലെ കുമാമോട്ടൊയിലാണ്‌ ഫുജി ആദ്യത്തെ പീസ്‌ പഗോഡ നിര്‍മ്മിച്ചത്‌. ഇന്ത്യയില്‍ ഡാര്‍ജിലിംഗിനുപുറമേ, രാജ്‌ഗിര്‍, ഡെല്‍ഹി, ഭുവനേശ്വര്‍, ലഡാക്‌, വൈശാലി, വാര്‍ധ എന്നിവിടങ്ങളിലും പീസ്‌ പഗോഡകളുണ്ട്‌. ലോകമെങ്ങും സമാധാനത്തിന്‍റെ സന്ദേശവുമായി നിലകൊള്ളുന്ന ജാപ്പനീസ്‌ പീസ്‌ പഗോഡകള്‍, ബി.സി.അഞ്ചാം നൂറ്റാണ്ടില്‍, നമ്മുടെ ഇന്ത്യയില്‍ ജന്മമെടുത്ത ബുദ്ധമതത്തിന്‍റെ രാജ്യാന്തരവ്യാപ്‌തിയെ അടയാളപ്പെടുത്തുന്നു.