Thursday 13 October 2022

മധുരമീനാക്ഷി ക്ഷേത്രം (യാത്ര) എസ്.സരോജം

 

വൈഗനദിയുടെ തെക്കെക്കരയില്‍ സ്ഥിതിചെയ്യുന്ന
ഒരു പുരാതനക്ഷേത്രമാണ് മീനാക്ഷി അമ്മന്‍ ക്ഷേത്രം.
ക്ഷേത്രത്തിനുചുറ്റുമായി പതിനാലേക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന
ക്ഷേത്രനഗരം വളരെ ആസൂത്രിതമായി നിര്‍മ്മിച്ചിട്ടുള്ളതാണ്.
ചതുരാകൃതിയിലുള്ള തെരുവുകളും അവയ്ക്കുചുറ്റും തമ്മില്‍
കൂട്ടിയിണക്കുന്ന വീഥികളും ഉള്‍പ്പെടുത്തി, താമരയുടെ ആകൃതിയിലുള്ള
നിര്‍മ്മാണരീതി. നഗരത്തിലെ റോഡുകളിലെ തിരക്കുകുറയ്ക്കാന്‍ ഈ
നിര്‍മ്മാണരീതി വളരെ സഹായകമാണത്രെ.
ക്ഷേത്രത്തിന് നാലുദിക്കുകളെ ദര്‍ശിക്കുന്ന നാല് പ്രവേശനകവാടങ്ങളുണ്ട്.
ഇതില്‍ ഏറ്റവും ഉയരമുള്ളതും (52 മീറ്റര്‍) അഞ്ചുനിലകളുള്ളതുമായ
തെക്കേകവാടംവഴിയാണ് ഞങ്ങള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തിനകത്ത്
പ്രധാനകോവിലുകളുടെ എട്ട് ചെറിയ ഗോപുരങ്ങള്‍ വേറെയുമുണ്ട്.
ദ്രാവിഡവാസ്തുവിദ്യയുടെ  മകുടോദാഹരണങ്ങളായ ക്ഷേത്രഗോപുരങ്ങള്‍
നിറയെ കരിങ്കല്ലില്‍കൊത്തിയ പുരാണകഥാപാത്രങ്ങളും വ്യാളീമുഖങ്ങളും
കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അജന്ത, എല്ലോറ മാതൃകയിലുള്ള
രതിശില്‍പങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബൈനോക്കുലറിലൂടെയോ
സൂംലെന്‍സിലൂടെയോ നോക്കിയാല്‍ ശില്‍പങ്ങളെല്ലാം വ്യക്തമായി
കാണാന്‍കഴിയും. നിരവധി ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും
അധിഷ്ഠിതമായ ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും
സാക്ഷ്യംവഹിക്കുന്ന മുപ്പത്തിമൂവായിരത്തോളം ശില്‍പങ്ങളും നൂറ്റാണ്ടുകള്‍
പഴക്കമുള്ള ചുവര്‍ചിത്രങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികള്‍
വിസ്മയത്തോടെ നോക്കിക്കാണുന്നു.
985 തൂണുകളുള്ള ആയിരംകല്‍
മണ്ഡപവും വളരെ ആകര്‍ഷകമാണ്. ഈ മണ്ഡപത്തിനുപുറത്ത് ഏഴ്
കല്‍ത്തൂണുകള്‍ (മ്യൂസിക്കല്‍ പില്ലേഴ്‌സ്) കാണാം. അവയില്‍ ചെറിയ
മരക്കോലുകൊണ്ട് മൃദുവായിമുട്ടിയാല്‍ സപ്തസ്വരങ്ങള്‍ കേള്‍ക്കാം.
തൂണുകളുടെ അമിതഭാരവും കാലപ്പഴക്കവും കൊണ്ടാവാം ഇപ്പോള്‍
മ്യൂസിക്കല്‍ നോട്‌സ് ശരിയായ പിച്ചിലല്ല കേള്‍ക്കുന്നത്. മണ്ഡപത്തിനു
പുറത്തുള്ള പൊന്‍താമരക്കുളത്തിന്റെ പടവുകളില്‍നിന്നുള്ള
ക്ഷേത്രഗോപുരക്കാഴ്ച എത്രമനോഹരം! കുളത്തിനുനടുവിലായി
സ്വര്‍ണ്ണക്കൊടിമരം കാണാം. 
ഇവിടെ ശ്രീപാര്‍വതിയെ മീനാക്ഷിയായും  പരമശിവനെ സുന്ദരേശ്വരരായും
ആരാധിച്ചുവരുന്നു. ആകയാല്‍ ഈ ക്ഷേത്രത്തിന് 
മീനാക്ഷിസുന്ദരേശ്വരക്ഷേത്രം എന്നും പേരുണ്ട്. പാര്‍വതീദേവിക്ക്
പരമശിവനെക്കാള്‍ പ്രാധാന്യം കല്‍പിച്ചുപോരുന്ന അപൂര്‍വം
ക്ഷേത്രങ്ങളിലൊന്നാണിത്. ഹൈന്ദവവിശ്വാസപ്രകാരം ശ്രീപാര്‍വതിയുടെ
അവതാരമാണ് മീനാക്ഷി. അനന്തരാവകാശിയില്ലാതിരുന്ന രണ്ടാം
പാണ്ഡ്യരാജാവ് മാലയധ്വജപാണ്ഡ്യനും ഭാര്യ കാഞ്ചനമാലയ്ക്കും 
പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി ലഭിച്ച മകളാണ് മീനാക്ഷി.
യാഗാഗ്നിയില്‍നിന്ന് ഒരു പെണ്‍കുഞ്ഞ് ഉയര്‍ന്നുവന്നു. അവള്‍ക്ക് മൂന്ന്
സ്തനങ്ങളുണ്ടായിരുന്നു. ഭാവിവരനെ ദര്‍ശിക്കുന്നമാത്രയില്‍ മൂന്നാംസ്തനം
അപ്രത്യക്ഷമാകുമെന്ന് പ്രവചനമുണ്ടായി. പുത്രീഭാഗ്യത്തില്‍സന്തുഷ്ടനായ
രാജാവ് മകളെ തടാതകൈ എന്നുവിളിച്ചു. അറുപത്തിനാല് ശാസ്ത്രങ്ങളിലും
പാണ്ഡിത്യംനേടിയ തടാതകൈ പിതാവിന്റെ മരണശേഷം
പാണ്ഡ്യരാജ്യത്തിലെ രാജ്ഞിയായി. ധീരയോദ്ധാവായ  രാജ്ഞി
പടനയിക്കുന്നതിനിടയില്‍ കൈലാസത്തില്‍വച്ച് പരമശിവനെ
കാണാനിടയായി. ആ നിമിഷം മൂന്നാംസ്തനം അപ്രത്യക്ഷമായി.
താന്‍ പാര്‍വതീദേവിയുടെ അവതാരമായ മീനാക്ഷിയാണെന്നും
ശിവപത്‌നിയാവേണ്ടവളാണെന്നും തിരിച്ചറിഞ്ഞ രാജ്ഞി പരമശിവനോട്
വിവാഹാഭ്യര്‍ത്ഥനനടത്തി. ശിവന്‍ സമ്മതമരുളുകയും മധുരയില്‍
തനിക്കായി കാത്തിരിക്കാന്‍ പറയുകയുംചെയ്തു. മധുരയില്‍ തിരിച്ചെത്തിയ
രാജ്ഞി പരമശിവനെ കാത്തിരുന്നു. എട്ടുദിവസങ്ങള്‍ക്കുശേഷം
സുന്ദരേശ്വരരുടെ രൂപത്തില്‍ മധുരയിലെത്തിയ പരമശിവന്‍ മീനാക്ഷിയെ
വിവാഹംചെയ്തു. മധുരയില്‍ നടന്ന തിരുക്കല്യാണത്തില്‍ ഭൂമിയിലെ
സര്‍വചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവഗണങ്ങളും പങ്കെടുത്തു.
വിവാഹശേഷം ഇരുവരുമൊരുമിച്ച് വര്‍ഷങ്ങളോളം മധുരൈരാജ്യം
ഭരിച്ചുവെന്നും പിന്നീട് മീനാക്ഷി-സുന്ദരേശ്വരരൂപത്തില്‍ ക്ഷേത്രത്തില്‍
കുടികൊള്ളുന്നുവെന്നുമാണ് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം.
ആണ്ടുതോറും ഏപ്രില്‍മാസത്തില്‍ ആഘോഷിക്കുന്ന തിരുക്കല്യാണം
അഥവാ ചൈത്രമഹോത്സവം (ചിത്തിരൈ തിരുവിഴാ) ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
ചരിത്രപ്രസിദ്ധരായ പാണ്ഡ്യരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മധുരൈ.
കുലശേഖരപാണ്ഡ്യനാണ് മധുരമീനാക്ഷിക്ഷേത്രം നിര്‍മ്മിച്ചത്. പതിനാലാം
നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മധുര ഡല്‍ഹിരാജാക്കന്മാരുടെയും
അതിനുശേഷം തുഗ്ലക് വംശത്തിന്റെയും 1371-ല്‍ വിജയനഗര
സാമ്രാജ്യത്തിന്റെയും അധീനതയിലായി. വിജയനഗരരാജാക്കന്മാരുടെ
പ്രതിനിധിയായി മധുരയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്
നായ്ക്കര്‍(ഗവര്‍ണ്ണര്‍) ആയിരുന്നു. 
1530-ല്‍ കൃഷ്ണദേവരായരുടെ മരണശേഷം നായ്ക്കര്‍
മധുരയുടെ സ്വതന്ത്രാധികാരികളായി. പ്രധാനകോവിലുകള്‍
മാത്രമുണ്ടായിരുന്ന മധുരമീനാക്ഷി ക്ഷേത്രത്തെ ഇന്നുകാണുന്ന രീതിയില്‍
ശില്‍പകലയുടെ ശ്രീകോവിലാക്കിമാറ്റിയത് 1623-1659 കാലത്ത് മധുര
ഭരിച്ചിരുന്ന തിരുമല നായ്ക്കരാണ്. മധുരമീനാക്ഷിക്ഷേത്രത്തിന്റെ
പടിഞ്ഞാറേഗോപുരമാതൃക മനസ്സില്‍ കണ്ടുകൊണ്ടാണ് 1949-ല്‍
മധുരൈക്കാരനായ ആര്‍.കൃഷ്ണറാവു തമിഴ്‌നാട് സംസ്ഥാനത്തിന്റെ
ഔദ്യോഗികചിഹ്നം രൂപകല്‍പനചെയ്തത്. എന്നാലിത് ശ്രീവില്ലിപ്പുത്തൂര്‍
ക്ഷേത്രഗോപുരമാണെന്നാണ്  പരക്കെയുള്ള ധാരണ. 

ദിനംപ്രതി പതിനയ്യായിരത്തോളം   സന്ദര്‍ശകരാണ് ക്ഷേത്രദര്‍ശനത്തിനെത്തുന്നത്. വെള്ളിയാഴ്ചദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം 25,000 കവിയുമത്രെ. ഏകദേശം ആറുകോടിയോളംരൂപയാണ്. ക്ഷേത്രത്തിന്റെ വാര്‍ഷികവരുമാനം. രണ്ടുമണിക്കൂറിലേറെ സമയം ക്യൂനിന്നിട്ടാണ് ഞങ്ങള്‍ക്ക് ദര്‍ശനം സാദ്ധ്യമായത്. എന്നാല്‍ ക്യൂനില്‍ക്കാതെ വേഗം ദര്‍ശനം സാദ്ധ്യമാക്കാനുള്ള സംവിധാനങ്ങളുമുണ്ടെന്ന് ക്യൂനിന്ന് തളര്‍ന്നപ്പോഴാണ് മനസ്സിലായത്.

മധുരമീനാക്ഷിയെ കണ്ടുമടങ്ങുമ്പോള്‍, സമീപത്തുള്ള ചെറിയൊരു തെരുവ് എന്നെ അത്ഭുതപ്പെടുത്തി; പൂക്കളും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന തെരുവുകള്‍ക്കിടയില്‍ അറിവിന്റെ നിറവുപകരുന്ന പുസ്തകങ്ങള്‍ക്കായി ഒരിടം! കാല്‍നടക്കാര്‍ തിക്കിത്തിരക്കി നടക്കുന്ന വഴിയോരത്ത് ഇരുവശങ്ങളിലും നിരന്നിരിക്കുന്ന പുസ്തകക്കടകള്‍. ആധുനികസംവിധാനങ്ങളൊന്നുമില്ലാതെ, ആയിരക്കണക്കിന് പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്നു. 

ഒരു കടയില്‍നിന്ന് പുസ്തകങ്ങളും മാസികകളുമായി ഇറങ്ങിവരുന്ന ഒരു സാധാരണസ്ത്രീയെ ഞാന്‍ ആശ്ചര്യത്തോടെ കണ്ടു.  എല്ലാ കടകള്‍ക്കുള്ളിലും പുസ്തകങ്ങള്‍ തിരയുന്ന വായനപ്രേമികളെ കണ്ടു. ഭക്തിസാന്ദ്രമായ ചുറ്റുപാടുകളില്‍,  പുസ്തകവില്‍പന ലാഭകരമായി നടന്നുപോകുന്നുവെന്ന് ഉടമകള്‍ പറയുകയുണ്ടായി. നേരത്തെ ടാക്‌സിയില്‍ നഗരം ചുറ്റുമ്പോഴും പാതയോരത്ത് നിരവധി പുസ്തകക്കടകള്‍ കാണുകയുണ്ടായി. ആധുനികസജ്ജീകരണങ്ങളോടുകൂടിയ ആ വലിയ പുസ്തകക്കടകളില്‍ വിദേശഭാഷകളിലേതുള്‍പ്പെടെ  എല്ലാത്തരം മികച്ച പുസ്തകങ്ങളും ലഭ്യമാണ്. തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനമാണല്ലൊ മധുരൈ നഗരം അന്നും ഇന്നും. മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ പൊന്‍താമരക്കുളത്തിന്റെ പരിസരങ്ങളിലാണ് സംഘകാലകവികള്‍ ഒത്തുചേര്‍ന്ന് കവിസമ്മേളനങ്ങളും സാഹിത്യസംവാദങ്ങളും നടത്തിയിരുന്നത്. സംസ്‌കാരസമ്പന്നമായിരുന്ന ആ പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന മധുരൈനഗരത്തോട് വിടപറയുമ്പോള്‍ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.