Thursday 20 May 2021

പിപ്പിലിയിലെ തുണിച്ചമയങ്ങള്‍ (യാത്ര) എസ്.സരോജം

ഒറീസയിലേക്കുള്ള യാത്ര പ്ലാന്‍ചെയ്‌തപ്പോള്‍ ആദ്യപരിഗണനയില്‍ ജഗന്നാഥക്ഷേത്രവും സൂര്യക്ഷേത്രവും കടന്നുവന്നു. ഒറിയ ഗ്രാമജീവിതത്തിന്റെ നിറലാവണ്യം ആസ്വദിക്കാന്‍ പറ്റിയ ഒരിടം ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കണ്ണിലുടക്കിയത്‌ പിപ്ലി ആപ്ലിക്‌ വര്‍ക്കിനു പേരുകേട്ട പിപ്പിലിയാണ്‌. പല വര്‍ണ്ണങ്ങളിലുള്ള തുണിക്കീറുകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കുന്ന തുണിച്ചമയങ്ങളാണ്‌ പിപ്പിലിയെന്ന ഗ്രാമത്തെ പ്രശസ്‌തിയിലേക്ക്‌ നയിച്ചത്‌. ഒറിയ കരകൗശല ഉത്‌പന്നങ്ങളില്‍ ഏറെ പ്രചാരമുള്ളതും പ്രിയങ്കരവുമായ ഒരിനമാണ്‌ രഥോത്സവങ്ങളുമായി ബന്ധപ്പെട്ട പിപ്ലി ആപ്ലിക്‌ വര്‍ക്ക്‌.
സൂര്യക്ഷേത്രത്തിലേക്കുള്ള പരമ്പരാഗതവപാതയില്‍, ഏകദേശം ഇരുപത്‌ കിലോമീറ്റര്‍ അകലെ, ഭുവനേശ്വര്‍ റോഡിലാണ്‌ കരകൗശലഗ്രാമമായ പിപ്പിലി. പാതയുടെ ഇരുവശങ്ങളിലും ഗോവിന്ദക്ഷേത്രങ്ങളും കരകൗശലക്കടകളും അങ്ങാടികളും മീന്‍ചന്തകളും തുടങ്ങി ഗ്രാമക്കാഴ്‌ചകളുടെ ബാഹുല്യം. കവലയിലെ കടകളില്‍ തൂക്കിയിട്ടിരിക്കുന്ന കരകൗശലവസ്‌തുക്കളുടെ തനതായ ഭംഗി കണ്ടിട്ടാവും അതുവഴി പോകുന്ന സഞ്ചാരികള്‍ അവിടെയിറങ്ങി എന്തെങ്കിലുമൊക്കെ വാങ്ങിപ്പോകുന്നു. ഛായാദീപങ്ങള്‍, ഉദ്യാനക്കുടകള്‍, മേല്‍ക്കെട്ടികള്‍, ചുവരലങ്കാരങ്ങള്‍, തോള്‍സഞ്ചികള്‍, ചിത്രങ്ങള്‍ തുടങ്ങി നിരവധിയായ കരകൗശലവസ്‌തുക്കള്‍ ഇവിടത്തെ കടകളില്‍നിന്ന്‌ തുച്ഛമായ വിലയ്‌ക്ക്‌ വാങ്ങാം. ഗ്രാമത്തിനുപുറത്തുള്ള കടകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഈ തുണിച്ചമയങ്ങളും മറ്റ്‌ അലങ്കാരവസ്‌തുക്കളും അനേകംമടങ്ങ്‌ വിലയ്‌ക്കാണ്‌ വില്‌പനനടത്തുന്നത്‌. ഉദാഹരണമായി, ഇവിടെ നൂറോ നൂറ്റമ്പതോ രൂപ വിലയുള്ള ഒരു പിപ്പിലി ലാന്റേണിന്‌ (തൂണുകളുടെ ആകൃതിയില്‍ വര്‍ണ്ണത്തുണിക്കീറുകള്‍ ചേര്‍ത്തുതയ്‌ച്ച ഛായാദീപം) ഡല്‍ഹിയിലും മഹാബലിപുരത്തുമൊക്കെ എണ്ണൂറും ആയിരവും കൊടുക്കേണ്ടിവരും.കവലയില്‍ വണ്ടി ഒതുക്കിനിറുത്തിയിട്ട്‌ ഡ്രൈവര്‍ സമീപത്തുള്ള വലിയൊരു കട ഞങ്ങള്‍ക്ക്‌ കാണിച്ചുതന്നു. പിപ്പിലിയിലെ എല്ലായിനം കരകൗശലവസ്‌തുക്കളും ഈ കടയില്‍ ലഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. റിഹാന്‍ അലി ഷാ എന്നുപേരായ ഒരു ചെറുപ്പക്കാരനാണ്‌ കടയുടെ നടത്തിപ്പുകാരന്‍. പ്രദര്‍ശനവസ്‌തുക്കള്‍ ഓരോന്നായി കണ്ടും വിലപേശിയും നില്‍ക്കുന്നതിനിടയില്‍, റിഹാന്‍ ഞങ്ങളെ കടയ്‌ക്കുള്ളിലേക്ക്‌ ക്ഷണിച്ചു. സാമാന്യം വിശാലമായൊരു ഹാളില്‍, പുറത്ത്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനെക്കാള്‍ മനോഹരമായ വര്‍ണ്ണക്കുടകളും തോള്‍സഞ്ചികളും വാനിറ്റിബാഗുകളും വസ്‌ത്രങ്ങളും ചിത്രങ്ങളുമൊക്കെ മൊത്തവില്‍പനയ്‌ക്കായി അടുക്കിവച്ചിരിക്കുന്നു. അവയില്‍നിന്ന്‌ ഇഷ്‌ടമുള്ളത്‌ തിരഞ്ഞെടുക്കാന്‍ റിഹാന്‍ ഞങ്ങളെ സഹായിച്ചു. കരവേലകള്‍ചെയ്‌ത്‌ ചന്തംവരുത്തിയ വാനിറ്റിബാഗുകളിലും തോള്‍സഞ്ചികളിലുമായിരുന്നു ഞങ്ങളുടെ നോട്ടം. ഓരോരുത്തരും വീട്ടിലെ കുട്ടികള്‍ക്കായി നൂറുരൂപ വിലയ്‌ക്കുള്ള ബാഗുകളും വര്‍ണ്ണക്കുടകളും വാങ്ങി. ചിത്രവര്‍ണ്ണത്തുണിക്കീറുകള്‍ ചേര്‍ത്തു തുന്നിയ വസ്‌ത്രങ്ങള്‍ കാണാന്‍ ഭംഗിയുണ്ടെങ്കിലും അതൊക്കെ നമ്മുടെ നാട്ടില്‍ ഇട്ടുനടക്കുന്ന കാര്യം പ്രയാസമാണ്‌.. എങ്കിലും പാവപ്പെട്ട ഗ്രാമീണരുടെ ഉപജീവനമാര്‍ഗ്ഗമാണല്ലൊ എന്നോര്‍ത്തപ്പോള്‍ അതും ഓരോന്ന്‌ വാങ്ങാതിരിക്കാനായില്ല. ജഗന്നാഥന്‍ ഇവരില്‍ കാരുണ്യവര്‍ഷം ചൊരിയുന്നത്‌ ഉത്സവകാലത്താണല്ലൊ.
കൗതുകകരമായ ചിത്രത്തുന്നലുകളും തുണിച്ചമയങ്ങളും എന്നുവേണ്ട എല്ലാ കരകൗശലനിര്‍മ്മിതികളും ഈ ഗ്രാമത്തിലെ സ്‌ത്രീകള്‍ സ്വന്തംവീടുകളിലിരുന്ന്‌ ചെയ്യുന്നതാണെന്ന്‌ കേട്ടിരുന്നു. അതൊന്ന്‌ നേരില്‍ കാണണമെന്ന്‌ ആഗ്രഹം അറിയിച്ചപ്പോള്‍ റിഹാന്‍ ഞങ്ങളെ സമീപത്തെ തെരുവിലുള്ള സ്വന്തം വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഉച്ചഭക്ഷണത്തിനുള്ള സമയമായതിനാല്‍ തെരുവ്‌ വിജനമായിരുന്നു. റിഹാന്‍ ഞങ്ങള്‍ക്കുമുമ്പേ വേഗം നടന്ന്‌, ഒരു കൊച്ചുവീടിനുള്ളിലേക്ക്‌ കയറിപ്പോയി.
ഞങ്ങള്‍ വീട്ടുമുറ്റത്തെത്തിയപ്പോഴേക്കും രണ്ടുവയസ്സ്‌ തോന്നിക്കുന്ന ഒരാണ്‍കുട്ടി വാതില്‍ക്കല്‍ വന്ന്‌ ഞങ്ങളെത്തന്നെ നോക്കിനില്‍പായി. പിറന്നപടിയാണ്‌ അവന്റെ നില്‍പ്‌. വീട്ടില്‍ ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ടെന്ന്‌ റിഹാന്‍ നേരത്തെ പറഞ്ഞിരുന്നു. റിഹാനും ഭാര്യയും അലങ്കോലപ്പെട്ടുകിടന്ന വീടിനകം നേരെയാക്കുകയാണെന്നഞങ്ങളൂഹിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ റിഹാനോടൊപ്പം ഭാര്യയും മൂത്തകുട്ടിയും വാതില്‍ക്കല്‍ വന്ന്‌ ഞങ്ങളെ അകത്തേക്ക്‌ ക്ഷണിച്ചു. വീടിന്റെ മുന്‍ഭാഗത്താണ്‌ അടുക്കള. സ്ലാബിന്മേല്‍, വിറകടുപ്പില്‍ കറിയിരിപ്പുണ്ട്‌. ഒരു സ്റ്റീല്‍ചരുവത്തില്‍ വാര്‍ത്തുവച്ച ചോറും. ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലായിരുന്നു ഗൃഹനാഥയെന്ന്‌ മൂടിവയ്‌ക്കാത്ത ചോറും അടുപ്പിലെ തീയും ഞങ്ങളോട്‌ പറഞ്ഞു. അടുക്കളയ്‌ക്കപ്പുറം, ഒറ്റമുറി മാത്രമുള്ള, കുടില്‍സമാനമായ വീടിനുള്ളില്‍ ആകെയുള്ള ഒരു കട്ടിലില്‍ ഞങ്ങള്‍ക്ക്‌ ഇരിക്കാനിടമൊരുക്കി വീട്ടുകാര്‍ ഒതുങ്ങിനിന്നു. ഇട്ടിരുന്ന നൈറ്റിക്കുമീതേ ഒരു ഷാളെടുത്ത്‌ പുതച്ച്‌, മുഖത്ത്‌ ഹൃദ്യമായൊരു ചിരിയുംവിരിയിച്ചുനില്‍പാണ്‌ ഗൃഹനാഥ. റിഹാന്‍ ഇളയകുട്ടിയെ നിക്കറിടിയിച്ചുനിറുത്തി. കുട്ടികള്‍ അമ്മയുടെയരികില്‍ ഞങ്ങളെത്തന്നെ കണ്ണിമയ്‌ക്കാതെ നോക്കിനിന്നു. അപരിചിതത്വംമുറ്റിയ അന്തരീക്ഷം മാറ്റിയെടുക്കാനായി ഞാന്‍ അവരോട്‌ ചോദിച്ചു: നാം ക്യാ ഹേ? സാദത്തുല്‍ ബീവി
തുമാരാ നാം ക്യാ ഹേ? മൂത്തകുട്ടിയോട്‌ ചോദിച്ചു. അവന്‍ നാണംകുണുങ്ങിക്കുണുങ്ങി അവ്യക്തമായി എന്തോ പറഞ്ഞു. റിഹാന്‍ വ്യക്തമാക്കി: മൂത്തവന്റെ പേര്‌ ഇര്‍ഫാന്‍ അലി ഷാ, ഇളയവന്റെ പേര്‌ അയന്‍ അലി ഷാ. പണിപ്പുരയെവിടെ?
റിഹാന്‍ ഞങ്ങളിരുന്ന കട്ടിലിലേക്ക്‌ വിരല്‍ചൂണ്ടി ബീവി പണി പാതിയാക്കിവച്ചിരുന്ന തുണിച്ചമയവും തുന്നല്‍സൂചിയും കൈയിലെടുത്തു ഞങ്ങള്‍ എണീറ്റ്‌ മാറിനിന്നു. അവര്‍ കട്ടിലിലിരുന്ന്‌ പണിതുടങ്ങി. കുറച്ചുനേരം അവരുടെ കരവിരുത്‌ നോക്കിനിന്നു.
പിന്നെ കുടുംബത്തോടൊപ്പം നിന്ന്‌ ഫോട്ടൊയുമെടുത്ത്‌, അവരോട്‌ യാത്രപറഞ്ഞ്‌, റിഹാനോടൊപ്പം പുറത്തേക്കിറങ്ങി. ഒഡീസി നൃത്തം, ഒറിയാപാചകശൈലി എന്നിവപോലെതന്നെ പിപ്പിലി കരവേലയുടെയും തുടക്കവും വളര്‍ച്ചയും ജഗന്നാഥഭക്തിയെ അവലംബിച്ചായിരുന്നു. പുരിയിലെ പ്രസിദ്ധമായ രഥോത്സവവേളകളില്‍ രഥങ്ങള്‍ അലങ്കരിക്കുന്നതിനുവേണ്ടിയാണ്‌ തുണിച്ചമയങ്ങള്‍ അഥവാ പിപ്ലി ആപ്ലിക്‌ വര്‍ക്‌ തുടങ്ങിയതെന്ന്‌ ചരിത്രം. നൂറുകണക്കിന്‌ പരമ്പരാഗത കരവേലക്കാര്‍ ഈ രംഗത്ത്‌ പണിയെടുക്കുന്നു. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ പുരിയിലെ രാജാക്കന്മാര്‍ ദോര്‍ജികള്‍എന്നപേരില്‍ അറിയപ്പെട്ടിരുന്ന തുന്നല്‍ക്കാരെ ഈ അലങ്കാരപ്പണികള്‍ ഏല്‌പിച്ചുപോന്നിരുന്നതായി ക്ഷേത്രരേഖകളുണ്ട്‌. ക്ഷേത്രസേവകരായ ദോര്‍ജികളുടെ ആവാസകേന്ദ്രമായാണ്‌ പിപ്പിലി ഗ്രാമം നിലവില്‍വന്നത്‌. ആണ്ടോടാണ്ട്‌ ഉത്സവസമയത്ത്‌ ആവശ്യമായ ചിത്രപ്പന്തലുകളും വര്‍ണ്ണക്കുടകളും തുണിച്ചമയങ്ങളും ഗ്രാമവാസികള്‍ നിര്‍മ്മിച്ചുനല്‍കി. ജഗന്നാഥഭക്തിയും രാധാകൃഷ്‌ണസങ്കല്‍പവും പ്രമേയമാക്കി നിര്‍മ്മിച്ചിരുന്ന ചിത്രരൂപകങ്ങള്‍ പുരിയിലെത്തുന്ന ആബാലവൃദ്ധം തീര്‍ത്ഥാടകരെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ അവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മിതിയും ആരംഭിച്ചു. അങ്ങനെ പിപ്ലി ആപ്ലിക്‌ വര്‍ക്ക്‌ ഗ്രാമത്തിനുപുറത്തും വളരെവേഗം പ്രശസ്‌തിയാര്‍ജ്ജിച്ചു.
പുരിനഗരത്തില്‍നിന്നും നാല്‍പത്‌ കിലോമീറ്റര്‍ അകലെ, മുഗള്‍ഭരണത്തിന്റെ ശേഷിപ്പുകള്‍ പേറിനില്‍ക്കുന്ന പിപ്പിലി പഴമയിലേക്കുള്ള ഒരു കവാടമാണ്‌. പരമ്പരാഗതമായി, ആപ്ലിക്‌ കരവേല ചെയ്യുന്ന ധാരാളം മുസ്ലീം കുടുംബങ്ങള്‍ പിപ്പിലിയിലുണ്ട്‌. മുഗള്‍ അധിനിവേശപ്പടകള്‍ക്കൊപ്പം വന്ന്‌ പുരിയില്‍ സ്ഥിരതാമസമാക്കിയ മുസല്‍മാന്മാരുടെ പിന്‍തലമുറക്കാരാണ്‌ പിപ്പിലിയിലെ മുസ്ലീങ്ങള്‍. അതിലൊന്നാണ്‌ നേരത്തെ പരിചയപ്പെട്ട റിഹാന്‍കുടുംബം. തങ്ങളുടെ ജീവിതവൃത്തിക്കാധാരമായ ഹൈന്ദവജോലികള്‍ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല. കണ്ണാടിത്തുമ്പുകള്‍ വച്ചുപിടിപ്പിച്ച തുണിച്ചമയങ്ങള്‍ മുസ്ലീങ്ങളുടെ സംഭാവനയാണത്രെ.
ഇരുവശവും കരകൗശലക്കടകള്‍ നിരന്നിരിക്കുന്ന കവലയില്‍, റിഹാന്റെ കടയുടെ എതിര്‍വശത്താണ്‌ പിപ്ലി ആപ്ലിക്‌ വര്‍ക്കേഴ്‌സ്‌ ഇന്‍ഡസ്‌ട്രിയല്‍ കോപ്പറേറ്റീവ്‌ സൊസൈറ്റിയുടെ വിപണനകേന്ദ്രം. 2007 ഗോള്‍ഡന്‍ ജൂബിലിവര്‍ഷമായിരുന്നുവെന്ന്‌ സ്ഥാപനത്തിന്റെ മുകളിലെ പരസ്യപ്പലകയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. തലയെടുപ്പുള്ളൊരു സ്‌ത്രീ പുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതംചെയ്‌തു. സുലോചന മഹോപാത്ര എന്നാണ്‌ അവരുടെ പേര്‌. ഭുവനേശ്വര്‍, കലിംഗ സ്റ്റേഡിയം, ഡല്‍ഹി തുടങ്ങി ഗ്രാമത്തിനുപുറത്ത്‌ സംഘടിപ്പിക്കപ്പെടുന്ന കരകൗശലമേളകളില്‍ പിപ്ലി ആപ്ലിക്‌ വര്‍കിന്റെ പ്രദര്‍ശനസ്റ്റാളിലെ നിറസാന്നിദ്ധ്യമാണ്‌ വാര്‍ദ്ധക്യത്തിലെത്തിനില്‍ക്കുന്ന ഈ മഹിളാരത്‌നം. വില്‌പനസഹായി ഓരോയിനങ്ങളായി ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി. ഫ്രെയിംചെയ്‌ത ചില സുവനീര്‍ ചിത്രങ്ങളും ബാഗുകളും വാങ്ങി, കുറേ ഫോട്ടോകളുമെടുത്ത്‌, ഞങ്ങള്‍ പിപ്പിലിയോട്‌ വിടപറഞ്ഞു.