Friday 25 October 2019

വിചിത്രപുസ്‌തകങ്ങള്‍ തേടിപ്പോയവള്‍ ( കഥ) എസ്‌.സരോജം

     ( 2019-ലെ കേരളകൌമുദി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഗ്രന്ഥപ്പുരയെക്കുറിച്ച്‌ 
ഓണ്‍ലൈന്‍ മാസികയില്‍ വന്ന ലേഖനം വായിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ അപര്‍ണ്ണ ഓര്‍മ്മയുടെ വാതില്‍ തള്ളിത്തുറന്നത്‌. അവളുടെ കൈയിലെ കണ്ണാടിക്കൂടിനുള്ളില്‍ ചുവന്നതാളുകളുള്ളൊരു പുസ്‌തകം. ശിശുചര്‍മ്മത്തില്‍ കുഞ്ഞുകുഞ്ഞസ്ഥികള്‍ പതിച്ചുവച്ച പുറംചട്ട. വലിയൊരു ഭാരം ഇറക്കിവയ്‌ക്കുന്നപോലെ അതിസൂക്ഷ്‌മതയോടെ അവളതിനെ എന്റെ മേശപ്പുറത്ത്‌ വച്ചു. എന്നിട്ട്‌, പൂത്തിരി കത്തിച്ചിതറുന്നപോലെ പൊരിപൊരി ശബ്‌ദത്തില്‍ പൊട്ടിപ്പൊട്ടി ചിരിക്കാന്‍തുടങ്ങി; എന്‍റെ ശ്രദ്ധയെ മുഴുവനായും അവളുടെ വാക്കുകളിലേക്ക്‌ വലിച്ചടുപ്പിക്കുന്ന മാന്ത്രികച്ചിരി.
എന്തെങ്കിലും ഗൗരവമുള്ള വിഷയം മനസ്സില്‍ കുടുങ്ങുമ്പോഴാണ്‌ അവള്‍ ഇങ്ങനെ ചിരിക്കുക. 
അവള്‍ പറയുന്ന അവിശ്വസനീയമായ വിശേഷങ്ങള്‍ക്കൊപ്പമെത്താന്‍ എന്‍റെ  മനസ്‌ മടിച്ചുനില്‍ക്കുന്നത്‌ അവള്‍ക്കറിയാം. എന്നാലും അവള്‍ പറഞ്ഞുകൊണ്ടിരിക്കും. 
നാട്ടിലെ ഗ്രന്ഥശാലകളെല്ലാം കയറിയിറങ്ങി ശേഖരിച്ച വിവരങ്ങള്‍ക്കൊപ്പം നാഷണല്‍ ലൈബ്രറിയില്‍നിന്ന്‌ കിട്ടിയ വിവരങ്ങളും കൂട്ടിച്ചേര്‍ത്ത്‌ ഗവേഷണപ്രബന്ധം സബ്‌മിറ്റ്‌ ചെയ്യാനിരിക്കുന്ന ഘട്ടത്തിലാണ്‌ ഗൈഡായ പ്രൊഫസര്‍ അശ്വഘോഷ്‌ അവളോട്‌ ആ രഹസ്യം പറഞ്ഞത്‌:
`ഗര്‍ഭസ്ഥശിശുവിന്‍റെ  മാംസംകൊണ്ട്‌ നിര്‍മ്മിച്ച കടലാസിലെഴുതിയ ഒരു പുസ്‌തകം നാഷണല്‍ ലൈബ്രറിയിലെ രഹസ്യമുറിയിലുണ്ട്‌. ശിശുവിന്‍റെ  ചര്‍മ്മവും തരുണമായ അസ്ഥികളും ഞരമ്പുകളുംകൊണ്ടാണ്‌ അതിന്‍റെ  പുറംചട്ട. വിദേശവിദ്യാര്‍ത്ഥികളുള്‍പ്പെടെ ഗവേഷണത്തിനെത്തുന്ന പലരും അതൊന്നു തൊട്ടുനോക്കാന്‍ പലവട്ടം ശ്രമിച്ചുനോക്കിയിട്ടുണ്ട് . പക്ഷെ, അവരെല്ലാം ദുരൂഹതകള്‍ ബാക്കിവച്ച്‌ അപ്രത്യക്ഷരായി.' ഗൈഡിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ വല്ലാത്ത ആവേശത്തിലായി. ആ പുസ്‌തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ശേഖരിച്ചശേഷം പ്രബന്ധം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന്‌ സ്വയം തീരുമാനിക്കുകയായിരുന്നു.
അപര്‍ണ്ണ, എന്‍റെ  ഏകാന്തനിമിഷങ്ങളില്‍ പ്രണയജ്വാലയായി മനസ്സിലും ശരീരത്തിലും പടര്‍ന്നുകത്തുന്നവള്‍. കോളേജിലെ റഫറന്‍സ്‌ ലൈബ്രറിയിലുള്ള അപൂര്‍വപുസ്‌തകങ്ങളുടെ കഥപറഞ്ഞ്‌ മനസ്സില്‍ ഇരിപ്പുറപ്പിച്ച സഹപാഠി. ബുക്‌ ക്ലിനിക്കെന്നും ചര്‍മ്മപുസ്‌തകമെന്നുമൊക്കെ പറഞ്ഞ്‌ എന്നെ അമ്പരപ്പിക്കുന്ന ഗവേഷക. വിചിത്രപുസ്‌തകങ്ങളെപ്പറ്റിയുള്ള ഗവേഷണം തുടങ്ങിയിട്ട്‌ അഞ്ചുകൊല്ലമായി. ഇക്കാലയളവില്‍ പ്രണയം നിറച്ചൊരു വാക്ക്‌, ഒരു നോട്ടം ഒന്നും കാമുകനായ എനിക്ക്‌ തന്നിട്ടില്ല. പുസ്‌തകങ്ങളെ നെഞ്ചോടുചേര്‍ത്ത്‌ നടക്കുന്നതുകണ്ടാല്‍ തോന്നും അവളുടെ പ്രണയത്തുടിപ്പുകളെ അടയാളപ്പെടുത്തുന്ന സ്റ്റെതസ്‌കോപ്പുകളാണ് പുസ്‌തകങ്ങളെന്ന്‌. ഊണും ഉറക്കവും മറന്നുള്ള ഗവേഷണങ്ങള്‍ക്കിടയില്‍ കുടുംബജീവിതം എന്നൊരു സ്വപ്‌നം അവള്‍ക്കുള്ളതായി ഒരിക്കല്‍പോലും തോന്നിയിട്ടില്ല. എങ്കിലും യൗവ്വനതീക്ഷ്‌ണമായ എന്‍റെ  കാമുകഹൃദയം അവളെമാത്രം ചുറ്റിക്കറങ്ങുന്നു. അവള്‍ ആവശ്യപ്പെടുന്ന ഏത്‌ സഹായവും സന്തോഷപൂര്‍വം ചെയ്‌തുകൊടുക്കുന്നു. പുസ്‌തകങ്ങള്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍ ചികിത്സിച്ച്‌ മാറ്റുന്ന ക്ലിനിക്കുകളെപ്പറ്റി അവളെഴുതിയ ലേഖനങ്ങള്‍ പുസ്‌തകപ്രേമികള്‍ക്ക്‌ മനപ്പാഠമാണ്‌. അത്‌ പുസ്‌തകരൂപത്തിലാക്കാന്‍ ഒരു മുന്‍നിര പ്രസാധകനെ ഏല്‍പിച്ചുകഴിഞ്ഞു.
വിശ്വസ്‌തനായൊരു സെക്രട്ടറിയുടെ സ്ഥാനമാണോ എനിക്കവള്‍ കല്‍പിച്ചിരിക്കുന്നതെന്നൊരു തോന്നല്‍ ചിലപ്പോഴൊക്കെ മനസ്സില്‍ കടന്നുവരും. ഭ്രാന്തന്‍ഗവേഷണങ്ങളില്‍നിന്ന്‌ എന്നെങ്കിലും അവള്‍ മുക്തിനേടാതിരിക്കില്ല എന്നൊരു മറുവിചാരംകൊണ്ട്‌ അതിനെ മറികടക്കും. കാമുകിയുടെ കഴിവുകളെ പ്രണയത്തില്‍ മുക്കിക്കൊന്ന സ്വാര്‍ത്ഥന്‍ എന്നൊരു പേരുദോഷം കേള്‍പ്പിക്കരുതല്ലൊ.
ഒരാഴ്‌ചമുമ്പ്‌ അവള്‍ എഴുതി:
അബൂ ഞാനൊരു യാത്രപോകുന്നു. എത്രദിവസമെടുക്കുമെന്ന്‌ ഇപ്പോള്‍ പറയാനാവില്ല. അഥവാ ഞാന്‍ തിരിച്ചുവന്നില്ലെങ്കില്‍ ലോക്കറിലിരിക്കുന്ന ഗവേഷണപ്രബന്ധം നീ പുറത്തെടുക്കണം. ലോക്കര്‍ തുറക്കാനുള്ള താക്കോലും അവകാശപത്രവും രജിസ്റ്റേടായി നിനക്കയച്ചിട്ടുണ്ട്‌. ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ നിനക്കെഴുതാം. അതെല്ലാം ഉള്‍പ്പെടുത്തിയേ പുസ്‌തകം പ്രസിദ്ധീകരിക്കാവു. ഞാനിപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ആമുഖമായി ചേര്‍ക്കണം.
എങ്ങോട്ടാണ്‌ പോകുന്നത്‌, ഒറ്റയ്‌ക്കാണോ, അതോ കൂട്ടുകാരാരെങ്കിലും കൂടെയുണ്ടോ എന്നൊന്നും എഴുതാത്തസ്ഥിതിക്ക്‌ അവള്‍ ഒറ്റയ്‌ക്കായിരിക്കും എന്നുറപ്പിച്ച്‌ എന്നിലെ കാമുകപുരുഷന്‍ ആധിപിടിക്കാന്‍ തുടങ്ങി. എന്തെങ്കിലും ഏടാകൂടത്തില്‍ ചെന്നുപെട്ടാല്‍ ആരുണ്ട്‌ സഹായത്തിന്‌? ഒരാഴ്‌ചയായി ഒന്നു വിളിക്കുകപോലുമുണ്ടായിട്ടില്ല. അങ്ങോട്ട്‌ വിളിച്ചാല്‍ പരിധിക്ക്‌ പുറത്തും.
പോസ്റ്റ്‌മേന്‍ ഇന്നലെയും ഒരു കത്ത്‌ കൊണ്ടുതന്നു. അവള്‍ ആകെ അസ്വസ്ഥയാണെന്ന്‌ അക്ഷരങ്ങളുടെ രൂപക്കേടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വളരെ പണിപ്പെട്ട്‌ ഞാനതിങ്ങനെ വായിച്ചെടുത്തു:
`അബൂ, ഏക്കറുകളോളം പരന്നുകിടക്കുന്ന ഗ്രന്ഥശാല, അനേകം ഇടനാഴികളും പടിക്കെട്ടുകളും. എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ വഴിതെറ്റിപ്പോവും, നമ്മള്‍ മുത്തശ്ശിക്കഥയില്‍ വായിച്ചിട്ടുള്ള ചെകുത്താന്‍കോട്ടയില്ലെ, അതുപോലെ. കാലുകുഴയുംവരെ നടന്നാലും കണ്ടുതീരാത്തത്ര പുസ്‌തകങ്ങള്‍! ഇവിടത്തെ ഓരോരോ കാര്യങ്ങളേ, കണ്ടിട്ടും കേട്ടിട്ടും വിശ്വസിക്കാന്‍ പറ്റുന്നില്ല. കൈകൊണ്ടെഴുതിയതും രോഗം ബാധിച്ചതുമായ അപൂര്‍വ പുസ്‌തകങ്ങള്‍ ചികിത്സിച്ച്‌ അണുമുക്തമാക്കി ഓരോന്നും പ്രത്യേകം കണ്ണാടിക്കൂട്ടില്‍ സൂക്ഷിച്ചിരിക്കുന്നു. ചില പ്രത്യേകതരം പുസ്‌തകങ്ങള്‍ സൂക്ഷിക്കുന്ന ഒരു രഹസ്യമുറിയുണ്ടിവിടെ. ആ മുറിയില്‍ രണ്ട്‌ പ്രൊഫസര്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല.
മുമ്പ്‌ ഗ്രന്ഥാലയത്തിന്‍റെ  കാവല്‍ക്കാരനായിരുന്ന ഒരാളെ ഞാനിന്നലെ പുറത്തുവച്ച്‌ പരിചയപ്പെട്ടു. പ്രൊഫസര്‍ അശ്വഘോഷ്‌ പറഞ്ഞ ആ പുസ്‌തകം ലൈബ്രറിയിലെ നിലവറയിലുണ്ടെന്നും നിലവറയെക്കുറിച്ചുള്ള രഹസ്യങ്ങളെല്ലാം ആ പുസ്‌തകത്തില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്താണത്രെ അത്‌ രഹസ്യമുറിയില്‍നിന്നും നിലവറയിലേക്ക്‌ മാറ്റിയത്‌. എത്ര ബുദ്ധിമുട്ടിയാലുംവേണ്ടില്ല, എനിക്ക്‌ ആ പുസ്‌തകം കണ്ടേപറ്റു. വല്ലാതെ ത്രില്ലടിച്ചിരിക്കയാ ഞാന്‍. 
ഇവിടെ ഇരുട്ടിനും ചാരക്കണ്ണുകളുണ്ട്‌. കാറ്റിലും രഹസ്യങ്ങള്‍ പറന്നുനടക്കുന്നു. എവിടെയും അപകടം പതിയിരിക്കുന്നു.
അബു വിഷമിക്കരുത്‌, കേട്ടതൊക്കെ സത്യമാവണമെന്നില്ലല്ലൊ. ഗവേഷണവിദ്യാര്‍ത്ഥികളെ കാണാതാകുന്നത്‌ ഇവിടെ പതിവാണ്‌. രാത്രികാലങ്ങളില്‍ ഇരുട്ടില്‍മുങ്ങിയ നിലവറയ്‌ക്കുചുറ്റും കാലൊച്ചകള്‍ കേള്‍ക്കാറുണ്ടെന്നും കറുത്തനിഴലുകളുടെ പോക്കും വരവുമുണ്ടെന്നും അവരാരും ആ ഭാഗത്തേക്ക്‌ പോകാറില്ലെന്നും ഗ്രന്ഥാലയത്തിലെ കാവല്‍ക്കാര്‍ പറയുന്നു. നിലവറയെക്കുറിച്ച്‌ പറയാന്‍തന്നെ അവര്‍ക്ക്‌ ഭയമാണ്‌. അതിനുള്ളില്‍നിന്ന്‌ പാതിരാനേരങ്ങളില്‍ നിലവിളികളും ദീനരോദനങ്ങളും കേള്‍ക്കാറുണ്ടത്രെ.
എങ്ങനെയെങ്കിലും നിലവറയിലേക്ക്‌ കടക്കാനുള്ള ശ്രമത്തിലാണ്‌ ഞാന്‍. നേരത്തെ പറഞ്ഞ വൃദ്ധന്‍ വഴികാട്ടിയായി കൂടെ വരാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. ജനാലയും വാതിലുമില്ലാത്ത, ഒരു ചെറുസുഷിരംപോലുമില്ലാത്ത നിലവറയില്‍ പ്രവേശിക്കുന്നതെങ്ങനെയെന്ന്‌ ഒരു പിടിയുമില്ല. ഒരുപക്ഷെ, അയാള്‍ക്കറിയാമായിരിക്കും. ഇതൊക്കെ വായിച്ച്‌ വിശ്വസിക്കാനാവാതെ മിഴിച്ചിരിക്കുന്ന നിന്നെ മനസില്‍ കണ്ടുകൊണ്ട്‌ നിന്‍റെ  അപര്‍ണ്ണ.
പ്രണയത്തിന്‍റെ  പ്രതിരോധവാക്കുകള്‍ നാവിന്‍തുമ്പില്‍ കൂട്ടിവച്ച്‌ ഞാനവളുടെ നമ്പര്‍ ഡയല്‍ചെയ്‌തു. ഫോണ്‍ അണച്ചുവച്ചിരിക്കുന്നു. നിസഹായതയുടെ നീറ്റല്‍ മനസ്സില്‍ പടര്‍ത്തി ഒരു പകലും രാത്രിയും ഉരുണ്ടുമാറി. അദ്ധ്യാപനത്തിന്‍റെ  ഇടവേളയില്‍ മറ്റൊരു കത്ത്‌ കയ്യിലെത്തി.
`അബൂ, ആ വൃദ്ധന്‍ രഹസ്യങ്ങള്‍ കുത്തിനിറച്ച ഒരാള്‍രൂപമാണ്‌. കറുത്ത ചുണ്ടുകള്‍ക്കിടയിലൂടെ ചോര്‍ന്നുവീണ വാക്കുകളെ കൂട്ടിയോജിപ്പിച്ച്‌ ഞാന്‍ ചിലതൊക്കെ വായിച്ചെടുത്തു. കാവല്‍പുരയിലേക്ക്‌ കയറുന്ന പടിക്കെട്ടിനടിയില്‍ ഒരു രഹസ്യവാതിലുണ്ട്‌. അത്‌ തുറക്കുന്നത്‌ ഒരു കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലേക്കാണ്‌. കറുത്ത നിഴലുകള്‍ നിലവറയിലേക്ക്‌ പോകുന്നതും വരുന്നതും അതിലൂടെയാണ്‌. ഇന്നുരാത്രി ഞങ്ങള്‍ കറുത്ത കുപ്പായമണിഞ്ഞ്‌ പടിക്കെട്ടിനടിയില്‍ പതുങ്ങിയിരിക്കും. നിഴലുകള്‍ക്കു പിന്നാലെ അകത്തുകടക്കും. ബാക്കി പിന്നെ. 
നിന്‍റെ അപര്‍ണ്ണ.'
അവള്‍ക്കായി സ്‌നേഹം നിറച്ചുവച്ച മനസില്‍ ആശങ്കകള്‍ കുടിയേറുന്നു. എന്‍റെ  അപര്‍ണ്ണാ, അപകടംപിടിച്ച ഈ ഗവേഷണം മതിയാക്കൂ. എത്രയുംവേഗം തിരിച്ചുവരൂ. ഞാനിവിടെ തീ തിന്ന്‌ മരിക്കാറായി. ഒരു മൊബൈല്‍സന്ദേശം എഴുതിവിട്ടു. ഫോണ്‍ തുറക്കുമ്പോള്‍ കാണട്ടെ.
രാത്രിയില്‍ അവള്‍ മറുപടി കുറിച്ചു: ഇവിടെ നക്ഷത്രങ്ങളുടെ അരണ്ടവെളിച്ചംമാത്രം. അതാ ഭീമാകാരനായ ഒരു കറുത്തരൂപം ഒച്ചയുണ്ടാക്കാതെ ആമവേഗത്തില്‍ നടന്നുവരുന്നു.
അപര്‍ണ്ണാ നീ നിലവറയിലേക്ക്‌ പോകരുത്‌. ഞാന്‍ കുറിച്ച മറുപടിയെത്തുംമുമ്പ്‌ അവള്‍ ഫോണ്‍ അണച്ചുവച്ചു. അവളെ എന്നെന്നേക്കുമായി നഷ്‌ടപ്പെടുകയാണെന്ന ചിന്ത എന്നെ നൊമ്പരപ്പെടുത്തി.
എന്‍റെ  അപര്‍ണ്ണാ... എന്നൊരു നിലവിളി കറുത്തവാവിന്‍റെ  ഇരുട്ടില്‍ അലിഞ്ഞിറങ്ങി.
ഇറുകെ അടച്ചിരുന്ന കണ്ണുകളില്‍ ഒരു ഓണ്‍ലൈന്‍ മാസിക തെളിഞ്ഞുവന്നു; അധികമാരും വായിക്കാത്തതും അവള്‍ സ്ഥിരമായി വായിക്കാറുള്ളതുമായ വിചിത്രമാസിക. അതില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഡോ: അശ്വഘോഷ്‌ എഴുതിയ ലേഖനം വായിച്ചാണ്‌ അവള്‍ അദ്ദേഹത്തെ ഗൈഡായി സ്വീകരിച്ചത്‌. അതിലെ പുസ്‌തകക്കുറിപ്പുകളെ പിന്‍തുടര്‍ന്നാണ്‌ അവള്‍ വിചിത്രപുസ്‌തകങ്ങള്‍ തേടിപ്പോകുന്നത്‌.
ആഗ്രഹിച്ച വിവരങ്ങളെല്ലാം കൈയിലെത്തിയാലുടന്‍ അവള്‍ എന്‍റെ  മുന്നിലെത്തും. ആദ്യം പൂത്തിരി കത്തിച്ചിതറുന്നപോലെ ചിരിക്കും. പിന്നെ വിശേഷങ്ങളോരോന്നായി പറഞ്ഞുകേള്‍പ്പിക്കും. പക്ഷേ, ആദ്യം എന്നില്‍നിന്ന്‌ ഗൗരവത്തിലുള്ളൊരു ചോദ്യമുണ്ടാവണം. എന്നാലേ അവളുടെ നെഞ്ചില്‍ വീര്‍പ്പുമുട്ടിപ്പിടയുന്ന പുസ്‌തകവിശേഷങ്ങള്‍ പുറത്തുചാടാറുള്ളു. അര്‍ദ്ധരാത്രിയില്‍ കറുത്തനിഴലായി കയറിവന്ന അവളുടെ വിജയച്ചിരിയില്‍ നോട്ടംതൊട്ടുകൊണ്ട്‌ ഗൗരവത്തില്‍ത്തന്നെ ചോദിച്ചു: 
അപര്‍ണ്ണാ... വിശേഷം പറ, കേള്‍ക്കട്ടെ.
`ആ ഭീമാകാരനായ കറുത്തരൂപം പടിക്കെട്ടിറങ്ങിവന്നു. തുരങ്കത്തിനകത്തുനിന്ന കറുത്തകുപ്പായക്കാരന്‍ വാതില്‍ തുറന്നു. കറുത്തരൂപം കുനിഞ്ഞ്‌ അകത്തുകയറി. കാവല്‍ക്കാരന്‍ വാതില്‍ പൂട്ടാനൊരുങ്ങവെ, വൃദ്ധന്‍ ഗൗണിന്‍റെ  പോക്കറ്റില്‍ കരുതിയിരുന്ന കല്ലെടുത്ത്‌ പടിക്കെട്ടിനരികിലിരുന്ന ഇരുമ്പുദണ്‌ഡിന്മേലെറിഞ്ഞു. ക്‌ണിം... ശബ്‌ദംകേട്ട്‌ കാവല്‍ക്കാരന്‍ അങ്ങോട്ടുപോയി. ആ തക്കത്തിന്‌ ഞങ്ങള്‍ അകത്തേക്ക്‌ കയറി. ഒരാള്‍പ്പൊക്കമുള്ള തുരങ്കം ഇരുട്ടിലാണ്ടുകിടക്കുന്നു. അകത്തുകയറിയ രൂപം എങ്ങോട്ടുപോയെന്ന്‌ ഒരുപിടിയുമില്ല. കണ്ണുകള്‍ ടോര്‍ച്ചാക്കി നാലഞ്ചടി നടന്നു. അതാ താഴേക്കുപോകുന്ന മറ്റൊരു പടിക്കെട്ട്‌. ഇറങ്ങിച്ചെന്നത്‌ വിശാലമായൊരു ഹാളിലേക്ക്‌. അവിടെ മങ്ങിയ വെളിച്ചമുണ്ട്‌.'
അവള്‍ കഥ പാതിപറഞ്ഞ്‌ നിറുത്തി. മൂകനായിരുന്ന എന്നെ അസ്വസ്ഥതയോടെ നോക്കിയിരുന്നു, പ്രോത്സാഹനം പ്രതീക്ഷിച്ചെന്നപോലെ.
ഗൗരവംനടിച്ച്‌ ഞാന്‍ ചോദിച്ചു: എന്നിട്ട്‌... ?
അടുത്തടുത്തായി പരസ്‌പരം ബന്ധിച്ചിരിക്കുന്ന നാലഞ്ച്‌ യന്ത്രങ്ങള്‍, അവയ്‌ക്കുചുറ്റും കര്‍മ്മനിരതരായ കറുത്തരൂപങ്ങള്‍. അടുത്തുചെന്ന്‌ നോക്കിയപ്പോള്‍ ഞെട്ടിവിറച്ചുപോയി. ഒന്നാമത്തെ യന്ത്രം മനുഷ്യമാംസം അസ്ഥികളഞ്ഞു മുറിച്ച്‌ ചെറുതുണ്ടുകളാക്കുന്നു. രണ്ടാമത്തെ യന്ത്രം മാംസത്തുണ്ടുകളെ അരച്ച്‌ പള്‍പ്പാക്കുക്കുന്നു. മൂന്നാമത്തെ യന്ത്രം പള്‍പ്പിനെ ശുദ്ധീകരിക്കുന്നു. നാലാമത്തെ യന്ത്രം ഇളം ചുവപ്പുനിറമുള്ള പള്‍പ്പിനെ പേപ്പറാക്കിമാറ്റുന്നു. അഞ്ചാമത്തെ യന്ത്രം പേപ്പര്‍ പാകത്തിന്‌ ഉണക്കിയെടുത്ത്‌ വലിയ കണ്ണാടിക്കൂടുകളില്‍ അടുക്കിവയ്‌ക്കുന്നു.
അവള്‍ പേടികൊണ്ട്‌ കിതയ്‌ക്കാന്‍തുടങ്ങി. തൊണ്ടവരണ്ട്‌ വെള്ളത്തിനായി പരതി. ജഗ്ഗിലിരുന്ന വെള്ളം ഗ്ലാസ്സില്‍ പകര്‍ന്ന്‌ ഞാനവള്‍ക്ക്‌ നല്‍കി. അതുമുഴുവന്‍ ഒറ്റവലിക്ക്‌ കുടിച്ചുതീര്‍ത്തു.
അപര്‍ണ്ണാ കഥമുഴുവന്‍ പറയൂ. ഞാനവളെ ഉത്സാഹപ്പെടുത്തി.
ഹാളിന്‍റെ  ഒരു മൂലയ്‌ക്ക്‌ നിരത്തിയിട്ട നീളന്‍മേശയും കസേരകളും. അവിടെ നാലഞ്ച്‌ ചെറുപ്പക്കാര്‍ പുസ്‌തകങ്ങള്‍ പകര്‍ത്തിയെഴുതുന്നു. അതിനടുത്തായി, മനുഷ്യചര്‍മ്മംകൊണ്ട്‌ പുറംചട്ടയിട്ട നാലഞ്ച്‌ പുസ്‌തകങ്ങള്‍ കണ്ണാടിക്കൂടുകളില്‍ സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും ഒടുവിലായി പ്രൊഫസര്‍ അശ്വഘോഷ്‌ പറഞ്ഞ ആ പുസ്‌തകം, ഗര്‍ഭസ്ഥശിശുവിന്‍റെ  അസ്ഥിയും ഞരമ്പുംകൊണ്ട്‌ പുറംചട്ടയിട്ട പുസ്‌തകം. അത്ഭുതമൂറുന്ന മിഴികളുമായി അതിനെ തൊടാന്‍ ശ്രമിക്കുമ്പോഴാണ്‌ രണ്ട്‌ കറുത്തനിഴലുകള്‍ എന്നെ വരിഞ്ഞുമുറുക്കിയത്‌.
ഞാന്‍ സഹായത്തിനായി വൃദ്ധനെ നോക്കി. അയാളെ അവിടെയെങ്ങും കണ്ടില്ല.
ശ്വാസം നിലയ്‌ക്കാറായിരുന്ന എന്നെ പിടിച്ചുലച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു:
അബൂ, എന്‍റെ  ഗവേഷണപുസ്‌തകത്തിന്‍റെ  ആമുഖമായി ഈ കഥയും ചേര്‍ക്കണം. നിലവറയ്‌ക്കുള്ളില്‍ കറുത്ത യൂണിഫോമണിഞ്ഞ്‌, അടിമകളെപ്പോലെ പണിയെടുക്കുന്ന ഗവേഷണവിദ്യാര്‍ത്ഥികളുടെ കഥ പുറംലോകം അറിയട്ടെ.
അപര്‍ണ്ണ കഥ മുഴുവന്‍ പറഞ്ഞില്ലല്ലൊ. ബാക്കി കേള്‍ക്കാനുള്ള വെപ്രാളത്തോടെ ഞാന്‍ പറഞ്ഞു..
ബാക്കി നീതന്നെ പൂരിപ്പിച്ചുകൊള്ളുക. എന്നുപറഞ്ഞിട്ട്‌ അവള്‍ കണ്ണാടിക്കൂടും താങ്ങിയെടുത്ത്‌ ഇരുട്ടിലേക്ക്‌ ഇറങ്ങിനടന്നു.