Monday 8 October 2012

വന്ധ്യ വസുന്ധര (കവിത)



ദൈവത്തിന്‍ സ്വന്തം നാടെന്നു പേര്‍പെറ്റ
കേരള ഭൂവിനും കഷ്ടകാലം !
കാലവര്‍ഷാദി ഋതു വിലാസങ്ങളും 
താളം പിഴയ്ക്കുന്നിതെന്തു കാലം ?

വറ്റിവരളുന്നു തോടും കുളങ്ങളും 
പറ്റെനികത്തുന്നു പാടങ്ങളും.
എങ്ങും സിമന്റു വനങ്ങള്‍ തെഴുക്കുന്നു 
വന്ധ്യയാമൂഴിതന്‍ നൊമ്പരവും.

ദുഃഖം തളിര്‍ക്കും പ്രളയക്കെടുതിക -
ളസ്ഥിയുരുക്കും വെയില്‍ക്കൊടുമ .
ഇത്തിരിക്കഞ്ഞിക്കു നട്ടംതിരിയുമ്പോ -
ളെത്തീടുമോരാ ദുരന്തജാലം . 

അന്തിച്ചു നില്‍ക്കുകയാണ് മണ്‍കോലങ്ങ -
ളെന്തുള്ളു പ്രാണനതൊന്നുമാത്രം.
ഉള്ളിന്‍റെയുള്ളതില്‍ കാതുവച്ചീടുവാ -
നില്ലോരരുമ ക്കിനാവുപോലും.

മാനവ സംസ്കൃതിയൂട്ടി വളര്‍ത്തിയോ-
രീജല സ്രോതസ്സുതീരുകയോ?
ദാഹനീരിത്തിരി നേടുവാനായുള്ള
പോരാട്ട നാളുകള്‍ ദൂരെയല്ല .

അമ്മയാം ഭൂമിതന്‍ ദാഹങ്ങള്‍ തീര്‍ക്കുവാന്‍ 
ജൈവ വൈവിധ്യം പുലര്‍ന്നീടുവാന്‍
കാടുകള്‍ മേടുകള്‍ കാത്തു പുലര്‍ത്തണം 
ജീവ ജലത്തിന്നുറവകളും.

മണ്ണിനും മര്‍ത്യനുമാകാശമേകുന്ന 
മേഘനീര്‍ത്തുള്ളികളെത്ര ശുദ്ധം.
മാമഴക്കൊയ്ത്തോ വനവല്‍ക്കരണമോ
മാഴ്കാതെയൊന്നിച്ചു കൈകോര്‍ക്ക നാം.

അല്ലായ്കിലീനാട് വന്‍മരുവായിടും 
ഹരിതാഭ കേവല സ്വപ്നമാകും.
നാളത്തെ മര്‍ത്യത നമ്മെ പഴിച്ചിടും
ഭൂമിക്കു വന്ധ്യത ചേര്‍ത്തവരായ്.



                                                                                                           2004

ഉന്മാദഭൂമി (കവിത)

അന്നൊരുയീസ്റ്റര്‍ ദിനത്തിലല്ലോ
യെന്മണിക്കുട്ടന്‍ പിറന്നു മന്നില്‍.
ഈസ്റ്റര്‍ലില്ലിതന്‍ പൂവിരിച്ചന്ന്‍
ഉല്ലാസമോടെ ഞാന്‍ തീര്‍ത്തു തൊട്ടില്‍.

ചെന്താരുതോല്‍ക്കുന്ന ഭംഗിയോടെ 
യെന്മകന്‍ കൈകാല്‍ കുടഞ്ഞ നേരം 
കണ്മണിക്കുഞ്ഞിനു മോദമേകാ -
നുണ്മയാം ദുഗ്ദ്ധം ചുരന്നു മാറില്‍.

അമ്മതന്‍ നിഷ്കാമസ്നേഹമല്ലോ 
ദുഗ്ദ്ധമായ് നെഞ്ചില്‍ നിറഞ്ഞിടുന്നു.
പൊന്മകനുണ്ടു വളര്‍ന്നിടേണം
നന്മകള്‍കൊണ്ടു നിറഞ്ഞിടേണം.

വിദ്യയും വിത്തവും സ്വന്തമാക്കി 
വേദിയില്‍ മുന്‍പനായ് നിന്നീടണം .
ആരുമേയേല്‍ക്കുന്ന കീര്‍ത്തിമാനായ്
ആയവനെന്നും വിരാജിക്കണം .

ഈവിധമമ്മതന്‍ സ്വപ്നങ്ങളോ 
ആകാശഗോപുരം മുട്ടിനില്‍ക്കെ 
വെള്ളിടിവെട്ടിയകം തകര്‍ന്നു 
 കണ്ണുനീര്‍മാരിയില്‍ മുങ്ങിയെന്നോ !

തെല്ലിട മാത്രം വിളങ്ങിനിന്ന 
നിന്നുടെ ജീവിതസ്വപ്നങ്ങളില്‍ 
ഉന്മാദം പൂത്തതറിഞ്ഞില്ല ഞാന്‍ 
ഉണ്മകള്‍ തേടി നീ പോകുംവരെ .

എന്തോരപരാധമെന്‍റെ കുഞ്ഞേ 
നിന്നോടുചെയ്തതീ ദുഷ്ടലോകം 
ആയതിനൊക്കെയും മാപ്പിരക്കാം 
നീയൊരു ദര്‍ശനമേകുമെങ്കില്‍.

ആവില്ലസാധ്യമെന്‍ മോഹമെന്നാ -
ലേവര്‍ക്കും നല്ലതേ ചോദിപ്പു ഞാന്‍:
കന്മദം കൊണ്ടൊരു ബോംബു തീര്‍ത്തീ 
യുന്മാദഭൂമിയില്‍ വര്‍ഷിക്ക നീ


                                                                                                            2006

ബ്ലൂടൂത്ത് (കവിത)


എന്‍റെ സ്വപ്നത്തിന്‍ ചില്ലുകൂട്ടില്‍ നിന്‍റെ 
നൊമ്പരച്ചിന്തുകള്‍ പൂട്ടിവയ്ക്കാം .
കണ്ണുനീരും പാഴ്കിനാവും കുഴച്ച 
കോണ്‍ക്രീറ്റുകൊണ്ടൊരു വീടുവയ്ക്കാം .
പൂഴിമണ്ണുള്ള മുറ്റവും വേണ്ട 
കോഴി കിണ്ടുന്ന പറമ്പുവേണ്ട .
ഗോക്കളെക്കെട്ടാന്‍ തൊഴുത്തുവേണ്ട 
കോരിക്കുടിക്കാന്‍ കിണറുവേണ്ട .

രാജമല്ലിയും നന്ത്യാര്‍വട്ടവും 
പൂത്തു നില്‍ക്കുന്ന കാഴ്ച വേണ്ട 
സന്ധ്യയ്ക്ക് പൊട്ടിവിടരും പിച്ചക -
മൊട്ടിന്‍ മണവും നമുക്കുവേണ്ട .
കനംചായും കതിര്‍ക്കുല വേണ്ട 
കൊയ്തു നിറയ്ക്കാനറകള്‍ വേണ്ട.
അരച്ചും പൊടിച്ചും വച്ചുവിളമ്പാ -
നടുക്കളയും നമുക്കു  വേണ്ട .
ആഗോള മാളില്‍ ക്യൂ നിന്നു വാങ്ങാം
ചേലുള്ള പാക്കറ്റിലെന്തും .


കാന്‍സറും രക്താതിമര്‍ദ്ദവും പഞ്ച -
സാരയും കൊളസ്ട്രോളുമങ്ങനെ
എത്രയെത്ര പുത്തന്‍ പദങ്ങള്‍
ചേര്‍ത്തു ജീവിത നിഘണ്ടുവില്‍.

ബോഡിഷേപ്പിനോ  ട്രെഡ്‌മില്ലുണ്ട് 
ഫാസ്റ്റ് ഫുഡ്ഡും മിനറല്‍ വാട്ടറും 
പ്ലാസ്റ്റിക് പൂക്കളും ഫോറിന്‍ മണങ്ങളും
പോരേ നമ്മളും മോഡേണല്ലേ?

3

മാര്‍ക്സിയന്‍തത്ത്വശാസ്ത്രങ്ങള്‍ വേണ്ട 
ഗാന്ധിയും ക്രിസ്തുവും നമുക്കുവേണ്ട .
വേളിയും ബീടരും വേണ്ട  നല്ല 
ജീനുകള്‍ മാത്രം കരുതിവയ്ക്കാം .

പാത്തും പതുങ്ങിയും പെണ്ണിന്‍റെ നഗ്നത 
ഫോണിന്‍റെ യാക്കൊച്ചു സ്ക്രീനിലാക്കാം 
ബ്ലൂടൂത്തുകള്‍ തുറന്നിടാം നല്ല 
വീഡിയോ ക്ലിപ്പുകള്‍ കൈമാറിടാം.

വിരല്‍ത്തുമ്പു തൊട്ടാല്‍ കണ്മുമ്പിലെത്തുന്ന
വെബ്ബിന്‍റെലോകമാഹാ വിചിത്രം !
ഇവയൊക്കെയീയൈറ്റി യുഗത്തിന്‍റെ
നേട്ടങ്ങളെന്നു നമുക്കു പാടാം .


         
                                                                                              2008