Monday 8 October 2012

വന്ധ്യ വസുന്ധര (കവിത)



ദൈവത്തിന്‍ സ്വന്തം നാടെന്നു പേര്‍പെറ്റ
കേരള ഭൂവിനും കഷ്ടകാലം !
കാലവര്‍ഷാദി ഋതു വിലാസങ്ങളും 
താളം പിഴയ്ക്കുന്നിതെന്തു കാലം ?

വറ്റിവരളുന്നു തോടും കുളങ്ങളും 
പറ്റെനികത്തുന്നു പാടങ്ങളും.
എങ്ങും സിമന്റു വനങ്ങള്‍ തെഴുക്കുന്നു 
വന്ധ്യയാമൂഴിതന്‍ നൊമ്പരവും.

ദുഃഖം തളിര്‍ക്കും പ്രളയക്കെടുതിക -
ളസ്ഥിയുരുക്കും വെയില്‍ക്കൊടുമ .
ഇത്തിരിക്കഞ്ഞിക്കു നട്ടംതിരിയുമ്പോ -
ളെത്തീടുമോരാ ദുരന്തജാലം . 

അന്തിച്ചു നില്‍ക്കുകയാണ് മണ്‍കോലങ്ങ -
ളെന്തുള്ളു പ്രാണനതൊന്നുമാത്രം.
ഉള്ളിന്‍റെയുള്ളതില്‍ കാതുവച്ചീടുവാ -
നില്ലോരരുമ ക്കിനാവുപോലും.

മാനവ സംസ്കൃതിയൂട്ടി വളര്‍ത്തിയോ-
രീജല സ്രോതസ്സുതീരുകയോ?
ദാഹനീരിത്തിരി നേടുവാനായുള്ള
പോരാട്ട നാളുകള്‍ ദൂരെയല്ല .

അമ്മയാം ഭൂമിതന്‍ ദാഹങ്ങള്‍ തീര്‍ക്കുവാന്‍ 
ജൈവ വൈവിധ്യം പുലര്‍ന്നീടുവാന്‍
കാടുകള്‍ മേടുകള്‍ കാത്തു പുലര്‍ത്തണം 
ജീവ ജലത്തിന്നുറവകളും.

മണ്ണിനും മര്‍ത്യനുമാകാശമേകുന്ന 
മേഘനീര്‍ത്തുള്ളികളെത്ര ശുദ്ധം.
മാമഴക്കൊയ്ത്തോ വനവല്‍ക്കരണമോ
മാഴ്കാതെയൊന്നിച്ചു കൈകോര്‍ക്ക നാം.

അല്ലായ്കിലീനാട് വന്‍മരുവായിടും 
ഹരിതാഭ കേവല സ്വപ്നമാകും.
നാളത്തെ മര്‍ത്യത നമ്മെ പഴിച്ചിടും
ഭൂമിക്കു വന്ധ്യത ചേര്‍ത്തവരായ്.



                                                                                                           2004

1 comment:

  1. ടീച്ചർ,
    മനോഹരമായ ചില രചനകൾ
    ഇവിടെ കാണാൻ കഴിഞ്ഞു
    പക്ഷെ കമന്റുകൾ ഇല്ല
    ചില കാര്യങ്ങൾ കൂടി ബ്ലോഗ്‌
    പോസ്റ്റുമ്പോൾ ചെയ്യേണ്ടതുണ്ട്
    അപ്പോൾ വായനക്കാര്
    അവിടേക്ക് ഓടിയത്തും
    അത്തരം ചില പൊടിക്കൈകൾ
    വായിക്കുക ഈ ബ്ലോഗിൽ'
    ഏരിയലിന്റെ കുറിപ്പുകള്‍

    ആശംസകൾ

    PS: ഇവിടെയുള്ള word verification എടുത്തു മാറ്റുക അത് കമന്റു പോസ്റ്റു ചെയ്യുന്നവർക്ക്
    വളരെ ബുദ്ധിമുട്ടുണ്ടാക്കും താങ്കളുടെ ഡാഷ്ബോർഡിൽ പോയി അതു മാറ്റാൻ കഴിയും
    നന്ദി

    ReplyDelete