Tuesday 25 February 2014

ക്ഷുഭിതകാലത്തിന്‍റെ സുവിശേഷകന്‍- എസ് .സരോജം - ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചു .




കുഴിമറ്റം കഥകളുടെ സമഗ്രപഠനം


നിലവിലുള്ള ഭാവുകത്വത്തെ അപ്പാടെ അട്ടിമറിച്ചുകൊണ്ട്, നിയതമായ എഴുത്തുരീതികളെ വെല്ലുവിളിച്ചുകൊണ്ട് കഥാസാഹിത്യത്തിലേക്ക് കടന്നുവന്ന അതുല്യപ്രതിഭയാണ് ബാബു കുഴിമറ്റം. അദ്ദേഹത്തിന്‍റെ  ചത്തവന്‍റെ  സുവിശേഷം എന്ന സമാഹാരത്തെ ചൂണ്ടിക്കാട്ടി മലയാളത്തില്‍ ആധുനികോത്തരതഉദയം ചെയ്തിരിക്കുന്നു എന്നാണ് അയ്യപ്പപ്പണിക്കര്‍ പറഞ്ഞത്. പ്രശസ്ത നിരൂപകനായ ബാലചന്ദ്രന്‍ വടക്കേടത്ത് ആധുനികോത്തരത എന്ന പ്രയോഗത്തെ ഉത്തരാധുനികത ആക്കി. അങ്ങനെയാണ് മലയാള ചെറുകഥയില്‍ ഉത്തരാധുനികതയുടെ പ്രഭാതം തുടങ്ങുന്നത്.
ബാബു കുഴിമറ്റത്തിന്‍റെ  കഥകളിലൂടെയും ജീവിതത്തിലൂടെയും ഒരു അനുവാചകയാത്ര നടത്തുകയാണ് എസ് സരോജം ക്ഷുഭിതകാലത്തിന്‍റെ  സുവിശേഷകന്‍ എന്ന പുസ്തകത്തിലൂടെ. സാഹിത്യവിമര്‍ശനം എന്ന സര്‍ഗ്ഗശാഖ വായനക്കാരില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന കാലത്ത് എസ് സരോജം നടത്തുന്ന തനതു സമീപനം ഏറെ ശ്രദ്ധേയമാണ്. 23 അധ്യായങ്ങളുള്ള ഈ പഠനഗ്രന്ഥം ദുര്‍ഗ്രാഹ്യത തെല്ലുമില്ലാതെ വായനക്കാരുമായി നേരിട്ടു സംവദിക്കുന്നതാണ്.
കഥയുടെ പ്രമേയമോ ആഖ്യാനരീതിയോ ഭാഷാപ്രയോഗമോ ഒന്നുംതന്നെ ഒരു ചട്ടക്കൂടില്‍ ഒതുക്കാവുന്നതല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന കുഴിമറ്റം കഥകള്‍ എങ്ങനെ ചെറുകഥാസാഹിത്യ ചരിത്രത്തില്‍ നാഴികക്കല്ലായി മാറി എന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ കൃതിയില്‍ . അതിരാഷ്ട്രീയതയും ആക്‌ഷേപഹാസ്യവും ആത്മപരിഹാസവും കുസൃതിയും കുന്നായ്മയും കൂടിക്കുഴയുന്ന ഈ കഥകളില്‍ കലയുടെ സൗന്ദര്യവും ജീവിതത്തിന്‍റെ  തുടിപ്പുമുണ്ടെന്ന് ലേഖിക നിരീക്ഷിക്കുന്നു. പുനര്‍വായനയില്‍ പുതുമാനങ്ങള്‍ തെളിയുന്ന കഥകള്‍ക്ക് ഉചിതമായ പഠനം തന്നെയാണ് സരോജം നടത്തിയിരിക്കുന്നതെന്ന് പുസ്തകത്തിന്‍റെ  താളുകളില്‍നിന്ന് വ്യക്തമാകുന്നു.

സെക്രട്ടറിയേറ്റില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എസ് സരോജം മഴയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി, വലക്കണ്ണികളില്‍ കാണാത്തത്, ആകാശത്തേയ്ക്ക് പറക്കുന്ന അക്ഷരങ്ങള്‍ , സിംഹമുദ്ര എന്നീ കഥാസമാഹാരങ്ങളും ഒറ്റനിലം എന്ന നോവലും അച്ചുതണ്ടിലെ യാത്ര എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേവകീവാര്യര്‍ ഫൗണ്ടേഷന്‍ കവിതാ പുരസ്‌കാരം, പുരോഗമനകലാസാഹിത്യസംഘം കഥാപുരസ്‌കാരം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കഥാപുരസ്‌കാരം, കഥാപീഠം ജൂറി പുരസ്‌കാരം, ജ്വാല അക്ഷരപ്രതിഭ പുരസ്‌കാരം, അഴീക്കല്‍ കൃഷ്ണന്‍കുട്ടി സ്മാരക കവിത പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Summary in English:
Kshubhitha Kalathinte Suvisheshakan  by S. Sarojam   Released
Ayyappa Panicker has once stated that Babu Kuzhimattam’s Chattavante Suvishesham is a collection of post-modernism in Malayalam literature which is considered as a rise of post-modernism in Malayalam literature. The book Kshubhitha Kalathinte Suvisheshakan by S. Sarojam is a study on Babu Kuzhimattam and his collection of stories. The book with 23 chapters is a direct confabulation with the readers. S. Sarojam,Former Deputy Secretary at Secretariat, has many works including Mazhaye Snehikunna Penkutty, Valakannikalil Kanathathu, Aakashatheku Parakunna Aksharangal, Simhamudra and Ottanilam among others. She has also penned a collection of poems titled Achuthandile Yathra.


(Editor's pick - www.dcbooks.com)

ഒരു മുക്കുവപ്പാട്ട് (കവിത )




നീ ലക്കടലിന്‍റെ  തീ രത്തു ഞാനൊരു

നിറമുള്ള സ്വപ്നം നെയ്തു വച്ചു  .

രക്തത്തിളപ്പിലുയരത്തിലെന്‍റെ യാ 

ചിറകുള്ള സ്വപ്നം പറത്തിവിട്ടു

കാണാത്ത മുത്തുകള്‍ കൊത്തിയെടുത്തു നിന്‍

കൈകളില്‍ ത്തന്നിടാമെന്നു സ്വപ്നം .

കാത്തു കാത്തു ഞാനീ മണല്‍ത്തീരത്തു   നോവിന്‍റെ

കാല്‍പ്പാടുകള്‍ തീര്‍ത്തലഞ്ഞു .



എവിടെയാണിന്നെന്‍റെ സ്വപ്നം കടലേ ?

ധനലക്ഷ്മി വാഴുന്ന ഭണ്ടാരക്കൂട്ടിലോ,

സുഖതല്‍പ്പം വിരിക്കുമന്തപ്പുരത്തിലോ,

എവിടെപ്പറന്നൊളിച്ചെന്‍റെ സ്വപ്നം  ?




എവിടെയാണിന്നെന്‍റെ സ്വപ്നം കടലേ ?

കാരിരുമ്പി ന്നധികാരത്തുറു ങ്കിലോ ?

പ്രതികാര തീവ്ര ത്തടവിലോ , കൂട്ടിലോ ?



എവിടെയാണിന്നെന്‍റെ സ്വപ്നം കടലേ?

ദൈവങ്ങള്‍ വാഴും മതില്‍ക്കെ ട്ടിനുള്ളി ലോ,

ബോധിവൃക്ഷത്തിന്‍ തണലിലോ ,തെരുവിലോ ?




നീലക്കടലി ന്‍റെ തീരത്തുഞാനൊരു 

സൗ വ്വര്‍ണ്ണസ്വപ്നം പറത്തിവിട്ടു.

മടങ്ങീലിതേവരെ യാ ചിറകറ്റ സ്വപ്നം !

  മടങ്ങീ ലിതേവരെയാ ചരട റ്റ പട്ടം.



എവിടെയാണിന്നെന്‍റെ സ്വപ്നം കടലേ?

തിരയടങ്ങാത്ത നിന്‍ മാറിലോ , മടിയിലോ ?

എന്തും വിഴുങ്ങുവാനാര്‍ത്തി പെരുത്തോരാ

വായിലോ , വയറ്റിലോ?
എവിടെയാണിന്നെന്‍റെ സ്വപ്നം കടലേ?













Tuesday 4 February 2014

വെളുത്ത ചന്ദ്രക്കല (കഥ )




                  അവള്‍ അപൂര്‍വമായേ ഉറങ്ങാറുള്ളൂ. പേടിസ്വപ്നങ്ങള്‍ 
കണ്ട് കിതയ്ക്കാനും അലറിക്കരയാനും അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. രാത്രിയില്‍ നന്നായി കുളിച്ച്, കരിനീലംകൊണ്ടു കണ്ണെഴുതി, സീമന്തത്തില്‍ കുങ്കുമം തൊട്ട്, ഉടലാകെ  ചന്ദനതൈലം പൂശി, നേര്‍ത്ത നിശാവസ്ത്ര മണിഞ്ഞ്, രാവൊടുങ്ങുവോളം  മഞ്ചത്തില്‍ വെറുതേ കിടക്കും .

                ചുവപ്പുനിറമുള്ള  നിശാവസ്ത്രങ്ങള്‍  അവളുടെ ദൌര്‍ബല്യമായി രുന്നു . കടുംചുവപ്പിന് പ്രണയസ്വപ്നങ്ങളെ  പുല്‍കിയുണര്‍ത്താനുള്ള  വശ്യത യുണ്ടെന്ന്  അവള്‍ എങ്ങനെയോ ധരിച്ചുവശാ യിരുന്നു . ആകയാല്‍ അപൂര്‍വമായേ അവ അണിയാറുള്ളൂ.

                  കരവേലകള്‍ചെയ്തു ചന്തം കൂട്ടിയ ചന്ദനപ്പെട്ടിയിലാണ് അവള്‍ തന്‍റെ പ്രിയപ്പെട്ട വസ്ത്രങ്ങള്‍ അടുക്കിവച്ചിരുന്നത്. നിലാവുള്ള രാത്രികളില്‍ പെട്ടിതുറന്ന് അവയെ കയ്യിലെടുത്ത് ലാളിക്കുകയും ചുണ്ടില്‍ ചേര്‍ത്ത് അനുരാഗപൂര്‍വ്വം  ചുംബിക്കുകയും ചെയ്യുക അവളുടെ നേരമ്പോക്കായിരുന്നു.

                    പൂര്‍ണ്ണചന്ദ്ര ന്‍റെ  കൈതപ്പൂമഞ്ഞനിറം അവളില്‍ അനുരാഗത്തിന്‍റെ  തീക്ഷ്ണഭാവങ്ങള്‍ പ ടര്‍ത്തിയിരുന്നു. താന്‍ വൃന്ദാവനത്തിലാണെന്നും പീലിപ്പൂ ചൂടിയ  കാര്‍വര്‍ണ്ണന്‍ തനിക്കായി കോലക്കുഴല്‍ നാദമുതിര്‍ ക്കുകയാണെന്നും  അവള്‍ സങ്കല്‍പ്പിച്ചിരുന്നു . ആ നാദധാര യില്‍ അലിഞ്ഞു ചേരുമ്പോള്‍ അവള്‍ രാധയായി സ്വയം മാറുകയും ചെയ്തിരുന്നു .

                     അന്ന് തിരുവാതിരയായിരുന്നു . കാര്‍ത്യായനീ പൂജ കഴിഞ്ഞ്‌ സന്തോഷവതിയായി അവള്‍ ചന്ദനപ്പെട്ടി തുറന്നു . ബാലഗോപാലന്‍റെ  പീലിക്കെട്ടു പോലെ എന്തോ ഒന്ന് പുറത്തേക്കുചാടി, വളഞ്ഞു പുളഞ്ഞ് എങ്ങോ മറഞ്ഞു .

                       ' അവന്‍റെ യൊരു കുസൃതി !' അവള്‍ക്ക് ചിരിവന്നു .

                        പെട്ടിയില്‍നിന്ന്  ചന്ദനമണമുള്ള  ചുവന്ന  നിശാവസ്ത്രം  എടുത്തണിഞ്ഞു . പതിവൊരുക്കങ്ങളൊക്കെ കഴിഞ്ഞ്‌ മുടിയില്‍ ഒരു കൈതപ്പൂവിതള്‍ തിരുകിവച്ചു . വിലോലമായൊരു മന്ദഹാസം ചുണ്ടിലൊളിപ്പിച്ച്, അവള്‍ കണ്ണന്‍റെ കാല്‍പെരുമാറ്റത്തിനു കാതോര്‍ത്തു കിടന്നു.

                         ജാലകവിടവിലൂടെ ഊര്‍ന്നിറങ്ങിയ നിലാവിഴകള്‍ അവളെ കളിയാക്കി: 'മായക്കണ്ണന്‍ എവിടെയോ മറഞ്ഞിരിപ്പാണ് നിന്നെ പറ്റിക്കാന്‍.'

                        കൈതപ്പൂ മണമുള്ള കിനാവുകള്‍ നിറച്ചൊരുക്കിയ  സ്വപ്നപേടകം  ഹൃദയത്തോടു ചേര്‍ത്തുവച്ച് , അവള്‍ അനങ്ങാതെ കിടന്നു .

 മെല്ലെമെല്ലെ അരികത്തണയുന്ന   കോലക്കുഴല്‍നാദം.

  കണ്ണില്‍ തെളിയുന്ന കായാമ്പൂനിറം

 കാല്‍ത്തളകള്‍ കിലുക്കി  അവള്‍ അവന് സ്വാഗതമോതി.

പാദങ്ങളില്‍ എന്തോ ആഞ്ഞാഞ്ഞു പതിക്കുന്നതുപോലെ!
സിരകളില്‍ ആളിക്കത്തുന്ന പ്രണയാഗ്നി .

അവള്‍ ചാടിയെണീറ്റ്‌ അവനെ  കരവലയത്തിലാക്കി.

നെഞ്ചോടു ചേര്‍ത്തണച്ച് കിടക്കയിലേക്ക്  മറിഞ്ഞു .
                   അവളുടെ  ഉടലിന്മേല്‍ ഒരു കരിനീലവല്ലി  പോലെ  അവന്‍ ചുറ്റിപ്പിണഞ്ഞു കിടന്നു;  വെളുത്ത ഉടലാകെ കരിനീലം പടര്‍ന്നപ്പോള്‍ വിരക്തിയോടെ വഴുതിമാറി .
അവള്‍ക്ക് അവനെ പുനര്‍ന്ന്‍ മതിയായിരുന്നില്ല.
മയക്കംമുറ്റി യ  കണ്ണുകള്‍ വലിച്ചുതുറന്ന് അവള്‍ ആര്‍ത്തിയോടെ  അവനെ നോക്കി .

അവന്‍ പിന്തിരിഞ്ഞു നില്‍ക്കുന്നു !

വാ കണ്ണാ ........ പ്രണയ വായ്പ്പോടെ  അവള്‍ കെഞ്ചി.

വാരിയണയ്ക്കാന്‍ കൈകള്‍ നീട്ടി .

ഒരുജേതാവി ന്‍റെ  ഗര്‍വമോടെ നൃത്തച്ചുവടുകള്‍വച്ച് മുന്നോട്ടു നീങ്ങുകയാണ വന്‍ . ചുരുള്‍ മുടി വെളുത്ത ചരടുകൊണ്ട് കെട്ടിവച്ചിരിക്കുന്നു.

ഹായ്, എന്തുഭംഗി !
കോലക്കുഴലെവിടെ?

കാണുന്നില്ലല്ലോ !

പീലിചൂടിയ മുടിക്കെട്ടെവിടെ ?

അതും കാണുന്നില്ല !

അടയുന്ന കണ്ണുകള്‍ വലിച്ചുതുറന്ന് അവള്‍ നോക്കി , വീണ്ടുംവീണ്ടും നോക്കി.

വിടര്‍ന്നപത്തി!

വെളുത്ത ചന്ദ്രക്കല !

അയ്യോ ......... അവള്‍ അലറിക്കൂവി .

                      ഓടിക്കൂടിയവര്‍ പാമ്പിനെ തിരയവേ , നിതാന്ത നീലിമയാര്‍ന്ന പ്രണയനിദ്രയിലേക്ക്‌ അവള്‍ മെല്ലെമെല്ലെ ഇറങ്ങിപ്പോയി .