Tuesday 4 February 2014

വെളുത്ത ചന്ദ്രക്കല (കഥ )




                  അവള്‍ അപൂര്‍വമായേ ഉറങ്ങാറുള്ളൂ. പേടിസ്വപ്നങ്ങള്‍ 
കണ്ട് കിതയ്ക്കാനും അലറിക്കരയാനും അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. രാത്രിയില്‍ നന്നായി കുളിച്ച്, കരിനീലംകൊണ്ടു കണ്ണെഴുതി, സീമന്തത്തില്‍ കുങ്കുമം തൊട്ട്, ഉടലാകെ  ചന്ദനതൈലം പൂശി, നേര്‍ത്ത നിശാവസ്ത്ര മണിഞ്ഞ്, രാവൊടുങ്ങുവോളം  മഞ്ചത്തില്‍ വെറുതേ കിടക്കും .

                ചുവപ്പുനിറമുള്ള  നിശാവസ്ത്രങ്ങള്‍  അവളുടെ ദൌര്‍ബല്യമായി രുന്നു . കടുംചുവപ്പിന് പ്രണയസ്വപ്നങ്ങളെ  പുല്‍കിയുണര്‍ത്താനുള്ള  വശ്യത യുണ്ടെന്ന്  അവള്‍ എങ്ങനെയോ ധരിച്ചുവശാ യിരുന്നു . ആകയാല്‍ അപൂര്‍വമായേ അവ അണിയാറുള്ളൂ.

                  കരവേലകള്‍ചെയ്തു ചന്തം കൂട്ടിയ ചന്ദനപ്പെട്ടിയിലാണ് അവള്‍ തന്‍റെ പ്രിയപ്പെട്ട വസ്ത്രങ്ങള്‍ അടുക്കിവച്ചിരുന്നത്. നിലാവുള്ള രാത്രികളില്‍ പെട്ടിതുറന്ന് അവയെ കയ്യിലെടുത്ത് ലാളിക്കുകയും ചുണ്ടില്‍ ചേര്‍ത്ത് അനുരാഗപൂര്‍വ്വം  ചുംബിക്കുകയും ചെയ്യുക അവളുടെ നേരമ്പോക്കായിരുന്നു.

                    പൂര്‍ണ്ണചന്ദ്ര ന്‍റെ  കൈതപ്പൂമഞ്ഞനിറം അവളില്‍ അനുരാഗത്തിന്‍റെ  തീക്ഷ്ണഭാവങ്ങള്‍ പ ടര്‍ത്തിയിരുന്നു. താന്‍ വൃന്ദാവനത്തിലാണെന്നും പീലിപ്പൂ ചൂടിയ  കാര്‍വര്‍ണ്ണന്‍ തനിക്കായി കോലക്കുഴല്‍ നാദമുതിര്‍ ക്കുകയാണെന്നും  അവള്‍ സങ്കല്‍പ്പിച്ചിരുന്നു . ആ നാദധാര യില്‍ അലിഞ്ഞു ചേരുമ്പോള്‍ അവള്‍ രാധയായി സ്വയം മാറുകയും ചെയ്തിരുന്നു .

                     അന്ന് തിരുവാതിരയായിരുന്നു . കാര്‍ത്യായനീ പൂജ കഴിഞ്ഞ്‌ സന്തോഷവതിയായി അവള്‍ ചന്ദനപ്പെട്ടി തുറന്നു . ബാലഗോപാലന്‍റെ  പീലിക്കെട്ടു പോലെ എന്തോ ഒന്ന് പുറത്തേക്കുചാടി, വളഞ്ഞു പുളഞ്ഞ് എങ്ങോ മറഞ്ഞു .

                       ' അവന്‍റെ യൊരു കുസൃതി !' അവള്‍ക്ക് ചിരിവന്നു .

                        പെട്ടിയില്‍നിന്ന്  ചന്ദനമണമുള്ള  ചുവന്ന  നിശാവസ്ത്രം  എടുത്തണിഞ്ഞു . പതിവൊരുക്കങ്ങളൊക്കെ കഴിഞ്ഞ്‌ മുടിയില്‍ ഒരു കൈതപ്പൂവിതള്‍ തിരുകിവച്ചു . വിലോലമായൊരു മന്ദഹാസം ചുണ്ടിലൊളിപ്പിച്ച്, അവള്‍ കണ്ണന്‍റെ കാല്‍പെരുമാറ്റത്തിനു കാതോര്‍ത്തു കിടന്നു.

                         ജാലകവിടവിലൂടെ ഊര്‍ന്നിറങ്ങിയ നിലാവിഴകള്‍ അവളെ കളിയാക്കി: 'മായക്കണ്ണന്‍ എവിടെയോ മറഞ്ഞിരിപ്പാണ് നിന്നെ പറ്റിക്കാന്‍.'

                        കൈതപ്പൂ മണമുള്ള കിനാവുകള്‍ നിറച്ചൊരുക്കിയ  സ്വപ്നപേടകം  ഹൃദയത്തോടു ചേര്‍ത്തുവച്ച് , അവള്‍ അനങ്ങാതെ കിടന്നു .

 മെല്ലെമെല്ലെ അരികത്തണയുന്ന   കോലക്കുഴല്‍നാദം.

  കണ്ണില്‍ തെളിയുന്ന കായാമ്പൂനിറം

 കാല്‍ത്തളകള്‍ കിലുക്കി  അവള്‍ അവന് സ്വാഗതമോതി.

പാദങ്ങളില്‍ എന്തോ ആഞ്ഞാഞ്ഞു പതിക്കുന്നതുപോലെ!
സിരകളില്‍ ആളിക്കത്തുന്ന പ്രണയാഗ്നി .

അവള്‍ ചാടിയെണീറ്റ്‌ അവനെ  കരവലയത്തിലാക്കി.

നെഞ്ചോടു ചേര്‍ത്തണച്ച് കിടക്കയിലേക്ക്  മറിഞ്ഞു .
                   അവളുടെ  ഉടലിന്മേല്‍ ഒരു കരിനീലവല്ലി  പോലെ  അവന്‍ ചുറ്റിപ്പിണഞ്ഞു കിടന്നു;  വെളുത്ത ഉടലാകെ കരിനീലം പടര്‍ന്നപ്പോള്‍ വിരക്തിയോടെ വഴുതിമാറി .
അവള്‍ക്ക് അവനെ പുനര്‍ന്ന്‍ മതിയായിരുന്നില്ല.
മയക്കംമുറ്റി യ  കണ്ണുകള്‍ വലിച്ചുതുറന്ന് അവള്‍ ആര്‍ത്തിയോടെ  അവനെ നോക്കി .

അവന്‍ പിന്തിരിഞ്ഞു നില്‍ക്കുന്നു !

വാ കണ്ണാ ........ പ്രണയ വായ്പ്പോടെ  അവള്‍ കെഞ്ചി.

വാരിയണയ്ക്കാന്‍ കൈകള്‍ നീട്ടി .

ഒരുജേതാവി ന്‍റെ  ഗര്‍വമോടെ നൃത്തച്ചുവടുകള്‍വച്ച് മുന്നോട്ടു നീങ്ങുകയാണ വന്‍ . ചുരുള്‍ മുടി വെളുത്ത ചരടുകൊണ്ട് കെട്ടിവച്ചിരിക്കുന്നു.

ഹായ്, എന്തുഭംഗി !
കോലക്കുഴലെവിടെ?

കാണുന്നില്ലല്ലോ !

പീലിചൂടിയ മുടിക്കെട്ടെവിടെ ?

അതും കാണുന്നില്ല !

അടയുന്ന കണ്ണുകള്‍ വലിച്ചുതുറന്ന് അവള്‍ നോക്കി , വീണ്ടുംവീണ്ടും നോക്കി.

വിടര്‍ന്നപത്തി!

വെളുത്ത ചന്ദ്രക്കല !

അയ്യോ ......... അവള്‍ അലറിക്കൂവി .

                      ഓടിക്കൂടിയവര്‍ പാമ്പിനെ തിരയവേ , നിതാന്ത നീലിമയാര്‍ന്ന പ്രണയനിദ്രയിലേക്ക്‌ അവള്‍ മെല്ലെമെല്ലെ ഇറങ്ങിപ്പോയി .



 





                     

                   

2 comments:

  1. കഥ ഇഷ്ടമായി.. ഇനിയും കൂടുതല്‍ പ്രതീക്ഷിയ്ക്കുന്നു...

    ReplyDelete
  2. നന്ദി , സ്നേഹാദരങ്ങള്‍

    ReplyDelete