Wednesday 23 May 2018

കുയിലന്‍റെ ഉഴവുമാട്‌ (കഥ) എസ്‌.സരോജം

        അന്ന്‌ തിരുവോണപ്പുലരിയെ വരവേറ്റത്‌ കുയിലത്തിയമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയായിരുന്നു. ഓണപ്രാതല്‍ കഴിച്ചുകൊണ്ടിരുന്നവര്‍ കഴിക്കാത്ത പാതി ഇട്ടെറിഞ്ഞ്‌ വീടുകളില്‍നിന്നും ഇറങ്ങിയോടി. ഞാനും ഊഞ്ഞാലാട്ടം നിറുത്തി, കരച്ചില്‍ കേട്ട ഭാഗത്തേക്കോടി. ഞങ്ങളുടെ വീടിന്‍റെ വടക്കേമുറ്റത്ത്‌ നിന്നാല്‍ കുയിലന്‍ മൂപ്പന്‍റെ വീടും പറമ്പും കാണാം. പറമ്പിന്‍റെ പടിഞ്ഞാറേ അതിര്‌ ഒരു നടവഴിയാണ്‌. വഴിയുടെ ഒത്തനടുവില്‍, പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന കൂഴപ്ലാവ്‌. ആ പ്ലാവിന്‍റെ ചുവട്ടില്‍നിന്നാണ്‌ കുയിലത്തിയമ്മയുടെ നെഞ്ചുപൊട്ടിയുള്ള നിലവിളി. ഗ്രാമം മുഴുവന്‍ നിലവിളികേട്ട സ്ഥലത്ത്‌ ഓടിക്കൂടുകയാണ്‌.
രാജപ്പന്‍ കെട്ടിക്കൊണ്ടുവന്ന തങ്കമ്മയ്‌ക്ക്‌ കുയിലത്തി എന്ന കുറ്റപ്പേരുണ്ടായതിന്‍റെ പിന്നില്‍ ഒരു സംഭവകഥയുണ്ട്‌: കരിനാഗങ്ങളും കാട്ടുകിളികളും ഐക്യത്തോടെ വാഴുന്ന പാപ്പനത്തുകാവില്‍ എവിടെ നിന്നോ ഒരു പുള്ളിക്കുയില്‍ വഴിതെറ്റിവന്നു. കാട്ടുകിളികള്‍ കൂട്ടംചേര്‍ന്ന്‌ അവളെ കൊത്തിയോടിച്ചു. അവശയായ പുള്ളിക്കുയില്‍ പ്രാണരക്ഷാര്‍ത്ഥം പറന്നുചെന്ന്‌ വയലുഴുതുകൊണ്ടുനിന്ന രാജപ്പന്‍റെ തോളില്‍ അഭയം തേടി. അയാള്‍ അതിനെ കൊന്ന്‌, വയല്‍ക്കരയില്‍ തീ കൂട്ടി ചുട്ടുതിന്നു. അന്നുമുതലാണ്‌ രാജപ്പന്‍ കുയിലനായത്‌. കുയിലന്‍റെ പെണ്ണിനെ കുയിലത്തിയാക്കിയത്‌ വ്യാകരണം പഠിച്ച ഏതോ വികൃതിപ്പിള്ളേരാണുപോലും..
`അയ്യോ... എന്‍റെ മക്കളേ... നല്ലോരോണമായിട്ട്‌ നീയിത്‌ ചെയ്‌തല്ലോ...' കുയിലത്തിയമ്മയുടെ നിലവിളിയും ഒപ്പാരും തുടരുകയാണ്‌.
അവര്‍ക്ക്‌ മൂന്ന്‌ ആണ്‍മക്കളും രണ്ട്‌ പെണ്‍മക്കളുമുണ്ട്‌. പെണ്ണിനെ രണ്ടിനേം കെട്ടിച്ചയച്ചു. ആണ്‍മക്കള്‍ രണ്ടുപേരും പെണ്ണുകെട്ടി, വെവ്വേറെ താമസവുമായി. ആണിലും പെണ്ണിലും മൂത്തവനായ ചെല്ലപ്പന്‌ വയസ്സ്‌ മുപ്പത്തഞ്ച്‌ കഴിഞ്ഞു. നല്ല തടിമിടുക്കും മുഖശ്രീയുമുണ്ടായിട്ടും അവന്‌ കെട്ടുപ്രായമായെന്ന്‌ കുയിലന്‍ മൂപ്പന്‌ തോന്നിയതേയില്ല. കാരണം അവന്‍ തങ്കമ്മയുടെ ഒന്നാംകെട്ടിലുണ്ടായ മകനാണ്‌. ചെല്ലപ്പന്‍ സ്വന്തം അപ്പനെ കണ്ടിട്ടേയില്ല. മരണപ്പെട്ട അപ്പന്‍റെ അഞ്ചേക്കര്‍ പുരയിടത്തിന്‍റെയും പത്തുപറക്കണ്ടത്തിന്‍റെയും ഏക അവകാശിയാണവന്‍. പാതിരാത്രിയാവുമ്പോള്‍ ഇത്തിരിനേരം കിടന്ന്‌ നടുവുനിവര്‍ക്കുന്നതൊഴിച്ചാല്‍, ബാക്കിനേരമത്രയും കുയിലന്‍ അവനെക്കൊണ്ട്‌ വയലിലും പറമ്പിലും മാടിനെപ്പോലെ പണിയെടുപ്പിച്ചു. നാട്ടുകാര്‍ക്കിടയില്‍ അവന്‍ കുയിലന്‍റെ ഉഴവുമാട്‌ എന്ന സഹതാപപ്പേരിനാല്‍ അറിയപ്പെട്ടു. കുയിലന്‍ മാത്രം അവനെ തന്തേക്കൊല്ലി എന്ന്‌ വിളിച്ചു.
ചെല്ലപ്പനെക്കൊണ്ടൊരു പെണ്ണുകെട്ടിച്ചാല്‍ അടുക്കളപ്പണിക്ക്‌ ഒരു സഹായമാവുമല്ലൊ എന്ന്‌ കുയിലത്തിയമ്മ പറയാന്‍തുടങ്ങിയിട്ട്‌ വര്‍ഷം പത്തുകഴിഞ്ഞു. വയലിലെയും പറമ്പിലെയും പണിക്കാര്‍ക്ക്‌ പഴിഞ്ഞിയും ചോറും വച്ചും വിളമ്പിയും അവരുടെ നടുവൊടിയാറായി. പക്ഷേ, അതൊന്നും കുയിലനെ ബാധിക്കുന്ന പ്രശ്‌നമേയല്ല. അവനെന്തിനാ പെണ്ണും പെടക്കോഴീം എന്നൊരു മറുചോദ്യംകൊണ്ട്‌ അയാള്‍ ഭാര്യയുടെ നാവടക്കും. അയാളുടെ മനസ്സിലിരിപ്പ്‌ എന്താണെന്ന്‌ കുയിലത്തിയമ്മയ്‌ക്ക്‌ പിടികിട്ടിയില്ല.
അങ്ങനെയിരിക്കെ ചെല്ലപ്പനൊരു കല്യാണാലോചന വന്നു. അമ്മയും അപ്പനുമില്ലാത്ത പെണ്ണ്‌. മുപ്പതുവയസ്സ്‌ പ്രായം. ആകെക്കൂടിയുള്ള ഒരേക്കര്‍ പുരയിടത്തില്‍ ഒറ്റയ്‌ക്ക്‌ പണിയെടുത്ത്‌ ജീവിക്കുന്ന മിടുക്കത്തി. വീട്ടിലും മറ്റാരുമില്ല. മെയ്‌ക്കരുത്തുള്ള ആ കറുമ്പിക്കൊമാരിയെ ചെല്ലപ്പനും കുയിലത്തിയമ്മക്കും കണ്ണിനു പോതിച്ചു. അതറിഞ്ഞ കുയിലന്‍, `ഇനി ഈ മുറ്റത്ത്‌ കേറിയാല്‍ തന്‍റെ കാല്‌ ഞാന്‍ തല്ലിയൊടിക്കും' എന്നുപറഞ്ഞ്‌ തരവനെ വിരട്ടിയോടിച്ചു. അന്നുരാത്രി ആ വീട്ടില്‍നിന്ന്‌ കുയിലത്തിയമ്മയുടെ നിലവിളി ഉയര്‍ന്നു. കല്യാണം കഴിക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന ചെല്ലപ്പനെ കുയിലന്‍ മാടിനെത്തല്ലുന്ന കാഞ്ഞിരക്കമ്പെടുത്ത്‌ തലങ്ങും വിലങ്ങും തല്ലി. തടയാന്‍ ചെന്ന കുയിലത്തിക്കും കിട്ടി തല്ലും തൊഴിയും. അതോടെ, അമ്മയുടെ രണ്ടാംകെട്ടുകാരനെ ചെല്ലപ്പനും ഭാര്യയുടെ ഒന്നാംകെട്ടിലെ മോനെ കുയിലനും ശത്രുവായി മുദ്രകുത്തി. കുയിലന്‍റെ വയലിലും പറമ്പിലും ചെല്ലപ്പന്‍ പണിക്കിറങ്ങാതായി. സ്വന്തം അപ്പന്‍റെ വയലില്‍ പണിക്കിറങ്ങിയ ചെല്ലപ്പനെ കുയിലന്‍ വെട്ടുകത്തിയുമായി നേരിട്ടു. കൊലക്കുറ്റത്തിന്‌ ജയിലില്‍കിടക്കാന്‍ വയ്യ എന്നുപറഞ്ഞ്‌ ചെല്ലപ്പന്‍ പിന്മാറി.
`എന്‍റെ വീട്ടീന്ന് ആ തന്തേക്കൊല്ലിക്ക്‌ ഒരുതുള്ളി വെള്ളം പോലും കൊടുത്തുപോവരുത്‌.' കുയിലന്‍ ഭാര്യയോട്‌ കല്‍പിച്ചു. ചെല്ലപ്പന്‍ കൂലിപ്പണിചെയ്‌ത്‌ ജീവിക്കാന്‍ തുടങ്ങി. കുറച്ചകലെയുള്ള ഒരു ജന്മിയുടെ രണ്ടുപറക്കണ്ടം പാട്ടത്തിനെടുത്ത്‌ ഏത്തവാഴ നട്ടു. ഇത്രയുമായപ്പോള്‍ കലിമുറ്റിയ കുയിലന്‍ അന്ത്യശാസനം നല്‍കി: `ഇറങ്ങിപ്പൊക്കോണം എന്‍റെ വീട്ടീന്ന്‌'. ചെല്ലപ്പന്‍ തനിക്കുള്ളതെല്ലാം ഒരു തകരപ്പെട്ടിയിലാക്കി വീടുവിട്ടിറങ്ങി, വാഴപ്പണയിലെ കാവല്‍മാടത്തില്‍ താമസമാരംഭിച്ചു. ഓണക്കാലമായതോടെ, വിളഞ്ഞ വാഴക്കുലകള്‍ വെട്ടി വിറ്റു. പാട്ടത്തുക കൊടുത്തു. നല്ലൊരു കസവുമുണ്ടും പോളിസ്റ്റര്‍ ഷര്‍ട്ടും വാങ്ങി. ബാക്കിവന്ന കാശുമായി നാടുവിട്ടുപോകാനുള്ള ഒരുക്കങ്ങള്‍ ചെയ്‌തു. തിരുവോണത്തലേന്ന്‌ രാത്രി, അമ്മയോട്‌ യാത്രചോദിക്കാന്‍ പാത്തും പതുങ്ങിയും വീടിന്‍റെ വടക്കേപ്പുറത്തെത്തിയ ചെല്ലപ്പന്‍ അടുക്കളവാതിലില്‍ മുട്ടിവിളിച്ചു.
`മക്കളേ, അങ്ങേര്‌ ചത്തിട്ട്‌ നീയിനി ഇങ്ങോട്ടു വന്നാമതി. വെക്കം പോ.' എന്നു പറഞ്ഞ്‌, അമ്മ കണ്ണീരോടെ മകനെ യാത്രയാക്കി.
കൂഴപ്ലാവിന്‍റെ ചുവട്ടിലെ ആള്‍ക്കൂട്ടം കൂടിക്കൂടിവന്നു. എട്ടുവയസ്സുകാരിയായ എനിക്ക്‌ സംഭവം പിടികിട്ടിയില്ല. ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ നഴഞ്ഞുകയറി കുയിലത്തിയമ്മയുടെ മുന്നിലെത്തി. അവര്‍ കരഞ്ഞുകരഞ്ഞ്‌ തളര്‍ന്നിരിക്കുന്നു. എന്‍റെ മക്കളേ... എന്നുവിളിച്ച്‌ പുലമ്പിക്കരയുന്ന അവരെ താങ്ങപ്പിടിച്ചിരിക്കുന്ന ലില്ലിയക്കയോട്‌ ചോദിച്ചു;
`അക്കേ, അമ്മുമ്മ എന്തിനാ കരയുന്നേ...?'
`അവിടന്ന്‌ മാറിനില്ല്‌ പെണ്ണെ.' ലില്ലിയക്ക മുഖം മേലോട്ട്‌ ചൂണ്ടി എന്നെ ശാസിച്ചു.
പിന്‍കാല്‍വച്ച്‌ പുറകോട്ടുമാറിയതും ഭാരമുള്ള രണ്ടു കാലുകള്‍ എന്‍റെ തലയില്‍ മുട്ടി.
കുറച്ചുകൂടി പുറകിലേക്കു മാറിനിന്ന്‌ ഞാന്‍ മുകളിലേക്ക്‌ നോക്കി. പ്ലാവിന്‍റെ താഴേക്കൊമ്പില്‍... തലചരിച്ച്‌, കണ്ണുതുറിച്ച്‌, നാവുതള്ളി, നിലംതൊടാതെ ചെല്ലപ്പന്‍ നില്‍ക്കുന്നു; ഓണക്കോടിയുമുടുത്ത്‌.