Sunday 28 July 2019

രചനാമുഗ്ദ്ധതയുടെ സാന്ദ്രനിര്‍മ്മിതികള്‍ ഡോ.എസ്.രാജശേഖരന്‍



സ്ത്രീകളെല്ലാം സീതയെപ്പോലെ ജീവിക്കണമെന്ന് പറയുന്ന നിങ്ങള്‍ എന്‍റെ അമ്മയെയും പെങ്ങളെയും തെറി വിളിക്കുന്നതെന്തിനാണ്?”കഴിഞ്ഞയിടെ വിശേഷിച്ചൊരു കാരണവുമില്ലാതെ കേരളത്തെ മുഴുവന്‍ ഇളക്കി മറിച്ച ‘വിശ്വാസസമര’ത്തിനിടെ നാം ആവര്‍ത്തിച്ചു കണ്ടുകൊണ്ടിരുന്ന ചില സംഭവങ്ങള്‍ ഇവിടത്തെ ഒരു സാധാരണ മനുഷ്യന്‍റെ  മനസ്സിലുയര്‍ത്തിയ ചോദ്യമാണിത്. ഒരു രാഷ്ട്രീയവിവാദത്തിന്‍റെ  സ്വനമൂര്‍ച്ചയുളള ഈ ചോദ്യം, വൈകാരികതയ്ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന ഒരു കഥാകാരിയുടെ കഥയിലെ ഭാവകേന്ദ്രമായി നില്‍ക്കുന്നതാണെന്ന് തിരിച്ചറിയേണ്ടി വരുമ്പോള്‍, കഥയുടെ നിലയിടം ജീവിതത്തില്‍നിന്ന് ഒട്ടും അകലെയല്ലെന്ന വസ്തുതയിലേക്കാണ് നാം എത്തിച്ചേരുന്നത്. ജീവിതത്തെയോ അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയധാരകളെയോ സംബന്ധിച്ച ബാഹ്യമായ കാര്യങ്ങളിലൊന്നും തെല്ലും അഭിരമിക്കാത്ത എസ്.സരോജത്തിന്‍റെ  കഥകള്‍ ജീവിതത്തെയും അതിനെ നയിക്കുന്ന സൂക്ഷ്മധാരകളെയും എത്രമാത്രം ആഴത്തിലുള്‍ക്കൊളളുന്നു എന്നതിന്‍റെ  ആനുഭവസാക്ഷാത്കാരങ്ങളാണ് ജല്‍പായ് ഗുരിയിലെ അര്‍ദ്ധയാമം എന്ന സമാഹാരത്തിലെ കഥകളോരോന്നും. ‘ഉത്തരം തേടുന്ന ചോദ്യങ്ങള്‍’ എന്നത് ഇതിലെ ഒരു കഥയുടെ പേര് തന്നെയായി വരുന്നതും ഈ വിധത്തില്‍ ഏറെ ചിന്തിക്കാന്‍ അവസരം തരുന്നുണ്ട്.
            സാധാരണജീവിതത്തിലെ തികച്ചും സാധാരണരായ വ്യക്തികളുടെ അസാധാരണമായ അനുഭവങ്ങളോ പെരുമാറ്റങ്ങളോ ആണ് സരോജത്തിന്‍റെ  കഥകളുടെ മേച്ചില്‍പ്പുറങ്ങള്‍. അതുകൊണ്ട് അവയെല്ലാം ആസ്വാദകനെ/ ആസ്വാദകയെ സംബന്ധിച്ചിടത്തോളം തികച്ചും സ്വകീയമായിത്തീരുന്നു. കഥകള്‍ പൊതുവെ ചെറുതെങ്കിലും അവയോരൊന്നുംകൈകാര്യം ചെയ്യുന്ന മേഖലകള്‍ അത്യന്തവിഭിന്നങ്ങളാണെന്നതിനാല്‍ ഇപ്പറഞ്ഞ അസാധാരണതയുടെ മേഖലകളും ഏറെ വിലുപവും വിഭിന്നവുമായിത്തീരുന്നു.
            കല്യാണിയുടെ ചിരിയെന്ന ആദ്യകഥ തന്നെ എടുക്കാം. സാധാരണ നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന ഒരു തെറിച്ച  പെണ്ണാണ് കല്യാണി. എന്തിനെയും പൊട്ടിച്ചിരിയിലൂടെ നേരിടുന്നവള്‍. അവളുടെ തന്‍പോരിമാപ്രഖ്യാപനമാണ് ആ ചിരി. സ്ഥലത്തെ ഏറ്റവും വലിയ ചട്ടമ്പിയായ നാരായണന്‍ പോലും  അതിന്റെ മുന്നില്‍ പതറിപ്പോകുന്നു. ‘നാരാണേട്ടന്‍ പേടിച്ചു പോയോ’ എന്ന പൊട്ടിച്ചിരിയുടെ മുന്നിലും, ‘ഞാനെന്തിനാ പേടിക്കണത്?’ എന്ന് അയാള്‍ക്ക് ധൈര്യം നടിക്കേണ്ടി വരുന്നു. നടത്തത്തിന് വേഗം കൂട്ടി അവളെ പിന്നിലാക്കിയൊഴിയാന്‍ നോക്കിയ നാരായണനെയും തോല്പിച്ചുകൊണ്ട് അവളുടെ ചിരിയുടെ വേഗം അയാളുടെ വീട്ടിലേക്കും ജീവിതത്തിലേക്കും കടന്നേറി. മീശ പിരിച്ചും കത്തി കാട്ടി പേടിപ്പിച്ചും കീഴ്പ്പെടുത്തുന്ന നാരായണന്‍റെ  ജീവിതത്തെ തന്‍റെ  സ്വത്വമെന്ന ചിരികൊണ്ട് കീഴ്പ്പെടുത്തിയാണ് അവള്‍ അയാളുടെ മനസ്സിലും ജീവിതത്തിലും, അവിടമാകെയും ആധിപത്യം സ്ഥാപിച്ചത്. ‘നിനക്കെന്നെ പിടിച്ചെങ്കി, കൂടെ വാ’  എന്ന നാരായണന്‍റെ  ക്ഷണവും അവളുടെ സ്വീകാരവും ഇന്ന് നടമാടുന്ന ഏത് വിവാഹഘോഷത്തെക്കാളും മാന്യവും സമത്വാധിഷ്ഠിതവുമായിരുന്നു എന്ന വസ്തുത, ഒരു പക്ഷേ, ഇനിയും സമൂഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല!
‘നാരായണന്‍ പറഞ്ഞു, “കിടക്കാം”. പൊട്ടി വന്ന ചിരിയെ അടക്കിപ്പിടിച്ചുകൊണ്ട് കല്യാണി കിടന്നു.  എരുമച്ചാണകവും ചിരട്ടക്കരിയും ചേര്‍ത്തു മെഴുകിയ ആ കൊച്ചുമുറി വലിയൊരുത്സവപ്പറമ്പായി’ എന്ന് അവരുടെ ആദ്യരാത്രിയുടെ വിവരണം കടന്നു പോകുമ്പോള്‍ അത് കഥാകാരി കൈയടക്കിക്കഴിഞ്ഞ അസാധാരണമായ ആഖ്യാനമികവിന്‍റെ  പ്രഖ്യാപനം കൂടിയാകുന്നുണ്ട്. അതിനുമപ്പുറമായികല്യാണി, നാരായണന്‍ എന്നീ സ്ത്രീപുരുഷന്മാരുടെ നിരുപാധികമായ സ്നേഹത്തിന്‍റെയും ഇടപെടലുകളുടെയും ജീവിതത്തിന്‍റെയും സ്വാഭാവികമായ ചിത്രണത്തിലൂടെ, സ്നേഹവും വിശ്വാസവും ലൈംഗികജീവിതവും സംബന്ധിച്ച് നിലവിലുളള സങ്കല്പങ്ങളിലെയും ധാരണകളിലെയും പൊയ്യെടുപ്പുകള്‍ നീക്കി,മാനവികമായകേവലബന്ധങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
            ഇതേ ആര്‍ജ്ജവം മറ്റൊരു സന്ദര്‍ഭത്തില്‍ പ്രകടമാകുന്നതു കൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഈ നിരക്ഷരുടെ സ്ഥാനത്ത് അവിടെ, ഗവേഷണവിദ്യാര്‍ഥികള്‍. അവരില്‍ രണ്ടുപേര്‍ പറയുന്നു, “ഞങ്ങള്‍ക്ക് കുറച്ചു റോസപ്പൂക്കള്‍ വേണം, മുളേളാടു കൂടി.” 
“ഹും, പ്രണയാഘോഷത്തിനായിരിക്കും?” 
അല്ല, നീതിപാലകര്‍ക്ക് സമര്‍പ്പിക്കാന്‍. മരിച്ചു കിടക്കുന്നവര്‍ക്ക് റീത്ത് വയ്ക്കാറില്ലേ, അതുപോലെ” (ഉത്തരം തേടുന്ന ചോദ്യങ്ങള്‍.) യാഥാസ്ഥിതിക അധികാരിഭാവങ്ങളെയെന്ന പോലെ ജീവിതത്തില്‍ കെട്ടിമറിയാന്‍ ശ്രമിക്കുന്ന കൃത്രിമത്വങ്ങളെയും ചെറുക്കാന്‍ മുന്നിട്ടു നില്‍ക്കുന്ന വ്യക്തിസത്തകളാണ് ഇവിടെ തെളിയുന്നത്; അഭ്യസ്ത-അനഭ്യസ്ത ഭേദങ്ങള്‍ക്ക് അവിടെയിടമില്ല.
            സ്വതന്ത്ര, ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് എന്നൊക്കെ ഭരണഘടന യില്‍ത്തന്നെ എഴുതിച്ചേര്‍ത്ത ഇന്ത്യയില്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തില്‍ അതിനൊക്കെയുളള സ്ഥനമെന്ത് എന്ന് ഒരു പാവപ്പെട്ട അമ്മയുടെ അനുഭവങ്ങളിലൂടെ വരച്ചു കാണിക്കുകയാണ് മുത്തോരന്‍ മകന്‍ മണിയന്‍ എന്ന കഥ. മുത്തോരന്‍ മരിച്ചതിനു ശേഷം ആരാന്‍റെ  വീട്ടിലെ ചട്ടിയും പാത്രവും മോറിയും വിഴുപ്പുതുണി വെളുപ്പിച്ചുമാണ് നാണി മക്കളെ വളര്‍ത്തിയത്. പട്ടിണി കിടന്നാലും പളളിക്കൂടം മുടക്കാത്ത മണിയന്‍ ഫസ്റ്റ് ക്ലാസ്സോടെ ഡിഗ്രി പാസ്സായത് വലിയ പ്രതീക്ഷയായി. “ചേരികളിലും പുറമ്പോക്കിലുമൊക്കെ പുഴുക്കളെപ്പോലെ കഴിയുന്ന നമ്മുടെ കൂട്ടര്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാനുളള അവകാശമുണ്ടമ്മാ”  എന്ന് മറ്റുളളവരെ ബോധവത്കരിക്കാനുളള കെല്പും അവന്‍ നേടി. അങ്ങനെ, പുതിയ ജീവിതവും ലോകവും തേടി, ഇന്റര്‍വ്യൂവിനെന്നു പറഞ്ഞ് രാവിലെ പോയ മണിയനെ പോലീസ് പിടിച്ച് അകത്തിടുകയാ യിരുന്നു. അതു കേട്ട് അവനെ അന്വേഷിക്കാനിറങ്ങിയ ജ്യേഷ്ഠന്‍ വേലായുധനും അമ്മയ്ക്കും അനുഭവിക്കേണ്ടിവന്ന യാതനകളാണ് കഥാസന്ദര്‍ഭം. ഇന്റര്‍വ്യൂവിന് സാമാന്യം നന്നായി ശോഭിച്ച മണിയന്‍ എണീറ്റു മടങ്ങുമ്പോള്‍ കാതില്‍ തുളച്ചു കയറിയത്, ‘ചെളിയും കുത്തി നടന്നവനൊക്കെ  ഇപ്പൊ വലിയ വലിയ കസേരകളിലാ നോട്ടം’ എന്ന പരിഹാസമായിരുന്നു. നുകം പേറിയ കാളയെപ്പോലെ അവന്‍ കിതയ്ക്കുകയും വായില്‍നിന്ന് നുര പൊഴിക്കുകയും ചെയ്തു. അങ്ങനെ, സര്‍ട്ടിഫിക്കറ്റുകളുടെ ഭാരമില്ലാതെ നഗരത്തിരക്കിലമര്‍ന്ന മണ്‍ഇയനാണ്, ‘നീ പോലീസുകാരോട് തര്‍ക്കുത്തരം പറയും അല്ലേടാ’ എന്ന അലര്‍ച്ചയോടെ ആക്രമിക്കപ്പെടുകയും പോലീസ് സ്റ്റേഷനിലും കോടതിയിലും ജയിലിലുമൊക്കെയാവുകയും ചെയ്തത്. മണിയനെ അന്വേഷിച്ചലയുന്ന നാണിയുടെയും വേലായുധന്‍റെയും അകംപൊളളുന്ന നിലവിളികളും, ‘കുറ്റക്കാരനല്ലാത്ത എന്നെ ഏത് നിയമത്തിന്‍റെ  തണലിലാണ് നിങ്ങള്‍ ജയിലിലടയ്ക്കുന്നത്’ എന്ന മണിയന്‍റെ  ചോദ്യവും എങ്ങുമെത്താതിരിക്കെ, രേഖകള്‍ക്കിടയുലൂടെ ചോര്‍ന്നുപോയ മനുഷ്യത്വത്തിന്റെ ദീനവിലാപമായി ഈ കഥ മനസ്സില്‍ തറച്ചിറങ്ങുന്നു.
            ഒരു കഥാകാരിക്ക് ഉള്‍ക്കൊളളുകയും ആവിഷ്കരിക്കുകയും ചെയ്യാനാവുന്ന പുതുലോകങ്ങളുടെ സാധ്യത വ്യക്തമാക്കുന്ന രചനയാണ് ‘മീന്‍ പിടിക്കുന്നതും ഒരു കലയാണ്’ എന്ന കഥ. ചൂണ്ടയിട്ട് മീന്‍ പിടിക്കുകയെന്ന നാടന്‍ ശൈലിയെ അവിടെനിന്നും പറത്തി, അതിനെത്താന്‍ കഴിയുന്ന വിവിധ മേഖലകളിലായി വിന്യസിച്ചൊരുക്കുകയാണിവിടെ. കായലില്‍ വഞ്ചിവീട്ടിലൂടെയുളള ഉല്ലാസയാത്രാനിമിഷങ്ങളില്‍ കാര്‍ത്തിക്കിലും മീനയിലുമായി ഒതുങ്ങുന്നതാണ് കഥ. കായലും ചൂണ്ടയും മീന്‍പിടുത്തവുമെല്ലാം അക്ഷരാര്‍ഥത്തില്‍ത്തന്നെയുണ്ട് ഇവിടെ. എന്നാല്‍, കായലും ചൂണ്ടയും മീനുമൊക്കെ അതതില്‍ മാത്രമായൊതുങ്ങുന്നില്ല. കാര്‍ത്തിക്ക് നല്ലൊരു ചൂണ്ടക്കാരനാകുമ്പോള്‍, അവന്‍റെ  ചൂണ്ടയില്‍ കുടുങ്ങിക്കിടക്കുന്ന നാലാമത്തെ ഇരയാകുന്നു മീന. കണ്മുന്നിലെ കായലിന് സൈബര്‍ക്കായലോ ജീവിതം തന്നെയോ ആയി ആദേശം ചെയ്യുന്നതിന് നിമിഷനേരം പോലും വേണ്ടി വരുന്നില്ല. കായല്‍യാത്രയിലായാലും സൈബര്‍സഞ്ചാരത്തിലായാലും ജീവിതത്തിലായാലും പുരുഷന്‍ ഉച്ഛൃംഖലനായി നടത്തുന്ന  രതിവേട്ടകളില്‍ ഇരയാക്കപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ ആരും തിരിച്ചറിയാതെ പോകുന്ന വേദനകളും തേങ്ങലുകളുമാണ് ഈ കഥയുടെ ഓളങ്ങള്‍ ചമയ്ക്കുന്നത്. മദിപ്പിക്കുന്ന രതിയും മദിരയുമെല്ലാം അവിടെ പുരുഷാഹന്തകളുടെ  വീര്യാപദാനങ്ങള്‍. എന്നാല്‍ ഈ ആഘോഷങ്ങളില്‍ ഒട്ടും പിന്നിലാവരുതെന്ന് സ്വയം ശഠിക്കുന്ന മീന, കാര്‍ത്തിക്കിന്‍റെ  ചൂണ്ടയില്‍ക്കുരുങ്ങിയ നാലാമത്തെ മീനാണ് താനെന്ന അവന്റെ വിജയപ്രഖ്യാപനം മനസ്സിലിരിക്കെത്തന്നെ, അവനോട് കളിക്കാനിറങ്ങുന്നിടത്താണ് കഥയിലെ ട്വിസ്റ്റ് വരുന്നത്.’ആഴക്കായലിലെ ബാലേ നര്‍ത്തകിയെപ്പോലെ തോന്നിച്ചൊരു ചുവന്ന ചിറകുളള ബെറ്റയിലേക്ക് മീന പരകായപ്രവേശം നടത്തി. .........അവളുടെ കുസൃതിക്കണ്ണില്‍ ആ കളിക്കാരനോട് സഹതാപം തോന്നി. അടുത്ത നിമിഷം അവള്‍ ആ ചൂണ്ടയെ കൊത്തിയെടുത്ത് ആഴത്തിലേക്ക് വലിച്ചെറിഞ്ഞു.’ എന്ന് കഥയവസാനിക്കുമ്പോള്‍, രചനയിലെ നൂലിഴകളായി നില്‍ക്കുന്ന ഭ്രമാത്മകതയ്ക്കും തെളിഞ്ഞ യാഥാര്‍ഥ്യത്തിനുമിടയിലൂടെ , സമകാല ജീവിതത്തില്‍ ശക്തമായി വരുന്ന സ്ത്രീജാഗരണത്തിന്‍റെ  തീക്ഷ്ണസ്ഫുരണങ്ങള്‍ തെളിഞ്ഞെത്തുന്നത് നാം കാണുന്നു.    
സ്ത്രീജാഗരണം ശക്തമായി വരുന്നതിനോടൊപ്പം തന്നെസ്ത്രീജീവിതത്തില്‍ തിടം വച്ചു വരുന്ന മറ്റു ചില പ്രവണതകള്‍ക്കു നേരെയും സരോജത്തിന്റെ കഥകള്‍ വിരല്‍ ചൂണ്ടുന്നുണ്ട്. നിഗൂഢമായൊരു ആക്ഷേപഹാസ്യം നിറഞ്ഞു വഴിയുന്ന അങ്ങനെയൊരു കഥയുടെ പേര് തന്നെ ‘സ്ത്രീകളുടെ ശ്രദ്ധയ്ക്ക്’ എന്നാണ്. മോഹങ്ങളൊക്കെയും കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി  മണല്‍ക്കാറ്റ് വീശുന്ന എണ്ണക്കമ്പനിയില്‍ ജോലി തേടി ഭര്‍ത്താവ് പോയതിനെത്തുടര്‍ന്ന് സുഷമാദേവിയെന്ന കോളെജ് ബ്യൂട്ടിക്ക് ദാമ്പത്യകാലം പന്ത്രണ്ടിലൊന്നായി ചുരുങ്ങിയേടത്താണ് കഥയുടെ സാധ്യത വികസിക്കുന്നത്. സുഷമയ്ക്ക് നഷ്ടപ്പെട്ട പന്ത്രണ്ടില്‍ പതിനൊന്നു ഭാഗവും പൂരിപ്പിക്കാന്‍ സുനില്‍ ശങ്കറെന്ന വിശ്വസ്തനായ സുഹൃത്തുണ്ട്; വിശ്വപ്രസിദ്ധനായ കലാകാരന്‍. കൌമാരക്കാരികള്‍ മുതല്‍ കിഴവികള്‍ വരെ ആരാധകവൃന്ദത്തില്‍ തിക്കിത്തിരക്കിയെത്തുന്നയാള്‍. അയാളുടെ നടനചാതുരിയാസ്വദിക്കാന്‍ ഓസ്ട്രേലിയയില്‍നിന്നും ഫ്രാന്‍സില്‍നിന്നും റഷ്യയില്‍നിന്നുമൊക്കെ ആരാധികമാര്‍ നേരിട്ടെത്തുന്നു. എങ്കിലും  സ്വന്തം ദിവസങ്ങളും നിമിഷങ്ങളുമൊക്കെ തന്‍റെ  ‘സുഷു’വിനായി നീക്കിവയ്ക്കാന്‍ എപ്പോഴും ഉത്സുകനാണയാള്‍.അവരുടെ കൂടിച്ചേരലും കിന്നാരങ്ങളും മാറോടണയ്ക്കലും അവളുടെ ചുരന്ന മാറില്‍ ചുണ്ടണയ്ക്കലും പിന്നീടുളള ‘പതിവ് വിനോദ’വുമെല്ലാം കഴിഞ്ഞ് , അവന്‍ കൊടുത്ത വൈരക്കമ്മലും കുണുക്കുമൊക്കെ അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചു വച്ച് അവള്‍ പത്രത്തിന്റെ താളുകള്‍ മറിച്ചപ്പോള്‍ കണ്ടത് ഒരു പേജ് നിറയെ പുരുഷന്മാരുടെ അര്‍ധനഗ്നചിത്രങ്ങള്‍. അവയ്ക്ക് നടുവിലായി അവന്റെ മുഴുവര്‍ണചിത്രവുമുണ്ട്. അടിക്കുറിപ്പായി പരസ്യവാചകങ്ങള്‍ :      
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്                                                                                      നിങ്ങള്‍ വെറൈറ്റി ഇഷ്ടപ്പെടുന്നുവോ?എങ്കില്‍ വരൂ ഞങ്ങളുടെ ഷോറൂമിലേക്ക്...                       നിങ്ങള്‍ക്കിഷ്ടമുളളത് തെരഞ്ഞെടുക്കാം...                                       ഡിസ്കൌണ്ട് ഏതാനും ദിവസത്തേക്ക് മാത്രം...
ഉപഭോഗപരതയ്ക്ക് പിന്നാലെ പരക്കംപാഞ്ഞ് സ്വയം ഉപഭോഗവസ്തുവായി മാറ്റപ്പെടുന്നവിധത്തില്‍ വന്നുചേരുന്ന ജീവിതപതനത്തെ ചെറിയൊരു ഹാസ്യത്തില്‍ പൊതിഞ്ഞ്ഈ കഥ മുന്നില്‍ വയ്ക്കുമ്പോള്‍ അത് നമ്മെത്തന്നെ നിശിതമായ വിചാരണയ്ക്ക് വിധേയരാക്കാന്‍ പ്രേരിപ്പിക്കുന്നു. 
          രചനാമുഗ്ധതയുടെ ആവേശത്തിമിര്‍പ്പ് അനുവാചകരിലേക്ക് സാന്ദ്രമായി പകരുന്ന നിര്‍മ്മിതികള്‍ എന്ന് സരോജത്തിന്‍റെ  കഥകളെക്കുറിച്ച് പൊതുവെ പറയാം. കഥയും കഥാകാരിയും ചേര്‍ന്ന് കഥയുടെ സവിശേഷലോകത്തേക്ക് വായനക്കാരെ ഉടലോടെ കടത്തിക്കൊണ്ടു പോകുന്നു.രചനാമാധ്യമമായി പലപ്പോഴുമെത്തുന്ന ഫാന്റസിയും അതില്‍നിന്ന് വിരിഞ്ഞു വരുന്ന സവിശേഷഭാഷയുമെല്ലാം ചേര്‍ന്നൊരുക്കുന്ന കഥാലോകത്തേക്ക് എത്തിപ്പെട്ട വായനക്കാര്‍ പിന്നീട് ആ ലോകത്തെ പ്രത്യേകജീവികളായി മാറുകയാണ്. അവിടെ എപ്പോഴുംതന്നെ ‘കഥാകാരി’ കൂട്ടിനുണ്ട്. ‘കായലോളങ്ങള്‍ കഥാകാരിയോട് പറഞ്ഞതെന്ത്?’ എന്ന കഥയില്‍, പൂര്‍ണചന്ദ്രന്‍ നോക്കിനില്‍ക്കെ കായലോളങ്ങളിലേക്ക് നടന്നിറങ്ങിയ കഥാകാരിയോടൊപ്പമാണ് നാം. ആരാത്രിയില്‍ അവള്‍ ഏറ്റവും പ്രണയവതിയായിരുന്നു എന്ന് എടുത്തു പറയുന്നുണ്ട്. (ഒരു നിതാന്തപ്രണയവതിയുടെ നിത്യസാന്നിധ്യം അനുഭവപ്പെടുത്തുന്നവയാണ് സരോജത്തിന്റെ കഥകളെല്ലാം തന്നെ!) “ജലപുരുഷന്‍റെ  ഹരിതനീലങ്ങളില്‍ വിരല്‍ത്തുമ്പുകളാഴ്ത്തി രതിരേഖകള്‍ വരയ്ക്കുകയും പാതിയടഞ്ഞ കണ്ണുകളോടെ ജലപുരുഷനില്‍ അലിഞ്ഞമരാന്‍ വെമ്പുകയും കദളിവാഴപ്പൂക്കളുടെ മണം നുകര്‍ന്നുകൊണ്ട് മെത്തപ്പുല്ലിന്മേല്‍ നിവര്‍ന്നു കിടക്കുകയും ചെയ്യുമ്പോള്‍, ‘നീലനിലാവിനെ സാക്ഷി നിര്‍ത്തി നമുക്കീ പുല്ലിന്മേല്‍ കിടന്നു പിണഞ്ഞു പുനയാം’ എന്ന് പറയുകയും ചെയ്യുന്ന നായിക ഒരേസമയം കഥയും കഥാകാരിയും കഥാസഞ്ചാരവുമാണ്. “ജലത്തിന്റെ ഭാഷ എത്ര സന്ദ്രമാണ്! മീന്‍കൂട്ടങ്ങളും കുളവാഴകളും രതിമന്ത്രമുതിര്‍ക്കുന്ന ആഭാഷയില്‍ എനിക്കൊരു കഥയെഴുതണം” എന്ന നായികയുടെ മോഹത്തിന്റെ ആവിഷ്കാരരൂപങ്ങളെന്ന് ഈ കഥകളെ വിശേഷിപ്പിക്കാം.
അത്യന്തവിഭിന്നങ്ങളായ ജീവിതമുഖങ്ങളും സാമൂഹികപ്രതിനിധാനങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സമാഹാരത്തിലെ കഥകള്‍. വീടുകളുടെ വിലാപം, കന്യാനിര്‍മ്മിതി, മുഖങ്ങളുടെ വര്‍ത്തമാനം, മുത്തോരന്‍ മകന്‍ മണിയന്‍, തീവ്രപരിചരണവിശേഷങ്ങള്‍, ക്ലൈമാക്സ് സൂപ്പര്‍, കണ്ട്രോള്‍ ചിപ്പ്, തോപ്പുമുക്കിലെ ഭ്രാന്തി, രതിനിദ്ര, ജല്പായ് ഗുരിയിലെ അര്‍ദ്ധയാമം എന്നിങ്ങനെ വിഷയവും ഭാവവും ഭാഷയും സര്‍ഗാത്മകമായി മേളിക്കുന്നതിന്‍റെ  പ്രഫുല്ലത വിളിച്ചോതുന്നവയാണ് ഇതിലെ മറ്റ് കഥകളും. ഓരോന്നിനെയും സവിശേഷമായിത്തന്നെ കാണേണ്ടതുണ്ടെന്നും ആ കാഴ്ചയില്‍ തനിക്ക് തന്റേതായ ഒരു വഴിയും ആവിഷ്കാരമാതൃകയുമുണ്ടെന്നും ഇവയില്‍ ഓരോ കഥയും പറയുന്നു.


ജല്‍പായ് ഗുരിയിലെ അര്‍ദ്ധയാമം                                                                                           (കഥകള്‍) എസ്.സരോജം   വില : 90 രൂപചിന്ത പബ്ലിഷേഴ്സ്,  തിരുവനന്തപുരം.