Saturday 20 August 2016

മൂത്തോരന്‍ മകന്‍ മണിയന്‍ (കഥ)


ഓട്ടോക്കാരന്‍ മതിലോരംചേര്‍ത്തു വണ്ടിനിറുത്തിയപ്പോള്‍ അവര്‍ക്കു മനസ്സിലായി തങ്ങള്‍ക്കിറങ്ങേണ്ടത്‌ ഇവിടെത്തന്നെ. എങ്കിലും ഇറങ്ങുന്നതിനുമുമ്പ്‌ വേലായുധന്‍ തല വെളിയിലേക്കുനീട്ടി ഒന്നുകൂടി തിട്ടംവരുത്തി. എന്നിട്ട്‌ അമ്മയെ കൈപിടിച്ച്‌ പതുക്കെ വണ്ടിയില്‍നിന്നിറക്കി. 
കൂലി കണക്കുപറഞ്ഞുവാങ്ങിയിട്ട്‌ ആട്ടോക്കാരന്‍ മുന്നിലേക്കു കൈചൂണ്ടിപ്പറഞ്ഞു: `ദാ ആ കാണുന്ന ഗേറ്റിലൂടെ പോയാമതി, പാറാവുകാരനോടു ചോദിച്ചാ എല്ലാം പറഞ്ഞുതരും.'
രാത്രിമുഴുവന്‍ ബസ്സ്‌സ്റ്റാന്റിലെ സിമന്റുബഞ്ചിലിരുന്നു നേരംവെളുപ്പിച്ചതിന്‍റെ വലച്ചിലും നിനച്ചിരിക്കാതെ കേറിവന്ന അത്യാപത്തിന്റെ ഭയപ്പാടുംകൊണ്ട്‌ ഇരുവരുടെയും മുഖം കരുവാളിച്ചിരുന്നു. തളര്‍ച്ച താങ്ങാനാവാതെ താഴ്‌ന്നുപോകുന്ന തലയെ ആയാസപ്പെട്ടുയര്‍ത്തിപ്പിടിച്ച്‌ അവര്‍ ആ പടുകൂറ്റന്‍ മതിലിനെ നോക്കി.
`മാനംമുട്ടെ ഒയന്നു പടന്നു നിക്കണ മതിലിന്റകത്ത്‌ വലിയൊരു ലോകമൊണ്ട്‌; കള്ളമ്മാരും കൊലപ്പുള്ളികളും പിടിച്ചുപറിക്കാരും കൂലിത്തല്ലുകാരുമൊക്കെ ഒന്നിച്ചുകെടക്കണ ലോകം. അതിന്‍റെടക്ക്‌ മ്മളെ കുഞ്ഞോരനെപ്പോലെ ഒരു കുറ്റോം ചെയ്യാത്ത പാവത്താമ്മാരും ഒണ്ടെന്നാ പറയണത്‌. എല്ലാത്തിനേം മേയ്‌ക്കാന്‍ കുറേ വാര്‍ഡമ്മാരും പോലീസുകാരും. ഹോ! അതൊരു നരകം തന്നേയെന്‍റെ നാണിയേ..' ആണ്ടുകള്‍ക്കുമുമ്പ്‌ അനിയന്‍ കുഞ്ഞോരനെ മോഷണക്കുറ്റം ചുമത്തി ജയിലിലിട്ടിരുന്നപ്പഴ്‌ ചെന്നു കണ്ടിട്ടുവന്ന്‌ മൂത്തോരന്‍ പറഞ്ഞത്‌ നാണിക്കോര്‍മ്മവന്നു. ഓട്ടോറിക്ഷയുടെ ശബ്‌ദം അകന്നുപോയിട്ടും ആ മതിലിനെ തുറിച്ചുനോക്കിക്കൊണ്ട്‌ അവര്‍ അവിടെത്തന്നെ നിശ്ചലയായിനിന്നു. അറുപതു കഴിഞ്ഞ അമ്മയുടെ കൈപിടിച്ചുകൊണ്ട്‌ വേലായുധന്‍ പറഞ്ഞു: `വാ അമ്മാ.. പോയിനോക്കാം.' 
നിറംമങ്ങിയ മേല്‍മുണ്ട്‌ നേരേയാക്കി, വായിലൂറിയ പുളിച്ചനീര്‌ പുറത്തേക്കു തുപ്പിക്കളഞ്ഞ്‌, നാണി മകന്‍റെയൊപ്പം നടന്നു. ഗേറ്റിനടുത്തെത്തിയപ്പോഴേക്കും അവരെ ഭയപ്പെടുത്തിക്കൊണ്ട്‌ തൊട്ടരികിലൂടെ ഒരു ജയില്‍വണ്ടി ചീറിക്കടന്നുപോയി. വണ്ടിക്കുള്ളില്‍നിന്ന്‌ `അമ്മാ...' എന്നൊരു വിളി തന്‍റെ  കാതില്‍ വന്നുപതിച്ചതായി നാണിക്കു തോന്നി. പകപ്പോടെ അകത്തേക്കു നോക്കവെ, വണ്ടി കണ്ണില്‍നിന്നു മറഞ്ഞുവെങ്കിലും ആ വിളിയൊച്ച നാണിയുടെ കാതില്‍ വീണ്ടും വീണ്ടും മുഴങ്ങി. മണിയന്‍ വീട്ടിലില്ലാത്ത ചില പാതിരാകളില്‍ ഇതുപോലെ `അമ്മാ...' വിളികേട്ട്‌ നാണിയുടെ നെഞ്ചുപിടയ്‌ക്കാറുണ്ട്‌. നാടകം, കലാസമിതി എന്നൊക്കെപ്പറഞ്ഞ്‌ രായെന്നോ പകലെന്നോയില്ലാതെ അലച്ചിലാണവന്‍. 
`ചേരികളിലും പുറമ്പോക്കിലുമൊക്കെ പുഴുക്കളെപ്പോലെ കഴിയുന്ന നമ്മുടെ കൂട്ടര്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ടമ്മാ.' മണിയന്‍ ഇങ്ങനെ വലിയവലിയ കാര്യങ്ങള്‍ അച്ചടിഭാഷയില്‍ പറയുമ്പം നാണിക്ക്‌ തന്‍റെ മകനെപ്പറ്റി വലിയ അഭിമാനം തോന്നുമെങ്കിലും നാടകം കളിക്കുമ്പോഴുള്ള അവന്റെ ആവേശവും പിശറുമൊക്കെ കാണുമ്പം പേടിയും തോന്നും. 
`ഒരുദിവസം ഞാനും വരുമമ്മാ... കോട്ടൊക്കെയിട്ടു, വില്ലുവണ്ടിയിലുവന്ന രാജാവില്ലേ, അതുപോലെ.' ഡിഗ്രിപരീക്ഷ ഒന്നാംക്ലാസ്സീ പാസ്സായെന്നറിഞ്ഞപ്പം ചങ്കിലൊതുങ്ങാത്ത സന്തോഷത്തോടെ തന്നെ കെട്ടിപ്പിടിച്ച്‌ മണിയന്‍ പറഞ്ഞതൊക്കെ വിചാരിച്ചുവിചാരിച്ച്‌ നാണി വിതുമ്പി. മൂത്തോരന്‍ മരിച്ചശേഷം ആരാന്‍റെ വീട്ടിലെ ചട്ടിയും പാത്രവും മഴക്കിയും    തുണി തിരുമ്മിയുമാണ്‌ നാണി മക്കളെ വളര്‍ത്തിയത്‌. പട്ടിണികിടന്നാലും പള്ളിക്കൂടം മുടക്കാത്ത മണിയനെക്കുറിച്ച്‌ നാണിക്ക്‌ വലിയ പ്രതീക്ഷയായിരുന്നു. വേലായുധന്‍ കണ്ടം കൊത്താനും മരം മുറിക്കാനുമൊക്കെ പോവാന്‍തുടങ്ങിയതോടെ അവര്‍ അന്യവീടുകളില്‍ പണിക്കുപോക്കു നിറുത്തി. വേലായുധന്‍റെ  തണലില്‍ മണിയന്‍ വലിയ പഠിത്തക്കാരനായി. ജോലിക്കുള്ള എഴുത്തുപരീക്ഷയും പാസ്സായി നല്ലൊരുദ്യോഗവും കാത്തിരിപ്പാണ്‌. ഇന്റര്‍വ്യൂനെന്നും പറഞ്ഞ്‌ രാവിലേ പട്ടണത്തിലേക്കുപോയ മണിയനെ പോലീസു പിടിച്ചൂന്ന്‌ വേലായുധന്‍ വന്നു പറഞ്ഞപ്പം നാണി വലിയവായിലേ നിലവിളിച്ചുപോയി. 
`നാടകം കളിക്കണനേരത്തല്ലാണ്ട്‌ അവന്‍റെ  മുഖത്തു കോപംവന്നു കണ്ടിട്ടേയില്ല. വേലായുധന്‍ ചണ്ടപിടിച്ചാലും ചിരിച്ചുംകൊണ്ടു മാറിപ്പോണ ന്‍റെ  കുട്ടി പോലീസുകാരടുത്ത്‌ വഴക്കുണ്ടാക്കീന്നു പറഞ്ഞാ...' ചവച്ചുകൊണ്ടിരുന്ന മുറുക്കാന്‍ചണ്ടി ചാമ്പക്കൂനയിലേക്കു തുപ്പിക്കൊണ്ട്‌ അവര്‍ പിറുപിറുത്തു. 
`ന്റെ മോന്‍ ആരുക്കും ഒരു തെറ്റും കുറ്റോം ചെയ്യൂലല്ലോന്‍റെ  ഭഗോതീ...' എന്നു ഭഗവതിയോടു പരിഭവിച്ചും ആര്‍ത്തലച്ചുവന്ന സങ്കടക്കടലിനെ ഒരുവിധം ഉള്ളില്‍ അടക്കിപ്പിടിച്ചുമാണ്‌ വേലായുധനോടൊപ്പം അവര്‍ പൊലീസ്‌സ്റ്റേഷനിലേക്കു പുറപ്പെട്ടത്‌. അന്നേരം പുള്ളിക്കോഴിയേം മക്കളേം കൂട്ടിലാക്കണമെന്നോ ഉണക്കാനിട്ട തുണികള്‍ മഴപെയ്‌തു നനയുമെന്നോ ഒന്നും നാണി ഓര്‍ത്തില്ല. നിനച്ചിരിക്കാതെ കേറിവന്ന ആപത്തിനെ പടികടത്താനുള്ള നിലവിളിയായി അവര്‍ ഇറങ്ങിയോടുകയായിരുന്നു. ചെളിപയഞ്ഞ വഴിയിലൂടെ കിലോമീറ്ററുകളോളം നടന്ന്‌ റോഡിലെത്തി, ബസ്സുപിടിച്ച്‌ സ്റ്റേഷനിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.
പാറാവുകാരന്‍റ തുറിച്ചനോട്ടത്തിനുമുന്നില്‍ അവരുടെ ശേഷിച്ച ധൈര്യവും ചോര്‍ന്നുപോയി. അവജ്ഞയോടെ അയാള്‍ മുന്നിലെ മുറിയിലേക്കു വിരല്‍ചൂണ്ടി. 
അവര്‍ അറച്ചറച്ച്‌ അങ്ങോട്ടു കയറിച്ചെന്നു. 
`എന്താ?' ചുവന്നുതുറിച്ച കണ്ണുകളുള്ള ഒരു പൊലീസുകാരന്‍ പുച്ഛ രസത്തില്‍ ചോദിച്ചു. 
`മണിയനെ പോലീസു പിടിച്ചൂന്നു കേട്ടുവന്നതാണ്‌.' വേലായുധന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. 
`ചെക്കന്‍ നല്ല കഞ്ചാവാണല്ലേടാ?' പൊലീസുകാരന്‍ ഗര്‍ജ്ജിച്ചു. 
`മെനക്കെടുത്താനായിട്ടു കേറിവരും ഓരോ .......മോമ്മാര്‌.'
കഞ്ചാവ്‌ എന്നു കേട്ടതും നാണിയും വേലായുധനും ഞെട്ടിപ്പിടഞ്ഞ്‌ അന്യോന്യം നോക്കി. നാണി വിക്കിവിക്കിപ്പറഞ്ഞു: 
`ന്‍റെ മോന്‍ ഒരു മുറിബീഡി വലിക്കണതു കൂടി ഞാങ്കണ്ടിട്ടില്ലേ സാറേ.'
`നാക്കടക്കു തള്ളേ. ഇല്ലേല്‍ ചവിട്ടിപ്പുറത്താക്കും.' പൊലീസുകാരന്‍ കോപിച്ചലറി. നാണിയും മകനും പേടിച്ചൊതുങ്ങിനിന്നു. അധികാരത്തിന്‍റെ  കാരുണ്യത്തിനായി കേഴുന്ന അഭയാര്‍ത്ഥികളെപ്പോലെ അവര്‍ പൊലീസുകാരെ ദയനീയമായി നോക്കി.
`പൊയ്‌ക്കോ ഇവിടന്ന്‌. ഇനിയെല്ലാം അങ്ങു കോടതിയില്‍ പറഞ്ഞാല്‍ മതി.' അതൊരു കല്‍പ്പനയായിരുന്നു.
മണിയനെക്കാണാന്‍ എങ്ങോട്ടു പോകണമെന്നറിയാതെ നാണിയും വേലായുധനും കുഴങ്ങി. ജാതിപ്പേരുപറഞ്ഞുള്ള ആക്ഷേപങ്ങളും തെറിവാക്കുകളും കേട്ട്‌ ചെവിക്കല്ലു പൊട്ടുമെന്നായപ്പോള്‍ അവര്‍ ആന്തിയാന്തി പുറത്തേക്കിറങ്ങി. ഒരു തടിച്ച പുസ്‌തകത്തില്‍ എന്തോ എഴുതിക്കൊണ്ട്‌ വരാന്തയിലെ ബഞ്ചിലിരുന്ന കറുത്തുമെലിഞ്ഞ പൊലീസുകാരന്‍റെ  മുമ്പില്‍ അവര്‍ നിസ്സഹായരായി നിന്നു. അയാള്‍ക്ക്‌ അവരോട്‌ അല്‍പം അലിവുതോന്നി, മനസ്സിലാവുന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. കഞ്ചാവടിച്ചു പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും തടയാന്‍ ചെന്ന പൊലീസുകാരെ ആക്രമിക്കാന്‍ മുതിര്‍ന്നതിനുമാണത്രെ മണിയനെ പിടിച്ചുകൊണ്ടുവന്നത്‌. അവനെയിപ്പോള്‍ സബ്‌ജയിലിലേക്കു കൊണ്ടുപോയിരിക്കയാണെന്നും ഇന്നിനി കാണാന്‍ പറ്റില്ലെന്നുമാണ്‌ അയാള്‍ നല്‍കിയ വിവരം. അങ്ങനെയാണ്‌ അമ്മയും മകനും വെളുക്കുംവരെ ബസ്സ്‌സ്റ്റാന്റില്‍ കഴിച്ചുകൂട്ടിയതും അതിരാവിലെ ജയിലിലെത്തിയതും.
`ആലുവ സബ്‌ജയില്‍' എന്നെഴുതിയ ബോര്‍ഡും കുത്തനെയുള്ള വഴിയും കണ്ട്‌ നാണി ഭീതിയോടെ വേലായുധനെ നോക്കി. വേലായുധന്‍ അമ്മയുടെ കൈയിലെ പിടി മുറുക്കി.
`ഈ മതിലിന്‌ ഇത്രേം പൊക്കമെന്തിനാണെന്റെ ഭഗോതീ...? കുറ്റംചെയ്‌തോരാണെങ്കിലും മനുഷമ്മാരെയല്യോ ഇതിന്റകത്തിട്ടേക്കണത്‌! പൊറത്തൂന്നൊരു കാറ്റുപോലും അകത്തോട്ടെത്തിനോക്കൂലല്ലൊ...' നാണി മതിലിനെ നോക്കി വേവലാതിപ്പെട്ടു.
`കുറ്റവാളികള്‌ ചാടിപ്പോവാണ്ടിരിക്കാനായിരിക്കുമമ്മാ. വലിയ കുറ്റംചെയ്യണ പുള്ളികളില്ലേ, എന്തുംചെയ്യാന്‍ മടിക്കാത്തോര്‌. അവരെയൊക്കെ പോലീസിനും പേടിയാരിക്കും.'
നാണിയും വേലായുധനും പതുക്കെ മുന്നോട്ടുനീങ്ങി. തോക്കേന്തിനില്‍ക്കുന്ന പാറാവുകാരനെ കണ്ടപ്പോള്‍ അവര്‍ക്ക്‌ മുട്ടുവിറയ്‌ക്കാന്‍ തുടങ്ങി. സ്വന്തം നാട്ടില്‍ അന്യരാക്കപ്പെട്ടവരെപ്പോലെ അവര്‍ അകത്തേക്കുള്ള അനുവാദം കാത്തുനിന്നു. പേരും കാര്യവും കേട്ടപ്പോള്‍ പാറാവുകാരന്‍റെ  മുഖത്തും കോപം ഇരച്ചുകയറി. നാണി കണ്ണീരോടെ കൈകൂപ്പി യാചിച്ചു: `സാറേ നിക്കെന്‍റെ  മോനെക്കാണണം.' 
പാറാവുകാരന്‍ ശാന്തനായി, നാണിയെ നോക്കിപ്പറഞ്ഞു: `ഇപ്പോ ഇവിടുന്നൊരു വണ്ടി പോയതു കണ്ടില്ലേ, അവനെ ആശുപത്രിയിലേക്കു കൊണ്ടുപോയതാ. തടവുപുള്ളികള്‍ ശരിക്കു കൈകാര്യംചെയ്‌ത ലക്ഷണമുണ്ട്‌.' 
നെഞ്ചിനകത്തൊരു തീക്കാറ്റൂതണപോലെ നാണിക്കു തോന്നി. അവര്‍ ദേഹംതളര്‍ന്ന്‌ നിലത്തിരുന്നു. `ന്‍റെ  ഭഗോതീ..... ന്‍റെ  മോന്‍....' എന്നൊരു നിലവിളി അവരുടെ തൊണ്ടയില്‍ കുടുങ്ങിക്കിടന്നു.
`പോയി ഒരു വക്കീലിനെക്കണ്ട്‌ എത്രയുംവേഗം അനിയനെ ജാമ്യത്തിലിറക്കാന്‍ നോക്ക്‌.' പാറാവുകാരന്‍ വേലായുധനോടായി പറഞ്ഞു. അമ്മയേംകൂട്ടി വേലായുധന്‍ തിരിച്ചുനടന്നു. 
രാത്രിമുഴുവന്‍ പെയ്‌തിട്ടും തീരാത്ത മേഘങ്ങള്‍ വീണ്ടും പെയ്‌തുതുടങ്ങി. മേല്‍മുണ്ട്‌ മടക്കി തലയിലിട്ടുകൊണ്ട്‌ നാണി വേച്ചുവേച്ചു നടന്നു. ചാറിച്ചാറി വലുതായ മഴയാരവത്തില്‍ അവരുടെ നിശ്ശബ്‌ദമായ നിലവിളിയും കണ്ണീരും ഒഴുകിയൊലിച്ചു. നനഞ്ഞൊലിക്കുന്ന വസ്‌ത്രങ്ങളുമായി ബസ്സില്‍ കയറിയ നാണിയെയും വേലായുധനെയും ഇസ്‌തിരിയിട്ട വസ്‌ത്രധാരികള്‍ അറപ്പോടെ നോക്കി ഒഴിഞ്ഞുമാറിനിന്നു. വാതിലിനു പിന്നിലെ മൂലയ്‌ക്കൊതുങ്ങിനിന്ന്‌ അവര്‍ വല്ലവിധേനയും ആശുപത്രിക്കവലവരെയെത്തി. കാലുകോച്ചിപ്പിടിച്ച്‌ ഇറങ്ങാനാവാതെ നിന്ന നാണിയെ വേലായുധന്‍ താങ്ങിയെടുത്തു താഴെയിറക്കി. അടുത്തുകണ്ട ചായപ്പീടികയില്‍നിന്ന്‌ ഓരോ കട്ടന്‍ചായ കുടിച്ചശേഷം അവര്‍ ആശുപത്രിയിലേക്കു നടന്നു.
ജില്ലാ ആശുപത്രിയിലെ സെല്ലില്‍ക്കിടന്ന്‌ ബോധത്തിനും അബോധത്തിനുമിടയില്‍ പുതിയൊരു നാടകം കളിക്കുകയായിരുന്നു മണിയന്‍. അവന്‍റെ  കറുത്തുമെലിഞ്ഞ രൂപവും ശരീരത്തിലെ ചതവുകളും പല്ലുകളടര്‍ന്നുപോയ മേല്‍മോണയും അവന്‌ മേക്കപ്പിന്റെ ആവശ്യം ഇല്ലാതാക്കിയിരിക്കുന്നു. വേദനയുടെ മൂര്‍ച്ചയില്‍ `അമ്മാ... അമ്മാ...' എന്ന വിളി സെല്ലില്‍ മുഴങ്ങിക്കേള്‍ക്കാം. ബോധമുണരുന്ന ഇടവേളകളില്‍ അവന്‍ നാടകത്തിന്‍റെ  രംഗങ്ങള്‍ ഓരോന്നായി അവതരിപ്പിച്ചുകൊണ്ടിരുന്നു. ലംബത്തിരശ്ശീലയും ശീതീകരിണിയുമൊക്കെയുള്ള വിശാലമായൊരു കണ്ണാടിമുറിക്കുള്ളിലായിരുന്നു നാടകത്തിന്‍റെ  തുടക്കം. മുറിക്കുപുറത്ത്‌ അഭ്യസ്‌തവിദ്യരായ കുറേ ചെറുപ്പക്കാര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന്‌ തയാറായിരിപ്പാണ്‌. പേരുവിളിക്കുന്ന മുറയ്‌ക്ക്‌ അകത്തേക്കു പോകുന്നവരുടെ ഉത്‌കണ്‌ഠകളും തിരിച്ചിറങ്ങുമ്പോഴുള്ള ആശങ്കയും ശ്രദ്ധിച്ചുകൊണ്ട്‌ മണിയന്‍ തന്‍റെ  ഊഴം കാത്തിരുന്നു. ഏറ്റവുമൊടുവിലായി, മൂത്തോരന്‍ മകന്‍ മണിയന്‍ എന്ന വിളി കേട്ടതും അവന്‍ എണീറ്റ്‌ ഭവ്യതയോടെ അകത്തേക്കുചെന്നു. വലിയൊരു മേശയ്‌ക്കപ്പുറം സുമുഖരും ശുഭ്രവസ്‌ത്രധാരികളുമായ മൂന്നുപേര്‍ കുഷനിട്ട കസേരകളില്‍ നിവര്‍ന്നിരിപ്പുണ്ട്‌. അവരെ അഭിവാദ്യം ചെയ്‌തുകൊണ്ട്‌ ഇപ്പുറത്തുള്ള കസേരയില്‍ മണിയന്‍ ഇരുന്നു. 
മൂത്തോറന്‍ മകന്‍ മണിയന്‍.... അല്ലേ? ഒന്നാമത്തെയാള്‍ കൈയിലിരുന്ന ലിസ്റ്റില്‍ നോക്കിക്കൊണ്ടു ഗൗരവത്തോടെ ചോദിച്ചു. 
അതെ. മണിയന്‍ ആദരവോടെ പറഞ്ഞു.
സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ടോ?രണ്ടാമന്‍ ചോദിച്ചു.
ഉണ്ട്‌. മണിയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയാളുടെ നേര്‍ക്കുനീട്ടി. 
എല്ലാറ്റിനും നല്ല മാര്‍ക്കുണ്ടല്ലോടാ.... മിടുക്കന്‍! സര്‍ട്ടിഫിക്കറ്റുകള്‍ മറിച്ചുനോക്കിക്കൊണ്ട്‌ മൂന്നാമത്തെയാള്‍ ആശ്ചര്യംകൂറി.
മൂന്നുപേരും അവനോട്‌ മാറിമാറി ചോദ്യങ്ങള്‍ ചോദിച്ചു. അവന്‍ എല്ലാത്തിനും കൃത്യമായി ഉത്തരംനല്‍കി. ഒടുവില്‍, വഴിവിട്ട ചില ചോദ്യങ്ങള്‍ക്കുമുന്നില്‍ പകച്ചിരുന്ന മണിയനോട്‌ ഒന്നാമന്‍ പറഞ്ഞു: 
ശരി പൊയ്‌ക്കോ.
സര്‍ട്ടിഫിക്കറ്റുകളുമെടുത്ത്‌ മണിയന്‍ പുറത്തേക്കു നടന്നു. പിന്നില്‍ മുഴങ്ങിയ ചിരിക്കൊപ്പം `ചെളിയുംകുത്തി നടന്നവനൊക്കെ ഇപ്പൊ വലിയവലിയ കസേരകളിലാ നോട്ടം!' എന്നൊരു പരിഹാസവാചകവും അവന്‍റെ  കാതുകളില്‍ തുളഞ്ഞുകയറി. എത്രയും വേഗം അവിടുന്നു ഓടിരക്ഷപ്പെടണമെന്നു അവനു തോന്നിയെങ്കിലും നുകം പേറിയ കാളയെപ്പോലെ അവന്‍ കിതയ്‌ക്കുകയും വായില്‍ നിന്ന്‌ നുരപൊഴിക്കുകയും ചെയ്‌തു. വേച്ചു വേച്ചു പടികളിറങ്ങിയ മണിയന്‍ അലക്ഷ്യമായി നഗരത്തിരക്കിലമര്‍ന്നു; സര്‍ട്ടിഫിക്കറ്റുകളുടെ ഭാരമില്ലാതെ. നഗരത്തിലെ ബസ്സ്‌സ്റ്റാന്റിലായിരുന്നു രണ്ടാമത്തെ രംഗം. മണിയന്‍റെ  മുന്നില്‍ കാഴ്‌ചക്കാരായി കുറേ യാത്രക്കാരും ജീപ്പുംചാരിനില്‍ക്കുന്ന രണ്ടു പൊലീസുകാരും. ഇരുണ്ട്‌ മെല്ലിച്ച മണിയന്റെ കഴുത്തിലെ ഞരമ്പുകള്‍ വികാരത്തള്ളിച്ചയാല്‍ എഴുന്നുനിന്നു. ചെളിയുടെ ഗന്ധവും ഇളംനെല്ലിന്‍റെ  പാല്‍രുചിയുമുറഞ്ഞ അവന്‍റെ  തൊണ്ടയില്‍നിന്ന്‌ നൂറ്റാണ്ടുകളുടെ നിലവിളികള്‍ ശിഥിലശബ്‌ദങ്ങളായി മുറിഞ്ഞുവീണു. അവന്‍റെ  അടുക്കും ചിട്ടയുമില്ലാത്ത വാക്കുകളിലൂടെ പുറമ്പോക്കിലെ അധഃകൃതജീവിതങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ കേട്ട്‌ ആളുകള്‍ സഹതപിച്ചുനില്‍ക്കേ അവന്‍ പഴയൊരു നാടന്‍പാട്ട്‌ ഈണത്തില്‍, താളത്തില്‍ പാടിത്തുടങ്ങി: 
`ഏനിന്നലെ രാത്തിരിയൊരു ചൊപ്പനം കണ്ടമ്മാ...
കൂനനുറുമ്പണിചേന്നൊരു കൊമ്പനെ.....' 
പാട്ടിലെ വരികള്‍ മുഴുമിപ്പിക്കുംമുമ്പേ `വലിച്ചു വണ്ടിയില്‍ക്കേറ്റെടാ ആ ........ന്‍റെ മോനെ.' എന്നൊരു ഗര്‍ജ്ജനം ബസ്സ്‌സ്റ്റാന്റിലെ ബഹള ങ്ങളെ മറികടന്ന്‌ മണിയന്‍റെ  കാതിലെത്തി. കാര്യമെന്തെന്നറിയാതെ പകച്ചുനിന്ന മണിയനെ ഒരു പൊലീസുകാരന്‍ ചുരുട്ടിയെടുത്തു വണ്ടിയിലേക്കെറിഞ്ഞു. വണ്ടി പൊലീസ്‌സ്റ്റേഷനെ ലക്ഷ്യമാക്കിപ്പാഞ്ഞു.
മൂന്നാമത്തെ രംഗം ലോക്കല്‍ പൊലീസ്‌സ്റ്റേഷനിലാണ്‌. മുന്നിലെ മുറിയുടെ മൂലയ്‌ക്ക്‌ കൂസലില്ലാതെ നില്‍ക്കുന്ന മണിയന്‍റെ നേര്‍ക്കു ലാത്തിവീശിക്കൊണ്ട്‌ ഒരു പൊലീസുകാരന്‍ ഗര്‍ജ്ജിച്ചു: 
`നീ പോലീസുകാരോട്‌ തര്‍ക്കുത്തരം പറയും അല്ലേടാ .......ന്‍റെ  മോനേ? നിനക്കൊക്കെ എന്നാടാ കൊമ്പുമുളച്ചത്‌?'
`വാലുമുറ്റിയവരിപ്പോള്‍ കൊമ്പുമുളച്ചവരെ പേടിച്ചുതുടങ്ങി.' മണിയന്‍ പതിയെപ്പറഞ്ഞു.
`ഈ .........മോന്‍ നാക്കടക്കുമോന്നു നോക്കെടോ.' പൊലീസ്‌മുഖ്യന്‍ ആജ്ഞാപിച്ചു. ഒരു പൊലീസുകാരന്‍ മണിയന്‍റെ  കൈയില്‍ വിലങ്ങുവച്ച്‌ ലോക്കപ്പിലേക്കു തള്ളി. സിമന്റ് തറയില്‍നിന്നു ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ക്കൊപ്പം അമ്മാ..... എന്നൊരു നിലവിളിയും ഏങ്ങിയേങ്ങി പുറത്തേക്കുകടന്നു.
അടുത്തരംഗം ഒരു കോടതിമുറിയാണ്‌. കൈവിലങ്ങണിഞ്ഞ്‌ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മണിയന്‍ അവശനും ക്ഷുഭിതനുമാണ്‌. ശാന്തനും സൗമ്യനുമായിരിക്കുന്ന മജിസ്‌ട്രേട്ടിന്‍റെ  മുഖത്തുനോക്കി അവന്‍ ചോദിച്ചു: `കുറ്റമൊന്നും ചെയ്‌തിട്ടില്ലാത്ത എനിക്ക്‌ എന്തു ശിക്ഷയാണു നിങ്ങള്‍ വിധിക്കാന്‍പോകുന്നത്‌?'
അദ്ദേഹം അവന്‍റെ ചതഞ്ഞ ശരീരത്തിലേക്കുനോക്കി നെറ്റിചുളിച്ചുകൊണ്ട്‌ ചോദ്യരൂപത്തില്‍ പൊലീസുകാരനെ നോക്കി. 
ആ നോട്ടത്തിന്‍റെ  അര്‍ത്ഥമറിയാവുന്ന പൊലീസുകാരന്‍ നേരത്തേ കരുതിവച്ചിരുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ മജിസ്‌ട്രേട്ടിന്‍റെ  മുന്നില്‍വച്ചു. 
ഒന്നമര്‍ത്തി മൂളിയിട്ട്‌ അദ്ദേഹം നടപടികളിലേക്കു കടന്നു. 
മണിയന്‍ ചോദ്യം ആവര്‍ത്തിച്ചു: 'കുറ്റക്കാരനല്ലാത്ത എന്നെ ഏതു നിയമത്തിന്‍റെ തണലിലാണ്‌ നിങ്ങള്‍ ജയിലിലടയ്‌ക്കുന്നത്‌?' ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തലച്ചോറില്‍ മൂളിപ്പറന്നതോടെ അവന്‍റെ  കേള്‍വിശക്തി കുറയുകയും ശബ്‌ദത്തിന്‌ കരുത്തേറുകയും ചെയ്‌തു. അവന്‍ ചോദ്യങ്ങളും വാദങ്ങളും തുടരുന്നതിനിടയില്‍ കോടതിനടപടികള്‍ പൂര്‍ത്തിയായി. 
രേഖകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയ മനുഷ്യത്വം തേടി മണിയന്‍റെ  കണ്ണുകള്‍ കോടതിമുറിയാകെ പരതി.

Monday 1 August 2016

ഒരു മിഴാവിന്‍റെ കഥ (യാത്ര)





അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമെന്നു കേള്‍ക്കുമ്പോള്‍ ഉണ്ണിക്കണ്ണനും   പാല്‍പായസത്തിന്‍റെ രുചിയുമൊക്കെയാവും എല്ലാവരുടെയും  ഓര്‍മ്മയില്‍ ആദ്യമെത്തുക. എന്നാല്‍ എന്‍റെ മനസ്സില്‍ ആദ്യമെത്തുന്നത് ക്ഷേത്രത്തിലെ കളിത്തട്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു മിഴാവാണ്. അതിന്‍റെ മുന്നില്‍ ‘കുഞ്ചന്‍ നമ്പ്യാര്‍ ഉപയോഗിച്ചിരുന്ന മിഴാവ്’ എന്നൊരു  ബോര്‍ഡും. ആ മിഴാവില്‍ നോക്കിനില്‍ക്കുമ്പോള്‍ മലയാളസാഹിത്യത്തിലെ പഴയകാല  കവിത്രയങ്ങളിലൊരാളും എക്കാലത്തെയും   ഹാസ്യചക്രവര്‍ത്തിയുമായ  കുഞ്ചന്‍നമ്പ്യാരെ 
മനസാ വണങ്ങിപ്പോകും. 


 
‘നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന
മര്‍ക്കടാ നീയങ്ങു മാറിക്കിട ശടാ.
നാട്ടില്‍പ്രഭുക്കളെ കണ്ടാലറിയാത്ത
കാട്ടില്‍ക്കിടക്കുന്ന മൂളിക്കുരങ്ങു നീ.....’
എന്ന കല്യാണസൌഗന്ധികം തുള്ളലിലെ വരികളും  
 ‘പയ്യേ നിനക്കും പക്കത്താണോ ഊണ്?’
‘കാതിലോല? നല്ലതാളി.’  തുടങ്ങിയ നര്‍മ്മോക്തികളുമൊക്കെ ഓര്‍മ്മച്ചെപ്പു തുറന്നിറങ്ങിവരും.  
    കുഞ്ചന്‍ നമ്പ്യാരുടെ  മിഴാവിന് ക്രൂരമായൊരു  പരിഹാസത്തിന്‍റെയും മധുരമായൊരു പകരംവീട്ടലിന്‍റെയും  കഥ പറയാനുണ്ട്:
അമ്പലപ്പുഴ ക്ഷേത്രഅരങ്ങില്‍  ചാക്യാര്‍കൂത്തിന്  മിഴാവുകൊട്ടുന്ന വേലയായിരുന്നു നമ്പ്യാര്‍ക്ക്. ഒരിക്കല്‍ കൂത്തിനിടെ നമ്പ്യാർ  ഉറങ്ങിപ്പോയെന്നും  മിഴാവു   കൊട്ടുന്നതില്‍ വീഴ്ച്ചപറ്റിയെന്നും  പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ അദ്ദേഹത്തെ കലശലായി പരിഹസിച്ചു ശകാരിച്ചുവെന്നും അതിന് പകരംവീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ തുള്ളല്‍ എന്ന പേരില്‍  പുതിയൊരു കലാരൂപം ആവിഷ്കരിച്ച്, ക്ഷേത്രവേദിയില്‍ കൂത്ത്‌ നടക്കുന്ന അതേസമയത്ത്  ക്ഷേത്രത്തിനു പുറത്ത് അവതരിപ്പിച്ചുവെന്നും കൂത്ത്‌  കണ്ടുകൊണ്ടിരുന്നവര്‍ തുള്ളല്‍ കാണാനായി ഓടിക്കൂടിയെന്നും ചാക്യാര്‍ ഇളിഭ്യനായെന്നുമാണ് കഥ. 





കല്യാണസൗഗന്ധികം, ദക്ഷയാഗം, കിരാതം, കീചകവധം, നളചരിതം തുടങ്ങി 64 തുള്ളല്‍കഥകളും  ശ്രീകൃഷ്ണചരിതം മണിപ്രവാളം, ഇരുപത്തിനാലുവൃത്തം എന്നീ കാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 
  അസാമാന്യമായ ഭാഷാനൈപുണ്യംകൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്‍റെ  നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ.
“പാൽക്കടൽത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെൻ
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ.”
എന്നു പറയാൻ മാത്രം ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, തുള്ളല്‍പ്പാട്ടിന് അദ്ദേഹം  തെരഞ്ഞെടുത്തത് സാധാരണക്കാരന്‍റെ സംസാരഭാഷയാണ്. അത് ആ കലാരൂപത്തിന്  കൂടുതൽ സ്വീകാര്യതയും പ്രശസ്തിയും  നേടിക്കൊടുത്തു. ഫലിതത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനങ്ങളായിരുന്നു നമ്പ്യാരുടെ തുള്ളല്പാട്ടുകളും കവിതകളും.
  സാധാരണക്കാരന്‍ രുചിക്കേണ്ട  കവിത അവരുടെ ഭാഷയിൽതന്നെ ആയിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്:
ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ

കലക്കത്ത് ഭവനം 

       1705-ല്‍, പാലക്കാട് ജില്ലയിലെ  കിള്ളിക്കുറിശ്ശി മംഗലത്തുള്ള കലക്കത്ത് ഭവനത്തിലാണ് കുഞ്ചന്‍ നമ്പ്യാര്‍   ജനിച്ചതെന്ന്‍ കരുതപ്പെടുന്നു.  ബാല്യകാല വിദ്യാഭ്യാസത്തിനു ശേഷം പിതാവിനോടൊപ്പം അദ്ദേഹം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടര്‍ന്ന് ചെമ്പകശ്ശേരി രാജാവിന്‍റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയില്‍ ജീവിച്ചു. 1746-ല്‍ മാര്‍ത്താണ്ടവര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോടു ചേര്‍ത്തതിനെത്തുടര്‍ന്ന്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറ്റി.  മാര്‍ത്താണ്ടവര്‍മ്മയുടെയും ധര്‍മ്മരാജാവിന്‍റെയും ആശ്രിതനായി ജീവിച്ചു. വാര്‍ദ്ധക്യത്തില്‍ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ നമ്പ്യാര്‍
‘കോലംകെട്ടുക, കോലകങ്ങളില്‍ നടക്കെന്നുള്ള വേലയ്ക്കിനി-     ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ’ 
എന്ന്‍ രാജാവിനോട് അഭ്യര്‍ത്ഥിച്ചു. രാജാവിന്‍റെ അനുവാദത്തോടെ അമ്പലപ്പുഴയിലേക്ക് മടങ്ങി. 1770-ല്‍ മരണമടഞ്ഞു. പേപ്പട്ടിവിഷബാധയാണ് മരണകാരണമെന്ന് പറയപ്പെടുന്നു.
   കലക്കത്തുഭവനം ഒരു സ്മാരകമായി സംരക്ഷിച്ചുപോരുന്നു. ഓട്ടന്‍ തുള്ളലിനും അനുബന്ധകലകള്‍ക്കുമായുള്ള  ഒരു മ്യൂസിയം, കുഞ്ചന്‍ സ്മാരക വായനശാല, കേരളത്തിലെ രംഗകലകളെ ക്കുറിച്ചുള്ള കയ്യെഴുത്തുപ്രതികളും രേഖകളും എന്നിവയാണ് ഇവിടത്തെ സൂക്ഷിപ്പുകള്‍.
അമ്പലപ്പുഴയില്‍ നമ്പ്യാര്‍ താമസിച്ചിരുന്ന വീടും സ്മാരകമായി നിലനിര്‍ത്തിപ്പോരുന്നു.  ക്ഷേത്രത്തിനു സമീപത്തായി സാംസ്കാരികവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന   കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ആഡിറ്റോറിയവും  സ്മാരകസമിതിയുമുണ്ട്.