Tuesday 19 May 2020

താമരശ്ശേരിചുരവും കരിന്തണ്ടനും (യാത്ര) എസ്.സരോജം


കോഴിക്കോടുനിന്ന്‌ വയനാടിലേക്കും മൈസൂറിലേക്കും ബാംഗ്ലൂരിലേക്കുമൊക്കെ പോകാനുള്ള വഴിയാണ്‌ താമരശ്ശേരി ചുരം. ദേശീയപാത-766 (പഴയ പേര്‌ എന്‍.എച്ച്‌-212) ന്‍റെ ഭാഗമാണിത്‌. താമരശ്ശേരിക്കടുത്ത്‌, അടിവാരത്തുനിന്നും തുടങ്ങി വയനാടിന്‍റെ കവാടമായ ലക്കിടിവരെ നീളുന്ന പന്ത്രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഒമ്പത്‌ കൊടുംവളവുകളുണ്ട്‌. പാതയുടെ ഇരുവശങ്ങളിലും ഇടതൂര്‍ന്ന കാടുകളാണ്‌. ഏറ്റവും ഉയരത്തിലുള്ള വ്യൂ പോയിന്റില്‍നിന്നു നോക്കിയാല്‍ കോഴിക്കോടുനഗരത്തിന്‍റെ ആകാശക്കാഴ്‌ചയ്‌ക്ക്‌ എന്തുരസമാണെന്നോ! ചരിത്രപ്രസിദ്ധമായ താമരശ്ശേരിചുരത്തിലൂടെ മുമ്പും യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും കൂട്ടുകാരുമൊത്തുള്ള ഈ യാത്ര അതിലേറെ കൗതുകങ്ങളും ആഹ്ളാദാനുഭവങ്ങളും നിറഞ്ഞതായിരുന്നു.
ചരിത്രവും കെട്ടുകഥകളും കാനനക്കാഴ്‌ചകളും ഒത്തിണങ്ങിയ താമരശ്ശേരിചുരം സഞ്ചാരികളെ വല്ലാതെ കൊതിപ്പിക്കും. ടിപ്പുസുല്‍ത്താന്‍റെ പട്ടാളപ്പാതയായിരുന്ന ചുരം ബ്രിട്ടീഷുകാരാണ്‌ റോഡായി വികസിപ്പിച്ച്‌ വാഹനസഞ്ചാരയോഗ്യമാക്കിയത്‌. ബ്രിട്ടീഷുകാര്‍ക്ക്‌ ഈ വഴി കാണിച്ചുകൊടുത്തത്‌ 

ആദിവാസിയായ കരിന്തണ്ടനാണെന്നും വഴി കണ്ടുപിടിച്ചതിന്‍റെ ക്രെഡിറ്റ്‌ സ്വന്തമാക്കാനായി അവര്‍ കരിന്തണ്ടനെ ചതിച്ചുകൊന്നുവെന്നും പറയപ്പെടുന്നു. കരിന്തണ്ടന്‍റെ അലഞ്ഞുനടന്ന ആത്മാവിനെ ബന്ധിച്ചിരിക്കുന്നതായി പറയപ്പെടുന്ന ചങ്ങലമരവും ലക്കിടിയില്‍ കാണാം.
വയനാട്ടിലെ പണിയര്‍ വിഭാഗത്തിലെ കാരണവരായിരുന്ന കരിന്തണ്ടന്‍ 1750-നും 1799-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിലാണ്‌ ജീവിച്ചിരുന്നതെന്നും ആദിവാസികള്‍ അദ്ദേഹത്തെ താമരശ്ശേരി ചുരത്തിന്റെ പിതാവായാണ്‌ കാണുന്നതെന്നും മറ്റുമുള്ള വായ്‌മൊഴിക്കഥകള്‍ തലമുറകളായി ആദിവാസികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്‌. ചരിത്രത്തില്‍ സ്ഥാനപ്പെടാതെപോയ കരിന്തണ്ടനെ ഓര്‍മ്മിക്കാനുള്ള ഒരേയൊരു സ്‌മാരകം ലക്കിടിയിലെ ചങ്ങലമരം മാത്രമാകുന്നു. ചുരം കയറി വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ ഇവിടെ വണ്ടിനിറുത്തി ചങ്ങലമരത്തെ കാണാതെ പോകാറില്ല. കരിന്തണ്ടന്‍ ചിലര്‍ക്ക്‌ മുത്തപ്പന്‍ എന്ന മലദൈവമാണ്‌. വിശ്വാസികള്‍ മരച്ചോട്ടിലുള്ള ഭണ്‌ഡാരത്തില്‍ കാണിക്കയിടുന്നതും വിളക്കുകത്തിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമൊക്കെ പതിവാണ്‌. തൊട്ടടുത്ത്‌ ഒരു ചെറിയ അമ്പലവുമുണ്ട്‌.

Monday 11 May 2020

അവതാരം (കവിത) എസ്.സരോജം

















കല്ലുളികൊണ്ടു ചരിത്രമെഴുതിയ ശിലായുഗത്തിൽ നിന്നും
ശൂന്യാകാശവും കടന്നേറിയ മനുഷ്യബുദ്ധി
പ്രാണന്‍ പിടിച്ചുനിര്‍ത്തുവാനാവാതെ
പകച്ചുനില്ക്കുന്നു, കാലമേ സാക്ഷി!

കൊറോണ നീ വെറുമൊരു വൈറസല്ല
പ്രജ്ഞയറ്റ മര്‍ത്യനു
ബോധംതെളിക്കുവാനെത്തിയ
 മഹാവതാരം.

പണവും പദവിയും അധികാരഗർവങ്ങളും 
കണിക, രാസ, ജൈവായുധങ്ങളും
കേവലം, നിഷ്പ്രഭം നിന്‍റെ മുന്നിൽ.

എത്രയോ മഹാമാരികൾ 
മുന്പുമീ ഭൂമിയിൽ
തകര്‍ത്തെറിഞ്ഞജയ്യരായ് വാണ 
മർത്യകുലങ്ങളെ.

പിന്നെയും  തളിരിട്ടു പാരാകെപടർന്ന മാനവര്‍
പണിതുയർത്തിയതാണീയാഗോളസംസ്കൃതി.

ഇന്നു നീയവതാരമെടുത്തതെന്തിനോ, 
ദുരമൂത്ത മാനവര്‍ മലീമസമാക്കിയ 
ഭൂമിയാകാശങ്ങളെ വിമലീകരിച്ച്, 
ജാതിമതചിന്തതൻ വേരറുത്ത്,
വര്‍ണ്ണവെറിതീര്‍ത്ത്, പുത്തനാമൊരു
ലോകധര്‍മ്മം സ്ഥാപിക്കുവാനോ?

Thursday 7 May 2020

ഇടക്കല്‍ ഗുഹയിലേക്കൊരു സാഹസയാത്ര (എസ്.സരോജം)


കാപ്പിച്ചെടികള്‍ മണംപരത്തുന്ന കാട്ടുവഴിയിലൂടെ, വനപ്രകൃതിയുടെ ഭംഗി ആവോളം ആസ്വദിച്ചുകൊണ്ട്‌ ചരിത്രാതീതകാലത്തേക്കൊരു യാത്രപോകാം, വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍നിന്നും പതിനാലു കിലോമീറ്റര്‍ അകലെയുള്ള ഇടക്കല്‍ ഗുഹയിലേക്ക്‌. എന്താ രസമല്ലേ? 

സഞ്ചാരികള്‍ക്ക്‌ ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ മലകയറ്റം തുടങ്ങുന്ന വഴിയരികത്തുതന്നെ വനപാലകരുടെ കാവല്‍നിലയമുണ്ട്‌. പാതയോരത്തും മരച്ചില്ലകളിലും യാത്രക്കാരെ വരവേല്‍ക്കുന്ന വികൃതിക്കുരങ്ങന്മാരുണ്ട്‌. ശ്രദ്ധിക്കണേ, തിന്നാനുള്ള എന്തെങ്കിലും കൈയിലെടുത്താല്‍ തട്ടിപ്പറിച്ചുകൊണ്ടോടാന്‍ തക്കംപാര്‍ത്തിരിപ്പാണവര്‍. 

വഴിയുടെ ഇരുവശങ്ങളിലും നിരന്നിരിക്കുന്ന സ്റ്റാളുകളില്‍ വില്‍പനയ്‌ക്കുവച്ചിരിക്കുന്ന വനവിഭവങ്ങളും ആദിവാസിത്തനിമയുള്ള കരകൗശലനിര്‍മ്മിതികളും കാട്ടുവിഭവങ്ങള്‍ കൊണ്ടുണ്ടാക്കുന്ന രുചികരമായ ഭക്ഷണപാനീയങ്ങളും സഞ്ചാരികളെ വല്ലാതെ കൊതിപ്പിക്കും.
ഗുഹകളിലേക്ക്‌ പ്രവേശിക്കണമെങ്കില്‍ ടിക്കറ്റെടുക്കണം. ഒരു കിലോമീറ്ററോളം നടക്കണം ടിക്കറ്റ്‌ കൗണ്ടറിലെത്താന്‍. അതുകഴിഞ്ഞാല്‍ പിന്നങ്ങോട്ട്‌ കുത്തനെയുള്ള കയറ്റമാണ്‌. കരിങ്കല്ലില്‍ തീര്‍ത്ത പടവുകള്‍ ചവിട്ടിയും കാട്ടുമരങ്ങളുടെ വേരുകളില്‍ അള്ളിപ്പിടിച്ചും നാലായിരത്തോളം അടി ഉയരത്തിലുള്ള ഗുഹവരെ കയറിപ്പറ്റുക അത്ര എളുപ്പമല്ല. എല്ലാവരും മലകയറാന്‍ തയാറല്ലേ? ഉത്സാഹത്തിന്‍റെ ആള്‍രൂപംപോലെ പ്രിയപ്പെട്ട ജെ.പി. മുന്നിലുണ്ട്‌. ആരെയും ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന്‌ അദ്ദേഹം തീര്‍ത്തുപറഞ്ഞു. കൂട്ടത്തിലുള്ള പ്രായമായവരെയും കുട്ടികളെയും കൈപിടിച്ചുകയറ്റാന്‍ കെല്‍പുള്ളവര്‍ കൂടെയുണ്ടല്ലൊ. അങ്ങനെ ഞങ്ങള്‍ പലപ്രായക്കാര്‍ ഒത്തൊരുമിച്ച്‌ മല കയറാന്‍തുടങ്ങി.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ അമ്പുകുത്തിമലയുടെ പടിഞ്ഞാറേ ചരിവിലാണ്‌ പ്രകൃതിനിര്‍മ്മിതമായ ഇടക്കല്‍ ഗുഹകള്‍ സ്ഥിതിചെയ്യുന്നത്‌. മൂന്നുഗുഹകളാണിവിടെയുള്ളത്‌. 

ആദ്യത്തേത്‌ ചെറുതാണ്‌. 
രണ്ടാമത്തേത്‌ സാമാന്യം വിശാലമാണ്‌. ഇതിനുള്ളില്‍ കിടക്കാനുപയോഗിച്ചിരുന്നതാവാം, അരയോളം ഉയരത്തില്‍ രണ്ടു വലിയ കല്‌പലകകള്‍ കാണാം. 

ആവേശഭരിതരായ ചെറുപ്പക്കാര്‍ അതിന്മേല്‍ കയറിനിന്ന്‌ മുകളിലുള്ള വിടവിലൂടെ ആകാശത്തേക്കുനോക്കി ആര്‍ത്തുകൂവി. ഞങ്ങള്‍ തണുപ്പുള്ള കല്‍പലകകള്‍ക്കുമേല്‍ ഇരുന്നും കിടന്നും വിശ്രമിച്ചു. ധാരാളം ചിത്രങ്ങളുമെടുത്തു.

മുകളിലത്തെ ഗുഹയാണ്‌ ഏറ്റവും വലുത്‌. രണ്ട്‌ കൂറ്റന്‍ പാറകള്‍ക്കിടയിലുള്ള വിടവിലേക്ക്‌ വലിയൊരു കല്ല്‌ വീണിരിക്കുന്നതിനാലാണ്‌ ഇതിന്‌ ഇടക്കല്‍ ഗുഹ എന്ന പേരുണ്ടായത്‌. ഏതോ കാലത്തുണ്ടായ ഭൂചലനം നിമിത്തമാകാം മലമുകളില്‍ നിന്നൊരു പാറ അടര്‍ന്ന്‌ രണ്ടുവലിയ പാറകള്‍ക്കിടയില്‍ കൊരുത്തുവച്ച മേല്‍ത്തട്ടു പോലെ പതിച്ചതും ഗുഹ രൂപപ്പെട്ടതും. 
പ്രകൃതിജന്യമായ ഈ ഗുഹയ്‌ക്ക്‌ മുപ്പതടി ഉയരവും തൊണ്ണൂറ്റെട്ടടി നീളവും ഇരുപത്തിരണ്ടടി വീതിയുമുണ്ട്‌. ഗുഹയുമായി ബന്ധപ്പെട്ട്‌ നിരവധി വിശ്വാസങ്ങളും കെട്ടുകഥകളും പ്രചാരത്തിലുണ്ട്‌. 
ശ്രീരാമന്‍റെ അമ്പേറ്റാണ്‌ പാറയില്‍ വിള്ളലുണ്ടായതെന്നാണ്‌ പ്രബലമായ വിശ്വാസം. അങ്ങനെയാണ്‌ അമ്പുകുത്തിമല എന്ന പേരുണ്ടായത്‌.
ഇടക്കല്‍ ഗുഹകള്‍ രൂപംകൊണ്ടത്‌ എന്നാണെന്നതിനെക്കുറിച്ച്‌ ശരിയായ നിഗമനത്തിലെത്തിച്ചേരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നവീനശിലായുഗത്തില്‍, അതായത്‌ ബി.സി.6000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇവിടെ ജീവിച്ചിരുന്ന മനുഷ്യര്‍ ആശയവിനിമയത്തിന്‌ ഉപയോഗിച്ചിരുന്ന ചിത്രഭാഷ - ആയുധങ്ങളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെ ചിത്രങ്ങളും ചക്രങ്ങളും ജാമിതീയരൂപങ്ങളും കലാവിരുതുകളും ചരിത്രക്കുറിപ്പുകളും ഗുഹയ്‌ക്കുള്ളിലെ പാറച്ചുവരുകളില്‍ വരകളായും ചിത്രങ്ങളായും കല്ലുളികൊണ്ട്‌ കൊത്തിവച്ചിരിക്കുന്നു. 

ശിലായുഗത്തില്‍ സാംസ്‌കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന ഒരു ജനത കേരളത്തില്‍ ജീവിച്ചിരുന്നു എന്നതിന്‍റെ തെളിവുകളാണ്‌ ഈ ലിഖിതങ്ങള്‍. 

കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച്‌ ഏറ്റവും പഴക്കമുള്ള ഈ ശിലാലിഖിതങ്ങള്‍ പുരാവസ്‌തുഗവേഷകര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിലപ്പെട്ടൊരു നിധിയാണ്‌. 


കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തിന്‍റെ ചരിത്രമാണ്‌ ഈ ശിലാലിഖിതങ്ങളെന്നാണ്‌ ചരിത്രഗവേഷകരുടെ അഭിപ്രായം.
ഇവകൂടാതെ, രണ്ടായിരത്തിയഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള രണ്ടുലിപികള്‍ - തമിള്‍ ബ്രാഹ്മി ലിപികളും പ്രാകൃതസംസ്‌കൃതലിപികളും


 നിരവധി വിഗ്രഹങ്ങളും ഇവിടെയുണ്ട്‌. ശിലായുഗത്തിനുശേഷവും പലകാലഘട്ടങ്ങളില്‍ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നതായി ഇതില്‍നിന്നും അനുമാനിക്കാം. പഴയ കേരളത്തിലെ, മലബാര്‍ ജില്ലയിലെ പോലീസ്‌ സൂപ്രണ്ടായിരുന്ന ഫ്രെഡ്‌ ഫോസെറ്റ്‌ എന്ന ബ്രിട്ടീഷുകാരനാണ്‌ നായാട്ടിനിടയില്‍, യാദൃശ്ചികമായി ഈ ഗുഹകള്‍ കണ്ടെത്തിയതും അവയെ ലോകശ്രദ്ധയിലേക്ക്‌ കൊണ്ടുവന്നതും. ചരിത്രരചനയില്‍ വഴിത്തിരിവായിമാറിയ ഈ കണ്ടെത്തല്‍ 1894-ലായിരുന്നു. ആദിവാസികളായ മുള്ളുക്കുറുമരുടെയും പണിയരുടെയും സഹായത്തോടെ കാടുവെട്ടിത്തെളിച്ച്‌ അദ്ദേഹം നിരവധിതവണ ഗുഹകളിലെത്തി പഠനം നടത്തുകയുണ്ടായി. 1901-ല്‍ ഇന്ത്യന്‍ ആന്റിക്വറി ജേണലില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച സചിത്രലേഖനത്തിലൂടെയാണ്‌ ഇടക്കല്‍ ഗുഹകളെക്കുറിച്ച്‌ ആദ്യമായി പുറംലോകമറിഞ്ഞത്‌. ഫോസെറ്റിനെ തുടര്‍ന്ന്‌ ആര്‍.സി.ടെമ്പിള്‍, ബ്രൂസ്‌ ഫൂട്ട്‌, ഡോ.ഷൂള്‍റ്റ്‌സ്‌ തുടങ്ങിയവര്‍ ഇടക്കലിനെക്കുറിച്ചും സമീപപ്രദേശങ്ങളിലെ പുരാതന സംസ്‌കൃതിയെപ്പറ്റിയും പഠനങ്ങള്‍ നടത്തുകയുണ്ടായി
കേരളത്തിലെ അതിപ്രാചീന മനുഷ്യരിലേക്കും അവരുടെ ജീവിതശൈലിയിലേക്കും സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കുമൊക്കെ വെളിച്ചംവീശുന്ന മഹത്തായൊരു കണ്ടെത്തലാണ്‌ വയനാടുജില്ലയിലെ മാനന്തവാടിയില്‍ നെന്മേനി ഗ്രാമത്തിലുള്ള ഇടക്കല്‍ ഗുഹകള്‍. അന്നത്തെ ഗോത്രജീവിതവും അധികാരഘടനയും സൂചിപ്പിക്കുന്ന ശിലാലിഖിതങ്ങള്‍ ഗുഹയിലെ ശിലാപാളികളില്‍ ഇന്നും തെളിഞ്ഞുകാണാം, കേരളീയസമൂഹം ആധുനികതയിലേക്ക്‌ നടന്നുകയറിയ ആദിമമായ ചരിത്രവഴികളെന്നപോലെ,
ഇടക്കല്‍ഗുഹ ഇന്ന്‌ ദേശീയരും വിദേശീയരുമായ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമായി വളര്‍ന്നിരിക്കുന്നു. സഞ്ചാരികള്‍ക്കും ചരിത്രഗവേഷകര്‍ക്കും മാത്രമല്ല, സാധാരണക്കാര്‍ക്കും കേരളത്തിന്‍റെ ഈ പൈതൃകക്കാഴ്‌ച അതിശയകരമായ ഒരനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. മലമുകളിലേക്കുള്ള കയറ്റം വിഷമംപിടിച്ചതാകയാല്‍ അവിടവിടെയായി കല്‍പടവുകളും ഇരുമ്പുപടിക്കെട്ടുകളും കൈവരികളും നിര്‍മ്മിച്ചിരിക്കുന്നു.

 അമ്പുകുത്തിമലയുടെ മുകളില്‍നിന്നു നോക്കുമ്പോള്‍, സമീപത്തെ മലകളില്‍ ഖനനം നടക്കുന്നതിന്‍റെ ദൂരക്കാഴ്‌ചകള്‍! ധനമോഹികള്‍ തുരന്നുതുരന്ന്‌, മഹത്തായ ശിലായുഗചരിത്രം പേറിനില്‍ക്കുന്ന അമ്പുകുത്തിമലയ്‌ക്ക്‌ തകരാറൊന്നും സംഭവിക്കല്ലെ എന്ന്‌ ഹൃദയപൂര്‍വം ആഗ്രഹിച്ചുകൊണ്ട്‌ ഞങ്ങള്‍ മലയിറങ്ങി.