Wednesday 27 July 2016

പുസ്തകാഭിപ്രായം





                 


           എഴുത്തിന്‍റെ ക്ഷുഭിതനേരുകള്‍
              ശിവാനിസുനോ
                     എഴുത്തുകാരെക്കുറിച്ച് ഉച്ചത്തിലുള്ള സംസാരങ്ങള്‍ നടക്കുന്ന ഒരു കാലമല്ലിത്. എഴുത്തുകാര്‍  കാലവേദനകളുടെ ഹിഡന്‍അജണ്ടകളില്‍ തറഞ്ഞുപോയിട്ടുണ്ടോ എന്നറിയാന്‍ എഴുത്തുകാരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ നിമിത്തമാകാറുണ്ട്. എഴുത്തുകാരന്‍റെ പേനയുടെ അളവുതൂക്കങ്ങള്‍, അയാളുടെ ഘട്ടംഘട്ടമായ ജീവിതവഴികള്‍, ആ ജീവിതത്തിനകത്തെ രഹസ്യ-പരസ്യപ്പലകകള്‍ ഒക്കെ ഒരാള്‍ക്ക് എഴുത്തിന് വിഷയമാകുന്നു എന്നതിന്‍റെ പ്രത്യക്ഷസാക്ഷ്യമാണ് എസ്.സരോജത്തിന്‍റെ   ‘ക്ഷുഭിതകാലത്തിന്‍റെ സുവിശേഷകന്‍’ എന്ന പുസ്തകം.
    എഴുത്തിന് എതിരെഴുത്തുകള്‍ ഉണ്ടാവുക എന്നത് ഒരു പുതിയ കാര്യമല്ല. ഒരെഴുത്തുകാരനെക്കുറിച്ചെഴുതുമ്പോള്‍ അയാളുടെ ആശയങ്ങളുടെ ഭാരത്തെക്കുറിച്ചാണ് എഴുതുന്നത്. എഴുത്തിന്‍റെ വലിയ പാഠങ്ങള്‍ പ്രവൃത്തികളെക്കാള്‍ ഉച്ചത്തില്‍ സംസാരിച്ചുതുടങ്ങുന്നത് എഴുതി വര്‍ഷങ്ങള്‍ക്കുശേഷമാണ്. സ്വകാര്യ അനുഭവങ്ങളുടെ അസ്ഥിവാരങ്ങളെപ്പോലും ബൗദ്ധികമേല്‍കോയ്മയ്ക്ക്  പുറത്തുനിര്‍ത്തിവായിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നു എന്നതിന്‍റെ തെളിവുകള്‍ ‘ക്ഷുഭിതകാലത്തിന്‍റെ സുവിസേഷകനി’ലുണ്ട്. കുഴിമറ്റത്തിന്‍റെ കഥകള്‍ ജീവിതത്തിന്‍റെ പുറംവായനകളാണെന്ന് ഈ പഠനഗ്രന്ഥം ഉറപ്പിച്ചുപറയുമ്പോള്‍ ജീവിതത്തിന്‍റെ അപരബിംബമായി നാമതിനെ പൂരിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു കലഹപ്രിയനായ കഥാകാരനെ അനുഭവങ്ങളുടെ മാത്രം വെളിച്ചത്തില്‍ മുക്കിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ഒരു ന്യൂനത ഈ പുസ്തകത്തിനുണ്ട്.
ഒരു കറുത്തകാലത്തിന്‍റെ സുവിശേഷകനെ മങ്ങിയകാലത്തിന്‍റെ പ്രവാചകനായി അവതരിപ്പിക്കുമ്പോള്‍ രചനകളുടെ അടിത്തട്ടിലേക്ക് കടന്നുചെല്ലുക എന്നത് ഒരു ശ്രമകരമായ ദൗത്യമാണ്. എഴുത്തിന്‍റെ സാമഗ്രികളെ ഓരോരോ വസ്തുക്കളായി കാണാതിരുന്ന ഒരെഴുത്തുകാരന്‍റെ രചനകളിലൂടെയുള്ള ഈ യാത്ര ഒരു നാടുകടത്തലിന്‍റെ ബാഹ്യപ്രഭാവങ്ങള്‍കൊണ്ട് ആവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആവരണം സ്നേഹപൂര്‍വ്വം വെച്ചുകൊടുക്കുന്ന വൈകാരികകിരീടമാണ്. അതില്‍ ഒരേസമയം മുള്ളുകളും ആണികളും റോസാപ്പൂക്കളും ഉണ്ടെന്നതാണ് വാസ്തവം. ഈ വാസ്തവവല്‍കരണമാണ് എസ്.സരോജം എന്ന എഴുത്തുകാരി നടപ്പില്‍വരുത്താന്‍  ശ്രമിക്കുന്നത്. തീക്ഷ്ണമായ എഴുത്തനുഭവങ്ങള്‍ നെഞ്ചില്‍പിടിക്കുന്ന ഒരാള്‍ക്കുമാത്രമേ ഒരെഴുത്തുകാരന്‍റെ മുഴുവന്‍  സംഭാവനകളിലൂടെ കടന്നുപോകാനാവൂ. അതൊരു രചനാസംബന്ധിയായ പുതുബോധമാണ്. എഴുത്തുകാരന്‍റെ എതിരെഴുത്തുകളോടൊപ്പം സഞ്ചരിക്കുന്ന ഒരാള്‍ക്കുമാത്രം വീണുകിട്ടുന്ന രഹസ്യസമ്മാനങ്ങളാണവ.
ഈ പുസ്തകം ബാബുകുഴിമറ്റം എന്ന എഴുത്തുകാരന്‍റെ എഴുത്തുജീവിതത്തിനുള്ള കടുത്ത ശിക്ഷണങ്ങളാണ്. പീഡിതമായ സുബോധങ്ങള്‍ എഴുത്തിന്‍റെ പഠനമുറികളാണെന്ന് എഴുതിയത് ലേണാര്‍ഡ് പീക്കോഫ് എന്ന യുവനിരൂപകനാണ്. ആ രീതിയില്‍ ഈ പുസ്തകം ഭംഗിയുള്ള ഒരു പഠനമുറിയാണ്. പക്ഷെ ഇതൊരു സൗന്ദര്യശില്‍പമല്ല. പുസ്തകപഠനങ്ങള്‍ അടുക്കളകളില്ലാത്ത (സ്പൈസസ് സൂക്ഷിക്കാത്ത) ഭവനങ്ങളിലിരുന്നേ എഴുതാവൂ എന്നു പറഞ്ഞത് കോളിന്‍ വില്‍സണാണ്‌. അടുക്കള സ്പൈസസിന്‍റെ സൂപ്പര്‍സോണ്‍ ഏരിയയാണ്. അവിടെ ഭാഷയുടെ മണമറിയാനാവില്ല. പുസ്തകപഠനങ്ങള്‍ കുറിക്കുന്ന ഒരാള്‍ ആദ്യം പരിചയപ്പെടേണ്ടത് ഭാഷയുടെ മണവും ബിംബങ്ങളുടെ അളവുതൂക്കങ്ങളും കൊടുംശിക്ഷണത്തിന്‍റെ കുറുവടികളുമാണ്. അത് പ്രഖ്യാപിത നിര്‍വ്വചനങ്ങള്‍ക്കു പുറത്തുപോകാന്‍ നമുക്ക് ഉത്തേജനം നല്‍കും. ഉള്ളടക്കംനോക്കി അടുക്കിവയ്ക്കുന്ന ഏര്‍പ്പാടല്ല രചനാപഠനമെന്ന് അത് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും.
ബാബുകുഴിമറ്റം എന്ന എഴുത്തുകാരന്‍റെ ജീവിതത്തിലൂടെയും കഥകളിലൂടെയും നോവലുകളിലൂടെയും വായനകളിലൂടെയും ഒക്കെയുള്ള ദൈര്‍ഘ്യയാത്രകളുടെ പുസ്തകമാണ് ‘ക്ഷുഭിതകാലത്തിന്‍റെ സുവിശേഷകന്‍’.  എഴുത്തിലെ  ഗൂഡാലോചനക്കൂട്ടമായി പുസ്തകങ്ങളെ നിരീക്ഷിച്ചത് സാര്‍ത്ര് ആണ്. ഇതിന്‍റെ തുടര്‍ച്ചയായോ ഏറ്റവും ചെറിയ മറ്റൊരു കണ്ണിയായോ ഒക്കെ എസ്.സരോജത്തിന്‍റെ ഈ പുസ്തകത്തെയും നമുക്ക് നിരീക്ഷിക്കാം. കാരണം ഇത് എഴുത്തിന്‍റെ ക്ഷുഭിതനേരുകളാണ്.    





Tuesday 26 July 2016

ഞാനും നീയും (കവിത)


                         

                       







   ഉടല്‍ പകുത്ത്
   പ്രണയവഴികള്‍
   നടന്നുകയറിയത്
   ആത്മാവിന്‍റെ
  ഉള്ളറയിലേക്കെന്നു ഞാന്‍.

  തടവറയില്‍നിന്നു
  പുറത്തു ചാടണമെന്നു നീ !