Monday 19 September 2022

മഞ്ഞുമലകള്‍ക്കിടയിലെ വിശുദ്ധതടാകം (യാത്ര)

 (അപാരസുന്ദരമീ ഉയരക്കുടിയിരിപ്പുകള്‍ 

എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്ന്)

ഒരു മാന്ത്രികച്ചെപ്പിലെന്നോണം പ്രകൃതി അതിന്റെ അത്ഭുതങ്ങളില്‍ പലതും ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഉയരംകൂടിയ മലനിരകളിലാണ്. ഗുരുഡോങ്ങ്മാര്‍ തടാകക്കരയിലെത്തിയാല്‍  നമുക്കിതൊരിക്കല്‍ക്കൂടി ബോദ്ധ്യമാകും. മഞ്ഞിലെ വിസ്മയക്കാഴ്ചകള്‍ തേടുന്നവരെയും ആത്മീയതയുടെ വിശുദ്ധനിര്‍വൃതിയില്‍ ലയിക്കുന്നവരെയും ഒരുപോലെ ആനന്ദാനുഭൂതികളിലേക്കാനയിക്കും സിനിയോച്ചു മലനിരകള്‍ക്കിടയിലെ ഗുരുഡോങ്ങ്മാര്‍ തടാകത്തിലേക്കുള്ള സാഹസയാത്ര. അതിര്‍ത്തിയിലേക്ക്, പട്ടാളക്കാര്‍ക്കുവേണ്ടി നിര്‍മ്മിച്ച പാതയിലൂടെയാണ് സഞ്ചാരികളുടെയും യാത്ര. എപ്പോള്‍ വേണമെങ്കിലും മാറാവുന്ന കാലാവസ്ഥ യാത്രികര്‍ക്ക് വലിയൊരു വെല്ലുവിളി തന്നെ. അതുകൊണ്ടാണ് പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ അതിരാവിലേതന്നെ  പുറപ്പെടണമെന്ന് നിര്‍ബന്ധിക്കുന്നത്. നേരത്തേ പുറപ്പെട്ട വാഹനങ്ങളുടെ വെളിച്ചം മലകയറുന്നത് ഇടയ്‌ക്കൊക്കെ കാണാമായിരുന്നതുകൊണ്ട് വിജനമായ ആ മലമ്പാതയില്‍ ഞങ്ങള്‍ തനിച്ചല്ലല്ലൊ എന്ന ആശ്വാസമായിരുന്നു. 


വളഞ്ഞുപുളഞ്ഞ മലകയറ്റം ഒരുമണിക്കൂര്‍ പിന്നിട്ടതോടെ
മാനത്തിനതിരിട്ട മലനിരകളില്‍ സൂര്യകിരണങ്ങളുടെ ചിത്രമെഴുത്ത്
തുടങ്ങുകയായി. തണുപ്പുതാങ്ങാനാവാതെ മുഖംപോലും മറച്ചിരുന്നവര്‍ ആ
അപൂര്‍വ്വചാരുതയിലേക്ക് കണ്ണുകള്‍ തുറന്നുവച്ചു. ഭീമാകാരങ്ങളായ
പാറക്കെട്ടുകള്‍, മലഞ്ചെരുവുകളില്‍നിന്നും പൊട്ടിയൊഴുകുന്ന
കുഞ്ഞരുവികള്‍, പലനിറങ്ങളിലുള്ള ഇലകളും പൂക്കളുമുള്ള
കുറ്റിച്ചെടികള്‍... പ്രകൃതീദേവിയുടെ അനുഗ്രഹസ്പര്‍ശമേറ്റ  മണ്ണില്‍
പാറക്കല്ലുകള്‍പോലും പലനിറങ്ങളില്‍ പ്രകാശിക്കുന്നു.
സൂര്യാശ്ലേഷമേറ്റുണരുന്ന പ്രകൃതിയുടെ  ദിവ്യസൗന്ദര്യത്തില്‍ ലയിച്ചിരുന്ന
ആ പ്രഭാതനിമിഷങ്ങള്‍ പകര്‍ന്നുനല്‍കിയ വിശിഷ്ടാനുഭൂതി വാക്കുകളില്‍
പകര്‍ത്തുക അസാദ്ധ്യം. 

പുലര്‍വെളിച്ചം പരന്നതോടെ വഴിയില്‍ അങ്ങിങ്ങായി പട്ടാളബാരക്കുകളും വേലി കെട്ടിത്തിരിച്ച കൃഷിഭൂമികളും പ്രദേശവാസികളുടെ പാര്‍പ്പിടങ്ങളും കണ്ടുതുടങ്ങി. ആറുമണി കഴിഞ്ഞപ്പോള്‍ ഒരു കുടിലിന്റെ മുന്നില്‍ വണ്ടിനിന്നു. സമാനമായ ഏതാനും  കുടിലുകള്‍ സമീപത്തുണ്ടായിരുന്നത് പുറത്തിറങ്ങിയപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. യാത്രികര്‍ക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്ന ഇടങ്ങളായിരുന്നു അവ. 

പാര്‍പ്പിടത്തോടു ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് വീട്ടിലെ സ്ത്രീകള്‍ ചായ, ബ്രഡ്, മുട്ട, നൂഡില്‍സ് എന്നിവ ആവശ്യാനുസരണം പാകപ്പെടുത്തി നല്‍കുന്നത്. നടുവില്‍ അടുപ്പും പാചകപ്പാത്രങ്ങളും ചുറ്റും രണ്ടുമൂന്നു ബഞ്ചുകളും. തീയുടെ ചൂടുകിട്ടുമെന്നുള്ളതുകൊണ്ട് ഞങ്ങള്‍ ബഞ്ചുകളില്‍ തിങ്ങിക്കൂടിയിരുന്നു. 

തണുത്തുവിറങ്ങലിച്ച പ്രഭാതത്തില്‍ ആ ചായയും അടുപ്പിലെ തീയും  നല്‍കിയ ഉന്മേഷം ചെറുതല്ല. മഞ്ഞിലിറങ്ങാനുള്ള ഗംബൂട്ടുകളും മറ്റും ഇവിടെ വാടകയ്ക്ക് കിട്ടും. വേണമെങ്കില്‍ മദ്യവും കിട്ടും. 

ചായകഴിച്ച് പുറത്തിറങ്ങിയപ്പോള്‍, തങ്കു സൈനികക്യാമ്പില്‍നിന്നും ജോഗിങ്ങിനിറങ്ങിയ ഒരുകൂട്ടം പട്ടാളക്കാര്‍ അരികിലൂടെ കടന്നുപോയി. പട്ടാളക്കാരെ കണ്ടതും വഴിയോരത്ത് കിടന്ന പട്ടി ചാടിയെണീറ്റ് കുരച്ചുകൊണ്ട് അവരുടെ പിന്നാലേ ഓടി. പട്ടാളക്കാര്‍ അതിനെ ശ്രദ്ധിക്കാത്തമട്ടില്‍ ജോഗിംഗ് തുടര്‍ന്നു. കുറച്ചുദൂരം അവരെ അനുഗമിച്ച പട്ടി പ്രത്യേകിച്ചൊന്നും സംഭവിക്കാത്തമട്ടില്‍ പൂര്‍വ്വസ്ഥാനത്തു വന്നുകിടന്നു. സഞ്ചാരികളോട് സൗമ്യഭാവത്തില്‍ പെരുമാറുന്ന പട്ടിക്ക് പട്ടാളക്കാരോട് ഇത്ര ദേഷ്യമെന്താണെന്ന് മനസ്സിലായില്ല. പട്ടാളക്കാരുടെയും ബാരക്കുകളുടെയും ഫോട്ടോയെടുക്കുന്നത് കുറ്റകരമാകയാല്‍ ആ അപൂര്‍വ്വദൃശ്യം ക്യാമറയില്‍ പകര്‍ത്താനായില്ല. മുന്നോട്ടുള്ള വഴിയില്‍ പലയിടത്തും കരസേനയുടെ കവചിതവാഹനങ്ങള്‍ കണ്ടു. യാത്രികര്‍ കൈവീശി അഭിവാദ്യംചെയ്യുമ്പോള്‍ പട്ടാളക്കാരുടെ വലിഞ്ഞുമുറുകിയ മുഖങ്ങളില്‍ സന്തോഷത്തിന്റെ മിന്നലാട്ടം. 

തങ്കു എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. ഇതാണ് ഈ വഴിക്കുള്ള അവസാനത്തെ ജനവാസമേഖല. ഇവിടെനിന്ന് നാല്‍പത് കിലോമീറ്റര്‍ ദൂരമുണ്ട് തടാകത്തിലേക്ക്; ലാച്ചെനില്‍നിന്ന് അറുപത്തിയേഴും. ഇത്രയും ദൂരം ഓടിയെത്താന്‍ കുറഞ്ഞത് നാലുമണിക്കൂര്‍ വേണ്ടിവരും. അത്രയ്ക്ക് ദുര്‍ഘടമാണ് വഴി. ലാച്ചെനില്‍നിന്നും ഒരുമണിക്കൂര്‍ സമയംകൊണ്ട് നാലായിരത്തിലധികം അടി ഉയരം കയറി യിരിക്കുകയാണ് ഞങ്ങളുടെ വാഹനം. വഴി എന്തുമാത്രം കുത്തനെയുള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു. തങ്കുവിലെ സൂര്യോദയത്തിന്റെ അസുലഭചാരുത ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടുനില്‍ക്കവെ, ഞങ്ങള്‍ക്ക് ചായയുണ്ടാക്കിത്തന്ന സ്ത്രീ കൈയില്‍ തീയുമായി പുറത്തേക്കുവന്നു. 

അവര്‍ റോഡരികത്തുള്ള ഒരു വിശേഷയിനം ചെടിയുടെ പച്ചയിലകള്‍ പറിച്ച്, അടുപ്പുപോലുള്ള ഒരിടത്തു കൂട്ടിവച്ച് പുകയ്ക്കാന്‍ തുടങ്ങി. അതിരാവിലെയുള്ള ഈ പച്ചിലപുകയ്ക്കല്‍ കടയുടെ ഐശ്വര്യം വര്‍ദ്ധിപ്പിക്കുമെന്നാണ് അവരുടെ വിശ്വാസം. 

മഞ്ഞില്‍ പുതഞ്ഞ പുലര്‍കാലത്തിന്റെ ആലസ്യമകറ്റി ഞങ്ങള്‍ യാത്രതുടര്‍ന്നു. അടുത്തിടെയുണ്ടായ മണ്ണിടിച്ചിലിന്റെ ഫലമായി വഴിയരികില്‍ രൂപമെടുത്ത ചെറിയൊരു തടാകം. ഒരുകൂട്ടം യാക്കുകള്‍ പാതമുറിച്ച് അപ്പുറത്തേക്ക് മെല്ലെ നടന്നുപോയി. തങ്കു മിലിട്ടറി ചെക് പോസ്റ്റിലെ സുരക്ഷാപരിശോധന കഴിഞ്ഞ് വീണ്ടും മുന്നോട്ട്.   ഭൂപ്രകൃതിയാകെ മാറുകയാണ്. സൂര്യകിരണങ്ങളേറ്റു തിളങ്ങുന്ന മഞ്ഞുമലകള്‍ അങ്ങുദൂരെ തെളിഞ്ഞുതുടങ്ങി. 

ഉയരംകൂടുംതോറും പച്ചപ്പുകള്‍ കുറഞ്ഞുകുറഞ്ഞ് ഇല്ലാതായി; ഒരു പുല്‍നാമ്പുപോലുമില്ലാത്ത, തണുത്ത മരുഭൂമി. മഞ്ഞുമലകള്‍ക്കിടയില്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വിജനഭൂമിയില്‍ നിഗൂഢസുന്ദരമായ മൂകത ഉറഞ്ഞുകിടക്കുന്നതുപോലെ. നീലാകാശത്തില്‍ പഞ്ഞിക്കെട്ടുകള്‍ വാരിയിട്ടതുപോലെ വെളുത്ത മേഘങ്ങള്‍ ചിതറിക്കിടക്കുന്നു.  

ചൈനീസ് അതിര്‍ത്തിയിലേക്കു നീളുന്ന പാതയില്‍നിന്നും മാറി തടാകത്തിലേക്കുള്ള മണ്‍പാതയിലേക്കു കടന്നു. പാതയോരങ്ങളില്‍ പാല്‍പതപോലെ പടര്‍ന്നുകിടക്കുന്ന മഞ്ഞടരുകള്‍.  വിജന വിശാലമായ കരിമണ്‍പ്രതലത്തില്‍  മഞ്ഞടരുകളൊരുക്കിയ  വെളുത്ത ചിത്രങ്ങള്‍. പശ്ചാത്തലത്തില്‍ മലമുടികളെ മുട്ടിയുരുമ്മുന്ന നീലാകാശത്തിന്റെ ശാന്തമായ തെളിമ. താഴെ നീലജലപ്പരപ്പിന് അതിരിട്ടുനില്‍ക്കുന്ന കട്ടമഞ്ഞുപുതച്ച ഹിമാലയശൃംഗങ്ങള്‍. സ്ഫടികം പോലുള്ള ജലത്തില്‍ ഹിമശൃംഗങ്ങള്‍ പ്രതിബിംബിച്ചുകാണാം. കൊടുംതണുപ്പിലും ദിവ്യമായൊരാനന്ദവും നിര്‍വ്വചിക്കാനാവാത്തൊരു നിര്‍വൃതിയും മനസ്സിനെയും ശരീരത്തെയും പൊതിഞ്ഞുപിടിച്ചു.

ലോകത്തില്‍ ഏറ്റവും ഉയരംകൂടിയ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന തടാകങ്ങളിലൊന്നാണ് നോര്‍ത്ത് സിക്കിമിലെ ഗുരുഡോങ്ങ്മാര്‍; സിക്കിമിലെ രണ്ടാമത്തേതും. പതിനേഴായിരത്തിയെണ്ണൂറടി ഉയരത്തില്‍, മഞ്ഞുറഞ്ഞ ഗിരിശൃംഗങ്ങള്‍ക്കിടയില്‍, സ്ഫടികജലസമൃദ്ധിയോടെ, സഞ്ചാരികളെ വിസ്മയഭരിതരാക്കാന്‍ കാത്തുകിടക്കുന്ന ഈ ശുദ്ധജലതടാകം ബുദ്ധന്മാരുടെയും സിക്കുകാരുടെയും ഹിന്ദുക്കളുടെയും തീര്‍ത്ഥാടനകേന്ദ്രമാണ്. ബുദ്ധമതാചാര്യനായിരുന്ന ഗുരു പത്മസംഭവ, തടാകം സന്ദര്‍ശിച്ചതോടെയാണ് ഇതിന് ഗുരുഡോങ്ങ്മാര്‍ എന്നു പേരുവന്നതും ഇവിടം ബുദ്ധന്മാരുടെ പുണ്യസ്ഥലമായി മാറിയതും. മഹാനീലവര്‍ണ്ണത്തില്‍, പരന്നുകിടക്കുന്ന തടാകത്തിന്റെ ഉപരിതല വിസ്തൃതി ഇരുനൂറ്റിത്തൊണ്ണൂറ് ഏക്കറും തീരദൈര്‍ഘ്യം 5.34 കിലോമീറ്ററുമാണ്. പക്ഷേ, കരയില്‍ നിന്ന് നോക്കിയാല്‍ ഇത്രയും വലിപ്പമുണ്ടെന്നു തോന്നുകയേയില്ല. മലകള്‍ നിറഞ്ഞ സ്ഥലപ്രകൃതിയാണ് തടാകത്തിന്റെ മുഴുവന്‍ഭാഗവും കാണാനാവാത്തതിന്റെയും ആകാരവിസ്തൃതി അനുഭവപ്പെടാത്തതിന്റെയും കാരണം. 


ആകാശത്തിന്റെ അനന്തനീലിമ പ്രതിബിംബിച്ചുകിടക്കുന്ന തടാക
ജലത്തിലെ  കിരുകിരുത്ത തണുപ്പില്‍ തൊട്ടുനില്‍ക്കെ മനസ്സില്‍
തെളിഞ്ഞത് ടിബറ്റില്‍നിന്നും കാല്‍നടയായി മഞ്ഞുമലകള്‍ താണ്ടി
ഇവിടെയെത്തിയ ഗുരുപത്മസംഭവന്റെ ചിത്രം. ഗുരു എ.ഡി.എട്ടാംനൂറ്റാണ്ടില്‍
ഈ തടാകം സന്ദര്‍ശിച്ചതായി ചരിത്രമുണ്ട്. മഞ്ഞുമലയുടെ താഴ്‌വരയില്‍
വസിച്ചിരുന്ന ഗ്രാമീണര്‍ തങ്ങള്‍ക്ക് കുടിവെള്ളം  ലഭ്യമാക്കണമെന്ന്
അദ്ദേഹത്തോട് അപേക്ഷിച്ചുവെന്നും ഉറഞ്ഞുകിടന്ന തടാകത്തെ അദ്ദേഹം 
തന്റെ ദിവ്യസ്പര്‍ശത്താല്‍ പുണ്യജലമാക്കി മാറ്റിയെന്നുമാണ് ഐതിഹ്യം.
വിശ്വാസികള്‍ തടാകജലം കുടിക്കുകയും പാത്രങ്ങളില്‍ ശേഖരിച്ചു
കൊണ്ടുപോവുകയും ചെയ്യുന്നു. തടാകത്തില്‍നിന്ന് മിനുസമായ
ചെറുകല്ലുകള്‍ പെറുക്കി പ്രാര്‍ത്ഥനയോടെ കരയില്‍ അടുക്കിവയ്ക്കുന്നതും
ബുദ്ധമത വിശ്വാസികളുടെ ഒരനുഷ്ഠാനമാണ്. ബൂദ്ധമന്ത്രങ്ങളും
പ്രാര്‍ത്ഥനകളും മുദ്രണംചെയ്ത പ്രാര്‍ത്ഥനക്കൊടികളും തടാകക്കരയെ
ഭക്തിസാന്ദ്രമാക്കുന്നു. കരയില്‍, ഒരുഭാഗത്ത് ഗുരു പത്മസംഭവയുടെ പേരില്‍
ഒരു പൂജാമന്ദിരവുമുണ്ട്.  തടാകത്തില്‍നിന്ന് ഒഴുകിവരുന്ന ചെറിയ അരുവി
കടന്ന്, അപ്പുറത്തെ കുന്നിന്‍ചരിവിലൂടെ ഇത്തിരിദൂരം നടന്നുനോക്കി.
മഞ്ഞുകാറ്റിന്റെ കരുത്ത് താങ്ങാനാവാതെ വേഗം തിരിച്ചുപോരേണ്ടിവന്നു.
സിക്കിമിന്റെ ഐശ്വര്യമായ തീസ്ത നദിയുടെ ഉത്ഭവസ്രോതസ്സുകളി
ലൊന്നാണ് ഈ വിശുദ്ധതടാകം.
ഇവിടെനിന്ന്  പുറപ്പെടുന്ന കുഞ്ഞരുവി
കുറച്ചകലെ, ടിബറ്റന്‍ അതിര്‍ത്തിയിലുള്ള  സൊ ലാമൊ തടാകത്തില്‍ നിന്നും
പുറപ്പെടുന്ന അരുവിയുമായി ചേര്‍ന്നൊഴുകുന്നു. അതിര്‍ത്തിയില്‍നിന്ന്
നാലുകിലോമീറ്റര്‍ ഇപ്പുറത്താണ് സിക്കിമി ലെ ഏറ്റവും ഉയരത്തിലുള്ള
സൊ ലാമൊ തടാകം. സുരക്ഷാകാരണങ്ങളാല്‍ ഇപ്പോള്‍ അവിടേക്ക്
സഞ്ചാരാനുമതിയില്ല.

ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഗുരുഡോങ്മാറിന്റെ ഉപരിതലം തണുത്തുറഞ്ഞ അവസ്ഥയിലായിരിക്കും. അപ്പോഴും ഗുരു സ്പര്‍ശിച്ച ഭാഗത്തെ ജലം തണുത്തുറയാതെ കിടക്കുമെന്നാണ് പറയപ്പെടുന്നത്. അരുവിയിലേക്കുള്ള നീരൊഴുക്കും നിലയ്ക്കാതെ തുടരുമത്രെ. സഞ്ചാരികള്‍ പരിസരം മലിനമാക്കാതിരിക്കാന്‍ സന്നദ്ധസേവകര്‍ ജാഗരൂകരായി നില്‍പ്പുണ്ട്. രാവിലത്തെ ഇളംവെയിലും ചിലുചിലുത്ത മഞ്ഞുകാറ്റുമേറ്റ് ഒന്നരമണിക്കൂറോളം അവിടെ ചുറ്റിനടന്നിട്ടും മതിവന്നില്ല. കട്ടമഞ്ഞു പുതച്ചുനില്‍ക്കുന്ന ഹിമാലയശൃംഗങ്ങളുടെയും അവയ്ക്കിടയില്‍ മഹാനീലവര്‍ണ്ണം പുതച്ചുകിടക്കുന്ന തടാകത്തിന്റെയും അനന്യസൗന്ദര്യവും സംശുദ്ധിയും എത്രകണ്ടാലാണ് കൊതിതീരുക! 

ഇവിടെനിന്നും ഏതാനുംകിലോമീറ്റര്‍ അകലെയാണ് ചൈനീസ് അതിര്‍ത്തി. ഉറഞ്ഞ മഞ്ഞില്‍, അവിടെ കാവല്‍നില്‍ക്കുന്ന നമ്മുടെ ജവാന്മാരെപ്പറ്റി ഒരുനിമിഷം ഓര്‍ത്തുപോയി, ഒപ്പം തടാകവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തിന്റെ കഥയും. സിക്കു ഗുരുവായ ഗുരുനാനാക് പതിനഞ്ചാം നൂറ്റാണ്ടില്‍, തടാകം സന്ദര്‍ശിച്ചുവെന്നും ഗ്രാമത്തിലെ ആളുകള്‍ കുടിവെള്ളം  ലഭ്യമാക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചുവെന്നും തണുത്തുറഞ്ഞുകിടന്ന തടാകത്തിന്റെ ഉപരിതലത്തില്‍ അദ്ദേഹം തന്റെ  ഊന്നുവടികൊണ്ട് തൊട്ടമാത്രയില്‍ അവിടത്തെ മഞ്ഞുമാറി ശുദ്ധമായ കുടിവെള്ളം ഉണ്ടായിയെന്നും മഞ്ഞുകാലത്ത് തടാകത്തിന്റെ മറ്റുഭാഗങ്ങള്‍ തണുത്തുറഞ്ഞാലും ഈ ഭാഗത്ത് ജലം ഉറയാതെ നില്‍ക്കുമെന്നുമാണ് സിക്കുകാര്‍ വിശ്വസിക്കുന്നത്. അതിര്‍ത്തിയില്‍ സേവനമനുഷ്ടിക്കുന്ന സിക്ക് റെജിമെന്റ് 1997-98 കാലത്ത് തടാകക്കരയില്‍ ഗുരുനാനാക്കിന്റെ പേരില്‍ ഒരു ഗുരുദ്വാര പണികഴിപ്പിച്ചു. പ്രദേശവാസികളായ ബുദ്ധിസ്റ്റുകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പ്ഗുരു പത്മസംഭവയുടെ ദിവ്യസ്പര്‍ശത്താല്‍ പരിപാവനമായ പുണ്യതീര്‍ത്ഥക്കരയില്‍ ഗുരുദ്വാര പണിയുന്നത് നിയമവിരുദ്ധമാണെന്നും അത് പൊളിച്ചുമാറ്റണമെന്നും അവര്‍ ശഠിച്ചു. ഒടുവില്‍ പ്രശ്‌നം പഠിച്ച്, നിജസ്ഥിതി റിപ്പോര്‍ട്ടുചെയ്യാന്‍ സിക്കിം സര്‍ക്കാര്‍ ഒരു ഉന്നതാധികാരസമിതിയെ നിയോഗിച്ചു. ഗാങ്‌ടോക്കിലെ നംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി ഹാജരാക്കിയ രേഖകള്‍ പ്രകാരം പ്രദേശവാസികളുടെ അവകാശവാദം ശരിയാണെന്ന് സമിതിക്ക് ബോദ്ധ്യമായി. ഗുരു നാനാക്കിന്റെ പേരില്‍ നിര്‍മ്മിച്ച ഗുരുദ്വാര പൊളിക്കരുതെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി കേന്ദ്ര പ്രതിരോധമന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്, കെട്ടിടം പൊളിക്കാതെ, 2001 ജൂലൈ ആറിന് ലാച്ചെന്‍ മൊണാസ്ട്രിക്ക് കൈമാറി. മൊണാസ്ട്രി നിയോഗിച്ച ഒരു ലാമയ്ക്കാണ് ഇപ്പോള്‍ തടാകത്തിന്റെ സംരക്ഷണ ചുമതല. 

ശീതക്കാറ്റ് സഹിക്കാനാവാതെ ഇതിനകം യാത്രികരില്‍ പലരും വാഹനത്തില്‍ കയറിയിരിപ്പായി. കാലാവസ്ഥ മാറിയാല്‍ തിരിച്ചുള്ള യാത്ര ബുദ്ധിമുട്ടാവുമെന്ന് ആരോണ്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പകല്‍ മുറ്റുന്തോറും കാലാവസ്ഥ മോശമാവുമെന്നതിനാല്‍ പത്തുമണിക്കുമുമ്പുതന്നെ യാത്രികരെയും കൊണ്ട് മടങ്ങാന്‍ സാരഥികള്‍ നിര്‍ബന്ധിതരാവുകയാണ്. ഒമ്പതരയോടെ രമേശനൊഴികെ മറ്റെല്ലാവരും വണ്ടിയില്‍ കയറി. അദ്ദേഹത്തെ അന്വേഷിച്ചുപോയ ഞങ്ങള്‍   കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു: അര്‍ത്ഥനഗ്നനായി വെറും നിലത്ത് കമിഴ്ന്നുകിടക്കുന്നു. കോട്ടും ഷര്‍ട്ടും ഷൂസുമൊക്കെ അഴിച്ച് അടുത്തുതന്നെ വച്ചിട്ടുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ പെട്ടെന്ന് ചാടിയെണീറ്റ്, കൈകള്‍ ഉയര്‍ത്തിയും വശങ്ങളിലേക്ക് നീട്ടിയും കുറെ അഭ്യാസം കാട്ടി. ഈ വേലത്തരങ്ങളെല്ലാം രമേശന്റെ ക്യാറയില്‍ പകര്‍ത്തിക്കൊണ്ട് അപരിചിതനായൊരു സഞ്ചാരി അന്തംവിട്ടു നില്‍പാണ്. കൊടുംതണുപ്പത്ത് സാഹസം കാട്ടിയതിന്റെ ഫലം ഉടന്‍ അനുഭവിക്കുകയും ചെയ്തു, രോമകൂപങ്ങളിലൂടെ സ്വേദകണങ്ങളെന്നപോലെ രക്തം കിനിയാന്‍ തുടങ്ങി. എന്തുവേണ്ടൂ എന്നറിയാതെ ഞങ്ങള്‍ പകച്ചുനിന്നു. രമേശന്‍   വേഗംതന്നെ ഷര്‍ട്ടും കോട്ടും ഷൂഷുമൊക്കെ ധരിച്ച്, കൂളായി ഞങ്ങള്‍ക്കുമുന്നേ നടന്ന് വണ്ടിയില്‍ കയറി. നിമിഷങ്ങള്‍ക്കകം അദ്ദേഹം സാധാരണസ്ഥിതിയിലായി. ഡ്രൈവര്‍ക്കും ഞങ്ങള്‍ക്കും  ആശ്വാസമായി.