Sunday 28 July 2013

കടലവില്‍ക്കുന്ന പെണ്‍കുട്ടി(കഥ)



   സുമതിക്കുട്ടി കടലവില്‍ക്കാന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല;
എങ്കിലും ചുറ്റുവട്ടത്തുള്ള ഒരുമാതിരിപ്പെട്ട ആണുങ്ങളൊക്കെ അവളുടെ പേരു മറന്നമട്ടാണ്. 
    ‘കടലക്കാരീ......’ എന്ന് ആരുവിളിച്ചാലും അവള്‍ വിളികേള്‍ക്കില്ല; കേട്ടഭാവം നടിക്കുകയുമില്ല.
ഈ കടലക്കച്ചവടം കുറച്ചുനാളത്തേക്കല്ലേയുള്ളൂ – ഏറിയാലൊരു രണ്ടുകൊല്ലം. അപ്പോഴേക്കും സുമിത്രച്ചേച്ചിയുടെ  പഠിത്തം കഴിയും. പിന്നെ ഈ പണിക്കു പോകേണ്ട കാര്യമില്ലല്ലോ. അവള്‍ സ്വയം പറഞ്ഞു സമാധാനിച്ചു.
   പതിനാറിലെത്തിനില്‍ക്കുന്ന   ഒരു കൊച്ചുസുന്ദരിയാണു സുമതിക്കുട്ടി. പത്താംക്ലാസ് ഫസ്റ്റ്ക്ലാസ്സില്‍ പാസ്സായി.
പഠിപ്പും നിറുത്തി.
 ‘പുസ്തകം വാങ്ങാനും ഫീസുകൊടുക്കാനും കാശില്ലാഞ്ഞിട്ടാ ഞാന്‍ പഠിപ്പ് നിറുത്തിയെ....എന്നിട്ടും എ പി എല്‍ ആണത്രേ ! എന്താണാവോ ഈ എ പി എല്‍ ? നിങ്ങക്കറിയാമോ ?' അവള്‍ വഴിയരികിലെ മരച്ചീനിച്ചെടികളോടു ചോദിച്ചു. അവര്‍ ഇലകുലുക്കി ‘അറിയില്ല’ എന്നു പറഞ്ഞു.
 ‘പഴയ പാഠപുസ്തകങ്ങള്‍ നെഞ്ചോടുചേര്‍ത്തുപിടിച്ചു  നെടുവീര്‍പ്പിടുന്ന സുമതിക്കുട്ടിയെ ആര്‍ക്കുമറിയില്ല; കടലക്കാരിയെ എല്ലാര്‍ക്കുമറിയാം’ ഇത് സുമതിക്കുട്ടിയുടെ ഉള്ളിന്‍റെയുള്ളില്‍ നീറിപ്പുകയുന്ന  സ്വകാര്യപരിഭവം .
  ചേച്ചി സുമിത്രക്കുട്ടി   ദൂരെയുള്ള കോളേജില്‍ പഠിക്കുന്നു.
അവരുടെ കൊച്ചുവീട്ടില്‍ കറണ്ടില്ല. മണ്ണെണ്ണ വാങ്ങാന്‍ കാശില്ലാത്തതു കാരണം പലദിവസങ്ങളിലും പഠിക്കാനാവാതെ സങ്കടപ്പെട്ടു കരയുന്ന ചേച്ചിയെ സഹായിക്കാനാണ് അവള്‍ ഈ തൊഴിലിന് ഇറങ്ങിത്തിരിച്ചത്. പട്ടാണിക്കടല പൊരിച്ചതും കപ്പലണ്ടി വറുത്തതും ചുണ്ടല്‍കടല പുഴുങ്ങി കടുകുവറുത്തതുമായി അവള്‍ അന്തിച്ചന്തയിലെത്തും. വിറ്റുകിട്ടുന്ന ലാഭം കൊണ്ടു മണ്ണെണ്ണയും സോപ്പും വാങ്ങുമ്പോള്‍ സുമതിക്കുട്ടിക്ക് എന്തെന്നില്ലാത്ത സന്തോഷം; ചേച്ചി പഠിച്ചു ജോലി കിട്ടിയാല്‍ വീട്ടിലെ ദാരിദ്ര്യം തീരുമല്ലോ! അതിനുവേണ്ടിയാണ് രോഗിയായ  അച്ഛന്‍   കൂലിപ്പണിക്കു പോകുന്നതും അമ്മ ശങ്കരന്‍മുതലാളിയുടെ വീട്ടില്‍ അടുക്കളപ്പണി ചെയ്യുന്നതും. ‘അണ്ണാന്‍കുഞ്ഞും തന്നാലായത്’ എന്നു പറഞ്ഞതുപോലെ സുമതിക്കുട്ടിയും അവള്‍ക്കാവുംവിധം സഹായിക്കുന്നു.
  ഓമനിച്ചുവളര്‍ത്തിയ പൂവനെ വിറ്റാണ് അവള്‍ കടല വാങ്ങാനുള്ള മുതല്‍ കണ്ടെത്തിയത്. അഞ്ചുപിടകളുടെ നായകനായിരുന്ന പൂവനെ കൊല്ലാന്‍ കൊടുത്തപ്പോള്‍ അവളുടെ കണ്ണുനനഞ്ഞെങ്കിലും സ്വന്തം ചേച്ചിക്കുവേണ്ടിയാണല്ലോ എന്നോര്‍ത്ത് അവള്‍ ആശ്വസിച്ചു .
   സുമതിക്കുട്ടി കടലവില്‍ക്കാന്‍ ചെന്നതുമുതല്‍ നാണുവിന്‍റെ വില്‍പ്പന കുറഞ്ഞു. അയാളുടെ പതിവുപയ്യന്മാരെല്ലാം സുമതിക്കുട്ടിയുടെ  പതിവുകാരായി. എന്നിട്ടും നാണു സുമതിക്കുട്ടിയെ സ്വന്തം പെങ്ങളെപ്പോലെ കരുതുകയും കടലവില്‍പ്പനയുടെ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു.
    മുടക്കുമുതലില്‍നിന്നു  ഒരുപൈസപോലും ചെലവാക്കരുതെന്നു അവള്‍ക്കു നിര്‍ബന്ധമുണ്ട്.മുതല്‍ കുറഞ്ഞാല്‍ ലാഭം കുറയും; ലാഭം കുറഞ്ഞാല്‍ ചേച്ചിക്ക് മണ്ണെണ്ണയും സോപ്പും വാങ്ങാന്‍ കാശു തികയാതെവരും. അതുകൊണ്ടുതന്നെ ആര്‍ക്കും കടല കടംകൊടുക്കുകയുമില്ല. കടംചോദിച്ചും കമന്റടിച്ചും പുറകേനടക്കുന്ന പഞ്ചാരക്കുട്ടന്മാരെ അവള്‍ ഗൌനിക്കാറുമില്ല.
   ‘എടികൊച്ചേ, പത്തുകാശുണ്ടാക്കാന്‍ പറ്റിയപണി വല്ലതും ചെയ്തൂടേ നിനക്ക്? ഈ കടലക്കച്ചോടംകൊണ്ടെന്തു കിട്ടാനാ ?’ ഗുണ്ടാപ്പൊന്നന്‍  ചോദിച്ചു.
    ‘കൂടെവന്നാല്‍ ഞങ്ങളു നല്ല കോളോപ്പിച്ചുതരാം.’ പൊന്നന്‍റെ കൂട്ടുകാരനും പട്ടണത്തില്‍ താമസക്കാരനുമായ ദല്ലാള്‍പാപ്പച്ചന്‍   പ്രലോഭനങ്ങളുമായി പുറകേകൂടി.
    സുമതിക്കുട്ടി അവരെ ശ്രദ്ധിക്കാറേയില്ല. ചോദ്യങ്ങള്‍ക്കു മറുപടി പറയാറുമില്ല. വില്‍പ്പനകഴിഞ്ഞാല്‍ കാശിടുന്ന ചെറുവട്ടി മടിയിലെടുത്തുവച്ച് വിറ്റുവരവ് എണ്ണിത്തിട്ടപ്പെടുത്തി, മുതല്‍ പ്രത്യേകം മാറ്റിവയ്ക്കും. ലാഭം കയ്യിലെടുക്കും. പിന്നെ അവള്‍ എണീറ്റ്, പാവാട തട്ടിക്കുടഞ്ഞ്, ഒഴിഞ്ഞ കടലവട്ടികള്‍ അടുക്കിയെടുത്ത്, കഴിയുന്നത്ര വേഗത്തില്‍ നടക്കും. കൃഷ്ണപിള്ളയുടെ കടയില്‍നിന്ന് മണ്ണെണ്ണയും സോപ്പും പലവ്യഞ്ജനവും വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങും.
    തെരുവുവിളക്കുള്ള പാത പിന്നിട്ട് ഒറ്റയടിപ്പാതയിലേക്കു കടക്കുമ്പോള്‍ ഭയം അവളെ വിഴുങ്ങും. ഇരുട്ടത്ത് വഴികാണാന്‍തന്നെ പ്രയാസം. വഴിയുടെ ഇരുവശവും തഴച്ചുവളര്‍ന്നുനില്‍ക്കുന്ന മരച്ചീനിച്ചെടികളാണ്. മരച്ചീനിക്കണ്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട വീടുകളില്‍ കത്തിച്ചുവച്ച മണ്ണെണ്ണവിളക്കിന്‍റെ നാളങ്ങള്‍ കാറ്റിന്‍റെ അദൃശ്യചലനത്തിനൊത്തു നൃത്തമാടുന്നതും കരിമേഘക്കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്ന മാനത്ത് മാലാഖമാര്‍ കത്തിച്ചുവച്ച സ്വര്‍ണ്ണവിളക്കുകള്‍ മിന്നിമിന്നിത്തെളിയുന്നതും നോക്കി അവള്‍ നടക്കും. തട്ടിയും മുട്ടിയും വീണു, വീണില്ല എന്നമട്ടിലാണു നടത്തം. വീട്ടിലെത്തുന്നതുവരെ ഒരേ പ്രാര്‍ഥനയാണ്-‘എന്‍റെ വ്യാകുലമാതാവേ, ഇന്നത്തേക്കു രക്ഷിക്കണേ, കുരിശടിയില്‍ മെഴുകുതിരി കത്തിച്ചേക്കാമേ.’  ഞായറാഴ്ചതോറും  ഏഴു മെഴുകുതിരികള്‍വീതം  അവള്‍ മുടക്കംകൂടാതെ കത്തിച്ചുപോന്നു.
   ഒരു മഴക്കാലസന്ധ്യയില്‍, വഴിയിലേക്കു ചാഞ്ഞുനില്‍ക്കുന്ന മരച്ചീനിച്ചെടികളില്‍നിന്നു കായ്കള്‍ പറിച്ച്  എറിഞ്ഞുകളിച്ചു നടക്കുമ്പോള്‍  അരണ്ടവെളിച്ചത്തില്‍ അവള്‍ കണ്ടു: കള്ളുകുടിയന്‍ കേശു എതിരേ വരുന്നു!
    സുമതിക്കുട്ടിക്ക് കള്ളുകുടിയന്മാരെ പേടിയാണ്. മരച്ചീനിക്കാട്ടില്‍ ഒളിക്കാമെന്നുവച്ചാല്‍ പാമ്പും ചേരയും എലികളെ തേടിയിറങ്ങുന്ന സമയവും. വരുന്നതുവരട്ടെ. അവള്‍ വഴിയോരത്ത് അനങ്ങാതെ നിന്നു.
  ‘അല്ലാ...ഇയാരാ....... ങ്ഹാ.... കടലക്കാരിയോ....!’
അയാള്‍ അവളുടെ കവിളില്‍ വിരലോടിച്ചുകൊണ്ടു ചോദിച്ചു: സുന്തരിമോളെന്താടിയിത്തര താമസിച്ചെ ?
  പുളിച്ച കള്ളിന്‍റെ നാറ്റം മൂക്കിലേക്ക് തുളച്ചുകയറി. അവള്‍ക്കു മനംപിരട്ടി. അവള്‍ പുറകോട്ടുനടന്നു. കേശു മുന്നോട്ടും. ഉറക്കെ വിളിക്കണമെന്നു തോന്നി. ശബ്ദം പുറത്തേക്കു വരുന്നില്ല.
കേശുവിന്‍റെ വിരലുകള്‍ അവളുടെ നെഞ്ചില്‍  ഇഴയാന്‍തുടങ്ങി. ഒരുനിമിഷം അവള്‍ പേടി മറന്നു. കയ്യിലിരുന്ന മണ്ണെണ്ണക്കുപ്പികൊണ്ട് അയാളുടെ പള്ളയ്ക്കടിച്ചു. കള്ളിന്‍റെ ലഹരിയില്‍ ആടിയാടിനിന്ന കേശു മറിഞ്ഞുവീണു.
അവള്‍ അയാളെ മറികടന്നു മുന്നോട്ടോടി, 
‘എടീ കടലക്കാരീ........ നിന്നെ ഞാനെടുത്തോളാമെടീ..... അഹങ്കാരീ......നീയി കേശുനോടാ  കളിക്കണേ....ഫൂ......’ കേശു ആട്ടിത്തുപ്പി.
ഓടുന്നതിനിടയില്‍ വഴിയിലിരുന്ന സര്‍വേക്കല്ലില്‍ത്തട്ടി അവളുടെ കാല്‍ മുറിഞ്ഞു. വല്ലാത്ത നീറ്റല്‍.
അപ്പോഴേക്കും മങ്ങിയ ടോര്‍ച്ചും  മിന്നിച്ചുകൊണ്ട് ഒരാള്‍ എതിരേ വന്നു; കൂലിപ്പണി കഴിഞ്ഞു തളര്‍ന്നെത്തിയ അച്ഛന്‍   മകളെ തിരക്കിവരികയായിരുന്നു.
  ‘പൊന്നുമോളെന്തായിത്ര താമസിച്ചേ? അമ്മേം ചേച്ചീം പേടിച്ചിരിക്ക്യാ.വിറ്റില്ലേവേണ്ട, ഇരുട്ടുംമുമ്പ് വീട്ടിലെത്തണം. കാലം പൊല്ലാത്തതാ, നോക്കിയും കണ്ടും വേണം നടക്കാന്‍.’
‘കൃഷ്ണപിള്ളച്ചേട്ടന്‍റെ കടയില്  നല്ല തിരക്കാരുന്നച്ഛാ  . മണ്ണെണ്ണ വാങ്ങാതെ വന്നാലെങ്ങനാ, ചേച്ചിക്കൊരുപാട് പഠിക്കാനില്ലേ?
  മുറ്റത്ത് അമ്മയും ചേച്ചിയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
അമ്മ അവളുടെ മുറിഞ്ഞ കാല്‍വിരലുകള്‍ കഴുകിത്തുടച്ചു വൃത്തിയാക്കി, തൊടിയില്‍ ഉറങ്ങിക്കിടന്ന തൊട്ടാവാടിയുടെ ഇലകള്‍ പറിച്ച് കൈവെള്ളയിലിട്ടു ഞരടിപ്പിഴിഞ്ഞ് മുറിവിലിറ്റിച്ചു വെള്ളത്തുണി കൊണ്ടു കെട്ടിവച്ചു.
 ‘പാവം സുമതി. അവളെനിക്കുവേണ്ടി എന്തുമാത്രം കഷ്ടപ്പെടുന്നു. എങ്ങനെയെങ്കിലും രണ്ടുവര്‍ഷംകൂടി കഴിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു’.
ചേച്ചി അമ്മയോട് സങ്കടംപറയുന്നതു കേട്ടപ്പോള്‍ സുമതിക്കുട്ടിക്കു കരച്ചില്‍വന്നു.
പിറ്റേദിവസവും അവള്‍ അന്തിച്ചന്തയില്‍ കടലവില്‍ക്കാന്‍ പോയി.
ചേച്ചി കാത്തിരുന്നു.
ഇരുട്ടുപരന്നിട്ടും സുമതി തിരിച്ചെത്തിയില്ല.
ടോര്‍ച്ചിന്‍റെ അരണ്ടവെളിച്ചത്തില്‍ മകളെ അന്വേഷിച്ചിറങ്ങിയ അച്ഛന്‍റെ    നിലവിളി കേട്ടു ഗ്രാമം ഞെട്ടി .
ഒറ്റയടിപ്പാതയിലേക്കു തിരിയുന്നിടത്ത് റോഡരികില്‍ കടലവട്ടികളും മണ്ണെണ്ണക്കുപ്പിയും അനാഥമായിക്കിടപ്പുണ്ടായിരുന്നു; തൊട്ടരികില്‍ ചവിട്ടിയരച്ച കടലമണികളും  നാണയത്തുട്ടുകളും.

7 comments:

  1. കഥ ഇഷ്ടപ്പെട്ടു.ആദ്യമൊക്കെ ഒഴുക്കോടെ വായിച്ചു.അവസാനമായപ്പോഴത്തെക്കും സുമതിക്കുട്ടി മനസിനെനൊമ്പരപ്പെടുത്തിയല്ലോ...
    ഈ ബ്ലോഗില്‍ ഞാനെത്തുന്നത് ഇത് രണ്ടാംവട്ടം.
    നിലവാരമുള്ള രചനകള്‍. .

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. thaks 2 my respected FRIEND 4 GIVING REAL STORIES!!!!!!

    ReplyDelete
    Replies
    1. It is a great complement.true comments of readers are valuable than awards.
      Thanq.

      Delete
  4. kattakkada pongum mottil ninnum edathottolla vazhiyil kurey dhooram mambazhakkara vazhiyilanu ennu thonunnu ee pachathalam entey ormayil nirachu............20 varsham munbulla parisarabodham thannathinum aviday oru kadha parichayappeduthiyathinum nandhi

    ReplyDelete
  5. കാട്ടാക്കട പോങ്ങുംമൂട്ടിലാണോ ജനിച്ചുവളര്‍ന്നത് ?

    ReplyDelete