Thursday 25 July 2013

ഒരു ചെമ്പകത്തിന്റെ ഓര്‍മ്മയ്ക്ക്‌ (കവിത)



എന്നും ഞാനെന്‍റെ പണിപ്പുരയില്‍
ചെന്നു തുറക്കുമാ ചില്ലുവാതില്‍.
ആയതിന്‍ നേര്‍ക്കെന്നെ നോക്കിനില്‍ക്കും 
ചേലൊത്ത ചെമ്പകപ്പെണ്ണൊരുത്തി!

ലംബത്തിരശ്ശീല മാറ്റിവച്ച്
എന്നും ഞാനോതിടും സുപ്രഭാതം.
താരണിച്ചില്ലകള്‍ മെല്ലെ വീശി
സ്വാഗതം ചൊല്ലുമച്ചെമ്പകവും.

പൂമെയ്യില്‍ തൊട്ടുതലോടും കാറ്റില്‍ 
പൂമണമൊട്ടു കൊടുത്തയയ്ക്കും.
സ്നിഗ്ദ്ധമാ പ്പൂമണമേറ്റുവാങ്ങും 
കാറ്റുവന്നെന്‍ കവിളുമ്മവയ്ക്കും.

കാലത്തിന്‍ പോക്കുമറിഞ്ഞതില്ല,
ജോലിത്തിരക്കുമറിഞ്ഞതില്ല.
ആനന്ദമേകും കവിതപോലെ
ആ നല്ല സൗഹൃദം പൂത്തുലഞ്ഞു.

മുഗ്ദ്ധമപ്പൂങ്കുലച്ചാര്‍ത്തിലെന്‍റെ
കന്നിക്കവിത പിറന്നുവീണു .
അന്നുതൊട്ടെന്‍ മിത്രത്തൂലികയാല്‍ 
ചിത്രകവിത കുറിക്കുന്നു ഞാന്‍...

    2
                                  
 ഏതൊരു ചിന്താവിഷാദമിന്നെന്‍
കണ്ണില്‍ നിറയ്ക്കുന്നു നീര്‍മണികള്‍?
‘യാത്രചോദിക്കുവാന്‍ നേരമായി’
ചൊല്ലി സമയത്തിന്‍ സൂചകങ്ങള്‍ .

ഉല്‍ക്കടമേതൊരുള്‍പ്രേരണയാല്‍
എത്തിയവളുടെയന്തികത്തില്‍;
പൂങ്കുലയൊന്നു പറിച്ചെടുത്തു
നിസ്തുലസ്നേഹത്തിന്നോര്‍മ്മയ്ക്കായി.

പുഞ്ചിരിപ്പൂക്കള്‍ പൊഴിച്ചവളും
സന്തുഷ്ടജീവിതം നേര്‍ന്നുനിന്നു.
‘എന്നിനിക്കാണുമീ നമ്മള്‍ സഖീ’
നൊന്തുചോദിച്ചന്നു ഞാന്‍ പിരിഞ്ഞു.
            3            
ഒട്ടുദിനങ്ങള്‍ കഴിഞ്ഞൊരിക്കല്‍........
ഞെട്ടിത്തരിച്ചു ഞാന്‍ നിന്നുപോയി!
പൂവിട്ട മേനിയെ വെട്ടിവീഴ്ത്താന്‍
പാതകമെന്തവള്‍ ചെയ്തു? കഷ്ടം!

പുഷ്പിണിയും ഗര്‍ഭിണിയുമിന്ന്‍
കത്തികള്‍ക്കുന്മാദം ചേര്‍ത്തീടുന്നു!
വെട്ടിയെറിഞ്ഞാലും വേരില്‍നിന്നും
പുത്തനുയിര്‍നാമ്പുയര്‍ന്നു വരും!!

2 comments:

  1. ഹൃദയത്തില്‍ തട്തുന്ന വരികള്‍

    ReplyDelete