Sunday 14 July 2013

വേറിട്ടൊരാള്‍ (കഥ )





 സാധാരണമനുഷ്യരില്‍നിന്നും തികച്ചും വ്യത്യസ്തനായ ഒരാള്‍, കാലത്തിന്‍റെ നൊമ്പരങ്ങളെ മനസ്സിന്‍റെ ഗര്‍ഭത്തില്‍ വളര്‍ത്തി നൊന്തുപ്രസവിക്കുന്ന ഒരെഴുത്തുകാരന്‍!
   അയാളെ അടുത്തുകാണുന്നത് ആദ്യമായാണ്‌. നീട്ടിവളര്‍ത്തിയ താടിയും മുടിയും, കൃത്രിമമല്ലാത്ത അലസഗൌരവവും നിഷേധഭാവവും, പുസ്തകത്താളില്‍ കണ്ണുനട്ടുള്ള ഇരിപ്പും. ആകെക്കൂടി കണ്ടിരിക്കാന്‍ ഒരു പ്രത്യേക കൌതുകം .
   വായന ഒരു രസാനുഭൂതിയായിരുന്ന കാലത്ത് ഏറ്റവുമധികം വായിച്ചതും ആസ്വദിച്ചതും ഈ കഥാകൃത്തിന്‍റെ ചെറുകഥകളായിരുന്നു എന്ന കാര്യം അമൃത ഓര്‍ത്തു. അനല്പമായ ആരാധനയോടെ അവള്‍ പ്രിയകഥാകാരനെ അടിമുടി നിരീക്ഷിച്ചു. നീലജീന്‍സിന്‍റെ കുപ്പായവും ചാരനിറമുള്ള കാല്‍ചട്ടയും അയാള്‍ക്ക്‌ തീരെ ചേരാത്ത വേഷമാണെന്ന് അവള്‍ക്കു തോന്നി. തോളത്തു തൂകിയിട്ടിരിക്കുന്ന തുണിസഞ്ചിയില്‍ എന്തായിരിക്കും? പുസ്തകങ്ങളോ, കഞ്ചാവുബീഡിയോ, അതോ മദ്യക്കുപ്പിയോ? ആര്‍ക്കറിയാം !
   ആധുനികബുദ്ധിജീവികളുടെ നിര്‍വചനങ്ങള്‍ ചേര്‍ത്തുവച്ചു നോക്കിയാല്‍ ആളിന് ഒരു ‘ബുജി’യുടെ എല്ലാ ലക്ഷണങ്ങളുമുണ്ട്. ചില കഥാപാത്രങ്ങള്‍ക്കുമുണ്ടൊരു ബുജിടച്ച്‌. അനീതിക്കും അസമത്വത്തിനുമെതിരെ സിംഹഗര്‍ജ്ജനം മുഴക്കുന്ന കഥാനായകന്മാര്‍ക്ക് എന്തൊരുള്‍ക്കരുത്ത്! കഥാകൃത്തിന്‍റെ രൂപഭാവങ്ങള്‍ ആ കഥാപാത്രങ്ങളില്‍ ആവാഹിച്ച്‌ പുനര്‍വായന നടത്തിയാല്‍ എത്ര രസകരമായിരിക്കും!
      ഇടയ്ക്കിടെ പുസ്തകത്താളില്‍നിന്നു കണ്ണുപറിച്ച് സഹയാത്രികരെ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട് കഥാകാരന്‍. പുതിയ കഥാപാത്രങ്ങളെ കണ്ടെടുക്കാനുള്ള നിരീക്ഷണമായിരിക്കാം.തന്നെയാണ് അയാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്നു അമൃതയ്ക്ക് ബോദ്ധ്യമായി. ഒരുപക്ഷേ ഈ അമൃതയും ഒരു കഥാപാത്രമായി ആ തൂലികതുമ്പില്‍നിന്നു പിറന്നുവീണെ ന്നിരിക്കാം. .
    പ്രിയകഥാകാരനോടുള്ള ആരാധന അറിയിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ ഒരവസരം ഇനി കിട്ടിയെന്നുവരില്ല.
‘സാറിന്‍റെ കഥകള്‍ എനിക്കിഷ്ടമാണ്’ അവള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.
    കഥാകൃത്ത്‌ മുഖമുയര്‍ത്തി ഒന്നുനോക്കി; ഗൌരവംവിടാതെ. വീണ്ടും പുസ്തകത്തില്‍ മിഴിനട്ടിരിപ്പായി.
ഇപ്പോള്‍ പുസ്തകത്താളില്‍ തെളിയുന്നത് അക്ഷരങ്ങളായിരിക്കില്ല; സുന്ദരിയായ ഈ അമൃതയുടെ മുഖം തന്നെയായിരിക്കും.
ഞാനൊരു വി ഐ പി യാണ്, എന്നെ ആരും ശല്യംചെയ്യരുത് എന്നു സ്വയം പ്രഖ്യാപിക്കുന്ന മാതിരി ഒരിരുപ്പ്. എന്തിനാ ഈ അഭിനയം? ആരാധികയുടെ മുഖത്തുനോക്കി ഒന്നുചിരിക്കരുതോ ?
     അവളുടെ മനോഗതം മനസ്സിലാക്കിയാവണം അയാള്‍ ഒരു പുഞ്ചിരി അവള്‍ക്കു സമ്മാനിച്ചു; എടീ പെണ്ണേ നിന്‍റെ മനസ്സിലിരിപ്പു കൊള്ളാമല്ലോടീ എന്നു പറയാതെപറയുന്നമാതിരി ഒരു പുഞ്ചിരി.
      അവളുടെ ചുണ്ടിലും ഒരു കുസൃതിച്ചിരി വിടര്‍ന്നു.
എവിടേക്കാ ? അയാള്‍ ചോദിച്ചു
എറണാകുളത്തേക്ക്. സാറെവിടേക്കാ ?
നാട്ടിലേക്ക് . എന്താ പേര് ?
അമൃത
അമൃത, മരണമില്ലാത്തവള്‍ , അല്ലേ ?
എഴുത്തുകാര്‍ക്കെല്ലാം ലേശം വട്ടുണ്ട്; അല്ലെ സാര്‍ ?
വട്ടു നിന്നെപ്പോലുള്ളവര്‍ക്കല്ലേ ? നിനക്കു പേരിട്ടയാള്‍ക്കു മുഴുവട്ടാണ്
ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി ! ഇങ്ങനെയൊരു മറുപടി തീരെ പ്രതീക്ഷിച്ചിരുന്നില്ല അമൃത. അവളുടെ മുഖം വിവര്‍ണ്ണമായി. അയാളുടെ മുഖത്തും വല്ലാത്തൊരസ്വസ്ഥത പടരുന്നത് അവള്‍ കണ്ടു.
  അയാള്‍ പുസ്തകം മടക്കി സഞ്ചിക്കുള്ളില്‍ വച്ചു; ധൃതിയില്‍ എണീറ്റ് വാതില്‍ക്കലേക്കു പോയി. മനസ്സിന്‍റെ ടെന്‍ഷന്‍ പുകച്ചുരുളുകള്‍ക്കൊപ്പം അന്തരീക്ഷത്തിലേക്കു പറത്തിവിട്ടു.
  അമൃതയ്ക്കു കുറ്റബോധം തോന്നി; അങ്ങനെ ചോദിക്കരുതായിരുന്നു. കുസൃതി ഒളിഞ്ഞിരിക്കുന്ന നാവുവളച്ച് ഇനി ഒന്നും ചോദിക്കില്ല എന്നവള്‍ തീരുമാനിച്ചു.
   ബാഗില്‍നിന്നു ഭക്ഷണപ്പാത്രമെടുത്തു തുറന്നു. ജാം പുരട്ടിയ റൊട്ടി നിറയെ ചോനനുറുമ്പുകള്‍. ആരും കാണാതെ അടച്ചു തിരികെ ബാഗിനുള്ളില്‍ വച്ചു. വിശപ്പും ടെന്‍ഷനും ഉള്ളിലൊതുക്കി അവളിരുന്നു.
   ഭക്ഷണത്തില്‍ ഉറുമ്പുകയറി അല്ലേ ? എന്നു ചോദിച്ചുകൊണ്ട് അയാള്‍ അരികിലേക്ക് വന്നു.
‘താനെന്‍റെ ഹൃദയത്തോടൊട്ടിനില്‍ക്കുന്ന ആരോ ആണെന്നൊരു തോന്നല്‍ . ഫോര്‍മാലിറ്റി മറന്നുപോയി.’ ക്ഷമാപണത്തോടെ അത്രയും പറഞ്ഞ് അയാള്‍  സീറ്റില്‍ചാരി കണ്ണടച്ചിരുന്നു.
  മൌനാക്ഷരങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷ പകര്‍ത്തവേ, ആര്‍ദ്രമായൊരു സ്വരം അവളുടെ കാതുകളില്‍ വന്നലച്ചു:
‘ആ ഉറുമ്പുകളെ വീട്ടില്‍ത്തന്നെ തിരിച്ചുകൊണ്ടുവിടണം കേട്ടോ; അവയ്ക്കുമില്ലേ പ്രിയപ്പെട്ടവര്‍ ? എവിടെപ്പോയെന്നോ, എന്തുപറ്റിയെന്നോ അറിയാതെ വിഷമിക്കുകയാവും.’
ഏതോ സ്വപ്നലോകത്തില്‍നിന്നെന്ന പോലെ അയാള്‍ തുടര്‍ന്നു: ‘ഉറുമ്പിനായാലും മനുഷ്യനായാലും വേര്‍പാടിന്‍റെ വേദന ഒരുപോലെ
യല്ലേ ?’
 ഉറുമ്പിനോടുപോലും ഇത്ര കാരുണ്യമോ! അമൃത ആശ്ചര്യപ്പെട്ടു.
‘തന്നോടു ഞാനൊരു സ്വകാര്യം പറയട്ടേ ?’ സമാനഹൃദയനായ സുഹൃത്തിനോടെന്നപോലെ അയാള്‍ വാചാലനായി:
‘കഴിഞ്ഞതവണ നാട്ടിലേക്കു പോയപ്പോള്‍ കൊച്ചുമോള്‍ക്കായി ഒരുകവര്‍ ക്രീംബിസ്കറ്റ് കരുതിയിരുന്നു. അവിടെച്ചെന്നു തുറന്നുനോക്കിയപ്പോള്‍ നിറയെ ഉറുമ്പുകള്‍; എന്‍റെ വാടകവീട്ടിലെ അന്തേവാസികളായ ഉറുമ്പുകള്‍. എല്ലാറ്റിനേം ഒരു കുപ്പിക്കുള്ളിലാക്കി, ബിസ്കറ്റും പൊടിച്ചിട്ട് അടച്ചുവച്ചു.രാത്രിമുഴുവന്‍ ആ ഉറുമ്പുകളെപ്പറ്റി ഓര്‍ത്തു വിഷമിച്ച് ഉറങ്ങാതെ കിടന്നു. പിറ്റേദിവസം തിരിച്ചുകൊണ്ടു വിട്ടേപ്പിന്നാ സമാധാനമായാത്.
  എടാ മോനേ നീ ഇത്രനേരം എവിടാരുന്നെടാ? ഞാന്‍ നിന്നെ എവിടെല്ലാം തിരഞ്ഞു എന്ന്‍ ശാസിച്ച്  മകനെ ആശ്ലേഷിക്കുന്ന ഉറുമ്പമ്മയുടെയും ഉറുമ്പച്ഛന്‍റെയും ആനന്ദക്കണ്ണീരും ഉറുമ്പുസഹോദരങ്ങളുടെ കൂടിച്ചേരലിന്‍റെ ആഹ്ലാദവും വിരഹാര്‍ത്ത യായ കാമുകിയെ ആലിംഗനംചെയ്യുന്ന കാമുകനുറുമ്പിന്‍റെ നിര്‍വൃതിയും എല്ലാം സ്വപ്നംകണ്ട് അന്നുരാത്രി ഞാന്‍ സുഖമായുറങ്ങി’
‘നല്ല കഥ ‘ അവള്‍ പറഞ്ഞു.
‘കഥയോ? ഇതു കഥയല്ല; നഗ്നമായ സത്യം’ അയാള്‍ തിരുത്തി.
‘താങ്കള്‍ ഉറുമ്പുകളെക്കുറിച്ചു പഠിച്ചിട്ടുണ്ടോ?’ അവള്‍ ചോദിച്ചു.
‘പഠിക്കാനെന്തിരിക്കുന്നു? സഹജീവികളെ അറിയാത്തവന്‍ എഴുത്തുകാരനാവുന്നതെങ്ങനെ ? ഉറുമ്പുകള്‍ക്കു മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും വിചാരവികാരങ്ങളുണ്ട്; അതൊക്കെ പ്രകടിപ്പിക്കാറു മുണ്ട്.’ അയാള്‍ വിശദീകരിച്ചു.
   ‘വിശേഷബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യന്‍മാത്രം ബന്ധങ്ങളെ മറക്കുകയും വിചാരവികാരങ്ങളെ മറയ്ക്കുകയും ചെയ്യുന്നു. അല്ലേ സര്‍?’ ഒരു തത്വജ്ഞാനിയെപ്പോലെ അവള്‍ ചോദിച്ചു.
   അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു:
‘തനിക്കും ലേശം വട്ടുണ്ട്; അതായിരിക്കാം എന്‍റെ കഥകള്‍ ഇഷ്ടമായത്. കുയിലിന്‍റെ പാട്ടും കിളിയുടെ കൊഞ്ചലും പ്രാവിന്‍റെ കുറുകലും തവളയുടെ കരച്ചിലും പാമ്പിന്‍റെ ശീല്‍ക്കാരവും ഒക്കെയൊന്നു ശ്രദ്ധിക്കുക, അവയുടെ ഭാഷ തനിക്കും മനസ്സിലാവും.’
  മേല്‍വിലാസവും ഫോണ്‍നമ്പരുമുള്ള കാര്‍ഡുനീട്ടി അയാള്‍ പറഞ്ഞു: ഇതിരിക്കട്ടെ; വിളിക്കണം.’
   അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ പ്രിയമുള്ള ഒരാള്‍ അകന്നു പോകുന്നതിന്‍റെ  വേദന അവളറിഞ്ഞു.
   വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഉടനേ അവള്‍ ഉറുമ്പിന്‍താവളം തേടിപ്പിടിച്ചു; ഭക്ഷണപ്പാത്രം തുറന്ന് ഉറുമ്പുകളെ അവരുടെ പ്രിയപ്പെട്ടവര്‍ക്കരികില്‍ വിട്ടു.
   ഇഷ്ടകഥാകാരന്‍റെ വട്ട് തന്നിലേക്കും പടരുന്നത്‌ അമൃത അറിഞ്ഞതേയില്ല.

4 comments:

  1. നന്നായി ചേച്ചീ ..എനിക്കീ കഥ വായിക്കുമ്പോള്‍ പഴയകാലത്തെ ഒരു കഥ വായിച്ചപോലെ ..എഴുതിയ ശൈലി ആയിരിക്കും അതിനു കാരണം എന്ന് തോന്നുന്നു .ആശംസകള്‍ ..

    ReplyDelete
    Replies
    1. രണ്ടായിരത്തി ഏഴില്‍ എഴുതിയതാണ് .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി , സന്തോഷം

      Delete
  2. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഇണകളുണ്ട് . ഇണ ചേര്‍ന്നു കുഞ്ഞുങ്ങളാകുന്നു കുടുംബമാകുന്നു അങ്ങനെയൂള്ള ജീവികളുടെ ലോകത്തില്‍ മനുഷ്യനുള്‍പ്പെടെ ഉറുമ്പു പോലും !

    സ്നേഹമെന്താണന്നും പ്രിയപ്പെട്ടവരോടു അതെങ്ങനെയാണു പ്രകടിപ്പിക്കുന്നതെന്നും ഒരു കൊച്ചു ജീവിയില്‍ നിന്നും അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യനു പഠിക്കാന്‍ കഴിഞ്ഞു.

    “അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ പ്രിയമുള്ള ഒരാള്‍ അകന്നു പോകുന്നതിന്‍റെ വേദന അവളറിഞ്ഞു.”

    ഫോണ്‍ നമ്പരും മേല്‍വിലാസവുമുള്ള കാര്‍ഡ് കിട്ടിയാല്‍ ഞാന്‍ അവളെ അയാളുടെ അടുത്തെത്തിക്കാമയിരുന്നു. അപ്പോള്‍ നമുക്കും കാണാം രണ്ടു മനുഷ്യ ജീവികളുടെ സ്നേഹപ്രകടനം.
    അല്ലേ ചേച്ചി.....?

    ReplyDelete
  3. sri bakkarintey oru cinimayil maricha vykthiyuday (savam) marana samayathintey dhyrkkym kattitharunnathu oilicirangia umineeril arikkunn urumbukaluday closuo shotilooday aanu..................keracerey nal...... aa dresyam enney vallathey valachirunnu...................mangalaum nerunnu sarojam maminu.......

    ReplyDelete