Wednesday 28 December 2016

സിംഹമുദ്ര (കഥ)

           
                   

               ആ പഴയ ബംഗ്ലാവിന്‍റെ മുറ്റത്ത്‌ ഒഴുകുന്ന  കൊട്ടാരം പോലെ ഒരു കാര്‍ വന്നുനിന്നു. പത്രവായനയില്‍ മുഴുകിയിരുന്ന  വൃദ്ധന്‍ മുഖമുയര്‍ത്തിനോക്കി. കാറിന്‍റെ  വാതില്‍ തുറന്ന്‍ സുമുഖനായൊരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു. അയാള്‍ വൃദ്ധന്‍റെ  പാദങ്ങളില്‍ വീണു നമസ്‌കരിച്ചു.
കാലുകള്‍ പുറകോട്ടു വലിച്ചുകൊണ്ട് വൃദ്ധന്‍ ചോദിച്ചു:
നിങ്ങളാരാണ്?
അവിടുന്ന്‍  എന്‍റെ  ഗുരുവാണ്, എന്നെ ഞാനാക്കിയ മഹാഗുരു.
നിങ്ങള്‍ക്ക് ആളുതെറ്റിയതാവും. വൃദ്ധന്‍ പറഞ്ഞു.
ഇല്ല, ഞാനന്വേഷിച്ചത് അങ്ങയെത്തന്നെയാണ് .
എന്താ പേര് ?
ഹരികൃഷ്ണന്‍
വീട്?
പുഴക്കര
വൃദ്ധന്‍ കണ്ണട നേരെയാക്കി, പഞ്ഞിപോലുള്ള താടിരോമങ്ങള്‍ ഉഴിഞ്ഞുകൊണ്ട് അയാളെ ചുഴിഞ്ഞുനോക്കി. ആ വിളറിയ കണ്ണുകളില്‍ സ്മൃതിരേഖകള്‍ തെളിഞ്ഞു. ആശ്ചര്യസ്മിതത്തോടെ അദ്ദേഹം ചോദിച്ചു:
മെരുങ്ങാത്ത സിംഹക്കുട്ടി ... അല്ലേ?
അയാള്‍ ചിരിച്ചു.
വൃദ്ധന്‍ വാത്സല്യപൂര്‍വ്വം അയാളെ ആലിംഗനം ചെയ്തു.
അയാള്‍ വിനയാന്വിതനായി നിന്നു.
നായകനായില്ലേ?
ആയി.
  നാടകത്തിലോ ജീവിതത്തിലോ ?
 സിനിമയില്‍ .
ആ ചെറുപ്പക്കാരന്‍റെ  ആത്മാഭിമാനം സ്ഫുരിക്കുന്ന  മുഖത്തുനോക്കി വൃദ്ധന്‍ ചോദിച്ചു:
ഇപ്പോള്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം?
അങ്ങയോട് നന്ദി പറയണം, അത്രമാത്രം ഞാനങ്ങയോട് കടപ്പെട്ടിരിക്കുന്നു.
ഇരുവരും പുഴക്കരസ്‌കൂളിലെ ക്ലാസ്മുറിയിലേക്ക് വഴുതിവീണു. അവിടെ കുറേ കുട്ടികളും അഞ്ചുപേരടങ്ങുന്ന  ഒരുപദേശകസംഘവും ഉണ്ടായിരുന്നു.. വൃദ്ധന്‍  ഉപദേശകസംഘത്തെ നയിക്കുന്ന  പ്രഗത്ഭമതിയായ മനശാസ്ത്രജ്ഞനും. അയാള്‍ പ്രശ്‌നക്കാരനായ കുട്ടിയുമായി.
ഒന്നാം  ഉപദേശകന്‍ കുട്ടിയെ മാറ്റിനിര്‍ത്തി ചോദിച്ചു
എന്താടാ നിന്‍റെ  പ്രശ്‌നം ?
അത് ഞാനെന്തിനാ സാറിനോട് പറയുന്നത്? എല്ലാം കേട്ടോണ്ട് സാറങ്ങു പോവൂല്ലേ?
ഉപദേശകന്‍ വെടിെകാണ്ട വെരുകിനെപ്പോലെ സ്റ്റാഫ്‌റൂമിലേക്കു പാഞ്ഞു, മനശാസ്ത്രജ്ഞനോട് പരാതിപ്പെട്ടു: അവന്‍ മഹാനിഷേധിയാ, തര്‍ക്കുത്തരം പറയുന്നു. കുടഞ്ഞുപിടിച്ചുള്ള നില്പുകണ്ടില്ലേ, സിംഹത്തെപ്പോലെ!
രണ്ടാം ഉപദേശകന്‍ കുട്ടിയുടെ അടുക്കല്‍ ചെന്ന്‍  സൗമ്യതയോടെ ചോദിച്ചു:
കുട്ടീ, നിനക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ?
കുട്ടി  അദ്ദേഹത്തിന്‍റെ  കാതില്‍ ഒരു രഹസ്യം പറഞ്ഞു.
ധിക്കാരീ, നീയെന്നെ പരിഹസിക്കുന്നോ? ഉപദേശകന്‍ ദേഷ്യപ്പെട്ടി റങ്ങിപ്പോയി, മനശാസ്ത്രജ്ഞനോട് പരാതിപ്പെട്ടു: ആ കുരുത്തംകെട്ടവന്‍ എന്നെയും  അപമാനിച്ചു.
പ്രശ്‌നം സ്റ്റാഫ്‌റൂമില്‍ ചര്‍ച്ചാവിഷയമായി.
ഹരീ, നീയെന്തിനാ അവരെ അപമാനിച്ചത്? ക്ലാസ്സദ്ധ്യാപകന്‍ വന്ന്‍ കുട്ടിയെ മൃദുവായി ശാസിച്ചു.
അപമാനിക്കയോ? ഇല്ല മാഷേ.
നിന്‍റെ  നന്മയ്ക്കുവേണ്ടിയല്ലേ കൗണ്‍സിലിംഗ്  ചെയ്തത്? സത്യം പറ, നീയെന്താ പറഞ്ഞത്?
കൗസിലിംഗില്‍ ചോദിക്കുന്നതും പറയുന്നതും പുറത്തുപറയരുതെന്ന്‍ മാഷല്ലേ പറഞ്ഞത് ?
കാര്യങ്ങളിത്രയുമായ സ്ഥിതിക്ക് എന്താണുണ്ടായതെന്നു  പറ. പ്രശ്‌നം പരിഹരിക്കണ്ടേ നമുക്ക്?
കുട്ടി  സത്യം പറഞ്ഞു.
സ്റ്റാഫ്‌റൂമില്‍ ചര്‍ച്ച പുരോഗമിച്ചു.
എന്‍റെ  ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയാണ് ഹരികൃഷ്ണന്‍. നിങ്ങള്‍ അവനെ മനസ്സിലാക്കിയില്ല. ക്ലാസദ്ധ്യാപകന്‍ കുട്ടിയുടെ പക്ഷം ചേര്‍ന്നു.
അവനെ ഞാനൊന്നു  കാണട്ടെ . മനശാസ്ത്രജ്ഞന്‍ കുട്ടിയുടെ അരികിലെത്തി. ഒരു കൈകൊണ്ട് കുട്ടിയെ ചേര്‍ത്തുപിടിച്ചു. മറുകൈകൊണ്ട് അവന്‍റെ  ചുരുണ്ടിടതൂര്‍ന്ന  തലമുടിയില്‍ തഴുകിക്കൊണ്ട് അദ്ദേഹം സ്‌നേഹപൂര്‍വ്വം നിര്‍ദ്ദേശിച്ചു:
ഉടുപ്പഴിക്കൂ മോനെ
കുട്ടി  ഉടുപ്പഴിച്ചു
മന:ശാസ്ത്രജ്ഞന്‍റെ  വിരലുകള്‍ മെല്ലെമെല്ലെ താഴേക്കിഴഞ്ഞു. കുട്ടിയുടെ രോമം കിളിര്‍ത്ത മുഖത്തും വിരിഞ്ഞ നെഞ്ചത്തും വാത്സല്യപൂര്‍വ്വം ഉഴിഞ്ഞുഴിഞ്ഞ്, മുതുകിലൂടെ താഴേക്ക്......
കുട്ടി  തിടുക്കപ്പെട്ട്  നിക്കറൂരാന്‍ തൂടങ്ങി.
വേണ്ട മോനെ, മന:ശാസ്ത്രജ്ഞന്‍ തടഞ്ഞു.
എന്‍റെ  പ്രശ്‌നമല്ലേ മാഷേ നിങ്ങളുടെ ചര്‍ച്ചാവിഷയം?
അവന്‍റെ  സ്വരത്തില്‍ പുച്ഛവും ഭാവത്തില്‍ നിഷേധവും മുറ്റിനിന്നു.    സാറെന്നെ  കൗണ്‍സിലിംഗ്  ചെയ്യുന്നത് ഞാനൊന്നു  കാണട്ടെ  എന്ന  മട്ടിലാണ് അവന്‍റെ  നില്പ്. ധാര്‍ഷ്ട്യത്തോടുകൂടിയ ആ നില്പുകണ്ട് മന:ശാസ്ത്രജ്ഞന്‍ പുഞ്ചിരിപൊഴിച്ചു. അവന്‍റെ  മസിലുമുളച്ച കൈകളില്‍ തഴുകിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു:
നോക്കൂ മോനെ, നീയെത്ര സുന്ദരനാണ്! ചുരുണ്ട മുടി, വിരിഞ്ഞ വക്ഷസ്സ്, മസിലുള്ള കൈകാലുകള്‍ ........
അവന്‍ അക്ഷമയോടെ ഇടയ്ക്കുകയറിപ്പറഞ്ഞു:
അതൊന്നുമല്ല മാഷേ എന്‍റെ  പ്രശ്‌നം.
ആട്ടെ , മോന്‍റെ  ചന്തി മോശമാണെന്നാരാ പറഞ്ഞത്?
മന:ശാസ്ത്രജ്ഞന്‍ പ്രശ്‌നത്തിലേക്കു കടന്നു.
കുട്ടി  മനസ്സു തുറന്നു : എനിക്ക് ഷര്‍ട്ട്  ഇന്‍ ചെയ്യാന്‍ പറ്റുന്നില്ല മാഷേ.
അതെന്താ?
ഇംഗ്ലീഷിലെ 'വി' പോലിരിക്കുന്നു  എന്നു  പറഞ്ഞ് കൂട്ടുകാരൊക്കെ കളിയാക്കുന്നു.
അത്രേയുള്ളോ?
ആനിവേഴ്‌സറിക്ക് നാടകം കളിച്ചപ്പം നായകവേഷത്തിന് കൊള്ളില്ലെന്നു  പറഞ്ഞ് എന്നെ ഒഴിവാക്കി. അതും ഞാനെഴുതിയ നാടകത്തീന്ന്‍ .
മന:ശാസ്ത്രജ്ഞന്‍ കുട്ടിയുടെ തോളത്ത് കൈവച്ചുകൊണ്ട് അതിശയഭാവത്തില്‍ ചോദിച്ചു:
മോന്‍ നാടകമെഴുതുമോ?
എഴുതുക മാത്രമല്ല മാഷേ, അഭിനയിക്കുകയും ചെയ്യും.
മിടുക്കന്‍. അദ്ദേഹം അവനെ അഭിനന്ദിച്ചു.
മാഷേ, എനിക്കു നായകനാവാന്‍ പറ്റില്ലേ?
പിന്നെന്താ ? തീര്‍ച്ചയായും പറ്റും. മോന്‍ സിംഹത്തെ കണ്ടിട്ടുണ്ടോ?
ഉം.
അവന്‍റെ  പിന്‍ഭാഗം തീരെ ഒതുങ്ങിയതല്ലേ? എിന്നിട്ടും  അവന്‍ കാട്ടിലെ രാജാവായില്ലേ?
കുട്ടി  മന:ശാസ്ത്രജ്ഞന്‍റെ  മുഖത്ത് മിഴിച്ചുനോക്കി.
മോനൊന്നും  മനസ്സിലായില്ല, അല്ലേ? തല്ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി, മോന്‍ വളര്‍ന്ന്‍  മിടുക്കനാവും, സിംഹത്തെപ്പോലെ കരുത്തനാകും.

തേമ്പിയ ചന്തിയില്‍ അഭിമാനപൂര്‍വ്വം തഴുകിക്കൊണ്ട് കുട്ടി  വീട്ടി ലേക്കോടി. വഴിയില്‍ കണ്ട പട്ടിയോടും പൂച്ചയോടുമൊക്കെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:

ഞാന്‍ സിംഹമാണ്, കരുത്തനായ സിംഹം!

No comments:

Post a Comment