Sunday 1 January 2017

യാത്രകളാല്‍ അനുഗ്രഹീതമായ 2016

       

                                                       @കഞ്ചന്‍ജംഗ, സിക്കിം

കാണാക്കാഴ്ചകളിലേക്ക് കണ്ണുതുറന്ന് കാലെത്തുന്ന ദൂരത്തോളം നടന്നുതീര്‍ത്ത ധന്യവര്‍ഷമായിരുന്നു എനിക്ക് 2016. കുളവാഴപ്പൂക്കളുടെ മണമുള്ള കാറ്റേറ്റ്, കുമരകം കായലിലെ കഞ്ഞോളങ്ങളോടു കഥപറഞ്ഞിരുന്ന നിലാവുള്ള രാത്രികളും  പച്ചപ്പുകളതിരിട്ട കായല്‍പ്പരപ്പിലൂടെയുള്ള  തോണിയാത്രയും കായലിനഭിമുഖമായുള്ള കുടില്‍വാസവും  ബട്ടര്‍ഫ്‌ളൈ പാര്‍ക്കിലെ ശലഭക്കാഴ്ചകളും പക്ഷിസങ്കേതത്തിലൂടെയുള്ള ചുറ്റിനടത്തവും ജനുവരിയുടെ നിറവുകളായി. കാനായിയുടെ മത്സ്യകന്യകയോട് ഹൃദയരഹസ്യങ്ങള്‍ പങ്കുവച്ച പകല്‍വേളകളും പാല്‍നുരപോലുള്ള വെള്ളിക്കണ്ണുകളാല്‍ പ്രണയനോട്ടമെറിഞ്ഞടുക്കുന്ന കടല്‍ത്തിരകളുടെ സ്പര്‍ശസുഖമറിഞ്ഞും ഉപ്പുമണക്കുന്ന കടല്‍ക്കാറ്റിന്റെ വികൃതികളാസ്വദിച്ചും മണല്‍പ്പരപ്പില്‍ സ്വയംമറന്നിരുന്ന ശംഖുംമുഖസന്ധ്യകളും കോവളംബീച്ചില്‍ സ്‌നേഹിതരോടൊപ്പം ഉല്ലസിച്ചുനടന്ന പകല്‍നേരങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനവും കുതിരമാളികയിലെ വിചിത്രമായ മണിയുണര്‍ത്തിയ കൗതുകവുമൊക്കെ ഫെബ്രുവരിയുടെ ആദ്യപകുതിയെ പ്രിയ തരമാക്കി .


                                                         @ഭൂട്ടാന്‍ അതിര്‍ത്തി 

അവസാനത്തെ ഷാങ്ഗ്രില എന്നു വിശേഷപ്പേരുള്ളതും ലോകത്തിലെ ഏക ബുദ്ധിസ്റ്റുരാജ്യവുമായ ഭൂട്ടാനിലൂടെയുള്ള യാത്ര ഫെബ്രുവരിയിലെ അവസാനത്തെ 16 ദിവസം നീണ്ടുനിന്നു.  മാസങ്ങള്‍ കഴിഞ്ഞിട്ടും തണുത്തുവിറച്ച ദിനരാത്രങ്ങളും സുഖദര്‍ശനം പകര്‍ന്നുനല്‍കിയ വൃക്ഷനിബിഡമായ മലനിരകളും ചിത്രസമാനമായ താഴ്‌വരകളും 
                                                       തിംഫുതാഴ്‌വര

ഏകതാനതപുലര്‍ത്തുന്ന വീടുകളും നിഷ്‌കളങ്കരായ മനുഷ്യരും പാരോവിമാനത്താവളവും ടൈഗേഴ്‌സ് നെസ്റ്റും പാരോനദിയും റിന്‍പുങ് ദ്‌സോങ്ങും തിംഫുവിലെ രാജധാനിയും ബുദ്ധപോയിന്റും 

                                             ബുദ്ധപോയിന്‍റ്,തിംഫു
മെമ്മോറിയല്‍ ചോര്‍ട്ടനും ഫോക്ക് ഹെരിറ്റേജ് മ്യൂസിയവും ക്ലോക്ക്ടവറും, നെയ്ത്തുബംഗ്ലാവും പുനാഖയിലെ സുഖാനുഭൂതികളുടെ കൊട്ടാരവും വിശുദ്ധകിറുക്കന്റെ ആശ്രമവും ദോച്ചുലചുരവുമൊക്കെ ഇന്നും ഓര്‍മ്മച്ചെപ്പില്‍ ഒളിമങ്ങാതിരിക്കുന്നു. ജെയിംസ് ഹില്‍ട്ടന്റെ ലോസ്റ്റ് ഹൊറൈസണ്‍ എന്ന നോവലില്‍ വിവരിക്കുന്ന ഷാംഗ്രിലയില്ലേ, അത് ഭൂട്ടാനാണെന്നാണ് പലരും പറയുന്നത്. ബംഗാളിലെ തിരക്കേറിയതും വൃത്തിഹീനവുമായ വാണിജ്യനഗരത്തിന് തൊട്ടപ്പുറത്ത്, ഹിമാലയത്തിന്റെ മടിത്തട്ടില്‍, വൃത്തിയും വെടിപ്പുമുള്ള, ശാന്തിയും സമാധാനവും നിറഞ്ഞ, സ്വര്‍ഗ്ഗസുന്ദരമായൊരു കൊച്ചുരാജ്യമുണ്ടെന്നത് കൗതുകകരംതന്നെ. അതിര്‍ത്തികവാടത്തിനപ്പുറത്തേക്കു കാലെടുത്തുവച്ചാല്‍ ദൃശ്യമാകുന്നത് ചിത്രാലംകൃതമായ വീടുകളും പീടികകളും. ഉറുമ്പിനെപ്പോലും നോവിക്കാതെ മെല്ലെ നടന്നുനീങ്ങുന്ന സൗമ്യപ്രകൃതികളായ മനുഷ്യര്‍.  എല്ലാവരും പരമ്പരാഗതവസ്ത്രമണിഞ്ഞവര്‍. 
               (ദേശീയ വസ്ത്രമണിഞ്ഞ്  നൃത്തംചെയ്യുന്ന  യുവതീയുവാക്കള്‍)
                               
                    കുടിയേറ്റക്കാരായ നേപ്പാളികളും  ഭൂട്ടാണികളും കൂടിക്കലര്‍ന്ന അതിര്‍ത്തിജില്ലയായ ഫുണ്‍ഷോലിംഗ് ഒരു വാണിജ്യനഗരമാണെങ്കിലും തിക്കും തിരക്കുമില്ല, ജനബാഹുല്യവുമില്ല.  പടിപടിയായി ഉയര്‍ന്ന്, തട്ടുതട്ടായി കിടക്കുന്ന ഭൂട്ടാന്റെ പ്രകൃതിഭംഗികള്‍ വിവരണാതീതം. രാജ്യവിസ്തൃതിയുടെ അറുപതുശതമാനവും സംരക്ഷിതവനങ്ങളാണ്. അതുകൊണ്ടുതന്നെ കാര്‍ബണ്‍മുക്തവും പരിസ്ഥിതി സൗഹൃദവുമാണ.്  വിചിത്രമായൊരു ഭരണക്രമവും ആചാരരീതികളുമാണിവിടെ. 
                                                    റിന്‍ പുന്ഗ്  ദ്സോന്ഗ്
എവിടെയും കാവിച്ചുവപ്പണിഞ്ഞ ബുദ്ധസന്യാസിമാരെ കാണാം. ഭരണകാര്യങ്ങളിലും നീതിനിര്‍വ്വഹണത്തിലുമെല്ലാം പുരോഹിതസഭ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യമാണ് ഇപ്പോള്‍ നിലവിലുള്ളതെങ്കിലും രാജാവാണ് ഭരണത്തലവന്‍. ആകെ ജനസംഖ്യ ഏഴുലക്ഷം. പരമ്പരാഗതശൈലിയില്‍ നിര്‍മ്മിച്ച ഒരേപോലുള്ള വീടുകള്‍. ജനങ്ങളുടെ ആനന്ദമാണ് രാജ്യപുരോഗതിയുടെ അളവുകോല്‍. സന്തോഷവും സമാധാനവുമാണ് നാടിന്റെ മുഖമുദ്ര. സന്തോഷം എല്ലാവര്‍ക്കും തുല്യമായി വിതരണംചെയ്യുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. 


                                   മുന്‍പത്തെരാജാവും ഇപ്പോഴത്തെ രാജാവും 

 ' ഞങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടുകണ്ടറിയുന്ന രാജാവാണ് ഞങ്ങളെ ഭരിക്കുന്നത്. ഇവിടെ സമാധാനമുണ്ട്. യുദ്ധങ്ങളില്ല. ഉള്ളതുകൊണ്ട് തൃപ്തരാണു ഞങ്ങള്‍' എന്നാണ് സാധാരണജനങ്ങള്‍ പറയുന്നത്. ഇവിടെ കൃഷിയിലും കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നതധികവും സ്ത്രീകളാണ്.  വഴിയോരക്കച്ചവടമില്ല, കടകളില്‍ വിലപേശലില്ല. ആട്ടോറിക്ഷകളില്ല. ദൂരയാത്രകള്‍ക്ക് ടാക്‌സികളെയാണ് ആശ്രയിക്കുന്നത്. നഗരങ്ങളില്‍ ചെറിയ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും വളരെ പരിമിതം.


    ദ്രുക് (വ്യാളി) - ഒരു  ചുവര്‍ചിത്രം 

ദ്രുക്ക് യൂല്‍ (വ്യാളിയുടെ നാട്) എന്നാണ് ഭൂട്ടാനികള്‍ അവരുടെ നാടിനു നല്‍കിയിരിക്കുന്ന പേര്. രാജാവിന് ദ്രുക് ഗ്യാല്‍പോ എന്നും പറയും. ടിബറ്റന്‍ ബൂദ്ധിസത്തെ കലര്‍പ്പില്ലാതെ കാത്തുപോരുന്ന മതാധിഷ്ടിത രാജ്യമാണിത്. ഇന്ത്യയില്‍നിന്നും ടിബറ്റിലെത്തിയ ഗുരു പത്മസംഭവനാണ് ഇവിടെ ബുദ്ധമതം പ്രചരിപ്പിച്ചത്. പാരോയിലുള്ള ലോകപ്രസിദ്ധമായ ടൈഗേഴ്‌സ് നെസ്റ്റ്  എന്നറിയപ്പെടുന്ന ബുദ്ധക്ഷേത്രം അദ്ദേഹത്തിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. 
                                                പ്രാര്‍ഥനാ പതാകകള്‍ 
ആരാധനാലയങ്ങളിലും പാതയോരങ്ങളിലും മലകളുടെ ഉച്ചിയിലുമെല്ലാം ബഹുവര്‍ണ്ണങ്ങളിലുള്ള പ്രാര്‍ത്ഥനാപതാകകള്‍. ലോകസമാധാനത്തിനായി ബുദ്ധന്മാരുടെ സംഭാവനകളാണ് പ്രാത്ഥനകളും മന്ത്രങ്ങളുമെഴുതിയ പതാകകള്‍. അവ കാറ്റില്‍ പാറുന്ന കാലത്തോളം അതിലെഴുതിയിരിക്കുന്ന പ്രാര്‍ത്ഥനകളുടെ ഫലം ലോകമെങ്ങും എത്തുമെന്നാണ് വിശ്വാസം. ആരാധനാലയങ്ങളിലും സന്യാസമഠങ്ങളിലുമെല്ലാം ചുറ്റോടുചുറ്റും പ്രാര്‍ത്ഥനാചക്രങ്ങളുണ്ട്. അവ കൈകൊണ്ടുകറക്കി, ഘടികാരക്രമത്തില്‍ മുന്നോട്ടുനീങ്ങിയാണ് ക്ഷത്രങ്ങളെ വലംവയ്ക്കുന്നത്. 

                                                  തിംഫുവിലെ  സ്മാരകസ്തൂപം

എവിടെയും ബുദ്ധക്ഷേത്രങ്ങളും സ്തൂപങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്നു. ഇവിടത്തെ സംഗീതവും കലയുമെല്ലാം ബുദ്ധമതാധിഷ്ഠിതമാണ്. സാഹിത്യം, സിനിമ എന്നിവ വളരാന്‍ തുടങ്ങുന്നതേയുള്ളൂ.
ജൈവകൃഷിയും കാലിവളര്‍ത്തലുമാണ് ജനങ്ങളുടെ വരുമാനമാര്‍ഗ്ഗങ്ങള്‍. ധാരാളം നദികളാല്‍ സമ്പുഷ്ടമായ ഭൂട്ടാനില്‍ വൈദ്യുതിയാണ് പ്രധാന കയറ്റുമതിയുത്പന്നം. തലസ്ഥാനമായ തിംഫുവില്‍ ഒരു വിമാനത്താവളംപോലുമില്ല. ട്രാഫിക് സിഗ്നലുകളില്ല. രാജ്യത്താകെയുള്ളത് ഒരേയൊരു ദേശീയപാത.  
                                              പാരോവിമാനത്താവളം
രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളം പാരോ പട്ടണത്തിലാണ്. ഉന്നതവിദ്യാഭ്യാസത്തിനും അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കും അവര്‍ ഇന്ത്യയെ ആശ്രയിക്കുന്നു. നെഹ്‌റുവിന്റെ കാലംമുതല്‍ തുടങ്ങിയതാണ് ഇരുരാജ്യങ്ങളുംതമ്മിലുള്ള ഗാഢമായ സൗഹൃദം. 
                                        തിംഫുവിലെ ഡച്ചന്‍ചോലിംഗ്  കൊ ട്ടാരം                                             നയതന്ത്രകാര്യങ്ങളിലുള്‍പ്പെടെ  ഇന്ത്യയുടെ സ്വാധീനമുണ്ട്. 
ഇ ന്ത്യാക്കാര്‍ക്ക് ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ പാസ്‌പോര്‍ട്ടും വിസയും ആവശ്യമില്ല.  ഇമിഗ്രേഷന്‍ ഓഫീസില്‍  തിരിച്ചറിയല്‍ കാര്‍ഡുമായിച്ചെന്ന്‌  പെര്‍മിറ്റുവാങ്ങിയാല്‍ മതി. ഭൂട്ടാനികള്‍ക്ക് ഇന്ത്യയിലേക്ക്‌ വരാന്‍  പെര്‍മിറ്റുപോലും വേണ്ട .



എണ്‍പതുകളുടെ അവസാനംവരെയും ഇന്ത്യയിലെ ഒരാദിവാസി ഗ്രാമംപോലെ അവികസിതമായിരുന്നു മലകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഭൂട്ടാന്‍. അന്യസംസ്‌കാരങ്ങളുടെ അധിനിവേശം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി റേഡിയോ, ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ ആധുനിക വിനിമയമാര്‍ഗ്ഗങ്ങള്‍  വേണ്ടെന്ന നിഷ്‌കര്‍ഷയായിരുന്നു ഭരണകൂടം പുലര്‍ത്തിയിരുന്നത്.  ഇത്തരം നിഷ്‌കര്‍ഷകളെ അവഗണിച്ച് പലരും  ഒളിച്ചുകടത്തുന്ന ഡിഷ് ആന്റിന ഉപയോഗിച്ച്  ഇന്ത്യയിലെ ടി.വിപരിപാടികള്‍ രഹസ്യമായി കാണാറുണ്ടായിരുന്നു എന്നതാണ് വാസ്തവം. പക്ഷേ പിടിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പായിരുന്നു. 1999 - ല്‍ നാലാം ഡ്രുക് ഗ്യാല്‍പോ ജിഗ്‌മെ സിംഗ്യേ വാങ്ചുക്കിന്റെ കിരീടധാരണ രജതജൂബിലിയോടനുബന്ധിച്ച് ജനങ്ങള്‍ക്കു നല്‍കിയ സൗജന്യങ്ങളാണ് രണ്ടായിരത്തിനുശേഷം ലഭ്യമായ ഇത്തരം ആധുനിക സംവിധാനങ്ങള്‍. ഇപ്പോള്‍ നമ്മുടെ  ദൂരദര്‍ശന്‍ മാതൃകയിലുള്ള ഒരു പബ്ലിക് സര്‍വ്വീസ് ടെലിവിഷന്‍ ചാനലും ഏതാനും സ്വകാര്യ എഫ്.എം. റേഡിയോ പ്രക്ഷേപണങ്ങളുമുണ്ട്. വിരസങ്ങളായ തദ്ദേശ ടെലിവിഷന്‍ പരിപാടികളെക്കാള്‍ ജനങ്ങള്‍ വിനോദത്തിനായി ആശ്രയിക്കുന്നത് ഇന്ത്യന്‍ ചാനലുകളെയും ബോളിവുഡ് സിനിമകളെയുമാണ്. വീടുകളില്‍ തപാലെത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവില്‍വന്നിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ .ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ബൂട്ടാനിലെ ജനങ്ങള്‍ ആധുനികതയിലേക്ക് ചുവടുവയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ്  നഗരപ്രദേശങ്ങളില്‍ ഇപ്പോള്‍ കാണുന്ന പരിഷ്‌കാരഭ്രമങ്ങളും ആഡംബരനിര്‍മ്മിതികളും. ചുറ്റുമുള്ള ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍ സ്വന്തം രാജ്യത്തെയും ജനതയെയും ഭരണാധികാരികള്‍ക്ക് എത്രകാലം പഴമയിലും പാരമ്പര്യത്തിലും തളച്ചിടാനാവും!
ആലപ്പുഴ ജില്ലയിലെ പ്രധാന ആകര്‍ഷണമായ ഹൗസ്‌ബോട്ടിലെ താമസവും വേമ്പനാട്ടുകായലിലൂടെയുള്ള യാത്രയും ജൂലൈമാസത്തിലായിരുന്നു. 
                                         പുന്നപ്ര വയലാര്‍ സ്മാരകം 
ചുവന്നവിപ്ലവത്തിന്റെ സാരഥികളില്‍ പലരും അന്ത്യവിശ്രമംകൊള്ളുന്ന പുന്നപ്രവയലാര്‍ സ്മാരകം, 
                                                 തകഴി സ്മാരകം 

ചെമ്മീനും കയറുമൊക്കെ വായനാലോകത്തിനു സമ്മാനിച്ച തകഴിയുടെ വീട്, കൈ നഷ്ടപ്പെട്ട കരുമാടിക്കുട്ടന്‍റെ പ്രതിഷ്ഠാലയം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തുള്ളല്‍പ്രസ്ഥാനത്തിന്‍റെ  ഉപജ്ഞാതാവായ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ സ്മാരകം  എന്നിവ സന്ദര്‍ശിച്ചതും ഈ യാത്രയിലായിരുന്നു.
                                                  @കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം 

പാലക്കാട് ജില്ലയിലെ ഇതിഹാസഭൂമികയായ തസ്രാക്കിലെ ഒ.വി.വിജയന്‍ സ്മാരകം സന്ദര്‍ശിച്ചത് ഒക്ടോബറിലും.
ഒ.വി.വിജയന്‍ സ്മാരകത്തില്‍ 

അത്യുത്സാഹത്തോടെ കാത്തിരുന്ന സിക്കിം സന്ദര്‍ശനം സാദ്ധ്യമായത് ഒക്ടോബറിലാണ്. ഭൂട്ടാനും സിക്കിമും ഹിമാലയത്തിന്‍റെ  ഇരട്ടസന്തതികളാണെന്നാണ് പറയപ്പെടുന്നത്. കാഴ്ചയ്ക്കും അങ്ങനെതന്നെ. ബുദ്ധമതത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും നന്മകള്‍ രണ്ടിടത്തും ദര്‍ശിക്കാം. ഗുരു പത്മസംഭവനുമായി ബന്ധപ്പെട്ട കഥകളും പുണ്യസ്ഥലങ്ങളും രണ്ടിടത്തും ധാരാളം. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും വലിയ വ്യത്യാസമൊന്നുമില്ല. ഭൂട്ടാനെപ്പോലെതന്നെ സിക്കിമും സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമാണ്.  പിന്നെ എന്താണ് വ്യത്യാസമെന്നുചോദിച്ചാല്‍ ഒറ്റവാചകത്തില്‍ ഇങ്ങനെ പറയാം.. സിക്കിം മതേതര ഇന്ത്യയിലെ ഒരു സംസ്ഥാനവും ഭൂട്ടാന്‍ സ്വതന്ത്രമായ ബുദ്ധിസ്റ്റ് രാജ്യവും. 
                                       മലമുകളിലൊരു  നഗരം - ഗാംഗ് ടോക് 

മലമുകളിലെ സുന്ദരി എന്നാണ് സിക്കിം അറിയപ്പെടുന്നത്. 
ബംഗാളിലെ ന്യൂജല്‍പായ്ഗുരി സ്റ്റേഷനില്‍നിന്ന് സിക്കിം തലസ്ഥാനമായ ഗാംങ്‌ടോക്കിലേക്കുള്ള യാത്ര ഒരു ട്രാവല്‍ ഏജന്‍സിയുടെ ഷെയര്‍ടാക്‌സിയിലായിരുന്നു. ചൈനയും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായതിനാല്‍ ഗാങ്‌ടോക്കൊഴികെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണ്. തിരിച്ചറിയല്‍ രേഖയും ഫോട്ടോകളും കാശും ഏജന്‍സിയെ ഏല്‍പിച്ചാല്‍മതി ബാക്കി ഏര്‍പ്പാടുകളെല്ലാം അവര്‍ ചെയ്തുകൊള്ളും. 

ആദ്യം പോയത് ചൈനീസ് അതിര്‍ത്തിയായ നാഥുലപാസിലേക്കുതന്നെ. അസഹ്യമായ തണുപ്പത്ത് ദുര്‍ഘടമായ മലമ്പാതയിലൂടെയുള്ള യാത്ര ഏറെ ക്ലേശകരമാണെങ്കിലും ചിരകാല  സ്വപ്നം സാക്ഷാത്കരിക്കുന്നതിന്‍റെ  ത്രില്ലുണ്ടല്ലൊ അത് പറഞ്ഞറിയിക്കാനാവില്ല. അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന ജവാന്‍മാരുടെ കൂട്ടത്തില്‍ കോഴിക്കോടുകാരനായ ബിനീഷ്‌കുമാറുമുണ്ടായിരുന്നു. മലയാളികളെ കണ്ടപ്പോള്‍ അയാള്‍ക്കെന്തൊരു സന്തോഷം!  വടക്കന്‍സിക്കിമിലെ ഗുരുഡോങ്മാര്‍ തടാകമായിരുന്നു  അടുത്ത ലക്ഷ്യം. മലയിടിച്ചിലില്‍ അത്യന്തം ദുര്‍ഘടമായ മലമ്പാതയിലൂടെ 127 കിലോമീറ്റര്‍ ദൂരം ഒറ്റയടിക്ക് താണ്ടുക അസാദ്ധ്യം. വഴിമദ്ധ്യേ ലാച്ചെനില്‍ രാത്രിതങ്ങി, വെളുപ്പിനേയുണര്‍ന്ന്, തുളച്ചുകയറുന്ന തണുപ്പില്‍, ശരീരത്തെ കമ്പിളിയില്‍പൊതിഞ്ഞ്  യാത്ര തുടങ്ങി. മഞ്ഞുതൊപ്പിയിട്ട മലനിരകളില്‍ സൂര്യവെളിച്ചത്തിന്‍റെ  വജ്രത്തിളക്കം. പട്ടാളബാരക്കുകളുടെ മുരള്‍ച്ച. കട്ടമഞ്ഞുപുതച്ച മലമുടികള്‍ക്കിടയില്‍ നീലാകാശച്ചുവട്ടില്‍ വലിയൊരു പളുങ്കുപാത്രംപോലെ നീലജലസമൃദ്ധമായ തടാകം.
                                            @ ഗുരുഡോന്ഗ്  മാര്‍  തടാകം 
 ഗുരു പത്മസംഭവന്‍റെ  പാദസ്പര്‍ശമേറ്റ പുണ്യസ്ഥാനം, ബുദ്ധന്മാരുടെ പുണ്യതീര്‍ത്ഥം. ഇവിടെനിന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് അഞ്ചുകിലോമീറ്റര്‍ ദൂരംമാത്രം. കാലാവസ്ഥ പ്രതികൂലമാവുംമുമ്പ് മടങ്ങേണ്ടതുള്ളതുകൊണ്ട് അധികനേരം അവിടെ ചെലവഴിക്കാനായില്ല. ലാച്ചുങ്ങില്‍ രാത്രി കഴിഞ്ഞിട്ട് പിറ്റേന്നുരാവിലേ ഇന്ത്യയിലെ ഉയരംകൂടിയ കൊടുമുടിയായ കഞ്ചന്‍ ജംഗയിലേക്കു പുറപ്പെട്ടു. അനിതരമായ പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹീതമായ ഭൂപ്രദേശങ്ങളിലൂടെയുള്ള ഈ യാത്ര വലിയൊരു സാഹസംതന്നെയായിരുന്നു. വാടകയ്‌ക്കെടുത്ത ബൂട്ടും കോട്ടുമണിഞ്ഞിട്ടും താങ്ങാനാവാത്ത തണുപ്പ്. വഴിയോരക്കച്ചവടക്കാര്‍ നല്‍കിയ ചൂടുള്ള പാനീയം വലിച്ചുകുടിച്ചു. പിന്നെ ചെറുപ്പക്കാരികളെ കടത്തിവെട്ടിക്കൊണ്ട് കട്ടമഞ്ഞില്‍ ചവിട്ടിയുള്ള മലകയറ്റം. ഒടുവില്‍ മലമുകളിലെത്തി! മഞ്ഞില്‍ ഇരുന്നും കിടന്നുമുള്ള വിജയാഘോഷം. ക്യാമറകള്‍ മത്സരിച്ചുപകര്‍ത്തിയിട്ടും മതിയാവാത്ത സ്വര്‍ഗ്ഗീയസൗന്ദര്യം. വഴിയില്‍ ഒരിടത്തുവച്ച് ജീപ്പിന്‍റെ  ടയര്‍ പഞ്ചറായതൊഴിച്ചാല്‍ അങ്ങോട്ടുള്ള യാത്രയില്‍ അനര്‍ത്ഥങ്ങളൊന്നുമുണ്ടയില്ല. 
                                                   ഡ്രൈവര്‍  ആരോണ്‍
മടക്കയാത്രയില്‍  ഡ്രൈവര്‍ കുഴഞ്ഞുപോയി. നാഡിമിടിപ്പ് അപകടകരമാംവണ്ണം താഴാന്‍തുടങ്ങി. വണ്ടി വഴിയിലൊതുക്കിയിട്ട്, അയാള്‍ക്കുവേണ്ട പരിചരണം ലഭ്യമാക്കി, വിശ്രമിക്കാനനുവദിച്ചു. രാത്രി വൈകിയാണ് യാത്രതുടര്‍ന്നത്. പിറ്റേദിവസം ഗാങ്‌ടോക്കിലെത്തി. പിന്നത്തെ രണ്ടുദിവസം ഗാങ്‌ടോക്കിലെ കാഴ്ചകളായിരുന്നു; എംജിമാര്‍ഗ്ഗ്, ഫ്‌ളവര്‍ഷോ, റോപ്പ്‌വേ, മൊണാസ്ട്രികള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി, സസ്യത്തോട്ടം, നിയമസഭാമന്ദിരം, ഗണേഷ് ടോക്ക് തുടങ്ങി നിരവധി കാഴ്ചകള്‍.  
                                               സിക്കിം നിയമസഭാ മന്ദിരം 

        ഗാന്ഗ് ടോക്  സന്ദര്‍ശനം കഴിഞ്ഞ്  ഞങ്ങള്‍ പെല്ലിംഗിലേക്ക് പോയി. അതും സാഹസകരമായ യാത്രതന്നെ. രാത്രിയോടെ ടൗണിലെത്തി. പെല്ലിംഗ് ടൂറിസ്റ്റുഭൂപടത്തില്‍ ഇടംപിടിച്ചത് അടുത്തകാലത്താണ്. കഞ്ചന്‍ജംഗ മലനിരകളും സൂര്യോദയവും അടുത്തുകാണാമെന്നതാണ്  ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. തെക്കേയിന്ത്യാക്കാരുടെ വകയാണ് ഇവിടത്തെ ഹോട്ടലുകളധികവും. അതിരാവിലെ ഉണര്‍ന്നെണീറ്റ് അടുത്തുള്ള ഹെലിപാഡിലേക്കു നടന്നു. മലമുടികളില്‍ ചുവപ്പ്, മഞ്ഞ, വെള്ള എന്നിങ്ങനെ വര്‍ണ്ണക്കുടമാറ്റം നടത്തുന്ന വസന്തസൂര്യോദയം നോക്കി ആശ്ചര്യപ്പെട്ടുനില്‍ക്കേ മഞ്ഞില്‍കുളിച്ചുനിന്ന പരിസരമാകെ മഴവില്ലഴകു പരന്നു. 
                                              പെല്ലിംഗിലെ സൂര്യോദയം 
മഴവില്ലിന്‍റെ  നിറങ്ങളേഴും പുതച്ചുനിന്ന ആ പ്രഭാതനിമിഷങ്ങള്‍ ജീവിതത്തിലെ അപൂര്‍വ്വസുന്ദരനിമിഷങ്ങളായി ഹൃദയത്തില്‍  പകര്‍ന്നു സൂക്ഷിക്കുന്നു . ദാരാപ്പ് എന്ന ആദിവാസിഗ്രാമം, റിമ്പിവാട്ടര്‍ഫാള്‍സ്, റിമ്പിനദിക്കരയിലെ ഓറഞ്ചുതോട്ടം, കഞ്ചെന്‍ജംഗ വാട്ടര്‍ഫാള്‍സ്, 
                                    പ്രദേശ വാസിക്കൊപ്പം @കഞ്ചന്‍ജംഗ വെള്ളച്ചാട്ടം

കെച്ചോപാല്‍രി തടാകം, സിങ്‌ഷോര്‍ തൂക്കുപാലം തുടങ്ങി നിരവധി വിസ്മയക്കാഴ്ചകളാണ് പെല്ലിംഗിനെ ഓര്‍ക്കുമ്പോള്‍ മനസ്സിലുണരുന്നത്. 
                                      സിംഗ്ഷോര്‍  തൂക്കുപാലം ,പെല്ലിംഗ് 

                                             @കൊണാര്‍ക്ക്‌ സൂര്യക്ഷേത്രം 

ഒറീസയില്‍ പുരിയിലെ ജഗന്നാഥക്ഷേത്രം, കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, ചന്ദ്രഭാഗ  ബീച്ച്, കരകൗശലനിര്‍മ്മിതിക്കു പേരുകേട്ട പിപ്പിലി  തുടങ്ങിയ സ്ഥലങ്ങള്‍  സന്ദര്‍ശിച്ചത്  സിക്കിമിലേക്ക്  പോകുന്ന വഴിക്കാണ് . മനോഹരമായ കരകൌശല  വസ്തുക്കളുമായി  ഡല്‍ഹിയുള്‍പ്പെടെ  ഉത്തരേന്ത്യയിലുടനീളം  പ്രദര്‍ശനസ്റ്റാളുകളില്‍  സജീവസാന്നിദ്ധ്യമായ സുലോചന മഹാപാത്രയെയും  കരകൌശല വസ്തുക്കളുടെ  നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റിഹാന്‍കുടുംബത്തെയും പരിചയപ്പെടാന്‍ സാധിച്ചതിലുള്ള സന്തോഷം  ചെറുതല്ല .
       @ പിപ്പിലി - സുലോചന മഹോപാത്രയുടെ കരകൌശലക്കടയില്‍

        ഭൂട്ടാന്‍ യാത്രയ്ക്കിടയിലാണ്  ഡാര്‍ജിലിംഗ് സന്ദര്‍ശിക്കാന്‍  ഒരവസരം വീണുകിട്ടിയത് . മൌണ്ടനീയറിംഗ്  ഇന്‍സ്റ്റിറ്റ്യൂട്ട്, മ്യൂസിയം , മൃഗശാല, യുദ്ധസ്മാരകം , ജാപ്പനീസ് പഗോഡ, റോഡരികിലെ  പാളങ്ങളിലൂടെ സഞ്ചരിക്കുന്ന  ഒന്നോ രണ്ടോ ബോഗികള്‍  മാത്രമുള്ള   കല്‍ക്കരി വണ്ടികള്‍ തുടങ്ങി  എത്രയെത്ര   കാഴ്ചകള്‍ !

                            ഡാര്‍ജിലിംഗ് - മൌണ്ടനീയറിം ഗ്  ഇന്‍സ്റ്റിറ്റ്യൂട്ട്

ഡാര്‍ജിലിംഗിലേക്കുളള   പാതയോരത്ത്  വയലുകളില്‍  പൂവിട്ടുനില്‍ക്കുന്ന കടുകിന്‍ പാടങ്ങള്‍,
                                      @ബംഗാള്‍ - പൂവണിഞ്ഞ കടുകിന്‍ പാടം 

 കല്‍ക്കത്തയിലെ  ഏദന്‍ ഗാര്‍ഡന്‍സ്, ഹൗറ , വിക്ടോറിയ  ടെര്‍മിനല്‍   സന്ദര്‍ശനങ്ങളും  2016 ഒക്ടോബറിലെ പുണ്യങ്ങള്‍ തന്നെ. കോയമ്പത്തൂരിലെ കസ്തൂരി ശ്രീനിവാസന്‍ ആര്‍ട്ട്ഗ്യാലറി, 
                            @ കസ്തുരി ശ്രീനിവാസന്‍ ആര്‍ട്ട്ഗ്യാലറി ,കോയമ്പത്തൂര്‍ 

ചെന്നൈയിലെ മെറീന ബീച്ചിലെ  എംജിആര്‍ സ്മാരകം, അണ്ണാസ്‌ക്വയര്‍, അടയാറിലെ ഗാന്ധി മണ്ഡപം, കാമരാജ് സ്മാരകം  മുതലായവ സന്ദര്‍ശിക്കാനുള്ള ഭാഗ്യം കൈവന്നത് നവംബറിലും.
                                            @ കാമരാജ് സ്മാരകം,അടയാര്‍ 

ഇത്രയേറെ യാത്രകളെന്തിന് എന്നാരെങ്കിലും ചോദിച്ചാലോ, പറയാം. ലോകം മുഴുവന്‍ നമുക്കൊരുമിച്ച് സഞ്ചരിക്കാമെന്നു പറഞ്ഞുകൊതിപ്പിച്ചിട്ട്, പാതിവഴിയില്‍ നിര്‍ത്തി പരലോകസഞ്ചാരത്തിനുപോയവനോടുള്ള മധുരമായ പ്രതികാരമാണ് എന്റെ യാത്രകള്‍.
                                           ഹൂഗ്ലിയിലൂടെ 

No comments:

Post a Comment