Sunday 29 January 2017

സഞ്ചാരസാഹിത്യത്തിലെ സ്ത്രീസാന്നിദ്ധ്യം

                                           'സീറോപോയിന്റ്'

                                          ഡോ;ലേഖാ നരേന്ദ്രന്‍

                         സാഹിത്യസംഘം മാസിക, ജനുവരി 2017              
                           

                            സര്‍വ്വകലാശാലകളില്‍നിന്നും പാഠപുസ്തകങ്ങളില്‍നിന്നും ലഭിക്കുന്ന അറിവിനേക്കാളും രാജ്യസഞ്ചാരം കൊണ്ട് ഉണ്ടാകുന്ന പ്രായോഗിക ജ്ഞാനമാണ് ഏറ്റവും വലിയ പാഠം. യാത്രാവിവരണത്തിന് വായനക്കാര്‍ ഏറുന്നതും അതുകൊണ്ടുതന്നെ. മനുഷ്യനുണ്ടായ കാലംമുതല്‍ അവന്‍ സഞ്ചാരിയുമായിരുന്നു. എന്നിട്ടും മലയാളത്തില്‍ സഞ്ചാരസാഹിത്യം മറ്റു സാഹിത്യപ്രസ്ഥാനങ്ങളെപ്പോലെ അത്ര പുഷ്‌കലമായില്ല. സാമ്പത്തികപരാധീനത, യാത്രചെയ്യാനുള്ള അസൗകര്യം, താല്പര്യമില്ലായ്മ എന്നിവയൊക്കെ ആദ്യകാലത്ത് ജനങ്ങളെ യാത്രചെയ്യുന്നതില്‍നിന്നു പിന്മാറാന്‍ പ്രേരിപ്പിച്ചിരിക്കാം. എന്നാല്‍ ആ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുകയും ജനങ്ങള്‍ കൂടുതല്‍ സഞ്ചാരപ്രിയരായി മാറുകയും ചെയ്തിട്ടും സഞ്ചാരസാഹിത്യത്തിന്‍റെ അവസ്ഥയ്ക്ക് വലിയ മാറ്റം ഇന്നും സംഭവിച്ചിട്ടില്ല. സഞ്ചരിച്ചതുകൊണ്ടു മാത്രമായില്ല, സഞ്ചാരത്തിലൂടെ താന്‍ കണ്ട കാഴ്ചകളും സൗന്ദര്യവും അനുവാചകരിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള സര്‍ഗ്ഗസിദ്ധിയും സഞ്ചാരികള്‍ക്ക് ഉണ്ടാവണം. എങ്കിലേ നല്ല സഞ്ചാരസാഹിത്യ കൃതികള്‍ ജനിക്കുകയുള്ളൂ.
           മലയാളസാഹിത്യത്തില്‍ ചരിത്രം, ആത്മകഥ, ജീവചരിത്രം എന്നിവയെപ്പോലെ തന്നെ സഞ്ചാരസാഹിത്യത്തിലും സ്ത്രീകളുടെ സംഭാവന വളരെ കുറവാണ്. ഇന്നും നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനും താമസിക്കാനും സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. സഞ്ചരിക്കുന്നവരാകട്ടെ തങ്ങളുടെ യാത്രാനുഭവങ്ങള്‍ പകര്‍ത്തുന്നതില്‍ വിമുഖതകാട്ടുന്നു. 1936-ല്‍ മിസിസ് കുട്ടന്‍നായരുടെ 'ഞാന്‍ കണ്ട യൂറോപ്പ്' എന്ന പുസ്തകമാണ് വനിതകളുടെ ആദ്യത്തെ യാത്രാവിവരണമായി ലഭിച്ചിട്ടുള്ളത്. അതിനുശേഷം സ്ത്രീകളുടെയിടയില്‍ നിന്ന് വലിയ സംഭാവനകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ഇതിന് വലിയ മാറ്റം സംഭവിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം എസ്.സരോജം എന്ന എഴുത്തുകാരിയുടെ 'സീറോപോയിന്റ്' എന്ന യാത്രാനുഭവം വിലയിരുത്തേണ്ടത്.
           യാത്ര ജീവിതസ്വപ്‌നമായി കൊണ്ടുനടക്കുന്ന എഴുത്തുകാരിയാണ് എസ്.സരോജം. ഇന്ത്യയ്ക്കകത്തും പുറത്തും സഞ്ചരിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ അവര്‍ പാഴാക്കുന്നില്ല. കേരളത്തില്‍നിന്ന് വടക്കേയറ്റത്തുള്ള കാശ്മീര്‍വരെ പതിനാറുദിവസംകൊണ്ട് നടത്തുന്ന യാത്രയുടെ ആത്മാനുഭവം പങ്കുവയ്ക്കുകയാണ് 'സീറോപോയിന്റ്' എന്ന പുസ്തകത്തിലൂടെ സരോജം ചെയ്യുന്നത്. താന്‍ സഞ്ചരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെയും അവരുടെ ജീവിതത്തെയും സ്വന്തം ജീവിതാനുഭൂതികളുമായി സംയോജിപ്പിച്ച് വര്‍ണ്ണിക്കുമ്പോഴാണ് താന്‍ കൂടി യാത്രചെയ്ത പ്രതീതി അനുവാചകനില്‍ ഉളവാക്കാന്‍ കഴിയുന്നത്. എന്നാല്‍ സ്വന്തമായ, സ്വതന്ത്രമായ യാത്രകളില്‍ മാത്രമേ ജനങ്ങളുമായുള്ള സാംസ്‌കാരിക വിനിമയം സാദ്ധ്യമാവുകയുള്ളൂ. സരോജത്തിനും അത്തരമൊരു പരാധീനത ഉണ്ടായിട്ടുണ്ടെങ്കിലും സാദ്ധ്യമായിടത്തോളം അനുഭൂതിദായകമാക്കാന്‍ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്. 'പുതിയ കുരുക്ഷേത്രം', 'കാശ്മീരിലെ കുങ്കുമപ്പാടങ്ങള്‍' എന്നീ അദ്ധ്യായങ്ങള്‍ അതിന് ഉത്തമോദാഹരണങ്ങളാണ്. എഴുത്തുകാരിയോടൊപ്പം വായനക്കാരും കാശ്മീരിന്‍റെ  അഭൂതപൂര്‍വ്വമായ സൗന്ദര്യത്തില്‍ ലയിച്ചുചേരുന്നു.
             കാര്‍ഗിലിലേക്കുള്ള സാഹസികയാത്രയും വിവരണങ്ങളും  അതീവ ഹൃദ്യങ്ങളാണ്. നിരവധി രക്തസാക്ഷികളെ സൃഷ്ടിച്ച കാര്‍ഗില്‍ യുദ്ധം നമ്മുടെയെല്ലാം മനസ്സില്‍ നീറുന്ന ഓര്‍മ്മകളാണ്. അതിനുമപ്പുറത്ത് ഒരു ജനത നടത്തുന്ന നിലനില്പിനുള്ള പോരാട്ടം സരോജം വാക്കുകളിലൂടെ പകര്‍ത്തുന്നു. സുരുനദിയുടെ തീരത്ത് കുന്നിന്‍ചരിവില്‍ ചെറുതട്ടുകളായിക്കിടക്കുന്ന കാര്‍ഗില്‍ പട്ടണത്തിന്‍റെ  സൗന്ദര്യം എഴുത്തുകാരി ഒപ്പിയെടുക്കുന്നു. അവിടത്തെ ജനതയുടെ വികാരങ്ങളും യുദ്ധത്തിന്‍റെ  ബാക്കിപത്രങ്ങളും ഇന്ത്യന്‍ സൈന്യത്തിന്‍റെ  സമര്‍പ്പിതവും ദുഷ്‌കരവുമായ ജീവിതവും ഇതില്‍ നമുക്ക് വായിക്കാം. ഒപ്പം അതിര്‍ത്തിയില്‍ ജീവന്‍ ഹോമിച്ച ജവാന്മാരുടെ ശവമഞ്ചങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കുടുംബങ്ങളുടെ കണ്ണീരും അവര്‍ കാണുന്നു.
             ഭാവന, സൂക്ഷ്മനിരീക്ഷണപാടവം, ചരിത്രജ്ഞാനം, ത്യാജ്യഗ്രാഹ്യപടുത, ഭാഷണസാമര്‍ത്ഥ്യം ഇവയൊക്കെ യാത്രാവിവരണ രചയിതാവിന് അവശ്യംവേണ്ട ഘടകങ്ങളാണ്. ഇവയെല്ലാം ഈ പുസ്തകത്തിന്‍റെ  രചനയിലും പ്രകടമാണ്; പ്രത്യേകിച്ചും ചരിത്രപരമായ വിവരണങ്ങള്‍. യാത്രയ്ക്കു മുമ്പാണോ പിമ്പാണോ എന്നറിയില്ല താന്‍ സഞ്ചരിച്ച സ്ഥലങ്ങളെ സംബന്ധിച്ച പൂര്‍ണ്ണമായ ചരിത്രജ്ഞാനം  എഴുത്തുകാരി നേടിയിട്ടുണ്ട്. ചരിത്രജ്ഞാനം മാത്രമല്ല ഓരോ പ്രദേശത്തിന്‍റെയും സാമൂഹികവും സാംസ്‌കാരികവുമായ സവിശേഷതകള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവയും എഴുത്തുകാരി ഗ്രഹിച്ചിട്ടുണ്ട്.  അത്രയും ആഴത്തിലുള്ള പഠനം നടത്തിയതുകൊണ്ടാണ് കാര്‍ഗിലിന്‍റെ  വിസ്തൃതിയും ജനസംഖ്യയും വരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകത്തിന്‍റെ  ആമുഖത്തില്‍ പ്രൊഫ;വി.എന്‍.മുരളി സൂചിപ്പിച്ചതുപോലെ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഒരു യാത്രാവിവരണ ഗ്രന്ഥമെന്നതിനപ്പുറം ഓരോ പ്രദേശത്തെയും പറ്റിയുള്ള പഠനഗ്രന്ഥമായി അനുഭവപ്പെടുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
            കാശ്മീരിലെ കുങ്കുമപ്പാടങ്ങള്‍ എന്ന അദ്ധ്യായത്തില്‍ ആദ്യഭാഗത്ത് ഭാവാത്മകകാവ്യം രചിക്കുന്ന ഒരു കവിയെയാണ് നാം ദര്‍ശിക്കുന്നതെങ്കില്‍ അടുത്തഘട്ടത്തില്‍ കുങ്കുമകൃഷിയുടെ ചരിത്രം, ഐതിഹ്യം, കുങ്കുമത്തിന്‍റെ  ഗുണഗണങ്ങള്‍, ഉപയോഗം, അവ സംരക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ചെല്ലാം വിവരിക്കുന്ന ചരിത്രകാരിയെയാണ് ദര്‍ശിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കുങ്കുമകൃഷിക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കും സര്‍ക്കാരിന്‍റെ  അനാസ്ഥയിലേക്കും ഭൂമാഫിയക്കാരുടെ കടന്നുകയറ്റത്തിലേക്കും വിരല്‍ചൂണ്ടുന്ന സാമൂഹികപ്രതിബദ്ധതയുള്ള പുരോഗമന ചിന്തകയെ നാം ദര്‍ശിക്കുന്നു.
            സഞ്ചാരസാഹിത്യ രചനയില്‍ നാടകീയമായ അവതരണം വളരെ പ്രധാനപ്പെട്ടതാണ്. സാധാരണകാര്യങ്ങളാണ് അവതരിപ്പിക്കുന്നതെങ്കിലും  പറയുന്നതിലെ നാടകീയത ഒരു ആഖ്യാനതന്ത്രമാണ്. 'സീറോപോയിന്റ്  എന്ന  ഈ പുസ്തകവും ഒരു ചെറുകഥയിലോ നോവലിലോ പോലുള്ള നാടകീയമുഹൂര്‍ത്തം സൃഷ്ടിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഇതിലെ ഓരോ അദ്ധ്യായത്തിന്‍റെയും തലക്കെട്ടും പുസ്തകത്തിന്‍റെ  പേരുപോലെതന്നെ ആകര്‍ഷകമാണ്. യാത്രാവീട്, കാലത്തിന്‍റെ  കവിളിലെ കണ്ണീര്‍ത്തുള്ളി, നൊമ്പരമുറങ്ങുന്ന അമൃത് സര്‍, വിഭജനത്തിന്‍റെ  മുറിവുണങ്ങാത്ത പഞ്ചാബ്, പ്രതാപങ്ങള്‍ അസ്തമിച്ച ആഗ്രാക്കോട്ട എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഈ തലക്കെട്ടുകളില്‍ കാല്പനികയും വിമര്‍ശകയുമായ എഴുത്തുകാരിയുടെ ദ്വിമുഖമാണ് പ്രത്യക്ഷപ്പെടുന്നത്.
            ഓരോ യാത്രാനുഭവത്തെയും സ്വപക്ഷത്തുനിന്ന് വിമര്‍ശിക്കാനും വിലയിരുത്താനും കേരളീയജീവിതവുമായി ബന്ധപ്പെടുത്താനും അവര്‍ ശ്രമിച്ചിട്ടുണ്ട്. വെറുമൊരു ടൂറിസ്റ്റ് ഗൈഡായി മാറാതെ ഭാവനാശാലിയായ ഒരു എഴുത്തുകാരിയുടെ സര്‍ഗ്ഗാത്മകസൃഷ്ടിയായി ഈ പുസ്തകം അനുഭവപ്പെടുന്നതും അതുകൊണ്ടാണ്. കാവ്യാനുഭൂതി സൃഷ്ടിക്കുന്നതില്‍ സരോജത്തിന്‍റെ  ഭാവാത്മകമായ ഭാഷാശൈലിയും സഹായിച്ചിട്ടുണ്ട്. കവിയും ചെറുകഥാകൃത്തും നോവലിസ്റ്റുമായ സരോജം മലയാളത്തിലെ സഞ്ചാരസാഹിത്യത്തിലും തന്‍റെ  സാന്നിദ്ധ്യം അരക്കിട്ടുറപ്പിച്ചിരിക്കുന്നു.






       

No comments:

Post a Comment