Tuesday 27 December 2016

മലയാറ്റൂരിനെ ഓര്‍ക്കുമ്പോള്‍



മനുഷ്യര്‍ക്കും മരങ്ങള്‍ക്കും വേരുകള്‍ മണ്ണിലാണ് എന്ന സത്യം വായനക്കാരുടെ ചിന്തയിലേക്ക് പകര്‍ന്നുവച്ച പ്രതിഭാശാലിയായ ഒരെഴുത്തുകാരനുണ്ടായിരുന്നു മലയാളത്തില്‍; മലയാറ്റൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന രാമകൃഷ്ണന്‍.

 പെരിയാറിന്‍റെ തീരത്തുള്ള തോട്ടുവ ഗ്രാമത്തിലെ ഒരു തമിഴ് ബ്രാഹ്മണകുടുംബത്തില്‍ 1927 മേയ് മുപ്പതിനാണ് അദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു പിതാവ് സി.വിശ്വനാഥസ്വാമി. നാട്ടിലും അച്ഛന്‍റെ  ജോലിസ്ഥലങ്ങളിലുമായി സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാമകൃഷ്ണന്‍ ആലുവ യു.സി.കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പഠനം നടത്തി. തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ കലാനിധിയില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുമായിരുന്നു. മുല്‍ക് രാജ് ആനന്ദിന്‍റെ  ക്ഷണപ്രകാരം ബോംബെയിലെത്തിയ അദ്ദേഹം കുറച്ചുകാലം ഫ്രീ പ്രസ് ജേണലില്‍ ജോലിനോക്കി. എന്നാല്‍ അധികനാള്‍ കഴിയുംമുമ്പ് കേരളത്തിലേക്കു മടങ്ങി അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. 1954-ല്‍ പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് ഇടതുപക്ഷസ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചുതോറ്റു. മുനിസിപ്പല്‍ കമ്മിഷണറായി നിയമിക്കപ്പെടുന്നതിനുള്ള അര്‍ഹത നേടിയെങ്കിലും കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ ജോലി നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് സബ്മജിസ്‌ട്രേട്ടായി കുറച്ചുനാള്‍ ജോലിനോക്കി. 1958-ല്‍ ഐ.എ.എസ്.പരീക്ഷ ജയിക്കുകയും കേരളസര്‍ക്കാരിന്‍റെ  ഉന്നതതസ്തികകള്‍ വഹിക്കുകയും ചെയ്തു. സര്‍ക്കാര്‍ജോലി മടുത്തപ്പോള്‍  സ്വയം വിരമിച്ച് എഴുത്തും ചിത്രരചനയുമായി ശിഷ്ടജീവിതം നയിച്ചു.
തിരക്കുപിടിച്ച ഔദ്യോഗികജീവിതം നയിക്കുമ്പോഴും എഴുത്തിനെ നെഞ്ചോടുചേര്‍ത്തുപിടിച്ച  മലയാറ്റൂരിന്‍റെ  തൂലികയില്‍നിന്നു പിറന്നതെല്ലാം മലയാളസാഹിത്യത്തിലെ എണ്ണപ്പെട്ട കൃതികളായി.


തമിഴ്ബ്രാഹ്മണസമുദായത്തിന്‍റെ  ജീവിതവും ബ്യൂറോക്രസിയുടെ ആന്തരലോകവുമാണ് മലയാറ്റൂര്‍കൃതികളിലെ പ്രധാനപ്രമേയങ്ങള്‍. വേരുകള്‍,  യന്ത്രം, നെട്ടൂര്‍ മഠം തുടങ്ങിയ നോവലുകളും എന്‍റെ  ഐ.എ.എസ് ദിനങ്ങളുമൊക്കെ ഈ ഗണത്തില്‍ ചേര്‍ത്തുവയ്ക്കാം.

 മനസ്സിന്‍റെ  താളപ്പിഴകളെ മുഖ്യഇതിവൃത്തമാക്കി രചിച്ച യക്ഷിയും
























അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പൊന്നിയും


 ബ്രിഗേഡിയര്‍ കഥകളും മലയാളത്തിലെ വായനക്കാര്‍ക്ക് പ്രിയപ്പെട്ടവയായി. യക്ഷി, ചെമ്പരത്തി, അയ്യര്‍ ദ ഗ്രേറ്റ് തുടങ്ങി പല ചലച്ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥയെഴുതി. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും  ഷെര്‍ലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും മലയാറ്റൂര്‍ തന്നെ. ഇവകൂടാതെ ഡോക്ടര്‍ വേഴാമ്പല്‍, ദ്വന്ദയുദ്ധം, അനന്തചര്യ, മൃതിയുടെ കവാടം, ആറാംവിരല്‍, സ്വരം, മുക്തിചക്രം, മനസ്സിലെ മാണിക്യം, അമൃതംതേടി, അഞ്ചുസെന്റ്, തുടക്കം ഒടുക്കം, അനന്തയാത്ര, രക്തചന്ദനം, രാത്രി, മൃദുലപ്രഭു, ശിരസ്സില്‍ വരച്ചത്, വിഷബീജം എന്നീ നോവലുകളും നിരവധി കഥകളും അദ്ദേഹത്തിന്റേതായി മലയാളത്തിനു ലഭിക്കുകയുണ്ടായി.
1967-ല്‍ വേരുകള്‍ എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡും 1979-ല്‍ വയലാര്‍ പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചു.

 ഡിസംബര്‍ 27-ന് അദ്ദേഹത്തിന്‍റെ  പത്തൊമ്പതാം ഓര്‍മ്മദിനമാണ്.




No comments:

Post a Comment