Friday 27 December 2013

കളിത്തോഴനോട് (കവിത)

 

 



സ്വര്‍ഗ്ഗസാനുക്കള്‍ താണ്ടിയെത്തുന്ന
കൊച്ചുകാറ്റിന്‍റെ മന്ത്രണം
കേള്‍ക്കെയോര്‍ക്കുന്നെന്‍ പ്രിയതോഴന്‍റെ -
യിഷ്ടഗാനത്തിന്‍ ശീലുകള്‍.

സ്നേഹമോടെന്നെ പാടിക്കേള്‍പ്പിച്ച
രാഗസുന്ദര ഗാനങ്ങള്‍
കേട്ടുകേട്ടു പഠിച്ചിതെന്‍തത്ത
ഓര്‍ത്തു പാടുന്നു തെറ്റാതെ.

കാറ്റിനും കൊതി തോന്നിയന്നു നിന്‍
പാട്ടിനൊത്തു പറന്നിടാന്‍.
ആറ്റുവഞ്ചികള്‍ പൂ ചൊരിഞ്ഞന്നു
നൃത്ത ലോലയായ് പൂഞ്ചോല .

കൈതപൂത്തു മണം ചുരത്തുന്ന
സന്ധ്യയില്‍ തോടിന്നോരത്തായ്
നിന്നു ചാരുസ്മിതം പൊഴിക്കവെ
തുമ്പിചോദിച്ചു: തോഴാ നീ
പോരുന്നോയെന്‍റെ നാട്ടിലേക്കിന്നു
പോരുന്നോ ഗാനഗന്ധര്‍വ്വാ ?
കൊണ്ടുപോയിടാമെന്‍ ചിറകിന്മേല്‍
രണ്ടേഴുലോകവും കാട്ടിടാം.

അന്നുപോയൊരെന്‍ കൂട്ടുകാരനെ-
യിന്നും തേടുകയാണു ഞാന്‍.
വേഗം പോരുക ദേവലോകത്തെ
പാരിജാതവും കൊണ്ടു നീ.

കാളിമ തിങ്ങും കാടകം പോല്‍
കാമം പൂക്കും നിഴല്‍ക്കൂട്ടില്‍
ആളിത്തീര്‍ന്നു കരിന്തിരിയായി
മാറി ഞാനുമെന്‍ ദാഹവും.

നാടും വീടുമില്ലന്തരമെങ്ങും
കാട്ടുനീതി തന്‍ താണ്ഡവം.
ഭീതിയാലെന്‍റെയുള്ളം തുള്ളുന്നു
ചിമ്മുന്നില്ലെന്‍റെ കണ്ണുകള്‍.

കൂരിരുള്‍പ്പാതയോരത്തുനിന്നെ
ക്കാത്തിരിക്കുകയാണുഞാന്‍.
വേഗം പോരുക കന്മഷാരിയാം
സ്നേഹപീയൂഷം കൊണ്ടു നീ.


4 comments:

  1. kalithozhan............ishtai......nannu

    ReplyDelete
  2. Kavitha jeevithamanu.........kavitha varunnathu athmavil ninnanu.......

    ReplyDelete
  3. കവിത ജീവിതവും ആത്മാവുമാണ് .

    ReplyDelete