Thursday 12 December 2013

പാതിരാമഞ്ഞറിയാതെ (കഥ)


         സൂസി എന്ന് വിളിപ്പേരുള്ള സൂസന്‍ ഫെര്‍ണാണ്ടസ്, എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി. ഞങ്ങള്‍ ഒരേ ആഫീസില്‍ ജോലിചെയ്യുന്നു. താമസം വനിതാസദനത്തില്‍, ഒരേ മുറിയില്‍.
        ഞാനും സൂസിയും അടുത്തറിഞ്ഞതിനുസേഷമുള്ള അഞ്ചാമത്തെ ക്രിസ്മസ്സാണിത്.
         ക്രിസ്മസ് കാലം സൂസിക്ക് വിശ്രമമില്ലാത്ത കാലമാണ്. ഉറക്കമിളച്ചിരുന്ന്  മനോഹരമായ ക്രിസ്മസ് കാര്‍ഡുകളുണ്ടാക്കി അതില്‍ ചിത്രങ്ങള്‍ വരച്ച് സന്ദേശങ്ങളെഴുതി  പ്രിയപ്പെട്ടവര്‍ക്കെല്ലാം അയയ്ക്കും. വീട്ടിലുള്ളവര്‍ക്ക് പുതുവസ്ത്രങ്ങളും  പൂത്തിരികളും വാങ്ങി രണ്ടുദിവസംമുന്‍പേ നാട്ടിലേക്കുപോകും. ഒരാഴ്ച കഴിഞ്ഞേ തിരിച്ചുവരൂ. ഉണ്ണിയീശോയ്ക്ക് പുല്‍ക്കൂടൊരുക്കണം , പാതിരാക്കുര്‍ബാനയ്ക്ക്  പള്ളിയില്‍ പോകണം, അടുക്കളയില്‍ വിഭവങ്ങളൊരുക്കണം, അടുത്ത ബന്ധുക്കളെ വീട്ടില്‍ പോയിക്കണ്ട് കുശലം പറയണം .....  ഇതൊക്കെയാണ് സൂസിയുടെ ക്രിസ്മസ് പരിപാടികള്‍. 
            കേക്കും വൈനും അപ്പവും മട്ടന്‍സ്റ്റൂവും ഫ്രൈഡ് റൈസും ചിക്കന്‍ കറിയും .....  അങ്ങനെ പോകുന്നു വിഭവങ്ങളുടെ പട്ടിക. കേട്ടിയോനായ ഫെര്‍നാണ്ടസിന് കൂട്ടുകാരെ സല്‍ക്കരിക്കാന്‍ രണ്ട് കുപ്പിയും അകമ്പടിയായി കപ്പയും പോര്‍ക്കും സ്പെഷ്യല്‍.
              മുന്‍കൂറായി കിട്ടുന്ന ശമ്പളത്തിനുപുറമേ ഉത്സവവായ്പ്പയും കൂടിയാവുമ്പോള്‍ ക്രിസ്മസ് ആഘോഷം അടിപൊളി.
              ഓരോ ക്രിസ്മസ്സും കഴിഞ്ഞുവരുമ്പോള്‍ അവള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടാവും. ഫെര്‍നാണ്ടസ് ബാറില്‍ കുഴഞ്ഞുവീണതും കൂട്ടുകാര്‍ ടാക്സിപിടിച്ച് വീട്ടിലെത്തിച്ചതും ടാക്സിക്കൂലി അവളെക്കൊണ്ട് കൊടുപ്പിച്ചതും .... ഒരു തുടര്‍ക്കഥ പോലെ കേട്ടിരിക്കാന്‍ നല്ല രസം.
             അതിബുദ്ധിമാന്‍, അറിവുള്ളവന്‍, മര്യാദക്കാരന്‍, ദാനശീലന്‍ തുടങ്ങി ഫെര്‍ണാണ്ടസിന് വിശേഷണങ്ങള്‍ നിരവധിയാണ്. പേരിന് അലങ്കാരം പോലെ ബി.എ. എല്‍.എല്‍. ബി. എന്നീ ബിരുദങ്ങളുമുണ്ട്. ജാതിമത പാര്‍ട്ടി ഭേദമെന്യെ ആരുടെ കാര്യത്തിനും മുന്നിട്ടിറങ്ങുന്നവന്‍. നാട്ടുകാരുടെ കണ്ണിലുണ്ണി. ഭാവിയില്‍ എം. എല്‍.എയും മന്ത്രിയും ആകാന്‍ യോഗ്യതയുള്ളവന്‍.
             ഭാവിമന്ത്രിയുടെ ഭാര്യാപദം ചുമന്നുചുമന്ന്‍ ചുമലൊടിയാറായി. എന്നാലും സാരമില്ല ,  'ഫെര്‍ണാണ്ടസിന്‍റെ പെണ്ണ്‍' എന്നൊരു മേല്‍വിലാസമുണ്ടല്ലോ. പിള്ളാരുടെ കാര്യത്തിലും വേവലാതി വേണ്ട. മമ്മിയും ഡാഡിയും പൊന്നുപോലെ നോക്കിക്കൊള്ളും . മാസാമാസം ചെലവിനുള്ളത് മുന്‍കൂറായി കൊടുക്കണമെന്നു മാത്രം.
               ചിരിച്ചുകൊണ്ടാണ് ഇതൊക്കെ പറയുന്നതെങ്കിലും അവളുടെ ഉള്ളം പൊള്ളുന്നത് ഹൃദയംകൊണ്ട് തൊട്ടറിയുന്നവാളാണ് ഈ ജുമൈല.
                ഇത്തവണ പതിവുകളൊക്കെ തെറ്റി. ക്രിസ്മസ്സിന്‍റെ പിറ്റേദിവസം തിരിച്ചെത്തി. എന്നിട്ട് ആരോടും മിണ്ടാതെ ഒറ്റയിരിപ്പ് !
                എന്താ മോളെ? പുതിയ കഥയൊന്നും പറയാനില്ലേ? അവളെ തൊട്ടുരുമ്മിയിരുന്ന് ഞാന്‍ ചോദിച്ചു.
                 ആവിപറക്കുന്ന നിശ്വാസത്തോടെ അവള്‍ പറഞ്ഞു:
ഇത്രയും കാലം പാതിരാക്കുര്‍ബാന മുടക്കിയിട്ടില്ല. ഇത്തവണ അതും സംഭവിച്ചു.
                  പാറിപ്പറന്ന മുടിയിഴകള്‍ ഒതുക്കിവച്ച്, എനിക്കഭിമുഖമായിരുന്ന് അവള്‍ പുതിയൊരു കഥ പറഞ്ഞു:-
ഇന്നലെ സന്ധ്യയ്ക്ക് ഒരു വിരുന്നുകാരന്‍ വന്നു. ഫെര്‍ണാണ്ടസിന്‍റെ
 സഹപാഠിയും ഉറ്റമിത്രവുമായ കൃഷ്ണദാസ് . സുഹൃത്തിന് ഇഷ്ടമുള്ള സമ്മാനവും കൊണ്ടായിരുന്നു വരവ്. വന്നപാടേ ആഘോഷം തുടങ്ങി. രണ്ടാള്‍ക്കും വേണ്ടതൊക്കെ തീന്‍മേശയില്‍ എടുത്തുവച്ച്‌, കുഞ്ഞുങ്ങളെയും കൂട്ടി പള്ളിയില്‍ പോകാനിറങ്ങി.
                  സൂസിമോളേ.... നീയിങ്ങു വന്നേടീ..... കൊച്ചുങ്ങളെ മമ്മീം ഡാഡീം കൊണ്ടുപോട്ടെ. നമുക്കിത്തിരിക്കഴിഞ്ഞു പോകാം . നിന്‍റെ കൈകൊണ്ടുതന്നെ ഇതൊക്കെ  വിളമ്പിത്തന്നേടീ.
                   ഭര്‍ത്താവല്ലേ പറയുന്നത് , അനുസരിച്ചു.
                  കേജ് രിവാളിന്‍റെ ചൂല്‍, യേശുവിന്‍റെ ചാട്ടവാര്‍,  മണ്ടേലയുടെ മരണം, ഒബാമയുടെ പ്രതിച്ഛായ, ഗാട്ഗിലും കസ്തൂരിയും തുടങ്ങി ലോകം മുഴുവന്‍ രണ്ടു നാവിന്‍തുമ്പുകളില്‍  കിടന്നു കറങ്ങുകയാണ്.
                  പള്ളിയില്‍പോക്ക് നടക്കുകേലെന്നുറപ്പായി. കിടപ്പറയില്‍ കയറി ടിവി ഓണ്‍ചെയ്തു. വത്തിക്കാനിലെ വിശേഷങ്ങള്‍, പോപ്പിന്‍റെ പാതിരാക്കുര്‍ബാന.
                        
 ഇടയ്ക്ക് അല്‍പ്പമൊന്നു മയങ്ങി.
                     മഞ്ഞിന്‍റെ കുളിരുള്ള രാത്രി . സ്വര്‍ഗ്ഗവും ഭൂമിയും ആശംസകള്‍ കൈമാറുന്ന മഹനീയരാത്രി. പുല്‍ക്കൂട്ടില്‍ ഉണ്ണിയീശോ കൈകാല്‍ കുടഞ്ഞു... കണ്ണുകള്‍ തുറന്നു.....  കുഞ്ഞധരങ്ങളില്‍നിന്ന്‍ പരിഭവം നിറഞ്ഞ വാക്കുകള്‍:     
                          സൂസിമാ...... എന്നെക്കാണാന്‍ വരാഞ്ഞതെന്തേ ?
                          കുറ്റബോധത്താല്‍ കരള്‍ നീറി.
                           ഈശോയേ പൊറുക്കണേ....... ഹൃദയം മന്ത്രിച്ചു.
                   പെട്ടെന്ന്‍ മുറിയിലെ വെളിച്ചം കെട്ടു. വാതില്‍ പുറത്തുനിന്ന് പൂട്ടി . കുഴഞ്ഞ നാവില്‍നിന്ന് അരുതാത്ത ആശംസകള്‍!
            ആകോഷിക്കെടി മോളേ,   ആകോഷിക്ക്. കിഷ്മഷ് ആകോഷിക്ക് .................
            ആ ശബ്ദം അകന്നകന്നു പോയി .
             ചെകുത്താന്‍റെ നഖമുള്ള വിരലുകള്‍ മാറിലമര്‍ന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധം മൂക്കില്‍ തുളച്ചുകയറി .
             അപമാനഭീതിയോടെ ആഞ്ഞുതള്ളി .
പൊട്ടാസുപൊട്ടുന്നതുപോലൊരു ശബ്ദം , ഒരു ഞരക്കം , പിന്നെ മുക്കുറ .....
ചെകുത്താന്‍കോട്ടയില്‍ അടയ്ക്കപ്പെട്ട രാജകുമാരിയെപ്പോലെ മോചനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ..... വിഹ്വലമായ നിമിഷങ്ങള്‍ ......
പുലര്‍ച്ചക്കോഴി കൂവി . പള്ളിയില്‍ പോയവര്‍ തിരിച്ചെത്തി .
റോബിന്‍...... വാതില്‍ തുറക്ക് മോനേ...... വാതില്‍ തുറക്ക് മോനേ ....... അലറിവിളിച്ചു .
                മമ്മി വാതില്‍ തുറന്നു .
 മങ്ങിയ വെളിച്ചത്തില്‍ കണ്ടു .... തറയില്‍ ഉറങ്ങിക്കിടക്കുന്ന കൃഷ്ണദാസ് !
പിന്‍തലയിലും കഴുത്തിലും പടര്‍ന്നുണങ്ങിയ ചോര !
   സംഭവിച്ചതെന്തെന്നറിയാതെ എല്ലാവരും അന്ധാളിച്ചുനിന്നു .
   ഫെര്‍ണാണ്ടസ്സെവിടെ ? ഡാഡി ചോദിച്ചു .
 പോയിനോക്ക്  . പള്ളിയില്‍ കാണും പുണ്യവാളന്‍.... പുച്ഛത്തോടെ അക്രോശിച്ചു.
    സ്പാനര്‍പിടിച്ച് തഴമ്പിച്ച കൈകള്‍ കൃഷ്ണദാസിന്‍റെ പുറത്ത് ആഞ്ഞുപതിച്ചു .
     അയാള്‍ അമ്പരപ്പോടെ ചാടിയെണീറ്റു.
     കടക്കെടാ നായേ പുറത്ത് .... ഡാഡി  അലറി .
      അയാള്‍ വേച്ചുവേച്ചു നടന്നു .
      കുഞ്ഞുങ്ങള്‍  അമ്പരന്ന് അരികിലെത്തി . രണ്ടിനേം മാറോട് ചേര്‍ത്തണച്ചു. ചുണ്ടുകള്‍ വിതുമ്പി . നെഞ്ചില്‍ ഒതുക്കിയതെല്ലാം പെരുമഴപോലെ പെയ്തിറങ്ങി . പരിസരബോധം വന്നപ്പോള്‍ നേരം പുലര്‍ന്നിരുന്നു.
      ബാഗുമെടുത്തിറങ്ങി.
കുഞ്ഞുങ്ങളെയോര്‍ത്ത്  നീയങ്ങ് ക്ഷമിക്ക് മോളേ. അവനൊരബദ്ധം പറ്റിയതല്ലെ , അതും ബോധമില്ലാത്ത നേരത്ത് .
       മമ്മിയുടെ ഉപദേശത്തിനും കുഞ്ഞുങ്ങളുടെ പിന്‍വിളിക്കും  ചെവികൊടുക്കാതെ ......
       അല്‍പ്പനേരത്തെ മൗനത്തിനുശേഷം , സ്തബ്ധയായിരുന്ന എന്‍റെ ചുമലില്‍ പിടിച്ചുലച്ചുകൊണ്ട് അവള്‍ ചോദിച്ചു:
        എന്തിനാ മോളേ ഇങ്ങനെയൊരു മേല്‍വിലാസം ?
        എനിക്ക് ഉത്തരമില്ലായിരുന്നു .
        എന്തോ ആലോചിച്ചുറച്ച പോലെ അവള്‍ പറഞ്ഞു :
        ഇന്നുമുതല്‍ ഞാന്‍ സൂസന്‍; വെറും സൂസന്‍. പേരിന്‍റെ വാലുമുറിക്കാന്‍ ഒരു ഗസറ്റ് നോട്ടിഫിക്കേഷന്‍ മതിയെടോ . തല്‍ക്കാലം നമുക്കൊരു വീട് കിട്ടുമോന്നു നോക്കാം . പിള്ളാരേം കൂടി ഇങ്ങു കൊണ്ടുപോരാം .

No comments:

Post a Comment