Monday 5 August 2013

രാധാശില (കഥ)



"രണ്ടു പ്രണയവും ചേര്‍ന്നു ഒന്നാകേണ്ടതിനായി വൃന്ദാവനം ഒരുങ്ങുകയായിരുന്നു. വൃന്ദാവനമെന്നാല്‍ പ്രണയസങ്കല്പത്തിലെ സ്വര്‍ഗ്ഗം.  
 ആ സ്വര്‍ഗ്ഗത്തില്‍ രണ്ടു പാതികള്‍ പൂര്‍ണ്ണതയറിയുന്ന അപൂര്‍വ്വമുഹൂര്‍ത്തങ്ങള്‍ ........"
 നന്ദന എന്ന ഗവേഷണവിദ്യാര്‍ത്ഥിനിയുടെ പ്രബന്ധത്തിന്‍റെ തുടക്കം ഇങ്ങനെയായിരുന്നു .                
 " രാധയുടെ പ്രണയം സത്യസന്ധമായിരുന്നു. ആദ്യവസാനങ്ങളില്ലാത്ത ദിവ്യപ്രണയമായിരുന്നു അത്. തിരിച്ച്  കൃഷ്ണനും  അതേപ്രണയമായിരുന്നു രാധയോട്‌. അതിരുകളില്ലാത്ത..... നിബന്ധനകളില്ലാത്ത പ്രണയം .
 പുരുഷപ്രണയത്തിന്‍റെ മൂര്‍ത്തിമത് ഭാവമായിരുന്നു കൃഷ്ണന്‍.
രാധയെന്നാല്‍ സ്ത്രീപ്രകൃതിയുടെ പ്രതിരൂപവും."  പുരാണങ്ങളില്‍നിന്നും ഇന്റര്‍നെറ്റില്‍നിന്നും കിട്ടാവുന്നതെല്ലാം കണ്ടെടുത്തിട്ടും നന്ദനയ്ക്ക് തൃപ്തിയായില്ല. രാധയുടെയും കൃഷ്ണന്‍റെയും പ്രണയം വെറുമൊരു സങ്കല്പകഥ അല്ലെന്നും അതിന് യുക്തിഭദ്രമായ അടിത്തറയുണ്ടെന്നും അവള്‍ക്കു തോന്നി. അങ്ങനെയെങ്കില്‍, ആ പ്രണയത്തിന് അനിതരസാധാരണമായ ഔന്നത്യം ഉണ്ടായിരുന്നിരിക്കണം. ആരും കാണാതെപോയ ആ അസാധാരണ തലങ്ങളിലേക്കാണ് നന്ദനയുടെ ശ്രദ്ധതിരിഞ്ഞത്.
 തന്‍റെ കണ്ടെത്തലുകള്‍ രാധയുടെയും കൃഷ്ണന്‍റെയും പ്രണയജീവിതത്തിലെ അറിയപ്പെടാത്ത അധ്യായങ്ങളിലേക്കുള്ള കടന്നുകയറ്റമാകുമെന്ന്  നന്ദന സ്വപ്നത്തില്‍പ്പോലും വിചാരിച്ചതല്ല; പക്ഷേ സംഭവിച്ചതങ്ങനെയാണ്. ഏതോ ഒരദൃശ്യശക്തിയുടെ നിയോഗംപോലെ അതങ്ങനെ സംഭവിക്കുകയായിരുന്നു .
                 അന്നൊരിക്കല്‍ രാധയുടെ മടിയില്‍ തലവച്ചുകിടന്നുകൊണ്ട് കൃഷ്ണന്‍ ചോദിച്ചു :
'രാധേ ,ഞാന്‍ നിന്നെ ഉപേക്ഷിച്ചുപോയാല്‍ നീ എന്തുചെയ്യും ? '
രാധ മറുപടി പറഞ്ഞു :'കൃഷ്ണാ, നിനക്കെന്‍റെ ശരീരത്തെ ഉപേക്ഷിച്ചുപോകാനാവും. പക്ഷേ, എന്‍റെ പ്രണയം........ അതില്ലെങ്കില്‍ നീ പൂര്‍ണ്ണനല്ലാതാകും. അപൂര്‍ണ്ണനായാല്‍ പിന്നെ നീ എന്തുചെയ്യും?'
                 കൃഷ്ണന്‍ പറഞ്ഞു :'അതെ രാധേ, നമ്മള്‍ പ്രണയത്തിന്‍റെ തുല്യപങ്കാളികളാകുന്നു; ഒറ്റയ്ക്കൊറ്റയ്ക്ക്‌ നിലനില്‍പ്പില്ലാത്തവരാകുന്നു.'
 'കൃഷ്ണാ, നമ്മുടെ പ്രണയതുല്യതയെക്കുറിച്ച് വരുംതലമുറകള്‍ അറിയേണ്ടതിനു എന്തടയാളമാണ് നാം ഈ വൃന്ദാവനത്തില്‍ അവശേഷിപ്പിക്കേണ്ടത് ?' രാധ ചോദിച്ചു .
             നീലക്കടമ്പുകള്‍ പൂത്തുനില്‍ക്കുന്ന യമുനാതീരംവിട്ട്, കൃഷ്ണന്‍ രാധയെ വനാന്തരത്തിലെ പാറക്കൂട്ടങ്ങളിലേക്കാനയിച്ചു.
              വേറിട്ടുനില്‍ക്കുന്ന രണ്ടു ശിലകളെ തൊട്ടുഴിഞ്ഞുകൊണ്ട് കൃഷ്ണന്‍ പറഞ്ഞു :
                                             

'നോക്കൂ രാധേ , പരസ്പരാഭിമുഖമായി നില്‍ക്കുന്ന രണ്ടു ശിലകള്‍ ;
 ഒന്നു കൃഷ്ണശില, മറ്റേതു  രാധാശില. ഈ രണ്ടു ശിലകള്‍ നമ്മുടെ പ്രണയതുല്യതയുടെ  പ്രതീകമായി എക്കാലവും വൃന്ദാവനത്തിലുണ്ടാവും. നമ്മുടെ ആത്മാവ് ഈ ശിലാഹൃദയങ്ങളില്‍ കുടികൊള്ളും. വരുംതലമുറകള്‍ നമ്മുടെ പ്രണയത്തെ വാഴ്ത്തിപ്പാടും.'
                   രാധാകൃഷ്ണന്മാരുടെ പ്രണയസമത്വം കണ്ട് ദേവകള്‍ ആശ്ചര്യപ്പെട്ടു. 'രാധ എന്ന ഗോപികയെ അവതാരപുരുഷനായ കൃഷ്ണന്‍ സമത്വപദവിയിലേക്കുയര്‍ത്തുകയോ ? കാലാകാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന സാമൂഹ്യക്രമത്തിനു മാറ്റംവരുത്തുകയോ ? എന്തൊരു വിഡ്ഢിത്തമാണത് !' 
                   അവര്‍ കാര്യത്തിന്‍റെ ഗൌരവം കൃഷ്ണനെ ധരിപ്പിക്കാന്‍ ആവതു ശ്രമിച്ചു.
എന്നാല്‍ കൃഷ്ണനാവട്ടെ ദേവകളുടെ ഉപദേശം ചെവിക്കൊണ്ടില്ല .
                  കുപിതരായ ദേവകള്‍ സമസ്താപരാധവും പ്രണയിനിയായ രാധയുടെമേല്‍ ആരോപിച്ചു : 'അവള്‍ ഭര്‍തൃമതി ആയിരുന്നിട്ടും കൃഷ്ണനോടൊപ്പം ആടിപ്പാടിനടക്കുന്നതു പാപമാണ്. കൃഷ്ണന്‍റെ അവതാരലക്‌ഷ്യം മുടക്കാനുള്ള ആയുധമാണ് അവളുടെ പ്രണയം.'
                  കൃഷ്ണന്‍ എല്ലാം ചിരിച്ചുതള്ളി. അവന്‍ പറഞ്ഞു: 'നിങ്ങള്‍ക്കെന്തറിയാം രാധയുടെ പ്രണയത്തെപ്പറ്റി ? മുപ്പത്തിമുക്കോടി ദേവകളുടെ അനുഗ്രഹത്തെക്കാള്‍ കൃഷ്ണനു കരുത്തു പകരുന്നത് വൃന്ദാവനത്തിലെ രാധയുടെ നിഷ്കളങ്കമായ പ്രണയം തന്നെ. അവളുടെ അചഞ്ചലമായ പ്രണയമില്ലെങ്കില്‍ ശ്യാമകൃഷ്ണന് ഒരു മുളന്തണ്ടൂതാനുള്ള ഊര്‍ജ്ജംപോലും ഉണ്ടാവില്ല.'
                  കൃഷ്ണന്‍റെ വാക്കുകള്‍ ദേവകളെ ചൊടിപ്പിച്ചു. അവരുടെ വെറുപ്പും പകയും മുഴുവന്‍ രാധയോടായി . പകരംവീട്ടാന്‍  അവര്‍ തക്കംപാര്‍ത്തിരിപ്പായി.     
                നന്ദനയുടെ ഗവേഷണവഴിയില്‍ സംശയങ്ങള്‍ തലപൊക്കിനിന്നു:
സപ്തസ്വരങ്ങളുണര്‍ത്തുന്ന കൃഷ്ണശിലയില്‍ പൂജാവിഗ്രഹങ്ങള്‍ തീര്‍ത്ത രാജശില്‍പ്പികള്‍ പോലും സപ്തവര്‍ണ്ണസാന്ദ്രമായ രാധാശിലയെ അവഗണിക്കാന്‍ കാരണമെന്ത് ? കൃഷ്ണന്‍റെ ശക്തിദുര്‍ഗ്ഗമായി വര്‍ത്തിച്ച രാധയോട്  യദുകുലനായികമാര്‍ക്കുണ്ടായിരുന്ന അതേ കുശുമ്പു തന്നെയാവാം; അനുരാഗക്കുശുമ്പ്!
                 കൃഷ്ണന്‍റെ പ്രണയസാമ്രാജ്യത്തില്‍  ഏകാവകാശിയായി വിരാജിച്ച രാധയെ വെറുമൊരു ഗോപികയാക്കിയതാര് ...... കൃഷ്ണഗാഥാകാരനോ ?
                 കാലാകാലങ്ങളായി യുവമനസ്സുകള്‍ താലോലിച്ചുപോന്ന രാധാകൃഷ്ണസങ്കല്‍പം ; അനശ്വരപ്രേമത്തിന്‍റെ  അടയാളമായ രാധാകൃഷ്ണശിലകള്‍..... ഇതൊക്കെ അറുപഴഞ്ചന്‍ സങ്കല്പങ്ങളാണെന്ന്‍ വിധിയെഴുതാന്‍ ആര്‍ക്കെന്തവകാശം ?
                 ദ്വാപരയുഗത്തില്‍ യദുകുലത്തിലെ സ്ത്രീജനങ്ങള്‍ സമത്വവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു എന്ന സത്യം ചരിത്രപുസ്തകത്തില്‍നിന്നു മായ്ച്ചുകളഞ്ഞതാര് ?
                 നൈമിഷികപ്രണയത്തിന്‍റെ ആരാധകര്‍ക്ക് അനശ്വരപ്രണയമെന്നു കേള്‍ക്കുന്നതേ അലര്‍ജിയാണത്രെ. 'മൊബൈല്‍ഓഫറുക'ളുടെ കാലാവധിപോലുമില്ലാത്ത പ്രണയജീവിതങ്ങള്‍ അരങ്ങുവാഴുന്ന സൈബര്‍യുഗത്തില്‍ രാധയും കൃഷ്ണനും പുനര്‍ജനിച്ചാല്‍ എന്താവും കഥ ?
അവര്‍ സൈബര്‍പ്രണയവുമായി ഒത്തുപോകുമോ ?
അതോ , കാലം അവര്‍ക്കുവേണ്ടി പുറകോട്ടു നടക്കുമോ ?
ഗവേഷണവിഷയത്തില്‍ ബഹുദൂരം മുമ്പോട്ടു പോയിട്ടും നന്ദനയ്ക്ക് സംശയങ്ങള്‍ പിന്നെയും ബാക്കിയായി .
നിശയുടെ നിശബ്ദതയില്‍ അവളുടെ ചിന്തകള്‍ക്കു തീപിടിക്കുകയായിരുന്നു .
ജാലകച്ചില്ലുകള്‍ നീക്കി  നീലാകാശത്തിലേക്കവള്‍ മിഴികളയച്ചു .
ഒരേ വലിപ്പത്തിലുള്ള രണ്ടു നക്ഷത്രങ്ങള്‍ പരസ്പരം നോക്കിനില്‍ക്കുന്നു ; പ്രണയതുല്യതയുടെ പ്രതീകങ്ങള്‍പോലെ ! കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്കകലെ നിന്ന് ആ നക്ഷത്രജോഡികള്‍ ഭൂമിയിലേക്കയയ്ക്കുന്ന സന്ദേശരശ്മികളുടെ പൊരുളെന്തായിരിക്കാം?
ഭൂമിയിലെ പ്രണയജോഡികള്‍ക്ക് അതൊക്കെ വായിച്ചറിയാന്‍ പറ്റിയ കണ്ണും തലച്ചോറും രൂപപ്പെട്ടുവരുമോ ? ഇനിയും എത്രയെത്ര പരിണാമപ്രക്രിയകള്‍ക്കു ശേഷമായിരിക്കും അതു സംഭവിക്കുക ?
             അന്ന് മണ്ണിലെ മനുഷ്യന്‍റെ രൂപവും ഭാവവും എങ്ങനെ ആയിരിക്കും ? രാധാകൃഷ്ണന്മാരെപ്പോലെ പ്രണയതുല്യത ഇഷ്ടപ്പെടുന്നവരായിരിക്കുമോ അന്നത്തെ സ്ത്രീപുരുഷന്മാര്‍ ? അല്ലായെങ്കില്‍ അവരും പറയുമായിരിക്കാം രാധാകൃഷ്ണന്മാര്‍ വെറും സങ്കല്പമാണെന്ന്‍ ; പ്രണയതുല്യത വെറും മിഥ്യയാണെന്ന്‍.
              'യൂസ് ആന്‍റ് ത്രോ'സംസ്കാരത്തിന്‍റെ വക്താക്കള്‍ക്ക് എന്നോ കണ്ടുമറഞ്ഞ  കൃഷ്ണനെ കാത്തിരിക്കുന്ന രാധ ഒരു വിഡ്ഢിയായിരിക്കാം .അവര്‍ ചോദിക്കുമായിരിക്കാം -'എടി രാധേ , ജീവിക്കാനറിയാത്തവളെ, ആരാടീ നിന്‍റെ കൃഷ്ണന്‍ ? അവനൊരു ചതിയനല്ലേ ? ഈ നിമിഷം അവന്‍ നിന്നോടൊത്തു  വൃന്ദാവനത്തിലാണെങ്കില്‍ അടുത്തനിമിഷം മധുരാപുരിയിലായിരിക്കും. നിന്‍റെയും  രുക്മിണിയുടെയും കണ്ണുവെട്ടിച്ച് ആഗോളഗോപികമാരുമൊത്ത് വേണുവൂതി രസിക്കുകയാവും. തുല്യതാസിദ്ധാന്തം പറഞ്ഞ് അവന്‍ നിന്നെ പറ്റിക്കുകയായിരുന്നില്ലേ ഇത്രയുംകാലം ?'
             'ശരിയായിരിക്കാം; നിങ്ങള്‍ പുതിയ തലമുറക്കാര്‍ പറയുന്നതൊക്കെ ശരിയായിരിക്കാം. പക്ഷേ എന്‍റെ കൃഷ്ണന്‍ എന്‍റെ മനസ്സില്‍ കുടിയിരിക്കുന്നവനാണ് ,എന്‍റെ അടക്കാനാവാത്ത പ്രണയത്തിന്‍റെ സാക്ഷാല്‍ക്കാരമാണ് .അവനില്‍നിന്ന് പ്രണയതുല്യത
 അനുഭവിച്ചറിഞ്ഞവളാണ് ഈ രാധ. കൃഷ്ണനില്ലെങ്കില്‍ രാധയുമില്ല . നിങ്ങളുടെ പ്രണയസങ്കല്‍പ്പങ്ങള്‍ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും നക്ഷത്രങ്ങളിലുമൊക്കെ താല്‍ക്കാലിക വൃന്ദാവനങ്ങള്‍ ഒരുക്കുമ്പോള്‍ രാധയ്ക്ക് ഈ വൃന്ദാവനവും ഇവിടത്തെ സുഖങ്ങളും ധാരാളം. നീലക്കടമ്പുകള്‍ പൂക്കുമ്പോള്‍ എന്‍റെ കൃഷ്ണന്‍ കോലക്കുഴല്‍ വിളിച്ചുകൊണ്ട് എന്‍റെ അരികിലെത്തും . ഞങ്ങളുടെ പ്രണയതുല്യതയുടെ പ്രതീകമായി കൃഷ്ണശിലയും രാധാശിലയും പരസ്പരാഭിമുഖ്യത്തോടെ വൃന്ദാവനത്തില്‍ പുലരുകയും ചെയ്യും ; ഭൂമിയുള്ള കാലത്തോളം. '
              ഗവേഷണപ്രബന്ധം പൂര്‍ത്തിയാക്കി നന്ദന ഉറങ്ങാന്‍ കിടന്നു .
 'ഗവേഷണത്തിനു മറ്റൊരു വിഷയവും കിട്ടിയില്ലേ നിനക്ക് ? നിന്‍റെയൊരു   കണ്ടെത്തല്‍ ... രാധാശിലയും തുല്യപ്രണയവും ! ഈ പ്രബന്ധവുമായി മുന്നോട്ടുപോകാമെന്ന്‍ നീ കരുതുന്നുണ്ടോ ? സൈബര്‍പ്രണയത്തിന്‍റെ വക്താക്കള്‍ നിനക്കെതിരെ സംഘടിക്കുന്നുണ്ട് . അവര്‍ നിന്‍റെ കമ്പ്യൂട്ടറില്‍ വൈറസ്സുകളെ കടത്തിവിടും, രാധാശിലയെ വേരോടെ പിഴുതെറിയും .....' കമ്പ്യൂട്ടര്‍മൌസിന്‍റെ  വലിപ്പമുള്ള നാനോമനുഷ്യന്‍ അവളെ ഭീഷണിപ്പെടുത്തി.
             നന്ദന ചാടിയെണീറ്റ് കമ്പ്യൂട്ടര്‍ ഓണ്‍ചെയ്തു. പ്രബന്ധത്തിന്‍റെ  പേജുകള്‍ ഓരോന്നായി  സ്ക്രോള്‍ചെയ്തുനോക്കി . അനുബന്ധമായി ചേര്‍ത്തിരുന്ന ചിത്രങ്ങളിലൊന്ന്‍ കാണാനില്ല !
  അവള്‍ വൃന്ദാവനത്തിലേക്കോടി.
  പാറക്കൂട്ടങ്ങളില്‍നിന്ന്‍  വേറിട്ടുനിന്ന രണ്ടു ശിലകള്‍ .... പരസ്പരാഭിമുഖമായി നിന്നിരുന്ന രാധാകൃഷ്ണശിലകള്‍ .... അതിലൊരെണ്ണം..... രാധാശില ..... പിഴുതുമാറ്റപ്പെട്ടിരിക്കുന്നു !
 
             
 
 

2 comments:

  1. പ്രണയിക്കുന്നവര്‍ക്കിടയിലെ തുല്യതാ സിദ്ധാന്തം നല്ലൊരാശയമാണ്. പക്ഷേ ഈ സൈബര്‍ യുഗത്തില്‍ പോലും ആരുമതംഗീകരിക്കാന്‍ പോകുന്നില്ല എന്നതാണല്ലോ കഥയില്‍ സമര്‍ത്ഥിക്കുന്നത്. ഉയര്‍ന്ന കുടുംബപശ്ചാത്തലമുള്ളവര്‍ അത് സ്ത്രീയായാലും പുരുഷനായാലും താഴ്ന്ന നിലയിലുള്ളവരെ പ്രണയിച്ചാലും വിവാഹം കഴിച്ചാല്‍ പോലും നമ്മുടെ സമൂഹം അതിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയില്ല. പുറമേയ്ക്ക് പ്രകടിപ്പിച്ചില്ലെങ്കിലും ഉള്ളില്‍ അതിനോടുള്ള വിരോധം നുരഞ്ഞു. മറിയുന്നുണ്ടാവും.

    ReplyDelete
  2. പ്രിയ സുഹൃത്തേ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

    ReplyDelete