Wednesday 21 August 2013

വെറുമൊരു സുധാകരന്‍ (കഥ)







"ഒഴുക്കുള്ള പുഴയിലെ മുങ്ങിക്കുളി പോലെയാണ് നഗരത്തിലെ ജീവിതം."
ഇതു പറയുന്നത് കൈനോട്ടക്കാരനായ സുധാകരനാണ്, ഗ്രാമത്തിലെ കൊച്ചുവീട്ടില്‍
ഒറ്റയ്ക്കു താമസിക്കുന്ന സുധാകരന്‍.
"തൊട്ടുനനച്ചു കടന്നുപോയ ജലകണങ്ങളെക്കാണാന്‍ പുഴക്കരയില്‍ പോയിരുന്നാലൊക്കുമോ ? അതുപോലാ നഗരത്തിലെ കാര്യവും ; ഒരിക്കല്‍ കണ്ടവരെ
പിന്നെ കാണില്ല ."
സുധാകരന്റെ ഉപമ എനിക്കു നന്നെ പിടിച്ചു . നാട്ടിന്‍പുറത്തുകാരനായ സുധാകരന്
നഗരത്തിന്‍റെ രീതികള്‍ ഇത്ര തന്മയത്വത്തോടെ വര്‍ണ്ണിക്കാന്‍ കഴിയുന്നതെങ്ങനെ
എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. ത്രീസ്റ്റാര്‍ഹോട്ടലിലെ മദ്യസേവയെ
ക്കുറിച്ചും എ .സി.റൂമിലെ സുഖനിദ്രയെക്കുറിച്ചുമൊക്കെ എത്രയെത്ര വിചിത്രങ്ങളായ കഥകളാണ് അയാള്‍ എനിക്കു പറഞ്ഞുതന്നിട്ടുള്ളത് ! നിത്യേന വന്നുപോകുന്ന എനിക്കുപോലും ഈ നഗരം നിഗൂഡതകളുടെ നക്ഷത്രലോകം മാത്രമായിരിക്കുംപോള്‍ വല്ലപ്പോഴും വന്നുപോകുന്ന സുധാകരന്‍ എത്ര സൂക്ഷ്മമായി നഗരത്തെ കണ്ടറിഞ്ഞിരിക്കുന്നു!
കണ്ണുണ്ടായാല്‍പോര കാണണം , കാതുണ്ടായാല്‍പോര കേള്‍ക്കണം - ഇതൊക്കെയാണ്  സുധാകരന്‍റെ ആപ്തവാക്യങ്ങള്‍ .
ഒരു സര്‍ക്കാര്‍ഗുമസ്തനായ എനിക്ക് നിഗൂഡതകളിലേക്ക്  നീളുന്ന കണ്ണും കാതും ആപത്താണെന്ന്‍ സുധാകരനുണ്ടോ അറിയുന്നു !
കര്‍ക്കശമായ പെരുമാറ്റച്ചട്ടങ്ങളോട്  സുധാകരന് അത്ര മതിപ്പൊന്നുമില്ല. മനുഷ്യത്വത്തോടെ ജീവിക്കാന്‍ പറ്റൂല്ലെങ്കിപ്പിന്നെന്തിനാ ഈ മനുഷ്യജന്മം ? എന്നാണയാള്‍ ചോദിക്കുന്നത് .
    സുധാകരന്‍റെ ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്നെ പ്രതിക്കൂട്ടില്‍ നിറുത്തി വിസ്തരിക്കുന്നതുപോലെയാണ് എനിക്കു തോന്നുക. ഞാന്‍ ജീവിക്കുന്നത് എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടിമാത്രമാണ് എന്ന യാഥാര്‍ഥ്യം എന്നെ അലട്ടുന്നതും ഇത്തരം സന്ദര്‍ഭങ്ങളിലാണ് .
      സംസ്കൃതത്തില്‍ ബിരുദവും ജ്യോതിഷത്തില്‍ ഡിപ്ലോമയും സമ്പാദിച്ചിട്ടുള്ള സുധാകരന്‍ ഇപ്പോള്‍ രേഖാശാസ്ത്രത്തിലും പ്രാവീണ്യം നേടിയിരിക്കുന്നു. വാത്സ്യായനന്‍റെ കാമശാസ്ത്രം മനപ്പാഠമാണ് . ഒരാളെ അടുത്തുകണ്ടാല്‍ അയാളുടെ ഭൂതവും വര്‍ത്തമാനവും സ്വഭാവവിശഷങ്ങളുമൊക്കെ കൂസലില്ലാതെ വിളിച്ചുപറയും. എവിടെയും പേടികൂടാതെ കയറിച്ചെല്ലാന്‍ ഇത്രയുമൊക്കെ മതിയെന്നാണ് സുധാകരന്‍റെ പക്ഷം .
       മാസത്തിലെ ആദ്യദിവസം രാവിലെ ആറുമണിക്കുള്ള ഫാസ്റ്റ്പാസഞ്ചറിലാണ് സുധാകരന്‍ നഗരത്തിലേക്കുപോകുന്നത് . ഒരു മാസത്തേക്കുള്ള 'ഊര്‍ജ്ജം' സംഭരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തുകയുംചെയ്യും .  ആ ഊര്‍ജജമില്ലെങ്കില്‍ താന്‍ വെറും പൂജ്യമാണെന്നാണ് സുധാകരന്‍ പറയുന്നത്. .
'പെണ്ണും പെടക്കോഴിയുമില്ലാത്തവന്‍ എവിടെപ്പോയാലെന്ത് ? എപ്പൊവന്നാലെന്ത് ? ആരുചോദിക്കാന്‍ !' ചിലപ്പോഴൊക്കെ ഇങ്ങനെ നിരാശപ്പെടാറുമുണ്ടയാള്‍ .
'അല്ലാ... സുധാകരാ താനെവിടേക്കായീപ്പോകുന്നത് ?' ആ രഹസ്യമറിയാന്‍ ഞാന്‍ ജിജ്ഞാസുവായി.
'എന്താ ഒപ്പം കൂടുന്നോ ? സല്‍സ്വഭാവികള്‍ക്ക് വരാന്‍ പറ്റിയ ഇടമല്ല.
സുധാകരന്‍റെ വാക്കുകളില്‍ പരിഹാസത്തിന്റെ മുനകളുണ്ടായിരുന്നു. അത്  മനസ്സിലാകാത്തതുപോലെ ഞാന്‍ വീണ്ടും ചോദിച്ചു :
'എവിടേക്കാണെന്ന് പറ സുധാകരാ .'
'സ്റ്റാര്‍ഹോട്ടലിലേക്ക് .'
'സുധാകരന്‍റെ കയ്യില്‍ അത്രക്കും കാശുണ്ടോ?'
'കാശിലല്ല, വേഷത്തിലാണ് കാര്യം. സില്‍ക്കുജുബ്ബയും കസവുമുണ്ടും സ്വര്‍ണ്ണച്ചെയിനും വൈരമോതിരവുമൊക്കെ കാണുമ്പം വാച്ചറു  വാതില് തുറന്നുപിടിക്കും.'
'സുധാകരന് സ്വര്‍ണ്ണച്ചെയിനും വൈരമോതിരവുമൊക്കെയുണ്ടോ ? ഞാന്‍ കണ്ടിട്ടില്ലല്ലൊ.'
'ഫലപ്രവചനംപോലെ ജനപ്രീതിയുള്ള കല വേറെയുണ്ടോ ! കാശുള്ളവര്‍ കൈനിറയെത്തരും. പറയുന്നതു ഫലിച്ചാല്‍ ചോദിക്കുന്നതെന്തും തരും , മാലയോ മോതിരമോ മൊബൈലോ എന്തും. അതൊക്കെ നമ്മളെ നാട്ടില്  പ്രദര്‍ശിപ്പിച്ചോണ്ടു നടക്കാന്‍ പറ്റുമോ , ബോറല്ലേ ?'
'ശരിയാ. ആളുകള് കളിയാക്കും.'
'സാറു  ഹാപ്പിഅവേഴ്സെന്നു കേട്ടിട്ടുണ്ടോ ? എവിടെ കേള്‍ക്കാന്‍ ! '
എന്‍റെനേര്‍ക്കൊരു പരിഹാസച്ചിരിയെറിഞ്ഞുകൊണ്ട് സുധാകരന്‍ തുടര്‍ന്നു :
'രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയ്ക്കുള്ള ആറുമണിക്കൂര്‍ , നക്ഷത്രബാറുകളില്‍ തിരക്കുകുറഞ്ഞ സമയം , നൂറിന്‍റെ ഒരു നോട്ടുണ്ടെങ്കിലാര്‍ക്കും പോകാം . ഒരു പയിന്റും
ഇത്തിരി ചിപ്സും കിട്ടിയാ സുധാകരന്‍ ഹാപ്പിയാവും . ചിലുചിലുത്ത തണുപ്പത്ത് ഒറ്റയ്ക്കിരുന്നു സിപ്പുചെയ്യുന്നതിന്‍റെ സുഖമുണ്ടല്ലോ ..ഹാ ... അതനുഭവിച്ചുതന്നെ അറിയണം .'
        പിന്നൊരിക്കല്‍ യാതൊരു മുഖവുരയുമില്ലാതെ സുധാകരന്‍ ചോദിച്ചു :
'പത്തുമണിപ്പടത്തിനു വരുന്നോ ?'
'ഇല്ല സുധാകരാ ,കഴിഞ്ഞയാഴ്ച ഞങ്ങളൊരു പടം കണ്ടതേയുള്ളൂ .'
'കുടുംബത്തെയും കൂട്ടിവരുന്ന കാര്യമല്ല , സാറൊറ്റക്ക് വരുന്നോ ?'
'ഇല്ല, സുധാകരന്‍ പൊയ്ക്കോ . ഏതുപടത്തിനാ?'
'കൊള്ളാം ! സുധാകരന്‍ പോണതു സിനിമകാണാനാന്നാ വിചാരം ? ഭേഷായി ! എന്‍റെ സാറെ
 ഈ സുധാകരന്‍ പോണവഴിക്കൊരു  'നിപ്പനടി'ക്കും .പിന്നെ ഒടിത്തീരാറായ പടം കളിക്കണ ഏതെങ്കിലും ടാക്കീസിക്കേറി  ഒരു ടിക്കറ്റെടുക്കും അകത്തു കേറിയിരുന്നു സുഖമായിട്ടുറങ്ങും , എ.സി.യില് .കാശില്ലാത്തവര്‍ക്കും ജീവിതം കുറച്ചെങ്കിലും ആസ്വദിക്കണ്ടെ ?'
     ജീവിതാസ്വാദനത്തില്‍ സുധാകരനെന്ന കൈനോട്ടക്കാരന്‍ അഞ്ചക്കം ശമ്പളംവാങ്ങുന്ന എന്നെക്കാള്‍ എത്രയോ ഉയരത്തിലാണെന്ന തിരിച്ചറിവ്   എന്നെ  അസ്വസ്ഥനാക്കി. ഇത്തരം ഹാപ്പി അവേഴ്സ് എന്‍റെ സ്റ്റാറ്റസിനു ചേര്‍ന്നതല്ല എന്നു നൂറ്റൊന്നുരുവിട്ട് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു . അല്‍പ്പം അസൂയയോടെയാണെങ്കിലും സുധാകരന്‍റെ ഹാപ്പിഅവേഴ്സ് കഥകള്‍ കേട്ട് ചിരിക്കാന്‍ ഞായറാഴ്ചകളില്‍ പുഴവക്കില്‍ കാത്തിരിക്കുമായിരുന്നു.
     കാലവര്‍ഷപ്പെയ്ത്തുകഴിഞ്ഞ് , കരകവിഞ്ഞൊഴുകുന്ന പുഴയിലേക്ക്  കണ്ണുനട്ടിരുന്ന്‍ ഒരിക്കല്‍  സുധാകരന്‍ പറഞ്ഞു :
'ദാ ഇതുപോലാ നഗരത്തിലെ ഒഴുക്ക് . എവിടെനിന്നോ വരുന്നവര്‍ , എവിടേക്കോ പോകുന്നവര്‍ . പാതവക്കില്‍   കുറിനിരത്തി ചമ്രംപടിഞ്ഞിരിക്കുന്ന പ്രവചനക്കാരന് കൊയ്ത്തുകാലം . കലങ്ങിമറിയുന്ന വെള്ളത്തില്‍ മീന്‍ തിരയുന്ന പൊന്മാനെപ്പോലെയാണവന്‍ . ആധിപൂണ്ട മുഖങ്ങളില്‍ ദൃഷ്ടിതറപ്പിച്ച് കുറിക്കുകൊള്ളുന്നൊരു പ്രവചനം . തിരിഞ്ഞുനോക്കുന്നവരെ എറിഞ്ഞുവീഴ്ത്തുന്ന വായ്ത്താരി . നീട്ടപ്പെടുന്ന കൈകളില്‍ നോക്കി ഭൂതകാലത്തിന്റെ ചുരുള്‍ നിവര്‍ത്താം , വിസ്മയം പൂക്കുന്ന മിഴികള്‍ കണ്ടില്ലെന്നു നടിച്ച് ഭാവിയെപ്പറ്റി തൊട്ടും തൊടാതെയും പ്രവചിക്കാം . ലക്ഷണശാസ്ത്രവും നക്ഷത്രഫലവും കൈരേഖയും കൂട്ടിവായിക്കുമ്പോള്‍ ആശ്ചര്യസ്തബ്ധരാകുന്ന ഭാഗ്യാന്വേഷികള്‍. പ്രവചനക്കാരന്റെ മടിശ്ശീലയില്‍ കറന്‍സികളുടെ പ്രവാഹം......'
'ഇത് ആളുകളെ പറ്റിക്കുന്ന പണിയല്ലേ സുധാകരാ ? മാന്യമായ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്തുകൂടേ ?'
    എന്‍റെ ചോദ്യം സുധാകരനത്ര പിടിച്ചില്ല . അയാള്‍ തിരിച്ചടിച്ചു :
'മന:ശാസ്ത്രം പഠിച്ച ഡോക്ടറും ജ്യോതിഷം പഠിച്ച കണിയാനും ചെയ്യുന്നത് ഒരേകാര്യം തന്നെ ; ആധിമൂത്തു വരുന്നവരെ ആശ്വസിപ്പിക്കുക . ഒന്നിനു മാന്യതയും മറ്റേതിനു അപമാന്യതയും കല്‍പ്പിക്കുന്നത് വിവരക്കേടാണ് .'
' ഒന്ന് ശാസ്ത്രവും മറ്റേത് അന്ധവിശ്വാസവും. ' 
'ആരുപറഞ്ഞു അന്ധവിശ്വാസമെന്ന് ? ജ്യോതിഷം ഒരു ശാസ്ത്രമാണ്; ഋഷീശ്വരന്മാരുടെ കാലത്തോളം പഴക്കമുള്ള ശാസ്ത്രം.'
      ഒരു വാദപ്രതിവാദത്തിനുള്ള ത്വര അയാളുടെ മുഖത്തു തെളിഞ്ഞു .ജാതകവിധികളെപ്പറ്റിയുള്ള വിശകലനങ്ങളിലൂടെ   അയാള്‍ തന്‍റെ വിശ്വാസപ്രമാണങ്ങള്‍ ശരിയെന്നു സമര്‍ത്ഥിക്കാന്‍ പഴുതുകള്‍ തേടി . അമ്പതു കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്നത് ജാതകദോഷം കൊണ്ടാണത്രേ !
      തര്‍ക്കശാസ്ത്രം പഠിച്ചിട്ടുള്ള സുധാകരനോട് തര്‍ക്കിച്ചുജയിക്കുക എളുപ്പമല്ല .
അയാളുടെ ആവനാഴിയില്‍ ജാതകദോഷത്തിന്‍റെ എത്ര കഥകള്‍ വേണമെങ്കിലും എടുത്തുപ്രയോഗിക്കാനുണ്ടാവും . പോരെങ്കില്‍ ഞാനുള്പ്പെടുന്ന ഉദ്യോഗസ്ഥവൃന്ദത്തെ ഒന്നടങ്കം അലസന്മാരെന്നും കിമ്പളക്കാരെന്നും വിളിച്ച് പരിഹസിക്കുകയും ചെയ്യും . അതുകൊണ്ട് ഞാന്‍ പത്തിമടക്കി .
        എന്തെല്ലാം പറഞ്ഞാലും പരിഹസിച്ചാലും സുധാകരനുമായുള്ള സൗഹൃദം എനിക്ക് ഒരാശ്വാസമാണ്; വീട്ടിലെയും ആഫീസിലെയും ടെന്‍ഷന്‍ മറന്ന്‍  പൊട്ടിച്ചിരിക്കാന്‍  കഴിയുന്നത് സുധാകരന്‍റെ കഥകള്‍ കേള്‍ക്കുമ്പോഴാണ് .
        ഇന്നലെ സുധാകരന്‍ വന്നില്ല .ഞാന്‍ കാത്തിരുന്നു  മുഷിഞ്ഞു . അയാള്‍ക്കെന്തുപറ്റി ?
ആശങ്കയോടെ അയാളുടെ വീട്ടിലേക്കു നടന്നു .
 മുറ്റത്തെ ചെമ്പകച്ചുവട്ടില്‍  ചടഞ്ഞിരിപ്പാണയാള്‍! കയ്യില്‍ തുറന്നുപിടിച്ച വര്‍ത്തമാനപ്പത്രവുമുണ്ട്.
 'എന്തുപറ്റി സുധാകരാ ?' അയാളുടെ അരികത്തിരുന്നു ഞാന്‍ ചോദിച്ചു .
 'ഇതു കണ്ടില്ലേ ?'
 ചരമപ്പേജിലെ കറുത്തചതുരത്തില്‍ വിരല്‍തൊട്ടുകൊണ്ട് അയാള്‍ ക്ഷോഭിച്ചു:
'സ്വൈരിണിപോലും ! പാവം പെണ്ണ്.'
    അയാളുടെ ക്ഷോഭവും വേദനയും കണ്ടപ്പോള്‍ അവള്‍ അയാളുടെ ആരോ ആയിരിക്കുമെന്നു കരുതി ഞാന്‍ ചോദിച്ചു
  ' ആ സ്ത്രീ സുധാകരന്‍റെ ആരാ ?'
  ' ചേരിയിലെ കൂലികള്‍ക്ക് ഹാപ്പിഅവേഴ്സൊരുക്കുന്ന പാവം പെണ്ണ്; ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒഴിച്ചുകൊടുപ്പുകാരി.ഏജന്റുമാര് രഹസ്യമായി എത്തിച്ചുകൊടുക്കുന്ന
വാറ്റുചാരായമാണവള്   വിറ്റിരുന്നത്. അതീന്നു കിട്ടുന്ന വരുമാനംകൊണ്ടാ അഞ്ചുവയറുകള്‍ വിശപ്പാറ്റിയിരുന്നത്. മരത്തീന്നു  വീണ്  നട്ടെല്ലുപൊട്ടിയ അച്ഛന്‍ , മനോരോഗിയായ അമ്മ , മറവിരോഗംപിടിച്ച അമ്മൂമ്മ , നാലാംക്ളാസ്സില് പഠിക്കുന്ന അനുജത്തിക്കുട്ടി. ചോര്‍ന്നും ചിതലരിച്ചും നിലംപൊത്താറായ ചെറ്റപ്പുരയില്‍ .... ഈയിടെ അവളെ പോലീസു പിടിച്ചു. ഷാപ്പുകാരമ്മാരു പിടിപ്പിച്ചതാ.  ഉള്ളംകാലു നിറയെ അടികൊണ്ടു പൊട്ടിയ വ്രണങ്ങളുമായി
റോഡരികത്തിരുന്നു കരയുന്നതുകണ്ടപ്പോള് ചങ്കുപൊട്ടിപ്പോയി സാറേ. അന്ന്‍ ഞാനെന്‍റെ
നൂറുരൂപ ആട്ടോക്കാരന് കൊടുത്തു , അവളെ വീട്ടിലെത്തിക്കാന്‍ .അങ്ങനാ ഞങ്ങള് പരിചയക്കാരായത്. അന്നേ ഞാനവളോടു പറഞ്ഞതാ കഷ്ടകാലമാണു സൂക്ഷിക്കണമെന്ന് .
പറഞ്ഞിട്ടെന്തു കാര്യം , ജാതകവിധിയെ തടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ ?
കഴിഞ്ഞദിവസം ലെവല്‍ക്രോസിനടുത്ത് ....'
കണ്ണുതുടച്ചുകൊണ്ട് അയാള്‍ കൂട്ടിച്ചേര്‍ത്തു:
'നീരുവറ്റിയ ദേഹം നരനായ്ക്കള് കടിച്ചുകീറിയിരുന്നു'
 കഥകേട്ട് എനിക്കു ചിരിക്കാന്‍ കഴിഞ്ഞില്ല .
അല്‍പ്പനേരത്തെ മൌനത്തിനുശേഷം സുധാകരന്‍ പറഞ്ഞു :
'എനിക്ക് അവളുടെ വീടുവരെ പോകണമെന്നുണ്ട് , ഹാപ്പിഅവേഴ്സിനു കരുതിവച്ച
കാശുകൊണ്ട് ആ കുടുംബത്തിന് ഒരുനേരത്തെ വിശപ്പാറുമെങ്കില്‍ സുധാകരന്‍
അതിലേറെ ഹാപ്പിയാവും.'
   ആര്‍ദ്രതയുടെ പ്രതിരൂപംപോലെ സുധാകരന്‍ നടന്നുനീങ്ങി .
   അതിരാവിലെ പത്രം നിവര്‍ത്തിയപ്പോള്‍ കണ്ട വാര്‍ത്ത എന്നെ ഞെട്ടിച്ചു :
'കുറ്റക്കാരനെന്നു സംശയിക്കുന്ന സുധാകരനെന്ന കൈനോട്ടക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരുന്നു. ആത്മഹത്യചെയ്ത യുവതിയും സുധാകരനും തമ്മില്‍ അവിഹിതവേഴ്ചയും സാമ്പത്തികഇടപാടുകളും ഉണ്ടായിരുന്നതായി പരിസരവാസികള്‍ ആരോപിക്കുന്നു .'
     എന്തുചെയ്യേണ്ടൂ എന്നറിയാതെ തളര്‍ന്നിരിക്കുമ്പോള്‍ സുധാകരന്‍റെ പ്രതിഷേധസ്വരം
കാതില്‍ മുഴങ്ങി :
'കണ്ണുകള്‍  കാണുന്നതും  കാതുകള്‍ കേള്‍ക്കുന്നതും എല്ലാം സത്യങ്ങളാണോ!'
 
                                                               *****





4 comments:

  1. നല്ല കഥ.അങ്ങിനെ അഭ്യസ്ഥവിദ്യനും കൈനോട്ടക്കാരനുമായ സുധാകരനും മലയാളചെറുകഥാസാഹിത്യത്തിൽ ഇടം നേടിയിരിക്കുന്നു.ആധുനികോത്തരമല്ലെൻകിലും ജീവനുണ്ട്.കഥാകാരിക്ക് അഭിനന്ദനങ്ങൾ.ഈ കയ്യടക്കം കൈവിടാതെയിരിക്കുക.

    ReplyDelete
    Replies
    1. ഇതു 2009-ല്‍ എഴുതിയ കഥയാണ്‌ .മനസ്സിരുത്തി വായിച്ചതിനു, അഭിപ്രായം കുറിച്ചതിനു നന്ദിയും സ്നേഹവും അറിയിക്കുന്നു

      Delete
  2. നല്ല വായനാസുഖം ഉണ്ടായിരുന്നു. മനുഷ്യനിലെ നന്മയും പരോപകാരോത്സുകതയും അയാളെ പലപ്പോഴും അപകടത്തില്‍ ചാടിക്കും എന്നുള്ളത് ഒരു സത്യമാണ്. അഭിനന്ദനങ്ങള്‍...........

    ReplyDelete
    Replies
    1. പ്രിയ വായനക്കാരാ , നല്ല കൂട്ടുകാരാ നന്ദിയും ആദരവും അറിയിക്കുന്നു

      Delete