Wednesday 15 May 2013

ഫോസിൽ (കവിത )



ജീവപ്രപഞ്ചത്തിലുഷ്ണപ്രചണ്ഡമാം

രാസക്കാറ്റിന്‍റെ  സംഹാരനൃത്തം !

കാലറ്റു ഭൂവിൽ മറയുന്നിതെത്ര -

യപൂർവ്വങ്ങളായുള്ള ജന്തുജാലം .

ഉറ്റോരെ വേർപെട്ട ഭൂമിതൻ ദുഃഖങ്ങ-

ളെത്തുന്നു ശൈത്യനീർഖണ്ഡങ്ങളിൽ .

ഉള്ളമുരുക്കി നീർക്കട്ടകൾ പായുന്നു

തീരം വിഴുങ്ങിയങ്ങാഴിയാക്കാൻ .

ചത്തുമരയ്ക്കുന്ന ജീവന്‍റെ  കൂടുകൾ

കാത്തുകിടക്കുമനേകകാലം ;

ജീവചരിതം പേറുന്ന ഫോസിലായ്
 
ശീതമുറയുന്ന പ്രാന്തങ്ങളിൽ .

പൂർവ്വകുലം തേടിയെത്തിടുമുണ്ണിക-

ളെത്രയുഗങ്ങൾ കഴിഞ്ഞീടിലും ;

മഞ്ഞിലുറഞ്ഞൊരു ഫോസിലിൻ കാലവും

കഥയും കുറിച്ചവർ ശ്രാദ്ധമൂട്ടും .


ഏതു സന്തുഷ്ടിതൻ പൂമഴപ്പെയ്ത്തിലു-

മേതുഗ്രദുഃഖത്തിൻ വേനലിലും

മോഹിപ്പൂ ഞാനൊരു ഫോസിലായ് മഞ്ഞിന്‍റെ
 
പാളികൾക്കുള്ളിലൊളിച്ചിരിക്കാൻ.









No comments:

Post a Comment