Wednesday 22 April 2020

മറയൂര്‍ ശര്‍ക്കര (യാത്ര) എസ്.സരോജം



മലയാളക്കരയില്‍ മറയൂര്‍ ശര്‍ക്കരയെപ്പറ്റി കേട്ടിട്ടില്ലാത്ത മധുരപ്രിയരുണ്ടാവില്ല, അത്രയ്‌ക്ക്‌ ഗുണമേന്മയാണ്‌ ഇവിടെ പരമ്പരാഗതരീതിയില്‍ നിര്‍മ്മിക്കുന്ന ശര്‍ക്കരയ്‌ക്ക്‌. യാത്രാസംഘത്തില്‍ പലര്‍ക്കും മറയൂര്‍ ശര്‍ക്കര വാങ്ങണം, കുട്ടികള്‍ക്കാണെങ്കില്‍ ശുദ്ധമായ കരിമ്പിന്‍നീര്‌ കുടിക്കണമെന്ന്‌ നിര്‍ബന്ധവും. അങ്ങനെയാണ്‌ ഒരു ശര്‍ക്കരനിര്‍മ്മാണ യൂണിറ്റ്‌ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്‌. കരിമ്പുവയലുകള്‍ക്കരികില്‍, വഴിയോരത്തുള്ള ഓലമേഞ്ഞ ചെറുകുടിലുകളിലാണ്‌ ശര്‍ക്കരനിര്‍മ്മാണം.

 അടുത്തടുത്തായി അത്തരം നിരവധി കുടിലുകള്‍ കണ്ടു. വഴിസൗകര്യമുള്ള ഒരു യൂണിറ്റിലേക്ക്‌ കയറിച്ചെന്നപ്പോള്‍ കണ്ടത്‌ കരിമ്പിന്‍നീരെടുക്കന്ന യന്ത്രവും അതിനടുത്ത്‌ ഡ്രമ്മില്‍ നിറച്ചുവച്ചിരിക്കുന്ന കരിമ്പിന്‍നീരും. അകത്തേക്ക്‌ കയറിയപ്പോള്‍ കുമുകുമാ ആവിപറക്കുന്നു, ഒപ്പം ശര്‍ക്കരയുടെ കലിപ്പുമണവും. കുടിലിന്റെ പകുതിയോളം നിറഞ്ഞിരിക്കുന്ന വലിയൊരടുപ്പില്‍ അതിനെക്കാള്‍ വലിയൊരു പാത്രത്തില്‍ പാകമായിവരുന്ന ശര്‍ക്കര. അതിനടുത്തായി വലിയൊരു പാത്രത്തില്‍ ഉരുട്ടിയ ശര്‍ക്കര.
ശര്‍ക്കരയുണ്ടാക്കുന്ന വിധം തമിഴും മലയാളവും കലര്‍ന്ന സംസാരഭാഷയില്‍ കാമാക്ഷിയമ്മ എന്നുപേരായ തൊഴിലാളി വിശദീകരിക്കാന്‍തുടങ്ങി. 


കരിമ്പ്‌ വെട്ടിയെടുത്ത്‌ യന്ത്രത്തില്‍വച്ച്‌ ചതച്ച്‌ നീരെടുക്കുന്നു. ഈ നീര്‌ വലിയ ഡ്രമ്മില്‍ പകര്‍ന്നുവയ്‌ക്കുന്നു. തെളിഞ്ഞനീര്‌ ശര്‍ക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്ക്‌ മാറ്റുന്നു. ആയിരം ലിറ്റര്‍ നീര്‌ തിളപ്പിക്കാനുള്ള വലിയ പാത്രത്തിന്‌ കൊപ്ര എന്നാണ്‌ പേര്‌. നീരെടുത്തശേഷം ഉണക്കിയെടുക്കുന്ന ചണ്ടിയാണ്‌ അടുപ്പുകത്തിക്കാനുപയോഗിക്കുന്നത്‌. നീര്‌ ചൂടായിവരുമ്പോള്‍ കുറച്ച്‌ കുമ്മായം ചേര്‍ക്കുന്നു. മുകളില്‍ തെളിഞ്ഞുവരുന്ന അഴുക്ക്‌ കോരിക്കളയുന്നു, ജലാംശം മുഴുവന്‍ വറ്റിക്കഴിയുമ്പോള്‍ കപ്പിയുടെ സഹായത്തോടെ മറ്റൊരു പാത്രത്തിലേക്ക്‌ മാറ്റുന്നു. ചൂടാറുമ്പോള്‍ കൈകൊണ്ട്‌ ഉരുട്ടിയെടുക്കുന്നു.

ഇത്രയും കേട്ടുകഴിഞ്ഞപ്പോള്‍ ഓരോരുത്തരും നാലും അഞ്ചും കിലോ ശര്‍ക്കര വാങ്ങി. സ്വന്തം ആവശ്യത്തിനുമാത്രമല്ല, ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും സമ്മാനിക്കാനും. പാത്രത്തിലെ ശര്‍ക്കര മുഴുവന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു. എന്നിട്ടും ആവശ്യക്കാര്‍ ബാക്കി. ഇനിവരുമ്പോള്‍ വാങ്ങാമെന്ന്‌ ജെ.പിയുടെ ഉറപ്പ്‌. 

ഇതിനിടയില്‍ കുട്ടികള്‍ പുറത്തിറങ്ങി കരിമ്പിന്‍നീരിനായി തിടുക്കംകൂട്ടി. ഡ്രമ്മില്‍ നിറച്ചുവച്ചിരുന്ന നീര്‌ തൊഴിലാളികളിലൊരാള്‍ കോപ്പകളില്‍ പകര്‍ന്ന്‌ ആവശ്യക്കാര്‍ക്ക്‌ കൊടുത്തു. വിലകുറവാണെങ്കിലും മധുരം കൂടുതലാണല്ലൊ എന്ന്‌ ചിലരുടെ കമന്റ്‌. കുടുംബം പോറ്റാന്‍വേണ്ടി കഷ്‌ടപ്പെടുന്ന പാവപ്പെട്ട തൊഴിലാളികളുടെ വിയര്‍പ്പാണ്‌ കരിമ്പില്‍ മധുരമായി നിറയുന്നതെന്ന്‌ ഞാനും.

രാസവസ്‌തുക്കളുപയോഗിച്ച്‌ ബ്ലീച്ച്‌ ചെയ്യാത്തതിനാല്‍ ഇരുണ്ട തവിട്ടുനിറമാണ്‌ മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌. കൈകൊണ്ട്‌ ഉരുട്ടിയെടുക്കുന്നതിനാല്‍ കൈപ്പാടുകളും തെളിഞ്ഞുകാണാം. മറ്റ്‌ ശര്‍ക്കരകളെക്കാള്‍ ഇരുമ്പിന്‍റെയും കാല്‍സ്യത്തിന്‍റെയും അളവ്‌ കൂടുതലും ഉപ്പിന്‍റെ അംശം കുറവും മധുരം കൂടുതലുമാണ്‌ മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌. നിറം കൂടുതലായതിനാല്‍ ഹല്‍വയുണ്ടാക്കുന്നവര്‍ക്കുംസപ്രിയം മറയൂര്‍ശര്‍ക്കരയോടാണ്‌.

കേരളത്തില്‍, ഭൗമസൂചിക പദവി ലഭിക്കുന്ന ഇരുപത്തിനാലാമത്‌ ഉല്‌പന്നമാണ്‌ മറയൂര്‍ ശര്‍ക്കര. പ്രത്യേകപ്രദേശത്ത്‌ പരമ്പരാഗതരീതിയില്‍ ഉല്‌പാദിപ്പിക്കുമ്പോള്‍ മാത്രം തനതായ രുചിയും ഗുണവിശേഷങ്ങളും കൈവരുന്ന ഉല്‌പന്നങ്ങള്‍ക്കാണ്‌ ഭൗമസൂചിക (ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ്‌ - ജി.ഐ) പദവി നല്‍കുന്നത്‌.

ഇടുക്കിജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളില്‍ പരമ്പരാഗതരീതിയില്‍ ശര്‍ക്കര ഉല്‌പാദിപ്പിക്കുന്ന തൊള്ളായിരത്തോളം കര്‍ഷകരുണ്ട്‌. ഈ പ്രദേശങ്ങളില്‍ വര്‍ഷംമുഴുവന്‍ കരിമ്പ്‌ കൃഷിചെയ്യുന്നതിനാല്‍ എല്ലാസമയത്തും ഇവിടെ ശര്‍ക്കര ലഭ്യമാണ്‌. ഒരുപക്ഷേ ഈ ഗ്രാമീണരുടെ നിഷ്‌കളങ്കതയാവാം വര്‍ഷംമുഴുവന്‍ ഇവിടെ കരിമ്പിന്‍പൂക്കളായി വിരിയുന്നത്‌. 
ഒരിക്കല്‍ കരിമ്പിന്‍തൈ നട്ടാല്‍ നാലഞ്ചുവര്‍ഷത്തേക്ക്‌ പുതിയ തൈ നടേണ്ടതില്ല. വിളഞ്ഞ കരിമ്പ്‌ വെട്ടിക്കഴിഞ്ഞാല്‍ വയലില്‍ തീയിടും. പിന്നെ ഒരാഴ്‌ചയോളം വെള്ളം കെട്ടിനിറുത്തും. അപ്പോഴേക്കും കത്തിയ കരിമ്പിന്‍കുറ്റികള്‍ തളിര്‍ക്കാന്‍തുടങ്ങും.

No comments:

Post a Comment