Monday 13 April 2020

ജാലിയന്‍ വാലാബാഗ് - ഒരോര്‍മ്മക്കുറിപ്പ് - എസ്.സരോജം

 (സീറോപോയിന്റ് എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്)

   മഹാരാജ രഞ്‌ജിത്‌ സിംഗിന്‍റെ കൊട്ടാരത്തിലുണ്ടായിരുന്ന സര്‍ദാര്‍ ഹിമ്മത്‌ സിംഗ്‌ ജല്ലേ വലിയ എന്ന പ്രഭുവിന്‍റെ കുടുംബവകയായിരുന്നു ജാലിയന്‍വാലാബാഗ്‌. ഹിമ്മത്‌ സിംഗും കുടുംബവും ജല്ല എന്ന ഗ്രാമത്തില്‍നിന്ന്‌ വന്നവരായതുകൊണ്ട്‌ `ജല്ലേവാലേ' എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. അവരുടെ ഉദ്യാനം `ജാലിയന്‍വാലാബാഗ്‌' എന്നും അറിയപ്പെട്ടു. ജല്ല കുടുംബം ജലന്ധറിലേക്ക്‌ മാറിയതോടെ ജാലിയന്‍വാലാബാഗ്‌ അനാഥമായി. താറുമാറായിക്കിടന്ന ഉദ്യാനത്തിന്‍റെ സിംഹഭാഗവും ഡംപിംഗ്‌ ഗ്രൗണ്ടായി മാറി.
1919 ഏപ്രില്‍ 13ന്‌, സിക്കുകാര്‍ ഖല്‍സയുടെ സ്ഥാപകദിനമായി ആഘോഷിക്കുന്ന പരിപാവനമായ വൈശാഖി ദിനത്തില്‍, ജാലിയന്‍വാലാ ബാഗില്‍ സമാധാനപരമായി ഒത്തുചേര്‍ന്ന വന്‍ ജനാവലിക്കുനേരേ ബ്രിട്ടീഷ്‌സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ റജിനാള്‍ഡ്‌ എഡ്വേര്‍ഡ്‌ ഹാരി ഡയര്‍ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടു. മതിലുകളാല്‍ ചുറ്റപ്പെട്ടതും നിരപ്പില്ലാത്തതുമായ മൈതാനത്തില്‍നിന്നു പുറത്തുകടക്കാനാവാതെ തിക്കിലും തിരക്കിലും പെട്ടും വെടിയേറ്റും മുന്നൂറോളം ആളുകള്‍ അവിടെ മരിച്ചുവീണു. മനുഷ്യത്വരഹിതമായ ഈ നരനായാട്ടാണ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി അറിയപ്പെടുന്ന `ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല'. സംഭവത്തിന്‌ സാക്ഷിയായ ജല്ലയുടെ ഉദ്യാനം ഇന്നൊരു ചരിത്രസ്‌മാരകമാണ്‌.
സ്‌മാരകത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ കറുത്തപ്രതലത്തില്‍ സ്വര്‍ണ്ണനിറത്തിലുളള അക്ഷരങ്ങള്‍കൊണ്ട്‌ "Jallianwala Bag" എന്ന്‌ ആലേഖനം ചെയ്‌തിരിക്കുന്നു. 

അകത്തേക്ക്‌ കയറിയാല്‍ ആദ്യം കാണുന്നത്‌ ചരിത്രമ്യൂസിയമാണ്‌. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, ലഘുവിവരണങ്ങള്‍ എന്നിവ ദിനക്രമത്തില്‍ ചിട്ടയോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തിന്‍റെ മുകളിലത്തെ ഹാളില്‍ പ്രസ്‌തുതസംഭവത്തെ ആധാരമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട്‌ഫിലിമിന്‍റെ പ്രദര്‍ശനമുണ്ട്‌. കണ്ടിറങ്ങുന്നത്‌ മനോഹരമായ ഉദ്യാനത്തിലേക്കാണ്.


 വെടിവയ്‌പ്പില്‍ മരിച്ചവരുടെ ഓര്‍മ്മയ്‌ക്കായി ഒരിക്കലുമണയാത്ത ദീപം - അമര്‍ജ്യോതി. 

നടപ്പാതയിലൂടെ മുന്നോട്ട്‌ നീങ്ങുമ്പോള്‍ ശേഷക്കാഴ്‌ചകളോരോന്നായി നിരന്നുകാണാം. വെടിയുണ്ട തുളച്ചുകയറിയ മുറിവുകളുമായി നില്‍ക്കുന്ന ചെങ്കല്‍ച്ചുവരുകള്‍, ഉദ്യാനമതിലുകള്‍, കൂറ്റന്‍ ആല്‍മരം, വിരണ്ടോടിയവര്‍ വീണുമരിച്ച കിണര്‍ (Martyer's Well),


 സംഭവം ചിത്രീകരിക്കുന്ന പെയിന്റിംഗുകള്‍, കേണല്‍ഡയറിന്‍റെ ചിത്രം തുടങ്ങി ആ ചരിത്രസംഭവത്തെ അനുസ്‌മരിപ്പിക്കുന്ന നിരവധി ദൃശ്യങ്ങള്‍. എല്ലാം കണ്ടിട്ട്‌ പുറത്തേയ്‌ക്കിറങ്ങുന്നത്‌ പട്ടാളക്കാര്‍ നിന്ന്‌ വെടിയുതിര്‍ത്ത ഇടുങ്ങിയ ഇടനാഴിയിലൂടെ.
ഒന്നാം ലോകമഹായുകാലം മുതല്‍ക്കേ (1914-18) പലപല കാരണങ്ങളാല്‍ പഞ്ചാബില്‍, പ്രത്യേകിച്ചും സിക്കുകാര്‍ക്കിടയില്‍ ബ്രിട്ടീഷ്‌ ഭരണത്തിനെതിരായ പ്രതിഷേധം നിലനിന്നിരുന്നു. ന്യൂഡല്‍ഹിയിലെ ഗുരുദ്വാരയുടെ ചുറ്റുമതില്‍ പൊളിച്ചതു മുതല്‍ ഉടലെടുത്ത അമര്‍ഷവും പ്രതിഷേധവും നാള്‍ക്കുനാള്‍ വളരുകയായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമരപരിപാടികളും ആനിബസന്റിന്‍റെ നേതൃത്വത്തിലുള്ള ഹോംറൂള്‍ പ്രസ്ഥാനവും പൂര്‍വാധികം ശക്തിയാര്‍ജ്ജിച്ച്‌ മുന്നേറുന്ന കാലം. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ സിക്ക്‌ നേതാക്കന്മാരെ അറസ്റ്റ്‌ ചെയ്‌തു നാടുകടത്തിയ ഡെപ്യൂട്ടികമ്മിഷണറുടെ നടപടിയ്‌ക്കെതിരെ ഏപ്രില്‍ പത്തിന്‌ അദ്ദേഹത്തിന്‍റെ ആഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത അമ്പതിനായിരത്തോളംവരുന്ന ജനക്കൂട്ടത്തെ തടഞ്ഞുനിറുത്തി വെടിവയ്‌ക്കുകയും മുപ്പതോളം പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. അതിന്‍റെ തുടര്‍ച്ചയായിരുന്നു ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല.

ഇതേപോലെ എത്രയെത്ര നിരപരാധികളുടെ ജീവന്‍ ബലികൊടുത്ത്‌ നേടിയെടുത്തതാണ്‌ ബ്രിട്ടീഷുകാരില്‍നിന്നുള്ള സ്വാതന്ത്ര്യം! ജനങ്ങളില്‍ മതവൈരം വളര്‍ത്തി, മതത്തിന്‍റെ പേരില്‍ നാടിനെ വെട്ടിമുറിച്ച്‌, മനുഷ്യബന്ധങ്ങളെ തകര്‍ത്തെറിഞ്ഞ്‌ നേടിയെടുത്തത്‌ സ്വാതന്ത്ര്യമോ അധികാരക്കൈമാറ്റമോ? സ്വാതന്ത്ര്യം തന്നെ - കോര്‍പ്പറേറ്റുകള്‍ക്കും അഴിമതിവീരന്മാര്‍ക്കും നാടിന്റെ മുതല്‍ കട്ടുമുടിക്കാനുള്ള സ്വാതന്ത്ര്യം! മാഫിയകള്‍ക്കും ബലാല്‍സംഗക്കാര്‍ക്കും തിമിര്‍ത്താടാനുള്ള സ്വാതന്ത്ര്യം! ഇതാണോ ഇന്ത്യന്‍ജനത സ്വപ്‌നംകണ്ട സ്വാതന്ത്ര്യം? യഥാര്‍ത്ഥസ്വാതന്ത്ര്യത്തിനുവേണ്ടി നിസ്വാര്‍ത്ഥഹൃദയത്തോടെ പൊരുതി മരിച്ചവരും കൊല്ലപ്പെട്ടവരുമായ രക്തസാക്ഷികളുടെ ആത്മാക്കള്‍ സ്വതന്ത്രഇന്ത്യയുടെ സാരഥികളോട്‌ പൊറുക്കട്ടെ. ഗാന്ധിജി മുതല്‍ അംബേദ്‌ക്കര്‍ വരെയുളളവര്‍ വീണ്ടും ജനിക്കട്ടെ.

No comments:

Post a Comment