Tuesday 27 October 2015

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു ...





     മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചൂ
     മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
     മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി
     മനസ്സു പങ്കുവച്ചു………..
വയലാറിനെ ഓര്‍ക്കുമ്പോഴെല്ലാം എന്‍റെ  മനസ്സില്‍ ആദ്യമെത്തുന്നത് അച്ചനും ബാപ്പയും എന്ന സിനിമയിലെ ഈ ഗാനമാണ്. സമകാലീന  സാമൂഹ്യ സാംസ്‌കാരിക ഗതിവിഗതികള്‍ മനസ്സിനെ മടുപ്പിക്കുമ്പോള്‍ സാംസ്‌കാരികാഭിമുഖ്യമുള്ള ഏതു മലയാളിയും അറിയാതെ മൂളിപ്പോകാറുണ്ട് ഈ വരികള്‍. ‘സ്വന്തം ഭാഷ സംസാരിക്കുന്ന ജനതയുടെ സാംസ്‌കാരിക പൈതൃകത്തിന്‍റെ  ഭാഗമായിരിക്കുക ഏതു കവിയുടെയും ജീവിതസാഫല്യമാണ്. വയലാര്‍ രാമവര്‍മ്മ എന്ന കവി അതു കൈവരിച്ചിരിക്കുന്നു.’ എന്‍.വി.കൃഷ്ണവാര്യര്‍ 1976 – ല്‍ എഴുതിയ വാക്കുകള്‍ ഇന്നും അര്‍ത്ഥപൂര്‍ണ്ണം തന്നെ. മലയാളകവിതയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവരും വയലാര്‍കവിതയുടെ സാന്നിദ്ധ്യം  എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു നിരവധിയായ സിനിമാ – നാടക ഗാനങ്ങളിലൂടെ. എനിക്ക് മരണമില്ലെന്നു പാടിയ കവി…. കൊതിതീരുംവരെ ഇവിടെ  പ്രേമിച്ചുമരിക്കാന്‍ ആഗ്രഹിച്ച പാട്ടുകാരന്‍….  കാവ്യകല്‍പ്പനയുടെ  ഇന്ദ്രധനുസ്സിലേറി നമ്മെ വിസ്മയിപ്പിച്ച മഹാപ്രതിഭ ഈ മനോഹരതീരം വിട്ടുപോയിട്ട് ഈ ഒക്‌ടോബര്‍ ഇരുപത്തേഴിന് നാല്‍പ്പതു വര്‍ഷമാവുന്നു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപള്ളി കേരളവര്‍മ്മയുടെയും വയലാര്‍ രാഘവപ്പറമ്പില്‍  അമ്പാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ചുമാസം 25-നു രാമവര്‍മ്മ  ജനിച്ചു. മൂന്നരവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. യാഥാസ്ഥിതികനായ അമ്മാവന്‍റെ  സംരക്ഷണയിലാണ് പിന്നെ വളര്‍ന്നുവന്നത്.  ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തി.  പഴയ വിദ്യാദാന ശൈലിയില്‍ സംസ്‌കൃതം പഠിച്ചു. വളരെ ചെറുപ്പത്തിലേ കവിതകള്‍ എഴുതാന്‍ തുടങ്ങിയെങ്കിലും അവയധികവും സംസ്‌കൃതശ്ലോകങ്ങള്‍,  കീര്‍ത്തനങ്ങള്‍ തുടങ്ങിയവയായിരുന്നു.  പുന്നപ്ര – വയലാര്‍ സമരം നടക്കുമ്പോള്‍ അദ്ദേഹത്തിന് പതിനെട്ടു വയസ്സായിരുന്നു. അദ്ധ്വാനിക്കുന്ന മനുഷ്യവര്‍ഗ്ഗത്തിന്‍റെ   ജീവിതപ്രശ്‌നങ്ങളെ  നേരിട്ടു കണ്ടറിഞ്ഞ അദ്ദേഹത്തിന്‍റെ  കവിതകളും കാവ്യസംപുഷ്ടമായ ഗാനങ്ങളും ഇന്ത്യന്‍ കവിതയില്‍ അരുണിമ പടര്‍ന്ന  കാലഘട്ടത്തിന്‍റെ  മാറ്റൊലികളായി.  ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മലാളകവിതയില്‍ അദ്ദേഹം സജീവമായിനിന്നു.  പാദമുദ്രകള്‍ എന്ന ആദ്യകവിതാസമാഹാരത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു കവിയെ ദര്‍ശിക്കാമെങ്കിലും പിന്നീടുവന്ന എല്ലാ കാവ്യസമാഹാരങ്ങളിലും ഇടതുപക്ഷരാഷ്ട്രീയത്തിന്‍റെ  ശക്തനായ വക്താവിനെയാണ് കാണാനാവുക. വാളിനെക്കാള്‍ ശക്തമായ സമരായുധമാണ് കവിത എന്ന തിരിച്ചറിവ്  അദ്ദേഹത്തിനുണ്ടായിരുന്നു എന്നതിന് കവിതകള്‍ തന്നെ സാക്ഷ്യം. 1950 – ’61 കാലഘട്ടത്തിലാണ് കൊന്തയും പൂണൂലും, നാടിന്‍റെ  നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗ്ഗസംഗീതം എന്നീ കാവ്യസമാഹാരങ്ങളും ആയിഷ എന്ന ഖണ്ഡകാവ്യവും രചിച്ചത്. കൊന്തയും പൂണൂലും  എന്ന കാവ്യസമാഹാരം  അദ്ദഹത്തെ ഒരു ‘വിപ്ലവകവി’യാക്കി. രക്തം കലര്‍ന്ന മണ്ണ്, വെട്ടും തിരുത്തും എന്നീ കഥാസമാഹാരങ്ങളും പുരുഷാന്തരങ്ങളിലൂടെ എന്ന യാത്രാവിവരണഗ്രന്ഥവും അദ്ദേഹത്തിന്‍റെ  രചനകളില്‍ പെടുന്നു.
കവിതകളെക്കാളുപരി വയലാറിനെ അനശ്വരനാക്കുന്നത്  പച്ചമനുഷ്യന്‍റെ   സുഖവും ദു:ഖവും ഒപ്പിയെടുത്ത രണ്ടായിരത്തില്‍പ്പരം  സിനിമാ – നാടക ഗാനങ്ങളാണ്. പ്രമേയവുമായി ഇഴുകിച്ചേര്‍ന്നുനില്‍ക്കുന്ന ഗാനങ്ങള്‍  കല്‍പ്പനയുടെ ഔചിത്യവും  വാക്കുകളുടെ ചാരുതയും  ബിംബലാവണ്യവും കൊണ്ട് മലയാളിമനസ്സുകളെ വിസ്മയിപ്പിച്ചു.  വിഭിന്നശൈലികളില്‍ – ഗ്രാമ്യമായും പ്രൗഢസുന്ദരമായും  ദാര്‍ശനികമായും ആദ്ധ്യാത്മികമായും ഗാനങ്ങളെഴുതാനുള്ള കഴിവ് അനന്യസാധാരണം. ശാസ്ത്രസത്യങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ടുള്ള നിരവധിയായ സിനിമാഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ  ശാസ്ത്രജ്ഞാനത്തെ വെളിവാക്കുന്നവയാണ്:        ‘തങ്കത്താഴികക്കുടമല്ലാ.. 
   താരാപഥത്തിലെ രഥമല്ലാ.. 
   ചന്ദ്രബിംബം കവികള്‍ വാഴ്ത്തിയ..           
 സ്വര്‍ണ്ണമയൂരമല്ലാ..’ 
‘പ്രളയപയോധിയില്‍..’ തുടങ്ങിയവ.
1975 ഒക്‌ടോബര്‍ 27 -ന് , നാല്പത്തിയേഴാം വയസ്സില്‍ വയലാര്‍ അന്തരിച്ചു. ജാതിയുടെയും
മതത്തിന്‍റെയും  അതിരുകള്‍ ഭേദിച്ച ആ സര്‍ഗ്ഗചൈതന്യം അകാലത്തില്‍ പൊലിഞ്ഞുപോയത് നമ്മുടെ നഷ്ടം. രക്തഗ്രൂപ്പു മാറി കുത്തിവച്ചതാണ് വയലാറിന്‍റെ  മരണത്തിനു കാരണമെന്നു പ്രശസ്തകവി ഏഴാച്ചേരി രാമചന്ദ്രന്‍ 2011 സെപ്തംബര്‍ 14 – ന് ഒരു പൊതുചടങ്ങില്‍ നടത്തിയ വെളിപ്പെടുത്തല്‍  ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. പ്രശസ്തമായ വയലാര്‍ അവാര്‍ഡ് അദ്ദേഹത്തിന്‍റെ  ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
ഈശ്വരന്‍ ഹിന്ദുവല്ലാ…. കൃസ്ത്യാനിയല്ലാ… ഇസ്ലാമുമല്ലാ….. എന്ന ഗാനശകലംകൂടി ഓര്‍ത്തുകൊണ്ട് ഈ ഓര്‍മ്മക്കുറിപ്പ് ചുരുക്കട്ടെ.

No comments:

Post a Comment