Tuesday 6 October 2015

മുഖങ്ങളുടെ വര്‍ത്തമാനം (കഥ )





ആകാശത്തിന്‍റെ  അകലങ്ങളില്‍ രണ്ടു കുഞ്ഞുവലയങ്ങളില്‍ പതുങ്ങിയിരുന്നുകൊണ്ട് രണ്ടു മുഖങ്ങള്‍ വര്‍ത്തമാനം തുടങ്ങി. ഒന്ന് പ്രൗഢയായൊരു സ്ത്രീയുടേതും മറ്റൊന്ന് നരച്ചുവെളുത്തൊരു  സന്യാസിയുടേതും. സ്ത്രീമുഖത്തെ അവള്‍ എന്നും സന്യാസീമുഖത്തെ സ്വാമിജി എന്നും കഥാകൃത്ത് പരിചയപ്പെടുത്തന്നു.
‘നമസ്‌കാരം സ്വാമിജീ’ എന്ന് അഭിവാദ്യം ചെയ്തുകൊണ്ട് അവള്‍ തന്നെയായിരുന്നു വര്‍ത്തമാനത്തിനു തുടക്കമിട്ടത്.
‘ഓം…’, ‘പ്രണാമം’ എന്നീ മറുപടികളില്‍നിന്ന് സര്‍വ്വസംഗ പരിത്യാഗിയായൊരു യോഗിയുടെ രേഖാചിത്രം മനസ്സില്‍ വരയ്ക്കുകയായിരുന്നു അവള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ ചാറ്റ്‌ബോക്‌സ്  സന്ദേശങ്ങള്‍കൊണ്ടു നിറഞ്ഞു. ദേവഭൂമിയായ ഹിമവാന്‍റെ  മഞ്ഞുമൂടിയ ശൃംഗങ്ങള്‍, ശങ്കരശ്ലോകങ്ങളുടെയും ഗീതാചാന്റിംഗ്‌സിന്റെയും യൂട്യൂബ് ലിങ്കുകള്‍….
രണ്ടാണ്ടുകള്‍ക്കുമുമ്പ് മഞ്ഞുപെയ്യുന്ന താഴ്‌വാരങ്ങളില്‍നിന്ന് അത്ഭുതാദരങ്ങളോടെ നോക്കിക്കണ്ട ഹിമശൃംഗങ്ങള്‍ അവളുടെ ഓര്‍മ്മയില്‍ തിളങ്ങി. ആ ഹിമവിശുദ്ധിയില്‍ നഗ്നഹൃദയനായി സഞ്ചരിക്കുന്ന ഏതോ യോഗീശ്വരന്‍റെ  ദിവ്യതേജസ്സാര്‍ന്ന മുഖമാവാം സൈബര്‍ചുവരിലെ കുഞ്ഞുവലയത്തിലിരുന്ന് പുഞ്ചിരി പൊഴിക്കുന്നത്. ജിജ്ഞാസയോടെ അവള്‍ സ്വാമിജിയുടെ പ്രൊഫൈല്‍ പരതി. വേദാന്തടീച്ചര്‍ വിത് ഡോക്ടറേറ്റ് ഇന്‍ ഇന്‍ഡ്യന്‍ ഫിലോസഫി, ഇംഗ്ലീഷ് ഹിന്ദി തമിഴ് മലയാളം സംസ്‌കൃതം തുടങ്ങി നിരവധി ഭാഷകളറിയാം, ബോണ്‍ ഇന്‍ കേരള, സെറ്റില്‍ഡ് നൊവെയര്‍.
അവള്‍ ലിങ്കുകള്‍ ഓരോന്നായി തുറന്നുനോക്കി. ആദ്യത്തേത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഗീതാചാന്റിംഗ്, ശാന്തഗംഭീരസ്വരത്തില്‍ അക്ഷരസ്ഫുടതയോടെ അര്‍ത്ഥവ്യക്തതയോടെയുള്ള ആലാപനം. ലിങ്കിനടിയില്‍ അവള്‍ ഇങ്ങനെ കുറിച്ചു:
‘മനസ്സിനെ പിടിച്ചിരുത്തുന്ന ആലാപനവിസ്മയം!’
നിമിഷവേഗത്തില്‍ മറുപടിയായി മറ്റൊരു ലിങ്ക് – ഫ്‌ളൂട്ട് വായനയില്‍ മുഴുകിയിരിക്കുന്ന സ്വാമിജി.
അവളതു തുറന്നുകേട്ടു. ശങ്കരാഭരണരാഗം. എന്നോ കണ്ട സിനിമയില്‍നിന്ന് മഞ്ജുഭാര്‍ഗ്ഗവിയും ശങ്കരശാസ്ത്രികളും അവളുടെ മുന്നിലേക്കിറങ്ങിവന്നു. രാഗനൃത്തങ്ങളുടെ ലയനതാളത്തില്‍ മുഴുകി  അവളിരുന്നു. അറിയാതെയറിയാതെ അവളൊരു മഞ്ജുഭാര്‍ഗ്ഗവിയായി  മാറി. ശങ്കരശാസ്ത്രികള്‍ക്കു പകരം സ്വാമിജി!
രാഗലഹരിയില്‍നിന്ന് ഉണര്‍ന്നപ്പോള്‍  ചാറ്റ്‌ബോക്‌സില്‍ അവള്‍ ഇങ്ങനെ കുറിച്ചു:
‘ശങ്കരാഭരണം എന്‍റെ  ഇഷ്ടരാഗം.’
മറുപടിയയായി അവളുടെ രണ്ടു പ്രൊഫൈല്‍ ചിത്രങ്ങള്‍ –  ഒന്ന് ഉന്നതശീര്‍ഷനായ ഹിമവാനെ നോക്കി അന്തംവിട്ടുനില്‍ക്കുന്നത്, മറ്റൊന്ന് രാജാരവിവര്‍മ്മയുടെ ഹംസദമയന്തിയില്‍ മിഴിനട്ടിരിക്കുന്നത്- ‘യു ആര്‍ ഗ്രേറ്റ്’ എന്ന അടിക്കുറിപ്പോടെ.
പെണ്ണുങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ഒരു സന്യാസിക്കുചേര്‍ന്ന പണിയല്ല എന്നെഴുതാന്‍ തോന്നിയെങ്കിലും അവള്‍ ഇങ്ങനെ എഴുതി:
‘ഗ്രേറ്റ് എന്ന പ്രയോഗം എനിക്കു ചേരില്ല സ്വാമിജീ; ആ വാക്കിന് എത്ര വലിയ അര്‍ത്ഥമാണുള്ളത്. ഞാന്‍….’
‘ഈ എളിമത്തം തന്നെയാണു സീതാ മഹത്വത്തിന്‍റെ  ലക്ഷണം. എനിക്ക് നിന്നോട് ഒരുപാടു പറയാനുണ്ട്. എല്ലാം എഴുതാന്‍ പ്രയാസമല്ലേ, ഇങ്ങോട്ടൊന്നു വിളിക്കൂ പ്ലീസ്. ഇതാണെന്‍റെ  നമ്പര്‍…’
സമയസൂചികകള്‍ അടുത്തദിവസത്തിന്‍റെ  വരവറിയിച്ചു കഴിഞ്ഞിരുന്നു. അവളെഴുതി:
‘സമയം വളരെ വൈകിയിരിക്കുന്നു സ്വാമിജീ, എനിക്കുറങ്ങണം. ഗുഡ്‌നൈറ്റ്.’
മറുപടിയെത്തുംമുമ്പ് അവള്‍ സൈബര്‍വലയത്തില്‍നിന്ന് പുറത്തിറങ്ങി. സന്യാസീമുഖത്തെ മനസ്സില്‍നിന്ന് ഇറക്കിവിടാനുള്ള ശ്രമമായി. മറക്കാന്‍ ശ്രമിക്കുന്തോറും മിഴിവാര്‍ന്നു പ്രത്യക്ഷപ്പെടുന്നു സൈബര്‍ച്ചുവരിലിരുന്ന് പുഞ്ചിരിപൊഴിക്കുന്ന സന്യാസീമുഖം. ആ മുഖത്തില്‍ ഉച്ചസൂര്യനെപ്പോലെ ജ്വലിക്കുന്ന രണ്ടു വലിയ കണ്ണുകള്‍!
പിറ്റേന്നു രാവിലെ അവള്‍ ചാറ്റ്‌ബോക്‌സ് തുറന്നു.
ണിം… ണിം… ണിം… അകത്തേക്കു പ്രവേശനം കാത്ത് ആകാശത്തില്‍ ചുറ്റിത്തിരിഞ്ഞ സന്ദേശങ്ങള്‍ ബോക്‌സില്‍ വന്നുനിറഞ്ഞു. അവയോരോന്നും ഓരോ കഥയായിരുന്നു! പതിനാലാം വയസ്സില്‍ പെറ്റമ്മയായിത്തീര്‍ന്ന പെണ്‍കുട്ടി… അവളെ അമ്മ എന്നതിലുപരി പ്രണയിനിയായിക്കണ്ട കൗമാരയൗവ്വനങ്ങള്‍… മുപ്പത്തിയഞ്ചാം വയസ്സില്‍ പാമ്പുകടിയേറ്റു മരിച്ച അച്ചനെക്കുറിച്ചുള്ള ബാലസ്മരണകള്‍… ഒടുവില്‍, ആശ്രമത്തിന്‍റെ  അകത്തളത്തിലേക്കു ചേക്കേറിയ അമ്മ അവശേഷിപ്പിച്ചുപോയ അനാഥത്വം.
അന്യദുഃഖങ്ങളില്‍ ആര്‍ദ്രമാവുന്ന മനസ്സില്‍നിന്ന് പിടഞ്ഞുണര്‍ന്ന വാക്കുകള്‍ അവള്‍ ചാറ്റ്‌ബോക്‌സില്‍ കുറിച്ചു:
‘സന്യാസജീവിതം തിരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്, അല്ലേ സ്വാമിജീ?’
‘സീതാ നിനക്കെന്നെയൊന്നു വിളിക്കാമോ പ്ലീസ്?’
മൂന്നക്ഷരമുള്ളൊരു പേരും മൊബൈല്‍നമ്പരും ബോക്‌സില്‍ തെളിഞ്ഞു.
അവള്‍ വിളിച്ചു.
‘എന്ക്കു സന്തോഷമായി സീതാ, നീയെന്നെ വിളിച്ചല്ലൊ. യു ആര്‍ ഗ്രേറ്റ് സീതാ, വലിയ ഔദ്യോഗികപദവിയിലിരുന്ന ആളല്ലേ!’
‘അതൊക്കെ കഴിഞ്ഞില്ലേ സ്വാമിജീ, നൗ അയാം സീതാലക്ഷ്മി,  സീതാലക്ഷ്മി ഒള്ളി.’
‘സീതാ, വില്‍ യു പ്ലീസ് കാള്‍ മി ബൈ നെയിം?’
‘സ്വാമിജീ, അങ്ങയെപ്പോലെ ദിവ്യനായൊരാളെ പേരുപറഞ്ഞു വിളിക്കുകയോ? നോ സ്വാമിജീ നോ.’
‘വൈ നാട്ട് സീതാ? അയാം ആള്‍സൊ എ ഹ്യൂമന്‍ബീയിംഗ് ജസ്റ്റ് ലൈക്ക് യു ആന്റ് ആള്‍. ആരെങ്കിലും എന്നെ പേരുപറഞ്ഞൊന്നു വിളിച്ചുകേള്‍ക്കാന്‍ ഞാനെത്രമാത്രം കൊതിക്കുന്നുവെന്നു നിനക്കറിയാമോ? ഐ തിങ്ക് യു ആര്‍ ദി ആപ്റ്റ് പേഴ്‌സണ്‍ സീതാ. പ്ലീസ് കാള്‍ മി രതീഷ്.’
‘ശ്രമിക്കാം സ്വാമിജീ.’
എത്ര ശ്രമിച്ചിട്ടും പേരുപറഞ്ഞ് അദ്ദേഹത്തെ സംബോധന ചെയ്യാന്‍ ഒരു സന്യാസിയോടുള്ള ആദരവ് അവളെ അനുവദിച്ചില്ല.
‘സീതാ, എന്നെക്കുറിച്ച് ഞാനെന്തെല്ലാമെഴുതി. നീയാണെങ്കില്‍ വ്യക്തിപരമായ യാതൊന്നും ഇതേവരെ പറഞ്ഞില്ല. വീട്ടില്‍ ആരൊക്കെയുണ്ട്? ഭര്‍ത്താവ്, കുട്ടികള്‍…?’
‘വീട്ടില്‍ എന്‍റെ  മകനും കുടുംബവുമുണ്ട്. ഭര്‍ത്താവ് മരിച്ചുപോയി.’
‘ഓഹ്! ദന്‍ യു ആര്‍ എലോണ്‍?’
സ്വാമിജിയുടെ സ്വരത്തിന് സ്വിച്ചിട്ടമാതിരിയൊരു തെളിച്ചം! ശോകരാഗമുതിര്‍ത്തുകൊണ്ടിരുന്ന സ്വരവീണ പെട്ടെന്ന് സന്തോഷത്തിന്‍റെ  ഉച്ചസ്വരം പാടുന്നപോലെ. അവള്‍ കാരണം എന്തെന്നു ചിന്തിച്ച് ആശ്ചര്യപ്പെട്ടിരിക്കെ സ്വാമിജി പറഞ്ഞു:
‘തെറ്റാണെന്നറിയാം എങ്കിലും പറയട്ടെ സീതാ, നിന്നില്‍നിന്ന് ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച മറുപടി ഇതായിരുന്നു, ഭര്‍ത്താവ് മരിച്ചുപോയി എന്ന്.’
ഒരു സാധാരണമനുഷ്യന്‍ പോലും പറയാന്‍ മടിക്കുന്ന വാക്കുകള്‍ ഒരു സന്യാസിയുടെ നാവില്‍നിന്നോ? അവള്‍ അമ്പരന്നു.
‘സീതാ നമ്മുടെ ഈ പരിചയപ്പെടല്‍ അനിവാര്യമായിരുന്നു. ഇത് പുതിയൊരു ജീവിതത്തിന്‍റെ  തുടക്കമാണെന്ന് മനസ്സു പറയുന്നു. ഏകാന്തതയില്‍നിന്നുള്ള മോചനം. അങ്ങനെ തോന്നുന്നില്ലേ നിനക്ക്?
‘ഇല്ല സ്വാമിജീ, ഈ ഏകാന്തത എനിക്കിഷ്ടമാണ്.’
‘ബി ഫ്രാങ്ക് സീതാ, ഉള്ളുതുറന്നു പറയൂ ഈ ഏകാന്തത നിനക്കു മടുത്തുവെന്ന്, എന്നെ നിനക്കിഷ്ടമാണെന്ന്.’
‘സ്വാമിജീ, മറ്റെന്തെല്ലാം വിഷയങ്ങളുണ്ടു നമുക്കു സംസാരിക്കാന്‍. വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞു വെറുതേയെന്തിനാ…..?’
‘ഓക്കെ സീതാ. നീ ധാരാളം യാത്രചെയ്യാറുണ്ടല്ലോ.    ഫോട്ടോസൊക്കെ നന്നായിരിക്കുന്നു.’
‘താങ്ക്യു സ്വാമിജീ.’
‘നീ കൈലാസത്തില്‍ പോയിട്ടുണ്ടോ?’
‘ഇല്ല.’
‘ഋഷികേശ്, ബദരീനാഥ്…?’
‘ഇല്ല.’
‘പോകണമെന്നാഗ്രഹമില്ലേ?’
‘ആഗ്രഹമുണ്ടു സ്വാമിജി, സാഹചര്യങ്ങള്‍ ഒത്തുവരണ്ടേ?’
‘നമുക്കൊരുമിച്ചു പോകാമോ? ഐ മീന്‍ നമ്മള്‍ രണ്ടുപേരും മാത്രമായൊരു യാത്ര.’
രണ്ടുപേരും മാത്രമായൊരു യാത്രയോ? അവള്‍ക്ക് സ്വാമിജി  ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലായില്ല. അല്‍പ്പനേരം  അവള്‍ ഒരു മൗനവലയത്തിനുള്ളില്‍ ചുരുങ്ങിയിരുന്നു.
‘സീതാ… നീയെന്താ ഒന്നും പറയാത്തത്?’
‘സ്വാമിജി എന്താ ഉദ്ദേശിച്ചത്? എനിക്കു മനസ്സിലായില്ല.’
‘സീതാ, സ്വന്തമെന്നു പറയാന്‍ എനിക്കാരുമില്ല. ഒരു പനി വന്നാല്‍ സുഖമായോ എന്നു വിളിച്ചു ചോദിക്കാന്‍പോലും ഒരാളില്ല. ഒരു സാന്ത്വനസ്പര്‍ശമില്ല. എല്ലാവര്‍ക്കും ഞാന്‍ സ്വാമിജിയല്ലേ,    സ്വാമിജി. സീതാ നിന്നെ എനിക്കു വേണം… എന്‍റെ  സ്വന്തമായി… എന്‍റെ  സാന്ത്വനമായി…’
‘സ്വാമിജീ അങ്ങയെ എനിക്കും വേണം, എന്‍റെ  സ്വന്തമായി… എന്‍റെ  സാന്ത്വനമായി…’ എന്നൊരു മറുപടി അവളുടെ ഹൃദയത്തില്‍ നിന്നു പുറപ്പെട്ടുവന്നു. പക്ഷേ നാവ് അതു പുറത്തേക്കു വിട്ടില്ല. പകരം ഇങ്ങനെ പറഞ്ഞു: ‘സ്വാമിജീ, ഈ കൊച്ചുവലയത്തിലൊതുങ്ങുന്ന ഇത്തിരി സൗഹൃദം മാത്രം മതിയെനിക്ക്. നമുക്കിവിടെ നല്ല സുഹൃത്തുക്കളായി തുടരാം. അതിനപ്പുറത്തേക്ക് ഞാനില്ല.’
‘നോ സീതാ നോ. നീ നിന്‍റെ  മനസ്സാക്ഷിക്കെതിരായി സംസാരിക്കുന്നു.’ സ്വാമിജി ക്ഷുഭിതനായി. തല്‍ക്ഷണം തന്നെ അദ്ദേഹം ശാന്തനാവുകയും ചെയ്തു.
‘എനിക്കറിയാം സീതാ നിന്‍റെ  ഹൃദയം അനുയോജ്യനായൊരു പുരുഷനുവേണ്ടി എത്രമാത്രം ദാഹിക്കുന്നുവെന്ന്. പ്ലീസ് സീതാ നിനക്കെന്നെ സ്വീകരിച്ചുകൂടേ? എന്തിനാ നാം നമ്മളെ സ്വയം വേദനിപ്പിക്കുന്നത്? നീ ആഗ്രഹിക്കുന്ന പുരുഷനാവാന്‍ എനിക്കു കഴിയും. ഞാന്‍ നിന്നെ വിവാഹംകഴിക്കാം. മരിക്കുംവരെ നമുക്ക് ഒരുമിച്ചു ജീവിക്കാം. വാ മോളൂ…. സീതാ…. എന്‍റെ  കണ്മണീ…’
‘എന്‍റെ  സ്വാമിജീ…’ എന്നൊരു നിലവിളി അവളുടെ ഹൃദയത്തില്‍നിന്നുയര്‍ന്നു. ആ അനാഥസ്‌നേഹത്തിന്‍റെ  വിരല്‍ത്തുമ്പു പിടിച്ച് വൈധവ്യത്തിന്റെ നീര്‍ച്ചുഴിയില്‍നിന്നു കരകയറാന്‍ അവള്‍ക്കു വെമ്പലായി. അടുത്തനിമിഷംതന്നെ ഭയപ്പാടോടെ അവള്‍ തന്‍റെ  ഹൃദയത്തിന്‍റെ  ആഴങ്ങളിലേക്കിറങ്ങിനോക്കി. അവിടെ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ചരടുകള്‍ കെട്ടുപിണഞ്ഞുകിടക്കുകയാണ്. ആ ചരടുകളെല്ലാം ചേര്‍ന്ന് തനിക്കുവേണ്ടി ഒരു പൂമാല കോര്‍ത്തുതരികയുമില്ല. എന്നാലും അവയോരോന്നും അത്രമേല്‍ തനിക്കു പ്രിയപ്പെട്ടവയാണ്. അവ പൊട്ടിച്ചെറിഞ്ഞാല്‍ താന്‍ താനല്ലാതായിത്തീരും.
‘എന്റീശ്വരാ….’ ഹൃദയംപിടഞ്ഞവള്‍ വിളിച്ചു. ‘സ്വാമിജിയോട് ഞാനെന്താണു പറയേണ്ടത്?’
നിര്‍ദ്ദോഷമായൊരു കള്ളം അവളുടെ നാവിലെത്തി;
‘സ്വാമിജീ ഒരത്യാവശ്യകാര്യത്തിനായി ഞാന്‍ പുറത്തേക്കു  പോവുകയാണ്. നമുക്ക് പിന്നെ സംസാരിക്കാം.’
‘ഓക്കെ സീതാ. വന്നാലുടനെ നീയെന്നെ വിളിക്കണം. അനുകൂലമായൊരു മറുപടിക്കായി ഞാന്‍ കാത്തിരിക്കും.’
അവള്‍ അലമാര തുറന്ന് നല്ലൊരു പുസ്തകത്തിനായി          പരതി. ഗംഗാപോറ്റിയുടെ ‘കൈലാസസാനുവില്‍’ എന്ന യാത്രാവിവരണഗ്രന്ഥമാണ് കൈയില്‍ കിട്ടിയത്. എത്ര വായിച്ചറിഞ്ഞാലും  മതിവരാത്ത കൈലാസമെന്ന പുണ്യഭൂമിയില്‍ രാവേറുവോളം അവള്‍ മനസ്സിനെ പിടിച്ചിരുത്തി. ഇടയ്ക്കിടെ സ്വാമിജി അക്ഷമനായി ഓടിക്കയറിവന്നു ചോദിച്ചുകൊണ്ടിരുന്നു:
‘സീതാ നീ ആരില്‍നിന്നാണിങ്ങനെ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്? എന്നില്‍നിന്നോ? അല്ല സീതാ, നീ നിന്നില്‍നിന്നു തന്നെയാണ് ഒളിച്ചോടാന്‍ ശ്രമിക്കുന്നത്. നീ ഭയപ്പെടുന്നത് നിന്നെത്തന്നെയാണ്.’
‘ശരിയാണു സ്വാമിജീ, ഞാന്‍ ഭയപ്പെടുന്നത് എന്നെത്തന്നെയാണ്. എന്നില്‍നിന്നു തന്നെയാണ്   ഞാന്‍  ഒളിച്ചോടാന്‍  ശ്രമിക്കുന്നതും.’  അവള്‍ ഈവിധം മറുപടിയും ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ഒടുവില്‍, രാത്രിയുടെ അന്ത്യയാമത്തില്‍ സ്വാമിജിയുടെ നമ്പര്‍ മൊബൈല്‍സ്‌ക്രീനില്‍ തെളിഞ്ഞു.
‘എന്താ സീതാ നീയെന്നെ വീളിക്കാത്തത്? എപ്പോഴും ഞാന്‍ തന്നെ വിളിച്ചുകൊണ്ടിരിക്കുന്നു.എന്തിനാ ഞാനിങ്ങനെ വിളിക്കുന്നത്? ഞാന്‍ നിന്നെ അത്രത്തോളം ആഗ്രഹിക്കുന്നു. യേസ് സീതാ, അയാം കംപാഷനേറ്റ് ആന്റ് മോസ്റ്റ് ലവിംഗ്. പക്ഷേ…. നീയിതേവരെ ഹൃദയം തുറന്ന് ഒരുവാക്കുപോലും എന്നോടു പറഞ്ഞില്ല. ഞാന്‍ വീണ്ടുംവീണ്ടും വിളിച്ചുകൊണ്ടേയിരിക്കുന്നു, ഒരു വിഡ്ഢിയെപ്പോലെ.’
‘സ്വാമിജീ ഞാന്‍…’
‘നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല സീതാ, എന്‍റെ  സങ്കടം അറിയിച്ചെന്നേയുള്ളൂ. അതുപോട്ടെ. ഞാന്‍ യാത്ര പ്ലാന്‍ചെയ്യുകയാണ.് നീ വരില്ലേ?’
‘സ്വാമിജീ, അങ്ങനെയൊരു യാത്രയെക്കുറിച്ച് ഞാന്‍ ആലോചിച്ചതുപോലുമില്ല.’
‘ആലോചിക്കാനെന്തിരിക്കുന്നു? വേണ്ടതിലേറെ സമ്പത്തും ബന്ധുബലവും അന്തസ്സും ആഭിജാത്യവും ഒക്കെയുണ്ടായിട്ടും നിന്‍റെ  മനസ്സിലുമില്ലേ സീതാ ഒരു ശൂന്യസ്ഥലം? എ വാക്വം ദാറ്റിസ് റ്റു ബി ഫില്‍ഡ് ബൈ എ മേന്‍ ആന്റ് ഒള്ളി ബൈ എ മേന്‍?’
‘ശൂന്യസ്ഥലികളെക്കുറിച്ചു ചിന്തിക്കേണ്ട പ്രായമല്ല സ്വാമിജീ എന്‍റെത്. സാഹചര്യങ്ങള്‍ അതിന് അനുകൂലവുമല്ല.’
‘പ്രായമല്ല സീതാ മനസ്സാണു പ്രധാനം. വെയര്‍ ദയറീസെ വില്‍ ദെയറീസെ വേ എന്നു കേട്ടിട്ടില്ലേ?’
‘സ്വാമിജീ, എനിക്ക് രണ്ടു ചോയിസേയുള്ളൂ; ഒന്നുകില്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായി നമുക്കിവിടെ തുടരാം. അല്ലെങ്കില്‍ ഈ സൗഹൃദം ഇവിടെവച്ച് അവസാനിപ്പിക്കാം. ഇതില്‍ ആദ്യത്തേതാണ് എനിക്കിഷ്ടം.’
‘ഇല്ല സീതാ. നിന്‍റെ  മനസ്സിലെ ശൂന്യസ്ഥലികള്‍ ഞാനെന്‍റെ  പ്രേമംകൊണ്ടു നിറയ്ക്കും. നമ്മുടെ പ്രേമം ഹിമാലയത്തോളം ഉയരുമ്പോള്‍ സാക്ഷാല്‍ കൈലാസനാഥന്റെ മുന്നില്‍വച്ചു പൂജിച്ച മഞ്ഞച്ചരട് ഞാന്‍ നിന്റെ കഴുത്തില്‍ കെട്ടും. നമ്മള്‍ ശിവപാര്‍വ്വതിമാരെപ്പോലെ ഒന്നായിത്തീരും.’
‘സ്വാമിജീ അങ്ങെന്തൊക്കെ വിഡ്ഢിത്തങ്ങളാണ് പുലമ്പുന്നത്? സ്വാതന്ത്ര്യത്തിന്‍റെ  ശുദ്ധവായു ശ്വസിച്ച എനിക്ക് ഇനിയൊരു ചരടിന്‍റെ  ആവശ്യമില്ല.’
‘സീതാ, യു ആര്‍ ചീറ്റിംഗ് മി?’
വികാരവിക്ഷോഭങ്ങള്‍ നിയന്ത്രിക്കാനാവാത്ത അവസ്ഥയില്‍ ആയിരിക്കുന്നു സ്വാമിജി. ഉച്ചത്തില്‍ ശകാരിക്കുകയും അധിക്ഷേപിക്കുകയും പുലമ്പുകയും പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്നു. ശബ്ദത്തിന്‍റെ   ഇടര്‍ച്ചകാരണം  പലതും വ്യക്തമാവുന്നില്ല.
അധിക്ഷേപത്തരങ്ങള്‍ അവളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. അവള്‍ ഉച്ചത്തില്‍ വിളിച്ചു: ‘സ്വാമിജീ…..’
അദ്ദേഹം അധിക്ഷേപം നിറുത്തിയില്ല.
‘താങ്കളൊരു സന്യാസിയല്ലേ? ദയവായി ഇങ്ങനെയൊന്നും പറയരുത്.’ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവള്‍ ഇത്രയും പറഞ്ഞ് കാള്‍ കട്ടുചെയ്തു. എന്നിട്ട് മെസഞ്ചര്‍ബൊക്‌സില്‍ ഇങ്ങനെ എഴുതി: ‘പ്രിയപ്പെട്ട സ്വാമിജീ, മുഖം കണ്ടപ്പോള്‍ ഞാന്‍ കരുതിയത് അങ്ങ് ദിവ്യനായൊരു യോഗിയാണെന്നായിരുന്നു; എ യോഗി ഫ്രീ ഫ്രം വേള്‍ഡ്‌ലി ഡിസയേഴ്‌സ്. സനാതനധര്‍മ്മം, ശാശ്വതസത്യം എന്നി എന്നിവയെക്കുറിച്ചുള്ള ചില സംശയങ്ങള്‍ ചോദിച്ചറിയാമെന്നു കരുതി ചങ്ങാത്തം കൂടിയതാണ്. ബട്ട് അയാം  ടോട്ടലി മിസ്റ്റേക്കണ്‍. ആന്റ് അയാം വെരി സോറി റ്റു സേ ഗുഡ്‌ബൈ ഫോര്‍ എവര്‍.’
‘യേസ്, യു ആര്‍ ടോട്ടലി മിസ്റ്റേക്കണ്‍. ഒണ്‍ഡേ യു വില്‍ റിയലൈസ് വാട്ട് എ യോഗി ഇസ് ആന്റ് വാട്ട് ഇസ് ഫ്രീ ഫ്രം വേള്‍ഡ്….  സീതാ നീ എനിക്കു തന്ന  പ്രതീക്ഷ എത്ര വലുതായിരുന്നു. ഐ വാസ് മേക്കിംഗ് എ കാസില്‍, ബട്ട് ഇറ്റ് വാസ് ഇന്‍ ദി സ്‌കൈ. അറ്റ്‌ലാസ്റ്റ് യു മെയ്ഡ്  മി എ ബിഗ് ഫൂള്‍. റിയലി മൈ ഹാര്‍ട്ട് ഇസ് ബ്രോക്കണ്‍. ബൈ ഫോര്‍ എവര്‍.’ അദ്ദേഹം മറുപടി കുറിച്ചു.
അകമ്പടിയായി നെറ്റില്‍നിന്ന് ഡൗണ്‍ലോഡുചെയ്ത ഒരു ചിത്രവും. രാത്രിയുടെ നീലക്കറുപ്പില്‍, വിജനമായ വഴിയോരത്ത്, ഇലകൊഴിഞ്ഞ മരച്ചുവട്ടില്‍, കൈത്തലങ്ങളില്‍ മുഖംതാങ്ങിയിരിക്കുന്ന ഒരു പുരുഷന്‍റെ
അവള്‍ക്ക് ഒന്നുറക്കെ കരയണമെന്നു തോന്നി.
കരച്ചിലാറിയപ്പോള്‍ സെര്‍ച്ച് എന്‍ജിനുകളെ കൂട്ടുപിടിച്ച് അവള്‍ ആ മുഖത്തെ തേടിയലഞ്ഞു. ഇല്ല, ആ മുഖം ഒരിടത്തുമില്ല. അത് സൈബര്‍ച്ചുവരില്‍നിന്ന് അടര്‍ന്നുപോയിരിക്കുന്നു.

2 comments: