Thursday 15 October 2015

ആത്മബന്ധങ്ങളുടെ നേര്‍ക്കാഴ്ചകള്‍-- ഡോ; സി.ആര്‍.അനിത



ജീവിതാവിഷ്കാര മാധ്യമമാണ് നോവല്‍. മനുഷ്യജീവിതത്തിലെ ബാഹ്യവും ആഭ്യന്തരവുമായ സങ്കീര്‍ണ്ണതകളെ വിശാലഭൂമികയില്‍ അവതരിപ്പിക്കാനുള്ള സൗകര്യമാണ് നോവലിനെ ജനപ്രിയമാക്കുന്നത് വ്യക്തിയെയും സമൂഹത്തെയും കേന്ദ്രീകരിച്ച് മനുഷ്യാസ്തിത്വത്തെ ആഴത്തില്‍ വിശകലനംചെയ്യുന്ന നോവലാണ്‌ ശ്രീമതി എസ്.സരോജത്തിന്‍റെ  ‘ഒറ്റനിലം’. നോവലിന്‍റെ ആഖ്യാനകലയില്‍ പുലര്‍ത്തുന്ന വ്യത്യസ്തത ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു. ഭൂതകാലവും വര്‍ത്തമാനകാലവും നിഴലും വെളിച്ചവും പോലെ മാറിമാറി വരുന്നുണ്ട് നോവലിന്‍റെ ഘടനയില്‍. എന്നാല്‍ അവയെ നോവലിന്‍റെ മുഖ്യേതിവൃത്തവുമായി കൂട്ടിയിണക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.
     മുതിര്‍ന്ന കവിയും ഗായകനും ചിത്രകാരനുമായ ശങ്കരന്‍കുട്ടിയും കവിതാലോകത്തിലെ ഇളമുറക്കാരിയായ സുസ്മിതയും തമ്മിലുള്ള ആത്മബന്ധമാണ് ഈ കൃതിയിലെ പ്രതിപാദ്യം. ഇഷ്ടപ്പെട്ട കലാകാരനോടുള്ള ആരാധന, സമാനചിന്താഗതിയുള്ള മുതിര്‍ന്ന എഴുത്തുകാരനോടുള്ള ആദരവ് ഇതെല്ലാമായിരുന്നു ആദ്യം സുസ്മിതയ്ക്ക് ശങ്കരന്‍കുട്ടിയോടുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം അവള്‍ക്കു നല്‍കിയ പരിഗണന, സ്നേഹം ഇതെല്ലാം ആദ്യനാളില്‍ അവളില്‍ അമ്പരപ്പുണ്ടാക്കുന്നു. പിന്നീട് അത് ജിജ്ഞാസയായി വളരുന്നു. ഈ ജിജ്ഞാസയും അത്ഭുതാദരങ്ങളുമാണ് ശങ്കരന്‍ കുട്ടിയുടെ ഭൂതകാലത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. അവിടെ നന്മനിറഞ്ഞ നാട്ടിന്‍പുറത്തിന്‍റെ സ്വച്ഛതയില്‍ ഒരു കലാകാരന്‍ പിറവിയെടുക്കുന്നതിന്‍റെ  ആകുലതകള്‍ വായനക്കാര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നു. കലാകാരന്മാരെ കുറിച്ചുള്ള പരമ്പരാഗത വിശ്വാസധാരണകള്‍ക്ക് ഭംഗംവരാതെയാണ്  ശങ്കരന്‍കുട്ടിയുടെ വ്യക്തിത്വം നിര്‍മ്മിച്ചെടുക്കുന്നത്. നാട്ടിലെ സമ്പന്നയായ സുന്ദരിയോടുള്ള കൗമാരകാല അഭിനിവേശം, കളിക്കൂട്ടുകാരിയോടുള്ള ഹൃദയബന്ധം, കോളേജ് വിദ്യാഭ്യാസകാലത്ത് മനസ്സില്‍ കൂടുകൂട്ടുന്ന ആദര്‍ശപ്രണയം  എന്നിവയെല്ലാം കലാകാരന്‍റെ പിറവിക്ക് അനിവാര്യമായ ചേരുവകളായി നോവലിസ്റ്റ് കരുതുന്നു. ഇപ്രകാരം പരിചയപ്പെടുത്തുന്ന സൗദാമിനി, ലില്ലിക്കുട്ടി, നളിനി എന്നീ സ്ത്രീകഥാപാത്രങ്ങളുടെ  ആവിഷ്കാരം കാല്പനികതയുടെ പതിവുനിറം കലര്‍ത്തിയാണ്. വിധി തിരിച്ചുവിളിച്ച കളിക്കൂട്ടുകാരിയുടെ ദുരന്തവും നഷ്ടമാകുന്ന ആദര്‍ശപ്രണയവും ശങ്കരന്‍കുട്ടിയെ   കൗമാരകാലപ്രണയിനിയായ സൗദാമിനിയിലെത്തിക്കുന്നു. ഇതിനിടയില്‍ സൗദാമിനിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത പരിവര്‍ത്തനങ്ങളും ശങ്കരന്‍കുട്ടിയുടെ അപചയങ്ങളും നോവലിസ്റ്റ് വരച്ചുകാട്ടുന്നു.
     സമൂഹം വ്യക്തിയുടെമേല്‍ വിശേഷിച്ചും സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന അസ്വാതന്ത്ര്യങ്ങളെ എഴുത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് ഈ നോവലിലെ യുവ എഴുത്തുകാരിയായ ‘സുസ്മിത’. തന്‍റെയുള്ളിലെ നന്മ നഷ്ടപ്പെടാതെ കാത്തുസൂക്ഷി ക്കാന്‍ അവള്‍ കരുത്തുനേടുന്നത് എഴുത്തിലൂടെയാണ്. പെണ്മയുടെ സൈദ്ധാന്തികഭാരങ്ങള്‍ പകര്‍ന്നുനല്‍കാതെ നന്മയിലും സ്നേഹത്തിലും സഹാനുഭൂതിയിലും കരുത്തിലും അധിഷ്ഠിതമായ സ്ത്രീശക്തിയാണ് നോവലിസ്റ്റ് സുസ്മിതയിലൂടെ പങ്കുവയ്ക്കുന്നത്. സ്ത്രീയുടെ പ്രശ്നങ്ങള്‍ മനുഷ്യന്‍റെ അഥവാ മനുഷ്യത്വത്തിന്‍റെ പ്രശ്നങ്ങളാണ് എന്ന വികസിത കാഴ്ചപ്പാടാണ് ഈ കഥാപാത്രത്തിന്‍റെ  ചിന്തകള്‍ക്ക് നിറംപകരുന്നത്.  
     ആകസ്മികമായ സംഭവങ്ങളും ആര്‍ദ്രമായ വികാരങ്ങളും കോര്‍ത്തിണക്കി കഥ പറഞ്ഞുപോകുന്ന എസ്.സരോജത്തിന്‍റെ രചനാരീതി എടുത്തുപറയേണ്ടതാണ്. ഒരു കലാകാരന്‍ / കലാകാരി സ്വയം കണ്ടെത്തുന്ന രീതി ആവിഷ്കരിക്കാനും ആ സര്‍ഗ്ഗപ്രക്രിയ യിലേക്ക്‌  എത്തിനോക്കാനുമുള്ള ശ്രമം ഈ കൃതിയിലുണ്ട്. എങ്കിലും കലാകാരന്‍റെ ജീവിതം ഇതിവൃത്തമാകുമ്പോള്‍ പ്രതീക്ഷിക്കാവുന്ന ജീവിതപഥങ്ങള്‍ ഈ കൃതിയിലും മാറ്റമില്ലാതെ തുടരുന്നു.
     ഭാഷ കൈകാര്യംചെയ്യുമ്പോള്‍ രൂപപ്പെടുന്ന കാവ്യാത്മകത നോവലിസ്റ്റിന്‍റെ കലാദര്‍ശനത്തിന്‍റെ ഭാഗമാണെന്നു പറയാം. “അവള്‍ ജീവിതത്തില്‍നിന്ന് അടര്‍ന്നുപോയി. സ്വപ്നത്തില്‍വന്ന് കവിതയെഴുതാന്‍ പറഞ്ഞു സ്വപ്നവും കവിതയും കൂടിച്ചേര്‍ന്നപ്പോള്‍ ജീവിതമായി; സുഖവും ദു:ഖവും ചേര്‍ന്ന ജീവിതം.” (പുറം 96). ഇത്തരം ആഖ്യാനരീതി നോവലിന്‍റെ അന്തരീക്ഷവുമായി ഇണങ്ങിപ്പോകുന്നു. ഭാഷയുടെ ചാരുത വെളിപ്പെടുന്ന നിരവധി വര്‍ണ്ണനകളും ഈ നോവലില്‍ കാണാം. ചില കാലാതീതരൂപകങ്ങളും നിരീക്ഷണങ്ങളും  ആഖ്യാനത്തില്‍ ഒഴിവാക്കാമായിരുന്നു.
     മനുഷ്യന്‍ നിര്‍മ്മിച്ചെടുക്കുന്ന ബന്ധങ്ങളില്‍ പലതും വ്യാഖ്യാനാതീതമായ പൊരുത്തങ്ങളിലും പൊരുത്തക്കേടുകളിലും ചെന്നെത്തുന്ന , വാഗ്ദത്തഭൂമികള്‍ അകന്നുപോകുന്ന കാലഘട്ടത്തില്‍ ‘ഒറ്റനിലം’ മനുഷ്യജീവിതത്തിന്‍റെ പൊരുള്‍ അപഗ്രഥിക്കുന്നു.. അന്വേഷിക്കുന്നു. മുന്മൊഴിയില്‍  നോവലിസ്റ്റ് സൂചിപ്പിക്കുംപോലെ 'മുഖാമുഖം കണ്ടറിഞ്ഞ ജീവിതസത്യങ്ങളും സമൂഹത്തോടുള്ള പ്രതികരണവും' അന്വേഷണത്തിനും അപഗ്രഥനത്തിനും കരുത്തുപകരുന്നു. സ്ഥലകാലങ്ങള്‍ക്ക് അതീതമായൊരു സമാന്തരലോകസൃഷ്ടിയാണ് ഇതിലൂടെ നോവലിസ്റ്റ് ലക്ഷ്യമാക്കുന്നത് എന്ന്‍ അനുമാനിക്കാം.
     (സാഹിത്യവിമര്‍ശം 2012 നവംബര്‍ - ഡിസംബര്‍)  

    

No comments:

Post a Comment