Friday, 5 August 2022

''കാതുകളുള്ള ചുരങ്ങള്‍''ക്ക് പറയാനുള്ളത് ( വി.എസ്.ബിന്ദു)



പലപ്പോഴും യാത്രാവിവരണങ്ങള്‍ വായിച്ചു മതിവരാത്ത പാതി പുസ്തകമായാണ് അനുഭവപ്പെടുക. യാത്രകള്‍ മികച്ച സംവാദമായി അവയില്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഭൂപ്രകൃതിയും സംസ്‌കാരവും മതവും  കൂടിക്കുഴഞ്ഞ് സഞ്ചാരത്തിന്റെ ആന്തരികസ്വഭാവങ്ങളെ നിര്‍മ്മിക്കുമ്പോള്‍, എഴുത്തുകാര്‍ അവര്‍ ചെല്ലുന്ന ദേശങ്ങളെ വായിച്ചെടുക്കാന്‍ സ്വന്തം നാടിന്റെ തനതുകളെ തിരയാറുണ്ട്. ഓരോ സഞ്ചാരിയും സന്ദര്‍ശന ഇടങ്ങളില്‍നിന്ന് ''വിട്ടുപോരാന്‍ തോന്നുന്നില്ല, ഒരിക്കല്‍കൂടി വരും'' എന്നൊക്കെ കുറിച്ചുമടങ്ങുമ്പോള്‍ അനുഭവിക്കുന്ന അസ്ഥിരത ഈ ഉള്‍പരിവര്‍ത്തനത്തിന്റെ പച്ചിമയാണ്.

എസ്.സരോജം  കഥകളും കവിതകളും നോവലുകളും എഴുതി നമ്മെ ആഹ്ലാദത്തിലേക്ക് നയിക്കുന്നു. യാത്രകള്‍ എന്ന ബഹുവചനത്തെ അവര്‍ പുസ്തകമായി നമുക്ക് തരുമ്പോള്‍ കാഴ്ച എന്നത് മൂല്യവത്തായ സ്ഥിതിയായി മാറുന്നു. ഇവിടെ മഞ്ഞുരുകുന്നതിനും പൂവ് കൊഴിയുന്നതിനും കാറ്റടങ്ങുന്നതിനും സവിശേഷമായ അര്‍ത്ഥവിന്യാസങ്ങളുണ്ട്. അവയിലെ ഒഴുകുന്നതും അപ്രത്യക്ഷമാകുന്നതുമായ നിമിഷങ്ങളെ യാത്രിക അനുഭവങ്ങള്‍ക്ക് സമാന്തരമായി പുനസൃഷ്ടിക്കുന്നു. സ്ത്രീയുടെ കാഴ്ചയും വിശകലനവും നല്‍കുന്ന വീക്ഷണങ്ങള്‍ ഏറ്റവും പുതുമയേറിയതാവും എന്നുള്ളത് സത്യമാണ്. സൃഷ്ടിയുടെ ശക്തിയും ചൈതന്യവും ആസക്തിയുടെയും ഭോഗങ്ങളുടെയും അസമത്വങ്ങളുടെയും പഴകിയതും മടുപ്പിക്കുന്നതുമായ ലോകത്തില്‍നിന്ന് അവളെ വീണ്ടെടുക്കുന്നു. ഈ പുസ്തകത്തിലെ ഓരോ വരിയിലും ആ തിളക്കമുണ്ട്. വായനക്കാരെ കൂട്ടിനടക്കുന്നതുപോലെ അപാരതയുടെ യാത്രാമംഗളങ്ങളിലേക്ക് ഈ എഴുത്തുകാരി ഒരു പതാക വീശുകയാണ്. നാം ഇതാ പുറപ്പെട്ടുകഴിഞ്ഞു. ഇനി ക്യാമറയുടെ തെല്ലൊന്നടയ്ക്കാന്‍പോലും മെനക്കെടാത്ത കണ്ണുകളിലൂടെയുള്ള ചിത്രസഞ്ചാരവുമായി നിരന്തരം നമ്മുടെ കണ്ണുകള്‍ സംസാരിക്കേണ്ടതുണ്ട്. വിരല്‍തുമ്പുകളിലൂടെ അവയിലെ സര്‍ഗകാന്തി തൊട്ടറിയുകയും വേണം. 

ഈ സഞ്ചാരം ഹിമാലയം എന്ന അത്ഭുത പരമ്പരയിലേക്കാണഇപ്പോള്‍ നീളുന്നത്. 'ഉയരങ്ങള്‍, അപാരതകള്‍' എന്ന് ആരും പറഞ്ഞുപോകുന്ന ഉത്തുംഗതയിലേക്ക് ഒരു സ്ത്രീ തലയെത്തിച്ചുനോക്കുന്നു. ആ നോട്ടം ദയാപരവും ആത്മവിശ്വാസം തുടിക്കുന്നതുമാണ്. കഞ്ചന്‍ ജംഗ മലനിരകളുടെ മടിയില്‍ കിടക്കുന്ന രണ്ട് ഭൂഭാഗങ്ങളിലേക്ക് കടക്കവേ, തന്നെ കാത്തിരിക്കുന്ന അപരിചിതവും ആകസ്മികവുമായ ഉള്‍ക്കാഴ്ചകള്‍ക്ക് മറ്റാര്‍ക്കും ഇതുവരെ എഴുതാന്‍ കഴിയാത്ത ജൈവികസ്പര്‍ശം പകര്‍ന്നുനല്‍കാനാവുമെന്ന വിശ്വാസം ഒട്ടും തെറ്റിയില്ല എന്ന് ഈ പുസ്തകത്തിന്റെ തുടര്‍പേജുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. സിക്കിമിലേക്കും ഡാര്‍ജിലിംഗിലേക്കും കടക്കുമ്പോള്‍ വിശ്വപ്രകൃതിയുടെ കൈവിരല്‍ പിടിച്ചുനടക്കുന്ന കുട്ടിയുടെ കൗതുകവും വെമ്പലും വായിച്ചെടുക്കാന്‍ കഴിയുന്നു. പതിനാറും ഒമ്പതും ഖണ്ഡങ്ങളിലായി, താന്‍ പലപ്പോഴും സ്വപ്നത്തിലും  ഉണര്‍വിലുമായി സഞ്ചരിച്ചെത്തിയ ദൃശ്യ സാഹചര്യങ്ങളെ കാഴ്ചാപദങ്ങള്‍കൊണ്ട് ഈ താളുകളില്‍ അളന്നുകുറിച്ചിട്ടിട്ടുണ്ട് എഴുത്തുകാരി. ദീര്‍ഘയാത്രകളെ എപ്പോഴും ചലനാത്മകമാക്കുന്നത് സഹയാത്രികരുടെ സാന്നിധ്യമാണ്. ഉറ്റചങ്ങാതികളുടെ ഒപ്പമെന്നത് ഈ യാത്രയ്ക്ക് മിഴിവുപകരുന്ന പല സന്ദര്‍ഭങ്ങളിലും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗാങ്‌ടോക് നഗരം വായനയിലും ഓണ്‍ലൈന്‍ തിരച്ചിലിലുമാണ് ഇതുവരെ അറിഞ്ഞതെങ്കില്‍ ഇതാ അവിടേക്ക് എത്തിപ്പെടാന്‍  ഇനി ഇത്തിരിദൂരം എന്ന പ്രതീതിയില്‍ സിലിഗുരിയില്‍നിന്നും കുറിക്കുന്ന വരികളോടെയാണ് പുസ്തകം ആരംഭിക്കുന്നത്. 'മലമുകളിലെ സുന്ദരി'ക്ക് യാത്രാസൗകര്യമുള്‍പ്പെടെ പരിമിതികള്‍ പലതാണ്. പുതിയ സഞ്ചാരി ഏതു പ്രതിബന്ധവും മറികടക്കാനുള്ള പ്രതിരോധമനസിന്റെ ഉടമയാണ്. മലകയറ്റങ്ങളുടെയും മണ്ണിടിച്ചിലിന്റെയും തടസങ്ങളെ സിക്കിമിന്റെ പ്രകൃതിസൗന്ദര്യത്തില്‍ പ്രസാദാത്മകമായാണ് സരോജം കാണുന്നത്. ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് ഇതൊരു സ്വതന്ത്ര പാഠപുസ്തകമാണ്. ഓരോ വാക്കിന്റെ അരികിലും അറിവിലേക്കുള്ള ദുര്‍ഘടപാത വരച്ചിരിക്കുന്നു. ആദിമനിവാസികളായ ലെപ്ചകള്‍ മുതല്‍ മതവും പ്രാചീനതയും ഗോത്രസംസ്‌കൃതിയും രാഷ്ട്രീയവും കൃതിയില്‍ കടന്നുവരുന്നു. അതൊരു സ്വാഭാവിക പരിണതിയാണ്. അതിനാല്‍ വൈയക്തികാനുഭവങ്ങളോടൊപ്പം ഭൂമിശാസ്ത്രവിശേഷങ്ങളിലെ  പുതുമകള്‍ക്കും സ്ഥാനമുണ്ട്. തീസ്താ നദിക്കരയിലൂടെ നീല വിശാല തടങ്ങളിലേക്കുള്ള യാത്ര മോഹനം തന്നെ. അതിര്‍ത്തിപ്രദേശങ്ങളായ നാഥുല, ഗുരുഡോങ്മാര്‍, യുമെസാംദോങ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സാഹസികവും ഗൃഹാതുരത നല്‍കുന്നതുമാണ്. മനുഷ്യര്‍ തമ്മിലുള്ള വൈരങ്ങളുടെ അവസാനിക്കാത്ത ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കൊടികള്‍ കണ്ട് മനസ്സുഴലുന്ന എഴുത്തുകാരി വര്‍ത്തമാനകാലത്തിന്റെ ദയാരാഹിത്യങ്ങളെ നീറുന്ന നൊമ്പരമായി വാക്കുകളില്‍ അവശേഷിപ്പിക്കുകയാണ്. അപ്പോള്‍ ഈ പുസ്തകം യാത്രാവിവരണ ഗ്രന്ഥമെന്ന ഓര്‍മ്മയില്‍നിന്ന് നമ്മുടെതന്നെ ജീവിതമായി മാറുന്നു. സര്‍ഗ്ഗാത്മക സാഹിത്യരചനകളില്‍ കൈയടക്കമുള്ള ഒരാളുടെ ഏതെഴുത്തും ചോരപുരണ്ട ഒരു തൂവല്‍ അതിനുള്ളില്‍ കരുതും. രചന ബുക്‌സും കഫെ ഫിക്ഷനും നല്‍കുന്ന സ്വാസ്ഥ്യത്തിലേക്ക് പെട്ടെന്ന് വായനക്കാരെ മടക്കിവിളിക്കുന്ന ശാന്തതയ്ക്ക് പകരംവയ്ക്കാന്‍ ഒന്നുമില്ലതന്നെ.

ആത്മീയശാന്തി പകരാന്‍ ഹിമാലയം എന്നൊരു മന്ത്രം മതി ഏതൊരാള്‍ക്കും. ആശ്രമങ്ങളും പ്രാര്‍ത്ഥനക്കൊടികളും തങ്ങളുടെ നാടിന്റെ സമൃദ്ധിയാണെന്ന് ആരോ വിളിച്ചുപറയുന്നപോലെ. കൊടുംതണുപ്പിലിഴയുന്ന മനുഷ്യജീവിതങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ജീവിതമെന്ന വലിയ യാത്രാപദ്ധതിക്കിടയില്‍ അവിടെ എത്തപ്പെട്ട മലയാളികളെ കണ്ടുമുട്ടിയ അവസരങ്ങളെക്കുറിച്ചും എഴുതിയിരിക്കുന്നു. 'ഇതരസംസ്ഥാനക്കാര്‍' എന്ന് നാം വിളിക്കുന്നവര്‍ എല്ലാവരും ഈ ഭൂമിയുടെ മക്കള്‍ ആണെന്ന ഓര്‍മ്മ തികഞ്ഞ സാഹോദര്യത്തിലേക്ക് നയിക്കട്ടെ എന്ന് ഈ പുസ്തകം ആഗ്രഹിക്കുന്നു. ഓറഞ്ചുതോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും വീട്ടിലെ സ്ത്രീകള്‍തന്നെ ആതിഥേയരാകുന്ന ഹോംസ്റ്റേകളും ഷോപ്പിംഗ് സെന്ററുകളും കടന്ന് നഗരങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറുന്ന യാത്രാവണ്ടി ഇപ്പോള്‍ പായുന്നത് നമ്മുടെ ഉള്ളില്‍കൂടിയാണ്. 

മനുഷ്യരുടെ ദുരിതങ്ങളും കണ്ണീരും ലോകത്തെല്ലായിടത്തും ഒരുപോലെയാണ്. യുദ്ധങ്ങളും വിഭജനങ്ങളും സൃഷ്ടിക്കുന്ന മുറിവുകളുടെ ആഴം എത്ര തലമുറകളോളം നീളുമെന്ന് ആര്‍ക്കും പറയാനാവില്ല. മനുഷ്യര്‍ ശവവണ്ടികളാകുന്ന സമീപാവസ്ഥകള്‍ സൃഷ്ടിക്കുന്ന അനാഥത്വം വിഷണ്ണജനതയിലേക്കുള്ള നമ്മുടെ പരിവര്‍ത്തനത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. പീസ് പഗോഡകളെക്കുറിച്ചും അതിന്റെ ഉത്ഭവത്തെക്കുറിച്ചും സരോജം എഴുതുമ്പോള്‍ വീണ്ടും നാം പ്രസന്നതയിലേക്ക് യാത്രചെയ്യുന്നു. ഈ പോസിറ്റീവ് എനര്‍ജി തന്നെയല്ലേ ഒരു പുസ്തകവായനയില്‍നിന്നും നാം ആഗ്രഹിക്കുന്നത്. യാത്രകളിലാണ് നാം യഥാര്‍ത്ഥ മനുഷ്യരെ കണ്ടുമുട്ടുക എന്ന് പൗലോ കേയ്‌ലോ പറയുന്നുണ്ട്. ഭൂതകാലവുമായുള്ള ഏറ്റുമുട്ടലും ഭാവിയിലേക്കുള്ള കുതിപ്പും  സഞ്ചാരത്തിന്റെ വ്യത്യസ്തതകളാണ്. തീസ്തയിലെ തെളിഞ്ഞ ജലം പോലെ മനസിന്റെ അടിത്തട്ട് കാട്ടിത്തരുന്ന ഭാഷയില്‍ സരോജം എഴുതുന്ന യാത്രാനുഭവങ്ങള്‍ തെളിക്കുന്നത് വായനക്കാര്‍ക്കുള്ള പുതിയ യാത്രാപഥങ്ങളാണ്. ആ തുടര്‍ച്ചയിലാണല്ലൊ നാമോരോരുത്തരും നവീകരിക്കപ്പെടുന്നതും. 


Wednesday, 13 July 2022

പൊന്നുംതുരുത്ത് (യാത്ര) എസ്.സരോജം

 

 നെടുങ്ങണ്ട ബോട്ടുജട്ടിയില്‍നിന്ന് എട്ടുപേര്‍ക്കിരിക്കാവുന്ന നാടന്‍വള്ളത്തില്‍ തുഴക്കാരനോടൊപ്പം പാടിയും പറഞ്ഞും  കായലോളങ്ങളില്‍ ആടിയുലഞ്ഞും നീലജലത്തില്‍ കൈചിക്കിയും... എന്തുരസമാണീ യാത്ര! 

 

ഓളംതല്ലുന്ന കായലിനുനടുവില്‍, കല്‍പവൃക്ഷങ്ങളും പച്ചമരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ  പൊന്നും തുരുത്ത് ഏതൊരു പ്രകൃതിസ്‌നേഹിയെയും ആഹ്ലാദചിത്തനാക്കാന്‍ അണിഞ്ഞൊരുങ്ങിനില്‍ക്കുകയാണ്. നൂറ്റാണ്ടുപഴക്കമുള്ളൊരു ശിവപാര്‍വതി ക്ഷേത്രവുമുണ്ട്. ശിവപാര്‍വതിമാരെക്കൂടാതെ മഹാവിഷ്ണുവും ഗണപതിയും നാഗദേവതകളും ഉപക്ഷേത്രങ്ങളില്‍ കുടിയിരിക്കുന്നു. ചുറ്റിനും കാട്. കാട്ടിൽ മനോഹരമായ ശിൽപങ്ങൾ. വിനോദസഞ്ചാരികളെയും വിശ്വാസികളെയും പച്ചപ്പുഞ്ചിരിയോടെ സ്വീകരിക്കുന്ന  പൊന്നുംതുരുത്തില്‍ സഞ്ചാരികളുടെ തിരക്കില്ല,  മാലിന്യങ്ങളുമില്ല. ദേശാടനപ്പക്ഷികളുള്‍പ്പെടെ ധാരാളം പക്ഷികള്‍ ഈ സ്വച്ഛസുന്ദരമായ ദ്വീപില്‍ സ്വസ്ഥമായി പാര്‍ക്കുന്നു. 

അഞ്ചുതെങ്ങുകായലില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ദ്വീപാണ് പൊന്നുംതുരുത്ത്. വര്‍ക്കലബീച്ചില്‍നിന്നും പന്ത്രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട്. രാജവാഴ്ചക്കാലത്ത്, തിരുവിതാംകൂര്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ ഇടയ്‌ക്കൊക്കെ ക്ഷേത്രദര്‍ശനത്തിനെത്താറുണ്ടായിരുന്നുവെന്നും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് അവര്‍ ആഭരണങ്ങള്‍ ഊരി തുരുത്തില്‍ എവിടെയെങ്കിലും  ഒളിച്ചുവയ്ക്കുക പതിവായിരുന്നുവെന്നും പൊന്ന് സൂക്ഷിക്കുന്ന തുരുത്തായതിനാല്‍  പൊന്നുംതുരുത്ത് എന്ന് പേരുണ്ടായതാണെന്നും പറയപ്പെടുന്നു. വലിയപുരയ്ക്കല്‍ കുടുംബത്തിന്റെ വകയാണ് ഈ തുരുത്ത്.  ഈ കുടുംബമാണ് ഒരേക്കര്‍ അഞ്ചുസെന്റ് സ്ഥലം ക്ഷേത്രട്രസ്റ്റിന് നല്‍കിയത്. മുമ്പ് പതിനൊന്നേക്കറോളം വിസ്തൃതിയുണ്ടായിരുന്ന തുരുത്ത് കായലിലെ വെള്ളംകേറി ഏഴേക്കറായി ചുരുങ്ങിയതാണത്രെ. പൂജാസമയങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് വരാനും പോകാനും നെടുങ്ങണ്ടയില്‍നിന്ന് ക്ഷേത്രംവക  സൗജന്യ ബോട്ടുസര്‍വീസുണ്ട്.

ഇടവ, വര്‍ക്കല ബീച്ചുകളില്‍ ചുറ്റിത്തിരിഞ്ഞശേഷം ഉച്ചയോടെയാണ് ഞങ്ങള്‍ നെടുങ്ങണ്ടയിലെത്തിയത്. കായല്‍ത്തീരത്തുള്ള കുടുംബശ്രീ ഭക്ഷണശാലയില്‍നിന്ന് കപ്പയും കരിമീനും ഉള്‍പ്പെടെ സ്വാദിഷ്ടമായ ഉച്ചയൂണുംകഴിച്ച്, അല്‍പനേരം കായല്‍ക്കരയില്‍ വിശ്രമിച്ചു.

 രണ്ടുമണികഴിഞ്ഞപ്പോള്‍ തുരുത്തിലേക്കുപോകാന്‍ ഒരു നാടന്‍വള്ളം ഒത്തുകിട്ടി. ഇടയ്ക്കിടെ വീശുന്ന ശക്തമായ കാറ്റില്‍ ആടിയുലയുന്ന വള്ളത്തില്‍ സഞ്ചരിക്കാന്‍ ആഗ്രഹംമാത്രം പോര, ഇത്തിരി ധൈര്യവും കൂട്ടിനുണ്ടാവണം. കായലിനുനടുവില്‍ മരതകംപതിച്ചതുപോലുള്ള പച്ചത്തുരുത്തില്‍ കുറച്ചുനേരം സ്വസ്ഥമായി ചുറ്റിനടന്ന്, ശുദ്ധവായുവും പ്രകൃതിക്കാഴ്ചകളും ആസ്വദിച്ചശേഷം അതേ വള്ളത്തില്‍ മടക്കയാത്ര.  കാറ്റത്ത് വള്ളം മറിഞ്ഞാലോ എന്നു പേടിച്ച് നാലുകൂട്ടുകാര്‍ സ്പീഡ്‌ബോട്ടില്‍ കയറി തിരിച്ചുപോയി.  മെല്ലെതുഴയുന്ന കടത്തുവള്ളത്തില്‍ ഞങ്ങള്‍ നാലുപേര്‍ പാട്ടുംപാടി ആടിയുലഞ്ഞ് കരയ്‌ക്കെത്തി.



Sunday, 3 July 2022

കൊല്‍ക്കത്ത നഗരത്തില്‍ (യാത്ര) എസ്.സരോജം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ, ഉറ്റസ്‌നേഹിതരുമൊത്തുള്ള ആഴ്ചകളോളംനീണ്ട  യാത്രക്കിടയില്‍ ഒരുദിവസം രാവിലെ ഞങ്ങള്‍ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. 


മുപ്പതോളം പ്ലാറ്റ്‌ഫോമുകളുള്ള വലിയ സ്റ്റേഷന്‍. പലവഴികളിലേക്ക് പോകാന്‍ തിരക്കുകൂട്ടുന്ന ആള്‍ക്കൂട്ടങ്ങള്‍.

 1854 -ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹൗറ സ്റ്റേഷന്‍ ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ സ്റ്റേഷനുകളിലൊന്നാണ്. ഹൗറ ജംഗ്ഷന്‍ എന്നപേരിലും അറിയപ്പെടുന്നു. ഇവിടെനിന്ന് രാത്രി പതിനൊന്നിനാണ് അടുത്ത ട്രെയിന്‍ കയറേണ്ടത്. അത്രയും സമയം കൊല്‍ക്കത്തയിലെ കുറച്ചുസ്ഥലങ്ങള്‍ കാണാമല്ലൊ എന്നൊരഭിപ്രായമുണ്ടായി. യാത്രാബാഗുകള്‍ ക്ലോക്ക്‌റൂമില്‍ സൂക്ഷിച്ചിട്ട് ഹാന്‍ഡ്ബാഗുമായി ഞങ്ങള്‍ പുറത്തിറങ്ങി

.  സ്റ്റേഷനുപുറത്ത് യാത്രക്കാര്‍ക്കായി കാത്തുകിടക്കുന്ന ധാരാളം ടാക്‌സിക്കാറുകള്‍. മഞ്ഞനിറത്തിലുള്ള ഈ അംബാസിഡര്‍ കാറുകള്‍ കൊല്‍ക്കത്തനഗരത്തിന്റെ  ജീവിതക്കാഴ്ചകളിലൊന്നാണ്.  കൊളോണിയല്‍ ഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന നിര്‍മ്മിതികളും കാഴ്ചകളും ഇവിടെ ധാരാളമുണ്ട്. അതിലൊന്നാണ് ചുവന്നനിറത്തില്‍, ശില്‍പചാരുതയോടെ നിലകൊള്ളുന്ന ഹൗറ റെയില്‍വേസ്റ്റേഷന്‍.  

1773 മുതല്‍ 1911 വരെ കൊല്‍ക്കത്ത ആസ്ഥാനമാക്കിയാണല്ലൊ  ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചത്. ആധിപത്യകാലത്തിന്റെ പ്രൗഢനിര്‍മ്മിതികളായ  വിക്‌ടോറിയ മെമ്മോറിയല്‍, ഗവര്‍ണ്ണര്‍ ജനറലിന്റെ ഔദ്യോഗികവസതി (ഇന്നത്തെ നാഷണല്‍ ലൈബ്രറി), 


നഗരഹൃദയത്തിലൂടെ രാജകീയപ്രൗഢിയോടെ സഞ്ചരിക്കുന്ന കുതിരവണ്ടികള്‍, തെരുവുകളിലെ പുസ്തകക്കടകള്‍ എന്നിവയൊക്കെ കൊല്‍ക്കത്തയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചകളാണ് ഹൗറ സ്റ്റേഷനില്‍നിന്നും അധികം അകലെയല്ലാതെ, ഒരുപകല്‍കൊണ്ട് സാധ്യമാകുന്നതൊക്കെ  കാണുക എന്ന ലക്ഷ്യവുമായി ഒരു ടാക്‌സിയില്‍ ഞങ്ങള്‍ നഗരംചുറ്റാന്‍ തുടങ്ങി.

   നാഷണല്‍ ലൈബ്രറി

കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറിയെക്കുറിച്ച് കേള്‍ക്കാന്‍തുടങ്ങിയത് ഞാനും ഒരെഴുത്തുകാരി ആയതിനുശേഷമാണ്. ആലിപ്പൂരിലെ ബെല്‍വെദെരെ എസ്റ്റേറ്റിലാണ് നാഷണല്‍ ലൈബ്രറിയും ഭാഷാഭവനും സ്ഥിതിചെയ്യുന്നത്. ഇന്ത്യാഗവണ്മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയത്തിനുകീഴിലാണ് നാഷണല്‍ ലൈബ്രറി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം. ഇന്ത്യന്‍ഭാഷകളില്‍, ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡ് ബുക്ക്‌നമ്പരോടുകൂടി (ISBN) അച്ചടിക്കപ്പെടുന്ന സകല പുസ്തകങ്ങളുടെയും കോപ്പികള്‍ പ്രസാധകര്‍ ഇവിടേക്ക് അയച്ചുകൊടുക്കേണ്ടതാണ്. വിവിധഭാഷകളിലായി ദശലക്ഷക്കണക്കിന് പുസ്തകങ്ങളും ജേണലുകള്‍, പത്രങ്ങള്‍, മാസികകള്‍, ശബ്ദ-സംഗീത റെക്കോര്‍ഡിംഗുകള്‍, പേറ്റന്റുകള്‍, ഡാറ്റാബേസുകള്‍, ഭൂപടങ്ങള്‍, സ്റ്റാമ്പുകള്‍, പ്രിന്റുകള്‍, ഡ്രോയിങ്ങുകള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവയുടെ വന്‍ശേഖരവുമുള്ള  കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറി ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണ്. 

ബ്രിട്ടീഷ് ഭരണകാലത്ത് കൊല്‍ക്കത്തയിലെ നിരവധി സെക്രട്ടേറിയറ്റ് ലൈബ്രറികള്‍ സംയോജിപ്പിച്ച് 1891-ല്‍ രൂപീകരിച്ച ഇംപീരിയല്‍ ലൈബ്രറിയാണ് സ്വാതന്ത്ര്യാനന്തരം, 1948-ല്‍ നാഷണല്‍ ലൈബ്രറിയായി നാമകരണംചെയ്യപ്പെട്ടതും  എസ്പ്ലനേഡില്‍നിന്ന് ബെല്‍വെദെരെ എസ്റ്റേറ്റിലേക്ക് മാറ്റിയതും. ബ്രിട്ടീഷ് ഭരണകാലത്ത് ഈ കെട്ടിടം ഗവര്‍ണ്ണര്‍ ജനറലിന്റെ ഔദ്യോഗികവസതിയായിരുന്നു. നിറയെ മരങ്ങളും പച്ചപ്പുമുള്ള പരിസരം. 1953 ഫെബ്രുവരി ഒന്നിന് മൗലാന അബ്ദുല്‍കലാം ആസാദാണ് നാഷണല്‍ ലൈബ്രരി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക.

വര്‍ഷങ്ങളായി കാണാന്‍ കൊതിച്ചിരുന്ന അക്ഷരസങ്കേതത്തിലേക്ക് കടന്നുചെന്നപ്പോള്‍ കട്ടിക്കണ്ണടവച്ച, താടിയും മുടിയും നീട്ടിവളര്‍ത്തിയ നാലഞ്ച് മനുഷ്യരെയാണ് ആദ്യം കണ്ടത്. സെക്രട്ടേറിയറ്റ് പെന്‍ഷണറുടെ ഐഡന്റിറ്റികാര്‍ഡും എഴുത്തുകാരിയുടെ വിസിറ്റിംഗ് കാര്‍ഡും കാണിച്ചപ്പോള്‍ പ്രവേശനാനുമതി കിട്ടാന്‍ താമസമുണ്ടായില്ല.  ഇന്ത്യയിലെ ആദ്യത്തെ നോബല്‍സമ്മാനജേതാവായ രബീന്ദ്രനാഥടാഗൂര്‍ മുതല്‍ നിരവധി പ്രതിഭാധനരായ എഴുത്തുകാരുടെ  കൃതികള്‍ നിറഞ്ഞിരിക്കുന്ന ആ ഗ്രന്ഥപ്പുരയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൗതുകത്തോടെ പരതിനടന്നു. ഗ്രന്ഥശേഖരം മുഴുവന്‍ കണ്ടുതീര്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ ഞങ്ങള്‍ മലയാളം സെക്ഷന്‍ അന്വേഷിച്ച് കണ്ടെത്തി. വള്ളത്തോള്‍, ബഷീര്‍ തുടങ്ങി വളരെ പ്രശസ്തരായ കുറേപ്പേരുടെ കൃതികള്‍ അവിടെ കണ്ടു. വള്ളത്തോളിന് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നതായി  തോന്നി. അദ്ദേഹത്തിന്റെ  കൃതികള്‍ മിക്കവയും ദേശീയഗ്രന്ഥാലയത്തില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. എഴുത്തുകാരുടെ ഛായാപടങ്ങള്‍ ഒട്ടിച്ചുവച്ചിരിക്കുന്ന കൂട്ടത്തില്‍ മലയാളത്തില്‍നിന്ന് വള്ളത്തോളിനെ മാത്രമെ കണ്ടുള്ളു. 

അതിവിശാലമായ ആ അക്ഷരസാമ്രാജ്യത്തില്‍ ചുറ്റിത്തിരിയുമ്പോള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ച ഒരുപത്രവാര്‍ത്ത ഓര്‍മ്മവന്നു. കെട്ടിടത്തിനടിയില്‍  ഒരു രഹസ്യ അറ ഉള്ളതായി 2010-ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ പരിശോധനയില്‍ കണ്ടെത്തിയെന്നും  ആയിരം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളതും പ്രവേശനദ്വാരങ്ങള്‍ ഇല്ലാത്തതുമായ അറയുടെ ഉപയോഗം എന്തായിരുന്നുവെന്ന് വ്യക്തമല്ലെന്നുമായിരുന്നു വാര്‍ത്ത.  ബ്രിട്ടീഷുകാരുടെ കാലത്ത് ശിക്ഷകള്‍ നടപ്പാക്കുന്നതിനോ വിലപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്നതിനോ ഉപയോഗിച്ചിരുന്നതാവാമെന്നും അഭ്യൂഹമുണ്ടായി. എന്നാല്‍  കെട്ടിടത്തിന് വേണ്ടത്ര ഉറപ്പുണ്ടാവുന്നതിനുവേണ്ടി അറമുഴുവന്‍ ചെളി നിറച്ചതാണെന്ന് ഗവേഷകര്‍ കണ്ടെത്തിയതായും 2011-ല്‍ വാര്‍ത്തയുണ്ടായി.

വിക്‌ടോറിയ മെമ്മോറിയല്‍

ജവഹര്‍ലാല്‍ നെഹൃ റോഡിന്റെ ഓരത്താണ്  വിക്‌ടോറിയ മെമ്മോറിയല്‍ സ്ഥിതിചെയ്യുന്നത്. 1876 മുതല്‍ 1901 വരെ ബ്രിട്ടീഷ് സാമ്രാജ്യം ഭരിച്ചിരുന്ന വിക്‌ടോറിയ രാജ്ഞിയുടെ സ്മരണക്കായി സമര്‍പ്പിച്ചിരിക്കുന്ന  ഈ വെള്ളമാര്‍ബിള്‍ മന്ദിരം ഇപ്പോള്‍ സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള ഒരു മ്യൂസിയമാണ്.  വിക്‌ടോറിയസ്മാരക മ്യൂസിയത്തില്‍ പുതിയകൊല്‍ക്കത്ത ഗ്യാലറി ഉള്‍പ്പെടെ 25 ഗ്യാലറികളുണ്ട്. ബ്രിട്ടീഷ് ഭരണാധികാരികളുടെ ഛായാപടങ്ങള്‍, പ്രതിമകള്‍, ചരിത്രത്തിന്റെ ഭാഗമായ തുപ്പാക്കികളും മറ്റ് ആയുധങ്ങളും വൈസ്രോയിമാരുടെ ഉടുപ്പുകളും അവരുപയോഗിച്ച പലവക സാധനങ്ങളും കണ്ണാടിക്കൂടുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിക്‌ടോറിയ ഗ്യാലറിയില്‍ വിക്‌ടോറിയ രാജ്ഞിയുടെയും ആല്‍ബര്‍ട്ട് രാജകുമാരന്റെയുംജീവിതത്തിലെ സുപ്രധാനസംഭവങ്ങളുടെ ഛായാചിത്രങ്ങള്‍, ശില്‍പങ്ങള്‍ എന്നിവ കാണാം. 1992-ല്‍ ആരംഭിച്ച കൊല്‍ക്കത്ത ഗ്യാലറിയില്‍ ഇന്ത്യയുടെ തലസ്ഥാനം ഡെല്‍ഹിയിലേക്ക് മാറ്റിയതിനുശേഷം കൊല്‍ക്കത്തയ്ക്കുണ്ടായ വളര്‍ച്ചയും വികാസവും സംബന്ധിച്ച ചരിത്രരേഖകളും ചിത്രീകരണങ്ങളും കാണാം.


അറുപത്തിനാലേക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പൂന്തോട്ടം മനോഹരമായ പൂക്കളും പുല്‍ത്തകിടികളും വൃക്ഷങ്ങളും  ചരിത്രസ്മൃതികളുണര്‍ത്തുന്ന കലാസൃഷ്ടികളും കൊണ്ട് അലങ്കൃതമാണ്. സിംഹാസനത്തില്‍ ഉപവിഷ്ടയായ വിക്‌ടോറിയ രാജ്ഞിയുടെ വെങ്കലപ്രതിമ, ഹേസ്റ്റിംഗ്‌സ്, കോണ്‍വാലിസ്, ക്ലൈവ്, വെല്ലസ്ലി തുടങ്ങിയ ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെയും ബ്രിട്ടീഷിന്ത്യാചരിത്രവുമായി ബന്ധപ്പെട്ട പ്രശസ്തവ്യക്തികളുടെയും ശില്‍പങ്ങള്‍, എഡ്വേഡ് ഏഴാമന്‍ 
സ്മാരക കമാനം എന്നിവ  ആധിപത്യ കാലത്തിന്റെ 
ഓര്‍മ്മപുതുക്കലാകുന്നു.
ഉദ്യാനത്തിലൂടെ ചുറ്റിനടക്കുന്പോൾ കേരള സെക്രട്ടേറിയറ്റിലെ ഒരു സുഹൃത്ത് ഭാര്യയോടും അമ്മയോടുമൊപ്പം ഉദ്യാനത്തിൽ വിശ്രമിക്കുന്നതു കണ്ടു. അവരോട് അല്പനേരം കുശലവർത്തമാനങ്ങളുമായി  ചെലവിട്ടശേഷം ഉദ്യാനത്തിൽ ചുറ്റിനടന്നു.

കുളത്തിന്റെ കരയിലും പുല്‍ത്തകിടിയിലും അങ്ങിങ്ങായി സല്ലപിച്ചിരിക്കുന്ന യുവതീയുവാക്കള്‍ രാജകീയോദ്യാനത്തില്‍ പ്രണയവസന്തം വിരിയിക്കുന്നു.


 ബാഗ് ബസാര്‍!
യാത്രയില്‍ അബദ്ധങ്ങള്‍ പറ്റുക സാധാരണം, പ്രത്യേകിച്ചും മുന്‍പരിചയമില്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍. ഇന്ത്യയിലെ മഹാനഗരങ്ങളിലൊന്നായ കൊല്‍ക്കത്തയില്‍വച്ച് ശരിക്കും ചമ്മിപ്പോയ ചില അനുഭവങ്ങളുണ്ടായി. നഗരംചുറ്റല്‍കഴിഞ്ഞ് ഞാനും സുഹൃത്തും ഹൗറബോട്ടുജെട്ടിയില്‍ നില്‍ക്കുമ്പോഴാണ് ബാഗ് ബസാര്‍ എന്ന സ്ഥലപ്പേര് ശ്രദ്ധയില്‍പെട്ടത്. കൊല്‍ക്കത്തയില്‍ നല്ല ബാഗുകള്‍ കിട്ടുമെന്നും വാങ്ങിക്കൊണ്ടുവരണമെന്നും കൂട്ടുകാര്‍ പറഞ്ഞതോര്‍ത്തു. നേരെ ബാഗ്ബസാറിലേക്ക് ടിക്കറ്റെടുത്ത് ഹൂഗ്ലിയിലൂടെ യാത്രതുടങ്ങി.

 കുറേക്കഴിഞ്ഞപ്പോള്‍ ബോട്ട് ബാഗ് ബസാര്‍ ഘട്ടിലെത്തി. 

ഇറങ്ങി കുറച്ചുദൂരം നടന്നിട്ടും ബാഗുവില്‍ക്കുന്ന കടകളൊന്നും കാണുന്നില്ല. തെരുവില്‍ ചെളിയുരുളയും (ഹൂഗ്ലിനദിയിലെ കറുത്തചെളി ഇവിടെ പൂജാദ്രവ്യമാണ്.) പൂക്കളും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന പാവപ്പെട്ട മനുഷ്യര്‍.

 ചെളിവില്‍ക്കുന്ന ഒരു യുവതിയോടൊപ്പം അവരുടെ കുട്ടി പിറന്നവേഷത്തില്‍ നില്‍പുണ്ട്. വില്‍ക്കാനായി ഉരുട്ടിവച്ചിരിക്കുന്ന ചെളിയുടെ നിറംതന്നെയാണ് ആ അമ്മയ്ക്കും കുഞ്ഞിനും; അവരുടെ നിഷ്‌കളങ്കമായ ചിരിക്ക് മനംകവരുന്ന വെളുപ്പും.

റോഡരികത്തായി ചെറിയൊരു ക്ഷേത്രമുണ്ട്. പരിസരമാകെ ഭക്തജനത്തിരക്ക്.  കുറിയണിഞ്ഞവരും പൂണൂല്‍ധാരികളും പൂജാരിമാരും തിക്കിത്തിരക്കി നടക്കുന്നു. അവര്‍ക്കിടയിലൂടെ ഞങ്ങളും നടന്നു. കുറച്ചുനടന്നപ്പോള്‍ ഒരു സംശയം - വഴിതെറ്റിയോ? ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനോട് ചോദിച്ചു: സര്‍, ബാഗ് ബസാര്‍ എവിടെയാണ്? അദ്ദേഹം റോഡിന്റെ കിഴക്കുദിശയിലേക്ക് വിരല്‍ചൂണ്ടി. ഞങ്ങള്‍ അങ്ങോട്ടു നടന്നു. മുന്നില്‍ കണ്ട ബോര്‍ഡില്‍ നോക്കി മിഴിച്ചുനിന്നുപോയി - ബാഗ് ബസാര്‍ റെയില്‍വേസ്റ്റേഷന്‍! 

വടക്കന്‍ കൊല്‍ക്കത്തയുടെ സമീപപ്രദേശമാണ് ബാഗ്ബസാര്‍. കൊല്‍ക്കത്തയുടെ വളര്‍ച്ചയില്‍ സജീവമായ പങ്കുവഹിച്ചിട്ടുള്ള ഈ പ്രദേശം ഒരുകാലത്ത് ബംഗാളി പ്രഭുക്കന്മാരുടെ കോട്ടയായിരുന്നു. ശ്യാംപുക്കൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍പെട്ടതും ശ്യാംബസാറിനോട് ചേര്‍ന്നുകിടക്കുന്നതുമായ പ്രദേശമാണിത്. പഴയ ബംഗാളിസാഹിത്യത്തില്‍നിന്നുള്ള രണ്ടുവാക്കുകളില്‍നിന്നാണ് ബാഗ്ബസാര്‍ എന്ന സ്ഥലനാമത്തിന്റെ ഉല്‍പത്തി. ബാഗ് എന്നാല്‍ പൂന്തോട്ടം. ബസാര്‍ എന്നാല്‍ മാര്‍ക്കറ്റ്. ഇവിടെ തെരുവോരങ്ങളില്‍ ധാരാളം പൂക്കടകള്‍ കാണാം. ബാഗ് വില്‍ക്കുന്ന കടകള്‍ എവിടെയാണെന്ന് പൂക്കച്ചവടക്കാരോട് ചോദിച്ചു. അറിയില്ലെന്ന് അവര്‍ കൈമലര്‍ത്തി. 

എന്തായാലും ഇത്രടം വന്നില്ലേ, കുറച്ചുകൂടി നടന്നുനോക്കാം എന്നായി സൂഹൃത്ത്. മോട്ടോര്‍വാഹനങ്ങളും സൈക്കിള്‍റിക്ഷകളും  ഇടകലര്‍ന്നൊഴുകുന്ന തിരക്കേറിയ റോഡിലൂടെ പടിഞ്ഞാറോട്ടു നടന്നു.

റോഡരികില്‍ ഒതുക്കിയിട്ടിരിക്കുന്ന റിക്ഷകളില്‍ ബീഹാറികളായ റിക്ഷാവാലകള്‍ യാത്രക്കാരെ പ്രതീക്ഷിച്ചിരിപ്പാണ്.  റിക്ഷാവണ്ടി വലിച്ചുകിട്ടുന്ന തുഛമായ വരുമാനംകൊണ്ടാണ് അവരും അങ്ങ് ബീഹാറിലുള്ള അവരുടെ കുടുംബവും ജീവിച്ചുപോകുന്നത്.  

കൈകൊണ്ട് വലിക്കുന്ന റിക്ഷകള്‍ക്ക് 2006-ല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണ്. പക്ഷെ, ഉപജീവനത്തിന് മറ്റുമാര്‍ഗ്ഗങ്ങളില്ലാത്ത തെരുവുമനുഷ്യര്‍ക്ക് തങ്ങളുടെ റിക്ഷകള്‍ മാത്രമാണ് ഏക ആശ്രയം. ദിവസം പത്തുമൈല്‍ ദൂരത്തോളം റിക്ഷവലിക്കുന്നവരുണ്ടത്രെ! വാഹനങ്ങള്‍ക്ക് കടന്നുചെല്ലാനിടമില്ലാത്ത ചെറിയമുടുക്കുകളിലും ചേരികളിലുംമറ്റും താമസിക്കുന്ന പാവപ്പെട്ടമനുഷ്യര്‍ രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോവുക, കുട്ടികളെ സ്‌കൂളിലെത്തിക്കുക തുടങ്ങിയ  അത്യാവശ്യയാത്രകള്‍ക്ക് ഈ റിക്ഷകളെയാണ് ആശ്രയിക്കുന്നത്. 

കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ ഒരു തട്ടുകട കണ്ടു. അവിടെ നിന്ന്
ചായകുടിക്കകുന്നതിനിടയില് കടയുടെപിന്നില്‍ നാലഞ്ചുയുവതികള്‍
ആരെയോ പ്രതീക്ഷിച്ചെന്നപോലെ
നില്‍ക്കുന്നു. സുഹൃത്ത് അവരറിയാതെ അവരുടെ ചിത്രങ്ങള്‍ നിക്കോണ്‍
ക്യാമറയില്‍ പിടിച്ചെടുത്തു. ഞാനും മൊബൈല്‍ഫോണില്‍ ചിത്രമെടുക്കാന്‍
ശ്രമിക്കുന്നതിനിടയില്‍ അവരിലൊരുവള്‍ തെറിവിളിച്ചുകൊണ്ട് എന്റെ
നേര്‍ക്ക് പാഞ്ഞടുത്തു. ഫോണ്‍ തട്ടിപ്പറിച്ച് ഞെക്കിയും പിതുക്കിയും
പരിശോധന തുടങ്ങി. എന്തുവേണ്ടൂ എന്നറിയാതെ ആകെ അമ്പരന്നുനിന്ന
നിമിഷങ്ങള്‍! അവരുടെ ചിത്രങ്ങളില്ലെന്ന് ബോധ്യമായപ്പോള്‍
പിറുപിറുത്തുകൊണ്ട് ഫോണ്‍ എന്റെ കൈയിലേക്കിട്ടുതന്നു.
ആ ലൈംഗികത്തൊഴിലാളികളുടെ തല്ലുകൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം. 

അരമണിക്കൂറോളം നടന്നിട്ടും ഒരൊറ്റ ബാഗുകടപോലും കാണാതെ ഞങ്ങള്‍ ബാഗ്ബസാര്‍ ഘട്ടിലേക്ക് തിരിച്ചുനടന്നു. ബാഗ് കിട്ടിയില്ലെങ്കിലെന്ത്, പെണ്ണുങ്ങളുടെ തെറികിട്ടിയല്ലോ എന്ന് സുഹൃത്തിന്റെ  തമാശ. ബോട്ടുജെട്ടിയില്‍ നീണ്ട ക്യൂ. ജോലിക്കുപോയി മടങ്ങുന്നവരാണധികവും. നേരം ഇരുട്ടിത്തുടങ്ങി. ഹൂഗ്ലിയിലൂടെയുള്ള മടക്കയാത്രയില്‍, വൈദ്യുതദീപങ്ങളുടെ വര്‍ണ്ണപ്രഭയില്‍ മുങ്ങിനില്‍ക്കുന്ന ഹൗറപ്പാലത്തിന്റെ രൂപഭംഗികള്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് ഞാനെന്റെ തെറിയനുഭവം മറക്കാന്‍ ശ്രമിച്ചു..

ഹൗറപ്പാലം (രബീന്ദ്രസേതു)

ഹൗറ ബോട്ടുജെട്ടിയില്‍നിന്ന് ഞങ്ങള്‍ ഹൗറപ്പാലത്തിലേക്ക് നടന്നു. കൊല്‍ക്കത്ത എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് ഹൗറപ്പാലമാണ്. ഹൂഗ്ലിനദിയുടെ കിഴക്കുഭാഗത്തുള്ള നഗരമാണ് കൊല്‍ക്കത്ത. നദിക്കപ്പുറത്തുള്ള ഹൗറ വലിയൊരു വ്വവസായകേന്ദ്രമാണ്.  കൊല്‍ക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലിനദിക്കുകുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഉരുക്കുപാലമാണ് ഹൗറപ്പാലം (രബീന്ദ്രസേതു). 1942-ല്‍ പണിപൂര്‍ത്തിയായ പാലത്തിന്റെ ആദ്യപേര് ഹൗറ പുതിയപാലം എന്നായിരുന്നു. പുതിയപാലം നിര്‍മ്മിക്കുന്നതിനുമുമ്പ് ഇതേസ്ഥാനത്ത് ഒരു പോന്തൂണ്‍ പാലം നിലവിലുണ്ടായിരുന്നു. ആയതിനാല്‍ ആളുകള്‍ പുതിയപാലത്തെ ഹൗറ പുതിയപാലം എന്നുവിളിച്ചു. ഇന്ത്യയിലെയെന്നല്ല, ഏഷ്യയിലെതന്നെ ആദ്യത്തെ നോബല്‍സമ്മാനജേതാവും ബംഗാളി കവിയുമായ രബീന്ദ്രനാഥ ടാഗൂറിന്റെ സ്മരണാര്‍ത്ഥം 1965-ല്‍  പാലത്തിന്റെ ഔദ്യോഗികനാമം  രബീന്ദ്രസേതു എന്ന് മാറ്റുകയുണ്ടായി. എന്നാല്‍ ഇപ്പോഴും  ഹൗറപ്പാലം എന്നുതന്നെയാണ് അറിയപ്പെടുന്നത്. ലോകത്തിലെ നീളംകൂടിയ കാന്റിലിവര്‍ പാലങ്ങളില്‍ ആറാംസ്ഥാനത്താണ് ഹൗറ തൂക്കുപാലം. 829 മീറ്റര്‍ നീളമുള്ള ഹൗറപ്പാലം 1943 ഫെബ്രുവരി മൂന്നിനാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. വാഹനസഞ്ചാരത്തിനായി 70അടി വീതിയില്‍ എട്ടുവരിപ്പാതയും കാല്‍നടക്കാര്‍ക്കും സൈക്കിള്‍സവാരിക്കാര്‍ക്കും വെവ്വേറെ പാതകളുമുണ്ട്. പ്രതിദിനം മൂന്നുലക്ഷം വാഹനങ്ങളും നാലരലക്ഷം കാല്‍നടക്കാരും ഈ പാലത്തിലൂടെ സഞ്ചരിക്കുന്നു എന്നാണ് കണക്ക്. കൊല്‍ക്കത്ത പേര്‍ട്ട്ട്രസ്റ്റിനാണ് പാലത്തിന്റെ മേല്‍നോട്ടച്ചുമതല. 

പാലത്തിലേക്കുള്ള പൊതുനിരത്തിലെ കുണ്ടുംകുഴികളും അരികുകളില്‍നിന്നും ഒലിച്ചിറങ്ങിയ മനുഷ്യമൂത്രംകൊണ്ട് ദുര്‍ഗ്ഗന്ധപൂരിതമായിരുന്നു. വഴിയിലെ അഴുക്കുകളില്‍ ചവിട്ടാതെ നടന്നുനീങ്ങുക അസാദ്ധ്യം. വൃത്തിയുടെ കാര്യത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന നഗരങ്ങളാണ് കൊല്‍ക്കത്തയും ഹൗറയും. പലയിടത്തും അസഹനീയമായ ദുര്‍ഗ്ഗന്ധം കാരണം മൂക്കുപൊത്തിനടക്കേണ്ട അവസ്ഥ. വഴി വൃത്തിഹീനമാണെങ്കിലും കൊല്‍ക്കത്തയുടെ അഭിമാനപ്രതീകംപോലെ നിലകൊള്ളുന്ന ഹൗറപ്പാലത്തിലൂടെ കാഴ്ചകള്‍ കണ്ടുനടക്കുക ആഹ്ലാദകരംതന്നെ.



 വൈദ്യുതദീപപ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന പാലത്തിന്റെ അടിയിലൂടെ ഹൂഗ്ലിനദി ശാന്തമായൊഴുകുന്നു. കുറേനേരം പരിസരക്കാഴ്ചകളില്‍ മുഴുകി, തണുത്തകാറ്റേറ്റ് പാലത്തിലിരുന്നു. വിശപ്പിന്റെ വിളിവന്നപ്പോള്‍ തിരിച്ചുനടന്നു. 

സാമാന്യം വൃത്തിയുള്ളതെന്ന് തോന്നിയ ഒരു വെജിറ്റേറിയന്‍ റെസ്റ്റോറന്റില്‍കയറി അത്താഴംകഴിച്ചശേഷം റെയില്‍വേസ്റ്റേഷനിലേക്ക് നടന്നു. 


പല യാത്രകളിലായി പശ്ചിമബംഗാളിലെ ഗ്രാമപ്രദേശങ്ങളും കടുകുപാടങ്ങളും ഉള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങള്‍ കാണുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങള്‍ .ഇനിയും കാണാന്‍ ബാക്കിയുണ്ട്. ഈ മനോഹരമായ ഭൂമിയില്‍ ആഗ്രഹിക്കുന്ന ഇടങ്ങളെല്ലാം കണ്ടറിയാന്‍ ഒരു ജന്മം പോരെന്ന് ചിലപ്പോഴൊക്കെ വിചാരിക്കാറുണ്ട്. അധികം താമസിയാതെ ശാന്തിനികേതനിലേക്ക് ഒരു യാത്രപോകണം എന്ന ആഗ്രഹം മനസ്സില്‍ കുറിച്ചുകൊണ്ട് നളന്ദയിലേക്കുള്ള ട്രെയിന്‍ കാത്തിരുന്നു.



Saturday, 2 July 2022

കടലും കായലും കഥപറയുമ്പോള്‍ (യാത്ര) എസ്.സരോജം

 


വലിയ ആലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഒരുല്ലാസയാത്ര! എവിടെ പോകണം എന്ന് തീരുമാനിച്ചതുപോലും അതിരാവിലെ തിരുവനന്തപുരം നഗരത്തില്നിന്ന് പുറപ്പെട്ടതിനുശേഷം. അവിചാരിതമായി മനസ്സിലേക്ക് കടന്നുവന്ന ഒരു ഗാനശകലം: ഇടവക്കായലിന് അയല്ക്കാരീ...
അറബിക്കടലിന് കളിത്തോഴീ...
ഉടന് തീരുമാനമായി, ഇന്നത്തെ യാത്ര അറബിക്കടലിന്റെ തീരത്തുള്ള ഇടവ, വര്ക്കല, പൊന്നുംതുരുത്ത്, അഞ്ചുതെങ്ങുകോട്ട...
തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങല്വഴി ഇടവയിലെത്താന് കാറില് ഏകദേശം ഒന്നരമണിക്കൂര്നേരത്തെ യാത്രയുണ്ട്. വര്ക്കല- കാപ്പില് ബീച്ചുകള്ക്കിടയിലാണ് ഇടവബീച്ചിന്റെ സ്ഥാനം.

ഇതൊരു വിനോദസഞ്ചാരകേന്ദ്രമായി അത്രവളര്ന്നിട്ടില്ല. അതുകൊണ്ടുതന്നെ മലിനമാകാത്ത തീരവും പ്രകൃതിഭംഗികളും ആസ്വദിച്ചുകൊണ്ട് ഈ പ്രദേശത്ത് സ്വൈരമായി സഞ്ചരിക്കാം.
 ഏകദേശം ഒരുകിലോമീറ്റര് ദൂരത്തോളം റോഡിനിരുവശത്തുമായി കടലും കായലും സമാന്തരമായി സ്ഥിതിചെയ്യുന്നു.
ഇടവ-നടയറക്കായല് കടലുമായി സന്ധിക്കുന്ന അഴിമുഖം ഒരു ദൃശ്യവിസ്മയംതന്നെ. ചെറിയ കുന്നുകളും പാറകളും നിറഞ്ഞ കടല്ത്തീരം കരയിലേക്ക് കയറിക്കിടക്കുന്നു. 
പാറകളില് ചിപ്പികളും കടല്പ്രാണികളും പറ്റിപ്പിടിച്ചിരിക്കുന്നു. കടല്ക്ഷോഭത്തില്പ്പെട്ട് പൊട്ടിപ്പൊളിഞ്ഞതാവാം ഒരു മത്സ്യബന്ധനബോട്ട് തീരത്തടിഞ്ഞുകിടപ്പുണ്ട്.
 ബീച്ചിലിറങ്ങുന്നത് സൂക്ഷിച്ചുവേണം. തിരമാലകള് ആഞ്ഞടിക്കുന്ന തീരമാണ്, സുരക്ഷാസംവിധാനങ്ങളൊന്നുമില്ല. ചുരുക്കംചില റിസോര്ട്ടുകള് ഉണ്ടെങ്കിലും താമസക്കാര് കുറവാണ്.
 ഒരുമണിക്കൂറോളം കായലിന്റെയും കടലിന്റെയും തീരത്ത് ചുറ്റിനടന്ന് കുറേ ചിത്രങ്ങളും പകര്ത്തിക്കൊണ്ട് ഞങ്ങൾ വർക്കല ശിവഗിരിയിലേക്ക് പുറപ്പെട്ടു.

Thursday, 16 September 2021

വട്ടക്കോട്ടയും തൊട്ടിപ്പാലവും - യാത്ര (എസ്.സരോജം)


 കന്യാകുമാരി ജില്ലയില്‍ തിരുവിതാംകൂറിന്റെ രാജകീയ മുദ്രയായ ആനയും ശംഖും പതിച്ച പ്രവേശനകവാടത്തോടുകൂടിയ ഒരു കോട്ടയുണ്ട്. ഇത് തമിഴില്‍ വട്ടക്കോട്ടൈ എന്നാണ് അറിയപ്പെടുന്നത്. ചതുരാകൃതിയിലുള്ള കോട്ടക്ക് വട്ടക്കോട്ട എന്ന് പേരിട്ടതിന്റെ  യുക്തി എന്താണോ ആവോ! തിരുവനന്തപുരം-കന്യാകുമാരി മുഖ്യപാതയില്‍നിന്ന് തെക്കുമാറി, കന്യാകുമാരിക്ക് ഏഴുകിലോമീറ്റര്‍ ഇപ്പുറം, പച്ചവിരിപ്പിട്ട നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പുകളും അതിരിട്ട ഇടറോഡിലൂടെ കുറച്ചുൂരം മുന്നോട്ടുപോയാല്‍ അഗസ്തീശ്വരം താലൂക്കിലെ അഞ്ചുഗ്രാമത്തിലുള്ള വട്ടക്കോട്ടയിലെത്താം; തികച്ചും ഗ്രാമീണമായ വഴിത്താരയില്‍നിന്ന് ചരിത്രത്തിലേക്ക് കാലെടുത്തുവച്ചതുപോലെ.  ഒരുഭാഗത്ത് പശ്ചിമഘട്ടവും മറുഭാഗത്ത് കടലും സമ്മാനിക്കുന്ന അപൂര്‍വ്വസുന്ദരമായ ദൃശ്യാനുഭവം. ഒരുവശത്ത് പുഴയും കടലും സംഗമിക്കുന്ന പൊഴിയും.  

കവാടത്തിലെ രാജമുദ്ര സൂചിപ്പിക്കുന്നതുപോലെതന്നെ ഈ കോട്ട തിരുവിതാംകൂറിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരു പ്രതിരോധദുര്‍ഗ്ഗമാണ്. അന്ന് കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായിരുന്നല്ലൊ. 1741 -ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ  കാലത്താണ് കോട്ട ഇന്നു കാണുന്ന രീതിയില്‍ പൂര്‍ണ്ണമായും കരിങ്കല്ലില്‍ പണിതത് .പടത്തലവനായിരുന്ന ക്യാപ്റ്റന്‍ ഡെലിനോയിയുടെ മേല്‍നോട്ടത്തിലായിരുന്നു കോട്ടയുടെ പണി. ഡച്ച് നാവികസേനാ മേധാവിയായിരുന്ന ഡെലിനോയി കുളച്ചല്‍ യുദ്ധത്തിലെ പരാജയത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ  വിശ്വാസം നേടിയെടുത്ത്, തിരുവിതാംകൂറിന്റെ പടത്തലവനാവുകയായിരുന്നു. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള  കോട്ടയുടെ വിസ്തൃതി .മൂന്നര ഏക്കറാണ്. ചുറ്റും ഇരുപത്തഞ്ചടി ഉയരമുള്ള കൂറ്റന്‍ മതിലുണ്ട്. മുന്‍ഭാഗത്ത് ഇരുപത്തൊന്‍പതടിയും പിന്‍ഭാഗത്ത് ആറടിയും വശങ്ങളില്‍ പതിനെട്ടടിയുമാണ് മതിലിന്റെ കനം. കോട്ടയുടെ ഒരുഭാഗം കടലിലേക്ക് തള്ളിനില്‍ക്കുന്നു. കോട്ടയില്‍ നിന്നും  പത്മനാഭപുരം കൊട്ടാരത്തിലേക്ക് നാലടി വീതിയുള്ള ഒരു തുരങ്കമുണ്ട്. അതിപ്പോള്‍ അടഞ്ഞുകിടക്കുകയാണ്.

പാണ്ഡ്യരാജാക്കന്മാരുടെ കാലത്തേ കോട്ട നിലവിലുണ്ടായിരുന്നുവെന്നും മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് അതിനെ കരിങ്കല്ലില്‍ ശക്തിപ്പെടുത്തുകയാണുണ്ടായതെന്നും പുരാവസ്തുഗവേഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. കോട്ടക്കുള്ളില്‍ മൂന്ന് മണ്ഡപങ്ങളുണ്ട്, പട്ടാളക്കാരുടെ വിശ്രമത്തിനും ആയുധങ്ങള്‍ സൂക്ഷിക്കാനും ശത്രുനിരീക്ഷണത്തിനും. മണ്ഡപങ്ങളുടെ മേല്‍പാളിയില്‍ കൊത്തിവച്ചിരിക്കുന്ന മീനുകളുടെ രൂപം പാണ്ഡ്യന്‍ സ്വാധീനത്തെ സൂചിപ്പിക്കുന്നതാണ്. കോട്ടക്കുള്ളില്‍ ധാരാളം ശുദ്ധജലമുള്ള ഒരു കുളമുണ്ട്. സൈനികരുടെ ആവശ്യത്തിന് വെള്ളം ലഭിച്ചിരുന്നത് ഈ കുളത്തില്‍നിന്നാണ്. കുളക്കരയിലിരുന്ന് കടലിന്റെ ഭംഗി ആസ്വദിക്കാം.  ഉയരത്തിലുള്ള പരേഡ് ഗ്രൗണ്ടില്‍ നിന്ന് നോക്കിയാല്‍ കടലും ബീച്ചും ഉള്‍പ്പെടെ അതിമനോഹരമായ ചുറ്റുവട്ടക്കാഴ്ചകള്‍ ആസ്വദിക്കാം. കോട്ടയുടെ മുകളിലേക്ക് കയറാന്‍ കല്‍പടവുകളുണ്ട്. കല്‍പടവുകള്‍ക്ക് നടുവിലൂടെ ഒരു റാമ്പും. ഈ റാമ്പിലൂടെയാണ് ആയുധങ്ങളുംമറ്റും കോട്ടമുകളിലെത്തിച്ചിരുന്നത്. കോട്ടമതിലില്‍ ചിലയിടങ്ങളില്‍ കാണുന്ന തുറന്നഭാഗത്തുകൂടിയാണ് കടലിലൂടെ വരുന്ന ശത്രുക്കള്‍ക്കു നേരെ പീരങ്കിപ്രയോഗം നടത്തിയിരുന്നത്. അമ്പുംവില്ലും ഉപയോഗിക്കാന്‍ പാകത്തിലുള്ള നേര്‍ത്തവിടവുകളും മതിലില്‍ കാണാം.

ത്രിവേണീസംഗമസ്ഥാനമായ കന്യാകുമാരിയോടു ചേര്‍ന്നുകിടക്കുന്ന വിശാലമായ കടല്‍. വട്ടക്കോട്ടയുടെ മുകളില്‍നിന്നു നോക്കുമ്പോള്‍ വ്യത്യസ്തഭാവങ്ങളുള്ള രണ്ടുകടലുകള്‍ കാണാം; ഒന്ന് അറബിക്കടലും മറ്റേത് ബംഗാള്‍ ഉള്‍ക്കടലും. അറബിക്കടലിന് ശാന്തസുന്ദരമായ ഭാവമാണെങ്കില്‍ പവിഴപ്പുറ്റുകള്‍ നിറഞ്ഞ ബംഗാള്‍ ഉള്‍ക്കടലിന് രൗദ്രഭാവമാണ്.

 കരിമണല്‍ നിറഞ്ഞ കടലോരമാണ് മറ്റൊരു പ്രത്യേകത. തീരംതിങ്ങിവളരുന്ന കേരവൃക്ഷങ്ങള്‍ ആരുടെയും മനംകവരും. അകലേക്ക് നോക്കിയാല്‍ കാറ്റില്‍നിന്ന് വൈദ്യതി കറന്നെടുക്കുന്ന  കാറ്റാടിയന്ത്രങ്ങള്‍ കാണാം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ദൃശ്യഭംഗികള്‍ ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ വട്ടക്കോട്ടയുടെ മാറ്റുകൂട്ടുന്നു.പൊതുവേ തണലും തണുപ്പും കുറവായ കന്യാകുമാരിയില്‍ വട്ടക്കോട്ടയിലെ നിരവധിയായ വേപ്പുമരങ്ങള്‍ നല്‍കുന്ന സുഖകരമായ തണലും തണുപ്പും എടുത്തുപറയേണ്ടതാണ്. ഏതു കൊടുംവേനലിലും ആഞ്ഞുവീശുന്ന കടല്‍ക്കാറ്റിനൊപ്പം  വേപ്പിന്റെ ഔഷധഗുണവും സന്ദര്‍ശകരെ തൊട്ടുഴിഞ്ഞു കടന്നുപോകും.. എല്ലാദിവസവും രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സന്ദര്‍ശനസമയം. തിരുവനന്തപുരത്തുനിന്ന് റോഡുമാര്‍ഗ്ഗമുള്ള ദൂരം തൊണ്ണൂറ്റിമൂന്ന് കിലോമീറ്ററാണ്.

കന്യാകുമാരി ജില്ലയെ കേരളത്തില്‍നിന്നും അടര്‍ത്തിമാറ്റി, തമിഴ്‌നാടിനോടു ചേര്‍ത്തതിനുശേഷം നിര്‍മ്മിതമായ ഒരു തൊട്ടിപ്പാലത്തിന്റെ കഥയാണ് ഇനി പറയുന്നത്.  ഒരു കുന്നില്‍നിന്നും മറ്റൊരുകുന്നിലേക്ക്  ജലം കൊണ്ടുപോവുക എന്ന വിസ്മയകരമായ വിദ്യയാണ് ഈ തൊട്ടിപ്പാലത്തിലൂടെ സാദ്ധ്യമാക്കിയിരിക്കുന്നത്. പറളിയാറിന്റെ ഇരുകരയിലായി സ്ഥിതിചെയ്യുന്ന കണിയാന്‍ പാറയെയും  കൂട്ടുവായു പാറയെയും തമ്മില്‍ ബന്ധിപ്പിച്ചാണ് പാലത്തിന്റെ നിര്‍മ്മിതി. ചിറ്റാര്‍ അണക്കെട്ടില്‍നിന്നും തേങ്ങാപ്പട്ടണംവരെയുള്ള വരണ്ട പ്രദേശങ്ങളില്‍ കൃഷിക്കാവശ്യമായ ജലമെത്തിക്കാന്‍ പട്ടണം കനാല്‍ നിര്‍മ്മിക്കുമ്പോള്‍ മാത്തൂര്‍ഭാഗത്തുള്ള പറളിയാറ് കടക്കുക ഒരു വെല്ലുവിളിയായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്റെ നിര്‍ദ്ദേശപ്രകാരമാണ് നദിക്കുമുകളിലൂടെ തൊട്ടിപ്പാലം നിര്‍മ്മിച്ച് അതുവഴി കനാല്‍ജലം കൊണ്ടുപോകാനുള്ള പദ്ധതി സാദ്ധ്യമായത്. പേച്ചിപ്പാറയില്‍നിന്നും ചിറ്റാറില്‍നിന്നും കോതയാര്‍ ചാനല്‍ വഴി തൊട്ടിപ്പാലത്തിലെത്തുന്ന ജലം ചെങ്കൊടി,  വടക്കുനാട് പാലങ്ങള്‍ വഴി തേങ്ങാപ്പട്ടണത്തിലെത്തുന്നു. വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ കൃഷിക്ക് മാത്തൂര്‍ തൊട്ടിപ്പാലംവഴി എത്തുന്ന ജലമാണ് ഉപയോഗിക്കുന്നത്. 384 മീറ്റര്‍ നീളവും 115 അടി ഉയരവുമുള്ള പാലത്തില്‍ അഞ്ചരയടി വീതിയില്‍ ജലമൊഴുകുന്ന കനാലും അതിന്  സമാന്തരമായി ഒരു നടപ്പാതയുമുണ്ട്. 209 ഘന അടി വെള്ളം ഈ കനാലിലൂടെ കൊണ്ടുപോകാന്‍ കഴിയും. വേനല്‍ക്കാലത്ത് ജലത്തിന്റെ ഒഴുക്ക് കുറവായിരിക്കും. 

പാലത്തിന്റെ രണ്ടറ്റത്തും നിര്‍മ്മിച്ചിട്ടുള്ള പടിക്കെട്ടുകളിലൂടെ സന്ദര്‍ശകര്‍ക്ക് പാലത്തിന് മുകളിലെത്താം. ഇരുപത്തിയൊമ്പതു തൂണുകളിന്മേല്‍ നിര്‍മ്മിച്ചിരിക്കുന്ന തൊട്ടിപ്പാലത്തിന്റെ മുകളില്‍നിന്നുതാഴേക്ക് നോക്കിയാല്‍ പറളിയാറും പരിസരപ്രദേശങ്ങളും പച്ചപ്പുനിറഞ്ഞ കുന്നുകളും വിശാലമായൊരു കാന്‍വാസില്‍ വരച്ച മനോഹരചിത്രങ്ങള്‍ പോലെ തോന്നും. 1962-ല്‍ ആരംഭിച്ച പാലംപണി ഏഴുവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. ഏഷ്യയിലെ ഏറ്റവും ഉയരവും നീളവുമുള്ള മാത്തൂര്‍ തൊട്ടിപ്പാലത്തിലൂടെ നടക്കുമ്പോള്‍ കെ.കാമരാജ് എന്ന മുന്‍മുഖ്യമന്ത്രിയെ മനസാ നമിച്ചുപോകും.

അരനൂറ്റാണ്ടു പിന്നിട്ട മാത്തൂര്‍ തൊട്ടിപ്പാലം ഇന്ന് കന്യാകുമാരി ജില്ലയിലെ തിരക്കേറിയ  വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. പറളിയാറിലിറങ്ങി ഒരുകുളിയും കൂടിയായാല്‍  യാത്ര ഏറെ തൃപ്തികരമാവും. കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ പൂന്തോട്ടങ്ങളും ശില്‍പങ്ങളുമൊരുക്കി രസകരമാക്കിയിട്ടുണ്ട് ചുറ്റുവട്ടം.  പൈനാപ്പിളും പഴങ്ങളും കുറഞ്ഞവിലക്ക് ലഭിക്കുമെന്നതും മാത്തൂരിന്റെ പ്രത്യേകതയാണ് തമിഴ്‌നാട്ടില്‍ പൈനാപ്പിള്‍ ധാരാളമായി കൃഷിചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് മാത്തൂര്‍. തിരുവനന്തപുരത്തുനിന്നും അറുപതുകിലോമീറ്റര്‍ അകലെയാണ് മാത്തൂര്‍ തൊട്ടിപ്പാലം. മാര്‍ത്താണ്ഡം വഴി തിരുവട്ടാറിലെത്തിയാല്‍ അവിടെനിന്നും മൂന്നുകിലോമീറ്റര്‍ ദൂരം. പത്മനാഭപുരം കൊട്ടാരത്തില്‍നിന്ന് പതിനാല് കിലോമീറ്ററും തൃപ്പരപ്പില്‍നിന്ന് പത്തുകിലോമീറ്ററുമാണ് തൊട്ടിപ്പാലത്തേക്കുള്ള ദൂരം.


Friday, 3 September 2021

മടങ്ങിപ്പോയ മാവേലി (കവിത) എസ്.സരോജം


ഓണനാളിലാ പാതാളംവിട്ട്
മാവേലിത്തമ്പുരാന്‍ നാട്ടിലെത്തി
മുഖംമൂടി വയ്ക്കാത്ത തമ്പുരാനെ
നീതിപാലകര്‍ വിലങ്ങുവച്ചു.

പ്രജകളെ കാണുവാന്‍ പോണമിന്ന്
തിരുവോണമല്ലേ, മറന്നുപോയോ?

മറന്നതല്ലെന്റെ തമ്പുരാനേയീ
നാട്ടിലെല്ലാം കൊറോണയാണേ
സ്വര്‍ണ്ണക്കിരീടവുമോലക്കുടയും
ഒന്നും കൊറോണയ്ക്ക് പേടിയില്ല
അടച്ചിരിപ്പാണ് പ്രജകളെല്ലാം
സമ്പര്‍ക്കമേതും പാടില്ലയിപ്പോള്‍
നല്ലൊരു മുഖംമൂടി വച്ചുവന്നാല്‍
അകലത്തുനിന്ന് കണ്ടുമടങ്ങാം.

മാവേലി ചിന്തയിലാണ്ടുനിന്നു...
പിന്നെ മൊഴിഞ്ഞു വിനയപൂര്‍വം:
മുഖംമൂടിയണിയാനറിഞ്ഞുകൂടാ
അകലംപാലിച്ചും ശീലമില്ല.
പാതാളത്തേക്ക് മടങ്ങിക്കൊള്ളാം
പണ്ടത്തെയോര്‍മ്മകള്‍ മാത്രംമതി.

Tuesday, 3 August 2021

വഞ്ചിവീട്ടിലെ ഒരു ദിവസം (യാത്ര) എസ്.സരോജം

പുന്നപ്ര-വയലാര്‍ വിപ്ലവഭൂമിയില്‍നിന്ന് ഞങ്ങള്‍ ബോട്ടുജെട്ടിയിലേക്ക് യാത്രയായി. രാവിലെ ഹോട്ടല്‍മാനേജര്‍ ഏര്‍പ്പാടാക്കിത്തന്ന ടാക്‌സി ഞങ്ങള്‍ക്കായി കാത്തുനില്‍പുണ്ടായിരുന്നു. രണ്ടുദിവസമായി കടലും കായലും പുഴയുമൊക്കെ കാണുന്നുണ്ടെങ്കിലും യാത്ര കരയിലൂടെ മാത്രമായിരുന്നല്ലൊ. മുമ്പ് പലപ്പോഴും കെട്ടുവള്ളത്തില്‍ പകല്‍യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആഡംബരപ്രൗഢിയോടെ കായലില്‍ ഒഴുകിനീങ്ങുന്ന വഞ്ചിവീട്ടില്‍ രാവുറങ്ങാനുള്ള അവസരം ഇതേവരെ ഒത്തുവന്നിട്ടില്ല. ഇന്നേതായാലും ആഗ്രഹം സാധിക്കുന്നതിന്റെ ത്രില്ലിലാണ്. പത്തുമണിക്ക് ബുക്കിംഗ് ഓഫീസിലെത്തി. കായലരികത്ത് നിരവധി ഹൗസ്‌ബോട്ടുകള്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ നിരത്തിയിട്ടിരിക്കുന്നത് ദൂരെനിന്ന് കാണാന്‍തന്നെ എന്തൊരു ഭംഗി. തിരക്കുകുറഞ്ഞ സീസണായതുകൊണ്ട് മുന്‍കൂര്‍ ബുക്കിംഗില്ലാതെതന്നെ പ്രീമിയം കാറ്റഗറിയില്‍പ്പെട്ട ഒരെണ്ണം ലഭ്യമായി. യാത്രയാരംഭിക്കുന്നത് പതിനൊന്നരക്കാണ്. കുറച്ചുനേരം ഞങ്ങള്‍ സമീപക്കാഴ്ചകള്‍ ആസ്വദിച്ചുനടന്നു. പതിനൊന്നായപ്പോഴേക്കും ഞങ്ങള്‍ ബുക്കുചെയ്ത ബോട്ടിലെ ജീവനക്കാരെത്തി. യാത്രക്കുവേണ്ടി ബോട്ട് സജ്ജമാക്കുക, അടുത്തദിവസം മടങ്ങിയെത്തുംവരെയുള്ള ആവശ്യത്തിനുവേണ്ട എല്ലാ സാധനസാമഗ്രികളും കരുതിവയ്ക്കുക തുടങ്ങിയ ജോലികളില്‍ അവര്‍ വ്യാപൃതരായി. നല്ല അടുക്കും ചിട്ടയും വൃത്തിയുമുള്ള ബോട്ട്;. എയര്‍കണ്ടിഷന്‍ ചെയ്തമനോഹരമായൊരു ലിവിംഗ്‌റൂമും കുഷനിട്ട ഇരിപ്പിടങ്ങളും ഡൈനിംഗ്‌ടേബിളും ബാത്തറ്റാച്ഡ് ബഡ്‌റൂമും നല്ലൊരടുക്കളയും തുടങ്ങി അത്യാവശ്യമായ ആര്‍ഭാടങ്ങളെല്ലാമുണ്ട്. തീന്‍മേശമേല്‍ മുന്തിരി, ആപ്പിള്‍, മാതളം, കൈതച്ചക്ക തുടങ്ങിയ പഴങ്ങളും അതിഥികള്‍ക്കായി കരുതിവച്ചിരിക്കുന്നു. ബോട്ട്‌ഡ്രൈവര്‍ പീറ്ററും അടുക്കളക്കാരന്‍ ഷാജിയും വളരെ സരസമായ പെരുമാറ്റംകൊണ്ട് ആദ്യമേ ഞങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി. കൃത്യം പതിനൊന്നരക്ക് വഞ്ചിവീട് ഞങ്ങളെയുംകൊണ്ട് പുറപ്പെടുകയായി .ചെന്തെങ്ങിന്‍ കരിക്ക് തന്ന് ഷാജി ഞങ്ങളെ സ്വാഗതംചെയ്തു. പുന്നമടക്കായല്‍ എന്നു കേള്‍ക്കുമ്പോള്‍ കേരളീയരുടെ മനസ്സില്‍ തെളിയുന്നത് നെഹൃട്രോഫി വള്ളംകളിയായിരിക്കും. 1952-ല്‍ ആരംഭിച്ച നെഹൃട്രോഫി വള്ളംകളി ഇന്ന് സ്വദേശീയരും വിദേശീയരുമായ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയൊരു ജലമേളയായി മാറിയിരിക്കുന്നു. ആഗസ്റ്റ് മാസത്തിലെ രണ്ടാംശനിയാഴ്ചയാണ് ജനലക്ഷങ്ങളെത്തുന്ന ജലമാമാങ്കം അരങ്ങേറുന്നത്. ആളും ആരവവുമൊഴിഞ്ഞ ഐലന്‍ഡ് പവിലിയന്‍ ആഘോഷപ്പെരുമകള്‍ അയവിറക്കിക്കൊണ്ട് അടുത്ത വള്ളംകളിക്കായി കാത്തുകിടപ്പാണ്. നീലജലപ്പരപ്പില്‍ കുഞ്ഞോളങ്ങള്‍ വിരിയിച്ചുകൊണ്ട് കൊച്ചുറാണി എന്നുപേരായ വഞ്ചിവീട് മെല്ലെ മുന്നോട്ടുനീങ്ങി. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിന്റെ അനന്യമായ തീരഭംഗികളില്‍ കണ്ണുടക്കിയിരിക്കുന്ന യാത്രികരുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന വള്ളങ്ങളും സര്‍വ്വീസ് ബോട്ടുകളും ശിക്കാരകളും. ഒന്നിനുപുറകെ മറ്റൊന്നായി ഒഴുകിപ്പരക്കുന്ന കായല്‍ത്തിരകള്‍ എണ്ണിയിരിക്കാന്‍ എന്തെന്നില്ലാത്ത ആവേശം. അടുക്കളയില്‍ ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലാണ് ഷാജി. മനംമയക്കുന്ന കാഴ്ചകള്‍ക്കൊപ്പം പീറ്ററിന്റെ കുട്ടനാടന്‍ കഥകള്‍ യാത്രയുടെ ആസ്വാദ്യത ഇരട്ടിയാക്കി. വീട്ടിലെ തിരക്കുകളില്‍നിന്നൊഴിഞ്ഞ് തീര്‍ത്തും ഭാരമൊഴിഞ്ഞൊരു മനസ്സുമായി വഞ്ചിക്കൊപ്പം ഒഴുകിപ്പോവുകയാണ് ഞാനിപ്പോള്‍.
കുട്ടനാടിന്റെ ജനപ്രിയ നേതാവായിരുന്ന തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് വേമ്പനാട്ടുകായല്‍ക്കരയില്‍ പതിനാലേക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്നു. ചീനവലകളും കെട്ടുവള്ളങ്ങളും ആയുര്‍വേദ സുഖചികിത്സകളും ഉള്‍പ്പെടുന്ന റിസോര്‍ട്ട് സമ്പന്നരായ വിദേശസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. റിസോര്‍ട്ടിനെപ്പറ്റി സമീപകാലത്ത് ഉയര്‍ന്നുകേട്ട അനധികൃത കായല്‍കൈയേറ്റ പ്രശ്‌നവും ഓര്‍മ്മയില്‍ മിന്നിപ്പൊലിഞ്ഞു. ഒരുവശത്ത് കൃഷിയിറക്കാന്‍ ഒരുക്കിയിട്ടിരിക്കുന്ന നെല്‍പാടങ്ങളുടെ വിശാലദൃശ്യം. കായല്‍നിരപ്പില്‍നിന്നും കുറെ താഴ്ചയിലാണ് പാടങ്ങളുടെ കിടപ്പ്. നെല്‍പാടങ്ങള്‍ക്കും കായലിനുമിടയില്‍ അരപ്പട്ടപോലെ നീണ്ടുകിടക്കുന്ന വരമ്പുകളില്‍ തെങ്ങുകളും പച്ചപ്പുകളുമുണ്ട്. ആവശ്യമുള്ളപ്പോള്‍മാത്രം വരമ്പുമുറിച്ച് കായല്‍ജലം പാടങ്ങളിലേക്ക് ഒഴുക്കിവിടാന്‍ പറ്റുന്ന രീതിയിലാണ് വരമ്പുകളുടെ നിര്‍മ്മിതി. വീതികുറഞ്ഞ വരമ്പത്ത് വേരുറപ്പിക്കാന്‍ ഇടംപോരാതെ നില്‍ക്കുന്ന കൊന്നത്തെങ്ങുകള്‍ കാറ്റത്ത് സമൂലം ഇളകിയാടുന്നു. അതെന്താ മുറിച്ചുകളയാത്തത്, ഏതെങ്കിലും ബോട്ടിന്റെ പുറത്തേക്ക് മറിഞ്ഞുവീണാലോ എന്നായി ഞങ്ങളുടെ ആശങ്ക.
ഒന്നര മുതല്‍ രണ്ടരവരെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയാണ്. ആള്‍പാര്‍പ്പുള്ള ചെറിയൊരു തുരുത്തിനോടടുപ്പിച്ച് ബോട്ട് പാര്‍ക്കുചെയ്തു. കപ്പ, മീന്‍കറി, കരിമീന്‍ വറുത്തത് തുടങ്ങി വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണം ആസ്വദിച്ചുകഴിച്ചു. കേരളത്തിന്റെ സംസ്ഥാനമത്സ്യമായ കരിമീന്‍ കുട്ടനാടന്‍ കായലുകളില്‍ സുലഭമാണ്. കൂടാതെ പലയിനം മത്സ്യങ്ങള്‍ ധാരാളമായി ലഭിക്കുന്നു. തീരവാസികളുടെ ഉപ ജീവനമാര്‍ഗ്ഗങ്ങളിലൊന്നാണ് മത്സ്യബന്ധനം. മിക്കവീടുകളിലും ഒരു ചെറിയ വള്ളമുണ്ടാവും; ചിലത് യന്ത്രം ഘടിപ്പിച്ചതും ചിലത് തുഴഞ്ഞുപോകാവുന്നതും. നമ്മള്‍ സ്വന്തം സ്‌കൂട്ടറിലും കാറിലുമൊക്കെ സഞ്ചരിക്കുന്നതുപോലെ അവര്‍ സ്വന്തം വള്ളങ്ങളില്‍ സഞ്ചരിക്കുന്നു. ഊണുകഴിഞ്ഞ് അല്‍പനേരം കിടപ്പറയില്‍ വിശ്രമിച്ചു. സാധാരണ ഹൗസ്‌ബോട്ടുകളെ അപേക്ഷിച്ച് വലിയ ജാലകങ്ങളാണ് പ്രീമിയം ബോട്ടുകളിലെ കിടപ്പറയിലുള്ളത്. കുഞ്ഞോളങ്ങള്‍ അലയടിക്കുന്ന കായല്‍പരപ്പും സമീപവാസികള്‍ തുഴഞ്ഞുപോകുന്ന കൊച്ചുയാത്രാവള്ളങ്ങളും ദൂരെയൊരു കടവത്ത് ഒതുക്കിയിട്ടിരിക്കുന്ന ഹൗസ്‌ബോട്ടുകളും അകലെയുള്ള പച്ചത്തുരുത്തും തുടങ്ങി എത്ര സുന്ദരമായ ജാലകക്കാഴ്ചകള്‍. അപ്രതീക്ഷിതമായി ആഞ്ഞുവീശിയ കാറ്റും കനത്ത മഴയും യാത്രാനുഭൂതിയുടെ മറ്റൊരു തലം സൃഷ്ടിച്ചു. കായല്‍പ്പരപ്പില്‍ വെള്ളിമുത്തുകള്‍ വിതറുന്ന മഴയിലേക്ക് ജാലകത്തിലൂടെ കൈനീട്ടിനില്‍ക്കുമ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് വീട്ടിറമ്പിലേക്ക് കൈനീട്ടിനില്‍ക്കുന്ന കുട്ടിക്കാലം ഓര്‍മ്മവന്നു. കാറ്റും മഴയും തെല്ലൊന്നു ശമിച്ചപ്പോള്‍ വീണ്ടും യാത്ര ആരംഭിക്കുകയായി ഏതു കാലാവസ്ഥയിലും വളരെ ആസ്വാദ്യകരമാണ് വെനീസിനെപ്പോലെ സുന്ദരിയായ ആലപ്പുഴയിലെ കായല്‍സഞ്ചാരം. നിറയെ യാത്രക്കാരുമായി ആലപ്പുഴക്ക് പോകുന്ന ഒരു സര്‍ക്കാര്‍ ബോട്ട് ഞങ്ങളെ കടന്നുപോയി. വലിയ സാമ്പത്തികമൊന്നുമില്ലാത്ത ആളുകള്‍ക്കും വളരെ തുച്ഛമായ ചെലവില്‍ കായല്‍കാഴ്ചകള്‍ ആസ്വദിക്കാന്‍ പറ്റിയ മാര്‍ഗ്ഗംകൂടിയാണ് കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ സര്‍വീസ്‌ബോട്ടുകള്‍. നാലരമണിയാണ് ചായസമയം. ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തുകോരിയ പഴംപൊരിയും ചൂടുചായയുമായി ഷാജിയെത്തി. മഴ മാറിയെങ്കിലും അന്തരീക്ഷം ഇരുണ്ടുകിടപ്പാണ്. അഞ്ചുമണിയോടെ ചെറിയ മത്സ്യബന്ധനബോട്ടുകള്‍ കായലിലിറങ്ങിത്തുടങ്ങി. ചെറിയൊരു ടൗണിന്റെ സമീപത്ത് ബോട്ട് അഞ്ചുനിമിഷത്തേക്ക് നിറുത്തി. കായല്‍ മത്സ്യങ്ങള്‍, പഴം പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ റോഡരികത്ത് വില്‍പനക്ക് വച്ചിരിക്കുന്നു. ഞങ്ങള്‍ ബോട്ടില്‍നിന്നുകൊണ്ടുതന്നെ കുറച്ച് ചെമ്മീന്‍ വാങ്ങി. ഷാജി അത് അത്താഴത്തോടൊപ്പം പൊരിച്ചുതരാമെന്നേറ്റു. പീറ്റര്‍ ബോട്ടുതിരിച്ച് നിശ്ചിതസ്ഥാനത്ത് പാര്‍ക്കുചെയ്തു. ബോട്ടിനും ഡ്രൈവര്‍ക്കും രാവിലെ എട്ടുമണിവരെ വിശ്രമമാണ്. പീറ്റര്‍ ബാഗുമെടുത്ത് വീട്ടിലേക്കു പോയി. ഷാജി അത്താഴമുണ്ടാക്കുന്ന തിരക്കിലും. ഞങ്ങള്‍ ബോട്ടിന്റെ തുഞ്ചത്തിരുന്ന് പരിസരക്കാഴ്ചകളില്‍ മുഴുകി.
രാത്രിവാസത്തിനെത്തിയ സഞ്ചാരികളെയും പേറിക്കൊണ്ട് നിശ്ചിതസ്ഥാനങ്ങളില്‍ നിരന്നുകിടപ്പാണ് വഞ്ചിവീടുകള്‍. വെള്ളംനിറഞ്ഞ കുട്ടനാടന്‍ പാടശേഖരങ്ങള്‍ ആകാശനിഴല്‍പോലെ അകലെ കാണാം. പാടത്തിനും കായലിനും ഇടയ്ക്കുള്ള അതിര്‍വരമ്പില്‍ കെട്ടിപ്പൊക്കിയ കൂരകളും ഷീറ്റുമേഞ്ഞ വീടുകളും ദരിദ്രജീവിതത്തിന്റെ അടയാളങ്ങള്‍ പേറിനില്‍ക്കുന്നു. അതൊക്കെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ വീടുകളാണെന്ന് പീറ്റര്‍ പറഞ്ഞതോര്‍ത്തു. വീടുകളില്‍ നിന്ന് പതുങ്ങിയെത്തുന്ന നേര്‍ത്തവെളിച്ചം അവരുടെ ജീവിതരേഖ പോലെതന്നെ കായലോളങ്ങളില്‍ ആടിയുമുലഞ്ഞും നില്‍ക്കുന്നു. തൊട്ടടുത്ത വഞ്ചിയിലുള്ളവര്‍ യൂറോപ്പില്‍നിന്നുള്ളവരാണ്. നിക്കറും ബനിയനുമിട്ട വെളുമ്പിപ്പെണ്ണിന്റെ ചുണ്ടില്‍ എരിയുന്ന സിഗരറ്റുണ്ട്. അവള്‍ കരയിലെ ദരിദ്രജീവിതത്തിന്റെ ചലനങ്ങള്‍ നോക്കി ആശ്ചര്യപ്പെട്ടുനില്‍പാണ്. കായലിലേക്ക് ചാഞ്ഞുനില്‍ക്കുന്ന പുന്നമരത്തിന്റെ ചുവട്ടിലിരുന്ന് രണ്ടുപേര്‍ ചൂണ്ടയിടുന്നു. തെങ്ങോലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന നിഴല്‍വെളിച്ചത്തില്‍ അവരുടെ രൂപം ഇരുണ്ടുകാണാം. ഇടയ്ക്കിടെ ചലിക്കുന്ന കൈകളാണ് അവര്‍ക്ക് ജീവനുണ്ടെന്ന് തോന്നിക്കുന്നത്. വല്ലപ്പോഴും ചൂണ്ടയില്‍ കുരുങ്ങുന്ന ചെറുമീനുകളെ അവര്‍ പ്ലാസ്റ്റിക് കവറിലാക്കി പൊതിഞ്ഞുവയ്ക്കുന്നുണ്ട്. ''അവര്‍ അത്താഴക്കറിക്കുള്ള മീന്‍പിടിക്കുന്നതാ. ഇങ്ങനെ കരയ്ക്കിരുന്നാ വലുതൊന്നും കിട്ടൂല്ല. പാവങ്ങള്‍. അവര്‍ക്ക് വള്ളോം വലയുമൊന്നുമില്ല.'' ഞങ്ങളുടെ കൗതുകം കണ്ടിട്ട് ഷാജി പറഞ്ഞു. ''സാറേ ഞാനൊന്നു പുറത്തേക്കിറങ്ങിയിട്ടു വരാം. അരമണിക്കൂര്‍ കഴിഞ്ഞുപോരേ അത്താഴം?.'' ''മതിമതി, ഷാജി പോയിട്ടു വാ.''
കായലിന്റെ തീരത്തോടുചേര്‍ന്നുള്ള നടവഴിയോരത്ത് ഏതാനും ചെറിയ വീടുകളും ഒരു വീടിനോടുചേര്‍ന്ന് ഒരു പീടികയുമുണ്ട്. മുറുക്കാന്‍, സിഗരറ്റ് തുടങ്ങി അരിയും പലവ്യഞ്ജനവും വരെ ആ കൊച്ചുപീടികയില്‍ കിട്ടും. ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതും കുശലവര്‍ത്തമാനങ്ങള്‍ പറയുന്നതുമൊക്കെ കണ്ടും കേട്ടുമിരുന്ന് സമയം പോയതറിഞ്ഞില്ല. കുളി കഴിഞ്ഞപ്പൊഴേക്കും ഷാജി മടങ്ങിയെത്തി. അത്താഴവും ഉച്ചത്തെപ്പോലെ രുചിവിഭവസമൃദ്ധം. കായലിലെ രാത്രിക്കാഴ്ചകള്‍ക്ക് വിസ്മയിപ്പിക്കുന്ന സൗന്ദര്യമാണ്. മുകളിലെ ആകാശത്തിനും താഴത്തെ കായലിനും ഒരേനിറം, ഇരുള്‍നീല. കായല്‍കാറ്റിന് സുഖകരമായൊരു കുളിര്. ഓളങ്ങള്‍ തീരത്തോടു മുട്ടിയുരുമ്മുന്ന ഗ്ലും ഗ്ലും ശബ്ദം. മത്സ്യബന്ധനബോട്ടുകളില്‍നിന്നുള്ള നേര്‍ത്തവെളിച്ചം. ജാലകക്കാഴ്ചകളെ തിരശ്ശീലകൊണ്ട് മറച്ച് ഉറങ്ങാന്‍കിടന്നു. വെളുക്കുവോളം സുഖകരമായ ഉറക്കം. ഉണര്‍ന്നപ്പോള്‍ ഷാജിയുടെ വക ബഡ്‌കോഫിയും ഗുഡ്‌മോര്‍ണിംഗും. ദിനകൃത്യങ്ങള്‍ക്കുശേഷം ഒരു പ്രഭാതസവാരി. പച്ചപ്പുനിറഞ്ഞ പരിശുദ്ധമായ കായലോരം. പ്രഭാതസൂര്യന്റെ ഇളംചൂടും തെങ്ങോലകള്‍ തഴുകിയെത്തുന്ന ഇളംകാറ്റും. തുരുത്തിലെ ജനജീവിതം എത്ര ലളിതം. എന്തിനും ഏതിനും വള്ളങ്ങളെയും സര്‍ക്കാര്‍ ബോട്ടുകളെയും ആശ്രയിക്കുന്ന ഒരു ജനത... നടത്തംകഴിഞ്ഞുവന്നപ്പോഴേക്കും പീറ്റര്‍ റെഡി. എട്ടുമണിയോടെ മടക്കയാത്ര, ഇതിനിടയില്‍ പ്രഭാതഭക്ഷണം; ദോശയും സാമ്പാറും ചമ്മന്തിയും ചായയും പതിനൊന്നായപ്പോള്‍ യാത്രയാരംഭിച്ച അതേസ്ഥാനത്തുതന്നെ തിരിച്ചെത്തി.
വളരെ ഉല്ലാസപ്രദമായിരുന്നു ഹൗസ്‌ബോട്ടിലെ യാത്രയും താമസവും എങ്കിലും മനസ്സിനെ അസ്വസ്ഥമാക്കിയ ഒരുകാര്യം എടുത്തുപറയാതെവയ്യ. കായലിലങ്ങോളമിങ്ങോളം യാത്രക്കാര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകളുംു കുപ്പികളും ഓളങ്ങള്‍ക്കൊപ്പം ഒഴുകിനടക്കുന്നു. കായല്‍ മലിനമാകാതെ സൂക്ഷിക്കേണ്ടത് ഓരോ യാത്രികരുടെയും കടമയാണെന്നകാര്യം മലയാളികളെന്തേ മറന്നുപോകുന്നു?