Tuesday, 26 April 2016

ഭൂട്ടാന്‍ യാത്ര









സന്തുഷ്ടരുടെ നാട്ടില്‍ (ഭൂട്ടാന്‍ യാത്ര )

മൂന്നുദിവസം നീണ്ട ട്രെയിന്‍ യാത്രയ്‌ക്കൊടുവില്‍  ഞങ്ങള്‍ ബംഗാളിലെ ആലിപൂര്‍ദാര്‍ സ്റ്റേഷനിലിറങ്ങി. എ.സിയുടെ തണുപ്പില്‍നിന്ന് പ്രകൃതിയുടെ ചൂടിലേക്കിറങ്ങിയപ്പോള്‍ മനസ്സും ശരീരവും ഉണര്‍ന്നു. ഏഷ്യയിലെ ഏറ്റവും സന്തുഷ്ടരാജ്യമായ ഭൂട്ടാന്‍ ആയിരുന്നു  ഞങ്ങളുടെ ലക്ഷ്യം.  കുറഞ്ഞതു രണ്ടുമണിക്കൂര്‍ റോഡുമാര്‍ഗ്ഗം യാത്രചെയ്താലേ ഇന്‌ഡോ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ എത്താനാവൂ. തുടര്‍ന്നുള്ള യാത്ര ടാക്‌സിയിലായി.  റോഡിലെ  കാഴ്ചകള്‍ ഞങ്ങള്‍ കൗതുകത്തോടെ നോക്കിയിരുന്നു.   തിരക്കുകാരണം ഉള്ളില്‍ കയറിപ്പറ്റാന്‍ കഴിയാത്ത സ്‌കൂള്‍കുട്ടികളും  മുതിര്‍ന്നവരുമൊക്കെ   ബസ്സുകളുടെ മുകളിലിരുന്നാണ്  യാത്ര! റോഡിനിരുവശവും ചെറുതും വലുതുമായ വീടുകളും പീടികകളും വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങളും ചിലയിടങ്ങളില്‍ നിരന്ന  തേയിലത്തോട്ടങ്ങളും കാണാം.  ഇന്ത്യയുടെയും  ഭൂട്ടാന്റെയും അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ജെയ്‌ഗോണ്‍ ഒരു കച്ചവടകേന്ദ്രമാണ്.  റോഡിലെ തിക്കും തിരക്കും ശബ്ദകോലാഹലങ്ങളും    അസഹനീയമായ  ചൂടും ഞങ്ങളെ ഏറെക്കുറേ തളര്‍ത്തിയിരുന്നു എങ്കിലും ഭൂട്ടാനീസ് മാതൃകയില്‍ നിര്‍മ്മിതമായ   അതിര്‍ത്തികവാടം കണ്ടപ്പോള്‍  എല്ലാവര്‍ക്കും വലിയ ഉത്സാഹവും സന്തോഷവുമായി. കവാടത്തിന്റെ ശില്പഭംഗി ആസ്വദിക്കുന്നതിനായി വണ്ടി അല്പം വേഗത കുറച്ചു.
gateway
“Drive Responsibly and Safely on the Indian Highways”,  “Your Safety and Security is our concern” ഇന്ത്യക്കഭിമുഖമായ കവാടഭിത്തിമേല്‍ കുറിച്ചിരിക്കുന്ന വാക്യങ്ങള്‍ തിരക്കേറിയ ഇന്ത്യന്‍ റോഡുകളില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ഉത്തരവാദിത്വത്തെയും  യാത്രക്കാരുടെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായിത്തോന്നി.  ഭൂട്ടാനഭിമുഖമായ കവാടഭിത്തിമേല്‍ ഒരുവശത്ത് പ്രകൃതിവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ വലിയൊരു ഡ്രാഗന്റെ ചിത്രം; മറുവശത്ത് രാജാവിന്റെയും. ഒരു കവാടത്തിനപ്പുറവും ഇപ്പുറവും തമ്മില്‍ എന്തൊരന്തരം! തിരക്കിന്റെയും ബഹളത്തിന്റെയും നടുവില്‍നിന്ന് പ്രശാന്തസുന്ദരമായ ഒരു ഭൂപ്രദേശത്തില്‍ ചെന്നെത്തിയിരിക്കുകയാണു  ഞങ്ങള്‍. പരമ്പരാഗതവേഷമണിഞ്ഞ ഭൂട്ടാനികളെ കാണാന്‍ എന്തു ഭംഗി! ശില്‍പചാരുതയാര്‍ന്ന  കെട്ടിടങ്ങളുടെ മേല്‍ചുവരുകളില്‍ ഡ്രാഗന്റെ മനോഹരചിത്രങ്ങള്‍. സന്തോഷവും സമാധാനവും ശാന്തിയും സൗന്ദര്യവും നിറഞ്ഞ ഭൂട്ടാന്‍ എന്ന പര്‍വ്വതരാജ്യം കണ്ടറിയാനുള്ള ആവേശം ഞങ്ങളില്‍ നിറഞ്ഞു.
അതിര്‍ത്തികവാടത്തില്‍നിന്നും അല്‍പം അകലെയുള്ള പാര്‍ക്ക് ഹോട്ടലിലായിരുന്നു  താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. കുളിച്ചുഫ്രഷായതിനുശേഷം യാത്രാപാസുകള്‍ ശരിയാക്കുന്നതിനായി എമിഗ്രേഷന്‍ ഓഫീസിലേക്കു പോകാനായിരുന്നു പ്ലാന്‍.
ഭൂട്ടാനിലെ രാജാവായ  ജിഗ്‌മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കിന് അനന്തരാവകാശിയായി ഒരാണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നുവെന്നും അതിന്റെ സന്തോഷം കൊണ്ടാടുന്നതിനായി മൂന്നുദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതുകഴിഞ്ഞേ എമിഗ്രേഷന്‍ ആഫീസ്  തുറക്കുകയുള്ളുവെന്നും അവിടെ ചെന്നപ്പോഴാണറിഞ്ഞത്. ഹോട്ടലിന്റെ റിസപ്ഷനിലേക്കു കയറിച്ചെന്നപ്പോള്‍ത്തന്നെ എല്ലാവരുടെയും കണ്ണുകളുടക്കിയത് മനോഹരമായി അലങ്കരിച്ചുവച്ചിരിക്കുന്ന രാജദമ്പതികളുടെ ചില്ലിട്ട ചിത്രത്തിലായിരുന്നു.
രാജഭരണം നിലനില്‍ക്കുന്ന അപൂര്‍വ്വം ചില രാജ്യങ്ങളിലൊന്നാണ് ഹിമാലയത്തിന്റെ കിഴക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ഭൂട്ടാന്‍. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് വാങ്ചുക്ക് രാജവംശമാണ്. 1972 – ല്‍ രാജാവായി സ്ഥാനമേറ്റ ജിഗ്മെ സിംഗ്യേ വാങ്ചുക്ക്  അസാധാരണമായ കാഴ്ചപ്പാടുകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. പതിനാറാമത്തെ വയസ്സില്‍ ഭരണാധിപനായ സിംഗ്യേ ഇന്ത്യയിലും ഇംഗ്ലണ്ടിലും പോയി ഉന്നതവിദ്യാഭ്യാസം നേടുകയും പുരോഗമനത്തിന്റെ ക്ലാസ്സിക് മാതൃകകളെയെല്ലാം അവഗണിച്ചുകൊണ്ട,് തന്റെ രാജ്യത്തിന്റെ പുരോഗതിക്കായി മറ്റൊരിടത്തുമില്ലാത്ത മഹത്തായ ഒരു ഭരണക്രമത്തിനു തുടക്കംകുറിക്കുകയും ചെയ്തു.  ലോകരാജ്യങ്ങളെല്ലാം ഗ്രോസ് നാഷണല്‍ പ്രോഡക്റ്റിനെ (GNP) അടിസ്ഥാനമാക്കി രാജ്യപുരോഗതി അളക്കുമ്പോള്‍ ഇവിടെ ഗ്രോസ് നാഷണല്‍ ഹാപ്പിനസ്സ് (GNH) അടിസ്ഥാനമാക്കിയാണ് രാജ്യപുരോഗതി അളക്കുന്നത്. നല്ല ഭരണം, പരിസ്ഥിതി സംരക്ഷണം,  സംസ്‌കാരികത്തനിമ നിലനിറുത്തല്‍, ധാര്‍മ്മികനീതിക്കനുസൃതമായ വികസനം എന്നിവയാണ് അദ്ദേഹത്തിന്റെ ഭരണതത്വങ്ങള്‍.  രാജ്യത്തു നിലവിലുള്ള വിദ്യാഭ്യാസവും വൈദ്യസഹായവും പ്രജകള്‍ക്കെല്ലാം   സൗജന്യമായി നല്‍കുന്നു. ഈ ഭൂമിയിലെ സന്തുഷ്ടരാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഭൂട്ടാന്‍. അതുകൊണ്ടുതന്നെയാവാം രാജാവിനെ ജനങ്ങള്‍ ഭക്ത്യാദരങ്ങളോടെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ചിത്രം വീടുകളിലും  പൊതുസ്ഥലങ്ങളിലുമൊക്കെ ചില്ലിട്ടുവച്ചു വണങ്ങുന്നതും.   ഇത്രയേറെ ജനസമ്മതനായിരുന്നിട്ടും  അറുപതുവയസ്സായപ്പോള്‍  അദ്ദേഹം രാജ്യഭരണം മൂത്തമകനായ ജിഗ്‌മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കിനു കൈമാറി. സ്വന്തം ഇഷ്ടപ്രകാരം ചെയ്ത സദുദ്ദേശപരവും പുരോഗമനപരവുമായ ഈ സ്ഥാനത്യാഗം    പ്രജകള്‍ക്ക് അദ്ദേഹത്തോടുണ്ടായിരുന്ന ആരാധനയും സ്‌നേഹവും  വര്‍ദ്ധിപ്പിച്ചു.
പുരോഗമനത്തിന്റെ പാതയില്‍ പിതാവിനെക്കാള്‍ മുന്നിലാണ് ഖേസര്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ് എന്ന നിലയിലും ഭൂട്ടാനിലെ ഏറ്റവും ജനകീയനായ യുവരാജാവ് എന്ന നിലയിലും ഖേസര്‍ പ്രശസ്തനാണ്. രാജാവിന് നാലു ഭാര്യമാരാകാം എന്നതാണ് ഭൂട്ടാനിലെ രാജവഴക്കം. എന്നാല്‍ താന്‍ ജസ്റ്റുന്‍ പെമയെയല്ലാതെ മറ്റൊരു പെണ്ണിനെയും ഭാര്യയായി സ്വീകരിക്കില്ല എന്ന തീരുമാനത്തിലാണ് ഈ യുവരാജാവ്. അദ്ദേഹം തന്റെ പതിനേഴാമത്തെ വയസ്സില്‍ ഒരു വിനോദയാത്രക്കിടയിലാണ്  ജസ്റ്റുന്‍ പെമയെ ആദ്യമായി കാണുന്നത്. തികച്ചും നാടകീയമായ ഒരു വിവാഹവാഗ്ദാനത്തിലെത്തുകയായിരുന്നു ആ കണ്ടുമുട്ടല്‍. അദ്ദേഹം കുതിരപ്പുറത്തുനിന്നിറങ്ങി അവളുടെ മുന്നില്‍ മുട്ടുകുത്തിനിന്നുകൊണ്ടു പറഞ്ഞു – നീ പ്രായപൂര്‍ത്തിയാവുമ്പോള്‍, അതുവരെ ഞാനും നീയും വിവാഹിതരായിട്ടില്ലെങ്കില്‍, അപ്പോഴും നമ്മള്‍ക്കിങ്ങനെ തോന്നുന്നുവെങ്കില്‍, നീ എന്റെ ഭാര്യയാവണമെന്നു ഞാനാഗ്രഹിക്കുന്നു. അന്നവള്‍ക്ക് ഏഴുവയസ്സായിരുന്നു. ഒരു സാധാരണകുടുംബത്തില്‍ ജനിച്ചവളും അസാധാരണവ്യക്തിത്വത്തിനുടമയുമായ പെമ അവളുടെ ഇരുപത്തൊന്നാമത്തെ  വയസ്സില്‍ രാജപത്‌നിയായി. പുനാഖയിലെ പുരാതനമായ കോട്ടയില്‍, ബുദ്ധമതാചാരപ്രകാരമായിരുന്നു വിവാഹം.
bhutan-_king
മന്ത്രോച്ചാരണങ്ങളുടെയും മണിമുഴക്കങ്ങളുടെയും അകമ്പടിയോടെ  ഭൂട്ടാനിലെ അഞ്ചാമത്തെ രാജാവായ ഖേസര്‍ വിദ്യാര്‍ത്ഥിനിയായ ജസ്റ്റുന്‍ പെമയുടെ തലയില്‍ രാജ്ഞിയുടെ കിരീടമണിയിച്ചു. ഇപ്പോള്‍ രാജദമ്പതികള്‍ക്ക് ഒരു മകനുണ്ടായ സന്തോഷത്തിലാണ് രാജകുടുംബവും ജനങ്ങളും.
എല്ലാ കാര്യങ്ങളിലുമെന്നപോലെ ഭൂട്ടനില്‍ രാജകുമാരന്റെ  ജനനം ആഘോഷിച്ചതും തികച്ചും  വ്യത്യസ്തമായ രീതിയിലായിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറം അത് പരിസ്ഥിതിസംരക്ഷണത്തിന്റെയും രാജസ്‌നേഹത്തിന്റെയും  പ്രകടനമായി മാറി. ബൂദ്ധമതക്കാര്‍ വളരെ പരിപാവനമായി കരുതിപ്പോരുന്ന സംഖ്യയാണ് 108. പരിസ്ഥിതിസൗഹൃദരാജ്യമായ ഭൂട്ടാനില്‍ വൃക്ഷങ്ങള്‍ക്കും  മഹനീയസ്ഥാനം കല്‍പിച്ചുപോരുന്നു. ആഘോഷത്തിന്റെ ഭാഗമായി അവര്‍ രാജ്യത്തെമ്പാടുമായി 108,000 വൃക്ഷത്തൈകള്‍ നട്ടു. ഓരോന്നും രാജകുമാരന്റെ ബൂദ്ധിക്കും ശക്തിക്കും വേണ്ടിയുള്ള ഓരോ പ്രാര്‍ത്ഥനയായിരുന്നു. ഭൂട്ടാനിലെ ജനങ്ങള്‍ക്ക് രാജാവിനോടുളളത്  അന്ധമായ ആരാധനയും നിര്‍വ്യാജമായ സ്‌നേഹവുമാണെന്ന കാര്യം എടുത്തുപറയാതെവയ്യ. മലകളുടെ മുകളിലും പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും വാഹനങ്ങളിലുമെല്ലാം രാജദമ്പതികളുടെ ചില്ലിട്ട ചിത്രം അലങ്കരിച്ചു വച്ചിരിക്കുന്നതു കണ്ടു. ഞങ്ങളുടെ ഭൂട്ടാന്‍യാത്രയിലുടനീളം ഒപ്പമുണ്ടായിരുന്ന ഡ്രൈവറും ഗൈഡുമായ സുമന്‍ പിഞ്ചോയുടെ വാക്കുകളില്‍ രാജഭക്തി നിറഞ്ഞുതുളുമ്പുകയായിരുന്നു. മറ്റു പലരേയുംപോലെ പിഞ്ചോയും ഒരഭിമാനചിഹ്നംപോലെ വസ്ത്രത്തില്‍ ഹൃദയഭാഗത്തായി രാജദമ്പതികളുടെ ചിത്രം പതിച്ചിരുന്നു.
ജനങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും  ഭൂട്ടാനും പരിപൂര്‍ണ്ണ ജനാധിപത്യത്തിലേക്കു മെല്ലെമെല്ലെ നടന്നടുക്കുകയാണ്. 2008 – ല്‍  ആദ്യമായി പൊതുതെരഞ്ഞെടുപ്പു നടത്തുകയും കോണ്‍സ്റ്റിറ്റിയൂഷണല്‍ മോണാര്‍ക്കി സ്ഥാപിതമാവുകയും ചെയ്തു. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി പി.ഡി.പി.  പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ. ഭരണത്തലവന്‍ രാജാവും.      തെക്കനേഷ്യയില്‍, ജനാധിപത്യ റിപ്പബ്‌ളിക്കുകളായ ഇന്ത്യക്കും ചൈനക്കുമിടയിലാണ് ഈ ചെറുരാജ്യത്തിന്റെ സ്ഥാനം. ഇന്ത്യന്‍ സംസ്ഥാനമായ സിക്കിം നേപ്പാളില്‍നിന്നും ആസാമും പശ്ചിമബംഗാളും ബംഗ്ലാദേശില്‍നിന്നും ഭൂട്ടാനെ വേര്‍തിരിക്കുന്നു. ഉയര്‍ന്ന പ്രദേശം എന്നര്‍ത്ഥമുള്ള ‘ഭൂ-ഉത്താന്‍’ എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് ഭൂട്ടാന്‍ എന്ന വാക്കിന്റെ ഉല്‍പത്തി. ഹിമാലയത്തിലെ താപസരാജ്യം (Hermit Kingdom of the Himalayas) എന്ന പേരിനാല്‍ അറിയപ്പെട്ടിരുന്ന ഭൂട്ടാന്‍ ഇന്നും ഏറെക്കുറേ അങ്ങനെതന്നെയാണ്. എവിടെയും ബുദ്ധസന്യാസിമാരെ കാണാം. വജ്രായന (Tantric)ബുദ്ധിസത്തിന്റെ സൂക്ഷിപ്പുകാരാണിവര്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഷാങ്ഗ്രില എന്ന വിശേഷണമാവും ഈ നാടിന് ഏറ്റവും യോജിക്കുക. ഐതിഹ്യങ്ങളും കെട്ടുകഥകളും നിഗൂഢതകളും ഈ പര്‍വ്വതരാജ്യത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഒരിക്കലും കൊളോണിയല്‍ ആധിപത്യം കടന്നുചെല്ലാത്തതും ലോകരാജ്യങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകിടക്കുന്നതുമായ ഭൂട്ടാന് രാജ്യാന്തരബന്ധങ്ങള്‍ വളരെ പരിമിതമാണ്. വിനോദസഞ്ചാരവും വിദേശബന്ധങ്ങളും ഭരണകൂടത്തിന്റെ കര്‍ശനനിയന്ത്രണത്തിലാണ്. 1974 വരെ വിദേശസഞ്ചാരികള്‍ക്ക് ഭൂട്ടാനിലേക്കു കടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.  തനതുസംസ്‌കാരം കലര്‍പ്പില്ലാതെ സംരക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ് ഭൂട്ടാണികള്‍. അതുകൊണ്ടുതന്നെ ഇപ്പോഴും എല്ലാ രാജ്യക്കാര്‍ക്കും ഭൂട്ടാനില്‍ പ്രവേശനാനുമതി നല്‍കാറില്ല.  ഇന്ത്യക്കാര്‍ക്ക് ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ വിസയുടെ ആവശ്യമില്ല: എമിഗ്രേഷന്‍ ഓഫീസില്‍ നേരിട്ടു ഹാജരായി യാത്രാപാസ്സ് എടുത്താല്‍ മതി. എന്നാല്‍ ഭൂട്ടാണികള്‍ക്ക് ഇന്ത്യയിലേക്കു വരാന്‍ പാസ്സോ വിസയോ ഒന്നും ആവശ്യമില്ല.
അതിര്‍ത്തി  പട്ടണമായ ഫ്യുന്‍സിലിംഗിന് താരതമ്യേന ഒരു നഗരത്തിന്റെ മുഖമാണ്. പക്ഷേ,  നഗരത്തിന്റേതായ തിക്കും തിരക്കുമില്ല, ശബ്ദകോലാഹലങ്ങളില്ല, റോഡില്‍ യാത്രക്കാരും വാഹനങ്ങളും വളരെ കുറവായിരുന്നു. ഇന്ത്യയോടു ചേര്‍ന്നുകിടക്കുന്നതിനാലാവാം  ഇവിടെ വരണ്ട പകലായിരുന്നു.   വെയിലിന് ചൂടു കുറവായിരുന്നു എന്നതൊഴിച്ചാല്‍ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ഇവിടെ കാര്യമായ വ്യത്യാസമൊന്നും  അനുഭവപ്പെട്ടില്ല. കച്ചവടകേന്ദ്രമായ ജെയ്‌ഗോണിനോടു ചേര്‍ന്നുകിടക്കുന്നതിനാലും ഇന്ത്യയുമായുള്ള വാണിജ്യം ഇതുവഴിയായതിനാലും സാമ്പത്തികമായി  ഈ പ്രദേശം കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ്. ഭൂട്ടാന്‍ ബാങ്കിന്റെ ആസ്ഥാനവും ഇവിടെയാണ്. ഇക്കാരണങ്ങളാല്‍ ഫ്യുന്‍സിലിംഗിനെ ഭൂട്ടാന്റെ സാമ്പത്തികതലസ്ഥാനം എന്നു പറയപ്പെടുന്നു.
ഭൂട്ടാന്‍ അടുക്കളയില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രത്യേകം പാചകംചെയ്ത കേരളത്തിന്റെ ചോറും കറികളുമായിരുന്നു ഉച്ചഭക്ഷണം. ഭംഗിയായി ചിട്ടപ്പെടുത്തിയ ഡൈനിംഗ് ഹാളിന്റെ ഒരുഭാഗത്ത് ബെവറേജസ് വില്‍ക്കുന്ന ഒരു കൗണ്ടറുമുണ്ടായിരുന്നു. ആവശ്യമുള്ളവര്‍ക്ക് വാങ്ങി അവിടിരുന്നുതന്നെ കഴിക്കാം. . മദ്യവും സിഗരറ്റുമൊക്കെ ഭൂട്ടാനിലെ പ്രജകള്‍ക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു എങ്കിലും ടൂറിസ്റ്റുകള്‍ക്ക്  അതൊക്കെ ലഭ്യമാണ്. ഭക്ഷണം  അവരവര്‍ക്ക് ആവശ്യാനുസരണം വിളമ്പിക്കഴിക്കാം.
bhutanese
ഭൂട്ടാന്റെ പരമ്പരാഗതവേഷങ്ങളണിഞ്ഞ   ചോയുടെയും  ഋഷിയുടെയും  പ്രസാദമധുരമായ പെരുമാറ്റം  വിഭവങ്ങളുടെ സ്വാദ് വര്‍ദ്ധിപ്പിച്ചു.    ഭക്ഷണം കഴിച്ചശേഷം മുറിയില്‍ പോയി എസിയുടെ തണുപ്പില്‍ അല്‍പമൊന്നു മയങ്ങി.
വെയിലാറിയപ്പോള്‍ തണുപ്പിന് കരുത്തേറിത്തുടങ്ങി. സ്വറ്ററും കമ്പിളിത്തൊപ്പിയുമണിഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങി. ഹോട്ടലിന്റെ സമീപത്തായി ബുദ്ധന്മാരുടെ ഒരു ആരാധനാമന്ദിരമുണ്ട്. അതിന്റെ മുറ്റത്തും മുകളിലുമൊക്കെ  നൂറുകണക്കിനു പ്രാവുകള്‍ യഥേഷ്ടം വിഹരിക്കുന്നു. തടിച്ചുകൊഴുത്തൊരു ശ്വാനന്‍ മുറ്റത്ത് ചുരുണ്ടുകിടന്നുറങ്ങുന്നു. ക്ഷേത്രപരിസരത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന പടുകൂറ്റന്‍ അരയാല്‍. അകത്ത് പ്രകാശം ചൊരിയുന്ന നെയ്‌വിളക്കുകള്‍. രാജശിശുവിന്റെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളര്‍പ്പിക്കാനെത്തിയ പ്രജകളുടെയൊപ്പം ഞങ്ങളും കൂടി.
prayer-wheel
നെയ്‌വിളക്കുകള്‍ക്കു മുന്നില്‍ കൈകൂപ്പി, മന്ത്രങ്ങള്‍ മുദ്രണംചെയ്ത  സ്തംഭത്തെ (Prayer Wheels) കൈകൊണ്ടു കറക്കി മൂന്നുപ്രാവശ്യം വലംവച്ചു. ഈ സ്തംഭത്തിന്  ഭൂട്ടാനീസ് ഭാഷയില്‍ മാനിദുങ്ഗര്‍ എന്നു പറയും. ബുദ്ധന്മാരുടെ ആരാധനാമന്ദിരങ്ങള്‍ക്ക് കിച്ചുലാഖന്‍ എന്നും ടൈഗര്‍ നെസ്റ്റ് എന്നും പേരുണ്ട്. അവരുടെ സന്യാസമഠങ്ങള്‍ക്ക് തക്ത്‌സങ് എന്നു പറയും.  ചെറിയ പട്ടണങ്ങളില്‍പോലും വലിയ കിച്ചുലാഖനുകളുണ്ട്.  തക്ത്‌സങുകളിലും കിച്ചുലാഖനിലുമെല്ലാം കറങ്ങുന്ന മാനിദുങ്ഗറുകളുണ്ട്.
neivilakku
ലോകമെങ്ങും ശാന്തിയും സമാധാനവും പുലരണമെന്നാണ് ബുദ്ധന്മാര്‍ ആഗ്രഹിക്കുന്നത്. അതിനായി അവര്‍ക്ക് പ്രത്യേക മതകര്‍മ്മങ്ങളും ആരാധനാരീതികളുമുണ്ട്. മാനിദുങ്ഗര്‍ കറങ്ങുന്നതിനനുസരിച്ച് ലോകത്തു സമാധാനം പുലര്‍ന്നുകൊണ്ടേയിരിക്കുമത്രേ! ആരാധനാലയങ്ങള്‍ക്കുള്ളില്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അതറിയാതെ ഞങ്ങളിലൊരാള്‍ മനിദുങ്ഗറിന്റെയും മറ്റും ഫോട്ടോകളെടുത്തു. ഒരു സന്യാസി അവരുടെ കൈയില്‍നിന്ന് ഐപാഡ് വാങ്ങി ഫോട്ടോകളെല്ലാം ഡിലീറ്റുചെയ്തു.
കിച്ചുലാഖനില്‍നിന്നു പുറത്തിറങ്ങി ഞങ്ങള്‍ രാത്രി വൈകുവോളം ഫ്യുന്‍സിലിംഗിലെ തെരുവുകളില്‍ ചുറ്റിനടന്നു. ഓരത്തുള്ള കടകള്‍ക്കു മുന്നില്‍  ചാക്കുകളില്‍ നിറച്ച അടയ്ക്കയും വെറ്റിലക്കെട്ടുകളും  വില്പനക്കു വച്ചിരിക്കുന്നതു കണ്ടു. തുണിക്കടകളില്‍ കമ്പിളിവസ്ത്രങ്ങള്‍ സുലഭം. ഇവിടെ വഴിയോരക്കച്ചവടക്കാരില്ല; സാധനങ്ങള്‍ക്ക് വിലപേശലുമില്ല.

Saturday, 12 March 2016

വാടാമല്ലിക (കവിത)














പ്രണയംപൂക്കും വനികയിലവളൊരു
വാടാമല്ലികയായി;    
സഹജ ജീവിത കഥകള്‍ പാടുന്ന 
കാവ്യസാധകമായി . 

വേനല്‍ത്തിരകളില്‍ നീന്തിവരുന്നൊരു 
കാമുകഹൃദയം പൂകാന്‍
മിന്നുംമിഴിയില്‍ കവിതയുമായവള്‍ 
കാത്തുനില്‍ക്കുകയായി.

ഹൃദയം ചിന്തിയ കാവ്യനിലാവില്‍
മുങ്ങിയലിഞ്ഞു കിടന്നപ്പോള്‍
വേനല്‍ക്കഥകള്‍ മറന്നവളുള്ളില്‍  
മഴവില്‍പ്പൂക്കള്‍ വിരിഞ്ഞു.

Thursday, 10 March 2016

കായലോളങ്ങള്‍ കഥാകാരിയോട് പറഞ്ഞതെന്ത്? (കഥ )


പൂര്‍ണ്ണചന്ദ്രന്‍ നോക്കിനില്‍ക്കെ കഥാകാരി കായലോളങ്ങളോടൊപ്പം ഒഴുകിപ്പോയി! ചന്ദ്രന്‍റെ  തുറിച്ച കണ്ണില്‍ ഒരു ചോദ്യച്ചിഹ്നം കരുവാളിച്ചുകിടന്നു: കായലോളങ്ങള്‍ കഥാകാരിയോടു പറഞ്ഞതെന്ത്?

ഈ കഥാകാരി ഒരു വിചിത്രജീവിയാണെന്ന കാര്യം അറിയുന്നത് നിലാവും കായലോളങ്ങളും തന്നെ. മൂന്നാമതൊരാള്‍ അവളുടെ നിഴലായ ഞാനും. ഞങ്ങള്‍ പരിചയപ്പെട്ട ദിവസം അവള്‍ എന്നോടു ചോദിച്ചു:
‘കൂട്ടുകാരാ നീയെനിക്കൊരു നിലാവിതള്‍ ഇറുത്തുതരുമോ?’
അവള്‍ തന്നെ മറുപടിയും പറഞ്ഞു;
‘വേണ്ട, നിലാവിനു നോവും.’

ഒരിക്കല്‍ അവളെന്നെ ക്ഷണിച്ചു:
‘ഒരു നിലാവത്ത് എന്‍റെ കൂടെ  വാ, നമുക്ക് പുതിയ നിലാവനുഭവങ്ങള്‍ തേടിപ്പോകാം.’

അങ്ങനെ ഒരു രാത്രിയില്‍ കായല്‍ക്കരയില്‍ ഞങ്ങളൊരുമിച്ച് നിലാവിനെ കാത്തിരുന്നു.

ആ നിമിഷങ്ങളില്‍  അവള്‍ ഏറ്റവും പ്രണയവതിയായിരുന്നു. എന്നെ  അവളുടെ ശരീരത്തോട്  ചേര്‍ത്തുപിടിച്ച്  കണ്ണുകളില്‍ അമര്‍ത്തിച്ചുംബിച്ചു. പിന്നെ   നിലാവിനും അപ്പുറത്തുള്ള ഒരു  വിചിത്രലോകത്തേക്ക് അവളെന്നെ കൂട്ടിക്കൊണ്ടുപോയി. ആ നിമിഷങ്ങളില്‍ അവളൊരു കഥയില്ലാത്ത കഥാകാരിയായി….

വളരെ വൈകിയാണ് നിലാവെത്തിയത്.

അപ്പോള്‍ അവളാകട്ടെ ജലപുരുഷന്‍റെ  ഹരിതനീലങ്ങളില്‍  വിരല്‍ത്തുമ്പുകളാഴ്ത്തി രതിരേഖകള്‍ വരയ്ക്കുകയായിരുന്നു. ഓളങ്ങളില്‍ ചാഞ്ചാടുന്ന പൂര്‍ണ്ണചന്ദ്രനെ കണ്ടപ്പോഴേ അവള്‍ക്ക് ഇളക്കം തുടങ്ങി.  നിലാവെളിച്ചത്തില്‍ ത്രസിച്ചുയരുന്ന  ജലപുരുഷന്‍റെ  ആശ്ലേഷങ്ങള്‍ക്ക് വജ്രത്തെക്കാള്‍ മൂര്‍ച്ചയുണ്ടത്രേ!

പെട്ടെന്നാണ് ഓളക്കൈകള്‍    അവളുടെ നേര്‍ക്കുയര്‍ന്നത്. അരയോളം നനഞ്ഞുലഞ്ഞ്, പാതികൂമ്പിയ കണ്ണുകളോടെ   അവള്‍ ജലപുരുഷനില്‍ അലിഞ്ഞമരാന്‍ വെമ്പല്പൂണ്ടിരുന്നു.

അപ്പോഴേക്കും ജലപുരുഷന്‍ പൂര്‍ണ്ണചന്ദ്രനെ നെഞ്ചിലേറ്റി അക്കരേക്ക് തുഴയാന്‍ തുടങ്ങിയിരുന്നു. ജലത്തിന്‍റെ  മാറില്‍ തെന്നിപ്പുളയുന്ന ചന്ദ്രനോട് അവള്‍ക്ക് അസൂയയായി. അവള്‍  ചന്ദ്രനോടു പിണങ്ങി. തിരകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്ന മല്‍സ്യങ്ങളോടും തെന്നിനീങ്ങുന്ന കുളവാഴകളോടും വഴക്കിട്ടു.

ഉച്ചത്തില്‍ കൂകിയാര്ത്തുകൊണ്ട് അവള്‍ എന്‍റെ  മാറിലേക്ക് ചാഞ്ഞു. ഞാനവളെ താങ്ങിപ്പിടിച്ച് പച്ചപ്പുല്ലിന്‍റെ  തണുപ്പിലേക്ക് നടത്തി.  കുളവാഴപ്പൂക്കളുടെ മണം നുകര്‍ന്നുകൊണ്ട് ഞങ്ങള്‍ മെത്തപ്പുല്ലിന്മേല്‍ നിവര്‍ന്നുകിടന്നു.

നിലാവിനെ സാക്ഷിനിറുത്തി നമുക്കീ പുല്ലി ന്മേല്‍ക്കിടന്നു പിണഞ്ഞുപുനയാം? എന്നെ  ചുറ്റിപ്പിണഞ്ഞുകൊണ്ട് അവള്‍ ചോദിച്ചു. അവള്‍ക്കപ്പോള്‍ പൊട്ടിയൊഴുകുന്ന ഭ്രാന്തിന്‍റെ   മണമായിരുന്നു.

വേലിയേറ്റത്തിരപോലെ അവളിലേക്കൊഴുകാന്‍  ആര്‍ത്തിപൂണ്ടുണരവേ  ഒരു ഭയം എന്നെ തിരികെ വിളിച്ചു: പുല്‍പരപ്പിനപ്പുറം ഉയര്‍ന്നിടതൂര്‍ന്ന പൂച്ചെടികള്‍ക്കിടയില്‍  പതുങ്ങിയിരുന്ന് ആരെങ്കിലും ഞങ്ങളുടെ  ഭ്രാന്തുകള്‍   മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി വാട്‌സപ്പിലിട്ടാല്‍….?

ഞൊടിനേരംകൊണ്ട് ഞാന്‍ അവളുടെ പിടിയില്‍നിന്ന് കുതറിയുരുണ്ട് അകലേക്ക് മാറിക്കിടന്നു. അവള്‍ ധൃതിപ്പെട്ടെണീറ്റ് കായല്‍ക്കരയിലേക്ക് നടന്നു.

ഇളകിയാടുന്ന ഓളങ്ങള്‍ക്കഭിമുഖമായി കായല്ത്തിട്ടമേല്‍   അവളിരുന്നു. നിലാക്കാതല്‍പോലെ  അഴകൊത്ത കണങ്കാലുകളില്‍ ഓളങ്ങള്‍ ഉമ്മവച്ചു രസിച്ചു. പൂര്‍ണ്ണമായും അവളിലേക്ക് ഒഴുകിപ്പരക്കാന്‍  ആര്‍ത്തിപെരുത്ത ഓളങ്ങള്‍ ഭിത്തിമേല്‍ ആഞ്ഞിടിക്കുകയും ഗ്‌ളും… ഗ്‌ളും… എന്ന് ബഹളംകൂട്ടുകയും ചെയ്തുകൊണ്ടിരുന്നു.

‘ജലത്തിന്‍റെ  ഭാഷ എത്ര സാന്ദ്രമാണ്! മീന്‍കൂട്ടങ്ങളും കുളവാഴകളും രതിമന്ത്രമുതിര്‍ക്കുന്ന ആ ഭാഷയില്‍ എനിക്കൊരു കഥയെഴുതണം.’ അവള്‍ മുന്‍പൊരിക്കല്‍  പറഞ്ഞതോര്‍ത്തു. അവളിപ്പോള്‍ ഓളങ്ങളെ സാക്ഷിനിറുത്തി മീനുകളോടും കുളവാഴകളോടും ആ കഥ പറയുകയാവും… ജലപുരുഷനെയും നിലാവിനെയും  കാമിച്ച കഥയില്ലാത്ത കഥാകാരിയുടെ  കഥ.
മെത്തപ്പുല്ലിന്‍റെ  മൃദുലതയില്‍ നിലാവിനെ പുണര്‍ന്നു കിടക്കവേ കായല്‍തിരകളുടെ ഗ്‌ളും… ഗ്‌ളും… ശബ്ദത്തിന്  മധുരമായൊരു  താരാട്ടുപാട്ടിന്‍റെ  ഈണം. തണുത്ത കാറ്റിന് കുളവാഴപ്പൂക്കളുടെ മണം. കണ്പീലികളില്‍ പതുങ്ങിനിന്ന ഉറക്കം മെല്ലെമെല്ലെ കണ്ണുകളിലേക്ക് ഇറങ്ങിവന്നു.
പാതിയുറക്കത്തില്‍  ഉച്ചത്തിലുള്ള ജലഘോഷം കേട്ട് ഞെട്ടിയുണര്‍ന്ന് ഞാന്‍ കായല്‍ക്കരയിലേക്കു ചെന്നു. പ്രിയപ്പെട്ടതെന്തോ ഹൃദയത്തിലൊളിപ്പിച്ച സന്തോഷത്താല്‍ ഇളകിത്തുള്ളുകയാണ് കായലോളങ്ങള്‍! അരുതാത്തതെന്തിനോ കൂട്ടുനിന്നതിന്‍റെ  നടുക്കത്തില്‍ കണ്ണുതുറിച്ചു നില്‍പ്പാണ് ചന്ദ്രന്.

അവള്‍….?

Monday, 7 March 2016

തൊഴിലെടുത്തു ജീവിക്കുന്ന പെണ്ണുങ്ങള്‍

ഭൂട്ടാനിലും ഡാര്‍ജിലിംഗിലും മാത്രമല്ല തൊഴിലെടുക്കുന്ന പെണ്ണിന് ലോകത്തെവിടെയും ആത്മാഭിമാനത്തോടെ  ജീവിക്കാം

  ഇവള്‍ മധ്യവയസ്‌കയായ  പേമ .  പച്ചക്കറിച്ചാക്ക്  മുതുകിലേറ്റാനാവാതെ വിഷമിക്കുകയായിരുന്നു ആ പാവം സ്ത്രീ. കൂടെ അവരുടെ മൂന്നോ നാലോ വയസ്സുള്ള കുട്ടിയുമുണ്ട്.   ഭാരമുയര്‍ത്താന്‍  ഞങ്ങളവരെ സഹായിച്ചു.  മുതുകിലെ ഭാരത്തിനൊപ്പം  കുടുംബഭാരവുമായി അവര്‍ 
മുന്നോട്ടു നടന്നു. ഞങ്ങള്‍ അവരുടെ   ഫോട്ടോ എടുക്കുന്നതു കണ്ട് നാണത്തോടെ തലകുടഞ്ഞ് മുഖം തിരിച്ചു.




മറ്റൊരുവള്‍  ചെറുപ്പക്കാരിയായ ദവ.  ഭൂട്ടാന്‍റെ  തനത് ഉത്പന്നമായ ചുവന്നരിക്കൊപ്പം  പ്രൊവിഷന്‍ സാധനങ്ങളും  പഴങ്ങളും വില്‍ക്കുന്ന ഒരു കട നടത്തുന്നു. പ്രസന്നവദനയായ അവളുടെ   തൊഴിലിലുള്ള ശുഷ്‌കാന്തി ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു .




ഡാര്‍ജിലിംഗ് തെരുവില്‍ കൊടും തണുപ്പത്ത്  കമ്പിളി വസ്ത്രങ്ങള്‍ വില്‍ക്കുന്ന പിങ്കിക്ക് മ്ലാനമായ മുഖമാണ്. പ്രതീക്ഷിക്കുന്നപോലെ കച്ചവടം നടക്കുന്നില്ല . എങ്കിലും അവള്‍ക്കു തൊഴില്‍ ഉപേക്ഷിക്കാനാവില്ലല്ലോ .
അധ്വാനിക്കുന്ന സ്ത്രീകളുടെ പ്രതിനിധികളായി ഇവരെ
ഈ വനിതാദിനത്തില്‍ ഞാന്‍ എന്‍റെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്നു .

Wednesday, 2 March 2016

ഉത്തരം തേടുന്ന ചോദ്യങ്ങള്‍ (കഥ )




.
ചൂടിന്‍റെ  കാഠിന്യംകൊണ്ടു മാത്രമല്ല അയാള്‍ നട്ടുനനച്ചുണ്ടാക്കിയ പൂച്ചെടികള്‍ക്കിടയില്‍ പാതിരാനേരത്തു വന്നിരിക്കുന്നത്; പക്ഷിത്തൂവലുകളുടെ നൈര്‍മ്മല്യവും നിറഭേദങ്ങളും തേടുന്ന സലിംഅലിയും നക്ഷത്രങ്ങളില്‍നിന്നു നക്ഷത്രങ്ങളിലേക്കു സഞ്ചരിക്കന്ന ഗലീലിയോയും അവരുടെ ദൂരക്കാഴ്ചകള്‍ പറഞ്ഞിരിക്കുന്നത് ഇത്തരം പാതിരാകളിലാണ്.

തന്‍റെ  മകനും കുടുംബവും ടെറസ്സിനുകീഴില്‍ ഉറക്കംപിടിച്ചുകഴിയുമ്പോഴാവും അയാളുടെ സമയം സജീവമാവുക. ദൂരെദൂരെ നീണ്ടുകിടക്കുന്ന  നിശ്ശബ്ദതകളിലേക്കു നോക്കി ചിലപ്പോഴൊക്കെ അയാള്‍ കൂകിവിളിക്കാറുണ്ട്. മലമടക്കുകളില്‍ തട്ടി പ്രതിധ്വനിക്കുന്ന  തന്‍റെ  ശബ്ദതരംഗങ്ങളില്‍ നനഞ്ഞുനില്‍ക്കുമ്പോള്‍ പുതുമഴകൊള്ളുന്ന കുട്ടിയെപ്പോലെ തരളിതമാവും അയാളുടെ ചിന്തയുടെ ലോകം.

അന്നും പതിവുപോലെ അയാള്‍ പൂത്തുനില്‍ക്കുന്ന റോസച്ചെടികളുടെ മുള്ളുകളില്‍ തലോടിക്കൊണ്ട്  തന്‍റെ ഏകാന്തമായ സ്വകാര്യതകളില്‍ മുള്ളിന്‍റെ മൃദുലതയും പൂക്കളുടെ സൗരഭ്യവും നിറയ്ക്കുകയായിരുന്നു.

ഉഷ്ണക്കാറ്റുകള്‍ ദേശാടനക്കിളികളുടെ ദിശതെറ്റിക്കുതില്‍ ഉത്കണ്ഠപ്പെടുന്ന അലിയും ശാസ്ത്രം നീതി കൊണ്ടുവരുമെന്നു കരുതിയതില്‍ കുണ്ഠിതപ്പെടന്ന ഗലീലിയോയും ആയിരുന്നില്ല അയാളുടെ വിരുന്നുകാര്‍. പകരം അത് ന്ശ്ശബ്ദതകളെ ഭേദിക്കുന്ന ഒരാരവമായിരുന്നു. അകാരണമായൊരു ഭീതി അയാളുടെ ഉള്ളിലലഞ്ഞു.

പുറംതിരിഞ്ഞുനില്‍ക്കുന്ന ഗാന്ധിപ്രതിമയുടെ ചുവട്ടില്‍ ഒത്തുകൂടിയവരുടെ ഇരമ്പം. ഏതോ രാഷ്ട്രീയക്കാര്‍ ആട്ടത്തെളിച്ചുകൊണ്ടുവന്ന ആട്ടിന്‍പറ്റങ്ങളാണെന്നേ ആദ്യം കരുതിയുള്ളൂ. ചന്ദ്രക്കലയുടെ പാതിവെളിച്ചത്തില്‍, പാതിരാത്തണുപ്പിനെ കീറിപ്പിളര്‍ന്നുകൊണ്ട് ആരവം അടുത്തെത്തുകയും ശബ്ദങ്ങള്‍ക്കു വ്യക്തതവരികയും ചെയ്തപ്പോഴാണ് അസ്വസ്ഥതപടര്‍ത്തുന്ന ചോദ്യങ്ങളെറിയുന്ന ചെറുപ്പക്കാരാണവരെന്നു മനസ്സിലായത്. ബീഹാറിയും ബംഗാളിയും കാശ്മീരിയും മലയാളിയും ആണും പെണ്ണും എല്ലാം അവരിലുണ്ടായിരുന്നു. അവരില്‍ ഡോക്ടറുടെയും എഞ്ചിനിയറുടെയും മാത്രമല്ല, കൃഷിക്കാരുടെയും ഫാക്റ്ററിത്തൊഴിലാളികളുടെയും മക്കളുണ്ടായിരുന്നു. നീതിയെയും നിയമത്തെയും  ഇഴകീറുന്ന ചോദ്യങ്ങള്‍, ദേശത്തിനും ഭാഷയ്ക്കുമപ്പുറം, ജാതിക്കും മതത്തിനുമപ്പുറം അവരെ ഒന്നിപ്പിക്കുന്നു.

ഗാന്ധിപ്രതിമയില്‍ അവര്‍ ചാരിവച്ച ബോര്‍ഡില്‍ ആത്മഹത്യചെയ്ത സഹപാഠിയുടെ ചിത്രത്തോടൊപ്പം വരച്ചുചേര്‍ത്ത തൂക്കുകയര്‍ ഇരുളടഞ്ഞ ഭൂതകാലത്തിന്‍റെ  ഗുഹാമുഖംപോലെ ഭീതിപരത്തി.

‘സ്ത്രീകളെല്ലാം സീതയെപ്പോലെ ജീവിക്കണമെന്നു പറയുന്ന നിങ്ങള്‍  എന്‍റെ  അമ്മയെയും പെങ്ങളെയും തെറിവിളിക്കുന്നത് എന്തിനാണ്?’ കൂട്ടത്തില്‍ ഒരു ചെറുപ്പക്കാരന്‍ രോഷത്തോടെ മൊബൈല്‍ഫോണുയര്‍ത്തി ചോദിക്കുന്നതു കണ്ടു.

ഉത്തരം പറയേണ്ടവര്‍ കൂട്ടത്തിലില്ല എന്നറിയാമായിരുന്നിട്ടും അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

അധികാരത്തിന്‍റെ  അതിര്‍ത്തികളില്‍ പിടയുന്ന നിസ്വരായ മനുഷ്യരെക്കുറിച്ചവര്‍ വേവലാതിപ്പെട്ടു.
ഭഗത്സിംഗിന്‍റെയും സുഖ്ദേവ് സിംഗിന്‍റെയും  ബാബസാഹിബ് അംബദ്കറുടെയും കാര്‍ഡിനല്‍ ന്യൂമാന്‍റെയുമൊക്കെ
ഭാവപ്പകര്‍ച്ചകള്‍ അവരുടെ മുഖങ്ങളില്‍ മിന്നിമറിഞ്ഞുകൊണ്ടിരുന്നു.

ചോദ്യങ്ങളെയല്ല, ചോദ്യങ്ങള്‍ ചോദിക്കാന്‍ അവര്‍ കാണിക്കുന്ന ധീരതയെ ആരൊക്കെയോ ഭയക്കുന്നതായും
സംഘംചേര്‍ന്നുള്ള അവരുടെ പാട്ടും പൊട്ടിച്ചിരികളും ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നതായും അയാള്‍ക്കു തോന്നി.

അവരുടെ പരുക്കന്‍ വസ്ത്രങ്ങളും ചിതറിയ തലമുടിയുംആരേയും കൂസാത്ത നോട്ടവും, അയാളുടെ ഓര്‍മ്മകളിലെവിടെയോ മറവിയുടെ ചെപ്പുകള്‍ തുറന്നു.
ഇരതേടാനിറങ്ങിയ കടവാതില്‍  തലക്കു മീതെ ചിറകടിച്ചു പറന്നപ്പോള്‍ അയാളൊന്നു ഞെട്ടി തലയുയര്‍ത്തി.

അവരില്‍നിന്നും രണ്ടുപേര്‍ തന്‍റെ  റോസാച്ചെടികളുടെ അരികിലേക്കു വരുന്നതുകണ്ട് അയാള്‍ അല്‍പം ഇരുളിലേക്കു മാറിനിന്നു.

റോസാ പൂക്കള്‍ ഇറുത്തെടുക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവിന്‍റെ  വിരലില്‍ മുള്ളുകൊണ്ടു രക്തം ഒഴുകാന്‍ തുടങ്ങി.
ഉടനേ കൂടെയുള്ള യുവതി തന്‍റെ  ഷാള്‍ കൊണ്ട് മുറിവില്‍ അമര്‍ത്തിപ്പിടിച്ചു.

വെളിച്ചത്തിലേക്കു നീങ്ങിനിന്ന അയാളെ കണ്ടപ്പോള്‍ അവരുടെ മുഖത്ത് ജാള്യത പടര്‍ന്നു.

നിങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികളല്ലേ? മുഖത്ത് കൃത്രിമ ഗൗരവം വരുത്തിക്കൊണ്ട് അയാള്‍ ചോദിച്ചു.

അതേ. അവര്‍ ഒരുമിച്ചു മറുപടി പറഞ്ഞു.

എന്നിട്ടാണോ അനാവശ്യചോദ്യങ്ങളുമായി ക്യാമ്പസ്സില്‍ ചുറ്റിത്തിരിയുന്നത്? എന്തെല്ലാം പ്രതീക്ഷകളോടെയായിരിക്കും രക്ഷിതാക്കള്‍ നിങ്ങളെ പഠിക്കാനയച്ചത്?

ക്ഷമിക്കണം സര്‍, ലാഭത്തിനായി ഫാമുകളില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങളാണു ഞങ്ങളെന്നു അങ്ങു ധരിച്ചതില്‍ ഞങ്ങള്‍ക്കു ഖേദമുണ്ട്. യുവാവു പ്രതികരിച്ചു.
ഇപ്പോള്‍ ജാള്യത പടര്‍ത്  അയാളുടെ മുഖത്തായിരുന്നു.

വിദ്യാര്‍ത്ഥികള്‍ ഗണിതത്തിലും ശാസ്ത്രത്തിലും മാത്രമേ ചോദ്യങ്ങള്‍ ചോദിക്കാവൂ എന്നു നിഷ്‌കര്‍ഷിക്കുന്നതു ശരിയാണോ? യഥാര്‍ത്ഥത്തില്‍, ജീവിക്കുന്നതിനുവേണ്ടിയല്ലേ എല്ലാം? അപ്പോള്‍ ചോദ്യങ്ങള്‍ സിലബസ്സിനു പുറത്താവുന്നതില്‍ എന്താ തെറ്റ്?
ശരി ശരി, നിങ്ങള്‍ ചെറുപ്പക്കാരോടു തര്‍ക്കിച്ചുജയിക്കാന്‍ ഞാനാളല്ല. എന്താ നിങ്ങള്‍ ഇങ്ങോട്ടു വന്നതിന്‍റെ  ഉദ്ദേശം?
ഞങ്ങള്‍ക്കു കുറച്ചു റോസാപ്പൂക്കള്‍ വേണം, മുള്ളോടുകൂടി.

ഹും… പ്രണയാഘോഷമായിരിക്കും? അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

അല്ല; നീതിപാലകര്‍ക്കു സമര്‍പ്പിക്കാന്‍, മരിച്ചുകിടക്കുന്നവര്‍ക്കു റീത്തു സമര്‍പ്പിക്കാറില്ലേ അതുപോലെ.

അവരുടെ ശബ്ദം ഉറച്ചതായിരുന്നു.

മുള്ളോടുകൂടിത്തന്നെ കുറച്ചു റോസാപൂക്കള്‍ അയാളവര്‍ക്കു സമ്മാനിച്ചു.

Friday, 26 February 2016

റയില്‍പാളത്തിലെ കച്ചവടക്കാര്‍


     ഇത് ഡാര്‍ജിലിംഗിലെ DUNGGON SAMTEN CHOLING BUDDHIST MONASTERY- ലേക്കുള്ള 
പ്രവേശന കവാടം. അതിരാവിലെ കൊടും തണുപ്പിനെ അവഗണിച്ച് Monastery കാണാനെത്തിയ   ഞങ്ങളെ എതിരേറ്റത് ഒരുകൂട്ടം തെരുവുകച്ചവടക്കാരാണ്. 


കമ്പിളിയുടുപ്പുകള്‍, സ്വറ്ററുകള്‍, ഷാളുകള്‍, തൊപ്പികള്‍ തുടങ്ങി പലതരത്തിലുള്ള തുണിത്തരങ്ങള്‍ വഴിയരികില്‍ നിരത്തി ടൂറിസ്റ്റുകളെ കാത്തിരിക്കയാണവര്‍. 
Monastery കവാടം തുറക്കുന്നതുവരെ ഞങ്ങള്‍ കച്ചവടക്കാരുടെ ചുറ്റും കൂടി. ചിലരൊക്കെ ഓരോന്ന് വിലപേശി വാങ്ങി. 


റോഡിന് സമാന്തരമായി നീണ്ടുകിടക്കുന്ന റയില്‍പാളത്തിലാണ് കച്ചവടക്കാര്‍ സ്ഥാനംപിടിച്ചിരിക്കുന്നത്.
   ഒറ്റബോഗിയുള്ള തീവണ്ടികള്‍ സര്‍വീസ് നടത്തുന്നത് ഈ പാളങ്ങളിലൂടെയാണ്. 
ട്രെയിന്‍ വരുമ്പോള്‍ ഇവരെന്തു ചെയ്യും? 
എന്‍റെ ചോദ്യത്തിന് മറുപടി തന്നത് അന്നാട്ടുകാരനായ ഡ്രൈവറായിരുന്നു. ഒന്‍പതുമണി മുതലേ ട്രെയിന്‍സര്‍വീസുള്ളൂ. അപ്പോഴേക്കും ഇവരെല്ലാം  സ്ഥലം കാലിയാക്കും. 


 മൊണാസ്ട്രി കണ്ടു  തിരിച്ചുവന്നപ്പോഴും ഞങ്ങളില്‍ ചിലര്‍ ചിലതൊക്കെ വാങ്ങി. പ്രതീക്ഷിച്ചതുപോലെ കച്ചവടം നടക്കാത്തതിന്‍റെ നിരാശയാണോ  അവരുടെ മുഖങ്ങളില്‍നിന്ന് ചിരി മാച്ചുകളഞ്ഞത്?

Sunday, 3 January 2016

ഡിസൈനര്‍ ബേബി - മാറുന്ന ദിശാബോധത്തെ സാക്ഷ്യപ്പെടുത്തുന്ന നോവല്‍


മലയാള നോവലിലുണ്ടായ ഭാവരൂപ വ്യതിയാനത്തെ സാക്ഷ്യപ്പെടുത്തുന്ന ഒരു നോവലാണ് എസ്.സരോജത്തിന്‍റെ  ‘ഡിസൈനര്‍ ബേബി’. 2014 ഒക്‌റ്റോബറില്‍ പ്രഭാത് ബുക്ക്ഹൗസ് പ്രസിദ്ധീകരിച്ച ഈ നോവലിന് ഗ്രന്ഥകര്‍ത്രി നല്‍കിയിരിക്കുന്ന ശീര്‍ഷകം അത്ര ആകര്‍ഷകമെന്ന് വിശേഷിപ്പിച്ചുകൂട. എങ്കിലും ആധുനികോത്തര നോവലിന്‍റെ  ഏറ്റവും നവീനമായ മുഖം പ്രദര്‍ശിപ്പിക്കുന്നുണ്ട് ‘ഡിസൈനര്‍ ബേബി’. നവീനനോവലുകളില്‍ ഭാവുകത്വ വ്യതിയാനത്തിന് ഉപോത്ബലകമായി വര്‍ത്തിക്കുന്ന, മാറുന്ന ദിശാബോധത്തെ സാക്ഷ്യപ്പെടുത്തുന്ന ഒരു നോവലാണിതെന്നു വ്യവഹരിക്കുമ്പോള്‍ അതിരുകടന്ന പ്രശംസയല്ലേ എന്ന്! ചിലര്‍ക്കെങ്കിലും തോന്നാം. അത്തരം സന്ദേഹങ്ങളെ തീര്‍ത്തും നിരാകരിക്കുന്ന ജീവിതദര്‍ശനവും രചനാരീതിയും വാങ്ങ്മയശില്പവുമാണ് ‘ഡിസൈനര്‍ ബേബി’യുടെത്.
പ്രപഞ്ചോല്പത്തിയും ദൈവകണവുമൊക്കെ മനുഷ്യരുടെ ചിന്താഗതിയില്‍ സമൂലമായ മാറ്റത്തിന് വഴിമരുന്നിട്ടു കൊണ്ടിരിക്കയാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഫേസ്ബുക്കും യൂട്യൂബും മറ്റു സോഷ്യല്‍മീഡിയകളുമെല്ലാം അസാധാരണവും അമ്പരപ്പിക്കുന്നതുമായ ഒരു ഭൗതികലോകത്തെയാണ് നമ്മുടെ മുമ്പില്‍ അനാവരണം ചെയ്തിരിക്കുന്നത്! ക്ലോണുകളും ടെസ്റ്റ്യൂബ് ശിശുക്കളും പ്രകൃതിദത്തവും പാരമ്പര്യാധിഷ്ടിതവുമായ പ്രജനന പ്രക്രിയയെ വെല്ലുവിളിക്കുന്നു. ഗര്‍ഭപാത്രം വാടകയ്ക്കു കിട്ടുമെന്നു മാത്രമല്ല, അണ്ഡവും ബീജവും വിലകൊടുത്തു വാങ്ങാന്‍ കഴിയും  എന്ന അവസ്ഥയും ഇന്ന്! സംജാതമായിട്ടുണ്ട്. സൂക്ഷ്മവിശകലനത്തില്‍ നമ്മുടെ ചിന്താകാശത്തില്‍ വെളിവാക്കിക്കൊണ്ടിരിക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ മനുഷ്യര്‍ താലോലിച്ചുപോരുന്ന പവിത്രസങ്കല്പങ്ങളെ അടിമുടി കടപുഴക്കിക്കൊണ്ടിരിക്കയാണ്. മാതൃപിതൃസങ്കല്പങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ ഡിസൈനര്‍കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കി ക്കൊണ്ടിരിക്കുന്ന സാമൂഹ്യാവസ്ഥയിലേക്ക് പുതിയ ലോകം എത്തിനോക്കിക്കൊണ്ടിരിക്കുന്നു. മാനുഷികബന്ധങ്ങളുടെ അസ്ഥിവാരമിളക്കുന്ന ഈ ചിന്താധാരയ്ക്ക് കഥാശില്പം മെനഞ്ഞെടുത്തിരിക്കുകയാണ് ‘ഡിസൈനര്‍ ബേബി’യില്‍  എസ്.സരോജം. ഇലക്ട്രോണിക് യുഗത്തിന്‍റെ  അനന്തസാധ്യതകളാണ് നോവലിന് അവലംബം. അപ്പോള്‍ ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളുടെ ചിമിഴ് തുറക്കപ്പെടുകയായി. കൃതഹസ്തരായ നോവലിസ്റ്റുകള്‍ക്കുപോലും അപ്രാപ്യമായ ഈ മേഖലയെ അതീവ ചാരുതയോടെ സരോജം ചിത്രീകരിക്കുന്നു.
ലാപ്‌ടോപ്പില്‍ ടി.വി.ട്യൂണര്‍ കണക്റ്റുചെയ്ത് ഡമോണ്‍സ്‌ട്രേഷന്‍ പ്രോഗ്രാം വീക്ഷിക്കുന്ന നീരജയെ അവതരിപ്പിച്ചുകൊണ്ടാണ് നോവലിന്‍റെ  ആരംഭം. പ്രോഗ്രാമിന്‍റെ  ഇടവേളയിലാണ് പുതിയൊരു റിയാലിറ്റിഷോയുടെ പരസ്യം    ഇന്ത്യന്‍ ടെലിവിഷനില്‍ത്തന്നെ ആദ്യത്തേതായ ‘ക്യൂട്ട്‌ബേബി ഷോ’ – അവളുടെ ശ്രദ്ധയാകര്‍ഷിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഇരുപത് ചുണക്കുട്ടികളുടെ മികവാര്‍ന്ന പ്രകടനം വീക്ഷിക്കുന്ന നീരജയുടെ മാനസികാവസ്ഥ നോവലിസ്റ്റിന്‍റെ   ചിന്താന്തരീക്ഷത്തിനു തികച്ചും അനുയോജ്യമാണ്. കാരണം ടെക്കികളുടെ യാന്ത്രികലോകത്തു നിന്നും പൂമൊട്ടുകളുടെ സുന്ദരലോകത്തേക്ക് ഇറങ്ങിവന്നിരിക്കയാണവള്‍. റാമ്പില്‍ പിച്ചനടന്ന് പുഞ്ചിരിപൊഴിച്ച് കൈവീശി തിരിച്ചുനടക്കുന്ന കുഞ്ഞുങ്ങള്‍ കാണികള്‍ക്ക് പകര്‍ന്നുനല്‍കുന്ന ഉത്തേജനവും ആഹ്ലാദവും അനുപമമാണ്.
അച്ഛനമ്മമാരുടെ പണക്കൊഴുപ്പിന്‍റെയും  പൊങ്ങച്ചത്തിന്‍റെയും  പ്രതീകമാണ് ഇത്തരം റിയാലിറ്റി ഷോകള്‍. മനസ്സിനെ വശീകരിക്കുന്ന നവീനമാധ്യമസംസ്‌കൃതിയുടെ പൊള്ളത്തരം വെളിവാക്കുകയാണ് നോവലിസ്റ്റിന്‍റെ  പരോക്ഷമായ ഉന്നം. ഇത് നോവലിന്‍റെ  ഭൗതികതലത്തെ പ്രകടമാക്കുന്നു. ആത്മാവിന്‍റെ  ചിറകുകള്‍ മുറിക്കുന്ന മനസ്സിന്‍റെ  താല്‍ക്കാലികമായ ഹരവും സംതൃപ്തിയുമാണ് നോവലിലുലാവുന്ന അദൃശ്യമായ ആത്മീയ തലം. എപ്പോഴാണ് മനസ്സിന്‍റെ  ഹരം നഷ്ടപ്പെടുകയും പ്രത്യാശയുടെ ചിറകുകള്‍ മുറിച്ചുമാറ്റപ്പെടുകയും ചെയ്യുക? ഉദ്വിഗ്‌നമായ ഈ സമസ്യയാണ് നോവലിന്‍റെ  ഗഹനമായ ഭാവതലമായി വര്‍ത്തിക്കുന്നത്.
ടെക്‌നോസിറ്റിയില്‍ രാജ്യാന്തരവ്യാപ്തിയുള്ള ഐ.ടി.കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് നീരജ. അവളെ അവതരിപ്പിക്കുന്ന ആദ്യഭാഗത്ത്  ‘അലങ്കാരത്തൊടിയിലെ പൂവില്ലാച്ചെടി പോലെ തളിര്‍ത്തുനില്‍ക്കുന്ന താരുണ്യം’ എന്നാണ് വിശേഷണം. സൂക്ഷ്മമായി നിര്‍വ്വചിക്കാനറിയാത്ത മാതൃഭാവത്തിന്‍റെ  പ്രതീകമായാണ് നോവലില്‍ നീരജ പ്രത്യക്ഷപ്പെടുന്നത്. ‘സ്വന്തമായൊരു കുഞ്ഞിനെ അണിയിച്ചൊരുക്കി റാമ്പിലിറക്കണം’ – ‘ക്യൂട്ട്‌ബേബിഷോ’ കണ്ടതുമുതല്‍ അവളുടെ മനസ്സിനെ നയിക്കുന്ന മോഹമാണത്.  സെക്രട്ടറിയറ്റില്‍ അണ്ടര്‍സെക്രട്ടറിയായി   ജോലിചെയ്യുന്ന സുമേഷിന്‍റെ  പ്രകൃതം ഇതില്‍നിന്നും വളരെ വ്യത്യസ്തമാണ്. ‘ക്രിട്ടിക്കല്‍ മൈന്റ്’ എന്ന കൂട്ടായ്മയുടെ സാരഥിയാണയാള്‍. നോവലിലെ സംഭവങ്ങളുടെ ചലനാത്മകതയ്ക്ക്  അദൃശ്യമാനമൊരുക്കുന്ന ഒരു കിടപ്പറവര്‍ത്തമാനം ശ്രദ്ധിക്കുക – ‘ആവശ്യമില്ലാത്തതൊക്കെ കുത്തിയിരുന്നു കണ്ടോളും. എന്നിട്ട് മനസ്സീന്നു മായുന്നില്ലാന്നു പരിദേവനം പറച്ചിലും! എന്‍റെ  നീരാ കുട്ടികളില്ലാത്ത എത്രയോപേര്‍ സന്തോഷമായി ജീവിക്കുന്നു. നിനക്കു മാത്രമെന്തായിങ്ങനെ… ഒന്നുമില്ലേലും നീയൊരു ടെക്കിയല്ലേ, പ്രോജക്റ്റ് അസൈന്‍മെന്റ്കളുമായി പറന്നുനടക്കുന്ന ടെക്കി?’ ‘ടെക്കികള്‍ അച്ചില്‍ വാര്‍ത്ത പ്രതിമകളാണെന്നാണോ നിന്‍റെ  വിചാരം? അവര്‍ക്ക് അവരുടേതായ മോഹങ്ങളില്ലേ?’
പ്രത്യക്ഷത്തില്‍ ഞെട്ടിപ്പിക്കുന്നതും, ഒരുപക്ഷേ വ്യര്‍ത്ഥമെന്നു വിധിയെഴുതാവുന്നതും, എന്നാല്‍ സാര്‍ത്ഥകമായി പരിണമിപ്പിക്കേണ്ടതുമായ ജീവിതസമസ്യകളാണ് ഈ നോവലിലൂടെ എസ്.സരോജം ചിത്രീകരിക്കുന്നത്. വന്ധ്യയായ മകള്‍ക്കുവേണ്ടി തന്‍റെ  സമൃദ്ധമായ ഗര്‍ഭപാത്രം വാടകയ്ക്കുനല്‍കാന്‍ നാട്ടിന്‍പുറത്തു കാരിയായ ശ്രീദേവിയമ്മ തയാറാവുമോ? കേട്ടുകേള്‍വിയില്ലാത്തതും ആചാരങ്ങളെ ലംഘിക്കുന്നതുമായ  ഈ ചെയ്തി   സമുദായമോ സമൂഹമോ അംഗീകരിക്കുമോ? കുലംതന്നെ മുടിക്കുന്ന പാതകവും  ഹീനകൃത്യവുമല്ലേ ഇത്? ശരിക്കും പറഞ്ഞാല്‍ പാരമ്പര്യത്തിന്‍റെയും  അനുശാസനരീതികളുടെയും കോട്ടവാതിലുകള്‍ ഇടിച്ചുനിരത്തുകയാണ് ഇവിടെ നോവലിസ്റ്റ്. സമുദായത്തിന്‍റെയോ സമൂഹത്തിന്‍റെയോ  പടിവാതിലുകള്‍ തനിക്കുമുന്നില്‍ കൊട്ടിയടയ്ക്കുമെന്ന ഭീതി നോവലിസ്റ്റായ സരോജത്തിനില്ല. നോവല്‍ രചനയില്‍ ഇത്രയും ഉച്ച്രുംഘലത്വം പ്രകടിപ്പിക്കാമോ എന്നത് കേവലം ഒരു സമസ്യയായി അവശേഷിക്കുന്നു.
പാപപുണ്യങ്ങളെ സംബന്ധിച്ച് ശക്തമായ ഒരു സമസ്യ മലയാളത്തില്‍ ഉന്നയിക്കുന്നത് കാക്കനാടനാണ്. ‘വസൂരി’ എന്ന നോവലില്‍ അതിന്‍റെ  ഇടിമുഴക്കങ്ങള്‍ പ്രകടമാണ്. ‘ഇന്നലെയുടെ നിഴലി’ലും  ‘ആരുടെയോ ഒരു നഗര’ത്തിലും ‘ഓറോത’യിലും ഇത്തരം ചിന്താഗതികളുടെ അഗ്‌നിസ്ഫുലിംഗങ്ങള്‍ മിന്നല്‍പ്പിണരുകള്‍ പായിക്കുന്നുണ്ട്. കാക്കനാടനെയും എസ്.സരോജത്തെയും മഥിച്ചുകൊണ്ടിരുന്ന ഹൃദയവ്യഥ എന്തായിരുന്നു? ഇരുവരുടെയും കാഴ്ചപ്പാടും ദര്‍ശനവും സ്പഷ്ടവും സുവ്യക്തവുമാണ് – സദാചാര വിശുദ്ധി വഴിയുന്ന മനസ്സില്‍നിന്ന് പാപബോധം പറിച്ചുമാറ്റണം. സമകാലിക സമൂഹത്തിന് ഇത് എത്രത്തോളം ഉള്‍ക്കൊള്ളാനാവും എന്ന ചിന്ത ഇവിടെ പ്രസക്തമാണ്.
നീരജയുടെ അണ്ഡമെടുത്ത് ഭര്‍ത്താവിന്‍റെ  ബീജവുമായി സങ്കലനംചെയ്ത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കണം – മൂവരും സമ്മതപത്രത്തില്‍ ഒപ്പുവച്ചു. ഡോ:സിദ്ധാര്ത്ഥ് തന്‍റെ  പരീക്ഷണശാലയില്‍ വളര്‍ത്തിയെടുത്ത ഭ്രൂണം ശ്രീദേവിയമ്മയുടെ ഉദരത്തില്‍ നിക്ഷേപിച്ചു. പ്രിയമകള്‍ക്ക് പുതുവത്സരസമ്മാനമായി  അമ്മ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചുനല്‍കി. നീരജ കുഞ്ഞിനെ പേര്‍ചൊല്ലി വിളിച്ചു – ‘അനിതര’. കുട്ടിയുടെ പേരില്‍ത്തന്നെ  വിശേഷവിധിയായി ജനിച്ചവള്‍ എന്ന അര്‍ത്ഥം വ്യജ്ഞിപ്പിക്കുന്നു.
കുട്ടിയുടെ ജനനത്തോടെ നോവലിലെ സംഭവങ്ങള്‍ ക്രിയാംശത്തിലേക്ക് പ്രവേശിക്കുന്നു. മുഖ്യമായും നാലു പ്രശ്‌നങ്ങളാണ് ഇവിടെ  വിശകലനവിധേയമാകുന്നത്  ഒന്ന്!: അമ്മയുടെ ഗര്‍ഭപാത്രം മകള്‍ വാടകയ്‌ക്കെടുത്തത്. രണ്ട്: പൊക്കിള്‍ക്കൊടി മുറിച്ചാല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തീരുമോ?. മൂന്ന്: മകള്‍ക്ക് അമ്മയെ വാടകക്കാരിയായി കാണാന്‍ കഴിയുമോ? നാല്: അങ്ങനെ വാടകനല്‍കി ഇറക്കിവിട്ടാല്‍ അമ്മ മകള്‍ ബന്ധം അവസാനിക്കുമോ? നീറിപ്പിടിക്കുന്ന നോവിലേക്കും നിലയില്ലാത്ത  ചുഴിക്കുത്തുകളിലേക്കും സ്വയമേവാഗാതരാവാന്‍ സമൂഹമിവിടെ വിധിക്കപ്പെടുന്നു.
അനാവശ്യമായ ആശങ്കകള്‍ മനസ്സിലിട്ടുകൊണ്ടുനടന്നാല്‍ മനുഷ്യര്‍ക്ക് സ്വസ്ഥതയുണ്ടാവില്ലെന്നു പ്രസ്താവിക്കുന്നത് സൈക്കിയാട്രിസ്റ്റായ ഡോ: ചന്ദ്രപ്രസാദ് ശ്രീധറാണ്. അദ്ദേഹം നീരജയോട് പറയുന്നുണ്ട്  – ‘ആത്മവിശ്വാസമില്ലാത്തവര്‍ എന്തിലും ഏതിലും സംശയം കണ്ടെത്തും.’  ‘നീരജ ഒരുപാട് ചിന്തിക്കുന്നു, നേരായ വഴിക്കല്ലെന്നു മാത്രം. മറ്റുള്ളവരെ വെറുതേ സംശയിക്കുക, അതാണ് പലരുടെയും പ്രശ്‌നം; നീരജയുടെയും’. നോവലില്‍ ഉരുത്തിരിയുന്ന പ്രശ്‌നങ്ങള്‍ അത്യന്തം സങ്കീര്‍ണ്ണമാണ്. നമുക്കവയെ ഇങ്ങനെ സംഗ്രഹിക്കാം – ഒന്ന്: അമ്മൂമ്മയും പെറ്റമ്മയും ഒരാള്‍തന്നെയാവുന്നു, രണ്ട്: കുഞ്ഞിന്‍റെ  കാര്യത്തില്‍ തികച്ചും  പോസ്സസ്സീവാണ് നീരജ, മൂന്ന്!: പ്രസവിച്ചതും പാലൂട്ടിയതും മറ്റൊരാളാവുമ്പോള്‍ ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ദുരന്തം ദീര്‍ഘ ദൃഷ്ടിയോടെ വീക്ഷിക്കുന്നു നീരജ, നാല്: ഏതുവിധേനയും കുഞ്ഞിനെ അമ്മയില്‍നിന്നും അകറ്റണമെന്ന നീരജയുടെ പിടിവാശി, അഞ്ച്; കുഞ്ഞിനെ മോഡേണായി വളര്‍ത്തുന്നതിന് കിഡ്‌സ്‌കെയറിംഗ് സ്‌പെഷ്യലിസ്റ്റിനെ ഏര്‍പ്പെടുത്തുക. ഇങ്ങനെ  നാം ഇതുവരെ വായിച്ചും പഠിച്ചും നിരീക്ഷിച്ചും പുലര്‍ത്തിയ മുഗ്ദ്ധസങ്കല്‍പ്പങ്ങളെ തച്ചുടയ്ക്കുകയാണ് നോവലിസ്റ്റ്. ഇതില്‍നിന്നെല്ലാം ‘ഡിസൈനര്‍ ബേബി’ എന്ന നോവല്‍ അഭിദര്‍ശിക്കുന്ന സങ്കല്‍പ്പം എന്താണ്? വരുംകാല മലയാള നോവലുകള്‍ക്ക് ദിശാസൂചകമായി വര്‍ത്തിക്കുന്ന കൃതിയായി രൂപാന്തരം പ്രാപിക്കുന്നു ‘ഡിസൈനര്‍ ബേബി’.

ഗോപി കൊടുങ്ങല്ലൂര്‍
പരസ്പരം (വായനക്കൂട്ടം മാസിക), നവംബര്‍  ഡിസംബര്‍ 2015