Wednesday, 18 March 2015
Monday, 16 March 2015
Friday, 13 March 2015
Monday, 9 March 2015
Sunday, 8 March 2015
Monday, 16 February 2015
"ബൈട്ടോ ബഹന്‍ജീ .." (കാശ്മീര്‍യാത്ര - ഒരനുഭവം - തുടര്‍ച്ച )
ജമ്മുവിൽ നിന്ന് വെളുപ്പിന് അഞ്ചു മണിക്ക് ബസ്സില്‍ കയറിയതാണ്. ശ്രീ നഗറിലെത്താൻ രാത്രിയാകും. എട്ടുമണി ആയപ്പോഴേക്ക് പ്രഭാതഭക്ഷണത്തിനായി വണ്ടികളെല്ലാം ഒതുക്കിയിട്ടു. ബ്രഡ്ഡും ജാമും പഴവും അടങ്ങിയ പാക്കറ്റും ഓരോകുപ്പി റെയില്‍നീരും ബസ്സിനുള്ളില്‍ത്തന്നെ വിതരണം ചെയ്തു. പലര്‍ക്കും ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ അത്യാവശ്യം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനായിരുന്നു. റോഡരികത്തുള്ള രണ്ടോ മൂന്നോ ചെറിയ പീടികകളൊഴിച്ചാല്‍ അവിടെ മറ്റൊന്നുമില്ല. കുറ്റിക്കാടുകള്‍നിറഞ്ഞ പ്രദേശം. കുറച്ചു താഴെയായി കിലുങ്ങിയൊഴുകുന്ന നീര്‍ച്ചോല. അത്യാവശ്യക്കാര്‍ക്ക് അതുതന്നെ ആശ്വാസം. ഞങ്ങള്‍ ബസ്സില്‍നിന്നിറങ്ങി. ടോയിലറ്റന്വേഷിച്ചുനടന്നു. കാഷ്മീരികളായ ഒരാണും പെണ്ണും ആ വഴി വന്നു. പെണ്‍കുട്ടി പീടികയുടെ പുറകിലുള്ള കുറ്റിക്കാട്ടിലേക്ക് നടന്നു. ചെറുപ്പക്കാരന്‍ പീടികയിലേക്കും. അവളുടെ പിന്നാലെ ഞാനും കാട്ടിലേക്ക് കയറി. വൃത്തിയുള്ള സ്ഥലംനോക്കി അവള്‍ ഇരുന്നു.
‘ബൈട്ടോ ബഹന്‍ജീ.’
മടിച്ചുനിന്ന എന്നെ അവള്‍ പ്രോത്സാഹിപ്പിച്ചു. എന്നിട്ടും ശങ്കിച്ചുനിന്നപ്പോള്‍ അവള്‍ ചോദിച്ചു:
‘ക്യാഹേ ബഹന്‍ജീ..? ഇധര്‍ കോയീ ഹേ?’
ഞാന്‍ ചുറ്റും നോക്കിപ്പറഞ്ഞു: ‘നഹിം’, ആരുമില്ല.
‘അരേ, തും ബൈട്ടോ ബഹന്‍ജീ.’ അവള്‍ ആവര്‍ത്തിച്ചു.
പിന്നെ ഞാനും മടിച്ചില്ല.
മുഹമ്മദ് മത്തായി ഖാന്‍ (കാശ്മീര്‍യാത്ര - ഒരനുഭവം)
ജമ്മുവില്‍നിന്ന്‍ കാഷ്മീരിലേക്കുള്ള ഞങ്ങളുടെ യാത്ര അവിടെത്തന്നെയുള്ള ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ ബസ്സിലായിരുന്നു . ശ്രീനഗറിലേക്കുള്ള മാര്‍ഗ്ഗം ഭയപ്പെടുത്തുന്നതും ദുര്‍ഘടങ്ങള്‍ നിറഞ്ഞതുമാണ് . ഒരുവശത്ത് ഉയരമുള്ള മലനിരകള്‍; മറുവശത്ത് അഗാധമായ കൊക്കകള്‍. മലയുടെ ചരിവിലൂടെയുള്ള വീതി കുറഞ്ഞ റോഡ് . എഴുപത്തഞ്ചു കിലോമീറ്ററോളം ദൂരം ദേശീയപാത വീതികൂട്ടുന്നതിന്‍റെ പണി നടന്നുകൊണ്ടിരിക്കുന്നു . എതിരെ ഒരുവാഹനം വന്നാല്‍ ഞെങ്ങിഞെരുങ്ങി വല്ല വിധേനയും കടന്നുപോകേണ്ട അവസ്ഥ. ഡ്രൈവറുടെ കയ്യിലാണ് യാത്രക്കാരുടെ ജീവന്‍. അയാളുടെ ശ്രദ്ധയൊന്നു പാളിയാല്‍.....
കൊടുംവളവുകളില്‍പ്പോലും അതിവേഗത്തിലാണ് ഞങ്ങളുടെ ബസ്സിന്‍റെ ഓട്ടം. ഡ്രൈവര്‍ ഉറുദുഭാഷക്കാരനായിരുന്നു. വേഗതകുറയ്ക്കാന്‍ പലവട്ടം വിളിച്ചുപറഞ്ഞിട്ടും അയാള്‍ കേട്ടഭാവമില്ല. ഞങ്ങള്‍ പരിഭ്രാന്തരായി. ‘സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം ഇടുങ്ങിയതും ദുര്‍ഘടങ്ങള്‍ നിറഞ്ഞതുമാണ്’ എന്ന വാക്യം ഓര്‍മ്മവന്നു . ഞങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്കാണല്ലോ പോകുന്നത്.
ഒരു വളവില്‍ നാലഞ്ചു പേര്‍ ഒരു വലിയ കൊക്കയിലേക്ക് നോക്കി നില്‍ക്കുന്നു. ‘ബഡാഗാഡി ഗിര്‍ഗയാ’ എന്ന കാഴ്ചക്കാരുടെ വാക്കുകളല്ലാതെ കണ്ണെത്താത്ത താഴ്ചയില്‍നി ന്ന് ഒരു നേര്‍ത്ത ശബ്ദംപോലും കേള്‍ക്കാനില്ല. അതിനുള്ളില്‍ ആരെങ്കിലും ജീവനോടെയുണ്ടാവുമോ? രക്ഷാപ്രവര്‍ത്തനത്തിനു പട്ടാളം വരണം. അപകടവാര്‍ത്ത ഞങ്ങളുടെ ഭീതി വര്‍ദ്ധിപ്പിച്ചു. ഒടുവില്‍, ഈനാശു എന്ന പഴയ പത്താംക്ലാസ്സുകാരന്‍ ഒരു ബുദ്ധി പ്രയോഗിച്ചു; ഡ്രൈവറുടെ അടുത്തുചെന്ന്‍ അറിയാവുന്ന ഹിന്ദിയും ഇംഗ്ലീഷും വാക്കുകള്‍ കൂട്ടിക്കലര്‍ത്തി സങ്കടംപറഞ്ഞു: “മൊഹമ്മദ് മത്തായി ഖാന്‍, ദോ ബീവി, ദസ് ബച്ചോം, പൈര്‍ മേം ദോ ബൈപാസ്, ഗാഡി സ്ലോഡ്രൈവ് പ്ലീസ്” ഡ്രൈവര്‍ വേഗതകുറച്ചു. വളരെ ശ്രദ്ധയോടെ ഓടിക്കാന്‍ തുടങ്ങി.കേരളത്തിലായാലും കാഷ്മീരിലായാലും പേര് ചിലതൊക്കെ വെളിപ്പെടുത്തുന്ന അടയാളവാക്കാകുന്നു!
എഴുപതുകാരനായ മത്തായിച്ചേട്ടനെ മുഹമ്മദ് മത്തായി ഖാനാക്കി മാറ്റി കള്ളക്കഥ മെനഞ്ഞ ഈനാശുവിനു ഞങ്ങള്‍ സ്തുതിപറഞ്ഞു.
ജീവന്‍ പണയംവച്ചുള്ള യാത്രക്കിടയിലും ഒരു കാര്യം മനസ്സില്‍ തറച്ചു; മൊഹമ്മദ് മത്തായി ഖാന്‍ എന്ന് കേട്ടപ്പോള്‍ ഡ്രൈവര്‍ കാണിച്ച പരിഗണന! പേരിന്‍റെ നടുവിലെ 'മത്തായി' അയാള്‍ ശ്രദ്ധിക്കാതെ പോയതാണോ ? അതോ... ? നമ്മുടേത് ഒരു മതേതര രാജ്യമാണല്ലോ .
Subscribe to:
Posts (Atom)