Monday, 23 September 2024

വാമനന്മാരുടെ ഓണം (കവിത) എസ്.സരോജം


ഓണമെന്നൊരു നല്ലസ്വപ്നമുള്ളില്‍

ഓമനിച്ചെന്നോ നിറച്ചുവച്ചു.

ഇന്നോളമാനല്ല സ്വപ്നങ്ങളില്‍

നെല്ലും പതിരും തിരഞ്ഞു ഞാനും.

ഏറെയും പതിരാണ് കണ്ടതെന്നാല്‍

എള്ളോളം പ്രതീക്ഷ ബാക്കിവച്ചു.

മാവേലിവരുമെന്ന് കാത്തിരുന്നെന്‍

മുന്നില്‍തിമര്‍ക്കുന്നു വാമനന്മാര്‍.


സമത്വസുന്ദരലോകമീമന്നില്‍

സ്വപ്നംകണ്ടൊരു ശുദ്ധമാനസന്‍ 

ഭാവിച്ചുപാടിയമാവേലിനാടേ

നീ വെറുംമിഥ്യയായ് തീര്‍ന്നുവെന്നോ?

കൊള്ളയും കൊലയും കൊള്ളിവയ്പും

ഇന്നീനാടിന്റെയുത്സവങ്ങള്‍

ആമോദമെല്ലാം സമ്പന്നവര്‍ഗം

അക്ഷയപാത്രംനിറച്ചുവയ്പൂ

പാമരന്മാര്‍ക്കെന്തോണമെന്ന

ചോദ്യത്തിനുത്തരമില്ലയെന്നോ? 

നേരുംനെറിയും പുലരുന്നകാലം

സ്വപ്നംകണ്ടെന്നും നമുക്കുറങ്ങാം.

 

Tuesday, 16 April 2024

പിയത്ത (കഥ) എസ്.സരോജം

 

ഇന്നലെ രാത്രിയില്‍ ഞാനവനെ കണ്ടു, പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം. 

എന്താ, നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലേ?

 ഞാന്‍ പറയുന്നത് സത്യമാണ്. 

 അന്നിട്ടിരുന്ന അതേ പാന്റും ഷര്‍ട്ടും ടൈയും  കോട്ടും ഷൂസും... ഒന്നും മാറ്റിയിട്ടില്ല. പാവം, വേറെ വാങ്ങാന്‍ കാശില്ലാഞ്ഞിട്ടാവും. പോയപ്പോള്‍ ഒന്നും കൊണ്ടുപോയില്ലല്ലൊ. 

അനേകം തട്ടുകളുള്ളൊരു കോണ്‍ക്രീറ്റ് മന്ദിരത്തിനുള്ളില്‍ തിക്കിത്തിരക്കി നടക്കുന്ന മനുഷ്യര്‍ക്കിടയില്‍ അവന്‍ ആരെയോ തിരയുന്നു. പഴയ കൂട്ടുകാരെ അന്വേഷിക്കുകയാവും. തന്‍കാര്യം നോക്കികളായ അവരൊക്കെ ഇപ്പോള്‍ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ പ്രോജക്ട് എഞ്ചിനിയര്‍മാരായി അസൈന്‍മെന്റ് കിട്ടിപ്പോയ കാര്യങ്ങളൊന്നും അവന്‍ അറിഞ്ഞിട്ടുണ്ടാവില്ല. ശുദ്ധന്‍! സ്വന്തംകാര്യം മറന്ന് മറ്റുള്ളവരെ സഹായിക്കാന്‍ നടക്കുവല്ലാരുന്നോ. 

എന്നിട്ടോ? സ്‌നേഹിക്കാന്‍മാത്രം അറിയാവുന്ന ആ മനസ്സില്‍ എല്ലാവരും കോരിനിറച്ചത് സങ്കടക്കനലുകള്‍ മാത്രമായിരുന്നില്ലേ?

ഇത്രയും സങ്കടം എങ്ങനെയാണെന്റെ കുട്ടി കണ്ണിലും കരളിലും നിറച്ചുവച്ചിരിക്കുന്നത്? 

ആ കണ്ണുകളിലെ വിഷാദമത്രയും കോരിയെടുക്കാന്‍ എന്റെ കൈകള്‍ക്ക് വെമ്പലായി. 

അവന്റെ അരികിലേക്ക് ഓടിയെത്താന്‍ കാലുകള്‍ക്ക് തിടുക്കമായി. പക്ഷേ, കാലുകള്‍ ഒരടിപോലും മുന്നോട്ടുവയ്ക്കാനാവുന്നില്ല. 

എന്റെ മോനേ എന്നലറിക്കരഞ്ഞുകൊണ്ട് ഞാന്‍ അവിടെക്കിടന്ന കസേരയില്‍ വീണിരുന്നു.

എന്റെ നിസ്സഹായതമുറ്റിയ കരച്ചില്‍ കേട്ടിട്ടാവണം അവന്‍ ഓടിവന്ന് എന്റെ മടിയിലേക്ക് കുഴഞ്ഞുവീണു.

പെട്ടെന്ന് പിയത്ത എന്റെ കണ്ണില്‍ തെളിഞ്ഞു. കുരിശില്‍ പിടഞ്ഞുമരിച്ച പ്രിയപുത്രന്റെ ചലനമറ്റ ശരീരം മടിയില്‍ കിടത്തി, കദനശിലപോലെ ഉറഞ്ഞിരിക്കുന്ന ഒരമ്മ... 


Saturday, 13 April 2024

വിഷുക്കണി (കവിത) എസ്.സരോജം

   

വിഷുസംക്രമരാവില്‍ സുഖദം

സ്വപ്നംകണ്ടു മയങ്ങി ഞാന്‍;

എനിക്കുചുറ്റും കണിമലര്‍ വിതറി

വെണ്‍ചിറകോലും മാലാഖ.


പുതുഹര്‍ഷംചൂടിയ മാനവലോകം

പുതുമകള്‍തേടിപ്പായുമ്പോള്‍

വരമൊന്നേകി വിചിത്രം മാലാഖ

ഞാനൊരുവെണ്മക്കിളിയായി

അവരുടെയൊപ്പം പാറിനടന്നു

അവരുടെ സ്വര്‍ഗ്ഗം കണികാണാന്‍.


നീലാകാശച്ചുവരുകള്‍ താണ്ടി

മൃണ്‍മയതീരത്തവര്‍നിന്നു.

മാനവരൂപികളവിടെവസിപ്പവ-

രുണ്മകള്‍ കാക്കും ദൈവങ്ങള്‍.


വിണ്ണിലിരിക്കും ദൈവത്താരവര്‍

നീന്തും തെളിനീര്‍പ്പൊയ്കകളില്‍

കുളിച്ചുതോര്‍ത്തിയ തരുണീമണികള്‍

ആടിപ്പാടിനടക്കുന്നു.

വാണിഭമില്ല.... പീഡനമില്ല....

ആണും പെണ്ണും ദൈവങ്ങള്‍.

ജാതികളില്ല മതവൈരവുമില്ല

ഏവരുമേവരുമൊരുപോലെ.

അവരുടെ കൈയില്‍ ഞാന്‍ കണ്ടു

നന്മനിറച്ചൊരു പൊന്‍താലം.


കണ്ടുതെളിഞ്ഞൊരു മനമോടെ

നിദ്രയില്‍നിന്നുമുണര്‍ന്നു ഞാന്‍;

കനവില്‍കണ്ടൊരുസ്വര്‍ഗ്ഗത്തിന്റെ

നന്മകള്‍ ഭൂമിയില്‍ ദര്‍ശിക്കാന്‍.


കാതില്‍മുഴങ്ങീ പോരിന്നൊച്ചകള്‍

                ദാരുണമാര്‍ത്തനിനാദങ്ങള്‍

                കാണ്മൂ ചുറ്റും ചിന്നിച്ചിതറിയ

                 മാംസത്തുണ്ടുകള്‍ ചോരപ്പുഴകള്‍


                ഞെട്ടിവിറച്ചു, കണ്ണുകള്‍പൂട്ടി

                യലറിവിളിച്ചുകരഞ്ഞു ഞാന്‍.

അവനീവാഴ്‌വിതുവേണ്ടേവേണ്ട

ചിറകുകള്‍നല്‍കൂ മാലാഖേ....


കനവില്‍കണ്ടൊരു മാലാഖ

വിണ്ണില്‍മറഞ്ഞൊരു ചോദ്യവുമായ്:

സ്വര്‍ഗ്ഗംപോലൊരുധരയില്‍മര്‍ത്യാ

നരകംപണിയുവതെന്തിനുനീ?

 

Wednesday, 20 March 2024

ആമസോണ്‍മഴക്കാടുകള്‍ (യാത്രാവിവരണം) എസ്.സരോജം

 



ആമസോണ്‍ മഴക്കാടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍തെളിയുന്നത് ഒരുപക്ഷേ, വിമാനാപകടങ്ങളില്‍പെട്ടും വഴിതെറ്റിയുമൊക്കെ ഉള്‍ക്കാട്ടില്‍ അകപ്പെട്ടുപോയ മനുഷ്യരുടെ ജീവനഷ്ടങ്ങളുടെയും ദിക്കറിയാതെയുള്ള അലച്ചിലിന്റെയും  അത്ഭുതകരമായ രക്ഷപ്പെടലിന്റെയുമൊക്കെ കഥകളാവും. 

വാര്‍ത്തകളായും പുസ്തകങ്ങളായും സിനിമകളായും പുറത്തുവന്നിട്ടുള്ള ആ കഥകളൊക്കെ വായിച്ചും കണ്ടുംകേട്ടും ആമസോണ്‍കാടുകളുടെ വലിപ്പവും ഭീകരതയുമോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുമുണ്ട്. ഒരുപാടൊരുപാട് ജൈവരഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് ഈ ഹരിതഗ്രഹത്തെ സമ്പന്നമാക്കുന്ന ആമസോണ്‍ മഴക്കാടുകളെക്കുറിച്ച് നമ്മുടെ അറിവുകള്‍ എത്ര പരിമിതമാണ്!

 ഇന്നും മനുഷ്യന്റെ കാല്‍പാടുകള്‍ പതിഞ്ഞിട്ടില്ലാത്ത ഘോരവനങ്ങളും അവിടത്തെ ജീവജാലങ്ങളുമൊക്കെ ഏറെക്കുറെ അജ്ഞാതമായിതുടരുന്നു.

ആമസോണ്‍നദിയുടെയും അതിന്റെ പോഷകനദികളുടെയും തടങ്ങളില്‍ (ആമസോണിയ)  പടര്‍ന്നുകിടക്കുന്ന ഉഷ്ണമേഖലാ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. എഴുപത് ദശലക്ഷം ചതുരശ്രകിലോമീറ്റര്‍  വിസ്തൃതിയുള്ള ആമസോണിയയില്‍ ഏകദേശം ആറുദശലക്ഷം ചതുരശ്രകിലോമീറ്ററോളം ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ മഴക്കാടുകള്‍ ലോകത്തിലെ ഏറ്റവുംവലിയ മഴക്കാടാണ്. കിഴക്ക് അറ്റ്‌ലാന്റിക് സമുദ്രം മുതല്‍ പടിഞ്ഞാറ് ആന്‍ഡീസ് താഴ്‌വരകള്‍ വരെയാണ് അതിന്റെ വ്യാപ്തി. 

ആമസോണ്‍ മഴക്കാടുകളുടെ ഭൂരിഭാഗവും (അറുപതുശതമാനം) ബ്രസീലിലാണ്. പതിമൂന്നുശതമാനം പെറുവിലും പത്തുശതമാനം കൊളംബിയയിലും ബാക്കി പതിനേഴുശതമാനം ഇക്വഡോര്‍, വെനിസ്വേല, ബൊളീവിയ, ഗയാന, സൂരിനാം, ഫ്രഞ്ച് ഗയാന എന്നീ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ഇതില്‍ ഇക്വഡോര്‍, കൊളംബിയ, പെറു, ബസീല്‍ എന്നീ  നാലുരാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന കാടുകളുടെ ഭൂരിഭാഗവും ഈ യാത്രയില്‍ കാണാന്‍കഴിഞ്ഞുവെന്നത്  വിസ്മയകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. കേബിള്‍കാറിലും ഫ്യൂണിക്കുലാറിലും ട്രെയിനിലും ബസിലും നടന്നുമൊക്കെ സഞ്ചരിച്ച്  കണ്ടുംകേട്ടും അറിഞ്ഞ വസ്തുതകള്‍ അതാത് അധ്യായങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്.

അപ്പർ ആമസോൺ 

ആമസോണിന്റെ പോഷകനദിയായ നാപ്പോ ഇക്വഡോറിലാണല്ലൊ. ഈ നദീതടത്തിലാണ് ആമസോണ്‍കാടുകളുടെ തുടക്കം. ഇത് അപ്പര്‍  ആമസോണ്‍ എന്നറിയപ്പെടുന്നു. നാപ്പോനദി കോക്കനദിയുമായി സന്ധിക്കുന്ന പ്രദേശം ഒരു വനപട്ടണമാണ്. ഇവിടെനിന്നാണ് ഇക്വഡോറിലെത്തുന്ന സാഹസികരായ സഞ്ചാരികള്‍ ആമസോണ്‍കാടുകളിലേക്ക് പ്രവേശിക്കുന്നത്. നാപ്പോനദീതടത്തിലെ മഴക്കാടുകളില്‍ ആമസോണ്‍എക്‌സ്‌പ്ലോറര്‍ ക്രൂയിസ് പോലുള്ള യാത്രാഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്ന വനയാത്രയില്‍ പങ്കെടുത്താല്‍ മങ്കി ഐലന്റ്, യാസുനി നാഷണല്‍പാര്‍ക്ക്, ബയോസ്ഫിയര്‍ റിസര്‍വ് എന്നിവ സന്ദര്‍ശിക്കാം. കുരങ്ങുകള്‍, പക്ഷികള്‍, ഡോള്‍ഫിനുകള്‍, അനക്കോണ്ടകള്‍, മനാറ്റികള്‍ എന്നിവയെ ചിലപ്പോള്‍ അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയില്‍ത്തന്നെ കാണാന്‍കഴിഞ്ഞെന്നുംവരാം.

 2001 -ലെ ഒരു പഠനപ്രകാരം ഇക്വഡോറിലെ മഴക്കാടുകളില്‍ മരങ്ങള്‍മാത്രം ആയിരത്തിഒരുന്നൂറിലേറെ ഇനങ്ങളുണ്ടത്രെ. ജൈവക്കലവറയായ ഗാലപ്പഗോസ് ദ്വീപുകള്‍ ഇക്വഡോറിന്റെ വിദൂരതീരത്താണ് അവിടേക്ക് എളുപ്പത്തില്‍ ചെന്നെത്താന്‍ വിമാനസര്‍വീസുമുണ്ട്. ഗാലപ്പഗോസ് ദ്വീപുകള്‍ എന്നുകേള്‍ക്കുമ്പോള്‍ പരിണാമസിദ്ധാന്തകാരനായ ചാള്‍സ് ഡാര്‍വിനെ ഓര്‍ക്കാതിരിക്കാനാവില്ല.

കൊളംബിയയുടെ ഭൂവിസ്തൃതിയുടെ മുപ്പത്തഞ്ചുശതമാനം ആമസോണ്‍ മഴക്കാടുകളാണ്. ആമസോണ്‍ ഉഷ്ണമേഖലാവനത്തിന്റെ പത്തുശതമാനത്തോളം വരുമിത്. 420,000 ചതുരശ്രകിലോമീറ്റര്‍ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ഈ മഴക്കാടുകള്‍ യാതൊരുവിധ മലിനീകരണവും ഇല്ലാത്ത കാടുകളാണ്. ഭക്ഷ്യയോഗ്യമായ പച്ചക്കറിയിനങ്ങളുടെയും നിരവധിയിനം പക്ഷികളുടെയും കുരങ്ങുകളുടെയും ഏറ്റവുംവലിയ ജനിതകബാങ്കുകളിലൊന്നാണ് ഈ വനപ്രദേശം. വനസംരക്ഷണത്തിന്  പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ഇവിടെ നിലവിലുള്ള ഇക്കോ-ടൂറിസം പദ്ധതി. ആമസോണിന്റെ നിരവധി പോഷകനദികള്‍ ഈ ഭൂപ്രദേശത്തെ ജലസമൃദ്ധമാക്കുന്നു. പിങ്ക് ഡോള്‍ഫി നുകളെ കാണണമെങ്കില്‍ ഒരു ബോട്ടുയാത്ര സംഘടിപ്പിച്ചാല്‍ മതി.  ടിക്കുന, യാഗുവാസ്, കൊക്കാമസ് തുടങ്ങി നിരവധി തദ്ദേശീയഗോത്രങ്ങള്‍ കാടുകള്‍ക്കുള്ളില്‍ താമസിക്കുന്നു. ലെറ്റീഷ്യക്കടുത്തുള്ള ഫ്‌ളോര്‍ ഡി ലോട്ടോ നേച്ചര്‍ റിസര്‍വില്‍ ലോകത്തിലെ ഏറ്റവുംവലിയ താമര കാണാം. അവയില്‍നിന്നാണത്രെ ഇന്ന്  കാണുന്നയിനം താമരകളുണ്ടായത്. 


പെറുവിന്റെ ഭൂവിസ്തൃതിയുടെ അറുപതുശതമാനവും മഴക്കാടുകളാണ്. ആമസോണ്‍ ഉഷ്ണമേഖലാമഴക്കാടുകളുടെ പതിമൂന്ന് ശതമാനത്തോളം വരുമിത്. അധികവും വടക്കന്‍പെറുവിലാണ്. കുസ്‌കൊയിലെ മഴക്കാടുകളെക്കുറിച്ചും മച്ചുപിച്ചു, മഴവില്‍പര്‍വതങ്ങള്‍, ചുവന്നനദികള്‍ എന്നിവയെക്കുറിച്ചുമൊക്കെ നേരത്തേ വിവരിച്ചിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ഉകയാലി, മാരാനോണ്‍, ഹുല്ലാഗ എന്നീ പോഷകനദികളും നിരവധി ചെറിയ ജലപാതകളും പെറുവിയന്‍ ആമസോണിനെ പരിപോഷിപ്പിക്കുന്നു. ലോറെറ്റോയിലെ മഴക്കാടുകള്‍ ഭൂരിഭാഗവും താഴ്ന്ന ഭൂമധ്യരേഖാ നിത്യഹരിതവനമാണ്. സാന്‍ മാര്‍ട്ടിന്‍ ആമസോണസില്‍ പരിസ്ഥിതിയാകെ മാറുന്നു. പക്ഷിപ്രേമികളുടെ മക്കയാണിവിടം. വിവിധയിനം ഓര്‍ക്കിഡുകളാല്‍ സമ്പന്നമായ മേഘവനങ്ങള്‍ (ക്ലൗഡ് ഫോറസ്റ്റ്) പെറുവിലാണ്. ലോകത്തില്‍ ആകെയുള്ളതിന്റെ അഞ്ചിലൊന്നിനം ചിത്രശലഭങ്ങള്‍ പെറൂവിയന്‍കാടുകളിലാണ്. 

ജൈവവൈവിധ്യം എന്ന പദം ഉപയോഗിക്കുന്നതിന് ശാസ്ത്രജ്ഞന്മാരെ പ്രചോദിപ്പിച്ചത് ആമസോണ്‍ മഴക്കാടുകളാണെന്ന് നമുക്കറിയാം. ഭൂമിയില്‍ അറിയപ്പെടുന്ന എല്ലാ സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും പത്തുശതമാനവും ഈ പ്രദേശത്താണുള്ളത്. ഏകദേശം നാല്‍പതിനായിരം ഇനം സസ്യങ്ങളും നാനൂറിലധികം ഇനം സസ്തനികളും മൂവായിരത്തിലേറെ മത്സ്യയിനങ്ങളും പതിമൂവായിരത്തിലേറെയിനം പക്ഷികളും മുന്നൂറ്റിയെഴുപതിലേറെയിനം ഉരഗങ്ങളും ദശലക്ഷക്കണക്കായ ഇതരയിനം പ്രാണികളുമുണ്ട്. കണ്ടെത്തിയതിലേറെ ജൈവസാന്നിധ്യം ഇനിയും കണ്ടെത്താനുണ്ട്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ആമസോണിലെ ഏറ്റവുംവലിയ സസ്തനിയാണ് മനാറ്റി. പിങ്ക് ഡോള്‍ഫിനുകളും പച്ചഅനക്കോണ്ടകളും കാഴ്ചയില്‍പോലും കൗതുകമുണര്‍ത്തുന്നവയാണ്. ആമസോണിന്റെ ഐക്കണായ മക്കാവുകള്‍ അറുപതുവര്‍ഷംവരെ ജീവിച്ചിരിക്കുമത്രെ. മനുഷ്യന്റെ സംസാരം അതേപടി അനുകരിക്കാന്‍ കഴിവുള്ള മക്കാവുകള്‍വിലയേറിയ വളര്‍ത്തുപക്ഷികളായി വിപണനംചെയ്യപ്പെടുന്നു. മനുഷ്യന് ഉപകാരികളായ ജീവജാലങ്ങള്‍ മാത്രമല്ല, അപകടകാരികളായ ധാരാളം ജീവജാലങ്ങളും പതിയിരിക്കുന്ന ഇടമാണ് ആമസോണ്‍ മഴക്കാടുകള്‍. ഇരപിടിയന്മാരായ കറുത്തചീങ്കണ്ണി, ജാഗ്വാര്‍, പൂമ, അനക്കൊണ്ട തുടങ്ങിയ വമ്പന്മാരും ഷോക്കടിവീരന്മാരായ ഇലക്ട്രിക് ഈലുകള്‍, കൊടിയവിഷമുള്ള ഡാര്‍ട്ട് തവളകള്‍, ബുള്ളറ്റ് ഉറുമ്പുകള്‍, മനുഷ്യനെപ്പോലും കടിച്ചുതിന്നുന്ന പിരാനകള്‍, പേവിഷം പരത്തുന്ന വാമ്പയര്‍ വവ്വാലുകള്‍, മലേറിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന പ്രാണികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇവിടത്തെ ജൈവലോകം. 

പുരാതനകാലംമുതല്‍ക്കേ, അതായത് ഏകദേശം 11200 വര്‍ഷംമുമ്പുതന്നെ ആമസോണ്‍കാടുകളില്‍ മനുഷ്യര്‍ വസിച്ചിരുന്നതായി പര്യവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കാട് നഷ്ടപ്പെട്ട ഇടങ്ങളില്‍ കാണുന്ന മനുഷ്യനിര്‍മ്മിതരൂപങ്ങള്‍  ഇതിന് തെളിവായി  കണക്കാക്കപ്പെടുന്നു.  ആധുനികകാലത്ത്, എഡി ആയിരത്തി ഇരുന്നൂറ്റി അമ്പതോടെ മനുഷ്യര്‍ ഇവിടെ സ്ഥിരതാമസം തുടങ്ങിയെന്നും തല്‍ഫലമായി കാടിന്റെ പ്രകൃതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പര്യവേഷകര്‍ പറയുന്നു. 1542-ല്‍ ആമസോണ്‍പര്യവേഷണം നടത്തിയ ഫ്രാന്‍സിസ്‌കോ ഡി ഒറീല്ലാന (ആമസോണിലുടനീളം സഞ്ചരിച്ച ആദ്യത്തെയാള്‍) ആമസോണ്‍സംസ്‌കാരത്തെപ്പറ്റി പറഞ്ഞതൊക്കെ അതിശയോക്തികളായിരുന്നു എന്നാണ് ലോകം ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ആ ധാരണ തിരുത്തപ്പെട്ടു. അദ്ദേഹം പറഞ്ഞതുപോലെതന്നെ വളരെ സങ്കീര്‍ണ്ണമായ സംസ്‌കാരങ്ങള്‍ ആമസോണില്‍ കാലങ്ങളായി നിലനിന്നിരുന്നുവെന്നും യൂറോപ്യന്മാര്‍ കൊണ്ടുവന്ന വസൂരിപോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച് നശിച്ചുപോയതാവാമെന്നും കരുതപ്പെടുന്നു. കാലങ്ങളായി ആമസോണില്‍ നിലനിന്നിരുന്നത് വെറും വന്യതയായിരുന്നില്ലെന്നും മറിച്ച്, മനുഷ്യര്‍ പടുത്തുയര്‍ത്തിയ സംസ്‌കാരവും നിലവിലുണ്ടായിരുന്നുവെന്നും ബിബിസി പരമ്പരയില്‍ വ്യക്തമാക്കുന്നുണ്ട്. പുരാതനമായ വലിയ മനുഷ്യവാസങ്ങളുടെ നിരവധി തെളിവുകള്‍ - അവര്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും നിര്‍മ്മിച്ചിരുന്നുവെന്നും 2003-ല്‍ നടത്തിയ പര്യവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. 

തെക്കെഅമേരിക്കയിലെ ഒമ്പത് രാജ്യങ്ങളിലായി, മഴക്കാടുകളുടെ പരിധിയില്‍പ്പെട്ട മൂവായിരത്തിമുന്നൂറ്റിനാല്‍പത്തിനാല് തദ്ദേശീയപ്രദേശങ്ങളുണ്ട്. ഈ പ്രദേശങ്ങളില്‍ മുന്നൂറ്റമ്പത് വ്യത്യസ്തവിഭാഗങ്ങളില്‍പ്പെട്ട മുപ്പത് മില്യനിലേറെ ആളുകള്‍ വസിക്കുന്നെണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതില്‍ അറുപത് വിഭാഗക്കാര്‍ തീര്‍ത്തും  ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരാണത്രെ. നൂറ്റിയെണ്‍പത് വ്യത്യസ്ത ഗ്രൂപ്പുകളില്‍പെട്ട  തദ്ദേശീയ ഗോത്രക്കാര്‍ ഉള്‍പ്പെടെ ഇരുപത്തിനാല് ദശലക്ഷത്തിലധികം ആളുകള്‍ ബ്രസീലിയന്‍ മഴക്കാടുകളില്‍മാത്രം വസിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു.

പാഷന്‍ഫ്രൂട്ട്, പേരക്ക, വാഴപ്പഴം, അവക്കാഡോ, തേങ്ങ തുടങ്ങി ഭക്ഷണത്തിനായി ഉപയോഗിക്കുന്ന നിരവധി കായ്കളും കിഴങ്ങുകളും പഴങ്ങളും ആമസോണ്‍കാടുകളില്‍ ഉണ്ടായവയാണ്.    പാശ്ചാത്യലോകത്തിലെ മരുന്നുകളുടെ നാലിലൊന്ന് ആമസോണ്‍മഴക്കാടുകളില്‍നിന്നുള്ള ചേരുവകളാണ്. ക്യാന്‍സര്‍കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സസ്യങ്ങളില്‍ എഴുപതുശതമാനവും ആമസോണ്‍വനങ്ങളില്‍നിന്നാണ് ശേഖരിക്കുന്നത്. ക്ഷീരപഫത്തിലെ നക്ഷത്രങ്ങളെക്കാള്‍ കൂടുതല്‍ വൃക്ഷങ്ങളും അതിലേറെ സസ്യലതാദികളും ആമസോണ്‍കാടുകളില്‍ ഉണ്ടത്രെ. ഇവിടെ മഴപെയ്താല്‍ വെള്ളം കട്ടിയുള്ള മേലാപ്പില്‍നിന്ന് മണ്ണിലെത്താന്‍ ഏകദേശം പത്തുമിനിറ്റെടുക്കുമത്രെ.  സൂര്യപ്രകാശത്തിന്റെ ഒരുശതമാനംമാത്രമേ വനഭൂമിയിലെത്തുകയുള്ളു. ആകയാല്‍ വനഭൂമി ഇരുണ്ടുകിടക്കുന്നു. ആമസോണില്‍ കാണപ്പെടുന്ന പല ജീവജാലങ്ങളും മഴക്കാടിന്റെ മേലാപ്പില്‍ വസിക്കുന്നതിന്റെ കാരണം ഇതാണ്.

ജീവന്റെ സമാനതകളില്ലാത്ത വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുപുറമേ ഭൂമിയുടെ കാലാവസ്ഥ നിയന്ത്രിക്കുന്നതിലും ആമസോണ്‍കാടുകള്‍ പ്രധാനപങ്കുവഹിക്കുന്നു. ആമസോണ്‍ ബേസിന്‍ പ്രതിവര്‍ഷം ഏകദേശം നൂറു ബില്യന്‍ മെട്രിക്ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ആഗിരണംചെയ്യുന്നു. ഭൂമിയിലെ ഓക്‌സിജന്റെ ഇരുപതുശതമാനം പ്രദാനംചെയ്യുന്നു. ആകയാല്‍, ആമസോണ്‍ മഴക്കാടുകളെ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കുന്നു. ആമസോണ്‍കാടുകളെ പുഷ്ടിപ്പെടുത്തുന്ന  പൊടിയുടെ അമ്പത്താറ് ശതമാനത്തോളം വരുന്നത് സഹാറ മരുഭൂമിയില്‍നിന്നാണെന്ന് നാസയുടെ ഉപഗ്രഹപഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കാറ്റ് കടത്തിക്കൊണ്ടുവരുന്ന ഈ പൊടിയില്‍ സസ്യങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ ഫോസ്ഫറസ്അടങ്ങിയിട്ടുണ്ട്. ആമസോണിന്റെ മണ്ണില്‍നിന്ന് മഴവെള്ളത്തിലൂടെ ഒഴുകിപ്പോകുന്ന ഫോസ്ഫറസിന്റെ കുറവ് പരിഹരിക്കാന്‍ പര്യാപ്തമാണ് സഹാറയില്‍നിന്നെത്തുന്ന പൊടിപടലങ്ങള്‍. എന്നാല്‍ സഹാറയില്‍ മഴയുടെ അളവ് കൂടുമ്പോള്‍ പൊടിയുടെ അളവ്  കുറയും. ഇത് ആമസോണ്‍കാടുകളുടെ പുഷ്ടിയെ പ്രതികൂലമായി ബാധിക്കും.

അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുന്ന ആമസോണ്‍വനനശീകരണം മനുഷ്യജീവിതത്തിനും ആഗോളകാലാവസ്ഥക്കും ഭീഷണിയാണ്. കഴിഞ്ഞ നാല്‍പതുവര്‍ഷങ്ങളായി  ബ്രസീലിയന്‍ ആമസോണിന് അതിന്റെ മഴക്കാടുകളുടെ പതിനെട്ട് ശതമാനത്തിലധികം നഷ്ടമായി.  പ്രസിഡണ്ട് ജയര്‍ ബോള്‍സോനാര മഴക്കാടുകളിലെ കൃഷിയും  ഖനനപ്രവര്‍ത്തനങ്ങളും അനുവദിച്ചു. കുടിയേറ്റം, കൃഷി, കന്നുകാലിവളര്‍ത്തല്‍ എന്നിവയ്ക്കായി വനപ്രദേശങ്ങള്‍ തീയിട്ട് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ട്രാന്‍സ്-ആമസോണിയന്‍ ഹൈവേ നിര്‍മ്മിക്കാന്‍ സമീപവര്‍ഷങ്ങളില്‍ ആമസോണ്‍കാടുകള്‍ക്ക് അതിന്റെ ഇരുപതുശതമാനമാണ് നഷ്ടപ്പെട്ടത്. പലആവശ്യങ്ങള്‍ക്കായി  വന്‍തോതില്‍ വനഭൂമിവെട്ടിത്തെളിക്കല്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ നാല്‍പതുവര്‍ഷത്തിനുള്ള്ല്‍ ആമസോണ്‍ മഴക്കാടുകള്‍ മുഴുവന്‍ ഇല്ലാതാകുമെന്നാണ്  വിദഗ്ദ്ധരുടെ പ്രവചനം. 


ആമസോണ്‍നദിയുടെ പേരിലാണല്ലൊ അതിന്റെ തടങ്ങളിലുള്ള  മഴക്കാടുകള്‍ അറിയപ്പെടുന്നത്. എന്നാല്‍ ആമസോണ്‍ നദിക്ക് ആ പേര് എങ്ങനെ കിട്ടി എന്നറിയുന്നത് രസാവഹമായ കാര്യം തന്നെ. സ്പാനിഷ് ഭാഷയില്‍ ആമസോണ്‍ നദിക്ക് റിയോ ആമസോണസ് എന്നാണ് പറയുക. ആമസോണസ് എന്ന വാക്കിന്റെ ഉത്ഭവം തേടിപ്പോയാല്‍ ഗ്രീക്ക് മിത്തോളജിയിലേക്കാവും നമ്മള്‍ എത്തിച്ചേരുക.  ഹോമറിന്റെ ഇലിയഡ് വായിച്ചിട്ടുള്ളവര്‍ ആമസോണ്‍സ് എന്ന പെണ്‍പടയാളികളെ മറക്കാനിടയില്ല. ധൈര്യശാലികളായ ആ ഗ്രീക്കുപോരാളികളുടെ പേര് തെക്കേഅമേരിക്കയിലെ നദിക്ക് ലഭിച്ചതെങ്ങനെ? സ്‌പെയിന്‍കാരനായ ഫ്രാന്‍സിസ്‌കോ ഡി ഒറീല്ലാനക്ക് 1542-ല്‍ ആമസോണ്‍ പര്യവേഷണത്തിനിടയില്‍ തദ്ദേശീയരായ ഗോത്രവര്‍ഗ്ഗക്കാരുമായി ഏറ്റുമുട്ടേണ്ടിവന്നു. പുരഷന്മാര്‍ക്കൊപ്പം പോരാടിയ അതിസമര്‍ത്ഥരായ പെണ്‍പടയാളികള്‍ ഗ്രീക്ക്മിത്തോളജിയിലെ ആമസോണ്‍സിനെ ഓര്‍മ്മിപ്പിച്ചുവെന്നും ആകയാല്‍ അദ്ദേഹം നദിക്ക് അവരുടെ പേരിട്ടു എന്നുമാണ് കഥ.

 

Monday, 23 October 2023

നയാഗ്ര (കവിത) എസ്.സരോജം

 ജലപാതത്തിന്റെ 

ഘോരഗംഭീരമായ ഇരന്പം

കാതിന്റെ സുഷിരത്തിൽ

വിരൽത്തുന്പു തിരുകി

അന്തംവിട്ടുള്ള നില്പ്

ചിന്നിച്ചിതറുന്ന

ജലത്തുള്ളികൾ

ശരീരത്തിൽ തെറിക്കുന്പോൾ

ജലകന്യകകൾ

തണുത്തവിരലുകൾകൊണ്ട്

കുത്തുന്നതുപോലെ


Saturday, 29 July 2023

കഥ - വയോജനങ്ങളുടെ നാട് (എസ് .സരോജം)

 







ഉറക്കമില്ലാത്ത ഒരു രാത്രികൂടി ജീവിതത്തില്‍നിന്ന് കൊഴിഞ്ഞുവീണു. ഇനിയൊരുരാത്രികൂടി കഴിഞ്ഞാല്‍ താനും അറുപതുകഴിഞ്ഞ 

യുവതികളുടെ പട്ടികയില്‍ പേരുചേര്‍ക്കപ്പെടും. 

തനൂജ എഴുന്നേറ്റ് മൊബൈല്‍ഫോണ്‍ ഓണ്‍ചെയ്തു.

'ഇത്തവണയും വരാന്‍ പറ്റുന്നില്ലല്ലൊ അമ്മേ. നല്ലൊരു സമ്മാനം അയച്ചിട്ടുണ്ട്.  അമ്മക്കത്  തീര്‍ച്ചയായും ഇഷ്ടപ്പെടും.'  എന്നൊരു സ്‌നേഹവര്‍ത്തമാനം പങ്കുവച്ച് ആര്‍ഷമോള്‍ അമ്മായിയമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.  

'രണ്ടാഴ്ചക്കുള്ളില്‍ ജോലിക്ക് ചേര്‍ന്നില്ലെങ്കില്‍ കാത്തിരുന്നുകിട്ടിയ അവസരം നഷ്ടമാവും. അതുകൊണ്ടാമ്മേ വരാത്തത്. വിഷമം തോന്നരുത്. അടുത്ത പിറന്നാള്‍ നമുക്കൊരുമിച്ച് ആഘോഷിക്കാം.'   മകന്റെ ക്ഷമാപണം.

'മോനേ, നിനക്കും കുടുംബത്തിനും നിങ്ങളാഗ്രഹിക്കുന്നത്ര  ഉയരങ്ങളില്‍ ചെന്നെത്താനാവട്ടെ. അമ്മയുടെ സ്‌നേഹാശംസകള്‍.' 

കൊച്ചുമകന്‍ ആകര്‍ഷിന്റെ ചുണ്ടില്‍നിന്നും പറന്നുവന്ന പിറന്നാളുമ്മക്കുപകരം സ്‌നേഹാര്‍ദ്രമായൊരു മുത്തം പറത്തിവിട്ടുകൊണ്ട് തനൂജ വീഡിയോകാളിന് വിരാമമിട്ടു. 

മകനും ഭാര്യക്കും ഗള്‍ഫിലെ ജീവിതം മടുത്തുതുടങ്ങിയിരിക്കുന്നു. കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറാനുള്ള തിരക്കിലാണവര്‍ ഡോക്ടര്‍ക്കും നേഴ്‌സിനുമൊക്കെ ഗള്‍ഫിലെക്കാള്‍ മെച്ചപ്പെട്ട ശമ്പളവും ജീവിതസൗകര്യങ്ങളും  അവിടെ ലഭിക്കുമത്രെ. ആര്‍ഷമോളുടെ ജ്യേഷ്ഠനും കുടുംബവും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷങ്ങള്‍കഴിഞ്ഞു. ഫിലാഡല്ഫിയയിലെ ഒരു മുന്തിയ ആശുപത്രിയില്‍ അവള്‍ക്കും  ആദര്‍ശിനും ജോലിക്കുള്ള ഓഫര്‍ലഭിച്ചതിന്റെ ത്രില്ലിലാണവര്‍. 

മുഖപുസ്തകത്തിലെ സൗഹൃദത്താളുകളിലൂടെ വെറുതേ കണ്ണോടിക്കുമ്പോള്‍ ഒരു വീഡിയോദൃശ്യം തനൂജയുടെ ശ്രദ്ധയില്‍പ്പെട്ടു. അഗതിമന്ദിരത്തിലെ വൃദ്ധജനങ്ങളുടെ മുഖങ്ങളിലേക്ക് അവള്‍ കണ്ണുതുറന്നുനോക്കി. ചിരിയുംകരച്ചിലും മറന്നുപോയ ആ മുഖങ്ങളില്‍ മിഴിച്ചുനില്‍ക്കുന്നത് വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയും അനാഥത്വത്തിന്റെ നിര്‍വ്വികാരതയും മാത്രം. 

വീഡിയോ അവസാനിക്കുന്നത് നെഞ്ചില്‍ തറയ്ക്കുന്ന രണ്ടു ചോദ്യങ്ങളോടെയാണ്:്ജരാനര ബാധിച്ച ഞങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരോ? നിങ്ങള്‍ ഈ അവസ്ഥയില്‍ എത്തിയാല്‍ എന്തുചെയ്യും?

ഉള്ളുലയ്ക്കുന്ന ആ ചോദ്യങ്ങള്‍ തനൂജയുടെ കാതുകളില്‍ വീണ്ടുംവീണ്ടും മുഴങ്ങി. 

അവള്‍ വീഡിയോയുടെ അവസാനഭാഗത്ത് കൊടുത്തിരുന്ന മൊബൈല്‍നമ്പറിലേക്ക് വിളിച്ചു.  

സൗമ്യമായ ഒരു പുരുഷശബ്ദം സ്‌നേഹമഴപോലെ കാതില്‍ പെയ്തു: സ്‌നേഹാ വയോജനമന്ദിരം, ആരാ സംസാരിക്കുന്നത്?

നമസ്‌കാരം ഫാദര്‍, എന്റെ പേര് തനൂജ. നാളെ എന്റെ ജന്മദിനമാണ്. അല്‍പനേരം അവിടത്തെ അച്ഛനമ്മമാരോടൊത്തു ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. 

വരിക, ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു. 

നാളെ സ്‌നേഹയില്‍ എല്ലാവര്‍ക്കും ഉച്ചഭക്ഷണം എന്റെ വക..

ദൈവം നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ.

തനൂജക്ക് ഉത്സാഹമായി. അവള്‍ 'അമ്മയുടെ അടുക്കള'യിലെ 

മാനേജരെ വിളിച്ചു:

ബിന്ദൂ, നാളെ ഇരുപത്തഞ്ചുപേര്‍ക്കുള്ള ഉച്ചഭക്ഷണം വേണം.

തരാമല്ലൊ ചേച്ചീ, എന്താ വിശേഷം?

വിശേഷമൊന്നുമില്ലെടേ, സ്‌നേഹ വയോജനമന്ദിരത്തിലെ അച്ഛനമ്മമാരോടൊപ്പം കുറച്ചുനേരം വര്‍ത്തമാനംപറഞ്ഞിരിക്കാമെന്നു കരുതി. പന്ത്രണ്ടുമണി കഴിയുമ്പോഴേക്കും ഭക്ഷണം അവിടെ എത്തിച്ചുതരാമോ?. ഇത്തിരി പായസവും കൂടി ആയിക്കോട്ടെ.

വാഴയിലകൂടി കൊടുത്തുവിടാം. ചേച്ചീ, പിറന്നാള്‍സദ്യ ഗംഭീരമാക്കാം.

ബിന്ദൂ നീയെന്റെ ജന്മദിനം മറന്നില്ല, അല്ലേ?

ധനുമാസത്തിലെ കാര്‍ത്തിക എങ്ങനെ മറക്കും ചേച്ചീ? അമ്മയുണ്ടായിരുന്നപ്പോ ഞാനും നിങ്ങളോടൊപ്പം അടിച്ചുപൊളിച്ചതല്ലേ. 

എന്നാല്‍ നീയുംകൂടെ വാ സ്‌നേഹയിലേക്ക്.

പറ്റില്ല ചേച്ചീ, ഇവിടെ നിന്നുതിരിയാനാവാത്ത തിരക്കാണ്. ശരി ബിന്ദൂ. എന്നാല്‍ പറഞ്ഞതുപോലെ. കാശെത്രയാണെന്ന് വാട്‌സാപ്പിലിട്ടേക്കൂ, ഗൂഗിള്‍പേ ചെയ്യാം. 

എല്ലാവരും തിരക്കിലാണ്. തനൂജക്കുമാത്രം യാതൊരു തിരക്കുമില്ലെന്നോ? അവള്‍ മനസിനോട് ചോദിച്ചു. 

മനസ് ഉത്തരംപറഞ്ഞു: തനിച്ചായാലും എപ്പോഴും തിരക്കിലായിരിക്കണം. എന്നോട് മിണ്ടിത്തളരുമ്പോള്‍ പ്രകൃതിയോട് മിണ്ടണം, മഞ്ഞിനോടും മഴയോടും വെയിലിനോടുമൊക്കെ മിണ്ടണം.

അവള്‍ ഉത്സാഹത്തോടെ തൊടിയിലേക്കിറങ്ങി, പൂക്കള്‍ക്ക് ഉമ്മകൊടുത്തു, ചെടികള്‍ക്ക് വളവും വെള്ളവും കൊടുത്തു.  സ്‌നേഹപൂര്‍വം തഴുകിക്കൊണ്ട് അവയോട് പറഞ്ഞു: നിറയെ പൂത്ത്, സ്‌നേഹത്തിന്റെ പരിമളം ചുറ്റിലും പരത്തണേ.

അവ സന്തോഷത്തോടെ ചില്ലകളാട്ടി ചിരിക്കുന്നത് കണ്ടപ്പോള്‍ സസ്യങ്ങള്‍ക്കും ജീവനുണ്ടെന്ന് പറഞ്ഞ ജഗദീശ് ചന്ദ്രബോസിനെ ഓര്‍ത്തു. 

'സ്‌നേഹമാണഖിലസാരമൂഴിയില്‍' എന്ന കവിവചനം അവളുടെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനാമന്ത്രമായി നിറയുകയാണിപ്പോള്‍. 

വിഷാദചിന്തകളെ മനസ്സില്‍നിന്നും ഇറക്കിവിട്ടപ്പോള്‍ സുഖനിദ്ര അവളെ അനുഗ്രഹിച്ചു. 

രാവിലെ ഉണര്‍ന്നെണീറ്റ്, പിറന്നാള്‍ക്കുട്ടിയായി കുളിച്ചൊരുങ്ങി, അടുക്കളയിലേക്ക് ചെന്നു. ഫ്രിഡ്ജില്‍ തണുത്തിരുന്ന ദോശമാവ് ഒരു ചെറിയ കപ്പുനിറയെ  പകര്‍ന്നെടുത്ത് തണുപ്പുമാറാന്‍ വച്ചു. ഒരു സവാളയെടുത്ത് നുറുക്കിവഴറ്റി, പാകത്തിന്  കറിപ്പൊടിയും ഒരു പുഴുങ്ങിയമുട്ടയും ചേര്‍ത്ത് കറിയാക്കി. ദോശ നെയ്യില്‍ മൊരിച്ചെടുത്തു. 

പാലും വെള്ളവും സമാസമംചേര്‍ത്ത് തയാറാക്കിയ ചായയും  കൂടിയായപ്പോള്‍ രാവിലത്തെ ഭക്ഷണം കുശാലായി.

ഇന്ന് തനൂജയും നല്ല തിരക്കിലാണ്. അവള്‍ തന്റെ പ്രിയപ്പെട്ട ഹോണ്ടാസിറ്റിയില്‍ കയറി നഗരത്തിലെ പേരുകേട്ട ബേക്കറിയിലേക്കു പോയി. കേക്കും ലഡുവും ചോക്ലേറ്റും വാങ്ങി, 

കൃത്യം പതിനൊന്നുമണിക്ക് സ്‌നേഹയിലെത്തി.

കാര്യദര്‍ശിയായ പീറ്ററച്ചനും കെയര്‍ടേക്കറായ ജോസിമോളും തനൂജയെ സ്‌നേഹത്തോടെ സ്വീകരിച്ചു.

കിടക്കകളില്‍ അവശരും അലസരുമായി വിശ്രമിച്ചിരുന്ന വൃദ്ധജനങ്ങള്‍  ഹാളിലേക്കിറങ്ങിവന്ന് പിറന്നാളുകാരിയെ കൗതുകത്തോടെ നോക്കിനിന്നു. പിന്നെ എല്ലാവരും അവള്‍ക്കുചുറ്റും കൂടിനിന്ന് പീറ്ററച്ചനോടൊപ്പം അവളുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചു. 

ഹാപ്പി ബെര്‍ത്ത്‌ഡേ ടു യു... എന്ന ആശംസാഗാനത്തിന്റെ അകമ്പടിയോടെ അവള്‍ കേക്കുമുറിച്ചു. 

ചിരിമറന്ന ചുണ്ടുകളില്‍ അവള്‍ ക്രീംകേക്കിന്റെ തണുപ്പുള്ള മധുരം പുരട്ടി.    

രണ്ടാംബാല്യത്തിന്റെ നിഷ്‌കളങ്കതയോടെ മധുരംനുണഞ്ഞും ചിരിച്ചും അവര്‍ തനൂജയുടെ ചന്തമുള്ള മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കിയിരുന്നു.

അറുപതിലും നാല്‍പതിന്റെ ചൊടിയും ചുണയുമാണവള്‍ക്ക്. 

അവള്‍ ഓരോരുത്തരെയായി അടുത്തുചെന്ന് പരിചയപ്പെട്ടു. 

ആ വൃദ്ധഹൃദയങ്ങള്‍ മന്ത്രിക്കുന്നതെന്താണ്? ജോലിചെയ്യാന്‍  കഴിവില്ലാത്ത ഞങ്ങളെ ആര്‍ക്കും വേണ്ട, ആയകാലത്ത് ഞങ്ങള്‍ പോറ്റിവളര്‍ത്തിയ മക്കള്‍  ഞങ്ങളെ ഉപേക്ഷിച്ചുപോയി. 

വിറ്റുപെറുക്കിയും കടംവാങ്ങിയും പഠിപ്പിച്ചുവിട്ട മക്കള്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിതസന്തോഷങ്ങളും തേടി അന്യ നാടുകളിലേക്ക് കുടിയേറുന്നു. ദൈവത്തിന്റെ നാടിപ്പോള്‍ വയോജനങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.  ഇണയും ആരോഗ്യവും നഷ്ടപ്പെട്ട വൃദ്ധജനങ്ങള്‍ സ്വന്തംവീടുപേക്ഷിച്ച് അഗതിമന്ദിരങ്ങളില്‍ അഭയംതേടുന്നു. അവരുടെ വീടുകള്‍ കാറ്റുംവെളിച്ചവും കയറാതെ അടഞ്ഞുകിടക്കുന്നു. 

നാടിന്റെ മാറ്റങ്ങളോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു

വിധവയായ താനും ഇതുപോലെ ഒരുനാള്‍ സ്വന്തംവീടുപേക്ഷിച്ച് ഏതെങ്കിലും അഗതിമന്ദിരത്തില്‍...

ഈറനണിഞ്ഞ കണ്ണുകളോടെ അവള്‍ ഓരോരുത്തരെയായി  കെട്ടിപ്പുണര്‍ന്നു, നെറ്റിയിലും കണ്ണിലും കവിളിലുമൊക്കെ ഉമ്മവച്ചു. അനുസരണയുള്ള കുഞ്ഞുങ്ങളെപ്പോലെ അവര്‍ അവളുടെ കരവലയത്തില്‍ ഒതുങ്ങിയിരുന്നു. കെട്ടിപ്പിടിച്ചും ഉമ്മവച്ചും കുശലംചോദിച്ചും  ഹൃദയത്തിന്റെ ഭാഷയില്‍ സ്‌നേഹംവിളമ്പുമ്പോള്‍ ആ വൃദ്ധമന്ദിരത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ പുഞ്ചിരിയും കണ്ണീരും പെയ്തിറങ്ങി.

ഒരാള്‍മാത്രം സ്‌നേഹസന്തോഷങ്ങളില്‍ പങ്കുചേരാതെ അകന്നുമാറിയിരിക്കുന്നത് തനൂജ കണ്ടു. ആര്‍ക്കുംവേണ്ടാത്തവരെ ഉമ്മവയ്ക്കുന്ന ഇവളാര്? എന്നഭാവത്തില്‍ അവര്‍ തനൂജയെ തുറിച്ചുനോക്കിയിരിപ്പാണ് 

എന്താമ്മേ ഇങ്ങനെ നോക്കുന്നത്? തനൂജ നിറഞ്ഞചിരിയോടെ അവരുടെ അടുത്തേക്കുചെന്നു.

'കാക്കയെപ്പോലെ കറുത്തിരിക്കുന്ന എന്നെ ഉമ്മവയ്ക്കണ്ട'     എന്ന് ശാഠ്യംപറഞ്ഞ്, നിഷേധഭാവത്തില്‍ തലകുലുക്കിക്കൊണ്ട് അവര്‍ ബഞ്ചിന്റെ അങ്ങേയറ്റത്തേക്ക് നീങ്ങിയിരുന്നു.

അപ്രതീക്ഷിതമായ നിഷേധപ്രകടനം കണ്ടിട്ടും ചിരിമങ്ങാതെ തനൂജ ചോദിച്ചു:

അമ്മയുടെ പേരെന്താ?

ലിസാമ്മ. 

എവിടെയാ നാട്?

നെയ്യാറ്റിന്‍കര

  മറ്റുള്ള അമ്മമാരെപ്പോലെ എളുപ്പം വഴങ്ങുന്ന സ്വഭാവമല്ല ലിസാമ്മയുടേത്. എങ്കിലും എനിക്കുംവേണം സ്‌നേഹമുള്ള ഒരുമ്മ എന്നൊരു വലിയ മോഹം  അവരുടെ നിഷേധത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നതായി തനൂജക്ക് തോന്നി. അവള്‍ ആ ശാഠ്യക്കാരിയെ കെട്ടിപ്പിടിച്ച് ഇരുകവിളിലും ഓരോ മുത്തം കൊടുത്തു. 

സ്‌നേഹമോ സന്തോഷമോ പുറത്തുകാട്ടാതെ ലിസാമ്മ ചിരിച്ചു; പലതും പറയാതെപറയുന്ന ചിരി. 

ലിസാമ്മയെ മനസ്സിലാകണമെങ്കില്‍ അല്‍പം മനശ്ശാസ്ത്രം അറിഞ്ഞിരിക്കണം. തനൂജ മനസില്‍പറഞ്ഞു.

കറുത്തനിറത്തിന്റെ പേരില്‍ അവഗണനകളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങി മരവിച്ചുപോയ മനസ്സായിരിക്കാം ലിസാമ്മയുടേത്

അമ്മ കാക്കയെപ്പോലെ കറുത്തിട്ടാണെന്നാരാ പറഞ്ഞത്? 

ആര്‍ക്കാ പറയാനറിയാത്തത്?

തര്‍ക്കുത്തരം പറയാന്‍ ലിസാമ്മ മിടുക്കിയാണല്ലൊ. 

അവരുടെ തോളത്തുതട്ടി അഭിനന്ദിച്ചുകൊണ്ട് തനൂജ പറഞ്ഞു: കാക്കയുടെ കറുപ്പിന് വൃത്തിയുടെ അഴകാണ്. 

ലിസാമ്മയുടെ ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി മിന്നിപ്പൊലിഞ്ഞു.

തനൂജക്ക് സ്‌നേഹയിലെ അന്തേവാസികളെക്കുറിച്ച് കൂടുതല്‍ അറിയണമെന്നു തോന്നി. അവള്‍ പീറ്ററച്ചന്റെ ആഫീസിലേക്ക് ചെന്നു.

ഇവരൊക്കെ ധാരാളം സമ്പത്തും കുടുംബക്കാരുമൊക്കെ ഉള്ളവര്‍തന്നെ. ആവതുള്ള കാലത്ത് നമ്മള്‍ ആരെയാണോ ഒരുപാട് സ്‌നേഹിക്കുന്നത് അവരായിരിക്കും ആവതില്ലാത്ത കാലത്ത് നമ്മെ  ഒരുപാട് നോവിക്കുന്നത്. സ്വന്തമല്ലാത്ത ഒരാളുടെ അല്‍പനേരത്തെ സ്‌നേഹംകൊണ്ട്  ഒപ്പിയെടുക്കാവുന്നത്ര ചെറുതല്ല ആ നോവുകള്‍. പീറ്ററച്ചന്‍ വലിയൊരു പരമാര്‍ത്ഥം അവളെ ഓര്‍മ്മിപ്പിച്ചു.

ഇവരുടെ നോവുകള്‍ ഒപ്പിയെടുക്കാന്‍ എനിക്കാവില്ലെന്നറിയാം ഫാദര്‍. ഞാനിവിടെ വന്നത് എന്റെ നോവുകള്‍ മറന്ന് അല്‍പനേരം ഇവരോടൊപ്പം സന്തോഷിക്കാനാണ്.

അവള്‍ പാട്ടുപാടിയും നൃത്തംചെയ്തും എല്ലാവരെയും  സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു. ലിസാമ്മയൊഴികെ മറ്റെല്ലാവരും അവളോടൊപ്പം  ആടിയും പാടിയും രസിച്ചു.

ഉച്ചക്ക് 'അമ്മയുടെ അടുക്കള'യില്‍നിന്നും കൊണ്ടുവന്ന ചോറും കറികളും തനൂജയും ജോസിയും ചേര്‍ന്ന് എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു. പിറന്നാള്‍സദ്യ കഴിച്ചശേഷം, അവരോടൊപ്പമുള്ള ചിത്രങ്ങള്‍  മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി, തനൂജ തന്റെ പിറന്നാളാഘോഷം ഒരിക്കലും മറക്കാത്ത ഒരനുഭവമാക്കി. 

ഇനിയും വരണേ മോളേ... എന്ന സ്‌നേഹാര്‍ത്ഥനയോടെ  അവര്‍ അവള്‍ക്ക് റ്റാറ്റാ... പറഞ്ഞു.

ഉറ്റവരുപേക്ഷിച്ച ആ വൃദ്ധജനങ്ങളുടെ മുഖങ്ങള്‍ മനസ്സില്‍നിറച്ചുകൊണ്ട്, അവള്‍ ഏകാന്തതമുറ്റിയ തന്റെ പാര്‍പ്പിടത്തിലേക്ക് മടങ്ങി.

അല്‍പനേരം കഴിഞ്ഞപ്പോള്‍ പീറ്ററച്ചന്‍ തനൂജയെ വിളിച്ചു: 

മാഡം, ലിസാമ്മക്ക് വല്ലാത്തൊരു നിര്‍ബന്ധം:  രണ്ടുദിവസം നിങ്ങളോടൊപ്പം താമസിക്കണമെന്ന്. ഞാനവരോട് എന്തുപറയാന്‍? 

അച്ചന് വിരോധമില്ലെങ്കില്‍ എനിക്ക് സന്തോഷമേയുള്ളു. എന്റെ വീട് ലിസാമ്മക്കുമാത്രമല്ല, സ്‌നേഹയിലെ എല്ലാ വൃദ്ധജനങ്ങള്‍ക്കും ഒരു ബന്ധുവീടായിരിക്കും. വല്ലപ്പോഴുമൊക്കെ വന്നുംപോയും നമുക്ക് പരസ്പരം സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കാം. 

സന്തോഷം. നാളെരാവിലെ ജോസിമോള്‍ ലിസാമ്മയെ അവിടെ കൊണ്ടാക്കും. രണ്ടുദിവസംകഴിഞ്ഞ് അവള്‍ വന്ന് കൂട്ടിക്കൊണ്ടുപോരും. പീറ്ററച്ചന്‍ അറിയിച്ചു.

പിറ്റേന്നുരാവിലെ കാളിംഗ്‌ബെല്ലിന്റെ ശബ്ദംകേട്ട് വാതില്‍തുറന്ന തനൂജ കണ്ടത് ലിസാമ്മയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു.

                                    -----------------------------------------------------------------

Thursday, 13 October 2022

മധുരമീനാക്ഷി ക്ഷേത്രം (യാത്ര) എസ്.സരോജം

 

വൈഗനദിയുടെ തെക്കെക്കരയില്‍ സ്ഥിതിചെയ്യുന്ന
ഒരു പുരാതനക്ഷേത്രമാണ് മീനാക്ഷി അമ്മന്‍ ക്ഷേത്രം.
ക്ഷേത്രത്തിനുചുറ്റുമായി പതിനാലേക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന
ക്ഷേത്രനഗരം വളരെ ആസൂത്രിതമായി നിര്‍മ്മിച്ചിട്ടുള്ളതാണ്.
ചതുരാകൃതിയിലുള്ള തെരുവുകളും അവയ്ക്കുചുറ്റും തമ്മില്‍
കൂട്ടിയിണക്കുന്ന വീഥികളും ഉള്‍പ്പെടുത്തി, താമരയുടെ ആകൃതിയിലുള്ള
നിര്‍മ്മാണരീതി. നഗരത്തിലെ റോഡുകളിലെ തിരക്കുകുറയ്ക്കാന്‍ ഈ
നിര്‍മ്മാണരീതി വളരെ സഹായകമാണത്രെ.
ക്ഷേത്രത്തിന് നാലുദിക്കുകളെ ദര്‍ശിക്കുന്ന നാല് പ്രവേശനകവാടങ്ങളുണ്ട്.
ഇതില്‍ ഏറ്റവും ഉയരമുള്ളതും (52 മീറ്റര്‍) അഞ്ചുനിലകളുള്ളതുമായ
തെക്കേകവാടംവഴിയാണ് ഞങ്ങള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തിനകത്ത്
പ്രധാനകോവിലുകളുടെ എട്ട് ചെറിയ ഗോപുരങ്ങള്‍ വേറെയുമുണ്ട്.
ദ്രാവിഡവാസ്തുവിദ്യയുടെ  മകുടോദാഹരണങ്ങളായ ക്ഷേത്രഗോപുരങ്ങള്‍
നിറയെ കരിങ്കല്ലില്‍കൊത്തിയ പുരാണകഥാപാത്രങ്ങളും വ്യാളീമുഖങ്ങളും
കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അജന്ത, എല്ലോറ മാതൃകയിലുള്ള
രതിശില്‍പങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബൈനോക്കുലറിലൂടെയോ
സൂംലെന്‍സിലൂടെയോ നോക്കിയാല്‍ ശില്‍പങ്ങളെല്ലാം വ്യക്തമായി
കാണാന്‍കഴിയും. നിരവധി ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും
അധിഷ്ഠിതമായ ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും
സാക്ഷ്യംവഹിക്കുന്ന മുപ്പത്തിമൂവായിരത്തോളം ശില്‍പങ്ങളും നൂറ്റാണ്ടുകള്‍
പഴക്കമുള്ള ചുവര്‍ചിത്രങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികള്‍
വിസ്മയത്തോടെ നോക്കിക്കാണുന്നു.
985 തൂണുകളുള്ള ആയിരംകല്‍
മണ്ഡപവും വളരെ ആകര്‍ഷകമാണ്. ഈ മണ്ഡപത്തിനുപുറത്ത് ഏഴ്
കല്‍ത്തൂണുകള്‍ (മ്യൂസിക്കല്‍ പില്ലേഴ്‌സ്) കാണാം. അവയില്‍ ചെറിയ
മരക്കോലുകൊണ്ട് മൃദുവായിമുട്ടിയാല്‍ സപ്തസ്വരങ്ങള്‍ കേള്‍ക്കാം.
തൂണുകളുടെ അമിതഭാരവും കാലപ്പഴക്കവും കൊണ്ടാവാം ഇപ്പോള്‍
മ്യൂസിക്കല്‍ നോട്‌സ് ശരിയായ പിച്ചിലല്ല കേള്‍ക്കുന്നത്. മണ്ഡപത്തിനു
പുറത്തുള്ള പൊന്‍താമരക്കുളത്തിന്റെ പടവുകളില്‍നിന്നുള്ള
ക്ഷേത്രഗോപുരക്കാഴ്ച എത്രമനോഹരം! കുളത്തിനുനടുവിലായി
സ്വര്‍ണ്ണക്കൊടിമരം കാണാം. 
ഇവിടെ ശ്രീപാര്‍വതിയെ മീനാക്ഷിയായും  പരമശിവനെ സുന്ദരേശ്വരരായും
ആരാധിച്ചുവരുന്നു. ആകയാല്‍ ഈ ക്ഷേത്രത്തിന് 
മീനാക്ഷിസുന്ദരേശ്വരക്ഷേത്രം എന്നും പേരുണ്ട്. പാര്‍വതീദേവിക്ക്
പരമശിവനെക്കാള്‍ പ്രാധാന്യം കല്‍പിച്ചുപോരുന്ന അപൂര്‍വം
ക്ഷേത്രങ്ങളിലൊന്നാണിത്. ഹൈന്ദവവിശ്വാസപ്രകാരം ശ്രീപാര്‍വതിയുടെ
അവതാരമാണ് മീനാക്ഷി. അനന്തരാവകാശിയില്ലാതിരുന്ന രണ്ടാം
പാണ്ഡ്യരാജാവ് മാലയധ്വജപാണ്ഡ്യനും ഭാര്യ കാഞ്ചനമാലയ്ക്കും 
പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി ലഭിച്ച മകളാണ് മീനാക്ഷി.
യാഗാഗ്നിയില്‍നിന്ന് ഒരു പെണ്‍കുഞ്ഞ് ഉയര്‍ന്നുവന്നു. അവള്‍ക്ക് മൂന്ന്
സ്തനങ്ങളുണ്ടായിരുന്നു. ഭാവിവരനെ ദര്‍ശിക്കുന്നമാത്രയില്‍ മൂന്നാംസ്തനം
അപ്രത്യക്ഷമാകുമെന്ന് പ്രവചനമുണ്ടായി. പുത്രീഭാഗ്യത്തില്‍സന്തുഷ്ടനായ
രാജാവ് മകളെ തടാതകൈ എന്നുവിളിച്ചു. അറുപത്തിനാല് ശാസ്ത്രങ്ങളിലും
പാണ്ഡിത്യംനേടിയ തടാതകൈ പിതാവിന്റെ മരണശേഷം
പാണ്ഡ്യരാജ്യത്തിലെ രാജ്ഞിയായി. ധീരയോദ്ധാവായ  രാജ്ഞി
പടനയിക്കുന്നതിനിടയില്‍ കൈലാസത്തില്‍വച്ച് പരമശിവനെ
കാണാനിടയായി. ആ നിമിഷം മൂന്നാംസ്തനം അപ്രത്യക്ഷമായി.
താന്‍ പാര്‍വതീദേവിയുടെ അവതാരമായ മീനാക്ഷിയാണെന്നും
ശിവപത്‌നിയാവേണ്ടവളാണെന്നും തിരിച്ചറിഞ്ഞ രാജ്ഞി പരമശിവനോട്
വിവാഹാഭ്യര്‍ത്ഥനനടത്തി. ശിവന്‍ സമ്മതമരുളുകയും മധുരയില്‍
തനിക്കായി കാത്തിരിക്കാന്‍ പറയുകയുംചെയ്തു. മധുരയില്‍ തിരിച്ചെത്തിയ
രാജ്ഞി പരമശിവനെ കാത്തിരുന്നു. എട്ടുദിവസങ്ങള്‍ക്കുശേഷം
സുന്ദരേശ്വരരുടെ രൂപത്തില്‍ മധുരയിലെത്തിയ പരമശിവന്‍ മീനാക്ഷിയെ
വിവാഹംചെയ്തു. മധുരയില്‍ നടന്ന തിരുക്കല്യാണത്തില്‍ ഭൂമിയിലെ
സര്‍വചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവഗണങ്ങളും പങ്കെടുത്തു.
വിവാഹശേഷം ഇരുവരുമൊരുമിച്ച് വര്‍ഷങ്ങളോളം മധുരൈരാജ്യം
ഭരിച്ചുവെന്നും പിന്നീട് മീനാക്ഷി-സുന്ദരേശ്വരരൂപത്തില്‍ ക്ഷേത്രത്തില്‍
കുടികൊള്ളുന്നുവെന്നുമാണ് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം.
ആണ്ടുതോറും ഏപ്രില്‍മാസത്തില്‍ ആഘോഷിക്കുന്ന തിരുക്കല്യാണം
അഥവാ ചൈത്രമഹോത്സവം (ചിത്തിരൈ തിരുവിഴാ) ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
ചരിത്രപ്രസിദ്ധരായ പാണ്ഡ്യരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മധുരൈ.
കുലശേഖരപാണ്ഡ്യനാണ് മധുരമീനാക്ഷിക്ഷേത്രം നിര്‍മ്മിച്ചത്. പതിനാലാം
നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മധുര ഡല്‍ഹിരാജാക്കന്മാരുടെയും
അതിനുശേഷം തുഗ്ലക് വംശത്തിന്റെയും 1371-ല്‍ വിജയനഗര
സാമ്രാജ്യത്തിന്റെയും അധീനതയിലായി. വിജയനഗരരാജാക്കന്മാരുടെ
പ്രതിനിധിയായി മധുരയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്
നായ്ക്കര്‍(ഗവര്‍ണ്ണര്‍) ആയിരുന്നു. 
1530-ല്‍ കൃഷ്ണദേവരായരുടെ മരണശേഷം നായ്ക്കര്‍
മധുരയുടെ സ്വതന്ത്രാധികാരികളായി. പ്രധാനകോവിലുകള്‍
മാത്രമുണ്ടായിരുന്ന മധുരമീനാക്ഷി ക്ഷേത്രത്തെ ഇന്നുകാണുന്ന രീതിയില്‍
ശില്‍പകലയുടെ ശ്രീകോവിലാക്കിമാറ്റിയത് 1623-1659 കാലത്ത് മധുര
ഭരിച്ചിരുന്ന തിരുമല നായ്ക്കരാണ്. മധുരമീനാക്ഷിക്ഷേത്രത്തിന്റെ
പടിഞ്ഞാറേഗോപുരമാതൃക മനസ്സില്‍ കണ്ടുകൊണ്ടാണ് 1949-ല്‍
മധുരൈക്കാരനായ ആര്‍.കൃഷ്ണറാവു തമിഴ്‌നാട് സംസ്ഥാനത്തിന്റെ
ഔദ്യോഗികചിഹ്നം രൂപകല്‍പനചെയ്തത്. എന്നാലിത് ശ്രീവില്ലിപ്പുത്തൂര്‍
ക്ഷേത്രഗോപുരമാണെന്നാണ്  പരക്കെയുള്ള ധാരണ. 

ദിനംപ്രതി പതിനയ്യായിരത്തോളം   സന്ദര്‍ശകരാണ് ക്ഷേത്രദര്‍ശനത്തിനെത്തുന്നത്. വെള്ളിയാഴ്ചദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം 25,000 കവിയുമത്രെ. ഏകദേശം ആറുകോടിയോളംരൂപയാണ്. ക്ഷേത്രത്തിന്റെ വാര്‍ഷികവരുമാനം. രണ്ടുമണിക്കൂറിലേറെ സമയം ക്യൂനിന്നിട്ടാണ് ഞങ്ങള്‍ക്ക് ദര്‍ശനം സാദ്ധ്യമായത്. എന്നാല്‍ ക്യൂനില്‍ക്കാതെ വേഗം ദര്‍ശനം സാദ്ധ്യമാക്കാനുള്ള സംവിധാനങ്ങളുമുണ്ടെന്ന് ക്യൂനിന്ന് തളര്‍ന്നപ്പോഴാണ് മനസ്സിലായത്.

മധുരമീനാക്ഷിയെ കണ്ടുമടങ്ങുമ്പോള്‍, സമീപത്തുള്ള ചെറിയൊരു തെരുവ് എന്നെ അത്ഭുതപ്പെടുത്തി; പൂക്കളും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന തെരുവുകള്‍ക്കിടയില്‍ അറിവിന്റെ നിറവുപകരുന്ന പുസ്തകങ്ങള്‍ക്കായി ഒരിടം! കാല്‍നടക്കാര്‍ തിക്കിത്തിരക്കി നടക്കുന്ന വഴിയോരത്ത് ഇരുവശങ്ങളിലും നിരന്നിരിക്കുന്ന പുസ്തകക്കടകള്‍. ആധുനികസംവിധാനങ്ങളൊന്നുമില്ലാതെ, ആയിരക്കണക്കിന് പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്നു. 

ഒരു കടയില്‍നിന്ന് പുസ്തകങ്ങളും മാസികകളുമായി ഇറങ്ങിവരുന്ന ഒരു സാധാരണസ്ത്രീയെ ഞാന്‍ ആശ്ചര്യത്തോടെ കണ്ടു.  എല്ലാ കടകള്‍ക്കുള്ളിലും പുസ്തകങ്ങള്‍ തിരയുന്ന വായനപ്രേമികളെ കണ്ടു. ഭക്തിസാന്ദ്രമായ ചുറ്റുപാടുകളില്‍,  പുസ്തകവില്‍പന ലാഭകരമായി നടന്നുപോകുന്നുവെന്ന് ഉടമകള്‍ പറയുകയുണ്ടായി. നേരത്തെ ടാക്‌സിയില്‍ നഗരം ചുറ്റുമ്പോഴും പാതയോരത്ത് നിരവധി പുസ്തകക്കടകള്‍ കാണുകയുണ്ടായി. ആധുനികസജ്ജീകരണങ്ങളോടുകൂടിയ ആ വലിയ പുസ്തകക്കടകളില്‍ വിദേശഭാഷകളിലേതുള്‍പ്പെടെ  എല്ലാത്തരം മികച്ച പുസ്തകങ്ങളും ലഭ്യമാണ്. തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനമാണല്ലൊ മധുരൈ നഗരം അന്നും ഇന്നും. മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ പൊന്‍താമരക്കുളത്തിന്റെ പരിസരങ്ങളിലാണ് സംഘകാലകവികള്‍ ഒത്തുചേര്‍ന്ന് കവിസമ്മേളനങ്ങളും സാഹിത്യസംവാദങ്ങളും നടത്തിയിരുന്നത്. സംസ്‌കാരസമ്പന്നമായിരുന്ന ആ പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന മധുരൈനഗരത്തോട് വിടപറയുമ്പോള്‍ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.