Tuesday 30 June 2015

ചുവന്ന കല്ലുള്ള വെളുത്ത മുത്ത് (കഥ)


ഹായ്,  സുഷൂ  നീയിന്നു  ഫ്രീയാണോ ?
അതെയല്ലോ . എന്താടാ ?
ഞാനിതായെത്തി . റെഡിയായിരുന്നോ . ഒരു സര്‍പ്രൈസുണ്ട് .
 കള്ളകൃഷ്ണന്‍ വീ ഡിയോഫോണിലൂടെ കണ്ണിറുക്കി ക്കാണിച്ചു.
അവളുടെ കണ്ണുകളില്‍നിന്ന് ഉറക്കത്തിന്‍റെ ശിഷ്ടാലസ്യം പറന്നുപോയി.           അവന്‍ വിളിക്കുമ്പോള്‍ പാതിമയക്കത്തിലായിരുന്നു അവള്‍. രാത്രിയിലെ ഉറക്കം മതിയായിരുന്നില്ല.  കുട്ടികള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ വാതിലും പൂട്ടി വന്നുകിടന്നതാണ്. ഇന്നലെ രാത്രിയില്‍ കിണറ്റിന്‍കരയില്‍ വഴിതെറ്റിവന്ന പച്ചത്തവള പ്രോം.... പ്രോം.... എന്ന് കരഞ്ഞു ബഹളമുണ്ടാക്കി . ചില്ലുവിന് അതിനെ കിട്ടിയേ മതിയാവൂന്ന്‍ ഒരേ നിര്‍ബന്ധം. പാതിരാവോളം പുറകെ ഓടിയിട്ടും പിടികിട്ടിയില്ല . ഒടുവില്‍ പടിഞ്ഞാറേ പറമ്പിലെ ചന്ദ്രന്‍കുട്ടി വന്ന്‍ അതിനെ പിടിച്ച് പ്ലാസ്റ്റിക് കവറിലാക്കിക്കൊടുത്തു . അവളിന്ന്‍ അതിനെ കീറിമുറിച്ച് അതിന്‍റെ ശരീരശാസ്ത്രവും ജീവശാസ്ത്രവുമൊക്കെ പഠിക്കും. അങ്ങനെ ഓരോന്നു പഠിച്ചുപഠിച്ച് മനുഷ്യശരീരം കീറി ത്തുന്നുന്ന മിടുക്കിയായ സര്‍ജനാവും . കെല്ലിക്കാണെങ്കില്‍ ഒരു ശാസ്ത്രജ്ഞനാ വാണമെന്നാണ് മോഹം . മോഹങ്ങളൊക്കെയും സാധ്യമാക്കാന്‍ വേണ്ടിയാണ് അവരുടെ അച്ഛന്‍ മണല്‍ക്കാറ്റ് വീശുന്ന മരുഭൂമിയിലെ പെട്രോള്‍കമ്പനിയില്‍ ജോലിതേടിപ്പോയതും സുഷമാ ദേവിയെന്ന കോളേജ് ബ്യൂട്ടിക്ക് ദാമ്പത്യകാലം പന്ത്രണ്ടിലൊന്നായി   ചുരുക്കേണ്ടിവന്നതും.
                    സുനില്‍ശങ്കര്‍  വിശ്വസ്ഥനായ സുഹൃത്താണ്, പൌരുഷമുള്ളവനും. ലോകമായ ലോകമെല്ലാം ആഘോഷിച്ചു തിമര്‍ക്കുന്ന ഒരു സുദിനമാണ് അവന്‍റെ ജന്മദിനം , എന്നുപറഞ്ഞാല്‍ സാക്ഷാല്‍ ക്രിസ്തുദേവന്‍  തിരുപ്പിറവിയെടുത്ത പുണ്യദിനം . സുനില്‍ശങ്കര്‍  എന്ന കലാകാരനെ വിശ്വപ്രശസ്തനാക്കിയത് അതിവിശിഷ്ടമായ ജന്മമുഹൂര്‍ത്തം തന്നെയാണെന്നാണ് അവന്‍ അവകാശപ്പെടുന്നത് . ദേശാന്തരങ്ങളില്‍നിന്നു പോലും ആശംസകളും പ്രേമചുംബനങ്ങളും പറന്നെത്തും. അതിന്‍റെ ഗര്‍വ്വം അവന് വേണ്ടതിലധികം ഉണ്ടുതാനും. കൌമാരക്കാരികള്‍ മുതല്‍ തൈക്കിഴവികള്‍ വരെ അവന്‍റെ  ആരാധക വൃന്ദത്തില്‍പ്പെടും. ലോറക്കും  ഡയാനക്കും കത്രീനക്കും ഷറപ്പോവക്കുമൊക്കെ അവനെ തൊടാഞ്ഞിട്ട് അടക്കം വരുന്നില്ലത്രേ! ഷാരൂഖാനും  കമല്‍ഹാസനുമൊക്കെ അവന്‍റെ വെട്ടത്തുപോലും വരില്ലെന്നാണ് ഉത്തരേന്ത്യാക്കാരികളും ദക്ഷിണേന്ത്യാക്കാരികളും ഒരേപോലെ    അത്ഭുതംകൂറുന്നത്. അവന്‍റെ  നടനവിസ്മയം  നേരിട്ടാസ്വദിക്കാന്‍ ഫ്രാന്‍സില്‍നിന്ന്‍ ഒരു സംഘം യുവതികള്‍ ഉടനെ എത്തുമെന്നു കേള്‍ക്കുന്നു. ഗള്‍ഫിലെ ആരാധികമാരെ  ആണ്ടില്‍ രണ്ടു തവണയെങ്കിലും പോയിക്കാണാതെ അവനും ഉറക്കം വരില്ല . ജെര്‍മ്മനിയിലും റഷ്യയിലും ചൈനയിലുമൊക്കെ അടുത്തകാലത്ത്‌ പോയിവന്നതെയുള്ളൂ . റഷ്യന്‍ കോണ്‍സുലേറ്റിലെ സുന്ദരിമാര്‍  അവനുവേണ്ടി അവിടെയൊരു നാട്യകലാ കേന്ദ്രത്തിന്‍റെ ഡയറകറ്റര്‍സ്ഥാനം പോലും ഉള്ളംകൈയില്‍ വച്ചുകൊടുത്തതാണത്രേ .എല്ലാം വേണ്ടെന്നുവച്ചു മടങ്ങിപ്പോന്നത് ഈ സുഷമയ്ക്കു വേണ്ടിയാണത്രേ !
                എന്താണാവോ ഇവള്‍ക്കുവേണ്ടി അവന്‍ കരുതിവച്ചിരിക്കുന്ന സര്‍പ്രൈസ് ? എത്ര വേഗത്തില്‍ സ്വിഫ്റ്റ് പറത്തിവിട്ടാലും കുറഞ്ഞത്‌ ഒരുമണിക്കൂറെടുക്കും ഇവിടെയെത്താന്‍. അതിനകം മുടിയിലെ മെഴുക്കെല്ലാം ഷാമ്പൂ തേച്ചുകഴുകി ചിക്കിപ്പറത്തണം, അവന്‍റെ ഒണ്‍മാന്‍ഷോയെ വെല്ലുന്ന ചന്ദനച്ചാറു ദേഹമാകെ പൂശണം, കണ്ണുകള്‍ ഐലൈനറിട്ടു  ഭംഗി കൂട്ടണം, ചുണ്ടില്‍ ചുവന്ന ചായംതേച്ചു  നിറം കൂട്ടണം , കവിളത്തെ  ആപ്പിള്‍ചുവപ്പിനുമേലെ റോസ്പൌഡറിട്ട് മിനുസം കൂട്ടണം , പിന്നെ ... രക്തത്തുടിപ്പാര്‍ന്ന വെളുത്ത മേനിക്ക് ചേര്‍ന്ന ഗോള്‍ഡന്‍യെല്ലോ സാരിയും ബ്ലൌസും അണിയണം..... സുഷമയ്ക്ക് ആഘോഷത്തിന്‍റെ മണിക്കൂറുകളാണിനി.
                   അരമണിക്കൂര്‍കൊണ്ട് ഒരുക്കമെല്ലാം പൂര്‍ത്തിയാക്കി അവള്‍ വഴിക്കണ്ണുമായി നിന്നു. എത്താറാവുമ്പോള്‍ അവന്‍ മിസ്കാളടിക്കും, ഗേറ്റ് തുറന്നിടണം.  വണ്ടി മുറ്റത്ത്‌ പാര്‍ക്കുചെയ്തിട്ട് കള്ളച്ചിരിയുമായി അവന്‍ ഇറങ്ങിവരും.
                          ഇന്ന്‍ പ്രതീക്ഷിച്ചതിലും നേരത്തേ അവനെത്തി . വണ്ടി കത്തിച്ചുവിട്ടിരിക്കും . സര്‍പ്രൈസ് എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ അവള്‍ ഓടി അരികിലെത്തി . കയ്യില്‍ പതിവുപോലെ ഒരു കുപ്പിയല്ലാതെ മറ്റൊന്നുമില്ല . വന്നപാടേ കഴുത്തില്‍ കൈചുറ്റി കണ്ണുകളിലേക്കുറ്റുനോക്കി ക്കൊണ്ട് അവന്‍ പറഞ്ഞു :  
 എന്‍റെ സുഷൂ , നിന്‍റെയീ കണ്ണുകള്‍...!
  സര്‍പ്രൈസ് എന്താന്നു പറ മുത്തു . അവള്‍ അവനെ തള്ളിമാറ്റി നേരിയ പരിഭവം കാട്ടി അകന്നു നിന്നു.
   എന്താന്ന്‍ നീ കണ്ടുപിടിക്ക്.
    രക്ത ച്ചുവപ്പുള്ള ചുണ്ടുകള്‍ മേല്‍പ്പോട്ട് വളച്ച്, പല്ലും മോണയും പുറത്തുകാട്ടി കൊഞ്ഞാളനെപ്പോലെ അവന്‍ ഇളിച്ചു കാട്ടി .
അവള്‍ അവനെ ആപാദകേശം ചുഴിഞ്ഞു നോക്കി .
ഹായ്  കണ്ടുപിടിച്ചു...
ഒരു കാതില്‍ വെട്ടിത്തിളങ്ങുന്ന കൊച്ചു വൈരക്കമ്മല്‍. ചുറ്റും വെളുത്ത മുത്തു കെട്ടി നടുവില്‍ ചുവന്ന വൈരക്കല്ലു പതിച്ച  വിലപിടിപ്പുള്ള കമ്മല്‍!


    എങ്ങനെയുണ്ടു മോളേ? നല്ല ചേര്‍ച്ച അല്ലേ ?
     ഉവ്വ്  ഉവ്വ് . കുണുക്കായിരുന്നെങ്കില്‍ കുറേക്കൂടി ചേര്‍ച്ച വന്നേനെ.
     എന്നാലേ മറ്റേക്കാതില്‍ ഒരു കുണുക്കിടാം. അല്ലെടീ ?
     ആയിക്കോ.
      അവന്‍ പോക്കറ്റില്‍നിന്നൊരു കുണുക്കെടുത്ത്  മറ്റേ കാതിലിട്ടു. എന്നിട്ട് അവളുടെ മുമ്പില്‍ നിന്ന്‍ തുള്ളിക്കളിക്കാന്‍ തുടങ്ങി.


  സുനില്‍, കമ്മലും കുണുക്കും എല്ലാം എനിക്കിഷ്ടമായി. പക്ഷേ....
 എന്തു പക്ഷേ....?
  നീയൊരു വലിയ കലാകാരനല്ലേ , ലോകം മുഴുവന്‍ അറിയുന്ന കലാകാരന്‍. കുറച്ചുകൂടി സീരിയസ്സായിക്കൂടെ നിനക്ക് ?
എന്തിന് ? ഞാന്‍ ഞാനായിരിക്കുന്നതല്ലേ ശരി?
 ഒരുനിമിഷം അവന്‍ തുള്ളിക്കളി നിറുത്തി ,ഗൗരവംനടിച്ചുനിന്നു.
  അതുപോട്ടെ. ഇങ്ങനെയൊക്കെ വേഷം കെട്ടി നടക്കാന്‍ നിന്‍റെ ഭാര്യ സമ്മതിക്കുമോ ? വീട്ടില്‍ സ്വസ്ഥത വേണ്ടേ നിനക്ക് ?
    ആ ചോദ്യം അവന്‍റെ ആവേശം കെടുത്തിയോ എന്ന്‍ വേവലാതിപ്പെട്ടു കൊണ്ട് അവള്‍ തിടുക്കപ്പെട്ട് ചോദിച്ചു: ആട്ടെ, എവിടുന്നു കിട്ടി നിനക്കിതൊക്കെ ? എത്ര കൊടുത്തു ?
      ഉം.... കൊടുക്കും കൊടുക്കും. എടീ മണ്ടീ ഇന്നലെ ഞാനൊരു സ്വര്‍ണ്ണക്കട ഉത്ഘാടനം ചെയ്യാന്‍ പോയി.
     അവര്‍ക്കെന്താ സിനിമാനടികളെയൊന്നും  കിട്ടിയില്ലേ ?
      ഞാനവരോട് ചോദിച്ചതാ. അപ്പോള്‍ അവര്‍ പറഞ്ഞതെന്നാന്നോ ? നടിമാര്‍ വന്നാല്‍ കുറേ ജനം കൂടും. പക്ഷേ എത്ര പവന്‍ സമ്മാനം കൊടുക്കണമെന്നറിയാമോ? സാറാവുമ്പം സ്വര്‍ണ്ണവും തങ്കവുമൊന്നും വേണ്ടല്ലോന്ന്‍. അതു ശരി. അപ്പോള്‍ ചുളുവിനു കാര്യം സാധിക്കാമെന്ന് കരുതിയോ ? എനിക്കും വേണം സ്വര്‍ണ്ണം എന്നായി ഞാന്‍. സാറിനെന്താ വേണ്ടത് ?  ഒരു മോതിരം തരട്ടെ ? എന്നവര്‍. എനിക്കെന്തിനാ മോതിരം ?  കാതിലൊരു കുണുക്കിട്ടു താ എന്ന് ഞാന്‍. കുണുക്ക് മാത്രം മതിയോ സാറേ ? ഒരു കമ്മലും കൂടിയിരിക്കട്ടെ എന്നായി അവര്‍. എന്നാല്‍ രണ്ടും ഇട്ടുതാ എന്നായി ഞാന്‍. എന്‍റെ സുഷൂ , പിന്നെന്താ ജോറ് ... ഒരു കാതില്‍ കുണുക്കും   മറ്റേ കാതില്‍ കമ്മലുമിട്ട്.... പിന്നെ   ഒറ്റക്കാതില്‍ കുണുക്കിട്ട്....  പിന്നെ കമ്മലിട്ട്...   പല പോസുകളില്‍ കുറേ പടം പിടിച്ചിട്ടേ അവര് വിട്ടയച്ചുള്ളൂ.
    അത് കൊള്ളാമല്ലോ , അവര് നിന്നെ നന്നായി മുതലാക്കിയെന്നു പറ . അതുപോട്ടെ . ഭാര്യ കണ്ടില്ലേ ഇതൊന്നും ?
   അയ്യോടി മോളേ, രാത്രിയിലെ പുകിലൊന്നും പറയണ്ട . ഇതൊക്കെ അഴിച്ചു മാറ്റിയതിനു ശേഷമേ അവളടങ്ങിയുള്ളൂ.  ഇതിപ്പോള്‍ വണ്ടിക്കകത്തിരുന്നിട്ടതാ നിന്നെക്കാണിക്കാന്‍.
  എന്‍റെ മുന്നില്‍ നിനക്കേതുവേഷവും കെട്ടിയാടാം. എനിക്ക് നിന്നെ അത്രയ്ക്കിഷ്ടം . പക്ഷേ പുറത്തിറങ്ങുമ്പോള്‍ വേണ്ട .
     എന്നാലേ കണ്ടുമതിയാവുമ്പോള്‍ ഇതെല്ലാം ഊരിയെടുത്ത് നീതന്നെ വച്ചോ. കൊതി തോന്നുമ്പോള്‍ ഞാനിങ്ങോട്ടുപോരാം . അണിഞ്ഞൊരുങ്ങി നിന്‍റെ മുന്നില്‍ നിന്ന്‍ തുള്ളിക്കളിക്കാം. പോരേ ?
     പ്രേമാതിരേകത്താല്‍ അവള്‍ അവനെ മാറോടു ചേര്‍ത്തണച്ചു. അവനൊരു കുഞ്ഞു വാവയായി അവളുടെ ചുരന്ന മാറില്‍ ചുണ്ടമര്‍ത്തി.
    പതിവുവിനോദം കഴിഞ്ഞ്‌ തിരിച്ചുപോകാന്‍നേരത്ത് അവന്‍ കമ്മലും കുണുക്കും ഊരി അവളെ ഏല്‍പ്പിച്ചു. അവള്‍ അത് അലമാരയിലെ രഹസ്യ അറയില്‍ വച്ചുപൂട്ടി.
     കുട്ടികള്‍ ട്യൂഷനും കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ. ഇനിയും മണിക്കൂറുകള്‍ ബാക്കി.  മധുരാലസ്യത്തോടെ അവള്‍ സോഫയില്‍ ചാരിക്കിടന്ന്‍ പത്രത്തിന്‍റെ താളുകള്‍ വെറുതേ മറിച്ചുനോക്കി. ഒരു പേജ് നിറയെ പുതിയ സ്വര്‍ണ്ണക്കടയുടെ   പരസ്യം: ഫാഷന്‍നഗരിയില്‍ പുത്തന്‍ സ്വര്‍ണ്ണ വിസ്മയം ! പൗരുഷത്തിന്‍റെ പ്രതീകമായ കലാകാരന്‍ സുനില്‍ ശങ്കര്‍ ഉത്ഘാടനം ചെയ്യുന്നു .
  പരസ്യവാചകത്തിനു   താഴെ അവന്‍റെ  അര്‍ത്ഥ നഗ്ന ചിത്രം! ഒരു കാതില്‍ ചുവന്ന കല്ലുള്ള വെളുത്ത മുത്ത് .
  അടിക്കുറിപ്പ് ഇങ്ങനെ: സ്ത്രീകളുടെ ശ്രദ്ധയ്ക്ക്....  ഈ വിലപിടിപ്പുള്ള മുത്ത് നിങ്ങള്‍ക്കും സ്വന്തമാക്കാം . വരൂ ഞങ്ങളുടെ ഷോറൂമിലേക്ക്. ഡിസ്ക്കൌണ്ട് ഏതാനും ദിവസത്തേക്ക് മാത്രം.



 
   

       

         
       

No comments:

Post a Comment