Friday 21 June 2013

നിര്‍വ്വചനങ്ങള്‍ തിരുത്തിക്കുറിക്കുംപോള്‍(കഥ )



   
വിളറിവെളുത്ത മേഘങ്ങള്‍ അവനെ നോക്കിച്ചിരിച്ചു.
ഒരു പെഗ് അകത്തുചെന്നാല്‍ വെണ്‍മേഘങ്ങള്‍ ചിരിക്കും .
ഒന്നുകൂടിയായാല്‍ കരയും . .
അവയോടു സംവദിക്കാന്‍ അവനു ഭാഷ വേണ്ട;  മനസ്സു മതി......
സ്വപ്നങ്ങളുടെ തേരോട്ടം നിലച്ച മനസ്സ് .
   അനീമിയ ബാധിച്ച കുട്ടികളെപ്പോലെ മേഘക്കീറുകള്‍ ആകാശച്ചരുവില്‍ തളര്‍ന്നുകിടക്കുന്നതുകണ്ട് അവന്‍ പൊട്ടിക്കരഞ്ഞു .
പിന്നെ പുലമ്പി _
പ്രിയ മേഘങ്ങളേ, നിങ്ങളുടെ വിളറിവെളുത്ത ഉടല്‍ അടിമത്തത്തിന്‍റെ
അടയാളമാകുന്നു, തളര്‍ന്ന ചിറകുകള്‍ പരാശ്രയത്തിന്‍റെ പരകോടിയാകു
ന്നു. സ്വച്ഛതയിലേക്കു പറന്നുയരാന്‍ നിങ്ങള്‍ക്കു മോഹമില്ലേ ?
ഉണ്ടാവും എന്ന് എനിക്കറിയാം . തീര്‍ച്ചയായും നിങ്ങളതാഗ്രഹിക്കുന്നു.
 പക്ഷേ,....... .
നീലക്കടല്‍ മുതല്‍ നീലാകാശം വരെ കൊണ്ടെത്തിച്ച കാറ്റിനോടുള്ള വിധേയത്വം........
കരളിലെ നീര്‍മണികള്‍ കവര്‍ന്നെടുക്കുന്ന കടല്‍ക്കിഴവന്മാരോടുള്ള ഭയം...
അതെ , വിധേയത്വം, ഭയം
ജീവിതനിഘണ്ടുവില്‍ നമുക്കായി എഴുതപ്പെട്ട വാക്കുകള്‍
വിളറിയ ഉടലും പതറിയ മനസ്സുമായി
ആരോ തെളിക്കുന്ന വഴികളിലൂടെ ......
ഹായ്! നിങ്ങള്‍ ചിരിക്കുന്നു .
ഞാനും ചിരിക്കട്ടെ .
നിങ്ങളോടു സംവദിക്കുമ്പോള്‍ എന്‍റെ ഹൃദയം നഗ്നമാവുന്നു !
ഇന്ന് നിങ്ങളോടെനിക്കെന്തും പറയാം ;
 പരിഹാസമില്ല , കുറ്റപ്പെടുത്തലില്ല , ഭയാശങ്കകളില്ല....
സമാനഹൃദയരുടെ സ്വതന്ത്രസല്ലാപം .
കരളെരിയുന്ന രാപ്പകലുകളില്‍ ഞാന്‍ നിങ്ങളെ നോക്കിയിരിക്കാറുണ്ടായിരുന്നു. അന്നൊക്കെ നിങ്ങള്‍ എന്നെ കണ്ടതായി ഭാവിച്ചില്ല. നീര്‍മണികളുടെ തിളക്കം നിങ്ങളുടെ കാഴ്ചയെ മറച്ചിരുന്നു.
ഇന്നോ?
നിങ്ങളും ഞാനും ഒരുപോലെ.
എന്‍റെ കരളിലെ കിനാക്കളും നിങ്ങളുടെ കണ്ണിലെ നീരദഭംഗികളും കടല്‍ക്കിഴവന്മാര്‍ കൊള്ളയടിച്ചുകഴിഞ്ഞു.
നമ്മുടെ തൂവലുകള്‍ ആകാശമുറ്റത്തു ചിതറിക്കിടക്കുന്നു.
ഇന്നലെ......
ഇന്നലെ നിങ്ങളും കണ്ടതല്ലേ ?
എന്തിനാണവര്‍ എന്നെ അവഹേളിച്ചത് ?
ഞാനെന്തു തെറ്റാണു ചെയ്തത് ?
‘അര്‍ദ്ധരാത്രിക്കാണോടാ നിന്‍റെയൊരനന്തശയനം ......ന്‍റെ മോനേ ?’
ചോദ്യങ്ങള്‍ കേട്ടു നിങ്ങളും ഞെട്ടിയില്ലേ ?
രാവേറെച്ചെന്നിരുന്നു എന്നതു ശരിതന്നെ. ബീച്ചില്‍ ഞങ്ങളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല ; ഞങ്ങള്‍ അഞ്ചുപേര്‍ മാത്രം .
അല്പം ‘ഹോട്ട്’ അകത്തുചെന്നാല്‍ പിന്നെ ഞങ്ങളാരാ ! ബാക്സ്ട്രീറ്റ് ബോയ്സ്! അതാണു പതിവ്.
പക്ഷേ,
ഇന്നലെ എനിക്ക് അതിലൊരുവനാവാന്‍ കഴിഞ്ഞതേയില്ല.
ബ്രാണ്ടിക്കോ ബ്രിട്നിക്കോ തണുപ്പിക്കാനാവാത്ത ഉള്‍ത്താപം.
ബൂട്ടിട്ട കാലുകള്‍ ചന്തിയില്‍ പതിക്കുമ്പോള്‍ ഞാന്‍ തിരകളോട് സംവദിക്കുകയായിരുന്നു. കടലിന്‍റെ അശാന്തമായ ഇടങ്ങളില്‍നിന്നും സ്വാതന്ത്ര്യം തേടിയിറങ്ങുന്ന ജലകണങ്ങളാണത്രെ തിരകളായി തീരത്തണയുന്നത്; ആര്‍ത്തിരമ്പിവന്ന്, തീരത്തു തല്ലിച്ചിതറി, തിരിച്ചുപോകാന്‍ വിധിക്കപ്പെട്ട തിരമാലകള്‍. ഒരിക്കലും അസ്തമിക്കാത്ത സ്വാതന്ത്ര്യവാന്ഛയോടെ പരിശ്രമം തുടരുന്നു , വിശ്രമമറിയാതെ, സ്വസ്ഥതയറിയാതെ.......
മാത്യുവും ശരത്തും ജോസും പപ്പനും സംഗീതലഹരിയില്‍ മതിമറന്നാടുകയായിരുന്നു. കാലുകള്‍ക്ക് താളം പിഴച്ചിരുന്നു എന്നതു മറച്ചുവയ്ക്കുന്നില്ല. എന്നാലും....
ലാത്തികൊണ്ടു കുത്താനും തെറിപറയാനും തക്കവണ്ണം എന്തു കുറ്റമാണവര്‍ ചെയ്തത് ?
ഞങ്ങളിലൊരാള്‍ , ശരത്ത്  ഗള്‍ഫിലേക്കു പറക്കുകയാണ്; ഇംഗ്ലീഷ്പള്ളിക്കൂടത്തില്‍ മലയാളം പഠിപ്പിക്കാന്‍. അതിന്‍റെ സന്തോഷമായിരുന്നു ഇന്നലെ.......
സിവിള്‍സപ്ലൈസ്കൌണ്ടറില്‍ ഒരുമണിക്കൂര്‍ ക്യൂനിന്നു വാങ്ങിയതാണു രണ്ടുബോട്ടില്‍. നല്ല ഉശിരന്‍ സാധനം!
മണല്‍പ്പരപ്പില്‍ പോളിത്തീന്‍കടലാസില്‍ നിരത്തിവച്ച പറോട്ടയും ചിക്കനുമെല്ലാം ഒന്നു രുചിച്ചുനോക്കാന്‍ പോലും അനുവദിക്കാതെ പയ്ക്കുചെയ്യിച്ചു വണ്ടിയില്‍ വയ്പിച്ചിട്ട് അരയിലെ ബെല്‍റ്റില്‍തൂക്കി ഒരേറ്!
പോമറേനിയനെപ്പോലെ മോങ്ങാനല്ലാതെ അല്സെഷ്യനെപ്പോലെ കുരയ് ക്കാനായില്ല.
വി.ഐ.പിഫ്രഞ്ചിയൊഴികെ മറ്റെല്ലാം ഊരിമാറ്റിച്ച്....
മേലാകെ ലാത്തികൊണ്ടുഴിഞ്ഞ്........
എന്തൊരു ട്രീറ്റായിരുന്നു!
വിശന്നും ദാഹിച്ചും വശംകെട്ട ഞങ്ങളുടെ മുമ്പില്‍ തിന്നും കുടിച്ചും  തെറിവിളിച്ചും.....
‘നിന്‍റെയൊക്കെ തന്തമാരു വന്നു കാണട്ടെടാ.  അതുവരെ പൊന്നുമക്കളവിടെ കിടക്കിനെടാ. കാശിന്‍റെ നെഗളം ഒന്നടങ്ങട്ടെ. തന്തയ്ക്കും തള്ളയ്ക്കും ജോലിയുണ്ടെങ്കില്‍ നിനക്കൊക്കെ കാശിനാണോ പഞ്ഞം!’
പാവം ശരത്ത്! അവന്‍ കയ്യില്‍കിടന്ന വാച്ചഴിച്ചു വിറ്റത് നിങ്ങളും കണ്ടതല്ലേ ?
അതുപോട്ടെ. കഴിഞ്ഞയാഴ്ച എന്തായിരുന്നു കൊയ്ത്ത്!
ഓ..... അന്ന് നീതൂന്‍റെ  കല്യാണമായിരുന്നു. നീതു ഞങ്ങളുടെ ക്ലാസ്മെറ്റായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമായി നൂറ്റമ്പതു കിലോമീറ്റര്‍ ഓടിയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ രണ്ടു പെഗ്.പക്ഷേ, രണ്ടെന്നത് അഞ്ചായിപ്പോയി എന്നല്ലാതെ ആര്‍ക്കും ഒരു കുഴപ്പവുമില്ലായിരുന്നു.
 എതിരെ വന്ന ലോറിക്കാരന്‍ ഹെഡ് ലൈറ്റ് ഡിംചെയ്യാത്തത് ഞങ്ങളുടെ കുറ്റമാണോ ?
ഓവര്‍ട്ടേക്ക്ചെയ്ത കാറിനുള്ളില്‍ ഡിജിപി യാണെന്നു ഞങ്ങളെങ്ങനെ അറിയും! ഡ്യൂട്ടിയിലല്ലാത്ത നേരത്ത് അങ്ങേരും ഒരു സാദാ പൌരന്‍ .
ഇന്ത്യാമഹാരാജ്യത്തിലെ കോടിക്കണക്കിനു പൌരന്മാരില്‍ ഒരാള്‍ .
കൈകാണിച്ചിട്ടു നിറുത്തിയില്ലപോലും! മഫ്ടിയിലായാലും പെറ്റിയടിക്കാന്‍ വകുപ്പുണ്ടത്രെ.
ഹൊ! പള്സറും പാഷനും പാഞ്ഞുവന്നതും കാറിന്‍റെ ഡോര്‍ തുറന്നുപിടിച്ചതും...... കറക്റ്റ് ടൈമിംഗ്!
ജീവനെപ്പോലെ കൊണ്ടുനടന്ന വണ്ടികളാ......
മാത്യുവിന്‍റെ പല്ലു രണ്ടെണ്ണമാ ഒറ്റയടിക്ക് താഴെപ്പോയത്
ശരത്തിന്‍റെ മുഖം മത്തങ്ങപോലെ വീര്‍ത്തിരിക്കുന്നത് കണ്ടില്ലേ?
തടിമിടുക്കുള്ള ചെറുപ്പക്കാരെ കയ്യില്‍ കിട്ടിയാല്‍ ഏമാന്മാര് വെറുതെയിരിക്കുമോ?
സ്വന്തം അപ്പന്‍റെ മുമ്പിലിട്ടാ പപ്പനെ ചമ്മന്തിയാക്കിയത്. അങ്ങേരിപ്പം ഐസിയുവില്‍ കിടന്നു പിച്ചും പേയും പറയുവാ. ചിലപ്പോള്‍ അലറി വിളിക്കും- എന്‍റെ  മോനെ തല്ലിക്കൊല്ലല്ലേമാനേ......
   വീട്ടിലും പറ്റില്ല, ബീച്ചിലും പറ്റില്ല. ഞങ്ങളുപിന്നെവിടെയാ കൂടുക? ബാറിലിരുന്നു ചില്‍ടാവാമെന്നുവച്ചാ അതിനുംവേണ്ടീം കാശു വേണ്ടേ ?
ചിലര്‍ക്കൊക്കെ ബാച്ചിലേഴ്സിനെ കാണുമ്പൊഴേ തുടങ്ങും കണ്ണുകടി .
ചിലര്‍ക്കാണെങ്കില്‍ തൊഴില്‍രഹിതരെന്നു കേള്‍ക്കുന്നതേ അലര്‍ജിയാണ്. പബ്ലിക് ന്യൂയിസന്‍സാണു പോലും!
  മാത്യുവിന്‍റെ അപ്പന്‍ പാര്‍ട്ടിസെക്രട്ടറിയുടെ കാലുപിടിച്ചിട്ടാ കേസ് ചാര്‍ജുചെയ്യാതെ വിട്ടയച്ചത്. അല്ലായിരുന്നെങ്കില്‍ മാലപൊട്ടിക്കലും കാറുമോഷണോം ഹോബിയാണെന്നു വരുത്തി അകത്തിട്ടേനെ. ലക്ഷങ്ങള്‍ മുടക്കി സമ്പാദിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ ചുവന്ന വരയുമിട്ട്......
അയ്യോ! ഞാനീപ്പറയുന്നതൊന്നും യേമാന്മാരു കേള്‍ക്കണ്ട. അവരുടെ കാതിലെത്തിയാല്‍ ജാമ്യമില്ലാത്തടവും കസ്റ്റഡിമരണവും ഒക്കെ സംഭവിക്കാം.
പലതവണ വാണിംഗ് തന്നതാണ് സ്വാതന്ത്ര്യത്തിനു പുതിയ നിര്‍വ്വചനങ്ങള്‍ വേണ്ടെന്ന്.
മുഖംമൂടികള്‍ പിച്ചിചീന്താനുള്ള സ്വാതന്ത്ര്യം; അതു മാത്രമായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം.
പക്ഷേ , അവര്‍ നാലുപേരും നൊട്ടിയും നുണഞ്ഞും ഏറാന്‍മൂളികളുടെ പട്ടികയിലായി!
അങ്ങനെ ശരത്തിനു വിസ കിട്ടി.
ജോസിനും മാത്യുവിനും പപ്പനും പട്ടാളത്തില്‍ സെലക്ഷനായി.
ഞാനൊറ്റയ്ക്ക്  .....

    




1 comment:

  1. Sarojaaaaaaaaaaaaa Mam - Ellam vayichu, sargathmatha vazhinjozhukunnathu kandittu oralppam asooya thonni ennu paranjal paribhavikkillallo? Paribhavam undayalum saramilla, vivaramillattha oruvante vidambhana ennu karuthiyal mathi. Ezhuthu thudaroo.................... Nanmmakal

    ReplyDelete