Sunday, 15 April 2018

ഭൂട്ടാന്‍ ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്‌ച (ഡോ:ഡി.ബഞ്ചമിന്‍)




            
 മാനസികോല്ലാസത്തിനും വിജ്ഞാനത്തിനും വേണ്ടി വിദേശസഞ്ചാരം നടത്തുന്ന മലയാളികളുടെ എണ്ണം ഇന്ന്‌ വളരെ കൂടിയിട്ടുണ്ട്‌. പുണ്യഭൂമികളിലേക്ക്‌ തീര്‍ത്ഥാടന ലക്ഷ്യത്തോടെ സഞ്ചരിക്കുന്നവരും കുറവല്ല. അങ്ങനെ നമ്മുടെ യാത്രാവിവരണ സാഹിത്യശാഖ അനുദിനം വളരുകയാണ്‌. പക്ഷേ, യാത്രാവിവരണക്കാരിലെല്ലാം സാഹിത്യാഭിരുചി ഉണ്ടാവണമെന്നില്ലല്ലൊ. ഭൂമിശാസ്‌ത്രപരവും ചരിത്രപരവുമായ അറിവുകള്‍ ഒട്ടു പിന്നില്‍ നിറുത്തി, ആത്മനിഷ്‌ഠമായ അറിവുകള്‍ ആര്‍ജ്ജവത്തോടെ പുരക്ഷേപിക്കുമ്പോഴാണ്‌ യാത്രാവിവരണങ്ങള്‍ ഹൃദ്യമാവുക. ടൂര്‍ കമ്പനികള്‍ നല്‍കുന്ന പാക്കേജുകള്‍ ചില പ്രധാന ആകര്‍ഷക കേന്ദ്രങ്ങളെ മാത്രം ഇണക്കിയുള്ളവയാവും. യാത്രികന്റെ സ്വാതന്ത്ര്യത്തിനും അഭിരുചിക്കും അത്‌ പലപ്പോഴും വിലങ്ങാവുകയും ചെയ്യും. ഒരു എസ്‌.കെ പൊറ്റെക്കാട്ടോ, രാജന്‍ കാക്കനാടനോ പിന്നെ മലയാളത്തില്‍ ഉണ്ടാവാത്തത്‌ പ്രതിബന്ധങ്ങളെ കൂട്ടാക്കാതെ, ജിജ്ഞാസയോടെ സ്വച്ഛന്ദം യാത്രചെയ്യുന്നവര്‍ ഇല്ലാതെപോയതുകൊണ്ടാണ്‌. 
          എസ്‌.സരോജത്തിന്‍റെ ഭൂട്ടാന്‍, കാഴ്‌ചകളും ഉള്‍ക്കാഴ്‌ചകളും എന്ന പുസ്‌തകമാണ്‌ ഇപ്പോള്‍ എന്‍റെ  കൈയിലിരിക്കുന്നത്‌. ഇത്‌ നല്ലൊരു യാത്രാവിവരണമാണ്‌. വളരെ സത്യസന്ധമായ ഒരു മനസ്സ്‌, ജാടകളും ഒഴിയാബാധകളുമില്ലാത്ത മനസ്സ്‌, അപരിചിതമായ അനുഭവങ്ങളെയും അറിവുകളെയും ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങുന്നു. മിക്കവാറും മഞ്ഞുമൂടിയ, മരവിപ്പിക്കുന്ന അന്തരീക്ഷത്തില്‍ ഉണര്‍ന്നെണീക്കുന്ന പ്രഭാതങ്ങളും ക്ലേശകരമായ വഴിയാത്രകളും തദ്ദേശീയരുമായി നടത്തുന്ന ആശയവിനിമയങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു. വ്യക്തമായ ഒരാധികാരിക ചരിത്രം പറയാനാവാത്ത ഭൂട്ടാന്‍റെ  ചില ചരിത്രസന്ധികളും ജനജീവിതത്തിലെ ചില സമസ്യകളും അഴിച്ചെടുക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ മാത്രം ഭൂട്ടാനിലെ പ്രശസ്‌ത എഴുത്തുകാരിയായ അഷി ദോര്‍ജി വാങ്‌മോയുടെ പുസ്‌തകത്തില്‍നിന്ന്‌ സ്വീകരിച്ചിട്ടുള്ളതായി കാണാം. ബാക്കി വിവരണങ്ങളെല്ലാം സ്വാനുഭവങ്ങള്‍ തന്നെ. 
രാജഭരണം നിലനില്‍ക്കുന്ന ബുദ്ധിസ്റ്റ്‌ രാജ്യമാണ്‌ ഭൂട്ടാന്‍. ജനങ്ങളുടെ നിഷ്‌കളങ്കമായ രാജഭക്തി, വിവരണങ്ങളില്‍ തെളിഞ്ഞുകാണാം. സംതൃപ്‌തരായ ജനങ്ങളുടെ ആവാസഭൂമിയാണെന്നു പറയുമ്പോള്‍, ആ സംതൃപ്‌തി പരിമിതികള്‍ക്കുള്ളില്‍ അലംഭാവത്തോടിരിക്കുന്ന, അത്യാര്‍ത്തികളില്ലാത്ത മനസ്സിന്‍റെ  വരദാനം മാത്രമാണെന്ന്‌ നാം തിരിച്ചറിയുന്നു. കാര്യമായ വ്യവസായങ്ങളില്ലാത്ത, വേണ്ടത്ര യാത്രാസൗകര്യങ്ങള്‍ പോലുമില്ലാത്ത ഒരു പര്‍വ്വതരാജ്യത്ത്‌ മതാത്മകമായ ഉത്സവങ്ങളിലും അനുഷ്‌ഠാനങ്ങളിലും ഒതുങ്ങിക്കൂടുന്ന ഒരു ജനത. കാലത്തിന്‍റെ  പരിവര്‍ത്തനാത്മകമായ പുരോയാനത്തെ തടുത്തുനിറുത്തുന്ന എന്തോ ഒന്ന്‌ ആ ജനജീവിതത്തിലുണ്ട്‌ പുരാവസ്‌തു മ്യൂസിയങ്ങളും മൊണാസ്‌ട്രികളും അമ്പലങ്ങളും വിശുദ്ധന്മാരെക്കുറിച്ചുള്ള അത്ഭുതകഥകളും അന്ധവിശ്വാസങ്ങളും നിറഞ്ഞ, പഴമയുടെ ഗന്ധം പടര്‍ന്നുനില്‍ക്കുന്ന, തടാകംപോലെ നിശ്ചലമെന്ന്‌ തോന്നുന്ന ജീവിതാവസ്ഥകളാണ്‌ ഈ കൃതി വരച്ചിടുന്നത്‌. 
ലൈംഗികമായ അമിതത്വത്തിന്‍റെ  പ്രവാചകനും അവധൂതനും കവിയുമായ ദ്രുക്‌പ കുന്‍ലെ എന്ന ലാമയുടെ സ്വാധീനം ആ ജനജീവിതത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നു. വീടുകളുടെ ചുവരുകളില്‍പ്പോലും പതിഞ്ഞുകിടക്കുന്ന പുരുഷലിംഗത്തിന്‍റെ  അലങ്കൃതമായ ശില്‍പങ്ങളും ചിത്രങ്ങളും മായ്‌ച്ചുകളയണമെന്ന തോന്നല്‍ പുതിയ തലമുറയ്‌ക്ക്‌ ഉണ്ടായിത്തുടങ്ങിയിട്ടേയുള്ളൂ. എഴുത്തുകാരി പറയുന്നതുപോലെ, സദാചാരത്തിന്‍റെ  കാപട്യത്തിനും സംന്യാസത്തിന്‍റെ  ആത്മവഞ്ചനയ്‌ക്കും നേരെയുള്ള പൊട്ടിത്തെറിയും പരിഹാസവുമൊക്കെ ഈ അവധൂതന്‍റെ  വരികളിലും പ്രവൃത്തികളിലും ഉണ്ടെന്നത്‌ ശരി തന്നെ. അപ്പോഴും അപസാമാന്യമായ ഒരു വ്യക്തിത്വത്തിന്‍റെ  അസംസ്‌കൃതമായ പ്രതിഫലനം അതിലുണ്ട്‌. ഇത്തരം അപസാമാന്യതകളെ കൊണ്ടാടുന്ന ശീലങ്ങള്‍ പൊളിച്ചുകളയുമ്പോഴാണ്‌ മനുഷ്യന്‍ സംസ്‌കാരത്തിന്‍റെ  പടവുകള്‍ ചവിട്ടിക്കയറുന്നത്‌. സ്‌ത്രീപുരുഷ ബന്ധത്തിലെ അമിതസ്വാതന്ത്ര്യത്തെക്കുറിച്ചും ഇതൊക്കെത്തന്നെ പറയാം. മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയുടെ ആദ്യത്തെ ചവിട്ടുപടിയും വിവാഹസമ്പ്രദായമായിരുന്നു. അതിനുമുമ്പുള്ള അവസ്ഥയെയാണ്‌ ഭൂട്ടാനിലെ ലൈംഗികസദാചാരം ഓര്‍മ്മിപ്പിക്കുന്നത്‌. അതിന്‍റെ  അനിവാര്യമായ തിന്മകളെ പ്രതിരോധിക്കുക എളുപ്പമല്ല. ഭൂട്ടാനില്‍ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലും ഇത്തരം ലൈംഗികസ്വാതന്ത്ര്യം ഇന്നും നിലനില്‍ക്കുന്നുണ്ട്‌. നവോദ്ധാനത്തിനുമുമ്പ്‌ കേരളത്തില്‍ നിലനിന്നിരുന്ന സംബന്ധവ്യവസ്ഥയോട്‌ വളരെ അടുത്തുനില്‍ക്കുന്ന ഒന്നാണത്‌. അവിടെ ഏറെ യാതനയും അനാഥത്വവും അനുഭവിക്കേണ്ടിവരുന്നത്‌ സ്രീകള്‍ക്കാണുതാനും. ഈ സത്യം സരോജം ചൂണ്ടിക്കാട്ടുന്നുണ്ട്‌. നമ്മുടെ ഫെമിനിസ്റ്റ്‌ ഫയര്‍ ബ്രാന്റുകള്‍ കാണാതെപോകുന്ന ഒരു സത്യമാണിത്‌. താങ്ങാനാവാത്ത ചുമടും വഹിച്ച്‌, മകളെയും ചേര്‍ത്തുനിറുത്തി, ആത്മനിന്ദ കലര്‍ന്ന ചിരിയോടെ നടന്നുപോകുന്ന അവിവാഹിതയായ അമ്മയുടെ ചിത്രം വരച്ചിട്ടിട്ടുള്ളത്‌ ശ്രദ്ധിക്കുക. സമൂഹം ക്രമികമായ പരിഷ്‌കാരങ്ങളിലൂടെയാണ്‌ സംസ്‌കാരമാര്‍ജ്ജിക്കുന്നത്‌. ഓരോ ഘട്ടത്തിനുമുണ്ടാവും പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്‌നങ്ങള്‍. ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും നിലവിലുള്ള സമൂഹമാണ്‌ ഭൂട്ടാനിലേത്‌. മുന്‍രാജാവ്‌ ഒറ്റയടിക്ക്‌ നാല്‌ സഹോദരിമാരെ വിവാഹം ചെയ്‌തു. ഇപ്പോഴത്തെ രാജാവാകട്ടെ ഏകഭാര്യാ വ്രതക്കാരനും. അദ്ദേഹം ഏഴുവയസ്സുള്ള പെണ്‍കുട്ടിയോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുകയും അവള്‍ക്ക്‌ പ്രായപൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കുകയും അവളെത്തന്നെ രാജപത്‌നിയാക്കുകയും ചെയ്‌തു! അത്‌ സാംസ്‌കാരികമായ വളര്‍ച്ചയുടെ ചിത്രം തന്നെയല്ലേ? 
ഭൂട്ടാനികളുടെ വസ്‌ത്രധാരണത്തെക്കുറിച്ച്‌ വിശദീകരിക്കുന്ന എഴുത്തുകാരി `നേപ്പാളില്‍നിന്നു കുടിയേറിയവരുടെ തനിമ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ്‌ ദേശീയവസ്‌ത്രം എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിയത്‌' എന്ന ആരോപണത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്‌. ചോറും മുളകുകറിയും മുഖ്യമായിരുന്ന സാധാരണക്കാരുടെ ഭക്ഷണശീലത്തിന്‌ നേരിയ മാറ്റം സംഭവിക്കുന്നതായും എടുത്തുപറയുന്നുണ്ട്‌. സ്‌ത്രീയാണ്‌ കുടുംബസ്വത്തിന്‍റെ  അവകാശിയെന്നും അവളെ വിവാഹം ചെയ്യുന്ന പുരുഷന്‍ അവളോടെപ്പം അവളുടെ വീട്ടില്‍ വന്നുതാമസിക്കുകയാണ്‌ സാധാരണ പതിവെന്നും സൂചിപ്പിക്കുന്നുണ്ടെങ്കിലും അവിടത്തെ കുടുംബജീവിതത്തിന്‍റെ  നേര്‍ചിത്രം ഈ കൃതിയില്‍ ഒരു അഭാവമായി അനുഭവപ്പെടുന്നു. ബുദ്ധമതത്തിന്‍റെ   ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസങ്ങളും തെളിമയോടെ ചിത്രീകരിക്കുന്ന എഴുത്തുകാരി അവരെ നയിക്കുന്ന മിത്തുകളുടെ പൊരുള്‍ വേര്‍പിരിച്ച്‌ കാണിക്കുന്നുമുണ്ട്‌. ഒറ്റനോട്ടത്തില്‍ ഭദ്രമായ നിയമവാഴ്‌ച നടക്കുന്നു എന്നു തോന്നുന്ന ഭൂട്ടാനിലും നിഗൂഢമായി നിയമലംഘനങ്ങള്‍ നടക്കുന്നു. പൗരബോധത്തിലും ശുചിത്വത്തിലും നമ്മെക്കാളൊക്കെ ഏറെ മുന്നില്‍ നില്‍ക്കുന്ന ഭൂട്ടാനികള്‍ നിരോധിതമായ സിഗരറ്റ്‌ പോലുള്ള പുകയില ഉത്‌പന്നങ്ങള്‍ അതീവരഹസ്യമായി ഒളിച്ചുകടത്തി ഉപയോഗിക്കുന്നു. താരതമ്യേന വിലക്കുറവുള്ളതും സുലഭവുമായ മദ്യംകൊണ്ട്‌ അവരുടെ ലഹരിയോടുള്ള തൃഷ്‌ണ ശമിക്കുന്നില്ല എന്നു സാരം. രാഷ്‌ട്രീയമായ ഇരുമ്പുമറകള്‍ക്കുള്ളിലെല്ലാം നിയമലംഘനത്തിനുള്ള ത്വരയും ഒളിഞ്ഞിരിക്കുന്നു എന്നതാണ്‌ സത്യം. 
ഇരുപത്തൊന്നാം നൂറ്റാണ്ടിലും രാജകീയഭരണം കൊണ്ടാടുന്ന ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള ഗാഢമായ സൗഹൃദബന്ധത്തിന്റെ പിന്നിലെ രാഷ്‌ട്രീയവും ഉള്‍ക്കാഴ്‌ചയോടെ സരോജം സൂചിപ്പിച്ചുപോകുന്നു. പരിസ്ഥിതി സംരക്ഷണവും ശുചിത്വ പരിപാലനവുമാണ്‌ ഈ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട്‌ ഗുണപാഠങ്ങള്‍. ദരിദ്രരാജ്യമായ ഭൂട്ടാനില്‍ ജനങ്ങളുടെ സന്തോഷമാണ്‌ രാജ്യപുരോഗതിയുടെ അളവുകോല്‍ എന്നതും വിചിത്രമായൊരു കാഴ്‌ചപ്പാടാണെന്ന്‌ എഴുത്തുകാരി വിലയിരുത്തുന്നു. ജനങ്ങളുടെ സന്തോഷത്തിന്‌ ഹാനികരമായ യാതൊരു പദ്ധതിക്കും ഹാപ്പിനെസ്സ്‌ കമ്മിഷന്‍ അനുമതി നല്‍കാറില്ലത്രെ. ഇങ്ങനെയൊക്കെയാണെങ്കിലും 2015-ലെ കണക്കനുസരിച്ച്‌ എട്ടുശതമാനം ജനങ്ങള്‍ അല്‍പംപോലും സന്തോഷം ഇല്ലാത്തവരാണ്‌. തികച്ചും വ്യക്തിപരമായ സന്തോഷം എന്ന മാനസികാവസ്ഥയെ എങ്ങനെയാണ്‌ സൂചകങ്ങള്‍കൊണ്ട്‌ അളന്നുകുറിക്കുക! 
നമ്മുടെ തൊട്ടയലത്ത്‌ സ്ഥിതിചെയ്യുന്ന രാജ്യമാണെങ്കിലും ഭൂട്ടാനെക്കുറിച്ച്‌ നമ്മള്‍ അധികമൊന്നും അറിയുന്നില്ല. ആ നിലയ്‌ക്കാണ്‌ ഈ സഞ്ചാരസാഹിത്യകൃതി ശ്രദ്ധേയമാകുന്നത്‌. ഇതില്‍ സഹയാത്രികരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നന്നേ വിരളമാണ്‌. എങ്കിലും ചിലപ്പോഴൊക്കെ ഇതൊരു കൂട്ടുസഞ്ചാരമാണ്‌ എന്ന തോന്നലുളവാക്കുന്നുണ്ട്‌. എഴുതിത്തഴക്കം വന്ന ഒരു ചെറുകഥാകാരിയുടെ കരടില്ലാത്ത ഭാഷയിലുള്ള ആഖ്യാനം നല്‍കുന്ന പാരായണസുഖവും എടുത്തുപറയേണ്ടതാണ്‌.

Monday, 15 January 2018

കാവ്യസാക്ഷ്യം; ഹൃദയസാക്ഷ്യം - പ്രഭാവര്‍മ്മ



`ഒരു ചെറുപൂവിലൊതുങ്ങുമതിന്‍ ചിരി; 
കടലിലും കൊള്ളില്ലതിന്‍റെ  കണ്ണീര്‍'
 എന്ന്‌ എത്രയോ നേരത്തേ ഒരു കവി പറഞ്ഞുവച്ചിരിക്കുന്നു. അതിന്‍റെ  നേര്‍സാക്ഷ്യമാവുന്ന ഒരു മനസ്സുമായി കാവ്യരംഗത്ത്‌ വ്യാപരിക്കുന്ന ഒരു കവിയാണ്‌ എസ്‌.സരോജം. സരോജത്തിന്‍റെ  കവിതയ്‌ക്കും ഇണങ്ങും തുടക്കത്തില്‍ എഴുതിയ ആ വിശേഷണപദങ്ങള്‍. അത്രമേല്‍ സ്വച്ഛശുദ്ധവും സുതാര്യസുന്ദരവുമായ കവിതകളാണ്‌ സരോജത്തില്‍നിന്നു മുമ്പുണ്ടായിട്ടുള്ളതും ഈ പുതിയ കൃതിയിലൂടെ അനുവാചകലോകത്തിന്‍റെ  മുന്നിലെത്തുന്നതും. അതുകൊണ്ടുതന്നെ ഈ കാവ്യകൃതിയുമായി ഈവിധത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ എനിക്കുള്ള സന്തോഷം ചെറുതല്ല.

`സോനമാര്‍ഗ്ഗിലെ ചെമ്മരിയാടുകള്‍' എന്ന ഈ കാവ്യസമാഹാരത്തില്‍ ഛന്ദോബദ്ധമായ കവിതകളുണ്ട്‌; ഛന്ദോമുക്തമായ കവിതകളുമുണ്ട്‌. ഛന്ദോബദ്ധകവിതകള്‍ കൃത്യമായും രൂപസംബന്ധിയായ ഒരു താളക്രമത്തെ അനുസരിക്കുമ്പോള്‍ ഛന്ദോമുക്തകവിതകള്‍ ഭാവസംബന്ധിയായ ഒരു താളക്രമത്തെ അനുസരിക്കുന്നു. രണ്ടും ഒരേപോലെ കവിതയുടെ വെണ്ണപ്പാളി കണ്ടെടുത്ത്‌ അനുഭൂതിസാന്ദ്രമായ സവിശേഷസംവേദനം സാദ്ധ്യമാക്കുന്നു. ഭാവസംക്രമണത്തിനും അര്‍ത്ഥസംക്രമണത്തിനും സമര്‍ത്ഥങ്ങളായ കല്‍പനകളുടെ സാന്നിദ്ധ്യം വായനാനുഭവത്തിനുശേഷവും മനസ്സില്‍ മായാത്ത ചിത്രങ്ങള്‍ അവശേഷിപ്പിക്കുന്നു. ചില കല്‌പനകള്‍ അനുഭൂതികളുടെ പരാഗപ്രസരണംകൊണ്ട്‌ ശ്രദ്ധേയം; മറ്റുചിലവ അനുഭവങ്ങളുടെ തീവ്രസംവേദനംകൊണ്ടു ശ്രദ്ധേയം.
ഈ കവിതകള്‍കൊണ്ട്‌ സരോജം തന്‍റെ  കാലത്തെ അളവുകോലാക്കി ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെയാകെ അളന്നുകുറിച്ചവതരിപ്പിക്കാന്‍ ശ്രമിക്കുന്നു; തന്‍റെ  ലോകത്തെ മാനദണ്‌ഡമാക്കി സമസ്‌ത ലോകങ്ങളെയും വിലയിരുത്തിയവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. കാലത്തെയും ലോകത്തെയും അവയുമായി ബന്ധപ്പെട്ട അനുഭവസംഘാതങ്ങളെയും വര്‍ത്തമാനകാലത്തിനും വരുംകാലത്തിനുമായി പകര്‍ന്നുവയ്‌ക്കുക എന്നതുതന്നെയല്ലേ ആത്യന്തികമായ കവികര്‍മ്മം. അത്‌ സരോജം സര്‍ഗ്ഗാത്മകമായ നിലയില്‍ ഏറ്റെടുത്തു സാഫല്യത്തിലെത്തിക്കുന്നു.
ശില്‌പഘടനയും ഭാവഘടനയും തമ്മിലുണ്ടാകേണ്ട സാത്‌മ്യമാണ്‌ ഏതു കവിതയെയും അര്‍ത്ഥസംവേദനക്ഷമവും ഭാവസംക്രമണസമര്‍ത്ഥവുമാക്കുന്നത്‌. ഈ ശില്‌പഭാവപ്പൊരുത്തം ഗദ്യകവിതകളിലും ഒരുപോലെ തെളിഞ്ഞുനില്‌ക്കുന്നു ഈ സമാഹാരത്തിലാകെ. 
``പ്രണയം തുടിക്കുന്ന ഹൃദയത്തില്‍
ദുഃഖസാഗരമൊളിച്ചുവച്ച്‌,
സ്വപ്‌നമുറങ്ങുന്ന കണ്ണുകളില്‍
സ്‌നേഹദീപം കൊളുത്തിവച്ച്‌,
മുത്തുപോലുള്ള പല്ലുകള്‍കാട്ടി
നീ ചിരിക്കുന്നു'' എന്ന്‌ `നേരറിവ്‌' എന്ന കവിതയില്‍ ഗദ്യമെന്ന ഉപാധിയിലൂടെ സരോജം അതുവരെ അറിയാത്ത അനുഭൂതികളുടെ സൂക്ഷ്‌മതരമായ ഉന്മീലനത്തിന്‍റെ  
ഉദാത്താവസ്ഥയിലേക്ക്‌ സുമനസ്സുകളെ നയിക്കുന്നത്‌ ശ്രദ്ധിക്കുക. ഈ കാവ്യഭാഗത്ത്‌ കൃത്യമായ ഒരു പദവിന്യാസക്രമമുണ്ട്‌, ഭാവസ്‌പുരണ ദീപ്‌തിയുണ്ട്‌. ഗദ്യരചനയില്‍ ഇതുസാദ്ധ്യമാക്കുക എന്നത്‌ തുലോം ദുഷ്‌കരമാണ്‌. വൃത്തനിബദ്ധ കവിതയിലാണെങ്കില്‍ വൃത്തത്തിന്‍റെ  ചൊല്‍വഴക്കം ആന്തരികമായ പോരായ്‌മകള്‍ വല്ലതും ഉണ്ടെങ്കില്‍ത്തന്നെ നികത്തിക്കൊള്ളും. എന്നാല്‍ ഗദ്യത്തില്‍ അത്തരം കൈത്തുണയൊന്നും കൂട്ടുപോരില്ല. വായിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ശില്‌പചാതുരി ഏതാണ്ട്‌ കൈയടക്കമായിത്തന്നെ കിട്ടിയിട്ടുണ്ടെങ്കിലേ രക്ഷയുള്ളൂ. ആ കൈയടക്കം സരോജത്തിന്‌ ഭാഷയുടെ അനുഗ്രഹമെന്നപോലെ കൈവന്നിരിക്കുന്നു എന്നു പറയാന്‍ ഏറെ സന്തോഷമുണ്ട്‌. 
``ആയതനേത്രങ്ങള്‍ ചിമ്മിയില്ലോമലാള്‍
ആ നിമിഷം നാഥനെത്തിയാലോ?
രാവിന്‍റെ  യാമങ്ങളേറെക്കഴിഞ്ഞുപോയ്‌
തോഴിയായ്‌ പൊന്നിളം തെന്നല്‍മാത്രം'' എന്ന്‌ കൃത്യമായും ഛന്ദോബദ്ധരീതിയില്‍ എഴുതുമ്പോഴാവട്ടെ, വൃത്തത്തിന്‍റെ  സ്വച്ഛന്ദതയാര്‍ന്ന ആ ശയ്യാഗുണം മാത്രമല്ല, വാക്കുകള്‍ക്കിടയിലെ മൗനം വിടര്‍ത്തുന്ന ഭാവാത്മകതയുടെ മഴവില്ലു കൂടിയാണ്‌ അനുവാചകഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നത്‌. ഗദ്യമോ പദ്യമോ എന്നതല്ല, എഴുതുന്നതില്‍ കവിതയുണ്ടോ എന്നതാണു കാര്യം. സരോജത്തിന്റെ മനസ്സ്‌ കണ്ടെടുക്കുന്ന വാക്കുകള്‍ അവരുടെതന്നെ തൂലിക യോജിപ്പിച്ചെടുക്കുമ്പോള്‍ പുതിയ വാക്കുകളല്ല, നക്ഷത്രങ്ങള്‍തന്നെ ഉണ്ടാവുന്നുണ്ട്‌.
ഏതോ വിദൂരതീരത്തുനിന്നു തേടിയെത്തുന്നതും ആരാണെന്നോ, എന്താണെന്നോ പറയാനരുതാത്തതും ഭാവനയ്‌ക്കും വികാരവിചാരങ്ങള്‍ക്കും അപ്പുറത്തു നിലകൊള്ളുന്നതുമായ എന്തിനോടോ ഉള്ള പാരസ്‌പര്യത്തെ ഇതള്‍വിടര്‍ത്തി അതിവിശാലമായ സ്‌നേഹാനുഭവത്തിന്‍റെ  അദൈ്വതഭാവം സൃഷ്‌ടിക്കുന്ന കവിതയാണ്‌ `നേരറിവ്‌'. `നീയില്ലെങ്കില്‍ ഞാനുമില്ല' എന്ന അറിവിലടങ്ങുന്ന ദൈ്വതാതീത ഭാവം ഏകാത്മകതയുടെ നവാനുഭവം സൃഷ്‌ടിക്കുന്നത്‌ വിസ്‌മയകരമായ രീതിയില്‍ത്തന്നെ.
വിതയുടെ അഭാവത്തില്‍ കവിത പതിരുകള്‍ക്കേ പിറവി നല്‍കൂ എന്ന്‌ സരോജം കണ്ടെത്തുമ്പോള്‍ അനുഭവത്തിന്‍റെ  അഭാവത്തില്‍ കവിതയുടെ ഉള്ളു പൊള്ളയായിപ്പോവുന്നു എന്ന സമകാലിക കാവ്യലോകത്തെ അനുഭവങ്ങള്‍ക്കുള്ള സാക്ഷ്യപത്രമാവുന്നു അവരുടെ വാക്കുകള്‍. 
ജലത്തില്‍ ലയിക്കാനാവാത്ത ശിലയുടെയും ശിലയെ അലിയിക്കാനാവാത്ത ജലത്തിന്‍റെയും ഇമേജുകള്‍കൊണ്ട്‌ പ്രത്യക്ഷത്തിലെ പൊരുത്തങ്ങളുടെ പ്രച്ഛന്നതയിലെ പൊരുത്തക്കേടുകള്‍ തുറന്നുകാട്ടുന്നുണ്ട്‌ ജലശില എന്ന കവിതയില്‍ . വൈരുദ്ധ്യങ്ങള്‍ക്കു മുഖാമുഖം പ്രതിഭ ചെന്നുനില്‍ക്കുന്ന വേളയിലാണ്‌ ഉല്‍കൃഷ്‌ടങ്ങളായ കവിതകളുണ്ടാവുന്നതെന്ന്‌ ഇടശ്ശേരിയും വൈലോപ്പിള്ളിയും മുതല്‍ ഒ.എന്‍.വിയും സുഗതകുമാരിയും വരെ എത്രയോവട്ടം തെളിയിച്ചുതന്നു. അത്തരം തുടര്‍തെളിയിക്കലിന്റേതായ മുഹൂര്‍ത്ത പരമ്പരയ്‌ക്ക്‌ അവസാനമില്ലെന്ന സത്യത്തിന്‍റെ  പ്രകാശനം നിര്‍വ്വഹിക്കുന്നുണ്ട്‌ `ജലശില'യിലൂടെ സരോജം. 
പ്രണയമെന്ന സങ്കല്‍പത്തിന്‌ കാലാന്തരത്തില്‍ വരുന്ന മാറ്റത്തെ ഇഴകീറി പരിശോധിക്കുന്നുണ്ട്‌ `പ്രണയം' എന്ന കവിതയില്‍. കാമമെന്ന ശിലമേല്‍ പണിതുയര്‍ത്തുന്ന സങ്കല്‍പഗോപുരമാണ്‌ പ്രണയമെന്ന കണ്ടെത്തലില്‍ പുതുമയുണ്ട്‌. 
``ആവേശത്തിരയടങ്ങിയാല്‍ 
നൂറുനൂറു നുണകളാല്‍
ആണയിട്ടുറപ്പിക്കുന്ന
ആത്മവഞ്ചന'' എന്നുകൂടി ഈ കവി പ്രണയത്തെ നിര്‍വ്വചിക്കുന്നു. ``നിയമം നിറവേറ്റലെത്ര,യിദ്ദാമ്പത്യത്തില്‍
നയമെത്രയാ,ണഭിനയമെത്രയാണെന്നും'' എന്നു വൈലോപ്പിള്ളി നിര്‍വ്വചിച്ചതിന്‍റെ  സൗന്ദര്യാത്മകവും നിശിതോഗ്രവുമായ തുടര്‍ച്ച എന്ന്‌ ഇതിനെ വിശേഷിപ്പിക്കാന്‍ തോന്നുന്നുണ്ട്‌. കാലാനുസൃതമായി പ്രണയം ഇങ്ങനെ പുതുവിധങ്ങളില്‍ നിര്‍വ്വചിക്കപ്പെടാം. വരുംകാലത്ത്‌ `കാമം എന്നത്‌ ഇത്ര വിമര്‍ശിക്കപ്പെടേണ്ട ഒന്നാണോ എന്ന്‌ ഒരു പുതുകവി ചോദിച്ചെന്നുവരാം. വരുംകാലത്തേക്കുള്ള ചോദ്യങ്ങള്‍ തീര്‍ത്തുകൊടുക്കല്‍ കൂടിയാണല്ലോ `കണ്ണിപൊട്ടാതെ കാക്കുന്ന' കവിത നിര്‍വ്വഹിക്കേണ്ട പല ധര്‍മ്മങ്ങളിലൊന്ന്‌. പ്രായം ശരീരത്തോടു ചെയ്യുന്നതിനെ ക്ഷേത്രഗണിതത്തിന്‍റെ  പ്രകരണത്തില്‍ `ശരീരം' എന്ന കവിതയില്‍ അവതരിപ്പിച്ചതില്‍ മൗലികതയുണ്ട്‌. അരൂപിയായി വന്ന്‌ ശരീരത്തിന്‍റെ  അളവുതെറ്റിക്കുന്ന കാലത്തിന്‍റെ  കണ്ണുവെട്ടിച്ച്‌ ശരീരത്തെ പ്രകാശവേഗത്തില്‍ പറത്തിവിട്ടാലോ എന്നു ചോദിക്കുന്നതില്‍ ആര്‍ജ്ജവവുമുണ്ട്‌.
മാറുന്ന കാലത്തിനനുസരിച്ച്‌ കവിതയുടെ ഭാഷ മാറും; സങ്കേതം മാറും. മാറാതിരുന്നാല്‍ വാങ്‌മയം ക്ലീഷേ ആയി ജീര്‍ണ്ണിക്കും. ഇത്‌ ആധുനിക കവികള്‍ തിരിച്ചറിയുന്നുണ്ട്‌. അതുകൊണ്ടാണ്‌ വൃന്ദാവനത്തിലും യമുനാതീരത്തും തളഞ്ഞുകിടക്കാതെ ചാറ്റ്‌ബോക്‌സിലേക്കും സൈബര്‍ ഹൈവേയിലേക്കും കവിത യാത്രചെയ്യുന്നത്‌. ഭാഷയെ, പ്രതീകത്തെ ഒക്കെ നവീകരിക്കുന്നതിന്‍റെ  വഴിയാണത്‌. ആ വഴിയേ ധീരമായി സഞ്ചരിക്കുന്നു ഈ കവി. അല്ലെങ്കില്‍,
``ചാറ്റ്‌ബോക്‌സ്‌ നിറയെ ക്ഷണക്കത്തുകള്‍,
നിഗൂഢസൗഹൃദങ്ങളുടെ ഉയരങ്ങളിലേക്ക്‌,
ഉപാധികളില്ലാതെ.... ബാദ്ധ്യതകളില്ലാതെ....'' എന്ന്‌ ഇവര്‍ എഴുതുമായിരുന്നില്ലല്ലോ. പുതിയ വാക്കും പുതിയ ബിംബവിന്യാസവുംകൊണ്ട്‌ കവിത മറികടക്കാന്‍ ശ്രമിക്കുന്നത്‌ ഭാഷയെയും ഭാവുകത്വത്തെയും ബാധിക്കുന്ന ചെടിപ്പിനെയാണ്‌. അതൊരു വെല്ലുവിളിയാണ്‌. എന്നാല്‍, ആ വെല്ലുവിളിയെ ധീരമായി ഏറ്റെടുക്കുന്നു സരോജം.
കേവലമായ തോന്നലുകളെ അനുഭൂതിജനകങ്ങളായ അനുഭവങ്ങളാക്കി പരിവര്‍ ത്തിപ്പിക്കുന്ന കവിതകളുണ്ട്‌. `ഞാനും നീയും', 'നിന്നെ ഓര്‍ക്കുമ്പോള്‍', തുടങ്ങിയ കവിതകള്‍ ആ നിരയില്‍പ്പെടുന്നു. ആത്മാവിന്‍റെ  ഉള്ളറയിലേക്ക്‌ ഊളിയിടുന്ന ഞാനും തടവറയില്‍നിന്നു പുറത്തുചാടാന്‍ വെമ്പുന്ന നീയും ഉള്‍പ്പെടെ `ഞാനും നീയും' നമ്മിലെല്ലാമുള്ള വൈരുദ്ധ്യങ്ങളെത്തന്നെ സാക്ഷാത്‌കരിക്കുന്നു. ഒരു രാവിന്‍റെ  പ്രണയം ചോദിച്ചിടത്ത്‌ ഒരു ജന്മത്തിന്‍റെ  സൗഹൃദം നല്‍കുന്ന `നിന്നെ ഓര്‍ക്കുമ്പോള്‍', അവസാനത്തെ വെള്ളിടിയെക്കുറിച്ച്‌ ജാഗ്രതപ്പെടുന്ന `മഴപ്പാടുകള്‍', ``ആരാണു ഞാന്‍?'' എന്ന സ്വത്വാന്വേഷണത്തിന്‌ ``വലിച്ചെറിയപ്പെട്ട പാഴ്‌വസ്‌തു'' എന്ന ഉത്തരം നല്‍കിക്കൊണ്ട്‌ ബന്ധങ്ങളെ നിര്‍വ്വചിക്കുന്ന `പാഴ്‌വസ്‌തു', കേട്ട പാട്ടുകളിലൂടെ ഒഴുകുന്നതിനിടെ ഒരു പാട്ടുപോലും പാടാനാവാതെപോയതിന്‍റെ  നഷ്‌ടബോധത്തെ ഇഴചേര്‍ത്തെടുക്കുന്ന `പാടാത്ത പാട്ട്‌', കപടസദാചാരത്തെ സ്‌കാന്‍ചെയ്‌തവതരിപ്പിക്കുന്ന `നോണ്‍സ്റ്റിക്‌', മനസ്സിലെ മഞ്ഞുപാളികള്‍ക്കുള്ളില്‍നിന്ന്‌ പ്രണയഫോസിലുകളെ കണ്ടെത്തുന്ന `ഹൃദയഗവേഷണം', ഇടിവെട്ടിപ്പെയ്‌ത്‌ ഒഴുകിയകലുന്ന വേനല്‍മഴയില്‍ കൃത്രിമസ്‌നേഹത്തെ കണ്ടെത്തുന്ന `വേനല്‍മഴ', ക്രൂരരാത്രികളെ വകഞ്ഞുമാറ്റി ഉണര്‍ന്നുവരുന്ന സ്വന്തം സൂര്യനെ സാക്ഷാല്‍ക്കരിക്കുന്ന `സൂര്യന്‍', സ്‌നേഹത്തെ സ്വര്‍ണ്ണത്തിന്‍റെ  തൂക്കംകൊണ്ടളക്കുന്ന ഭര്‍തൃഗൃഹത്തില്‍ ഫാനില്‍ തൂങ്ങിയാടുന്ന വധുവിന്‍റെ  ജീവിതദുരന്തം കനലാലെന്നപോലെ പൊള്ളിക്കുന്ന `കല്യാണം', സ്വന്തമായ ഒരു കീറ്‌ ആകാശംപോലും ഇല്ലാത്ത വീട്ടുപെണ്ണിന്റെ ഹതാശമായ മനസ്സ്‌ ഒപ്പിയെടുക്കുന്ന `വീട്ടിലെ പെണ്ണേ', പഴയ `മാനിഷാദ'യെ പുതിയ കാലത്തിലേക്ക്‌ പറിച്ചുനടുന്ന `മാറ്റം', തിളച്ചുരുകിയാല്‍ തണുത്തുറഞ്ഞേ മതിയാവൂ എന്ന ജീവിതതത്വം പഠിപ്പിക്കുന്ന `ഹിമപാതങ്ങള്‍ പറഞ്ഞത്‌', വയറെരിഞ്ഞ പാടത്തെയും നീരുവറ്റിയ പുഴയെയും കാറ്റൊഴിഞ്ഞ കടലിനെയും വരച്ചിട്ടുകൊണ്ട്‌ നിരാര്‍ദ്രമാവുന്ന നമ്മുടെ ജീവിതത്തെ ധ്വനിപ്പിക്കുന്ന `ദീര്‍ഘവീക്ഷണം', വഴിതെറ്റിയ ഇടയന്മാരാല്‍ നയിക്കപ്പെടുന്ന ചെമ്മരിയാടുകളുടെ വഴികളെത്തുന്നിടത്തെക്കുറിച്ച്‌ ഉല്‍ക്കണ്‌ഠപ്പെടുത്തുന്ന `സോനാമാര്‍ഗ്ഗിലെ ചെമ്മരിയാടുകള്‍' എന്നിവയൊക്കെ നവാനുഭൂതിയുടെ അഭൗമമേഖലകളിലേക്കും നവാനുഭവങ്ങളുടെ അവാച്യസുന്ദരമായ അജ്ഞേയമേഖലകളിലേക്കും അനുവാചകമനസ്സുകളെ നയിക്കുന്നു. അത്‌ അനുഭവിച്ചറിയേണ്ടതു തന്നെ. `അനുഭവാവസാനത്വ' എന്നു ശങ്കരാചാര്യര്‍.
``ഓര്‍ക്കും നിന്‍ മഹിമകളാര-
വര്‍ക്കു രോമം 
ചീര്‍ക്കുന്നുണ്ടതു മതിയംബ
വിശ്വസിപ്പാന്‍'' എന്ന്‌ മഹാകവി കുമാരനാശാന്‍.
``നിത്യസൗരഭ്യമുള്ളിലുണ്ടെന്നാല്‍
നിശ്ചയം, നിര്‍ഗ്ഗമിച്ചീടും'' എന്ന്‌ ഒരു കവിതയില്‍ സരോജംതന്നെ പറയുന്നുണ്ടല്ലൊ. ഉണ്ട്‌; ഈ കവിതകളില്‍ അനുഭൂതികളുടെ നിത്യസൗരഭ്യമുണ്ട്‌. അതാവട്ടെ, സുമനസ്സുകളില്‍ പ്രസരിക്കുന്നുമുണ്ട്‌. 
തകരുന്ന ശലഭസ്വപ്‌നത്തിലൂടെ ഒരു ലോകജീവിത യാഥാര്‍ത്ഥ്യത്തെ വാറ്റിയെടുക്കുന്ന `ശലഭങ്ങള്‍ പറഞ്ഞത്‌' എന്ന കവിത `വാക്കിന്‍ വാക്കിനു വാക്കുചേര്‍ത്തുളി നടത്തീടും കലാചാതുരി' എന്ന ക്രാഫ്‌റ്റിനുള്ള ശ്രദ്ധേയമായ നിദര്‍ശനമാവുന്നു. നാട്ടുസംസ്‌കാരത്തിന്‍റെ  (Rustic) ശുദ്ധിയും വെണ്മയും തെളിഞ്ഞുനില്‍ക്കുന്ന `കണിവയ്‌ക്കാന്‍' എന്ന കവിത ആസ്വാദകരെ അവരുടെ ബാല്യകൗമാരങ്ങളുടെ, പഴയ നെല്‌പ്പാടവരമ്പുകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോവും. ഗ്രാമം മരിച്ചാലും അതു പകര്‍ന്നുതന്ന സ്വപ്‌നങ്ങള്‍ ജീവിതത്തുടിപ്പുകളായി നമ്മെ പില്‍ക്കാലജീവിതത്തില്‍ പിന്തുടരും എന്ന്‌ ഓര്‍മ്മിപ്പിക്കുന്ന `കളിക്കോപ്പുകള്‍' ഗൃഹാതുരത്വത്തിന്‍റെ  ഭാഷകൊണ്ട്‌ മുന്‍പറഞ്ഞ കവിതയോടു ചേര്‍ന്നുനില്‍ക്കുന്നതു തന്നെ.
``എങ്ങുനിന്നെത്തിയിക്കുഞ്ഞുമുക്കുറ്റികള്‍
തിങ്ങിനിറഞ്ഞെന്റെ മുറ്റമെങ്ങും?
മഞ്ഞനിറമുള്ള കുഞ്ഞിതള്‍പ്പൂക്കളില്‍
മഞ്ഞിന്‍കണികകളുമ്മവയ്‌ക്കെ'' എന്നു തുടങ്ങുന്ന`മുക്കുറ്റിപ്രേമം' അതിവിലോലമായ ഒരു പൂര്‍വ്വസ്‌മൃതി വര്‍ത്തമാനകാല പരുക്കന്‍ യാഥാര്‍ത്ഥ്യത്തിന്‍റെ  കരിങ്കല്ലുകളില്‍ തട്ടിത്തകരുന്നതിന്‍റെ  ദാരുണചിത്രമാണ്‌ കോറിയിടുന്നത്‌.
മടങ്ങിവരാത്ത ചരടറ്റ പട്ടത്തില്‍ മടങ്ങിവരാത്ത ചിറകറ്റ സ്വപ്‌നത്തെ കണ്ടെത്തുന്ന `മുക്കുവപ്പാട്ട്‌', സമകാലിക ജീവിതപ്രശ്‌നങ്ങളെ കാവ്യഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന `പ്രാര്‍ത്ഥന', വെബ്ബുകളില്‍ തപ്പിത്തപ്പി യഥാര്‍ത്ഥലോകത്തെ നഷ്‌ടപ്പെടുത്തുന്ന `ഉണ്ണികള്‍ പോകുന്നതെങ്ങോട്ട്‌?', രാജമല്ലിയും നന്ത്യാര്‍വട്ടവും വേണ്ടാത്തതും സൈബര്‍പ്പൂക്കള്‍ മാത്രം വേണ്ടതുമായ ഒരു പുതുകാലത്തെ നിര്‍വ്വചിക്കുന്ന `ബ്ലൂടൂത്ത്‌', യന്ത്രക്കൈയ്‌കള്‍ പിഴുതെടുക്കുന്നതു പച്ചമണ്ണല്ല, മറിച്ച്‌ പഴയ ഒരു ഹൃദയമാണ്‌ എന്നു കണ്ടെത്തുന്ന `ഒടുക്കത്തെ വാക്ക്‌' എന്നിവയൊക്കെ മനസ്സില്‍ ദീപ്‌തമായ ഒരു ഭാവാന്തരീക്ഷം നിറയ്‌ക്കും. 
വ്യവസ്ഥിതിയുടെ ജീര്‍ണ്ണമായ അടരുകളെ സമത്വത്തിലധിഷ്‌ഠമായ ഈടുവയ്‌പുകള്‍ കൊണ്ട്‌ പകരംവയ്‌ക്കാന്‍ പാകത്തില്‍ വാക്ക്‌ മൂര്‍ച്ചയുള്ള ആയുധമാവുന്നുണ്ട്‌ `പ്രഭാംശുവിന്‍റെ  വിലാപം' പോലുള്ള കവിതകളില്‍. അനുഭവാത്മകതയുടെ തീക്ഷ്‌ണത കൊണ്ട്‌ ശ്രദ്ധേയമാണ്‌ `ആതുരാലയത്തിലെ പ്രഭാതങ്ങള്‍'. ഇങ്ങനെ നോക്കിയാല്‍ ഓരോ കവിതയെക്കുറിച്ചും എടുത്തുപറയണം. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ശ്രദ്ധേയമാണ്‌ ഓരോന്നും. പരീക്ഷണാത്മകതയുടെ വിദൂരസാഗരങ്ങളെക്കാള്‍ അനുഭവാത്മകതയുടെ കൈക്കുടന്നജലത്തെയാണ്‌ കവി ഏറെ സ്‌നേഹിക്കുന്നതെന്നു തോന്നുന്നു.
വൈയക്തികമായ സൂക്ഷ്‌മാനുഭവങ്ങളെ വ്യക്തിനിരപേക്ഷമായ കാവ്യാനുഭവങ്ങളാക്കി മാറ്റുന്ന വിദ്യ ഈ കവിക്ക്‌ വശമാണ്‌. ജീവിതം നീട്ടിയ പനിനീര്‍പ്പൂക്കളുടെ ചോപ്പും ഒപ്പമുള്ള മുള്ളു തറഞ്ഞുണ്ടായ ചോരച്ചോപ്പും ഈ കവിതകളില്‍ ശോണച്ഛായ പകര്‍ന്നുനില്‍ക്കുന്നു. ജീവിതം വാറ്റിയെടുത്തതാണ്‌ ഈ കവിതകള്‍. പ്രസാദാത്മകതയാണ്‌ ഇവയുടെ ആത്മഭാവം. ``Poetry is the record of the best and happiest moments of the happiest and best minds'' എന്ന്‌ `A defence of poetry' എന്ന കൃതിയില്‍ പി.ബി.ഷെല്ലി എന്ന മഹാനായ കവിയാണ്‌ എഴുതിയത്‌. ആ നിരീക്ഷണത്തെ സത്യാത്മകമാക്കുന്നു ശ്രീമതി എസ്‌.സരോജത്തിന്‍റെ  ഈ ഹൃദയസാക്ഷ്യം; ഈ കാവ്യസാക്ഷ്യം!

Saturday, 30 December 2017

താമര മണമുള്ള പുതുവര്‍ഷപ്പുലരി



ഓമനേ, നിനക്ക് ഞാനിന്നെന്തു സമ്മാനമാണ് തരിക?
രത്‌നമുത്തു എന്നോടു  ചോദിച്ചു.
ഞാന്‍ പറഞ്ഞു:
എനിക്ക് ഒരു താമരപ്പൂവു പറിച്ചുതന്നാ മതി.
ഞങ്ങള്‍ രണ്ടാളും എട്ടാംക്ലാസ്സില്‍ പഠിക്കുന്ന കാലം. കൗമാരത്തിന്‍റെ  കടന്നുവരവ് ഇരുവരുടെയും രൂപവും വിചാരവികാരങ്ങളുമൊക്കെ പുതുക്കിപ്പണിയാന്‍ തുടങ്ങിയിരുന്നു: എന്നും ആദ്യമായി കാണുന്നപോല, എന്തെങ്കിലും  കൈമാറിയില്ലെങ്കില്‍, ഒരിത്തിരിനേരം അടുത്തിരുന്നു  വര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍  എന്തോ ഒരു പെടപെടച്ചില്‍.
ഞങ്ങളുടെ വീടുകള്‍തമ്മില്‍ ഒരുവിളിപ്പാടകലമേയുള്ളൂ. എങ്കിലും തമ്മില്‍ കാണാനും മിണ്ടാനും സമയോം നേരോം നോക്കണം.
 'കണ്ട പയലുകളുടെകൂടെ കൂത്താടണ കണ്ടില്ലേ, മൊല വായീന്നെടുത്തില്ലെന്നാ  അവള്‍ടെ വിചാരം, കൊമരി....'
അമ്മയുടെ ശകാരത്തിനു മൂര്‍ച്ച കൂടിത്തുടങ്ങി.
പുരയിടത്തിന്‍റെ  പുറമ്പോക്കില്‍ ഒരു താമരക്കുളം ഉണ്ടായിരുന്നു. അതില്‍ നിറയെ പൂക്കളും. 
താമരപ്പൂക്കള്‍ പറിച്ചെടുത്ത് മണപ്പിക്കാനും  അല്ലികള്‍ നുള്ളിത്തിന്നാനും എനിക്ക് വല്ലാത്ത കൊതിയായിരുന്നു. നല്ല ആഴമുള്ള കുളമാണതെന്നും ഇറങ്ങിയാല്‍ ചെളിയില്‍ പുതഞ്ഞുപോകുമെന്നും എല്ലാവരും  പറഞ്ഞു പേടിപ്പിച്ചിരുന്നതു കാരണം  എന്‍റെ  ആഗ്രഹം സാധിക്കാതെ തുടര്‍ന്നു.
പൂക്കള്‍ പറിക്കാനായില്ലെങ്കിലും വീട്ടുകാരുടെ  കണ്ണുവെട്ടിച്ച് എല്ലാദിവസവും ഞാനും മുത്തുവും  കുളത്തിന്‍റെ  വരമ്പത്ത് ഒത്തുകൂടുകയും  പൂക്കളെണ്ണിക്കളിക്കുകയും ചെയ്തിരുന്നു. നാലുവരമ്പത്തും നീളേനടന്ന് എണ്ണിയാലും ഒരിക്കല്‍പ്പോലും പൂക്കള്‍ മുഴുവന്‍ കൃത്യമായി എണ്ണിത്തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അത്രയേറെ പൂക്കളുണ്ടാവും ഓരോ ദിവസവും. താമരപ്പൂവിന് മണമില്ലെന്ന് മുത്തുവും മണമുണ്ടെന്നു ഞാനും ചുമ്മാ തര്‍ക്കം പറയും.
ഒരു പുതുവര്‍ഷപ്പുലരിയില്‍ പൂക്കളുടെ ഭംഗി  ആസ്വദിച്ചുകൊണ്ട് കുളത്തിന്‍റെ  വരമ്പത്തിരിക്കുമ്പോഴാണ് മുത്തു എന്തു സമ്മാനം വേണമെന്നു ചോദിച്ചത്. ഞാന്‍ താമരപ്പൂവു മതി എന്നു പറഞ്ഞതും അവന്‍ കുളത്തിലേക്ക് ഒരു ചാട്ടം. കഴുത്തോളം മുങ്ങി, കാലുകള്‍ ചെളിയില്‍ പുതഞ്ഞ് അനങ്ങാനാവാതെ അവന്‍ നിന്നു. എങ്ങനെയാണ് അവനെ കരയ്ക്ക് കയറ്റെണ്ടത്?   അടുത്തെങ്ങും ആരുമില്ല. വീട്ടിലറിഞ്ഞാല്‍ രണ്ടാള്‍ക്കും  അടിയുടെ പൂരമാവും .
ഞാന്‍ പേടിച്ചു കരയാന്‍ തുടങ്ങി.
അങ്ങനെ കരഞ്ഞുകൊണ്ട് നില്‍ക്കുമ്പോഴാണ് പറമ്പത്തെ തെങ്ങുകളില്‍നിന്നു തേങ്ങയിടാനായി വലിയൊരേണിയുംകൊണ്ട്    ചാര്‍ളിയെത്തിയത്. ചാര്‍ളി മുത്തുവിന്‍റെ  അമ്മാച്ചനാണ്. അയാള്‍ മുത്തുവിനെ പൊതിരെ ശകാരിച്ചു: 'എന്നെടാ പയലേ നീ കൊളത്തിച്ചാടി ചാവാമ്പോണാ?'  ഒനക്കു പൈത്യമാടാ? ഓ, കൊമാരിക്കു മുന്നിലേ ഹീറോ കളിക്കണാ? എതുക്കെടാ...?' ശകാരിക്കുന്നതിനിടയില്‍ അയാള്‍  ഏണി അവന്‍റെ  അരികിലേക്കിറക്കിവച്ചു. എന്നിട്ട് അതിലൂടെ ഇറങ്ങിച്ചെന്ന് അവനെ വലിച്ചുപൊക്കി ഏണിയില്‍ കയറ്റി കരക്കെത്തിച്ചു.
അതിനിടയില്‍ അവന്‍ നാലഞ്ചു  താമാരപ്പൂക്കള്‍  പറിച്ചിരുന്നു.
അവ എനിക്ക് സമ്മാനിക്കുമ്പോള്‍ അവന്‍റെ  കണ്ണില്‍ ഞാന്‍ കണ്ടത് ആദ്യാനുരാഗത്തിന്‍റെ  ആകാശത്താമരകളായിരുന്നു!

Monday, 4 December 2017

കോണാര്‍ക്കിലെ സൂര്യക്ഷേത്രം (യാത്രാക്കുറിപ്പ്‌) എസ്‌.സരോജം



 എ.ഡി പതിമൂന്നാം നൂറ്റാണ്ടില്‍, ചന്ദ്രഭാഗ നദീമുഖത്ത്‌, പന്ത്രണ്ടായിരം ആളുകള്‍ പന്ത്രണ്ടു കൊല്ലംകൊണ്ട്‌ കല്ലില്‍ കൊത്തിയുണ്ടാക്കിയ സുന്ദരമായ കവിത; പൂജകളും പുഷ്‌പാര്‍ച്ചനകളുമില്ലാതെ ജൈവകാമനകളെ സൂര്യവെളിച്ചത്തിലേക്ക്‌ തുറന്നുവച്ച ശില്‍പക്ഷേത്രം, ജീവനെന്ന അത്ഭുതപ്രതിഭാസത്തിന്‍റെ  കാരണഭൂതനായ സൂര്യദേവന്‌ സമര്‍പ്പിച്ചിരിക്കുന്ന മഹാക്ഷേത്രസമുച്ചയം; കോണാര്‍ക്കിലെ സൂര്യക്ഷേത്രം!
 ഇവിടത്തെ പ്രൗഢക്കാഴ്‌ചകളുടെ ചാരുവിസ്‌മയങ്ങള്‍ വാക്കുകളിലൊതുങ്ങുന്നതല്ല. എങ്കിലും രവീന്ദ്രനാഥ ടാഗോറിന്‍റെ 
 ഒരു വാചകം കടമെടുത്തു പറയട്ടെ; `ഇവിടെ മനുഷ്യന്‍റെ  ഭാഷയെ കല്ലുകളുടെ ഭാഷ പരാജയപ്പെടുത്തുന്നു.' 



അതിരാവിലെ പുരിയിലെ ജഗന്നാഥനെ കണ്ടുവണങ്ങിയശേഷമായിരുന്നു മുപ്പത്തഞ്ചു കിലോമീറ്ററകലെ സ്ഥിതിചെയ്യുന്ന സൂര്യക്ഷേത്രത്തിലേക്കുള്ള യാത്ര. 
കാറ്റാടിമരങ്ങളെ തഴുകിക്കൊണ്ട്‌ ഒപ്പം സഞ്ചരിക്കുന്ന കടല്‍ക്കാറ്റ്‌. വിശാലമായ റോഡിന്‍റെ  ഒരുവശത്ത്‌ കണ്ടും കാണാതെയും ബംഗാള്‍ ഉള്‍ക്കടല്‍, മറുവശത്ത്‌ കുറേ ദൂരത്തോളം ഹരിതസമൃദ്ധമായ സംരക്ഷിതവനം. പുരിയിലെ നഗരക്കാഴ്‌ചകളില്‍നിന്നും തികച്ചും വ്യത്യസ്‌തസുന്ദരമായ ഗ്രാമപ്രകൃതി. പലപ്പോഴും ഒരു കേരളഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി. 

ഇടയ്‌ക്ക്‌ ചന്ദ്രഭാഗ ബീച്ചിലിറങ്ങി അല്‍പനേരം തിരമാലകളോടും മണല്‍ത്തരികളോടും കിന്നാരംചൊല്ലി. ചകിരികൊണ്ടുണ്ടാക്കിയ കരകൗശലവസ്‌തുക്കളും ഇളനീര്‍ക്കുടങ്ങളും നിരത്തിവച്ച സ്റ്റാളുകള്‍ യാത്രക്കാരെ ആകര്‍ഷിച്ച്‌ നിരന്നിരിക്കുന്നു. കടല്‍ത്തീരത്തുനിന്ന്‌ മൂന്നുകിലോമീറ്റര്‍ ദൂരമുണ്ട്‌ കോണാര്‍ക്കിലേക്ക്‌. ഒറീസ്സയിലെ പുരി ജില്ലയില്‍ കോണാര്‍ക്ക്‌ എന്ന ചെറുപട്ടണത്തിലാണ്‌ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ക്ഷേത്രത്തിന്‌ സമീപമുള്ള കവലയില്‍ ടാക്‌സി നിര്‍ത്തി. വാഹനങ്ങളുടെയും യാത്രക്കാരുടെയും തിരക്കാണവിടെ. അഞ്ചുമിനിറ്റ്‌ നടക്കാനുള്ള ദൂരമേയുള്ളൂവെങ്കിലും ആട്ടോറിക്ഷക്കാരുടെ പ്രലോഭനങ്ങളില്‍വീണാല്‍ വട്ടംചുറ്റിയതുതന്നെ.
 വെയിലേറ്റുവാടിയ ഗൈഡുകളുടെ പ്രലോഭനവും നടവഴിയില്‍ ഒപ്പമുണ്ടാവും. ഇരുവശത്തുമുള്ള സ്റ്റാളുകളില്‍ ആകര്‍ഷകങ്ങളായ കരകൗശലവസ്‌തുക്കള്‍. 

ക്ഷേത്രത്തിലേക്കുള്ള പ്രവേശനഭാഗത്ത്‌ ഇരുവശത്തായി ദ്വാരപാലകരെപ്പോലെ നില്‍ക്കുന്ന രണ്ട്‌ ശില്‍പങ്ങള്‍ക്ക്‌ സിംഹഗജ എന്ന്‌ പേര്‌. മുകളില്‍ ഉഗ്രപ്രതാപിയായ സിംഹം, നടുവില്‍ സിംഹത്തിന്‍റെ  ചവിട്ടേറ്റ്‌ ഞെരിയുന്ന ആന, അടിയില്‍ മണ്ണില്‍ കമഴ്‌ന്നുവീണുകിടക്കുന്ന മനുഷ്യന്‍. സിംഹം അഹങ്കാരത്തെയും ആന സമ്പത്തിനെയും സൂചിപ്പിക്കുന്നു. ഇതുരണ്ടും നിമിത്തം നാശത്തിലേക്ക്‌ നിപതിച്ച മനുഷ്യനെയാണ്‌ സിംഹഗജ പ്രതിനിധാനംചെയ്യുന്നത്‌. 

നടമന്ദിരം കടന്നാല്‍ പ്രധാനമന്ദിരമായി. വാത്സ്യായനചരിതവും പാലാഴിമഥനം ഉള്‍പ്പെടെയുള്ള പുരാണകഥകളും ദേവീദേവന്മാരുടെയും നര്‍ത്തകരുടെയും ശില്‍പങ്ങളും മിത്തിക്കല്‍ രൂപങ്ങളും ചുവര്‍ശിലകളിലെമ്പാടും കൊത്തിവച്ചിരിക്കുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും ശില്‍പങ്ങള്‍കൊണ്ട്‌ പ്രധാനശില്‍പങ്ങളെ തമ്മില്‍ വേര്‍തിരിക്കന്നു.

 ഏഴു കുതിരകള്‍ വലിക്കുന്ന സൂര്യരഥത്തിന്‍റെ  മാതൃകയിലാണ്‌ ക്ഷേത്രത്തിന്‍റെ  പ്രധാനമന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്‌. രഥത്തിന്‌ ഇരുവശങ്ങളിലായി ഇരുപത്തിനാല്‌ ചക്രങ്ങളുണ്ട്‌. ഓരോ ചക്രത്തിനും എട്ട്‌ ആരക്കാലുകള്‍ വീതവും. സൂര്യഘടികാരങ്ങളായി പ്രവര്‍ത്തിക്കുന്ന ഇരുപത്തിനാല്‌ ചക്രങ്ങള്‍ ഇരുപത്തിനാല്‌ മണിക്കൂറുകളെയും എട്ട്‌ ആരക്കാലുകള്‍ മൂന്ന്‌ മണിക്കൂര്‍വീതമുള്ള എട്ട്‌ പ്രഹരങ്ങളെയും സൂചിപ്പിക്കുന്നു. ഇവയുടെ നിഴല്‍ നോക്കി കൃത്യമായി സമയം കണക്കാക്കാം, കാലാവസ്ഥ നിര്‍ണ്ണയിക്കുകയുമാവാം.
ഉദയസൂര്യന്‍റെ  ആദ്യകിരണം പ്രവേശനകവാടത്തിലൂടെ നടമന്ദിരം(നൃത്തമണ്‌ഡപം) കടന്ന്‌ പ്രധാന പ്രതിഷ്‌ഠയുടെ നടുവില്‍ പതിച്ചിരിക്കുന്ന വജ്രത്തില്‍ തട്ടി പ്രതിഫലിക്കത്തക്കവണ്ണം കൃത്യതയോടെ കിഴക്കുദര്‍ശനമായിട്ടാണ്‌ ക്ഷേത്രം പണിതിരിക്കുന്നത്‌. കോണ (ദിക്ക്‌), ആര്‍ക്ക്‌ (അര്‍ക്കന്‍) എന്നീ രണ്ട്‌ സംസ്‌കൃതപദങ്ങള്‍ കൂടിച്ചേര്‍ന്നതാണ്‌ സൂര്യന്‍റെ  ദിക്ക്‌ എന്നര്‍ത്ഥമുള്ള കോണാര്‍ക്ക്‌.



ഗംഗ രാജവംശത്തില്‍പ്പെട്ട നരസിംഹദേവന്‍റെ  ഭരണകാലത്താണ്‌ (1238 മുതല്‍ 1250 വരെ) ശില്‍പാലങ്കൃതമായ സൂര്യക്ഷേത്രത്തിന്‍റെ  നിര്‍മ്മിതി. ബൂദ്ധതത്വങ്ങളില്‍ ആകൃഷ്‌ടരായ ജനങ്ങള്‍ ലൈംഗികതയില്‍നിന്നും അകന്നുപോവുകയും ജനസംഖ്യയില്‍ കുറവുണ്ടാവുകയും ചെയ്‌ത സാഹചര്യത്തില്‍ യുവാക്കളെ രതിയിലേക്ക്‌ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ്‌ വാത്സ്യായനചരിതം ക്ഷേത്രശിലകളില്‍ കൊത്തിവയ്‌ക്കാന്‍ രാജാവ്‌ നിഷ്‌കര്‍ഷിച്ചതെന്ന്‌ കരുതപ്പെടുന്നു.

 എന്നാല്‍ ചില ശിലകളില്‍ കാണുന്ന ബഹുസ്‌ത്രീപുരുഷ രതിവിനോദങ്ങളുടെയും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള രതിചേഷ്‌ടകളുടെയും ശില്‍പങ്ങള്‍ മനുഷ്യരതിയെ കേവലം പ്രത്യുത്‌പാദനപരതയില്‍ മാത്രം ഒതുക്കിനിര്‍ത്തുന്ന സദാചാരസങ്കല്‍പങ്ങളെയെല്ലാം അതിലംഘിക്കുന്നതും അന്നത്തെ സാമൂഹ്യസാംസ്‌കാരിക അവസ്ഥകളിലേക്ക്‌ വെളിച്ചം വീശുന്നതുമാണ്‌. 

കൃഷ്‌ണപുത്രനായ സാമ്പയുടെ കുഷ്‌ടരോഗം സൂര്യഭഗവാന്‍ സുഖപ്പെടുത്തിയെന്നും നന്ദിസൂചകമായി അദ്ദേഹം നിര്‍മ്മിച്ചതാണ്‌ സൂര്യക്ഷേത്രമെന്നുമാണ്‌ ഐതിഹ്യം. പുരാതനകാലം മുതല്‍ക്കേ ഇവിടെ സൂര്യാരാധന ഉണ്ടായിരുന്നു എന്നതിന്‌ തെളിവാണ്‌ സാമ്പപുരാണത്തിലെ ഈ കഥ 
ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ വാമൊഴിപ്രചാരത്തിലുള്ള പല കഥകളുമുണ്ട്‌. ഒരു കഥയിങ്ങനെ: പണി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതില്‍ ക്ഷുഭിതനായ രാജാവ്‌ മൂന്നുദിവസത്തെ സമയപരിധി നിശ്ചയിച്ചു. അതിനുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ ശില്‍പികളുടെ ശിരസ്സ്‌ ച്ഛേദിക്കുമെന്നും കല്‍പിച്ചുവത്രെ. കഴിവിന്‍റെ  പരമാവധി ശ്രമിച്ചിട്ടും അമ്പത്തിരണ്ടു ടണ്‍ ഭാരമുള്ള മാഗ്നറ്റിക്‌ സ്റ്റോണ്‍ ഗര്‍ഭഗൃഹത്തിന്‍റെ  ഉച്ചിയിലെത്തിക്കാന്‍ ശില്‍പികള്‍ക്ക്‌ കഴിഞ്ഞില്ല. ഈ സന്ദര്‍ഭത്തില്‍ പ്രധാനശില്‍പിയായ ബിസു മഹാറാണയുടെ പന്ത്രണ്ടുവയസ്സുള്ള മകന്‍ ധര്‍മ്മപാദ അച്ഛനെക്കാണാന്‍ അവിടെയെത്തി. പന്ത്രണ്ടുവര്‍ഷംമുമ്പ്‌, അവന്‍ അമ്മയുടെ ഗര്‍ഭത്തിലായിരുന്ന സമയത്ത്‌ വീടുവിട്ടുപോന്ന ബിസു മഹാറാണ തന്‍റെ  മകനെ ആദ്യമായി കാണുകയായിരുന്നു. ശില്‍പികളെ കുഴക്കിയ പ്രശ്‌നത്തിന്‌ ആ ബാലന്‍ അതിവിദഗ്‌ദ്ധമായി പരിഹാരം നിര്‍ദ്ദേശിക്കുകയും സ്വന്തം കൈകൊണ്ടുതന്നെ മാഗ്നറ്റിക്‌സ്റ്റോണ്‍ യഥാസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. 
പക്ഷേ ഇക്കാര്യം പുറത്തറിഞ്ഞാല്‍ ഇത്രയുംകാലം അക്ഷീണം പ്രയത്‌നിച്ച തങ്ങളുടെ യശസ്സിന്‌ കോട്ടം തട്ടുമെന്നും രാജാവറിഞ്ഞാല്‍ ഒരുപക്ഷേ തങ്ങളുടെ ശിരസ്സ്‌ ച്ഛേദിക്കപ്പെടുമെന്നും ശില്‍പികള്‍ ഭയപ്പെട്ടു. പ്രശ്‌നപരിഹാരമായി ആ ബാലന്‍ ക്ഷേത്രമുകളില്‍നിന്ന്‌ ചാടി ആത്മഹത്യചെയ്‌തുവത്രെ. അതിശയോക്തിയായി തോന്നാമെങ്കിലും ക്ഷേത്രനിര്‍മ്മിതിയിലേര്‍പ്പെട്ട ശില്‍പികളുടെ ത്യാഗത്തെയും ആധികളെയും ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഈ വാമൊഴിക്കഥ. 
കലിംഗവാസ്‌തുശാസ്‌ത്രപ്രകാരം വലിയ കല്ലുകളെ കാന്തികശക്തിയുള്ള ഇരുമ്പുപ്ലേറ്റുകൊണ്ട്‌ ചേര്‍ത്തടുക്കിയാണ്‌ ക്ഷേത്രസമുച്ചയം പണിതുയര്‍ത്തിയിരിക്കുന്നത്‌. ഒറീസ്സയില്‍ സുലഭമായ ഇരുമ്പല്ലാതെ സിമന്റുപോലുള്ള മറ്റുവസ്‌തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നതാണ്‌ ശ്രദ്ധേയമായൊരു സവിശേഷത. നിറുകയിലെ വലിയ മാഗ്നറ്റിക്‌ സ്റ്റോണിന്റെയും മറ്റുചെറു മാഗ്നറ്റുകളുടെയും ആകര്‍ഷണത്താല്‍ പ്രധാന പ്രതിഷ്‌ഠ ഗര്‍ഭഗൃഹത്തിനു മുകളിലെ കാന്തികവലയത്തില്‍ പൊങ്ങിനില്‍ക്കുന്ന രീതിയിലായിരുന്നുവത്രെ ആദ്യനിര്‍മ്മിതി. എന്നാലിപ്പോള്‍ ഗര്‍ഭഗൃഹവും മാഗ്നറ്റിക്‌ സ്റ്റോണും നഷ്‌ടമായ അവസ്ഥയിലാണ്‌ സൂര്യമന്ദിരം. തകര്‍ന്നുവീണ ശില്‍പങ്ങള്‍ പലതും പുരാവസ്‌തുശേഖരങ്ങളിലേക്ക്‌ മാറ്റപ്പെട്ടതായി കരുതുന്നു. പ്രവേശന നടയില്‍ സ്ഥാപിച്ചിരുന്ന സൂര്യസ്‌തംഭം ഇളക്കിമാറ്റി പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നു. ബംഗാള്‍ ഉല്‍ക്കടലില്‍ ഒഴുകിയെത്തിയിരുന്ന ചന്ദ്രഭാഗ നദിയും കാലക്രമത്തില്‍ ഇല്ലാതായി. ഒരുകാലത്ത്‌ യൂറോപ്യന്‍ നാവികര്‍ക്ക്‌ വഴികാട്ടിയായിരുന്ന സൂര്യക്ഷേത്രം കറുത്ത പഗോഡ എന്ന പേരിനാല്‍ ലോകമെങ്ങും അറിയപ്പെട്ടിരുന്നുവത്രെ.
സൂര്യക്ഷേത്രത്തിന്‍റെ  തകര്‍ച്ചക്ക്‌ സ്ഥിരീകരണമില്ലാത്ത പല കാരണങ്ങളും പറഞ്ഞുകേള്‍ക്കുന്നു. ഉറപ്പില്ലാത്ത മണ്ണില്‍ ശക്തമായ അടിത്തറയില്ലാതെ നിര്‍മ്മിച്ചതിനാലാണ്‌ 229 അടി ഉയരത്തില്‍ പണിത പ്രധാനഭാഗങ്ങള്‍ തകര്‍ന്നുവീണതെന്നാണ്‌ ചില ആര്‍ക്കിയോളജിക്കല്‍ വിദഗ്‌ദ്ധന്മാരുടെ അഭിപ്രായം. കൊളോണിയല്‍ ഭരണകാലത്ത്‌ ബ്രിട്ടീഷുകാര്‍ മാഗ്നറ്റിക്‌ സ്റ്റോണ്‍ കൈക്കലാക്കുന്നതിനായി ചെറുമാഗ്നറ്റുകളെല്ലാം ഇളക്കിമാറ്റിയതാണ്‌ ഗര്‍ഭഗൃഹത്തിന്‍റെ  തകര്‍ച്ചയ്‌ക്ക്‌ കാരണമായതെന്നും പറയപ്പെടുന്നു. പണികളെല്ലാം യഥാവിധി പൂര്‍ത്തിയാവുംമുമ്പ്‌ നരസിംഹദേവ രാജാവ്‌ മരണപ്പെട്ടുവെന്നും ക്ഷേത്രം അപൂര്‍ണ്ണാവസ്ഥയില്‍ ഉപേക്ഷക്ഷിക്കപ്പെട്ടുവെന്നും ആയതിനാലാണ്‌ തകര്‍ന്നുവീണതെന്നുമാണ്‌ വേറൊരു വര്‍ത്തമാനം. ക്ഷേത്രനിറുകയിലെ മാഗ്നറ്റിക്‌ സ്റ്റോണ്‍ കടലിലൂടെ സഞ്ചരിച്ചിരുന്ന കപ്പലുകളെ ആകര്‍ഷിച്ചടുപ്പിച്ചിരുന്നുവെന്നും ദിശനിര്‍ണ്ണയിക്കുന്ന കാമ്പസ്സുകളെ തകരാറിലാക്കിയിരുന്നുവെന്നും തന്മൂലം യൂറോപ്യന്‍ നാവികര്‍ക്ക്‌ കപ്പല്‍ച്ഛേദംപോലുള്ള കനത്ത നഷ്‌ടങ്ങളുണ്ടായെന്നും അതിന്‌ കാരണമായ മാഗ്നറ്റിക്‌സ്റ്റോണ്‍ (ലോഡ്‌സ്റ്റോണ്‍) പോര്‍ച്ചുഗീസുകാര്‍ മോഷ്‌ടിച്ചുവെന്നും കാന്തികാകര്‍ഷണം നഷ്‌ടപ്പെട്ട്‌ ബാലന്‍സ്‌ തെറ്റി തകര്‍ന്നതാണെന്നുമാണ്‌ മറ്റൊരു വര്‍ത്തമാനം. എന്നാല്‍ ഏറ്റവും വിശ്വസനീയമായി തോന്നുന്ന കാരണമിതാണ്‌: 1508-ല്‍ ബംഗാളിലെ ഗവര്‍ണ്ണറായിരുന്ന സുല്‍ത്താന്‍ സുലൈമാന്‍ കറാനി ഒറീസ്സ ആക്രമിച്ചു. അദ്ദേഹം സൂര്യക്ഷേത്രമുള്‍പ്പെടെ ഒറീസ്സയിലെ നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിച്ചു. 1568 മുതല്‍ ഒറീസ്സ മുസ്ലീം ഭരണത്തിന്‍കീഴിലായി എന്നത്‌ ചരിത്രവസ്‌തുതയുമാണല്ലൊ. 1984 മുതല്‍ ലോകപൈതൃകപ്പട്ടികയില്‍പ്പെടുത്തി സംരക്ഷിച്ചുപോരുന്ന വിശ്വപ്രസിദ്ധമായ കോണാര്‍ക്ക്‌ സൂര്യക്ഷേത്രം ഇന്ത്യയിലെ ഏഴത്ഭുതങ്ങളിലൊന്നാണ്‌. 

ജീവന്‍റെ  നാഥനായ സൂര്യദേവന്‍റെ  പേരിലുള്ള ഈ ശിലാക്ഷേത്രത്തില്‍ ഒരിക്കലും ആരാധനകളോ പൂജാദികര്‍മ്മങ്ങളോ ഒന്നും നടത്താനായിട്ടില്ല എന്നത്‌ കഥകള്‍ പോലെതന്നെ ദുരൂഹതയായി അവശേഷിക്കുന്നു. അര്‍ച്ചനയും ആരതിയും ഒന്നുമില്ലെങ്കിലും സൂര്യക്ഷേത്രം എന്ന സങ്കല്‍പം തന്നെ എത്ര മഹത്തരം! സമസ്‌തജീവജാലങ്ങള്‍ക്കുംവേണ്ടി കത്തിയെരിയുന്ന സൂര്യാ നിനക്കെന്‍റെ  പ്രണാമം. സ്വസ്‌തി ഹേ സൂര്യ.... സൂര്യ തേ സ്വസ്‌തി......

Thursday, 30 November 2017

തുഷാരമണികള്‍ (കവിത) എസ്.സരോജം

















ഇടവഴിക്കിരുവശവുമുള്ള പുല്‍ത്തുമ്പുകളില്‍
തിളങ്ങിനില്‍ക്കുന്ന  മഞ്ഞിന്‍തുള്ളികള്‍
വിരല്‍ത്തുമ്പില്‍ തൊട്ടെടുത്ത്
ഇമപൂട്ടിയ കണ്ണുകളില്‍ വയ്ക്കുമ്പോള്‍
എന്തൊരു തണുപ്പാണെന്നോ!
പോരെങ്കില്‍, മഷിയിട്ട മിഴി തുറന്ന്
ഇടത്തേക്ക് നീട്ടിവലിച്ചൊരെഴുത്ത്;
തണുപ്പ് ആ നിമിഷം കണ്ണില്‍ നിന്ന്
കരളിലേക്കിറങ്ങിവരും.
പിന്നെ, വിരലുകളൊന്നാകെ
പുല്‍വേരുകളില്‍ ഊറിക്കിനിഞ്ഞ
തുഷാര മണികളില്‍ മുക്കി
കൂട്ടുകാരുടെ കണ്ണുകള്‍
പിന്നില്‍നിന്ന് പൊത്തണം.
കുപ്പിവളച്ചിരിയില്‍ അലിഞ്ഞമരുന്ന
കുളിരിന്‍റെ സുഖമറിയാന്‍
വീണ്ടുമൊരു കുട്ടിയാവണം.
കണ്ണാടി പോലെ തിളങ്ങുന്ന
നനുത്ത പുല്ത്തുമ്പുകളില്‍
അസ്തമിക്കാത്ത ഗ്രാമജീവിതത്തിന്‍റെ
കണ്ടുതീരാത്ത സ്വപ്‌നങ്ങള്‍
പ്രതിബിംബിക്കുന്നതു കാണണം.

Monday, 27 November 2017

ദേവി (കഥ) - എസ് .സരോജം

    

      അതിമനോഹരമായ ഒരു മുറിയാണ്‌ സുധി അവള്‍ക്കുവേണ്ടി ബുക്കുചെയ്‌തിരുന്നത്‌. ജനാലയിലൂടെ പുറത്തേക്കുനോക്കിയാല്‍ വിവേകാനന്ദപ്പാറയും തിരുവളളുവരുടെ പ്രതിമയും വ്യക്തമായിക്കാണാം. കാറ്റും കോളുമൊഴിഞ്ഞ കടല്‍ കണ്ടുനില്‍ക്കാന്‍ നല്ല രസമാണ്‌.കണ്ണെത്തുന്ന ദൂരപരിധിയില്‍ നീലാകാശവും നീലക്കടലും ഒന്നായി ത്തീരുന്നതുപോലെ!
അപ്രതീക്ഷിതമായി വന്ന കാറ്റും മഴയും കടലിലെന്നപോലെ അവളുടെ മനസ്സിലും കോളിളക്കമുണ്ടാക്കി. വര്‍ഷങ്ങള്‍ക്കുമുമ്പ്‌, ആദ്യമായി കടല്‍ കാണാന്‍ വന്ന ദിവസം. അന്ന്‌ ദേവേട്ടനും താനും എത്ര ചെറുപ്പമായിരുന്നു. കൈകോര്‍ത്തുപിടിച്ച്‌ തിരയില്‍ മറിഞ്ഞും മണലില്‍ കളിച്ചും ആര്‍ത്തുല്ലസിച്ച നിമിഷങ്ങളില്‍ ദേവേട്ടന്‍ പറഞ്ഞു:
`എന്‍റെ  ദേവിയുടെ കൈപിടിച്ച്‌ ഈ കടലിന്‍റെ  അടിത്തട്ടിലേക്ക്‌ ഊളിയിട്ടിറങ്ങാന്‍ വല്ലാത്ത മോഹം.'
എന്നും ദേവേട്ടന്‍റെ  മോഹങ്ങള്‍ വിചിത്രങ്ങളായിരുന്നല്ലോ.മോഹങ്ങള്‍ മാത്രമല്ല, ചിന്തയിലും ചെയ്‌തിയിലുമെല്ലാം വ്യത്യസ്‌തനായിരുന്നല്ലോ ദേവിയുടെ ദേവേട്ടന്‍.
`പേരിലുളള ചേര്‍ച്ച ജീവിതത്തിലില്ലല്ലോ' എന്നു മറ്റുളളവര്‍ പരിഹസിക്കുമ്പോള്‍ ദേവിയുടെ ചുണ്ടില്‍ ചിരി വിടരും. ചേര്‍ച്ചയില്ലായ്‌മ തന്നെയാണ്‌ ദേവിക്കിഷ്‌ടം. രണ്ടുപേരും ഒരേപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ പിന്നെന്താണൊരു രസം? ഇടയ്‌ക്കിടെയുണ്ടാവുന്ന കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ജീവിതത്തിനു മധുരം പകരുമെന്ന്‌ ദേവി എത്രയോ തവണ അനുഭവിച്ചറിഞ്ഞതാണ്‌. 
`ആ ധിക്കാരിയെ കുടുംബത്തീക്കയറ്റിയ അന്നു തുടങ്ങിയതാ എന്‍റെ കുട്ടീടെ  കഷ്‌ടകാലം. എങ്ങനെ വളര്‍ത്തിയതാ ഞാനവളെ.' അച്ഛന്‍റെ  ആത്മഗതം.
`ആദര്‍ശം പ്രസംഗിക്കാനല്ലാതെ മറ്റെന്തിനാ അവനു നേരം? പാവം കുട്ടി. എത്രയെന്നുവച്ചിട്ടാ സഹിക്കുക? ഇങ്ങനെ ദിവസങ്ങളെണ്ണിക്കഴിയാനാ അതിനു യോഗം.'
അമ്മയുടെ വക.
`പിന്നെന്താ... എല്ലാവരേയും പറ്റിച്ചുംകൊണ്ട്‌ ഒരുദിവസം അവനങ്ങു പോയില്ലേ? എന്നിട്ടും തീര്‍ന്നില്ലല്ലോ ഭഗവാനേ അതിന്‍റെ  കഷ്‌ടകാലം.'വല്യമ്മച്ചിയും വിടുന്നമട്ടില്ല.
`ആര്‍ക്കാ കഷ്‌ടകാലം? ദേവിക്കോ? അതോ മറ്റുളളവര്‍ക്കോ? 
 ആ പാവത്തിനെ മുഖംമൂടികളെവിട്ട്‌ തല്ലിച്ചതച്ചിട്ട്‌...... കഷ്‌ടകാലംപോലും!' ദേവി പിറുപിറുത്തു. അവളുടെ മനസ്സും പ്രക്ഷുബ്‌ധമായ കടല്‍ പോലെ ഇളകിമറിഞ്ഞു. അലകടലിന്‍റെ  അടിത്തട്ടില്‍ വെണ്ണക്കല്ലുകൊണ്ടു നിര്‍മ്മിച്ച ഏഴുനിലക്കൊട്ടാരമുണ്ടെന്നും ജാതിയുടെയും മതത്തിന്‍റെയും കോട്ടകളില്ലാത്ത കൊട്ടാരത്തില്‍ സ്‌നേഹമിഥുനങ്ങള്‍ ആടിപ്പാടി നടക്കുമെന്നും മുത്തശ്ശിക്കഥ; 

ജീവിതവുമായി ബന്ധമില്ലാത്ത കള്ളക്കഥ.

`എന്താ ദേവിച്ചേച്ചീ, കടലിനെനോക്കി കവിതകുറിക്കയാണോ?' 
വേണിയുടെ ചോദ്യം അവളെ ചിന്തയില്‍നിന്നുണര്‍ത്തി.
`വേഗം കുളിച്ചൊരുങ്ങി വാ ചേച്ചീ. എല്ലാരും ഒരുങ്ങിക്കഴിഞ്ഞു.'
വേണിക്ക്‌ ചുറ്റിക്കറങ്ങാന്‍ തിടുക്കമായി. 
`ഞാനുടനേ വരാം. നീ പൊയ്‌ക്കൊ.'
`എല്ലാവരും ഒന്നിച്ചുവന്നത്‌ എന്തിനാന്നറിയാമോ ദേവിയേച്ചിക്ക്‌? സുധിയേട്ടനെക്കൊണ്ട്‌ ദേവിയേച്ചിയെ കല്യാണംകഴിപ്പിക്കാനാ ഗൂഢാലോചന.' വലിയൊരു രഹസ്യം കണ്ടുപിടിച്ചതുപോലെ വേണി പറഞ്ഞു.
`വേണീ... നിനക്ക്‌ വേറൊന്നും പറയാനില്ലേ ?' വെറുതേ അവളോട്‌ ദേഷ്യപ്പെട്ടു. 
അവള്‍ കോക്രികാട്ടിക്കൊണ്ട്‌ അമ്മയുടെ അടുത്തേക്കോടി. 
കുളികഴിഞ്ഞ്‌ ദേവി അണിഞ്ഞൊരുങ്ങി. ദേവേട്ടനിഷ്‌ടമുളള ക്രീം-മെറൂണ്‍ കോമ്പിനേഷന്‍ പട്ടുസാരി, മുടിയില്‍ മുല്ലപ്പൂ, നെറ്റിയില്‍ സിന്ദൂരക്കുറി. കൈനിറയെ കുപ്പിവള, കഴുത്തില്‍ മുത്തുമാല.... തൃപ്‌തിയാവോളം ഒരുങ്ങിക്കഴിഞ്ഞ്‌ അവള്‍ ബന്ധുക്കളുടെ മുന്നിലേക്കുചെന്നു. അച്ഛനും അമ്മയും അത്ഭുതത്തോടെ നോക്കിനിന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ മകളെ സന്തോഷവതിയായി അണിഞ്ഞൊരുങ്ങിക്കാണുന്നത്‌.
`ദേവീ.... എന്‍റെ  കുട്ടിക്ക്‌ നല്ല ബുദ്ധി തോന്നിയല്ലോ!' വല്യമ്മച്ചി നിത്യകന്യകയായ ദേവിയെ നന്ദിയോടെ സ്‌മരിച്ചു.
വേണിയുടെ കൈപിടിച്ച്‌ ദേവി സാവധാനം നടന്നു. മറ്റുളളവര്‍ ആശ്വാസത്തോടെ മുന്നിലും. നടന്നുനടന്ന്‌ ക്ഷേത്രനടയിലെത്തി.
വരദായിനിയായ ദേവിയുടെ തിരുമുമ്പില്‍ എല്ലാവരും തൊഴുതുനിന്നു. 
`നല്ലോണം പ്രാര്‍ത്ഥിക്ക്‌ മോളേ. നല്ലൊരു കാര്യത്തിനുളള പുറപ്പാടല്ലേ' അമ്മ ചെവിയില്‍ മന്ത്രിച്ചു.
`നിത്യകന്യകയായ ദേവിയോട്‌ ദീര്‍ഘസുമംഗലീവരം ചോദിക്കുന്നതു ശരിയാണോ അമ്മേ?' അവള്‍ ചോദിച്ചു.
`ആ താന്തോന്നിയുടെ കൂടെ കൂടിയതിപ്പിന്നാ ഈ തര്‍ക്കുത്തരം പറച്ചില്‌. ഇനിയെങ്കിലും നിറുത്തിക്കൂടേ നിനക്ക്‌? ഇതൊന്നും സുധി കേക്കണ്ട' 
ദേവേട്ടനെ പഴിചാരാന്‍ കിട്ടുന്ന അവസരങ്ങളൊന്നും അമ്മ പാഴാക്കാറില്ല. അത്രയ്‌ക്കു ദേഷ്യമുണ്ട്‌ ദേവേട്ടനോട്‌. സുധിയേട്ടനെപ്പറ്റി എപ്പോഴും നല്ലതേ പറയൂ.
എല്ലാം കണ്ടും കേട്ടും അച്ഛന്‍റെയൊപ്പം നടക്കുകയായിരുന്നു സുധീന്ദ്രന്‍. പ്രായം നാല്‌പതിനോടുക്കുന്നു. ഒത്ത ഉയരവും തലയെടുപ്പുമുണ്ട്‌. ജില്ലാക്കോടതിയില്‍ വക്കീലാണ്‌. 
`നല്ലനേരത്ത്‌ പെണ്ണുകെട്ടിക്കാന്‍ വീട്ടുകാര്‍ക്കു തോന്നാത്തതിന്‌ അവനെ കുറ്റംപറയാന്‍ പറ്റുമോ?' അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
`അല്ലെങ്കിലെന്താ? താലികെട്ടാതെ ഒരുത്തന്‍റെ  കൂടെ അഞ്ചുകൊല്ലം പൊറുത്ത കേമത്തിയല്ലേ? അവന്‍ സമ്മതിച്ചതുതന്നെ ഭാഗ്യം.'  വല്യമ്മച്ചിയുടെ വക. 
ദേവിക്ക്‌ അവരുടെ വര്‍ത്തമാനം അരോചകമായിത്തോന്നി. അവള്‍ വേണിയുടെ കൈവിട്ട്‌ ഒറ്റയ്‌ക്കുനടന്നു. 
സൂര്യാസ്‌തമയം കാണാനെത്തിയ വിനോദസഞ്ചാരികളെക്കൊണ്ട്‌ കടല്‍ത്തീരം നിറഞ്ഞിരുന്നു. അവര്‍ക്കിടയിലൂടെ നടന്നുനടന്ന്‌ ദേവി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ മറഞ്ഞു. 
 അങ്ങകലെ ഒറ്റയ്‌ക്കു നില്‍ക്കുന്ന ഒരു കൂറ്റന്‍ പാറയുണ്ട്‌; സ്‌നേഹപ്പാറ. ദേവേട്ടനോടൊപ്പം ചെന്നിരിക്കാറുണ്ടായിരുന്ന സ്‌നേഹപ്പാറ. അതിനെ ലക്ഷ്യമാക്കി അവള്‍ ഓടി. മണലില്‍ പുതഞ്ഞിട്ടും കാലുകള്‍ക്ക്‌ എന്തൊരു വേഗത! 
ഒറ്റപ്പെട്ടുനില്‍ക്കുന്ന പാറയ്‌ക്ക്‌ എന്തൊരു ഗാംഭീര്യമാണ്‌! സമീപത്തെങ്ങും ആരുമില്ല. അവള്‍ പാറയുടെ മുകളിലേക്ക്‌ വലിഞ്ഞുകയറി. സൂര്യദേവന്‍റെ  സ്‌നേഹസിന്ദൂരമണിഞ്ഞ ആകാശനെറ്റിയില്‍ മിഴിനട്ട്‌ അവളിരുന്നു. 
ആകാശം കടലിനെ മുട്ടിയുരുമ്മിനില്‌ക്കുന്നതു കാണാന്‍ എന്തു ഭംഗി! 
പകലിന്‍റെ  നോട്ടം തന്‍റെ  ഇരുണ്ട മറുപാതിയിലേക്കു തിരിക്കാനുളള യജ്ഞത്തിലാണ്‌ ഭൂമി.
 സ്‌നേഹപ്പാറയുടെ മുകളില്‍ ഒരു കല്‍പ്രതിമപോലെ നിശ്ചലയായ ദേവി! 
തിരമാലകള്‍ തെന്നിത്തെറിപ്പിക്കുന്ന ജലത്തുളളികള്‍ ഉടലും പട്ടുടയാടയും നനയ്‌ക്കുന്നതറിയാതെ അവള്‍ ഇരുന്നു. 
കടലും കരയും ഇരുളില്‍ ഒന്നായി. 
പാറയും അവളും ആ ഇരുളില്‍ മുങ്ങിയിരുന്നു.
 സ്വാതന്ത്ര്യം... ഇരുളിന്‍റെ  സ്വാതന്ത്ര്യം!
പൊടുന്നനെ പിന്നില്‍നിന്ന്‌ നീണ്ടുവന്ന രണ്ടു കൈകള്‍ അവളുടെ കണ്ണുപൊത്തി. ആ കൈകളുടെ മൃദുലതയും ഇളംചൂടും അവള്‍ക്ക്‌ പരിചിതമായിരുന്നു. രോമാവൃതമായ കൈത്തണ്ടില്‍ വിരലോടിച്ചുകൊണ്ട്‌ അവള്‍ വിളിച്ചു:
`ദേവേട്ടാ......'
`ദേവീ.....'
`ദേവേട്ടാ,  നാളെയാ ദേവിയുടെ താലികെട്ട്‌.' 
`നമ്മുടെ സ്‌നേഹത്തിന്‌ താലിച്ചരടിന്‍റെ  പിന്‍ബലമുണ്ടായിരുന്നില്ലല്ലോ. അല്ലേ ദേവീ ?'
അവള്‍ ആ കൈകളില്‍ മുഖംചേര്‍ത്ത്‌ വിങ്ങിപ്പൊട്ടി.
` ഞാന്‍ എന്‍റെ  ദേവിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നതാ. 
  വരൂ ദേവീ.' 
ദേവന്‍ അവളുടെ കൈ ബലമായി പിടിച്ചു. പ്രശാന്തസുന്ദരമായ കടലിന്‍റെ  അടിത്തട്ടിലേക്ക്‌ അവര്‍ ഊളിയിട്ടിറങ്ങി. അവിടെ... ജാതിയുടെയും മതത്തിന്‍റെയും കോട്ടകളില്ലാത്ത എഴുനിലക്കൊട്ടാരം അവളുടെ കണ്ണില്‍ തെളിഞ്ഞു.

Sunday, 12 November 2017

മൂന്നാര്‍,കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡ് (യാത്രാക്കുറിപ്പ് ) എസ് .സരോജം

        
           
മൂന്നാര്‍ ടോപ്പ്‌ സ്റ്റേഷനിലേക്കായിരുന്നു രാവിലത്തെ യാത്ര. മലമുകളില്‍ യാത്രയ്‌ക്കായി തയാറാക്കി നിര്‍ത്തിയിരിക്കുന്ന കുതിരകള്‍. 


സാഹസപ്രിയരായ യാത്രക്കാരെയും കുട്ടികളെയും ട്രക്കിംഗിന്‌ പ്രേരിപ്പിക്കുന്ന കുതിരക്കാര്‍. അവര്‍ക്കും കുതിരകള്‍ക്കും ഉപജീവനത്തിന്‌ ഇതല്ലാതെ വഴിയില്ലല്ലൊ. 

പശ്ചിമഘട്ട മലനിരകളുടെ പ്രൗഢഗംഭീരമായ പ്രകൃതിസൗന്ദര്യം നന്നായി ആസ്വദിക്കാന്‍ പറ്റിയവിധം നിരവധി വ്യൂ പോയിന്റുകളുണ്ടിവിടെ. 
മലയുടെ ചരിവുകളിലുള്ള ആദിവാസിക്കുടിലുകളില്‍ തീപുകയുന്നതും നോക്കി കുറേനേരം നിന്നു. എതിര്‍ദിശയില്‍ തമിഴ്‌നാടിന്‍റെ  ഭാഗമായ മീശപ്പുലിമലയും കാണാം. 



അപാരസുന്ദരമായ നീലാകാശത്തിന്‍ കീഴില്‍ മഞ്ഞിന്‍റെ  നേര്‍ത്ത മുഖാവരണമണിഞ്ഞ അഗാധമായ കൊക്കകളിലേക്ക്‌ നോക്കിനില്‍ക്കുമ്പോള്‍ പ്രകൃതിയുടെ നിഗൂഢതകളെപ്പറ്റിയുള്ള ചിന്തയായിരുന്നു മനസ്സില്‍. 


             പാലാറിനു കുറുകെയുള്ള മാട്ടുപ്പെട്ടി ഡാം ആയിരുന്നു അടുത്ത ലക്ഷ്യം. പള്ളിവാസല്‍ പ്രോജക്‌ടിന്‍റെ  സംഭരണ അണക്കെട്ടാണ്‌ മാട്ടുപ്പെട്ടി ഡാം. ഇവിടേക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌ പ്രകൃതിരമണീയതയും സ്‌പീഡ്‌ ബോട്ട്‌ സര്‍വ്വീസുമാണ്. എന്നാല്‍ വഴിയില്‍ അപ്രതീക്ഷിതമായി വന്നുഭവിച്ച ഗതാഗതക്കുരുക്ക്‌ കാരണം ഡാം സന്ദര്‍ശനം ഒഴിവാക്കേണ്ടിവന്നു. 

അവിടെനിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോ-സ്വിസ്‌ ലൈവ്‌സ്റ്റോക്ക്‌ പ്രോജക്‌ടായിരുന്നു അടുത്ത ലക്ഷ്യം.

 മതിലിനുമീതെ ഘടിപ്പിച്ചിരിക്കുന്ന കമ്പികളില്‍ തൊടരുതേ, ഷോക്കടിക്കും. ആരും അതിക്രമിച്ച്‌ കടക്കാതിരിക്കാനുള്ള സുരക്ഷാ ഏര്‍പ്പാടാണത്. വിശാലമായ ഗേറ്റിലൂടെ അകത്തേക്കു കടന്നാല്‍ ആദ്യം കാണുന്നത്‌ പച്ചപ്പരവതാനി വിരിച്ചതുപോലെ പരന്നുകിടക്കുന്ന പുല്‍പ്രദേശം.  

സ്വിസ്സ്‌ ബ്രൗണ്‍, സുനന്ദിനി തുടങ്ങി നൂറിലേറെ മുന്തിയ ഇനം പശുക്കളുടെ പരിപാലനകേന്ദ്രമാണിവിടം. പതിനൊന്ന്‌ തൊഴുത്തുകളിലായി അവയെ ശ്രദ്ധയോടെ പാര്‍പ്പിച്ചിരിക്കുന്നു. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമുള്ളൂ.



 1963-ല്‍ സ്വിസ്സ്‌ ഗവണ്മെന്റിന്‍റെ  സഹകരണത്തോടെ തുടക്കം കുറിച്ചതാണ്‌ 191 ഹെക്‌ടാര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഡെയറിഫാം. കാറ്റില്‍ ബ്രീഡിംഗ്‌, സെമന്‍ ബാങ്ക്‌, വെറ്ററിനറി ട്രെയിനിംഗ്‌ കോഴ്‌സുകള്‍ തുടങ്ങി ലൈവ്‌സ്റ്റോക്കുമായി ബന്ധപ്പെട്ട വിവിധ പ്രോജക്‌ടുകള്‍ വിജയകരമായി നടത്തിവരുന്നു. 

ഫാമിനോട്‌ ചേര്‍ന്നുള്ള ഉദ്യാനത്തില്‍ റോസ്‌, സീനിയ, ഡാലിയ തുടങ്ങി പലതരം പൂക്കള്‍ സമൃദ്ധിയായി വിരിഞ്ഞുനില്‍ക്കുന്നു. ഏക്കറുകളോളം നീണ്ട തീറ്റപ്പുല്‍ കൃഷിയിടങ്ങള്‍, നാനാജാതി വൃക്ഷങ്ങള്‍.... കണ്ണിന്‌ കുളിരേകുന്ന ഹരിതസൗന്ദര്യമാണിവിടം.
ഡെയറിഫാമില്‍നിന്നും നേരെ മൂന്നാര്‍ ടൗണിലേക്ക്‌ തിരിച്ചു. 

മൂന്നുമണിനേരത്ത്‌ കോരിച്ചൊരിയുന്ന മഴയത്ത്‌ ടൗണിലെത്തി.
 രണ്ട്‌ ഹോട്ടലുകളില്‍നിന്നായി എല്ലാവര്‍ക്കും ഉച്ചഭക്ഷണം കിട്ടി. ഹോംമെയ്‌ഡ്‌ ചോക്ക്‌ലേറ്റും തേയിലയുമൊക്കെ വാങ്ങി, മൂന്നാറിനോട്‌ വിടപറഞ്ഞു. കട്ടപ്പനയാണ്‌ അടുത്ത ലക്ഷ്യം. അവിടെ വത്സല ടൂറിസ്റ്റ്‌ ഹോമിലാണ്‌ താമസം ഏര്‍പ്പാടാക്കിയിരിക്കുന്നത്‌.

കട്ടപ്പനനിന്നും ഏലപ്പാറ വഴി ഒമ്പതു കിലോമീറ്റര്‍ ദൂരമേയുള്ളൂ അഞ്ചുരുളിയിലേക്ക്‌. ഇടുക്കി ഡാമിന്‍റെ  തുടക്കം ഇവിടെനിന്നാണ്‌. ഇരട്ടയാര്‍ ഡാമിലെ വെള്ളം ഇടുക്കി ഡാമിന്‍റെ ജലാശയത്തിലേക്ക്‌ കൊണ്ടുപോകുന്നത്‌ അഞ്ചുരുളി തുരങ്കത്തിലൂടെയാണ്‌. 

ഈ ജലാശയത്തില്‍ അഞ്ചു മലകള്‍ നിരയായി ഉരുളി കമഴ്‌ത്തിയതുപോലെ ഇരിക്കുന്നതിനാല്‍ സ്ഥലത്തെ ആദിവാസികള്‍ നല്‍കിയ പേരാണ്‌ അഞ്ചുരുളി. കല്യാണത്തണ്ടു മലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ്‌ തുരങ്കം. ഇതിന്‍റെ  ഒരറ്റത്തുനിന്ന്‌ നോക്കിയാല്‍ ഒരു രൂപ നാണയത്തിന്‍റെ  വലിപ്പത്തില്‍ അങ്ങുദൂരെ മറ്റേയറ്റം കാണാം. ധൈര്യശാലികള്‍ക്ക്‌ ഉള്ളിലൂടെ അങ്ങേയറ്റംവരെ പോയിവരാം, ഒരു ടടേര്‍ച്ചകൂടെ കരുതിയാല്‍ മതി. 5.5 കി:മീ: നീളവും 24 അടി വ്യാസവുമുള്ള തുരങ്കം ഒറ്റ പാറയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പാറയുടെ രണ്ടുഭാഗത്തുനിന്നും ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച്‌ നടുക്ക്‌ കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ 22 പേര്‍ മരണപ്പെട്ടു. കോണ്‍ട്രാക്‌ടര്‍ പൈലി പിള്ളയുടെ നേതൃത്വത്തില്‍ 1974 മാര്‍ച്ച്‌ പത്തിന്‌ നിര്‍മ്മാണം ആരംഭിച്ച്‌ 1980 ജനുവരി മുപ്പതിന്‌ ഉത്‌ഘാടനംചെയ്‌തു. നയനാനന്ദകരമായ കാഴ്‌ചകളുമായി സഞ്ചാരികളെ കാത്തുനില്‍ക്കുന്ന അഞ്ചുരുളിയെപ്പറ്രി പുറംലോകത്തിന്‌ വേണ്ടത്ര അറിവില്ല. സഞ്ചാരികളുടെ സുരക്ഷയ്‌ക്കായി വേണ്ടത്ര ക്രമീകരണങ്ങളുമില്ല. `ഇയ്യോബിന്റെ പുസ്‌തകം' തുടങ്ങി നിരവധി മലയാളസിനിമകള്‍ക്ക്‌ ലൊക്കേഷനായിട്ടുള്ള അഞ്ചുരുളി ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഒരുപാട്‌ വളരേണ്ടിയിരിക്കുന്നു.

ഇടുക്കിയിലെ എല്ലാ സ്ഥലങ്ങളും മനോഹരമാണെങ്കിലും ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന ചോദ്യത്തിന്‌ ഒരുത്തരമേയുള്ളൂ, കല്യാണത്തണ്ടു മല. മലകളെ ചുറ്റിപ്പുണര്‍ന്നുകിടക്കുന്ന ഇടുക്കി ജലാശയത്തിന്‍റെയും മലകളിലെ പച്ചപ്പിന്‍റെയും വശ്യത കണ്ണിലൊതുക്കാനാവാത്തവണ്ണം പരന്നു കിടക്കുന്നു. 

അവിടവിടെ സ്ഥാപിച്ചിട്ടുള്ള ബഞ്ചുകളിലിരുന്ന്‌ മതിയാവോളം കാണാം, കാറ്റിന്‍റെ തണുപ്പും നുകരാം. വിശ്രമിക്കാന്‍ ഒരു മുളങ്കുടിലുമുണ്ട്‌.

 കല്യാണത്തണ്ടു മലയ്‌ക്ക്‌ കാല്‍വരി മൗണ്ട്‌ എന്നും പേരുണ്ട്‌. ഇതൊരു സ്വകാര്യവ്യക്തിയുടെ വകയാണെന്ന്‌ അവിടെ നാട്ടിയിരിക്കുന്ന കുരിശുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ശരിയാവാം. 

കാഴ്‌ചയുടെ അഞ്ചു സുന്ദരദിനങ്ങള്‍ അവസാനിക്കാറായി. മടക്കയാത്രയ്‌ക്ക്‌ തൊട്ടുമുമ്പുള്ള കൊട്ടിക്കലാശം ഇടുക്കി അണക്കെട്ടിലാവട്ടെ. പലവട്ടം കണ്ടതാണെങ്കിലും ഓരോ കാഴ്‌ചയിലും പുതുമ തോന്നിപ്പിക്കുന്ന നിര്‍മ്മാണ കൗതുകമാണ്‌ ഇടുക്കി ആര്‍ച്ച്‌ ഡാം. സന്ദര്‍ശകരുടെ നോട്ടം ആദ്യമെത്തുന്നത്‌ കറുത്ത പെയിന്റില്‍ കുളിച്ചുനില്‍ക്കുന്ന കൊലുമ്പന്‍റെ  പ്രതിമയിലും. 

1932-ല്‍, ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിനിറങ്ങിയ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ട്‌ ഡബ്ലിയു. ജെ ജോണിന്‌ അണക്കെട്ടിന്‌ അനുയോജ്യമായ സ്‌ഥാനം കാണിച്ചുകൊടുത്തത്‌ ആദിവാസിയായ കൊലുമ്പനാണ്‌. 
1976-ല്‍ ഇന്ദിരാഗാന്ധിയാണ്‌ ഈ ജലവൈദ്യുത പദ്ധതിയുടെ ഉത്‌ഘാടനം നിര്‍വ്വഹിച്ചത്‌. ഇടുക്കി, ചെറുതോണി, കുളമാവ്‌ എന്നിങ്ങനെ മൂന്ന്‌ അണക്കെട്ടുകളിലായി വൈദ്യുതി ഉത്‌പാദനത്തിന്‌ ആവശ്യമായ വെള്ളം സംഭരിച്ചു നിര്‍ത്തിയിരിക്കുന്നു. ചെറുതോണി ഡാമിലേക്കാണ്‌ ആദ്യം പോയത.്‌ അവിടെനിന്ന്‌ കാല്‍നടയായി ഇടുക്കി ആര്‍ച്ച്‌ ഡാമിലേക്കും. പെരിയാര്‍ നദിക്കു കുറുകെയാണ്‌ ഇടുക്കി ആര്‍ച്ച്‌ ഡാമിന്‍റെ  നിര്‍മ്മിതി. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി നിര്‍മ്മിച്ച അണക്കെട്ടിന്‌ 55 അടി ഉയരവും 65 കി:മീ വിസ്‌തൃതിയുള്ള ജലസംഭരണിയുമുണ്ട്‌. മുലമറ്റം പവര്‍ഹൗസിന്‍റെ  ഉത്‌പാദനശേഷി 780 മെഗാവാട്ടാണ്‌. നാടുകാണി മലയുടെ മുകളില്‍നിന്ന്‌ 750 മീറ്റര്‍ അടിയിലുള്ള ഭൂഗര്‍ഭ വൈദ്യുതനിലയം ഇന്ത്യയിലേക്കുംവച്ച്‌ ഏറ്റവും വലുതുമാണ്‌. 

     ഇനി മടക്കയാത്രയാണ്‌, യാത്രയുടെ ആസ്വാദനവിവരണങ്ങളും മറ്റുമായി ബസ്സിനുള്ളില്‍. നീണ്ട മണിക്കൂറുകള്‍. രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത്‌ തിരിച്ചെത്തി, താമസിയാതെ വീണ്ടും ഒത്തുചേരാം എന്ന പ്രതീക്ഷ ബാക്കിവച്ചുകൊണ്ട്‌.
പശ്ചിമഘട്ട മലനിരകളുടെ അനന്യസൗന്ദര്യത്തില്‍ അലിഞ്ഞൊഴുകിയ ആ സുന്ദരദിനങ്ങളില്‍ മനസ്സിലും ചുണ്ടിലും തങ്ങിനിന്നത്‌ പണ്ടേ പാടിപ്പതിഞ്ഞ ഒരു ഗാനശകലം: 
`പുഴകള്‍, മലകള്‍, പൂവ നങ്ങള്‍... ഭൂമിക്ക്‌ കിട്ടിയ സ്‌ത്രീധനങ്ങള്‍....'