Friday, 27 March 2020

അഞ്ചുരുളി തുരങ്കം (യാത്ര) എസ്.സരോജം


കട്ടപ്പനനിന്നും ഏലപ്പാറ വഴി ഒമ്പതു കിലോമീറ്റര്‍ ദൂരമേയുള്ളൂ അഞ്ചുരുളിയിലേക്ക്‌. ഇടുക്കി ഡാമിന്‍റെ തുടക്കം ഇവിടെനിന്നാണ്‌. ഇരട്ടയാര്‍ ഡാമിലെ വെള്ളം ഇടുക്കി ഡാമിന്‍റെ ജലാശയത്തിലേക്ക്‌ കൊണ്ടുപോകുന്നത്‌ അഞ്ചുരുളി തുരങ്കത്തിലൂടെയാണ്‌. ഈ ജലാശയത്തില്‍ അഞ്ചു മലകള്‍ നിരയായി ഉരുളി കമഴ്‌ത്തിവച്ചതുപോലെ കാണുന്നതിനാല്‍ സ്ഥലത്തെ ആദിവാസികള്‍ നല്‍കിയ പേരാണ്‌ അഞ്ചുരുളി. 

കല്യാണത്തണ്ടു മലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ്‌ തുരങ്കം. ഇതിന്‍റെ ഒരറ്റത്തുനിന്ന്‌ നോക്കിയാല്‍ ഒരു രൂപ നാണയത്തിന്‍റെ വലിപ്പത്തില്‍, വെളിച്ചത്തിന്‍റെ പൊട്ടുപോലെ മറ്റേയറ്റം കാണാം. ധൈര്യശാലികള്‍ക്ക്‌ ഉള്ളിലൂടെ അങ്ങേയറ്റംവരെ പോയിവരാം, ഒരു  ടോര്‍ച്ചുകൂടെ കരുതിയാല്‍ മതി. നീരൊഴുക്ക്‌ കുറവായതിനാല്‍ കൂട്ടത്തിലുള്ള ചിലരൊക്കെ അല്‍പദൂരം ഉള്ളിലേക്ക്‌ കയറിനോക്കി. കുട്ടികളെ അകത്തേക്ക്‌ കയറാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. തുരങ്കകവാടത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാന്‍ അവര്‍ക്ക്‌ വലിയ ഉത്സാഹമായിരുന്നു. വഴുക്കലുള്ള പാറക്കല്ലുകളുള്ളതിനാല്‍ വളരെ ശ്രദ്ധിച്ചുവേണം വെള്ളത്തിലിറങ്ങാന്‍.


5.5 കി:മീ: നീളവും 24 അടി വ്യാസവുമുള്ള തുരങ്കം ഒറ്റ പാറയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പാറയുടെ രണ്ടുഭാഗത്തുനിന്നും ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച്‌ നടുക്ക്‌ കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ 22 പേര്‍ മരണപ്പെട്ടുവത്രെ. കോണ്‍ട്രാക്‌ടര്‍ പൈലി പിള്ളയുടെ നേതൃത്വത്തില്‍ 1974 മാര്‍ച്ച്‌ പത്തിന്‌ നിര്‍മ്മാണം ആരംഭിച്ച്‌ 1980 ജനുവരി മുപ്പതിന്‌ ഉത്‌ഘാടനംചെയ്‌തു.
നയനാനന്ദകരമായ കാഴ്‌ചകളുമായി സഞ്ചാരികളെ കാത്തുനില്‍ക്കുന്ന അഞ്ചുരുളിയെപ്പറ്റി പുറംലോകത്തിന്‌ വേണ്ടത്ര അറിവില്ല. സഞ്ചാരികളുടെ സുരക്ഷയ്‌ക്കായി വേണ്ടത്ര ക്രമീകരണങ്ങളുമില്ല. `ഇയ്യോബിന്‍റെ പുസ്‌തകം' തുടങ്ങി നിരവധി മലയാളസിനിമകള്‍ക്ക്‌ ലൊക്കേഷനായിട്ടുള്ള അഞ്ചുരുളി ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഇനിയും ഒരുപാട്‌ വളരേണ്ടിയിരിക്കുന്നു.

Sunday, 9 February 2020

പ്രണയപ്പൂട്ട്‌ - എസ്.സരോജം

(നേവ മുതല്‍ വോള്‍ഗ വരെ എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്)


മൊസ്‌കൊവാ നദിക്കുകുറുകെയുള്ള നിരവധി പാലങ്ങളിലൊന്നാണ്‌ ചുംബനപ്പാലം എന്നറിയപ്പെടുന്ന ലുഷ്‌കോവ്‌ ബ്രിഡ്‌ജ്‌. ട്രെറ്റിയാകോവ്‌ ഗ്യാലറി സ്ഥിതിചെയ്യുന്ന ലവൃഷിന്‍സ്‌കി തെരുവില്‍നിന്നും വിശാലമായ നഗരവീഥി മുറിച്ചുകടന്നാല്‍ ലുഷ്‌കോവ്‌ ബ്രിഡ്‌ജിലേക്കുള്ള പ്രവേശന കവാടമായി. ക്രെംലിന്‌ സമീപം, രക്ഷകനായ ക്രിസ്‌തുവിന്‍റെ നാമത്തിലുള്ള ദേവാലയത്തിനരികിലുള്ള ഈ `ചുംബനപ്പാല'ത്തിലേക്ക്‌ നമ്മെ സ്വാഗതംചെയ്യുന്നത്‌ ഹൃദയാകാരത്തിലുള്ള വലിയൊരു പ്രണയമുദ്രയാണ്‌. പലയിനം ചെടികളും പൂക്കളും ചില്ലകളില്‍ പ്രണയപ്പൂട്ടുകള്‍ ചൂടിനില്‍ക്കുന്ന ലോഹമരങ്ങളും കമിതാക്കളും കാഴ്‌ചക്കാരും എല്ലാംകൂടി പാശ്ചാത്യമായൊരു വൃന്ദാവനത്തിന്‍റെ പ്രതീതി.
റൊമാന്‍സിന്‌ പേരുകേട്ട നഗരമല്ല മോസ്‌കൊ എന്ന്‌ എല്ലാവര്‍ക്കുമറിയാം. പക്ഷേ, സമീപകാലത്തായി ഇവിടെയും ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു; മനുഷ്യസഹജമായ പ്രണയത്തെ ജീവിതാന്ത്യംവരെ കാത്തുസൂക്ഷിക്കാന്‍ വിചിത്രമായ ഒരാചാരം! വിവാഹിതരായാലുടന്‍ ദമ്പതികള്‍ ഇവിടെവന്ന്‌ പാലത്തിന്മേല്‍ നിന്ന്‌ പരസ്‌പരം ചുംബിക്കുകയും ഇരുവരുടെയും പേരും വിവാഹത്തീയതിയും പ്രണയപ്രതിജ്ഞയുമെഴുതിയ ഹൃദയാകൃതിയിലുള്ള പൂട്ട്‌ ഒരുമിച്ച്‌ പ്രണയമരത്തിലിട്ട്‌ പൂട്ടി, താക്കോല്‍ നദിയുടെ ആഴത്തിലേക്ക്‌ വലിച്ചെറിയുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയം ജീവിതാവസാനംവരെ സന്തോഷത്തോടെയും വിശ്വസ്‌തതയോടെയും നിലനില്‍ക്കുമെന്നുള്ള വിശ്വാസമാണ്‌ ദമ്പതികളുടെ ഈ ആചാരത്തിന്‌ പിന്നില്‍. പ്രണയം ആഘോഷിക്കാന്‍ വാലന്റയിന്‍സ്‌ ഡേ വരെ കാത്തിരിക്കേണ്ടതില്ലെന്ന്‌ സാരം.
പാലത്തിന്‍റെ അഴികകളില്‍ ഏതാനും പ്രണയപ്പൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന്‌, 2007-ലാണത്രെ ഇവിടെ ആദ്യത്തെ പ്രണയപ്പൂട്ടുമരം നട്ടത്‌. പുതിയ ആചാരത്തിന്‌ പ്രചാരമേറിയതോടെ റഷ്യന്‍ പൊലീസ്‌, പാലത്തിന്റെ നടുക്കായി, ഒരറ്റംമുതല്‍ മറ്റെയറ്റംവരെ ലോഹമരങ്ങള്‍ വച്ചുപിടിപ്പിച്ചു. ഇതിന്‌ പ്രണയപ്പൂട്ടുമരങ്ങള്‍ എന്ന്‌ പേരായി. വിവാഹക്കാലമായാല്‍ ഈ മരങ്ങള്‍ക്കുചുറ്റും പുതുദമ്പതികളുടെ തിരക്കായിരിക്കും. ഭര്‍ത്താവ്‌ ഭാര്യയെ എടുത്തുപൊക്കി മരത്തിന്‍റെ ഉച്ചിയില്‍ പ്രണയപ്പൂട്ടിടുന്നതും അതൊക്കെ ഫോട്ടോയെടുത്തും വീഡിയോ പിടിച്ചും ആഘോഷിക്കുന്നതും രസകരമായ കാഴ്‌ചതന്നെ. മോസ്‌കൊവില്‍ എല്ലാവര്‍ഷവും ആഴ്‌ചകളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രണയോത്സവമാണിത്‌. ശനിയാഴ്‌ച ദിവസങ്ങളിലാണ്‌ ദമ്പതികള്‍ ധാരാളമെത്തുന്നത്‌. കടുംനിറങ്ങളിലുള്ള നൂറുകണക്കിന്‌ പൂട്ടുകള്‍ മരങ്ങളില്‍ തൂങ്ങിക്കിടക്കുന്നത്‌ കാണാന്‍ നല്ല ചേലാണ്‌.
സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്‌ സന്ദര്‍ശനവേളയില്‍, നേവാനദിക്ക്‌ കുറുകെയുള്ള പാലങ്ങളുടെ അഴികളിലും ഏതാനും പൂട്ടുകള്‍ ബന്ധിച്ചിരിക്കുന്നത്‌ കാണുകയുണ്ടായി. റഷ്യയില്‍ മാത്രമല്ല, ലോകമെങ്ങും ചെറുപ്പക്കാര്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന രസകരമായ ഒരാചാരവ്യാധിയാണ്‌ പ്രണയത്തെ എന്നെന്നേക്കുമായി പാഡ്‌ലോക്കില്‍ പൂട്ടിയുറപ്പിക്കുകയെന്നത്‌. രണ്ടായിരാമാണ്ടിനുശേഷം പ്രചാരംനേടിയ ഈ ആചാരത്തെ മോസ്‌കൊ പോലുള്ള നഗരങ്ങളില്‍ ഒരു പൊതുശല്യമാകാത്തവിധത്തില്‍, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള രസകരമായൊരു സംഗതിയായി സ്വീകരിക്കപ്പെടുമ്പോള്‍ മറ്റ്‌ പലയിടത്തും പൂട്ടുകളുടെ ബാഹുല്യവും പാലങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്‌ നേരിടുന്ന ബുദ്ധിമുട്ടുകളും കാരണം ഇതൊരു പൊതുശല്യമായിക്കണ്ട്‌ നശിപ്പിച്ചുകളയുന്നു.
പ്രണയപ്പൂട്ടുകള്‍ക്ക്‌ ഒന്നാം ലോകയുദ്ധകാലത്തോളം പഴക്കമുള്ളതും ദുഃഖപര്യവസായിയായതുമായ ഒരു സെര്‍ബിയന്‍ കഥയുമായി ബന്ധമുണ്ടെന്ന്‌ പറയപ്പെടുന്നു. വ്രഞ്‌ജകാ ബഞ്‌ജയിലെ സ്‌പാ ടൗണിലുള്ള നദ എന്നു പേരായ ഒരു പാവം സ്‌കൂള്‍മിസ്റ്റ്രസ്‌ റെല്‍ജ എന്ന്‌ പേരായ സെര്‍ബിയന്‍ സൈനികോദ്യോഗസ്ഥനുമായി പ്രണയത്തിലായി, വിവാഹനിശ്ചയം കഴിഞ്ഞപ്പോഴേക്കും റെല്‍ജയ്‌ക്ക്‌ ഗ്രീസുമായി യുദ്ധത്തിന്‌ പോകേണ്ടിവന്നു. അവിടെ അയാള്‍ കോര്‍ഫുവിലുള്ള മറ്റൊരു സ്‌ത്രീയുമായി പ്രണയത്തിലേര്‍പ്പെടുകയും നദയും റെല്‍ജയും തമ്മിലുള്ള പ്രണയം തകരുകയും ചെയ്‌തു. പ്രണയത്തകര്‍ച്ചയില്‍നിന്നുണ്ടായ ആഘാതം താങ്ങാനാവാതെ നദ ഹൃദയം പൊട്ടി മരിച്ചുവത്രെ. ഈ സംഭവത്തെതുടര്‍ന്ന്‌ വ്രഞ്‌ജകാ ബഞ്‌ജയിലെ യുവതികള്‍ തങ്ങളുടെ പ്രണയം തകരാതെ സൂക്ഷിക്കുന്നതിനായി സ്വന്തം പേരും പ്രണയിക്കുന്ന പുരുഷന്‍റെ പേരും പൂട്ടിന്മേലെഴുതി, നദയും റെല്‍ജയും പതിവായി സംഗമിച്ചിരുന്ന പാലത്തിന്‍റെ അഴികളില്‍ പൂട്ടിയിടാന്‍ തുടങ്ങിയത്രെ.
 2006-ല്‍ ഫ്രെഡറികൊ മോച്ചിയാ തന്‍റെ ബെസ്റ്റ്‌ സെല്ലറായ Ho Voglia di Te (എനിക്ക്‌ നിന്നെ വേണം) എന്ന നോവല്‍ പ്രസിദ്ധീകരിക്കുകയും 2007-ല്‍ അത്‌ സിനിമയാക്കുകയും ചെയ്‌തതോടെയാണ്‌ റോമിലെ പോണ്ടെ മില്‍വിയൊ പാലത്തില്‍ പ്രണയപ്പൂട്ടുകള്‍ സ്ഥാനംപിടിച്ചത്‌. പ്രസ്‌തുത കൃതിയില്‍ ഒരു യുവദമ്പതികള്‍ തങ്ങളുടെ അനശ്വരപ്രണയത്തിന്‍റെ അടയാളമായി റോമിലെ മില്‍വിയന്‍ പാലത്തില്‍ ഒരു പൂട്ടിടുന്ന രംഗമുണ്ട്‌. പൂട്ടിന്‍റെ പുറത്ത്‌ തങ്ങളുടെ പേരും പ്രണയപ്രതിജ്ഞയും എഴുതി ഇരുവരും ഒരുമിച്ച്‌ അത്‌ പാലത്തിലിട്ട്‌ പൂട്ടി, താക്കോല്‍ ടൈബര്‍ നദിയിലേക്ക്‌ വലിച്ചെറിയുകയായിരുന്നു അവര്‍. നോവലിന്റെ മില്യന്‍ കണക്കിന്‌ വായനക്കാരില്‍, ആയിരക്കണക്കിന്‌ യുവപ്രണയികള്‍ ഹൃദയസ്‌പര്‍ശിയായ ആ പ്രണയപ്രകടനത്തെ അനുകരിക്കാന്‍ തുടങ്ങി. കൗമാരക്കാരുടെ സാഹിത്യാഭിരുചിയോടും വികാരപ്രകടനത്തോടുമൊക്കെ പൊരുത്തപ്പെടാനാവാത്ത നഗരപാലകര്‍ എന്തുകൊണ്ടാണ്‌ നഗരത്തിലെ പാലങ്ങള്‍ പൂട്ടുകളുടെ അമിതഭാരത്താല്‍ നിറയുന്നതെന്ന്‌ അത്ഭുതപ്പെടുകയാണുണ്ടായത്‌. യുവപ്രണയികളുടെ ഈ അമിതമായ പൂട്ടുഭ്രമത്തോട്‌ പലരും ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുകയുമുണ്ടായി. വെനീസിലെ റിയാള്‍ട്ടൊ പാലത്തിലെ പ്രണയപ്പൂട്ടുകളെ ദിനപ്പത്രമായ ലാ റിപ്പബ്‌ളിക്ക `വള്‍ഗര്‍' എന്നാണ്‌ വിശേഷിപ്പിച്ചത്‌.
ഫ്രെഡറികൊ മോച്ചിയായുടെ നോവലിന്‌ റഷ്യന്‍ ഉള്‍പ്പെടെ പല യൂറോപ്യന്‍ ഭാഷകളിലും പരിഭാഷകളുണ്ടായി. ഒരുപക്ഷേ, നോവലിന്‍റെ സ്വാധീനംകൊണ്ടാവാം, ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടുകൂടി റോമിലും റഷ്യയിലും മാത്രമല്ല, യൂറോപ്പിന്‍റെ ഇതരഭാഗങ്ങളിലും പ്രണയപ്പൂട്ടാചാരം പടര്‍ന്നുപിടിക്കാന്‍ തുടങ്ങി. പലയിടത്തും പാലത്തിന്‍റെ അഴികള്‍ക്ക്‌ താങ്ങാവുന്നതിലേറെയായി പൂട്ടുഭാരം. ഗത്യന്തരമില്ലാതെ, അധികൃതര്‍ അവയൊക്കെ നശിപ്പിക്കാനും നിരോധിക്കാനും തുടങ്ങി. 2010-ല്‍ ഒറ്റരാത്രികൊണ്ട്‌ ഫ്രാന്‍സിലെ ചരിത്രസ്‌മാരകങ്ങളായ പാലങ്ങളില്‍നിന്ന്‌ പ്രണയപ്പൂട്ടുകള്‍ അപ്രത്യക്ഷമായെങ്കിലും വീണ്ടും പുതിയവ സ്ഥാനംപിടിക്കാന്‍തുടങ്ങി. 
ആസ്‌ട്രേലിയയിലെ കാന്‍ബറയിലും മെല്‍ബോണിലും പൊതുജനസുരക്ഷയും പാലങ്ങളുടെ ഉറപ്പും കണക്കിലെടുത്ത്‌, 2015-ല്‍ പതിനായിരക്കണക്കിന്‌ പ്രണയപ്പൂട്ടുകള്‍ നീക്കംചെയ്‌തുവത്രെ. ഇതേവര്‍ഷം കാനഡയിലെ വിന്നിപെഗില്‍, ഒരു പാലത്തിലെ പ്രണയപ്പൂട്ടിലിടിച്ച്‌ ബൈക്ക്‌യാത്രികയുടെ കൈക്ക്‌ സാരമായ പരിക്കേല്‍ക്കുകയും മുറിവില്‍ ഇരുപത്തൊന്ന്‌ തുന്നിക്കെട്ടുകള്‍ വേണ്ടിവരികയും ചെയ്‌തുവത്രെ. അള്‍ജിയേഴ്‌സിലെ `ആത്മഹത്യാപാല'ത്തില്‍ 2013 സെപ്‌തംബറില്‍ പ്രത്യക്ഷപ്പെട്ട പ്രണയപ്പൂട്ടുകള്‍ ഇത്തരം ആചാരങ്ങള്‍ ഇസ്ലാംവിരുദ്ധമാണെന്നാരോപിച്ച്‌ നശിപ്പിച്ചുകളയുകയാണുണ്ടായത്‌. ഇങ്ങനെയിങ്ങനെ, ലോകമെമ്പാടുമുള്ള പ്രണയപ്പൂട്ട്‌ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

Friday, 7 February 2020

ദസ്‌തയേവ്‌സ്‌കിയുടെ വീട്ടില്‍ (എസ്.സരോജം)

("നേവമുതല്‍ വോള്‍ഗവരെ" എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്നും)

സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗിലെ മൂന്നാം ദിവസത്തെ കാഴ്‌ചകളില്‍ നിറഞ്ഞുനിന്നത്‌ വിശ്വസാഹിത്യകാരനായ ദസ്‌തയേവ്‌സ്‌കിയുടെ കൊച്ചുവീടായിരുന്നു. പ്രീഡിഗ്രിക്ലാസിലെ ഇംഗ്ലീഷദ്ധ്യാപകനായിരുന്ന പരമേശ്വരന്‍ സാറിന്‍റെ നാവില്‍നിന്നാണ്‌ ആദ്യമായി ദസ്‌തയേവ്‌സ്‌കി എന്ന റഷ്യന്‍ എഴുത്തുകാരനെപ്പറ്റി കേട്ടത്‌. കോളേജ്‌ലൈബ്രറിയിലെ അമൂല്യങ്ങളായ പുസ്‌തകശേഖരത്തില്‍നിന്നും `കുറ്റവും ശിക്ഷയും' എന്ന നോവല്‍ കണ്ടെടുത്തു വായിക്കാന്‍ അതൊരു പ്രേരണയായി. തുടര്‍ന്ന്‌ ചൂതാട്ടക്കാരന്‍, കാരമസോവ്‌ സഹോദരന്മാര്‍, നിന്ദിതരും പീഡിതരും തുടങ്ങി അദ്ദേഹത്തിന്‍റെ പല കൃതികളും തേടിപ്പിടിച്ച്‌ വായിച്ചു. മനുഷ്യജീവിതത്തെ ഇത്രമേല്‍ അവഗാഹത്തോടെ ചിത്രീകരിക്കുന്ന ദസ്‌തയേവ്‌സ്‌കി എന്ന എഴുത്തുകാരനോട്‌ തോന്നിയത്‌ ആദരവിനുമപ്പുറം വല്ലാത്തൊരിഷ്‌ടമായിരുന്നു. അദ്ദേഹം ജീവിച്ച നാടും വീടുമൊക്കെ നേരില്‍ കാണണമെന്ന മോഹം അന്നേ മനസ്സില്‍ കടന്നുകൂടിയതാണ്‌. പിന്നീട്‌, മലയാളികളുടെ പ്രിയ എഴുത്തുകാരനായ പെരുമ്പടവം ശ്രീധരന്‍ ദസ്‌തയേവ്‌സ്‌കിയുടെ ജീവിതം `ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവലിലൂടെ ഒരളവുവരെ നമുക്ക്‌ പരിചിതമാക്കി. ആ നോവല്‍ വിലകൊടുത്തുവാങ്ങി പലവട്ടം വായിച്ചു. വായിക്കുംതോറും ഇങ്ങനെയും ഒരു മനുഷ്യനൊ! എന്ന അതിശയവിചാരം മനസ്സില്‍ ഉണര്‍ന്നുവന്നു. ഒടുവില്‍, അസാധ്യമെന്ന്‌ കരുതിയിരുന്ന ആ മോഹം 2018 ജൂലായ്‌ മാസത്തിലെ അവസാനത്തെ ആഴ്‌ചയില്‍ നിറവേറി.

ഒരു മനുഷ്യനെ അവന്‍റെ ചിന്തയുടെ ഗതിവിഗതികളെ സ്വാധീനിച്ച്‌ ശരിതെറ്റുകളുടെ ഇഴകളെ വേര്‍തിരിച്ചെടുക്കാന്‍ അക്ഷരങ്ങളിലൂടെ സാധിക്കുമെന്ന്‌ തെളിയിച്ച ഫിയോദര്‍ മിഖായലോവിച്ച്‌ ദസ്‌തയേവ്‌സ്‌കി തന്‍റെ  സംഭവബഹുലമായ ജീവിതം നയിച്ചത്‌ നേവ നദിക്കരയിലെ സുന്ദരനഗരമായ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്ഗിലായിരുന്നല്ലൊ. 1849-ല്‍ സാര്‍ ചക്രവര്‍ത്തിക്കെതിരെ വിപ്ലവശ്രമം നടത്തിയെന്നാരോപിച്ച്‌ ഭരണകൂടം അദ്ദേഹത്തെ അറസ്റ്റുചെയ്‌ത്‌, വധശിക്ഷയ്‌ക്ക്‌ വിധിച്ചു. ആരാച്ചാര്‍ കഴുത്തില്‍ കൊലക്കയറിട്ട്‌, ലിവര്‍ വലിക്കുന്നതിനു തൊട്ടുമുമ്പ്‌ മരണശിക്ഷയില്‍നിന്ന്‌ ഒഴിവാക്കപ്പെടുകയും തുടര്‍ന്ന്‌, പീറ്റര്‍ -പാള്‍ കോട്ടയിലെ ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ സൈബീരിയയിലെ കൊടുംതണുപ്പിലേക്ക്‌ നാടുകടത്തപ്പെടുകയുമാണുണ്ടായത്‌. ചെറുപ്പത്തിലേതന്നെ സാഹിത്യഭ്രമം ബാധിച്ച ദസ്‌തയേവ്‌സ്‌കി ഇരുപതു വയസ്സായപ്പോഴേക്കും ആദ്യനോവല്‍ പ്രസിദ്ധീകരിച്ചിരുന്നു. ദേശവിരുദ്ധസാഹിത്യം ചര്‍ച്ചചെയ്യുന്ന ഒരു സംഘത്തില്‍ പങ്കാളിയായതിന്‍റെ  പേരിലാണ്‌ പോലീസിന്‍റെ  പിടിയിലായതും ശിക്ഷിക്കപ്പെട്ടതും. കുട്ടിക്കാലത്ത്‌ കുടിച്ചിറക്കിയ അനാഥത്വത്തിന്‍റെ  കയ്‌പുനീര്‍, അനീതികള്‍ക്കെതിരെ പ്രതികരിക്കാനുള്ള വിപ്ലവവീര്യം ഇതൊക്കെയാവാം നിഷേധിയും ഭരണകൂടത്തിനെതിരെ പൊരുതുന്നവനുമായ ദസ്‌തയേവ്‌സ്‌കിയെ വാര്‍ത്തെടുത്തത്‌.
1921-ല്‍ മോസ്‌കൊയില്‍ ജനിച്ച ദസ്‌തയേവ്‌സ്‌കിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം വീട്ടിലും സ്വകാര്യസ്‌കൂളിലുമായിരുന്നു. സ്‌കൂള്‍പഠനം പൂര്‍ത്തിയാവുംമുമ്പുതന്നെ അദ്ദേഹത്തിന്‌ അമ്മയെ നഷ്‌ടമായി. അമ്മയുടെ മരണാനന്തരം, 1837-ല്‍, പിതാവ്‌ അദ്ദേഹത്തെ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗിലെ ആര്‍മി എഞ്ചിനിയറിംഗ്‌ കോളേജിലയച്ചു. അവിടെനിന്നാണ്‌ അദ്ദേഹം മിലിട്ടറി എഞ്ചിനിയിംഗ്‌ ബിരുദം നേടിയത്‌. നാലുവര്‍ഷത്തെ നാടുകടത്തല്‍ശിക്ഷ കഴിഞ്ഞ്‌ തിരിച്ചെത്തിയ ദസ്‌തയേവ്‌സ്‌കിക്ക്‌ നിശ്ചിതകാലം പട്ടാളത്തില്‍ നിര്‍ബന്ധിതസേവനം അനുഷ്‌ടിക്കേണ്ടതായും വന്നു. ഭരണകൂടത്തിന്റെ നിശിതമായ നിരീക്ഷണത്തിലായിരുന്നു പിന്നത്തെ ജീവിതം. ഒരു യുദ്ധത്തടവുകാരന്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ  ഭാര്യയുമായി പ്രണയത്തിലാവുകയും മരിയ എന്നു പേരായ ആ സ്‌ത്രീയെ വിവാഹംകഴിക്കുകയും ചെയ്‌തു. 1864-ല്‍, അദ്ദേഹം യൂറോപ്യന്‍ പര്യടനത്തിലായിരിക്കെ, മരിയ മരണപ്പെട്ടു. സ്വന്തം സഹോദരന്‍റെയും മരിയയുടെയും അടുത്തടുത്തുള്ള മരണം ദസ്‌തയേവ്‌സ്‌കിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ചൂതാട്ടത്തിലേക്ക്‌ വീണുപോയ ദസ്‌തയേവ്‌സ്‌കിയെയാണ്‌ പിന്നീട്‌ ലോകം കണ്ടത്‌. ചൂതാട്ടത്തിന്‌ പണം കണ്ടെത്താനായി കുറ്റവും ശിക്ഷയും എന്ന നോവല്‍ ധൃതിയില്‍ എഴുതിത്തീര്‍ക്കുകയായിരുന്നുവത്രെ. പിന്നീട്‌, ചൂതാട്ടക്കാരന്‍ എന്ന നോവലെഴുതാന്‍ സഹായിയായി വന്ന അന്ന ഗ്രിഗോറിയേന നിക്കിന എന്ന ഇരുപത്തിരണ്ടുകാരിയെ പ്രണയിച്ച്‌, വിവാഹംചെയ്‌തു. അന്നയില്‍ അദ്ദേഹത്തിന്‌ മൂന്നു മക്കളുമുണ്ടായി വ്‌ലാഡിമിര്‍സ്‌കായ സ്‌ക്വയറില്‍ വണ്ടിയിറങ്ങി, ഞങ്ങള്‍ ദസ്‌തയേവ്‌സ്‌കിയുടെ വീടന്വേഷിച്ചു നടന്നു. സ്ഥലനാമങ്ങളും ബോര്‍ഡുകളും എല്ലാം റഷ്യന്‍ ഭാഷയിലാണ്‌. ആരോടെങ്കിലും ചോദിക്കാമെന്നുവച്ചാല്‍ അവിടുള്ളവര്‍ക്ക്‌ ഇംഗ്ലീഷോ മലയാളമോ ഹിന്ദിയോ അറിയുകയുമില്ല. ഡ്രൈവര്‍ പറഞ്ഞുതന്ന ലക്ഷ്യംവച്ച്‌ കവലയുടെ വലതുഭാഗത്തുള്ള നിരത്തിന്‍റെ  അരികുചേര്‍ന്ന്‌ നടന്നു. പാതയോരത്ത്‌ ആണ്‍പെണ്‍ ഭേദമെന്യെ തെരുവുകച്ചവടക്കാര്‍ സ്ഥാനംപിടിച്ചിരിക്കുന്നു. പലതരം പൂക്കളും സ്‌ട്രാബെറി, മുന്തിരി തുടങ്ങി വിവിധയിനം പഴങ്ങളും പച്ചക്കറികളുമൊക്കെ നിരത്തിവച്ച്‌ വില്‍പന നടത്തുകയാണവര്‍.

 കുറച്ചുദൂരം ചെന്നപ്പോള്‍ കുസ്‌നെചിനെയ്‌ പെറൂലൊക്‌ എന്ന തെരുവേരത്ത്‌ ഒരു വീട്ടുവാതിലില്‍ എഫ്‌.എം. ദസ്‌തയേവ്‌സ്‌കി എന്ന്‌ റഷ്യന്‍ ഭാഷയില്‍ എഴുതിവച്ചിരിക്കുന്നതു കണ്ടു. അതിലൂടെ അകത്തുകടന്ന്‌ കുറെ ഇടുമുടുക്കുകള്‍ താണ്ടി, ഏതാനും പടിക്കൊട്ടുകള്‍ കയറി മുകളിലെത്തി. പഴയൊരു കെട്ടിടത്തിന്‍റെ  മുകള്‍നിലയിലുള്ള ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റിലാണ്‌ വിശ്വസാഹിത്യകാരനായ ദസ്‌തയേവ്‌സ്‌കി താമസിച്ചിരുന്നത്‌. ആ വീട്‌ അതേപടി സ്‌മാരകമായി സംരക്ഷിച്ചിരിക്കുന്നു. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ റഷ്യന്‍ സമയം രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറുമണി വരെ സന്ദര്‍ശകര്‍ക്കായി സ്‌മാരകം തുറന്നിരിക്കും.
സ്‌മാരകത്തിന്‌ രണ്ടുഭാഗങ്ങളുണ്ട്‌; മെമ്മോറിയല്‍ അപ്പാര്‍ട്ട്‌ മെന്റും ലിറ്റററി എക്‌സിബിറ്റും. അദ്ദേഹം ഉപയോഗിച്ചിരുന്ന മുറികളും വാക്കിംഗ്‌ സ്റ്റിക്‌, കുട, തൊപ്പി, പെട്ടി തുടങ്ങിയ സാധനങ്ങളും അതേപടി മെമ്മോറിയല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കാണാം.. അദ്ദേഹത്തിന്‍റെ  ജീവചരിത്രമുള്‍പ്പെടെയുള്ള കൃതികളുടെയും ജീവിതമുഹൂര്‍ത്തങ്ങളുടെയും പ്രദര്‍ശനം ലിറ്റററി അപ്പാര്‍ട്ട്‌മെന്റില്‍ ഒരുക്കിയിട്ടുണ്ട്‌. കണ്ണാടിക്കൂടിനുള്ളില്‍, ഉറങ്ങിക്കിടക്കുന്നതുപോലെ, ദസ്‌തയേവ്‌സ്‌കിയുടെ കൃത്രിമരൂപം കാണാം. 

അദ്ദേഹം സൃഷ്‌ടിച്ച പ്രശസ്‌ത കഥാപാത്രങ്ങളുടെ മാതൃകകളും ഉണ്ടാക്കിവച്ചിട്ടുണ്ട്‌. സുവനീര്‍ ഐറ്റംസ്‌ കുറവാണ്‌. ദസ്‌തയേവ്‌സ്‌കിയുടെ കൈയൊപ്പ്‌ മുദ്രണംചെയ്‌ത രണ്ട്‌ ടീഷര്‍ട്ടുകള്‍ കിട്ടിയതുതന്നെ ഭാഗ്യം. അതിന്‍റെ  കാശുകൊടുത്തശേഷം കൗണ്ടറിലിരുന്ന സ്‌ത്രീയോട്‌ ഒരെഴുത്തുകാരിക്ക്‌ പ്രിയപ്പെട്ടതായ മറ്റെന്തെങ്കിലും കിട്ടുമോ എന്നന്വേഷിച്ചു. ആര്‍ യു എ റൈറ്റര്‍? എന്നു ചോദിച്ചുകൊണ്ട്‌ അവര്‍ അലമാരതുറന്ന,്‌ ദസ്‌തയേവ്‌സ്‌കിയുടെ ചിത്രവും കൈയക്ഷരവും ഒപ്പുമുള്ള ഏതാനും കടലാസ്‌ഷീറ്റുകളുടെ ഫോട്ടോപ്രിന്റ്‌ എടുത്തുകൊണ്ടുതന്നു. അദ്ദേഹം അതില്‍ എന്താണെഴുതിയിരിക്കുന്നതെന്ന്‌ എനിക്ക്‌ വായിക്കാനറിയില്ലെങ്കിലും ആ വിലപ്പെട്ട സമ്മാനം ഞാന്‍ സ്‌നേഹാദരങ്ങളോടെ സൂക്ഷിക്കുന്നു; ആ വിശ്വസാഹിത്യകാരന്‍റെ  ഭവനം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി
റഷ്യയിലെന്നല്ല, ലോകത്തിലാദ്യമായി റിയലിസ്റ്റിക്‌ രചനാരീതി പരിചയപ്പെടുത്തിയത്‌ ദസ്‌തയേവ്‌സ്‌കിയാണ്‌. മനുഷ്യമനസുകളെ ഇത്രയും ആഴത്തിലറിഞ്ഞ എഴുത്തുകാര്‍ ലോകസാഹിത്യത്തില്‍ വിരളമാണ്‌. ദാരിദ്ര്യത്തിലും അപമാനത്തിലും അമര്‍ന്ന്‌ തന്നിലേക്കുതന്നെ ഒളിച്ചോടുന്ന റാസ്‌കോള്‍നിക്കോവിനെ കുറ്റവും ശിക്ഷയും എന്ന നോവലില്‍ കാണാം. അയാളുടെ മാനസികവ്യാപാരങ്ങള്‍ വായനക്കാരനിലേക്ക്‌ സന്നിവേശിപ്പിക്കുന്ന തരത്തിലുള്ള രചനാപാടവം അസാമാന്യമെന്നേ പറയേണ്ടു. മനുഷ്യമനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശ്‌സാസ്‌ത്രജ്ഞനാണ്‌ ദസ്‌തയേവ്‌സ്‌കി എന്ന വിശേഷണത്തെ ശരിവയ്‌ക്കുന്ന നോവലാണ്‌ കുറ്റവും ശിക്ഷയും. താന്‍ നയിച്ച ജീവിതത്തിന്റെ അസാധാരണത്വംകൊണ്ടും രചനയ്‌ക്ക്‌ സ്വീകരിച്ച പ്രമേയങ്ങളുടെ വൈചിത്ര്യ വൈവിധ്യങ്ങള്‍കൊണ്ടും ഒറ്റപ്പെട്ടുനില്‍ക്കുന്ന സാഹിത്യകാരനാണദ്ദേഹം. അതുകൊണ്ടാവാം കെ.സുരേന്ദ്രന്‍ `ദസ്‌തയേവ്‌സ്‌കിയുടെ കഥ' എന്ന പേരില്‍ ഫിക്ഷനെ വെല്ലുന്ന ശൈലിയില്‍ അദ്ദേഹത്തിന്‍റെ  ജീവചരിത്രമെഴുതിയതും പെരുമ്പടവം ശ്രീധരന്‍ അദ്ദേഹത്തെ നായകനാക്കി `ഒരു സങ്കീര്‍ത്തനംപോലെ' എന്ന മനോഹരമായ നോവലെഴുതിയതും അവയ്‌ക്കെല്ലാം നമ്മുടെ മലയാളത്തില്‍ ഇത്രയേറെ വായനക്കാരുണ്ടായതും. `ചൂതാട്ടക്കാരന്‍` ആത്മകഥാപരമായ നോവലാണെന്നു പറയാമെങ്കിലും നെപ്പോളിയന്‍റെ  ആക്രമണത്തിന്‍റെ  പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതും വ്യവസ്ഥിതിയോട്‌ കലഹിച്ചുനില്‍ക്കുന്നതുമായ കുറ്റവും ശിക്ഷയും തന്നെയാണ്‌ ദസ്‌തയേവ്‌സ്‌കിയുടെ ഏറ്റവും മികച്ച സാഹിത്യസൃഷ്‌ടി എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.
ശിക്ഷയുടെ ഭാഗമായ നിര്‍ബന്ധിത സൈനികസേവനം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ദസ്‌തയേവ്‌സ്‌കി ജീവിതം പുനരാരംഭിച്ചത്‌ പത്രപ്രവര്‍ത്തകനായിട്ടാണ്‌. എന്നാല്‍, ചൂതാട്ടത്തിലുള്ള അമിതമായ ആവേശം അദ്ദേഹത്തെ സാമ്പത്തികമായി തകര്‍ത്തുകളഞ്ഞു. ഇതിനിടെ, ചില സങ്കീര്‍ണ്ണമായ സൗഹൃദങ്ങളിലും സ്‌നേഹബന്ധങ്ങളിലും ചെന്നുപെടുകയുണ്ടായി. ആകെക്കൂടി ദുരിത,സംഘര്‍ഷപൂരിതമായിരുന്നു ആ ജീവിതം. അതുകൊണ്ടാവാം ദുരിതങ്ങളുടെ കൊടുംകയ്‌പ്‌ കുടിച്ചിറക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ നിഷ്‌പ്രയാസം സാധിച്ചതും ഒന്നിനൊന്ന്‌ മെച്ചപ്പെട്ട ആ നോവലുകള്‍ റഷ്യയില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടതും അനേകം ഭാഷകളിലേക്ക്‌ തര്‍ജ്ജമചെയ്യപ്പെട്ടതും. നോവലുകള്‍ കൂടാതെ ചെറുകഥ, നാടകം, വിവര്‍ത്തനം തുടങ്ങിയ സാഹിത്യമേഖലകളിലും അദ്ദേഹം അസാമാന്യമായ മികവ്‌ പുലര്‍ത്തിയിരുന്നു. ഐന്‍സ്റ്റൈന്‍, നീറ്റ്‌ഷേ, ഹെര്‍മന്‍ ഹെസ്സേ, നട്ട്‌ ഹസന്‍, ആന്ദ്രെ ജീഡ്‌, വിര്‍ജീനിയ വുള്‍ഫ്‌ തുടങ്ങി സമകാലീനരായ പല പ്രശസ്‌ത എഴുത്തുകാരുടെയും പ്രശംസാവചസുകള്‍ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.
പ്രായത്തില്‍ ഏഴാണ്ടിന്‍റെ  വ്യത്യാസം മാത്രമുണ്ടായിരുന്ന ദസ്‌തയേവ്‌സ്‌കിയും ടോള്‍സ്റ്റോയിയും റഷ്യന്‍ സമൂഹത്തിലെ രണ്ട്‌ തട്ടുകളില്‍ ജീവിക്കുകയും വ്യത്യസ്‌തവിഷയങ്ങളില്‍ സാഹിത്യരചന നിര്‍വഹിക്കുകയും ചെയ്‌തവരാണ്‌. മനസ്സുകൊണ്ട്‌ പരസ്‌പരം ആദരവ്‌ പുലര്‍ത്തിയിരുന്നെങ്കിലും ഈ രണ്ട്‌ മഹാപ്രതിഭകള്‍ തമ്മില്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലെന്നതും ഇരുവരും തമ്മില്‍ യാതൊരുവിധ ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നതും ആശ്ചര്യകരം തന്നെ. ദസ്‌തയേവ്‌സ്‌കിയുടെ മരണവാര്‍ത്തയറിഞ്ഞ്‌ ടോള്‍സ്റ്റോയ്‌ ഏറെ ദുഃഖിക്കുകയും തന്‍റെ  കുടുംബവുമായി സൗഹൃദത്തിലായിരുന്ന അന്നയോട്‌ അദ്ദേഹം പശ്ചാത്താപം അറിയിക്കുകയും ചെയ്‌തതായി വായിച്ചതോര്‍ക്കുന്നു. യാസ്‌നയാ പോള്യാന വിട്ടുപോയതിനുശേഷം, തന്‍റെ  അവസാനനാളുകളില്‍ ടോള്‍സ്റ്റോയ്‌ വായിച്ചിരുന്നത്‌ ദസ്‌തയേവ്‌സ്‌കിയുടെ `കാരമസോവ്‌ സഹോദരന്മാര്‍' ആയിരുന്നുവത്രെ.
ദസ്‌തേയ്‌വ്‌സ്‌കിയുടെ വീട്ടില്‍നിന്നിറങ്ങി, സമീപത്തുള്ള തെരുവിലൂടെ നടക്കുമ്പോള്‍ സാന്ദ്രമധുരമായൊരു സംഗീതധാര കാതുകളില്‍ ഒഴുകിയെത്തി. ആശ്ചര്യമെന്നു പറയട്ടെ, അന്ധയായൊരു പെണ്‍കുട്ടി വഴിയരികിലിരുന്ന്‌ വയലിന്‍ പോലൊരു സംഗീതോപകരണത്തില്‍ മീട്ടുന്ന മധുരനാദമായിരുന്നു അത്‌. അവളുടെ മുന്നില്‍ വച്ചിരുന്ന തൊപ്പിയില്‍ ഒരു റൂബിള്‍ നിക്ഷേപിച്ചശേഷം അവളുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തി. അവളാകട്ടെ അതൊന്നും അറിയാത്തമട്ടില്‍ സംഗീതത്തില്‍മാത്രം ശ്രദ്ധിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ ചുഴലിദീനത്തിന്‍റെ പിടിയിലമര്‍ന്നു കഴിഞ്ഞിരുന്ന ദസ്‌തയേവ്‌സ്‌കിയുടെ അന്ത്യം 1881 ഫെബ്രുവരി ഒമ്പതിന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗില്‍ വച്ചായിരുന്നു. അലക്‌സാണ്ടര്‍ നെവ്‌സ്‌കി മൊണാസ്‌ട്രിയോടുചേര്‍ന്ന ടിഖ്വിന്‍ സെമിത്തേരിയിലാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭാവിശ്വാസിയായിരുന്ന ആ വിശ്വസാഹിത്യകാരന്‍ അന്ത്യവിശ്രമംകൊള്ളുന്നത്‌. റഷ്യന്‍ സന്ദര്‍ശനത്തിന്‍റെ  രണ്ടാം ദിവസം ഞങ്ങള്‍ ആ സെമിത്തേരിയില്‍ പോയിരുന്നു. പ്രമുഖരായ പലരുടെയും ശവകുടീരങ്ങളുണ്ടവിടെ. സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും കല്ലറകള്‍ സന്ദര്‍ശിച്ച്‌ ആദരം അര്‍പ്പിക്കുകയെന്നത്‌ റഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്‌.

 ദസ്‌തയേവ്‌സ്‌കിയുടെ കുടീരത്തില്‍ പ്രിയപ്പെട്ടവരാരോ അര്‍പ്പിച്ചുപോയ പൂച്ചെണ്ടുകള്‍ പുതുമയോടെയിരിക്കുന്നത്‌ കണ്ടു. സ്‌മാരകശിലയില്‍, വ്യക്തിവിവരങ്ങള്‍ക്കൊപ്പം ആലേഖനംചെയ്‌തിരിക്കുന്ന ബൈബിള്‍ വാക്യം ഇങ്ങനെ പരിഭാഷചെയ്യാം -``സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു; കോതമ്പുമണി മണ്ണില്‍വീണ്‌ അഴിയുന്നില്ലെങ്കില്‍, അത്‌ അങ്ങനെതന്നെ ഇരിക്കയേ ഉള്ളു. അഴിയുന്നെങ്കിലോ, അത്‌ വളരെ വിളവുനല്‍കും.'' (യോഹന്നാന്‍റെ  സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം ഇരുപത്തിനാലാം വാക്യം) ഈ ബൈബിള്‍ വാക്യം ദസ്‌തയേവ്‌സ്‌കിയുടെ ജീവിതവുമായി എത്രമേല്‍ പൊരുത്തപ്പെട്ടിരിക്കുന്നു!

Wednesday, 27 November 2019

ചങ്കു തടാകം - (യാത്ര) എസ്.സരോജം


നാഥുലയില്‍നിന്നും മടങ്ങുന്ന വഴിക്ക് ഞങ്ങള്‍ ചങ്കു തടാകം കാണാനിറങ്ങി.  സിക്കിംകാരുടെ പുണ്യതീര്‍ത്ഥങ്ങളിലൊന്നാണ്‌ ചങ്കുതടാകം എന്നറിയപ്പെടുന്ന ദ്‌സോങ്‌ഗൊ ലേക്‌. അര്‍ദ്ധവൃത്താകൃതിയിലുള്ള ഉപരിതലത്തിന്‌ ഋതുക്കള്‍ മാറുന്നതനുസരിച്ച്‌ നിറവ്യത്യാസം ഉണ്ടാകുമെന്നതാണ്‌ തടാകത്തിന്‍റെ  പവിത്രതയ്‌ക്കും പ്രശസ്‌തിക്കും കാരണം. 

 60.5 ഏക്കര്‍ ഉപരിതല വിസ്‌തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന തടാകത്തിന്‌ ജൈവപരമായും പാരിസ്ഥിതികപരമായും വളരെ പ്രാധാന്യമുണ്ട്‌. കുത്തനെയുള്ള മലകളാല്‍ ചുറ്റപ്പെട്ട തടാകം മഞ്ഞുകാലത്ത്‌ തണുത്തുറഞ്ഞു കിടക്കും. ഇപ്പോഴാവട്ടെ, ആകാശനീലിമ മുഴുവന്‍ തടാകത്തില്‍ പരന്നുകിടക്കുന്നതുപോലെ.

 നീലജലത്തില്‍ നീന്തിനടക്കുന്ന വെളുത്ത താറാവുകള്‍. 
തടാകത്തിലെ തണുതണുത്ത വെള്ളത്തിലൂടെ ഒരു ബോട്ടുയാത്രയ്‌ക്ക്‌ മനസ്സ്‌ മോഹിച്ചു, പക്ഷേ, അതിന്‌ സവാരി പോയിരിക്കുന്ന ബോട്ട്‌ ഏതെങ്കിലുമൊന്ന്‌ തിരിച്ചുവരണം. ഞങ്ങള്‍ക്ക്‌ അത്രത്തോളം കാത്തുനില്‍ക്കാനുള്ള സമയമുണ്ടായിരുന്നില്ല. 
അന്തരീക്ഷത്തെ മൂടിനില്‍ക്കുന്ന കോടമഞ്ഞിന്‍റെ  സൗന്ദര്യത്തിനൊപ്പം പരിസരപ്രദേശമാകെ നീലയും മഞ്ഞയും നിറങ്ങളിലുള്ള പോപ്പി പൂക്കളും പലതരം പക്ഷികളും. എങ്ങോട്ട്‌ നോക്കിയാലും പ്രകൃതിയൊരുക്കിയ മനോഹരദൃശ്യങ്ങള്‍. തടാകക്കരയിലാവട്ടെ, ഉടമസ്ഥരോടൊപ്പം സവാരിക്കാര്‍ക്കായി കാത്തുനില്‍ക്കുന്ന ആണ്‍ യാക്കുകള്‍. ഉടമസ്ഥര്‍ എത്ര പ്രലോഭിപ്പിച്ചിട്ടും ഞങ്ങളാരും സവാരിക്ക്‌ തയാറായില്ല. കോളൊന്നും ഒത്തുകിട്ടാഞ്ഞിട്ടാവാം ആ പാവങ്ങള്‍ നിരാശരായി നോക്കിനിന്നു. 
വിശ്വാസികള്‍ പവിത്രമായി കരുതുന്ന ചങ്കു തടാകത്തെപ്പറ്റി തദ്ദേശവാസികള്‍ക്കിടയില്‍ അത്ഭുതകരമായ ഒരു കഥയും പ്രചാരത്തിലുണ്ട്‌. തടാകം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ട്‌ ഒരു യാക്‌ ഷെഡ്ഡും ചുറ്റുമുള്ള പ്രദേശം ഗോത്രവര്‍ഗ്ഗക്കാരുടെ താമസസ്ഥലവും ആയിരുന്നു. ഒരു രാത്രിയില്‍ ആ ഗോത്രത്തിലെ പ്രായമേറിയ സ്‌ത്രീ ഒരു സ്വപ്‌നം കണ്ടു: ജീവന്‍റെ യാതൊരടയാളവും ബാക്കിയുണ്ടാവാത്തവിധം അവിടമെല്ലാം വെള്ളത്തിനടിയിലാവും. എല്ലാവരും അവിടം വിട്ടുപോകണമെന്ന്‌ അവര്‍ അഭ്യര്‍ത്ഥിച്ചു. ആരും അവരുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ തന്‍റെ  യാക്കുകളുമായി ആ പ്രദേശം വിട്ടുപോവുകയും സ്വപ്‌നത്തില്‍ കണ്ടതുപോലെതന്നെ പ്രദേശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങുകയുംചെയ്‌തു എന്നാണ്‌ കഥ. മരിച്ചവരുടെ ആത്മാക്കളോട്‌ പ്രാര്‍ത്ഥിക്കാനായി സിക്കിം നിവാസികളായ ധാരാളം ആളുകള്‍ ഇപ്പോഴും തടാകം സന്ദര്‍ശിക്കാറുണ്ടത്രെ. ഗുരുപൂര്‍ണ്ണിമ ആഘോഷവേളയില്‍ രാജ്യത്തിന്‍റെ  നാനാഭാഗങ്ങളില്‍ നിന്നും ബുദ്ധിസ്റ്റുകളും ഹിന്ദുക്കളുമായി ധാരാളം ഭക്തജനങ്ങളും ഇവിടെയെത്താറുണ്ട്‌. പരിസരമാകെ പ്രാര്‍ത്ഥനക്കൊടികള്‍ വിശുദ്ധതോരണം ചാര്‍ത്തിനില്‍ക്കുന്നു.

2010-ല്‍, വനംവകുപ്പിന്‍റെ  ആഭിമുഖ്യത്തില്‍, ദ്‌സോങ്‌ഗൊ പരിസ്ഥിതി സംരക്ഷണ സമിതി(ടിപിഎസ്‌എസ്‌)യുടെ ഫണ്ടില്‍നിന്നും 3,92,367 രൂപ ചെലവിട്ട്‌, തടാകക്കരയില്‍ പ്രാര്‍ത്ഥനാചക്രങ്ങളും സംരക്ഷണഭിത്തിയും നിര്‍മ്മിക്കുകയുണ്ടായി. തടാകവും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിലും ടിപിഎസ്‌എസ്‌ അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തുന്നുണ്ട്‌. 

ചുറ്റുമുള്ള മലകളിലെ മഞ്ഞുരുക്കവും മഴയും തടാകത്തെ എപ്പോഴും ജലസമൃദ്ധമായി നിലനിറുത്തുന്നു. പ്രദേശവാസികളുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ്‌ ഈ തടാകം. സഞ്ചാരികള്‍ ധാരാളമെത്തുന്ന ഓരോയിടങ്ങളും നിരവധിപേര്‍ക്ക്‌ തൊഴിലിടങ്ങളായി മാറുന്നു എന്നതാണല്ലൊ ടൂറിസത്തിന്‍റെ  വലിയൊരു നേട്ടം. ടൂറിസ്റ്റ്‌ സീസണില്‍ മൂന്നുലക്ഷത്തിലധികം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. 

Monday, 25 November 2019

വൈരമുരുകാത്ത അതിര്‍ത്തിയില്‍ (യാത്ര) എസ്.സരോജം



(അപാരതയുടെ ഉയരക്കുടിയിരിപ്പുകള്‍ എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്ന്)
നാഥുലയില്‍ ഞങ്ങളെത്തിച്ചേരുമ്പോള്‍ നേരം ഉച്ചയോടടുത്തിരുന്നു. അതിര്‍ത്തികവാടത്തിന്‍റെ  നാനൂറുമീറ്റര്‍ അകലെ ജീപ്പ്‌ നിര്‍ത്തി. ക്യാമറ പുറത്തെടുക്കരുതെന്നും ഫോട്ടോഗ്രഫി കര്‍ശനമായും നിരോധിച്ചിരിക്കയാണെന്നും ഭൂട്ടിയക്കാരനായ ഡ്രൈവര്‍ ഹിന്ദിയില്‍ പറഞ്ഞു. ഇനിയങ്ങോട്ട്‌ വളഞ്ഞുപുളഞ്ഞ്‌ മുകളിലേക്ക്‌ നീളുന്ന പടിക്കെട്ടുകളാണ്‌. ഇടയ്‌ക്കിടെ വന്നുമൂടുന്ന മഞ്ഞുമേഘങ്ങളില്‍ മറഞ്ഞും തെളിഞ്ഞും നിഴല്‍പോലെ നീങ്ങുന്ന യാത്രികരുടെ സിരകളില്‍ തുളച്ചുകയറുന്ന ശീതക്കാറ്റ്‌. ചുറ്റിലും വീണുറഞ്ഞുകിടക്കുന്ന കട്ടമഞ്ഞ്‌. അന്തരീക്ഷവായുവില്‍ ഓക്‌സിജന്‍റെ  അളവ്‌ കുറവായതിനാല്‍ മുന്‍കരുതലെന്നവണ്ണം ചിലര്‍ ചെറിയ ഓക്‌സിജന്‍ സിലിണ്ടറുമായിട്ടാണ്‌ വന്നിരിക്കുന്നത്‌.
പത്തുപേരുള്ള ഞങ്ങളുടെ സംഘത്തില്‍ ഏഴു മലയാളികളും മൂന്ന്‌ മേഘാലയക്കാരുമാണ്‌. കോഴിക്കോട്ടുകാരായ മൂന്നു മലയാളിയുവാക്കളെ ടാക്‌സിസ്റ്റാന്റില്‍ വച്ചും മേഘാലയക്കാരായ സ്‌ത്രീകളെ ജീപ്പില്‍ വച്ചുമാണ്‌ പരിചയപ്പെട്ടത്‌. സ്‌ത്രീകളിലൊരാള്‍ തന്റേടക്കാരിയായൊരു യുവതിയും രണ്ടാമത്തെയാള്‍ ചുറുചുറുക്കുള്ളൊരു മദ്ധ്യവയസ്‌കയും മൂന്നാമത്തെയാള്‍ അറുപതുപിന്നിട്ട, ഊര്‍ജ്ജസ്വലയായൊരു സഞ്ചാരിയും. കടല്‍ എന്നു കേള്‍ക്കുന്നതേ അവര്‍ക്ക്‌ വല്ലാത്ത ആവേശമാണ്‌. അടുത്ത യാത്ര ധാരാളം ബീച്ചുകളുള്ള കേരളത്തിലേക്കാണെന്ന്‌ അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കിടയിലെ അപരിചിതത്വം അലിഞ്ഞുപോയി. യാത്രാച്ചെലവ്‌ കുറയ്‌ക്കാന്‍ വേണ്ടിയാണ്‌ എല്ലാവരും ഷെയര്‍ജീപ്പിനെ ആശ്രയിച്ചത്‌.

സിക്കിമിന്‍റെ  തലസ്ഥാനമായ ഗാങ്ങ്‌ടോക്കില്‍നിന്ന്‌ അമ്പത്തിനാല്‌ കിലോമീറ്റര്‍ ദൂരമേയുള്ളുവെങ്കിലും മലയിടിച്ചിലില്‍ താറുമാറായ ഗാങ്‌ടോക്ക്‌ -നാഥുല ഹൈവേയിലൂടെയുള്ള മലകയറ്റം അത്യന്തം സാഹസികമെന്നേ പറയേണ്ടു. പട്ടാളത്തിന്‍റെ  അധീനതയിലുള്ള സംരക്ഷിതമേഖലയായതിനാല്‍ സിക്കിമിലെ അംഗീകൃത ട്രാവല്‍ ഏജന്‍സികളുടെ വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമേ ഇവിടേക്ക്‌ സഞ്ചാരികളെ കൊണ്ടുവരാന്‍ അനുവാദമുള്ളൂ. ആയതിനാല്‍ യാത്രികര്‍ക്ക്‌ ഇത്തരം ട്രാവല്‍ ഏജന്‍സികളെ സമീപിക്കുകയേ നിര്‍വ്വാഹമുള്ളൂ. സാധാരണയായി ജീപ്പുകളും സ്‌കോര്‍പിയോ, ബൊളേറോ, ടാറ്റാ സുമോ തുടങ്ങിയ വണ്ടികളുമാണ്‌ ഈ റൂട്ടില്‍ ഓടുന്നത്‌. തിങ്കളും ചൊവ്വയും സഞ്ചാരാനുമതി ഇല്ല. വെള്ളിയാഴ്‌ച സിലിഗുരിയിലെത്തിയ ഉടനേതന്നെ ഞങ്ങള്‍ അവിടെയുള്ളൊരു ഏജന്‍സിയെ സമീപിച്ച്‌ ഐ.ഡി.പ്രൂഫും ഫോട്ടോയും കാശുമൊക്കെ ഏല്‍പിച്ചതിനാല്‍ ഞായറാഴ്‌ചത്തേക്ക്‌ യാത്രാപെര്‍മിറ്റ്‌ ലഭിച്ചു. അവര്‍ ഏര്‍പ്പെടുത്തിയ ജീപ്പിലാണ്‌ നാഥുലയിലേക്കുള്ള യാത്ര. ഡ്രൈവറുടെ പേര്‌ അക്വീല്‍ ഭൂട്ടിയ.

കിഴക്കന്‍ സിക്കിമില്‍, സമുദ്രനിരപ്പില്‍നിന്നും14,140 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നാഥുല സാഹസപ്രിയരായ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്‌. ഇടയ്‌ക്ക്‌ മിലിറ്ററി ചെക്‌പോസ്റ്റുകളില്‍ പരിശോധനയ്‌ക്കായി നിര്‍ത്തിയും കുണ്ടും കുഴിയും നിറഞ്ഞ നിരത്തിലൂടെ ഉരുണ്ടും ചാടിയും മുന്നേറുകയാണ്‌ ജീപ്പ്‌. മാനംമുട്ടിനില്‍ക്കുന്ന ഹിമാലയനിരകളും അവയ്‌ക്കിടയിലൂടെ ഒഴുകിനീങ്ങുന്ന മൂടല്‍മഞ്ഞും മണ്ണിടിഞ്ഞ മലഞ്ചരിവുകളും വര്‍ണ്ണപുഷ്‌പങ്ങള്‍ വാരിച്ചൂടിയ വൃക്ഷത്തലപ്പുകളും കണ്ടുകണ്ട്‌ സ്വര്‍ഗ്ഗത്തിലെന്നപോലെ മതിമറന്നിരിക്കുന്ന യാത്രികരെ തങ്ങള്‍ ഭൂമിയില്‍ തന്നെയാണെന്ന്‌ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഇടയ്‌ക്കിടെ മുരണ്ടുമുന്നേറുന്ന പട്ടാളവണ്ടികള്‍, മലയിടിച്ചിലില്‍ തകര്‍ന്ന പാത സഞ്ചാരയോഗ്യമാക്കുന്ന ക്ലേശകരമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അതിര്‍ത്തിരക്ഷാസേനക്കാര്‍...

വഴിമദ്ധ്യേ കണ്ട ഭക്ഷണശാലയ്‌ക്കരികില്‍ വണ്ടിനിര്‍ത്തി. അതിരാവിലേ പുറപ്പെട്ടതിനാല്‍ പലരും പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല. അവിടെ ലഭ്യമായ ചായയും മാമോസും കഴിച്ചശേഷം ഞങ്ങള്‍ പരിസരമൊക്കെ ചുറ്റിനടന്നു കണ്ടു. സോക്‌സും ഗ്ലൗസുമൊക്കെ വില്‍ക്കുന്ന ഒരു പീടിക, നാലഞ്ചു വീടുകള്‍, വഴിയില്‍ സ്വൈരസഞ്ചാരം ചെയ്യുന്ന പട്ടികള്‍... മരവും ടിന്‍ഷീറ്റും കൊണ്ടു നിര്‍മ്മിച്ച ഇരുനിലവീടിനു സമീപം ഒരാള്‍ യാക്കിന്‍റെ  പാല്‍ കറന്നെടുക്കുന്നു. ധാരാളം പാല്‍ ചുരത്തുന്ന യാക്കുകള്‍ ഹിമാലയത്തിലെ കാമധേനുക്കള്‍ എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്നു. വഴിയരികില്‍ മേഞ്ഞുനടക്കുന്ന യാക്കുകളെ കൗതുകത്തോടെ നോക്കിനില്‍ക്കെ,

 വീടിന്‍റെ  ജാലകത്തിലൂടെ ഒരു പെണ്‍കുഞ്ഞ്‌ ഞങ്ങളെ നോക്കി കൈവീശി. കമ്പിളിയുടുപ്പിട്ട പാവക്കുട്ടിയെ പോലുള്ള ആ കുഞ്ഞിന്‍റെ  ചിത്രം ക്യാമറയില്‍ പകര്‍ത്തി, അവള്‍ക്ക്‌ ടാറ്റാ പറഞ്ഞ് യാത്ര തുടര്‍ന്നു.
ചൈനീസ്‌ പട്ടാളം അതിര്‍ത്തി ലംഘിച്ചുവെന്നും മന്‍സരോവറിലേക്കുള്ള തീര്‍ത്ഥാടകരെ മടക്കിയയച്ചുവെന്നുമുള്ള വാര്‍ത്തകള്‍ കേട്ടപ്പോഴാണ്‌ 2016 സെപ്‌തംബറില്‍ നാഥുല സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ക്ക്‌ വീണ്ടും ജീവന്‍വച്ചത്‌. അന്ന്  ഇരുഭാഗത്തെയും കാവല്‍ഭടന്മാരുടെ ശരീരഭാഷയില്‍നിന്നും കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നു തോന്നിയിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ ഇനിയും പരിഹരിക്കപ്പെടാത്ത വലിയൊരു തര്‍ക്കവിഷയമാണല്ലൊ അതിര്‍ത്തി പ്രശ്‌നം. 1962-ലെ യുദ്ധത്തിനുശേഷം, 44 വര്‍ഷക്കാലം അടച്ചിട്ടിരുന്ന സില്‍ക്ക്‌ റൂട്ട്  നിരവധി ചര്‍ച്ചകള്‍ക്കും വ്യാപാര ഉടമ്പടികള്‍ക്കും ശേഷം, ഇന്ത്യയും ചൈനയും (ടിബറ്റ്‌) തമ്മിലുള്ള പരിമിതമായ വ്യാപാരങ്ങള്‍ക്ക്‌ മാത്രമായി 2006-ല്‍ വീണ്ടും തുറന്നു. കമ്പിളി, സില്‍ക്ക്‌, ചീനക്കളിമണ്ണ്‌, കുതിര, ആട,്‌ യാക്കിന്‍റെ  രോമവും വാലും എന്നിവ നികുതിയൊഴിവായി ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്നതിനും തുണി, കാപ്പി, തേയില, അരി തുടങ്ങി ഇരുപത്തൊമ്പത്‌ സാധനങ്ങള്‍ നികുതിയൊഴിവായി ടിബറ്റിലേക്ക്‌ കയറ്റിയയയ്‌ക്കുന്നതിനും ധാരണയായി; അതും അതിര്‍ത്തിവ്യാപാരം എന്നനിലയില്‍, നൂറ്‌ ചെറുകിട വ്യാപാരികള്‍ക്ക്‌ മാത്രം. എല്ലാകൊല്ലവും ജൂണ്‍ ഒന്നുമുതല്‍ സെപ്‌തംബര്‍ മുപ്പതുവരെ, തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ്‌ അതിര്‍ത്തി വ്യാപാരകേന്ദ്രങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുക. നാഥുലയില്‍നിന്നും മൂന്നുകിലോമീറ്റര്‍ ഇപ്പുറത്ത്‌, ഷെരതാങ്‌ എന്ന സ്ഥലത്താണ്‌ ഇന്ത്യന്‍ അതിര്‍ത്തിവ്യാപാരകേന്ദ്രം; ടിബറ്റിലേത്‌ റിഞ്ചങ്ങാങ്‌ എന്ന സ്ഥലത്തും. ടിബറ്റില്‍നിന്നും ഇറക്കുമതിചെയ്യുന്ന യാക്കിന്‍റെ  രോമംകൊണ്ടാണ്‌ നമ്മുടെ തൃശൂര്‍പൂരത്തിന്‌ വെണ്‍ചാമരം ഉണ്ടാക്കുന്നത്‌.
പണ്ടുകാലത്ത്‌ ഗ്രീക്കുകാര്‍, പേര്‍ഷ്യക്കാര്‍, കുഷാനന്മാര്‍, തുര്‍ക്കികള്‍, മുഗളന്മാര്‍ തുടങ്ങി ഏതെല്ലാം നാടുകളില്‍നിന്നും എത്രയെത്ര വാണിഭക്കാരും സഞ്ചാരികളും ചുരമിറങ്ങി ഇന്ത്യയിലേക്കു വന്നുപോയിരുന്നു. ചൈന മുതല്‍ മെഡിറ്ററേനിയന്‍ വരെ നീണ്ടുകിടക്കുന്ന 536 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍ക്ക്‌ റൂട്ട്‌ എന്ന പുരാതനപ്രസിദ്ധമായ ആ വാണിജ്യപാതയും മഞ്ഞുവീഴ്‌ചയും മലയിടിച്ചിലും പോലുള്ള പ്രകൃതിദുരന്തങ്ങളെ തരണംചെയ്‌ത്‌, യാക്കുകളുടെ പുറത്ത്‌ ചരക്കുകളുമായി നടന്നുനീങ്ങുന്ന വ്യാപാരിക്കൂട്ടങ്ങളും ചരിത്രത്തിന്‍റെ  താളുകളില്‍ ഒതുങ്ങി. ഗാങ്‌ടോക്ക്‌ മുതല്‍ നാഥുല വരെ റോഡായി. അതിന്‌ ജവഹര്‍ലാല്‍നെഹ്‌റു റോഡ്‌ എന്ന്‌ പേരിട്ടു. ഉപഭോഗവസ്‌തുക്കളുടെ കൊടുക്കല്‍വാങ്ങലുകള്‍ക്കപ്പുറം നാടുകള്‍ തമ്മിലുള്ള സാംസ്‌കാരികക്കലര്‍പ്പുകള്‍ക്കും സാക്ഷ്യം വഹിച്ചിരുന്ന പട്ടുപാതയുടെ ചരിത്രകഥകളിലൂടെ മനസ്സ്‌ തെല്ലുനേരം സഞ്ചരിച്ചുവന്നപ്പോഴേക്കും മലമുകളിലെത്തിയിരുന്നു. പിന്നില്‍ അനേകംപേരുണ്ട്‌. കുറേദൂരം കയറുമ്പോഴേക്കും പ്രായമായ പലര്‍ക്കും തണുപ്പും കിതപ്പും അനുഭവപ്പെടുന്നുണ്ട്‌. മഞ്ഞുറഞ്ഞ പടിക്കെട്ടിലിരുന്ന്‌ അല്‍പനേരം വിശ്രമിച്ചശേഷം വീണ്ടും കയറ്റം തുടരുകയാണവര്‍; മുകളില്‍ എത്തിയേതീരൂ എന്ന വാശിയോടെ. എല്ലാ മുഖങ്ങളിലും അനിര്‍വ്വചനീയമായ ഒരാനന്ദം, അസാദ്ധ്യമെന്ന്‌ കരുതിയത്‌ സാദ്ധ്യമാകുന്നതിന്‍റെ  നിര്‍വൃതി. ഹ്രസ്വമായ ജീവിതകാലത്തിനിടയില്‍ കൈവരുന്ന ഇത്തരം നിര്‍വൃതികളെയാണല്ലൊ ഭാഗ്യമെന്നോ ജന്മപുണ്യമെന്നോ നമ്മള്‍ പറയുന്നത്‌.

ചൈനീസ്‌ സ്വയംഭരണപ്രദേശമായ ടിബറ്റിനെയും ഇന്ത്യന്‍ സംസ്ഥാനമായ സിക്കിമിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖയില്‍ നെഞ്ചിടിപ്പോടെ നിന്നു. കമ്പിവേലിക്കപ്പുറം സന്ദര്‍ശകരെ നിരീക്ഷിക്കാന്‍ ബൈനോക്കുലറുമായി ചൈനയുടെ റെഡ്‌ ആര്‍മിയുണ്ട്‌; ഇപ്പുറത്ത്‌ സന്ദര്‍ശകരെ നിയന്ത്രിക്കുന്ന നമ്മുടെ പട്ടാളക്കാരും. അപ്പുറത്ത്‌ നാലഞ്ച്‌ ചൈനീസ്‌ പതാകകള്‍ പാറിപ്പറക്കുന്നു; ഇപ്പുറത്ത്‌ ഒന്നുമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുതാര്യമല്ല എന്ന്‌ പറയാതെ പറയുന്നതായിരുന്നു നാഥുലയിലെ നേര്‍ക്കാഴ്‌ചകള്‍. മഞ്ഞുറഞ്ഞ മലമുകളില്‍നിന്ന്‌ താഴേക്കുനോക്കി. അങ്ങുതാഴെ, റോഡിനുകുറുകെ, അതിര്‍ത്തികവാടം കാണാം;

 അതില്‍ NATHULA BUSINESS CHANNEL FOR CHINA-INDIA BORDER TRADE എന്ന്‌ ഇംഗ്ലീഷിലും ചൈനീസിലും ആലേഖനം ചെയ്‌തിരിക്കുന്നു. കൈലാസ്‌ - മന്‍സരോവര്‍ യാത്രക്കാര്‍ക്കായി ഈ അതിര്‍ത്തികവാടം തുറന്നുകൊടുത്തിട്ട്‌ ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളു. ഗാങ്‌ടോക്കില്‍നിന്ന്‌ നാഥുല വഴിയുള്ള യാത്ര, ഉത്തരാഖണ്‌ഡിലെ ലിപുലേഖ്‌ ചുരം വഴിയുള്ള യാത്രയെ അപേക്ഷിച്ച്‌ മലകയറ്റം കുറവായതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ ഈ വഴി കൂടുതല്‍ സൗകര്യപ്രദമാണ്‌. പക്ഷേ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇതുവഴിയുള്ള യാത്ര അനുവദിക്കാറില്ല. സംഘര്‍ഷസന്ദര്‍ഭങ്ങളില്‍ ബോര്‍ഡര്‍വരെ എത്തിയ യാത്രക്കാരെ തിരിച്ചയച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.
`നാഥു' എന്ന പദത്തിന്‌ ടിബറ്റന്‍ ഭാഷയില്‍ `കേള്‍ക്കുന്ന കാതുകള്‍' (Listening Years) എന്നും `ല' എന്ന പദത്തിന്‌ `ചുരം' എന്നുമാണ്‌ അര്‍ത്ഥം. അതെ, ഈ ചുരത്തിന്‌ എന്തു പറഞ്ഞാലും കേള്‍ക്കുന്ന കാതുകളുണ്ട്‌. ഞങ്ങളുടെ മലയാളത്തിലുള്ള വര്‍ത്തമാനം കേട്ടപ്പോള്‍ ഒരു ജവാന്‍റെ  മുഖത്ത്‌ സന്തോഷം വിരിയുന്നതു കണ്ടു. ഞാന്‍ അടുത്തുചെന്ന്‌ അയാള്‍ക്കൊരു ഷേക്ക്‌ഹാന്റ്‌ കൊടുത്തിട്ട്‌ പേരു ചോദിച്ചു. `ബിനീഷ്‌' അയാള്‍ പറഞ്ഞു: `എന്‍റെ  മോന്‍റെ  പേരും ബിനീഷ്‌.' ഞാന്‍ ആശ്ചര്യത്തോടെ പറഞ്ഞു. വീട്‌? കോഴിക്കോട്‌. എതിരെ നില്‍ക്കുന്ന ചൈനക്കാര്‍ക്ക്‌ മനസ്സിലാവില്ലെന്നു കരുതി ഞാന്‍ മാതൃഭാഷയില്‍ ചിലത്‌ ചോദിച്ചെങ്കിലും കേണല്‍ ബിനീഷ്‌ നേരായ മറുപടി തന്നില്ല. ഞങ്ങളുടെ വര്‍ത്തമാനം ഇഷ്‌ടപ്പെടാഞ്ഞെന്നപോലെ തൊട്ടുമുന്നില്‍ നിന്ന ചൈനീസ്‌ റെഡ്‌ ആര്‍മിക്കാരന്‍ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴാണ്‌ ഇവര്‍ മൗനികളാവുന്നതെന്നും അല്ലാത്തപ്പോള്‍ സുഹൃത്തുക്കളെപ്പോലെ മിണ്ടിയും പറഞ്ഞും നില്‍ക്കുമെന്നുമാണ്‌ കേട്ടിട്ടുള്ളത്‌. ഏതു സാഹചര്യത്തിലും പ്രതികൂലമായ പ്രകൃതിപ്രതിഭാസങ്ങളോട്‌ മല്ലിട്ടുകൊണ്ട്‌ ഇരുകൂട്ടരും തങ്ങളുടെ മാതൃരാജ്യത്തിനുവേണ്ടി കാവല്‍ നില്‍ക്കുന്നു. രണ്ട്‌ മുള്ളുവേലികള്‍ക്കിടയില്‍ ചെറിയൊരു നടപ്പാതയുടെ അകലം മാത്രം. 1958-ല്‍, പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു നാഥുല അതിര്‍ത്തി സന്ദര്‍ശിച്ചതിന്‍റെ  ഓര്‍മ്മയ്‌ക്കായി, അദ്ദേഹത്തിന്‍റെ  പേരും സന്ദര്‍ശനവിവരങ്ങളും രേഖപ്പെടുത്തിയ ഒരു കല്ല്‌ സ്ഥാപിച്ചിട്ടുണ്ടിവിടെ - നെഹ്‌റു സ്റ്റോണ്‍. ചീറിയടിക്കുന്ന മഞ്ഞുകാറ്റ്‌ കമ്പിളിക്കുപ്പായം തുളച്ചുകയറിയപ്പോള്‍ ശരീരം ആലിലപോലെ വിറയ്‌ക്കാന്‍ തുടങ്ങി. വേഗംതന്നെ നമ്മുടെ പ്രിയ ജവാന്മാരോട്‌ യാത്രപറഞ്ഞ്‌ ഞങ്ങള്‍ മലയിറക്കം തുടങ്ങി.
1962-ലെ യുദ്ധകാലത്ത്‌, നാഥുല അതിര്‍ത്തി താരതമ്യേന ശാന്തമായിരുന്നു. എന്നാല്‍, 1965-ല്‍, അതിര്‍ത്തിവേലിയുടെ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ ഇവിടെ ചെറിയതോതില്‍ ഒരു വെടിവയ്‌പ്പ്‌ നടന്നിരുന്നു. 1967-ല്‍ ഇരുകൂട്ടരും തമ്മില്‍ വലിയൊരു സംഘട്ടനമുണ്ടാവുകയും ഇരുഭാഗത്തും നിരവധിപേര്‍ക്ക്‌ ജീവഹാനി സംഭവിക്കുകയുമുണ്ടായി. ഈ യുദ്ധത്തില്‍ മരണപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരുടെ ഓര്‍മ്മയ്‌ക്കായി നാഥുലയില്‍ ഒരു സ്‌മാരകമുണ്ട്‌. ശത്രുരാജ്യത്തിന്‍റെ  കാവല്‍ഭടന്മാരുടെ നേത്രശരങ്ങള്‍ക്കു മുന്നില്‍നിന്ന്‌ മാതൃരാജ്യത്തിന്‍റെ  അതിരുകാക്കുന്ന നമ്മുടെ ജവാന്മാര്‍ക്ക്‌, നമ്മുടെ മണ്ണിനും സ്വാതന്ത്ര്യത്തിനും കാവല്‍നില്‍ക്കുന്ന ധീരജവാന്മാര്‍ക്ക്‌ എന്ത്‌ പ്രതിഫലം നല്‍കിയാലാണ്‌ പകരമാവുക? എത്ര നന്ദിപറഞ്ഞാലാണ്‌ കടപ്പാട്‌ തീരുക? ഇപ്പോഴും നാഥുല എന്നു കേട്ടാല്‍ കേണല്‍ ബിനീഷും, എന്നോടും ഒരുവാക്ക്‌ മിണ്ടിയിട്ടുപോകൂ എന്ന്‌ നിശ്ശബ്‌ദമായി മൊഴിഞ്ഞ്‌, പുഞ്ചിരിച്ചുകൊണ്ട്‌ കൈ തന്ന ഹരിയാനാക്കാരന്‍ സുനില്‍കുമാറും ചിരിച്ചുകൊണ്ട്‌ കണ്മുന്നിലെത്തും.
കുത്തനെയുള്ള കയറ്റവും ശീതക്കാറ്റും കാരണം വളരെ ക്ഷീണിതരായിരുന്നു ഞങ്ങള്‍. ഏതാനും പടിക്കെട്ടുകളിറങ്ങിയപ്പോള്‍ പട്ടാളക്കാരുടെ മേല്‍നോട്ടത്തില്‍ സ്‌ത്രീകള്‍ നടത്തുന്ന ചെറിയൊരു ഭക്ഷണശാല കണ്ടു. തിരക്കുകാരണം കുറേനേരം കാത്തുനില്‍ക്കേണ്ടിവന്നെങ്കിലും നല്ല ചൂടുള്ള ചായയും സിക്കിമിന്‍റെ  ഇഷ്‌ടവിഭവമായ മാമോസും കഴിച്ചപ്പോള്‍ അല്‍പം ആശ്വാസമായി. വിസ്‌മയക്കാഴ്‌ചകളിലേക്ക്‌ മിഴി തുറന്നുപിടിച്ച്‌ വീണ്ടും പടികളിറങ്ങി.

ബാബാ ഹര്‍ഭജന്‍സിംഗിന്‍റെ  മന്ദിരത്തില്‍ ജവാന്മാരുടെ തിരക്കാണ്‌. കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ഹര്‍ഭജന്‍ സിംഗ്‌ എന്ന ധീരയോദ്ധാവിന്‍റെ  ഓര്‍മ്മയ്‌ക്കായി പണിത പുണ്യക്ഷേത്രം. മനോവീര്യം ചോര്‍ന്നുപോകുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മുടെ ജവാന്മാരുടെ ശക്തിസ്രോതസ്സാണിവിടം. യൂണിഫോം ധരിച്ച നാലഞ്ച്‌ യോദ്ധാക്കള്‍ ജീപ്പില്‍ വന്നിറങ്ങി, `ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ഉച്ചത്തില്‍ ഘോഷിച്ചുകൊണ്ട്‌ ബാബയുടെ മുന്നിലേക്ക്‌ പോയി. അവര്‍ പ്രാര്‍ത്ഥിച്ചുമടങ്ങുംവരെ ഞങ്ങള്‍ കാത്തുനിന്നു. തിരക്കൊഴിഞ്ഞപ്പോള്‍, രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ആ ധീരയോദ്ധാവിന്‍റെ  പ്രതിഷ്‌ഠയ്‌ക്കുമുന്നില്‍ കൈകൂപ്പി നിമിഷനേരം നിന്നു. അദ്ദേഹത്തിന്റെ ആത്മാവ്‌ ഇപ്പോഴും അതിര്‍ത്തിയില്‍ ചുറ്റിത്തിരിയുകയാണെന്നും അപകടങ്ങളെപ്പറ്റി ബന്ധപ്പെട്ടവര്‍ക്ക്‌ മുന്നറിയിപ്പു നല്‍കാറുണ്ടെന്നുമൊക്കെയാണ്‌ ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ പ്രചരിക്കുന്ന കഥകള്‍. പഞ്ചാബ്‌ സ്വദേശിയായ ഹര്‍ഭജന്‍ സിംഗിന്‌ ആണ്ടിലൊരിക്കല്‍ നാട്ടിലേക്ക്‌ പോകാനും വരാനും ട്രെയിനില്‍ ഒരു സീറ്റ്‌ പ്രത്യേകം ഒഴിച്ചിടാറുണ്ടത്രെ. ചൈനീസ്‌ പട്ടാളക്കാര്‍ക്കിടയില്‍പ്പോലും ബാബ ഹര്‍ഭജന്‍സിംഗിനെപ്പറ്റി പല അത്ഭുതകഥകളും പ്രചാരത്തിലുണ്ടെന്നു കേട്ടു. അവരും ആ ധീരയോദ്ധാവിനെ ആദരവോടെയാണ്‌ സ്‌മരിക്കുന്നത്‌. ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഒത്തുകൂടുമ്പോള്‍ ഒരു കസേര അദ്ദേഹത്തിനായി കരുതാറുണ്ടത്രെ.
ബാബയുടെ മന്ദിരത്തില്‍നിന്നും അകലെയല്ലാതെ മിലിറ്ററി കാന്റീന്‍. അക്കരെ, മലമുകളില്‍, സമീപകാലത്ത്‌ നിര്‍മ്മിച്ച ഒരു ശിവക്ഷേത്രം. 

കൈയില്‍ ശൂലവും കഴുത്തില്‍ നാഗവും മൗലിയില്‍ ചന്ദ്രക്കലയുമായി ജടാധരന്‍ മലമുകളില്‍ നിന്ന്‌ അതിര്‍ത്തിവിശേഷങ്ങള്‍ വീക്ഷിക്കുന്നു. തൊട്ടപ്പുറത്ത്‌ ആകാശഗംഗ പോലെ, മനോഹരമായൊരു വെള്ളച്ചാട്ടം. ശിവസന്നിധിയില്‍ എത്തണമെങ്കില്‍ താഴോട്ടും മേലോട്ടുമായി എത്രയോ പടിക്കെട്ടുകള്‍ താണ്ടണം. ക്ഷീണം കാരണം ആ സാഹസം വേണ്ടെന്നുവച്ചു. ആളുകള്‍ ക്ഷേത്രത്തിലേക്ക്‌ കയറിപ്പോകുന്നതും ചുറ്റുമുള്ള മലനിരകളില്‍ കോടമഞ്ഞ്‌ പരക്കുന്നതും നോക്കി അല്‍പനേരം നിന്നു. പിന്നെ പടിക്കെട്ടുകളിറങ്ങി വാഹനത്തിലേക്ക്‌.
അങ്ങോട്ടുപോകുമ്പോള്‍, എത്രയും വേഗം നാഥുലയിലെത്തുക എന്നതായിരുന്നു ലക്ഷ്യം. ഇടയ്‌ക്കുള്ള കാഴ്‌ചകള്‍ മടക്കയാത്രയിലാവാമെന്ന്‌ ഡ്രൈവര്‍ പറഞ്ഞിരുന്നു. തേഗു എന്നസ്ഥലത്ത്‌ ഒരു എറ്റിഎം പ്രവര്‍ത്തിക്കുന്നുണ്ട്‌; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എറ്റിഎം. അവിടെ ഏതാനും നിമിഷത്തേക്ക്‌ വണ്ടിനിറുത്തി. ജനറേറ്ററും തണുപ്പില്‍ ഉറഞ്ഞുപോകാത്ത പ്രത്യേകതരം ഇന്ധനവും ഉപയോഗിച്ചാണ്‌ ഇതിന്‍റെ  പ്രവര്‍ത്തനം. കാശ്‌ പിന്‍വലിക്കുകയോ ബാലന്‍സ്‌ ചെക്കുചെയ്യുകയോ ആവാം, സ്ലിപ്പ്‌ സുവനീറായി സൂക്ഷിച്ചുവയ്‌ക്കാം. പക്ഷേ ഞങ്ങളുടെ കൈയില്‍ അന്നേരം എറ്റിഎം കാര്‍ഡുണ്ടായിരുന്നില്ല, ഗാങ്‌ടോക്കിലെ ഹോട്ടല്‍ മുറിയില്‍ വച്ചിട്ടാണ്‌ വന്നിരിക്കുന്നത്‌. കൂടെയുണ്ടായിരുന്ന കോഴിക്കോട്ടുകാരിലൊരാള്‍ ചെറിയൊരു തുക പിന്‍വലിച്ച്‌, സ്ലിപ്പ്‌ എല്ലാവരെയും കാണിച്ച്‌ ഹീറോയായി. മറ്റുള്ളവരുടെ നിരാശ ഊഹിക്കാവുന്നതല്ലേയുള്ളു.
ഇടയ്‌ക്കൊരിടത്ത്  വണ്ടിനിറുത്തിയിട്ട്‌, വാടകയ്‌ക്കെടുത്ത കോട്ടും ബൂട്ടുമൊക്കെ തിരിച്ചുകൊടുക്കാനും ഭക്ഷണം കഴിക്കാനുമായി ഡ്രൈവര്‍ കുടിലുപോലൊരു കടയിലേക്ക്‌ കയറിപ്പോയി. ഇരുപതുമിനിറ്റോളം ഞങ്ങള്‍ വണ്ടിക്കുള്ളില്‍ വെറുതെയിരുന്നു. വിലപ്പെട്ട സമയം നഷ്‌ടപ്പെടുന്നതിന്‍റെ  സങ്കടം പരസ്‌പരം പറഞ്ഞുതീര്‍ത്തു. അംഗീകൃത പെര്‍മിറ്റുള്ള സഞ്ചാരികള്‍ക്ക്‌ ഷെരതാങിലെ ഇന്ത്യന്‍ അതിര്‍ത്തി വ്യാപാരകേന്ദ്രം സന്ദര്‍ശിക്കാന്‍ തടസ്സമില്ല. ഇതിന്‌ തൊട്ടടുത്തായി, ആകാശമേഘങ്ങളെ തലയിലേറ്റിനില്‍ക്കുന്ന കുപുപ്‌ എന്ന സ്ഥലത്താണ്‌ ലോകത്തെ ഏറ്റവും ഉയരംകൂടിയ ഗോള്‍ഫ്‌ ഗ്രൗണ്ടുകളില്‍ രണ്ടാം സ്ഥാനക്കാരനായ കുപുപ്‌ ഗോള്‍ഫ്‌ കോഴ്‌സ്‌. ആയിരത്തിയെണ്ണൂറുകളില്‍ ബ്രിട്ടീഷുകാരും ടിബറ്റും തമ്മിലുണ്ടായ യുദ്ധത്തില്‍ മരണമടഞ്ഞ ബ്രിട്ടീഷ്‌ സൈനികര്‍ക്കായി ഒരു സ്‌മാരകമുണ്ടിവിടെ; ഞ്‌നതാങ്‌ വാര്‍ മെമ്മോറിയല്‍. പ്രശസ്‌തമായ ഞ്‌നതാങ്‌ മൊണാസ്‌ട്രിയും ഇവിടെത്തന്നെ. സമയക്കുറവുകാരണം ബോര്‍ഡര്‍ ട്രേഡ്‌ മാര്‍ക്കറ്റും ബ്രിട്ടീഷ്‌ വാര്‍ മെമ്മോറിയലും മൊണാസ്‌ട്രിയും ഡ്രൈവര്‍ ഒഴിവാക്കുകയായിരുന്നു. ഗാങ്‌ടോക്കില്‍നിന്നും ഒരുദിവസത്തെ യാത്രാപെര്‍മിറ്റുമായി നാഥുലയിലെത്തുന്നവര്‍ക്ക്‌ ഇഷ്‌ടാനുസരണം എല്ലായിടവും കണ്ടുതീര്‍ക്കുക പ്രയാസം തന്നെ.

Friday, 25 October 2019

വിചിത്രപുസ്‌തകങ്ങള്‍ തേടിപ്പോയവള്‍ ( കഥ) എസ്‌.സരോജം

     ( 2019-ലെ കേരളകൌമുദി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഗ്രന്ഥപ്പുരയെക്കുറിച്ച്‌ 
ഓണ്‍ലൈന്‍ മാസികയില്‍ വന്ന ലേഖനം വായിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ അപര്‍ണ്ണ ഓര്‍മ്മയുടെ വാതില്‍ തള്ളിത്തുറന്നത്‌. അവളുടെ കൈയിലെ കണ്ണാടിക്കൂടിനുള്ളില്‍ ചുവന്നതാളുകളുള്ളൊരു പുസ്‌തകം. ശിശുചര്‍മ്മത്തില്‍ കുഞ്ഞുകുഞ്ഞസ്ഥികള്‍ പതിച്ചുവച്ച പുറംചട്ട. വലിയൊരു ഭാരം ഇറക്കിവയ്‌ക്കുന്നപോലെ അതിസൂക്ഷ്‌മതയോടെ അവളതിനെ എന്റെ മേശപ്പുറത്ത്‌ വച്ചു. എന്നിട്ട്‌, പൂത്തിരി കത്തിച്ചിതറുന്നപോലെ പൊരിപൊരി ശബ്‌ദത്തില്‍ പൊട്ടിപ്പൊട്ടി ചിരിക്കാന്‍തുടങ്ങി; എന്‍റെ ശ്രദ്ധയെ മുഴുവനായും അവളുടെ വാക്കുകളിലേക്ക്‌ വലിച്ചടുപ്പിക്കുന്ന മാന്ത്രികച്ചിരി.
എന്തെങ്കിലും ഗൗരവമുള്ള വിഷയം മനസ്സില്‍ കുടുങ്ങുമ്പോഴാണ്‌ അവള്‍ ഇങ്ങനെ ചിരിക്കുക. 
അവള്‍ പറയുന്ന അവിശ്വസനീയമായ വിശേഷങ്ങള്‍ക്കൊപ്പമെത്താന്‍ എന്‍റെ  മനസ്‌ മടിച്ചുനില്‍ക്കുന്നത്‌ അവള്‍ക്കറിയാം. എന്നാലും അവള്‍ പറഞ്ഞുകൊണ്ടിരിക്കും. 
നാട്ടിലെ ഗ്രന്ഥശാലകളെല്ലാം കയറിയിറങ്ങി ശേഖരിച്ച വിവരങ്ങള്‍ക്കൊപ്പം നാഷണല്‍ ലൈബ്രറിയില്‍നിന്ന്‌ കിട്ടിയ വിവരങ്ങളും കൂട്ടിച്ചേര്‍ത്ത്‌ ഗവേഷണപ്രബന്ധം സബ്‌മിറ്റ്‌ ചെയ്യാനിരിക്കുന്ന ഘട്ടത്തിലാണ്‌ ഗൈഡായ പ്രൊഫസര്‍ അശ്വഘോഷ്‌ അവളോട്‌ ആ രഹസ്യം പറഞ്ഞത്‌:
`ഗര്‍ഭസ്ഥശിശുവിന്‍റെ  മാംസംകൊണ്ട്‌ നിര്‍മ്മിച്ച കടലാസിലെഴുതിയ ഒരു പുസ്‌തകം നാഷണല്‍ ലൈബ്രറിയിലെ രഹസ്യമുറിയിലുണ്ട്‌. ശിശുവിന്‍റെ  ചര്‍മ്മവും തരുണമായ അസ്ഥികളും ഞരമ്പുകളുംകൊണ്ടാണ്‌ അതിന്‍റെ  പുറംചട്ട. വിദേശവിദ്യാര്‍ത്ഥികളുള്‍പ്പെടെ ഗവേഷണത്തിനെത്തുന്ന പലരും അതൊന്നു തൊട്ടുനോക്കാന്‍ പലവട്ടം ശ്രമിച്ചുനോക്കിയിട്ടുണ്ട് . പക്ഷെ, അവരെല്ലാം ദുരൂഹതകള്‍ ബാക്കിവച്ച്‌ അപ്രത്യക്ഷരായി.' ഗൈഡിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ വല്ലാത്ത ആവേശത്തിലായി. ആ പുസ്‌തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ശേഖരിച്ചശേഷം പ്രബന്ധം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന്‌ സ്വയം തീരുമാനിക്കുകയായിരുന്നു.
അപര്‍ണ്ണ, എന്‍റെ  ഏകാന്തനിമിഷങ്ങളില്‍ പ്രണയജ്വാലയായി മനസ്സിലും ശരീരത്തിലും പടര്‍ന്നുകത്തുന്നവള്‍. കോളേജിലെ റഫറന്‍സ്‌ ലൈബ്രറിയിലുള്ള അപൂര്‍വപുസ്‌തകങ്ങളുടെ കഥപറഞ്ഞ്‌ മനസ്സില്‍ ഇരിപ്പുറപ്പിച്ച സഹപാഠി. ബുക്‌ ക്ലിനിക്കെന്നും ചര്‍മ്മപുസ്‌തകമെന്നുമൊക്കെ പറഞ്ഞ്‌ എന്നെ അമ്പരപ്പിക്കുന്ന ഗവേഷക. വിചിത്രപുസ്‌തകങ്ങളെപ്പറ്റിയുള്ള ഗവേഷണം തുടങ്ങിയിട്ട്‌ അഞ്ചുകൊല്ലമായി. ഇക്കാലയളവില്‍ പ്രണയം നിറച്ചൊരു വാക്ക്‌, ഒരു നോട്ടം ഒന്നും കാമുകനായ എനിക്ക്‌ തന്നിട്ടില്ല. പുസ്‌തകങ്ങളെ നെഞ്ചോടുചേര്‍ത്ത്‌ നടക്കുന്നതുകണ്ടാല്‍ തോന്നും അവളുടെ പ്രണയത്തുടിപ്പുകളെ അടയാളപ്പെടുത്തുന്ന സ്റ്റെതസ്‌കോപ്പുകളാണ് പുസ്‌തകങ്ങളെന്ന്‌. ഊണും ഉറക്കവും മറന്നുള്ള ഗവേഷണങ്ങള്‍ക്കിടയില്‍ കുടുംബജീവിതം എന്നൊരു സ്വപ്‌നം അവള്‍ക്കുള്ളതായി ഒരിക്കല്‍പോലും തോന്നിയിട്ടില്ല. എങ്കിലും യൗവ്വനതീക്ഷ്‌ണമായ എന്‍റെ  കാമുകഹൃദയം അവളെമാത്രം ചുറ്റിക്കറങ്ങുന്നു. അവള്‍ ആവശ്യപ്പെടുന്ന ഏത്‌ സഹായവും സന്തോഷപൂര്‍വം ചെയ്‌തുകൊടുക്കുന്നു. പുസ്‌തകങ്ങള്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍ ചികിത്സിച്ച്‌ മാറ്റുന്ന ക്ലിനിക്കുകളെപ്പറ്റി അവളെഴുതിയ ലേഖനങ്ങള്‍ പുസ്‌തകപ്രേമികള്‍ക്ക്‌ മനപ്പാഠമാണ്‌. അത്‌ പുസ്‌തകരൂപത്തിലാക്കാന്‍ ഒരു മുന്‍നിര പ്രസാധകനെ ഏല്‍പിച്ചുകഴിഞ്ഞു.
വിശ്വസ്‌തനായൊരു സെക്രട്ടറിയുടെ സ്ഥാനമാണോ എനിക്കവള്‍ കല്‍പിച്ചിരിക്കുന്നതെന്നൊരു തോന്നല്‍ ചിലപ്പോഴൊക്കെ മനസ്സില്‍ കടന്നുവരും. ഭ്രാന്തന്‍ഗവേഷണങ്ങളില്‍നിന്ന്‌ എന്നെങ്കിലും അവള്‍ മുക്തിനേടാതിരിക്കില്ല എന്നൊരു മറുവിചാരംകൊണ്ട്‌ അതിനെ മറികടക്കും. കാമുകിയുടെ കഴിവുകളെ പ്രണയത്തില്‍ മുക്കിക്കൊന്ന സ്വാര്‍ത്ഥന്‍ എന്നൊരു പേരുദോഷം കേള്‍പ്പിക്കരുതല്ലൊ.
ഒരാഴ്‌ചമുമ്പ്‌ അവള്‍ എഴുതി:
അബൂ ഞാനൊരു യാത്രപോകുന്നു. എത്രദിവസമെടുക്കുമെന്ന്‌ ഇപ്പോള്‍ പറയാനാവില്ല. അഥവാ ഞാന്‍ തിരിച്ചുവന്നില്ലെങ്കില്‍ ലോക്കറിലിരിക്കുന്ന ഗവേഷണപ്രബന്ധം നീ പുറത്തെടുക്കണം. ലോക്കര്‍ തുറക്കാനുള്ള താക്കോലും അവകാശപത്രവും രജിസ്റ്റേടായി നിനക്കയച്ചിട്ടുണ്ട്‌. ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ നിനക്കെഴുതാം. അതെല്ലാം ഉള്‍പ്പെടുത്തിയേ പുസ്‌തകം പ്രസിദ്ധീകരിക്കാവു. ഞാനിപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ആമുഖമായി ചേര്‍ക്കണം.
എങ്ങോട്ടാണ്‌ പോകുന്നത്‌, ഒറ്റയ്‌ക്കാണോ, അതോ കൂട്ടുകാരാരെങ്കിലും കൂടെയുണ്ടോ എന്നൊന്നും എഴുതാത്തസ്ഥിതിക്ക്‌ അവള്‍ ഒറ്റയ്‌ക്കായിരിക്കും എന്നുറപ്പിച്ച്‌ എന്നിലെ കാമുകപുരുഷന്‍ ആധിപിടിക്കാന്‍ തുടങ്ങി. എന്തെങ്കിലും ഏടാകൂടത്തില്‍ ചെന്നുപെട്ടാല്‍ ആരുണ്ട്‌ സഹായത്തിന്‌? ഒരാഴ്‌ചയായി ഒന്നു വിളിക്കുകപോലുമുണ്ടായിട്ടില്ല. അങ്ങോട്ട്‌ വിളിച്ചാല്‍ പരിധിക്ക്‌ പുറത്തും.
പോസ്റ്റ്‌മേന്‍ ഇന്നലെയും ഒരു കത്ത്‌ കൊണ്ടുതന്നു. അവള്‍ ആകെ അസ്വസ്ഥയാണെന്ന്‌ അക്ഷരങ്ങളുടെ രൂപക്കേടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വളരെ പണിപ്പെട്ട്‌ ഞാനതിങ്ങനെ വായിച്ചെടുത്തു:
`അബൂ, ഏക്കറുകളോളം പരന്നുകിടക്കുന്ന ഗ്രന്ഥശാല, അനേകം ഇടനാഴികളും പടിക്കെട്ടുകളും. എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ വഴിതെറ്റിപ്പോവും, നമ്മള്‍ മുത്തശ്ശിക്കഥയില്‍ വായിച്ചിട്ടുള്ള ചെകുത്താന്‍കോട്ടയില്ലെ, അതുപോലെ. കാലുകുഴയുംവരെ നടന്നാലും കണ്ടുതീരാത്തത്ര പുസ്‌തകങ്ങള്‍! ഇവിടത്തെ ഓരോരോ കാര്യങ്ങളേ, കണ്ടിട്ടും കേട്ടിട്ടും വിശ്വസിക്കാന്‍ പറ്റുന്നില്ല. കൈകൊണ്ടെഴുതിയതും രോഗം ബാധിച്ചതുമായ അപൂര്‍വ പുസ്‌തകങ്ങള്‍ ചികിത്സിച്ച്‌ അണുമുക്തമാക്കി ഓരോന്നും പ്രത്യേകം കണ്ണാടിക്കൂട്ടില്‍ സൂക്ഷിച്ചിരിക്കുന്നു. ചില പ്രത്യേകതരം പുസ്‌തകങ്ങള്‍ സൂക്ഷിക്കുന്ന ഒരു രഹസ്യമുറിയുണ്ടിവിടെ. ആ മുറിയില്‍ രണ്ട്‌ പ്രൊഫസര്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല.
മുമ്പ്‌ ഗ്രന്ഥാലയത്തിന്‍റെ  കാവല്‍ക്കാരനായിരുന്ന ഒരാളെ ഞാനിന്നലെ പുറത്തുവച്ച്‌ പരിചയപ്പെട്ടു. പ്രൊഫസര്‍ അശ്വഘോഷ്‌ പറഞ്ഞ ആ പുസ്‌തകം ലൈബ്രറിയിലെ നിലവറയിലുണ്ടെന്നും നിലവറയെക്കുറിച്ചുള്ള രഹസ്യങ്ങളെല്ലാം ആ പുസ്‌തകത്തില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്താണത്രെ അത്‌ രഹസ്യമുറിയില്‍നിന്നും നിലവറയിലേക്ക്‌ മാറ്റിയത്‌. എത്ര ബുദ്ധിമുട്ടിയാലുംവേണ്ടില്ല, എനിക്ക്‌ ആ പുസ്‌തകം കണ്ടേപറ്റു. വല്ലാതെ ത്രില്ലടിച്ചിരിക്കയാ ഞാന്‍. 
ഇവിടെ ഇരുട്ടിനും ചാരക്കണ്ണുകളുണ്ട്‌. കാറ്റിലും രഹസ്യങ്ങള്‍ പറന്നുനടക്കുന്നു. എവിടെയും അപകടം പതിയിരിക്കുന്നു.
അബു വിഷമിക്കരുത്‌, കേട്ടതൊക്കെ സത്യമാവണമെന്നില്ലല്ലൊ. ഗവേഷണവിദ്യാര്‍ത്ഥികളെ കാണാതാകുന്നത്‌ ഇവിടെ പതിവാണ്‌. രാത്രികാലങ്ങളില്‍ ഇരുട്ടില്‍മുങ്ങിയ നിലവറയ്‌ക്കുചുറ്റും കാലൊച്ചകള്‍ കേള്‍ക്കാറുണ്ടെന്നും കറുത്തനിഴലുകളുടെ പോക്കും വരവുമുണ്ടെന്നും അവരാരും ആ ഭാഗത്തേക്ക്‌ പോകാറില്ലെന്നും ഗ്രന്ഥാലയത്തിലെ കാവല്‍ക്കാര്‍ പറയുന്നു. നിലവറയെക്കുറിച്ച്‌ പറയാന്‍തന്നെ അവര്‍ക്ക്‌ ഭയമാണ്‌. അതിനുള്ളില്‍നിന്ന്‌ പാതിരാനേരങ്ങളില്‍ നിലവിളികളും ദീനരോദനങ്ങളും കേള്‍ക്കാറുണ്ടത്രെ.
എങ്ങനെയെങ്കിലും നിലവറയിലേക്ക്‌ കടക്കാനുള്ള ശ്രമത്തിലാണ്‌ ഞാന്‍. നേരത്തെ പറഞ്ഞ വൃദ്ധന്‍ വഴികാട്ടിയായി കൂടെ വരാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. ജനാലയും വാതിലുമില്ലാത്ത, ഒരു ചെറുസുഷിരംപോലുമില്ലാത്ത നിലവറയില്‍ പ്രവേശിക്കുന്നതെങ്ങനെയെന്ന്‌ ഒരു പിടിയുമില്ല. ഒരുപക്ഷെ, അയാള്‍ക്കറിയാമായിരിക്കും. ഇതൊക്കെ വായിച്ച്‌ വിശ്വസിക്കാനാവാതെ മിഴിച്ചിരിക്കുന്ന നിന്നെ മനസില്‍ കണ്ടുകൊണ്ട്‌ നിന്‍റെ  അപര്‍ണ്ണ.
പ്രണയത്തിന്‍റെ  പ്രതിരോധവാക്കുകള്‍ നാവിന്‍തുമ്പില്‍ കൂട്ടിവച്ച്‌ ഞാനവളുടെ നമ്പര്‍ ഡയല്‍ചെയ്‌തു. ഫോണ്‍ അണച്ചുവച്ചിരിക്കുന്നു. നിസഹായതയുടെ നീറ്റല്‍ മനസ്സില്‍ പടര്‍ത്തി ഒരു പകലും രാത്രിയും ഉരുണ്ടുമാറി. അദ്ധ്യാപനത്തിന്‍റെ  ഇടവേളയില്‍ മറ്റൊരു കത്ത്‌ കയ്യിലെത്തി.
`അബൂ, ആ വൃദ്ധന്‍ രഹസ്യങ്ങള്‍ കുത്തിനിറച്ച ഒരാള്‍രൂപമാണ്‌. കറുത്ത ചുണ്ടുകള്‍ക്കിടയിലൂടെ ചോര്‍ന്നുവീണ വാക്കുകളെ കൂട്ടിയോജിപ്പിച്ച്‌ ഞാന്‍ ചിലതൊക്കെ വായിച്ചെടുത്തു. കാവല്‍പുരയിലേക്ക്‌ കയറുന്ന പടിക്കെട്ടിനടിയില്‍ ഒരു രഹസ്യവാതിലുണ്ട്‌. അത്‌ തുറക്കുന്നത്‌ ഒരു കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലേക്കാണ്‌. കറുത്ത നിഴലുകള്‍ നിലവറയിലേക്ക്‌ പോകുന്നതും വരുന്നതും അതിലൂടെയാണ്‌. ഇന്നുരാത്രി ഞങ്ങള്‍ കറുത്ത കുപ്പായമണിഞ്ഞ്‌ പടിക്കെട്ടിനടിയില്‍ പതുങ്ങിയിരിക്കും. നിഴലുകള്‍ക്കു പിന്നാലെ അകത്തുകടക്കും. ബാക്കി പിന്നെ. 
നിന്‍റെ അപര്‍ണ്ണ.'
അവള്‍ക്കായി സ്‌നേഹം നിറച്ചുവച്ച മനസില്‍ ആശങ്കകള്‍ കുടിയേറുന്നു. എന്‍റെ  അപര്‍ണ്ണാ, അപകടംപിടിച്ച ഈ ഗവേഷണം മതിയാക്കൂ. എത്രയുംവേഗം തിരിച്ചുവരൂ. ഞാനിവിടെ തീ തിന്ന്‌ മരിക്കാറായി. ഒരു മൊബൈല്‍സന്ദേശം എഴുതിവിട്ടു. ഫോണ്‍ തുറക്കുമ്പോള്‍ കാണട്ടെ.
രാത്രിയില്‍ അവള്‍ മറുപടി കുറിച്ചു: ഇവിടെ നക്ഷത്രങ്ങളുടെ അരണ്ടവെളിച്ചംമാത്രം. അതാ ഭീമാകാരനായ ഒരു കറുത്തരൂപം ഒച്ചയുണ്ടാക്കാതെ ആമവേഗത്തില്‍ നടന്നുവരുന്നു.
അപര്‍ണ്ണാ നീ നിലവറയിലേക്ക്‌ പോകരുത്‌. ഞാന്‍ കുറിച്ച മറുപടിയെത്തുംമുമ്പ്‌ അവള്‍ ഫോണ്‍ അണച്ചുവച്ചു. അവളെ എന്നെന്നേക്കുമായി നഷ്‌ടപ്പെടുകയാണെന്ന ചിന്ത എന്നെ നൊമ്പരപ്പെടുത്തി.
എന്‍റെ  അപര്‍ണ്ണാ... എന്നൊരു നിലവിളി കറുത്തവാവിന്‍റെ  ഇരുട്ടില്‍ അലിഞ്ഞിറങ്ങി.
ഇറുകെ അടച്ചിരുന്ന കണ്ണുകളില്‍ ഒരു ഓണ്‍ലൈന്‍ മാസിക തെളിഞ്ഞുവന്നു; അധികമാരും വായിക്കാത്തതും അവള്‍ സ്ഥിരമായി വായിക്കാറുള്ളതുമായ വിചിത്രമാസിക. അതില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഡോ: അശ്വഘോഷ്‌ എഴുതിയ ലേഖനം വായിച്ചാണ്‌ അവള്‍ അദ്ദേഹത്തെ ഗൈഡായി സ്വീകരിച്ചത്‌. അതിലെ പുസ്‌തകക്കുറിപ്പുകളെ പിന്‍തുടര്‍ന്നാണ്‌ അവള്‍ വിചിത്രപുസ്‌തകങ്ങള്‍ തേടിപ്പോകുന്നത്‌.
ആഗ്രഹിച്ച വിവരങ്ങളെല്ലാം കൈയിലെത്തിയാലുടന്‍ അവള്‍ എന്‍റെ  മുന്നിലെത്തും. ആദ്യം പൂത്തിരി കത്തിച്ചിതറുന്നപോലെ ചിരിക്കും. പിന്നെ വിശേഷങ്ങളോരോന്നായി പറഞ്ഞുകേള്‍പ്പിക്കും. പക്ഷേ, ആദ്യം എന്നില്‍നിന്ന്‌ ഗൗരവത്തിലുള്ളൊരു ചോദ്യമുണ്ടാവണം. എന്നാലേ അവളുടെ നെഞ്ചില്‍ വീര്‍പ്പുമുട്ടിപ്പിടയുന്ന പുസ്‌തകവിശേഷങ്ങള്‍ പുറത്തുചാടാറുള്ളു. അര്‍ദ്ധരാത്രിയില്‍ കറുത്തനിഴലായി കയറിവന്ന അവളുടെ വിജയച്ചിരിയില്‍ നോട്ടംതൊട്ടുകൊണ്ട്‌ ഗൗരവത്തില്‍ത്തന്നെ ചോദിച്ചു: 
അപര്‍ണ്ണാ... വിശേഷം പറ, കേള്‍ക്കട്ടെ.
`ആ ഭീമാകാരനായ കറുത്തരൂപം പടിക്കെട്ടിറങ്ങിവന്നു. തുരങ്കത്തിനകത്തുനിന്ന കറുത്തകുപ്പായക്കാരന്‍ വാതില്‍ തുറന്നു. കറുത്തരൂപം കുനിഞ്ഞ്‌ അകത്തുകയറി. കാവല്‍ക്കാരന്‍ വാതില്‍ പൂട്ടാനൊരുങ്ങവെ, വൃദ്ധന്‍ ഗൗണിന്‍റെ  പോക്കറ്റില്‍ കരുതിയിരുന്ന കല്ലെടുത്ത്‌ പടിക്കെട്ടിനരികിലിരുന്ന ഇരുമ്പുദണ്‌ഡിന്മേലെറിഞ്ഞു. ക്‌ണിം... ശബ്‌ദംകേട്ട്‌ കാവല്‍ക്കാരന്‍ അങ്ങോട്ടുപോയി. ആ തക്കത്തിന്‌ ഞങ്ങള്‍ അകത്തേക്ക്‌ കയറി. ഒരാള്‍പ്പൊക്കമുള്ള തുരങ്കം ഇരുട്ടിലാണ്ടുകിടക്കുന്നു. അകത്തുകയറിയ രൂപം എങ്ങോട്ടുപോയെന്ന്‌ ഒരുപിടിയുമില്ല. കണ്ണുകള്‍ ടോര്‍ച്ചാക്കി നാലഞ്ചടി നടന്നു. അതാ താഴേക്കുപോകുന്ന മറ്റൊരു പടിക്കെട്ട്‌. ഇറങ്ങിച്ചെന്നത്‌ വിശാലമായൊരു ഹാളിലേക്ക്‌. അവിടെ മങ്ങിയ വെളിച്ചമുണ്ട്‌.'
അവള്‍ കഥ പാതിപറഞ്ഞ്‌ നിറുത്തി. മൂകനായിരുന്ന എന്നെ അസ്വസ്ഥതയോടെ നോക്കിയിരുന്നു, പ്രോത്സാഹനം പ്രതീക്ഷിച്ചെന്നപോലെ.
ഗൗരവംനടിച്ച്‌ ഞാന്‍ ചോദിച്ചു: എന്നിട്ട്‌... ?
അടുത്തടുത്തായി പരസ്‌പരം ബന്ധിച്ചിരിക്കുന്ന നാലഞ്ച്‌ യന്ത്രങ്ങള്‍, അവയ്‌ക്കുചുറ്റും കര്‍മ്മനിരതരായ കറുത്തരൂപങ്ങള്‍. അടുത്തുചെന്ന്‌ നോക്കിയപ്പോള്‍ ഞെട്ടിവിറച്ചുപോയി. ഒന്നാമത്തെ യന്ത്രം മനുഷ്യമാംസം അസ്ഥികളഞ്ഞു മുറിച്ച്‌ ചെറുതുണ്ടുകളാക്കുന്നു. രണ്ടാമത്തെ യന്ത്രം മാംസത്തുണ്ടുകളെ അരച്ച്‌ പള്‍പ്പാക്കുക്കുന്നു. മൂന്നാമത്തെ യന്ത്രം പള്‍പ്പിനെ ശുദ്ധീകരിക്കുന്നു. നാലാമത്തെ യന്ത്രം ഇളം ചുവപ്പുനിറമുള്ള പള്‍പ്പിനെ പേപ്പറാക്കിമാറ്റുന്നു. അഞ്ചാമത്തെ യന്ത്രം പേപ്പര്‍ പാകത്തിന്‌ ഉണക്കിയെടുത്ത്‌ വലിയ കണ്ണാടിക്കൂടുകളില്‍ അടുക്കിവയ്‌ക്കുന്നു.
അവള്‍ പേടികൊണ്ട്‌ കിതയ്‌ക്കാന്‍തുടങ്ങി. തൊണ്ടവരണ്ട്‌ വെള്ളത്തിനായി പരതി. ജഗ്ഗിലിരുന്ന വെള്ളം ഗ്ലാസ്സില്‍ പകര്‍ന്ന്‌ ഞാനവള്‍ക്ക്‌ നല്‍കി. അതുമുഴുവന്‍ ഒറ്റവലിക്ക്‌ കുടിച്ചുതീര്‍ത്തു.
അപര്‍ണ്ണാ കഥമുഴുവന്‍ പറയൂ. ഞാനവളെ ഉത്സാഹപ്പെടുത്തി.
ഹാളിന്‍റെ  ഒരു മൂലയ്‌ക്ക്‌ നിരത്തിയിട്ട നീളന്‍മേശയും കസേരകളും. അവിടെ നാലഞ്ച്‌ ചെറുപ്പക്കാര്‍ പുസ്‌തകങ്ങള്‍ പകര്‍ത്തിയെഴുതുന്നു. അതിനടുത്തായി, മനുഷ്യചര്‍മ്മംകൊണ്ട്‌ പുറംചട്ടയിട്ട നാലഞ്ച്‌ പുസ്‌തകങ്ങള്‍ കണ്ണാടിക്കൂടുകളില്‍ സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും ഒടുവിലായി പ്രൊഫസര്‍ അശ്വഘോഷ്‌ പറഞ്ഞ ആ പുസ്‌തകം, ഗര്‍ഭസ്ഥശിശുവിന്‍റെ  അസ്ഥിയും ഞരമ്പുംകൊണ്ട്‌ പുറംചട്ടയിട്ട പുസ്‌തകം. അത്ഭുതമൂറുന്ന മിഴികളുമായി അതിനെ തൊടാന്‍ ശ്രമിക്കുമ്പോഴാണ്‌ രണ്ട്‌ കറുത്തനിഴലുകള്‍ എന്നെ വരിഞ്ഞുമുറുക്കിയത്‌.
ഞാന്‍ സഹായത്തിനായി വൃദ്ധനെ നോക്കി. അയാളെ അവിടെയെങ്ങും കണ്ടില്ല.
ശ്വാസം നിലയ്‌ക്കാറായിരുന്ന എന്നെ പിടിച്ചുലച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു:
അബൂ, എന്‍റെ  ഗവേഷണപുസ്‌തകത്തിന്‍റെ  ആമുഖമായി ഈ കഥയും ചേര്‍ക്കണം. നിലവറയ്‌ക്കുള്ളില്‍ കറുത്ത യൂണിഫോമണിഞ്ഞ്‌, അടിമകളെപ്പോലെ പണിയെടുക്കുന്ന ഗവേഷണവിദ്യാര്‍ത്ഥികളുടെ കഥ പുറംലോകം അറിയട്ടെ.
അപര്‍ണ്ണ കഥ മുഴുവന്‍ പറഞ്ഞില്ലല്ലൊ. ബാക്കി കേള്‍ക്കാനുള്ള വെപ്രാളത്തോടെ ഞാന്‍ പറഞ്ഞു..
ബാക്കി നീതന്നെ പൂരിപ്പിച്ചുകൊള്ളുക. എന്നുപറഞ്ഞിട്ട്‌ അവള്‍ കണ്ണാടിക്കൂടും താങ്ങിയെടുത്ത്‌ ഇരുട്ടിലേക്ക്‌ ഇറങ്ങിനടന്നു.

Tuesday, 13 August 2019

എന്‍റെ കഥ - എസ്.സരോജം

 

                                                 
                                                                    ഒന്ന്
സ്വന്തം ജീവിതം ഇതുവരെയും രചനകളിലൊന്നും ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടില്ല. എങ്കിലും ഓമനയില്‍നിന്ന്‌ സരോജത്തിലേക്കുള്ള ദൂരം എത്രയെന്ന്‌ മനസ്സുകൊണ്ട്‌ അളന്നുനോക്കാറുണ്ട്‌ ചിലപ്പോഴൊക്കെ. അത്‌ ഞാന്‍ നടന്നുതീര്‍ത്ത ദൂരമാണോ, അതോ എന്‍റെ  ഗ്രാമം നാഗരികതയിലേക്ക്‌ നടന്നുകയറിയ കാലദൈര്‍ഘ്യമാണോ? രണ്ടുമാവാം. ഓര്‍മ്മകളില്‍ ഒളിഞ്ഞുകിടക്കുന്ന ഗ്രാമജീവിതത്തെ ഓര്‍ത്തെടുക്കുന്നതിന്‍റ തുടക്കമായി, ഈ രണ്ടു പേരുകളും എനിക്ക്‌ സമ്മാനിച്ച പ്രിയപ്പെട്ടവര്‍ ആരെന്നും എങ്ങനെയെന്നും പറയാം.
കുറുനരിയും കാട്ടുമാക്കാനും രാത്രിസഞ്ചാരം ചെയ്യുന്ന കുഗ്രാമത്തില്‍ ഒരു പഴയ കര്‍ഷകഭവനത്തില്‍, ഇടവപ്പാതിക്കാലത്ത്‌ പെറ്റുവീണ പെണ്‍കുഞ്ഞ്‌. ള്ളേ... ള്ളേ... എന്ന്‌ നിറുത്താതെ കരഞ്ഞു. പാലില്ലാത്ത മുലക്കണ്ണ്‌ കുഞ്ഞിന്‍റെ  വായില്‍ തിരുകിവച്ച്‌ കരച്ചിലാറ്റാനുള്ള വിദ്യ ഫലിക്കാഞ്ഞപ്പോള്‍ സരസുക്കുട്ടിയുടെ കണ്ണുകളും ഇടവപ്പാതി പോലെ പെയ്‌തിറങ്ങി. കരഞ്ഞുകരഞ്ഞ്‌ കൊരലടഞ്ഞ കുഞ്ഞിന്‌ അതിമധുരമിട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം കൊടുത്തുറക്കി. ഇങ്ങനെയുള്ള `ള്ളേ..'ക്കഥകള്‍ വയറ്റാട്ടി മുത്തശ്ശി മരിക്കുന്നതുവരെ പറഞ്ഞുകേള്‍പ്പിക്കുമായിരുന്നു. വെള്ളപ്പഴംതുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ കൈയിലെടുത്ത്‌ ഓമനേ.... എന്ന്‌ ആദ്യമായി വിളിച്ചത്‌ സരസുക്കുട്ടിയുടെ വലിയണ്ണനായ ജ്ഞാനപ്രകാശം വൈദ്യരാണത്രെ. പിന്നെപ്പിന്നെ എല്ലാവരും ഓമനേ.... എന്ന്‌ അരുമയോടെ കൊഞ്ചിച്ചു വിളിച്ചുതുടങ്ങി. വീട്ടുകാരുടെയും നാട്ടുകാരുടെയും ഓമനയായിത്തന്നെ അവള്‍ വളര്‍ന്നു കര്‍ഷകജന്മിയായ രാമനാശാന്‍ പാടത്തുനിന്ന്‌ മടങ്ങിയെത്തിയാല്‍ ഓമനേ..... എന്ന്‌ നീട്ടിവിളിക്കും. വെള്ളിക്കൊലുസ്സുകിലുക്കി, അവളോടിച്ചെല്ലും. അവള്‍ക്കായി പേരയ്‌ക്കയോ കാരയ്‌ക്കയോ മാമ്പഴമോ എന്തെങ്കിലും അപ്പുപ്പന്‍റെ  മടിക്കുത്തിലുണ്ടാവും.
പണിക്കാരുടെ കുട്ടികള്‍ക്കൊപ്പം കാട്ടുപൂക്കളിറുത്തും തുമ്പിയുടെയും പൂമ്പാറ്റയുടെയും പുറകേ ഓടിയും കളിച്ചുനടക്കവേ, ഒരുദിവസം ഒരാള്‍ വന്ന്‌ സ്‌കൂളില്‍ പോകാമോ എന്നൊരു ചോദ്യം. വേണ്ടാ... നിച്ച്‌ കളിച്ചണം എന്നുപറഞ്ഞ്‌ ചിണുങ്ങിക്കരഞ്ഞ കുഞ്ഞിനെ അമ്മ പിടിച്ചുകൊണ്ടുപോയി കുളിപ്പിച്ച്‌ നല്ല ഉടുപ്പുമിടിയിച്ചിട്ട്‌ പറഞ്ഞു : മക്കള്‌ ദേ ഈ സാറിന്‍റെ  കൂടെ സ്‌കൂളില്‍ പൊയ്‌ക്കൊ'. പോവൂല്ലാ.... നിച്ച്‌ കളിച്ചണം... എന്ന്‌ തൊണ്ടകീറിക്കരഞ്ഞ കുട്ടിയെ എടുത്ത്‌ തോളത്തിരുത്തി സാറ്‌ സ്‌കൂളിലേക്ക്‌ നടന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യം മുഴുവന്‍ സാറിനോടായി, എണ്ണതേച്ച്‌ ചീകിവച്ചിരുന്ന തലമുടി വലിച്ചുകുലച്ചിട്ടു, മാന്തിയും പിച്ചിയും കഴിയുന്നത്ര ഉപദ്രവിച്ചുനോക്കി. സാറുണ്ടോ വിടുന്നു. കൊണ്ടുപോയി, ഒന്നാം ക്ലാസ്സിലെ മുന്‍ബഞ്ചിലിരുത്തി. വീടിനടുത്തുള്ള ലൂധര്‍മിഷന്‍ എല്‍.പി സ്‌കൂളില്‍ അന്ന്‌ കുട്ടികള്‍ കുറവായിരുന്നു. എ.ഇ.ഒ. ഇന്‍സ്‌പെക്ഷന്‌ വരുന്ന ദിവസം കുട്ടികളുടെ എണ്ണം തികയ്‌ക്കാനുള്ള ബദ്ധപ്പാടായിരുന്നു അതെന്ന്‌ കുട്ടിക്കറിയില്ലല്ലൊ. ഒന്നാം ക്ലാസ്സില്‍ പേരുചേര്‍ക്കണമെങ്കില്‍ ആറുവയസ്സ്‌ തികയണം. സാമാന്യം നീളമുണ്ടായിരുന്നതുകൊണ്ട്‌ മൂന്ന്‌ വയസ്സ്‌ സാറിന്‍റെ  വക സൗജന്യമായി കിട്ടി.
കുട്ടിക്ക്‌ എന്തു പേരിടണമെന്ന്‌ ആല്‍ബര്‍ട്ട്‌ സാര്‍ അപ്പനോട്‌ ചോദിച്ചു. ഓമന മതിയെന്ന്‌ മറുപടി. സാര്‍ കുഞ്ഞിനെ മടിയിലിരുത്തി കവിളത്ത്‌ തഴുകിക്കൊണ്ട്‌ പറഞ്ഞു; താമരപ്പൂപോലെ ചന്തമുള്ള ഇവള്‍ക്ക്‌ ഞാന്‍ സരോജം എന്നു പേരിടുന്നു. ആ പേര്‍ചൊല്ലി ആദ്യമായി വിളിച്ചതും ആല്‍ബര്‍ട്ട്‌ സാറായിരുന്നു. അന്നുമുതല്‍ സ്‌കൂളില്‍ സരോജവും വീട്ടിലും നാട്ടിലും ഓമനയുമായി. ഇന്നും പഴയ തലമുറയില്‍പെട്ട നാട്ടുകാരും ബന്ധുക്കളും ഓമനേ എന്നേ വിളിക്കാറുള്ളു. അവരാരെങ്കിലും ഞാനിപ്പോള്‍ ജീവിക്കുന്ന ചുറ്റുവട്ടത്തു വന്ന്‌ ഓമനയെ അന്വേഷിച്ചാല്‍ അങ്ങനെയൊരാളെ ആര്‍ക്കും അറിയില്ല. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ സരോജത്തെയല്ലെ അവര്‍ക്കറിയാവൂ. രണ്ടു പേരുണ്ടായതിന്‍റെ  സ്വത്വപ്രതിസന്ധിയുണ്ടല്ലൊ, അത്‌ അനുഭവിച്ചാലേ അറിയൂ. എന്നാലും കുട്ടിക്ക്‌ അനുയോജ്യമായ പേരിട്ട ആ നല്ല അദ്ധ്യാപകന്‍ അന്നത്തെപ്പോലെതന്നെ ഇന്നും സരോജത്തിന്‍റെ  മനസ്സില്‍ യുവസുന്ദരനായി പുഞ്ചിരിച്ചുനില്‍ക്കുന്നു.