കഴിഞ്ഞയാഴ്ച ഒരു പയ്യനും കൂട്ടരും രമ്യയെ പെണ്ണുകാണാന്‍ വന്നിരുന്നു. അയാള്‍ക്ക് ടെക്‌നോപാര്‍ക്കിലാണ് ജോലി. അച്ഛന്‍ പട്ടാളത്തില്‍ കേണലായി വിരമിച്ചയാളാണ്. അമ്മയ്ക്ക് വീട്ടുജോലിയും.
അവരുടെ കുടുംബമഹിമയെപ്പറ്റിയും സാമ്പത്തികനിലവാരത്തെപ്പറ്റിയും ദല്ലാള്‍ പറഞ്ഞതെല്ലാം സൗമ്യച്ചേച്ചി രമ്യയെ പറഞ്ഞുകേള്‍പ്പിച്ചു. എന്നിട്ട് ഗമയിലൊരു ചോദ്യവും: രമ്യമോളേ, നിനക്കീ പ്രൊപ്പോസല്‍ ഇഷ്ടമായില്ലേ?
മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദക്കാരിയാണ് രമ്യ. തലസ്ഥാനത്തുള്ള ഒരു സ്വകാര്യകോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിനോക്കുന്നു. കാര്യവട്ടത്തുള്ള ഒരു പ്രൊഫസറുടെ കീഴില്‍ ഗവേഷണവിദ്യാര്‍ത്ഥിനിയുമാണ്. താമസിയാതെ അവള്‍ക്ക് മലയാളസാഹിത്യത്തില്‍ ഒരു ഡോക്ടറേറ്റും സ്വന്തമാകും. അന്തസുള്ളൊരു ജോലിയും ആരുടെമുന്നിലും തലകുനിക്കാത്ത വ്യക്തിത്വവുമാണ് അവളുടെ ജീവിതാഭിലാഷങ്ങള്‍. വിവാഹജീവിതത്തെക്കുറിച്ച് അവള്‍ക്ക് വലിയസ്വപ്നങ്ങളൊന്നുമില്ല.
അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ചേട്ടനുമൊക്കെ ഇഷ്ടപ്പെട്ട സ്ഥിതിക്ക് അച്ഛന്‍ തുടര്‍നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്. തന്റെ സമ്മതം ആരും ചോദിച്ചതേയില്ല. ആ വീട്ടിലെ സാഹചര്യങ്ങള്‍ എങ്ങനെയായിരിക്കും, അവിടത്തെ രീതികളുമായി തനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിയുമോ എന്നൊക്കെയുള്ള ആശങ്കകള്‍ വലിയൊരു ചോദ്യചിഹ്നമായി അവളുടെ മുന്നില്‍ തെളിഞ്ഞു അവള്‍ അമ്മയുടെ അരികിലേക്ക് ചെന്നു.
അമ്മേ, വാക്കുകൊടുക്കുംമുമ്പ് എനിക്ക് അവരുടെ വീടൊന്നുകാണണം, അവിടത്തെ അമ്മയോട് സംസാരിക്കണം.മോളേ, നീയെന്തു ഭ്രാന്താണീപ്പറയുന്നത്? കല്യാണത്തിനുമുമ്പ് പെണ്ണ് ചെറുക്കന്റെ വീട്ടില്‍പോകുന്ന പതിവില്ല.
അമ്മേ, കല്യാണംകഴിഞ്ഞാല്‍പിന്നെ ഞാന്‍ ജീവിക്കേണ്ടത് ഭര്‍ത്താവിന്റെ വീട്ടിലല്ലേ, അവിടത്തെ സാഹചര്യങ്ങളുമായി എനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിയുമോ, വിവാഹശേഷം ജോലിക്കുപോകാന്‍ അനുവദിക്കുമോ എന്നൊക്കെ അറിഞ്ഞതിനുശേഷം മതി ഈ വിവാഹം വേണോ വേണ്ടയോ എന്നൊരു തീരുമാനമെടുക്കുന്നത്.
അവിടത്തെ സാഹചര്യങ്ങള്‍ എങ്ങനെയാണോ അതുമായി പൊരുത്തപ്പെട്ടുപോണം. അല്ലാതെ ഒരുപെണ്ണും അതൊക്കെ നേരില്‍കണ്ടാലേ കല്യാണത്തിന് സമ്മതിക്കൂന്ന് വാശിപിടിക്കാറില്ല. പിന്നെ ജോലിയുടെ കാര്യം, അവര്‍ക്കിഷ്ടമില്ലാന്നുവച്ചാ ജോലിക്കുപോണ്ടാന്നുവയ്ക്കണം, അല്ലാതെ പെണ്ണിന് പ്രത്യേകമായ ഇഷ്ടങ്ങളൊന്നും പാടില്ല. ഞാന്‍ സ്‌കൂളിലെ ജോലി ഉപേക്ഷിച്ചിട്ടാണ് നിന്റെ അച്ഛന്റെകൂടെ മിലിട്ടറിക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍പോയത്. പറ്റില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ അവിടെ തീരുമായിരുന്നു ദാമ്പത്യം.
അമ്മേ, സൗമ്യേച്ചിയും അമ്മയുമൊക്കെ ചെയ്തതുപോലെ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ അടിമയായി ജീവിക്കാന്‍ എന്നെക്കൊണ്ടാവില്ല. എനിക്ക് ആ വീട് കാണണം, അവരോട് സംസാരിക്കണം. എന്നിട്ട് തീരുമാനിക്കാം.
രമ്യാ, നടപ്പില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നീ പൊല്ലാപ്പൊന്നും ഉണ്ടാക്കരുതേ, പറഞ്ഞുകേട്ടിടത്തോളം ഇത് നല്ലൊരാലോചനയാണ്.
കല്യാണംകഴിഞ്ഞ് പൊല്ലാപ്പൊന്നും ഉണ്ടാവാതിരിക്കാനാണ് എനിക്ക് അവിടത്തെ സാഹചര്യങ്ങള്‍ നേരില്‍കണ്ട് മനസിലാക്കണമെന്ന് പറഞ്ഞത്. ചെറുക്കന്‍ പെണ്ണിന്റെ വീടും സാഹചര്യങ്ങളും നേരില്‍കണ്ടു മനസിലാക്കിയിട്ടല്ലേ തീരുമാനിക്കുന്നത്, അതുപോലെ പെണ്ണും ചെറുക്കന്റെ വീടും സാഹചര്യങ്ങളും കണ്ടറിഞ്ഞ് തീരുമാനിക്കണം. അല്ലാതെ ലക്ഷങ്ങള്‍ മുടക്കി കല്യാണംനടത്തിയിട്ട് ഒത്തുപോകാനാകാതെ തിരിച്ചുവരാനോ ആത്മഹത്യചെയ്യാനോ ഞാനില്ല.
ഈ പെണ്ണിനെന്താ വട്ടുപിടിച്ചോ?
ചേച്ചിയേം അമ്മേംപോലുള്ള പെണ്ണുങ്ങള്‍ക്കാ വട്ട്. ബിരുദാനന്തരബിരുദവും നല്ലൊരു ജോലിയുമുണ്ടായിരുന്ന ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താ? കഷ്ടം! നിങ്ങളെയൊക്കെപ്പോലെ വെറുമൊരു വീട്ടടിമയായി ജീവിക്കാന്‍ എനിക്ക് മനസില്ല. ജോലിചെയ്തുകിട്ടുന്ന ശംബളംകൊണ്ട് അന്തസായി ജീവിക്കണം. അല്ലാതെ ഭര്‍ത്താവിന്റെമുന്നില്‍ കാശിന് കൈനീട്ടിനില്‍ക്കാന്‍ എനിക്കാവില്ല.
എന്നാലേ നീ അച്ഛനോട് പറ.
രമ്യ അച്ഛന്റെ മുറിയിലേക്ക് ചെന്നു.
അച്ഛാ, വിവാഹം ഉറപ്പിക്കുംമുമ്പ് എനിക്ക് ചെക്കന്റെ വീടുകാണണം, അവരോട് സംസാരിക്കണം.
എന്തിനാ?
അവിടത്തെ സാഹചര്യങ്ങളുമായി ഒത്തുപോകാനാവുമോ എന്നറിയാനാ. കല്യാണംകഴിഞ്ഞാലും എനിക്ക് ജോലിക്ക് പോകണം. അതിനവര്‍ സമ്മതിക്കുമോ എന്നറിയണം.
കല്യാണംകഴിഞ്ഞാപ്പിന്നെ നീ ജോലിക്കുപോകണോ വേണ്ടയോ എന്നൊക്കെ കെട്ടിയവന്‍ തീരുമാനിക്കും.
പോകണ്ടാന്നു കെട്ടിയവന്‍ പറഞ്ഞാലും ഞാന്‍ ജോലിക്കു പോകും. എനിക്ക് വിവാഹത്തെക്കാള്‍ പ്രധാനം വരുമാനമുള്ളൊരു ജോലിയാണ്. രമ്യ തീര്‍ത്തുപറഞ്ഞു. വെറുമൊരു വീട്ടുവേലക്കാരിയാകാനാണോ അച്ഛനെന്നെ ഇത്രത്തോളം പഠിപ്പിച്ചത്?
അച്ഛന്‍ തെല്ലുനേരം കണ്ണടച്ചിരുന്നു. പിന്നെ മകളോട് പറഞ്ഞു: നമുക്കാലാചിച്ച് തീരുമാനിക്കാം, മോള് വിഷമിക്കാതിരിക്ക്.
അദ്ദേഹം ദല്ലാളിനെ വിളിച്ചുപറഞ്ഞു; എനിക്ക് മോളുമൊത്ത് പയ്യന്റെ വീടുവരെയൊന്ന് പോണം. അവിടത്തെ സാഹചര്യങ്ങള്‍ മോളുംകൂടി കണ്ടറിയട്ടെ, എന്നിട്ടാവാം തീരുമാനം. എപ്പഴാ അവര്‍ക്ക് സൗകര്യപ്പെടുക എന്നറിയിക്കൂ.
ദല്ലാള്‍ പറഞ്ഞദിവസം രമ്യ അച്ഛനോടൊപ്പം അവിടെയെത്തി. പയ്യന്റെ വീടുകാണാന്‍വന്ന പെണ്ണിനെ വീട്ടുകാര്‍ വിചിത്രജീവിയെ പ്പോലെ നോക്കിനിന്നു. പിന്നെ ഇന്റര്‍വ്യൂവിനിരിക്കുന്നതുപോലെ അവളുടെ മുന്നിലിരുന്നു.
അവള്‍ അവരോട് രണ്ടുചോദ്യങ്ങളേ ചോദിച്ചുള്ളൂ: വിവാഹംകഴിഞ്ഞാലും ജോലിയില്‍ തുടരാന്‍ അനുവദിക്കുമോ? കിടപ്പുമുറിയില്‍ ടോയ്‌ലറ്റുണ്ടോ?
പെണ്ണുങ്ങള്‍ ജോലിക്കുപോകേണ്ട ആവശ്യമൊന്നും ഞങ്ങള്‍ക്കില്ല. വീടിനുള്ളില്‍ ഒരു ചെറിയ ടോയ്‌ലറ്റുണ്ട്, അത് എല്ലാവര്‍ക്കും അത്യാവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ്. കക്കൂസും കുളിമുറിയുമൊക്കെ വീടിനുപുറത്താണ്.രമ്യക്ക് കൂടുതലൊന്നും അറിയേണ്ടതില്ല. അവള്‍ അച്ഛന്റെ കൈപിടിച്ച് പുറത്തേക്ക് നടന്നു.
വീട്ടില്‍ തിരിച്ചെത്തിയശേഷം മകള്‍ അച്ഛനോട് പറഞ്ഞു:
അച്ഛന്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നെനിക്കറിയാം. ഞാന്‍ പറയുന്നത് വിവരക്കേടാണെങ്കില്‍ ക്ഷമിക്കണം. ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും സ്വത്തും കൊടുത്ത് ഒരു പുരുഷനെ വിലയ്ക്കുവാങ്ങി, അയാളുടെ അടിമയായി ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ വിവാഹംകഴിച്ചേതീരൂ എന്ന് അച്ഛനുമമ്മയ്ക്കും നിര്‍ബന്ധമാണെങ്കില്‍ വലിയ ഡിമാന്റൊന്നുമില്ലാത്ത, വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള ഒരുപുരുഷനെ കണ്ടെത്തുക. എന്റെ താല്‍പര്യങ്ങള്‍കൂടി പരിഗണിക്കുന്ന ആളാവണം. കുടുംബസ്വത്തുവിറ്റ് സ്ത്രീധനംകൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അഞ്ചുസെന്റ് സ്ഥലമെങ്കിലും എന്റെമാത്രം പേരില്‍ എഴുതിവയ്ക്കണം, എന്തെങ്കിലും കാരണവശാല്‍ ഭര്‍ത്താവുമായി ഒത്തുപോകാന്‍ കഴിയാതെവന്നാല്‍ അവിടെയൊരു വീടുവച്ച് താമസിക്കാമല്ലൊ.
അച്ചന്‍ അല്‍പനേരം മൗനിയായിരുന്നു. എന്നിട്ട് മകളോട് പറഞ്ഞു: മോളേ, നീ പറഞ്ഞതാണ് ശരി. എന്റെ മോള്‍ കാലത്തിനൊത്ത് വളര്‍ന്നിരിക്കുന്നു.