Tuesday 14 July 2020

ചരിത്രമുറങ്ങുന്ന മാഹി (യാത്ര) - എസ്.സരോജം

 കേരളത്തിനുള്ളില്‍, ഒമ്പത്‌ ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഒരു കേന്ദ്രഭരണപ്രദേശം; അതാണ്‌ മാഹി. ഭൂമിശാസ്‌ത്രപരമായി കണ്ണൂര്‍ കോഴിക്കോട്‌ ജില്ലകള്‍ക്കിടയിലാണ്‌ സ്ഥാനമെങ്കിലും 630 കിലോമീറ്റര്‍ അകലെയുള്ള പുതുച്ചേരിയുടെ ഭാഗമാണ്‌ മാഹി. 
ഫ്രഞ്ച്‌ കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ പുതിയപേരാണ്‌ പുതുച്ചേരി. മാഹിയുടെ മൂന്നുവശത്തും കേരളവും ഒരുവശത്ത്‌ അറബിക്കടലുമാണ്‌. അതുകൊണ്ടുതന്നെ സാംസ്‌കാരികമായി മാഹിക്ക്‌ കേരളത്തോടാണ്‌ അടുപ്പം. ബെട്രാന്‍ഡ്‌ ഫ്രാന്‍സിയോസ്‌ മാഹി ഡെലാബര്‍ദാനിയോസ്‌ എന്ന ഫ്രഞ്ചുകാരന്‍ സ്ഥാപിച്ച നഗരമായതിനാലാണ്‌ ഈ സ്ഥലം മാഹി എന്ന പേരില്‍ അറിയപ്പെടുന്നത്‌. മാഹിയില്‍ ഫ്രഞ്ചുകാരുടെ ചരിത്രം തുടങ്ങുന്നത്‌ 

1721-ലാണ്‌. മയ്യഴിപ്പുഴയുടെ തീരഭംഗികളും ഫ്രഞ്ച്‌ അധിനിവേശത്തിന്‍റെ അവശേഷിപ്പുകളും ചരിത്രപരമായ പ്രത്യേകതകളുമാണ്‌ മാഹിയി ലേക്ക്‌ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌.

 മാഹി എന്നു കേള്‍ക്കുമ്പോള്‍ ആദ്യം കണ്ണില്‍ തെളിയുന്നത്‌ 280 കൊല്ലത്തോളം പഴക്കമുള്ള സെന്റ്‌ തെരേസ പള്ളിയാണ്‌. ഇംഗ്ലീഷുകാരുടെ വരവോടെ തലശേരിയില്‍ നിന്നും വിട്ടുപോന്ന ഫ്രഞ്ചുകാര്‍ മാഹിയില്‍ താവളമുറപ്പിച്ചു. 1736-ല്‍ വടകര വാഴുന്നോരുടെ അനുമതിവാങ്ങി നിര്‍മ്മിച്ചതാണ്‌ ഫ്രഞ്ചുവാസ്‌തുവിദ്യയുടെ മകുടോദാഹരണമായ സെന്റ്‌ തെരേസ പള്ളി.

 ആവിലയിലെ വിശുദ്ധ തെരേസയുടെ നാമത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയുടെ ചുവരുകളില്‍ യേശുക്രിസ്‌തുവിന്‍റെ ജീവചരിത്രമാകെ കൊത്തിയെടുത്ത്‌ ഫ്രെയിംചെയ്‌തു വച്ചിട്ടുണ്ട്‌. ഫ്രഞ്ചുവിപ്ലവത്തിലെ ധീരവനിതയായ ഴന്താര്‍ക്കിന്‍റെ ശില്‍പവുമുണ്ട്‌ ഒരു ചുവരില്‍. ഫ്രഞ്ചുവിപ്ലവത്തിന്‌ സമാപനംകുറിച്ച ജൂലായ്‌ പതിനാലിനും രണ്ടാംലോകയുദ്ധം അവസാനിച്ച നവംബര്‍ പതിനൊന്നിനും മാഹിയിലുള്ള ഫ്രഞ്ചുകാര്‍ ശില്‍പത്തില്‍ പുഷ്‌പാര്‍ച്ചന നടത്തുക പതിവാണ്‌. പള്ളിയോടു ചേര്‍ന്നുള്ള എഴുപത്താറടി ഉയരമുള്ള ഗോപുരവും കൂറ്റന്‍ ഘടികാരവും 1855-ല്‍ ഫ്രഞ്ചുനാവികര്‍ സമ്മാനിച്ചതാണ്‌. ഫ്രഞ്ചുപൗരന്മാരായി അറുപതോളംപേര്‍ മാത്രമേ ഇപ്പോള്‍ മാഹിയില്‍ അവശേഷിക്കുന്നുള്ളു എന്നാണറിയാന്‍ കഴിഞ്ഞത്‌. പള്ളിയില്‍ മതഭേദമെന്യെ അനേകമാളുകള്‍ ആരാധനയ്‌ക്കെത്തുന്നു. വഴിപാടായി ശയനപ്രദക്ഷിണം നടത്തുന്ന അപൂര്‍വം ക്രിസ്‌ത്യന്‍ ദേവാലയങ്ങളിലൊന്നാണിത്‌. ഒക്‌ടോബര്‍ അഞ്ചുമുതല്‍ ഇരുപത്തിരണ്ടുവരെയാണ്‌ മാഹിപള്ളിയിലെ തിരുനാള്‍ ആഘോഷം.

പള്ളിയില്‍നിന്നും അല്‍പമകലെയായി പ്രാദേശിക ഭരണ കാര്യാലയം സ്ഥിതിചെയ്യുന്നു. ഇതേ വളപ്പില്‍ തന്നെയാണ്‌ സര്‍ക്കാര്‍ അതിഥിമന്ദിരവും. മയ്യഴിപ്പുഴയ്‌ക്ക്‌ അഭിമുഖമായി നില്‍ക്കുന്ന ഈ ബംഗ്ലാവായിരുന്നു ഫ്രഞ്ചുകാരുടെ ഭരണസിരാകേന്ദ്രം. ഇവിടെയിരുന്നാണ്‌ മൂപ്പന്‍സായ്‌വ്‌ മാഹി ഭരിച്ചത്‌. 

അഴിമുഖം മുതല്‍ മയ്യഴിപ്പാലം വരെ നീളുന്ന രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാത മൂപ്പന്‍ സായ്‌വിന്‍റെ ബംഗ്ലാവിനു പിന്നിലൂടെയാണ്‌ കടന്നുപോകുന്നത്‌. ബംഗ്ലാവിന്‍റെ പ്രവേശനകവാടത്തോടുചേര്‍ന്നാണ്‌ രവീന്ദ്രനാഥ ടാഗോറിന്‍റെ നാമത്തിലുള്ള ടാഗോര്‍പാര്‍ക്ക്‌. 
1976-ല്‍ നിര്‍മ്മിച്ച പാര്‍ക്കിന്‍റെ ഒരറ്റത്ത്‌ ഫ്രഞ്ചുവിപ്ലവത്തിന്‍റെ സ്‌മാരകം, മറ്റേയറ്റത്ത്‌ മയ്യഴിയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്‌മാരകം, ഫ്രഞ്ച്‌ ഇതിഹാസനായിക മറിയാന്‍റെ ശില്‍പം എന്നിങ്ങനെ നിരവധിയായ കാഴ്‌ചകള്‍ ഫ്രഞ്ചുഭരണ കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. കുട്ടികള്‍ക്കായി മനോഹരമായൊരു പാര്‍ക്കും ഒരുക്കിയിട്ടുണ്ട്‌. 
കേന്ദ്ര കപ്പല്‍ഗതാഗത മന്ത്രാലയത്തിന്‍റെ വിളക്കുമരവും ഫ്രഞ്ചുകോട്ടയുടെ അവശിഷ്‌ടങ്ങളും സഞ്ചാരികളുടെ മനംകവരുന്ന കാഴ്‌ചകളാണ്‌.
പുഴയോര നടപ്പാതയിലൂടെയുള്ള നടത്തമാണ്‌ മയ്യഴിയിലെ ഏറ്റവും രസകരമായ അനുഭവം. ടാഗോര്‍ പാര്‍ക്കുമുതല്‍ മഞ്ചക്കല്‍ പാര്‍ക്കുവരെ കാറ്റുംകൊണ്ട്‌, കാഴ്‌ചകളും കണ്ട്‌ പുഴയോടൊപ്പം നടക്കാം. സുരക്ഷയ്‌ക്കായി നടപ്പാതയോടുചേര്‍ന്ന്‌ ഇരുമ്പിന്‍റെ റെയിലിംഗുണ്ട്‌. 


പുഴയ്‌ക്കഭിമുഖമായി തണല്‍മരങ്ങളും ഇരിപ്പിടങ്ങളുമുണ്ട്‌. അഴിമുഖത്തിന്‌ അഭിമുഖമായിരുന്ന്‌ ഒരേസമയം കടല്‍ക്കാറ്റിന്‍റെയും പുഴക്കാറ്റിന്‍റെയും സുഖമറിയാം. പുഴയുടെയും കടലിന്‍റെയും കൂടിച്ചേരലിന്‍റെ ഉന്മാദം കണ്ടറിയാം.

മാഹി പാലത്തിനടുത്താണ്‌ 1994-ല്‍ ആരംഭിച്ച മലയാള കലാഗ്രാമം. സംഗീതം, നൃത്തം, ചിത്രകല, ശില്‍പനിര്‍മ്മാണം എന്നിവ ഇവിടെ അഭ്യസിപ്പിക്കുന്നു. വടക്കന്‍ പാട്ട്‌, കളരിപ്പയറ്റ്‌, പൂരക്കളി, തെയ്യം, തോറ്റം തുടങ്ങി വടക്കന്‍ മലബാറിന്‍റെ കലാപാരമ്പര്യം വിളിച്ചോതുന്ന നാല്‌ ആര്‍ട്ട്‌ ഗ്യാലറികളുണ്ടിവിടെ. മഹാകവി കുമാരനാശാന്‍റെ വെങ്കലശില്‍പവും കലാഗ്രാമത്തിന്‌ ചാരുത പകരുന്നു.

 ഗാന്ധിജിയുടെ പ്രസംഗത്തിനു വേദിയായ പുത്തലം ക്ഷേത്രം, മഞ്ചയ്‌ക്കല്‍ ജുമാ മസ്‌ജിദ്‌, മലബാറിലെ കൊച്ചുഗുരുവായൂര്‍ എന്നറിയപ്പെടുന്ന ചൂടിക്കോട്ട ശ്രീകൃഷ്‌ണക്ഷേത്രം, ശ്രീനാരായണ മഠം, ചെമ്പ്ര സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവയാണ്‌ മയ്യഴിയിലെ ശ്രദ്ധേയമായ മതസാംസ്‌കാരിക സ്ഥാപനങ്ങള്‍.
ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള അവകാശപ്പോരാട്ടത്തിന്‍റെ നിരവധി കഥകള്‍ മാഹിക്ക്‌ പറയാനുണ്ട്‌. 1769-ല്‍ പൂര്‍ത്തീകരിച്ചതാണ്‌ മാഹി കോട്ട. ഭീമാകാരമായ ഈ കോട്ട ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തില്‍ തകര്‍ന്നു. അവശിഷ്‌ടങ്ങള്‍ മാളിയേമ്മല്‍ പറമ്പില്‍ ഇപ്പോഴും കാണാം, അധിനിവേശപ്പോരാട്ടത്തിന്‍റെ ഓര്‍മ്മപ്പൊട്ടുകള്‍പോലെ. ഫോര്‍ട്ട്‌ ദൂഫേന്‍, ഫോര്‍ട്ട്‌ കൊന്തെ എന്നിങ്ങനെ രണ്ടു കോട്ടകള്‍ കൂടി ഫ്രഞ്ചുകാര്‍ മാഹിയില്‍ നിര്‍മ്മിക്കുകയുണ്ടായി.
മാഹി വിമോചനസമരചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന ചെറുകല്ലായിക്കുന്ന്‌ ചരിത്രാന്വേഷികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഇടമാണ്‌. ഫഞ്ചുകാര്‍ നിര്‍മ്മിച്ച ആദ്യത്തെ കോട്ട - (1739-ല്‍) സെന്റ്‌ ജോര്‍ജ്‌ കോട്ട ചെറുകല്ലായിക്കുന്നിലായിരുന്നു. ഇവിടത്തെ ഫ്രഞ്ച്‌ കാവല്‍ താവളം കീഴടക്കാനുള്ള ശ്രമത്തിനിടെയാണല്ലൊ കമ്മ്യൂണിസ്റ്റുകാരായ പി.പി.അനന്തനും എം. അച്ചുതനും ധീരരക്തസാക്ഷികളായത്‌. 

മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദന്‍ എഴുതിയ നോവലാണ്‌ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. 1974-ലാണ്‌ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്‌. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്‌ട്രീയ-സാമൂഹ്യ ചരിത്രങ്ങളും വിമോചനപ്പോരാട്ടങ്ങളും മിത്തുകളും കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുന്നു. വിഖ്യാതമായ ഈ നോവലിലെ കഥാസന്ദര്‍ഭങ്ങള്‍ നടപ്പാതയുടെ ഒരുഭാഗത്ത്‌ കൊത്തിവച്ചിട്ടുണ്ട്‌.
റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ്‌ ബോട്ട്‌ഹൗസ്‌. അഴിമുഖംവരെ പോയിവരാന്‍ മാഹി ടൂറിസം വകുപ്പിന്‍റെ ഫൈബര്‍ബോട്ട്‌ ലഭിക്കും. പന്ത്രണ്ടു കിലോമീറ്റര്‍ പുഴയാത്രയ്‌ക്ക്‌ ഒരാള്‍ക്ക്‌ അറുപത്‌ രൂപയാണ്‌ നിരക്ക്‌. കുറഞ്ഞത്‌ അഞ്ചു യാത്രക്കാരെങ്കിലും ഉണ്ടാവണം. തെക്കുനിന്ന്‌ കണ്ണൂരിലേക്കും തിരിച്ചും സഞ്ചരിക്കുന്ന എല്ലാ ട്രെയിനുകളും മാഹി വഴിയാണ്‌ കടന്നുപോകുന്നത്‌.

4 comments:

  1. വളരെ നല്ലൊരു വിവരണം.. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. നന്ദി പ്രിയ വായനക്കാരാ

      Delete