Friday 12 December 2014

കളിത്തോഴനോട് (കവിത) എസ്.സരോജം


സ്വര്‍ഗ്ഗസാനുക്കള്‍ താണ്ടിയെത്തുന്ന
കൊച്ചുകാറ്റിന്‍ നിമന്ത്രണം
കേള്‍ക്കെയോര്‍ക്കുന്നെന്‍ കൊച്ചുതോഴന്‍റെ -
യിഷ്ടഗാനത്തിന്‍ ശീലുകള്‍.


പ്രേമമോടെന്നെ പാടിക്കേള്‍പ്പിച്ച
സുന്ദരസ്വര രാഗങ്ങള്‍
കേട്ടുകേട്ടു പഠിച്ചെന്‍ ശാരിക-
യോര്‍ത്തുപാടുന്നു തെറ്റാതെ.

കാറ്റിനും കൊതി തോന്നിയന്നു നിന്‍
പാട്ടിനൊത്തു പറന്നിടാന്‍.
കാട്ടുപൂക്കള്‍ വയല്‍ക്കിളികളും 
കാതോര്‍ത്തു വഴിപോക്കരും.
 
കൈത പൂത്തു മണം ചുരത്തുന്ന
തോടിന്നോരത്തായ് മൃദുസ്മിതം
തൂകുന്നോരെന്‍റെ തോഴനോടന്ന്
തൂവാനത്തുമ്പി ചോദിച്ചു:
പോരുന്നോയെന്‍റെ നാട്ടിലേക്കു നീ
പോരുന്നോ ഗാനഗന്ധര്‍വ്വാ ?
കൊണ്ടുപോയിടാമെന്‍ ചിറകിന്മേല്‍
രണ്ടേഴു ലോകവും കാട്ടിടാം.

അന്നുപോയെരെന്‍ കൂട്ടുകാരനെ-
യിന്നും തേടുകയാണു ഞാന്‍.
വേഗം പോരുക ദേവലോകത്തെ
പാരിജാതവും കൊണ്ടു നീ.

കാളിമയേറും കാടകംപോലെ
കാമംപൂക്കും മര്‍ത്യമാനസം
പൂവുംപിഞ്ചും മുറ്റുമൊന്നുപോല്‍
പിച്ചിച്ചീന്തുന്നു നിര്‍ദ്ദയം.

നാടും വീടുമില്ലന്തരമെങ്ങും
കാട്ടുനീതിതന്‍ താണ്ഡവം.
ഭീതിയാലെന്‍റെയുള്ളം തുള്ളുന്നു
ചിമ്മുന്നില്ലെന്‍റെ കണ്ണുകള്‍.

കൂരിരുള്‍പ്പാതയോരത്തു നിന്നെ
കാത്തിരിക്കുകയാണു ഞാന്‍.
വേഗം പോരുക കന്മഷാരിയാം
സ്നേഹപീയൂഷം കൊണ്ടു നീ.

1 comment: