Friday 10 January 2014

അഴല്‍ത്തുമ്പി (കവിത)












ഇന്നെന്തേ,യെന്‍റെ വിഭാതക്കിളി ചിലച്ചില്ല ?
എങ്ങുനിന്നോ, സ്നേഹാര്‍ദ്രമാ സ്വരം കേട്ടതെന്നോ?
അഴല്‍ത്തുമ്പിതന്‍ സ്മൃതിവേധമുരുകി വെണ്‍-
മിഴിത്തുമ്പിലൊരു ബാഷ്പബിന്ദുവായ്‌ത്തിളങ്ങി .

ആലാപമധുരമായ് പൊഴിഞ്ഞൊരാ വാക്കിലു-
മാലംബഹീനത, നെടുവീര്‍പ്പിന്‍റെ താളമായ്.
മാലേയമാരുതക്കുളിര്‍ താഴുകാത്തൊരഗ്നി -
നാളമായതു ഹൃദയത്തിലൊളിച്ചിരിക്കേ,

ക്ഷണികവേഗമീ വാഴ്വിലഹംഭാവ ചേഷ്ട-
കളാലെന്തു നേട്ടമെന്നതു നിനച്ചിടാതെ,
അകലുന്ന നിഴലുകള്‍ക്കിടയിലെ ദൂര -
മളക്കുവാന്‍ പാഴ്ശ്രമം ചെയ്യുവതെന്തിനായ് ?

മനസ്സേ മടങ്ങുക, യഴിമുഖങ്ങളില്ല
മിഴിനീര്‍തോണിയെങ്ങേതു കരയണഞ്ഞിടാന്‍?
ഒരു കല്‍ച്ചുമടുതാങ്ങിപോലുമില്ലയീ ജീവ -
ഭാരമെങ്ങിറക്കിവച്ചു തെല്ലാശ്വസിച്ചിടാന്‍?

ഏതുനോവുമക്ഷരത്തിളക്കമായ് മാറ്റിടും
മനസ്സിന്‍റെയനാഥ വഴിക്കരയിലെന്നോ
തളര്‍ന്നുഴറിയ മഞ്ചുപദങ്ങളിലഴ-
ലേല്‍ക്കാതെ കാത്തിടും സര്‍ഗ്ഗപാദുകംതീര്‍ത്ത്
മനസ്സേ മടങ്ങുക.... മനസ്സേ മടങ്ങുക.


No comments:

Post a Comment