Aksharalokam
Wednesday, 20 August 2025
സ്ത്രീകളുടെ ശ്രദ്ധയ്ക്ക് - കഥ (എസ്.സരോജം)
Sunday, 20 July 2025
വീടുകാണല്‍ - കഥ (എസ്.സരോജം)
കഴിഞ്ഞയാഴ്ച ഒരു പയ്യനും കൂട്ടരും രമ്യയെ പെണ്ണുകാണാന്‍ വന്നിരുന്നു. അയാള്‍ക്ക് ടെക്‌നോപാര്‍ക്കിലാണ് ജോലി. അച്ഛന്‍ പട്ടാളത്തില്‍ കേണലായി വിരമിച്ചയാളാണ്. അമ്മയ്ക്ക് വീട്ടുജോലിയും.
അവരുടെ കുടുംബമഹിമയെപ്പറ്റിയും സാമ്പത്തികനിലവാരത്തെപ്പറ്റിയും ദല്ലാള്‍ പറഞ്ഞതെല്ലാം സൗമ്യച്ചേച്ചി രമ്യയെ പറഞ്ഞുകേള്‍പ്പിച്ചു. എന്നിട്ട് ഗമയിലൊരു ചോദ്യവും: രമ്യമോളേ, നിനക്കീ പ്രൊപ്പോസല്‍ ഇഷ്ടമായില്ലേ?
മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദക്കാരിയാണ് രമ്യ. തലസ്ഥാനത്തുള്ള ഒരു സ്വകാര്യകോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിനോക്കുന്നു. കാര്യവട്ടത്തുള്ള ഒരു പ്രൊഫസറുടെ കീഴില്‍ ഗവേഷണവിദ്യാര്‍ത്ഥിനിയുമാണ്. താമസിയാതെ അവള്‍ക്ക് മലയാളസാഹിത്യത്തില്‍ ഒരു ഡോക്ടറേറ്റും സ്വന്തമാകും. അന്തസുള്ളൊരു ജോലിയും ആരുടെമുന്നിലും തലകുനിക്കാത്ത വ്യക്തിത്വവുമാണ് അവളുടെ ജീവിതാഭിലാഷങ്ങള്‍. വിവാഹജീവിതത്തെക്കുറിച്ച് അവള്‍ക്ക് വലിയസ്വപ്നങ്ങളൊന്നുമില്ല.
അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ചേട്ടനുമൊക്കെ ഇഷ്ടപ്പെട്ട സ്ഥിതിക്ക് അച്ഛന്‍ തുടര്‍നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്. തന്റെ സമ്മതം ആരും ചോദിച്ചതേയില്ല. ആ വീട്ടിലെ സാഹചര്യങ്ങള്‍ എങ്ങനെയായിരിക്കും, അവിടത്തെ രീതികളുമായി തനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിയുമോ എന്നൊക്കെയുള്ള ആശങ്കകള്‍ വലിയൊരു ചോദ്യചിഹ്നമായി അവളുടെ മുന്നില്‍ തെളിഞ്ഞു അവള്‍ അമ്മയുടെ അരികിലേക്ക് ചെന്നു.
അമ്മേ, വാക്കുകൊടുക്കുംമുമ്പ് എനിക്ക് അവരുടെ വീടൊന്നുകാണണം, അവിടത്തെ അമ്മയോട് സംസാരിക്കണം.മോളേ, നീയെന്തു ഭ്രാന്താണീപ്പറയുന്നത്? കല്യാണത്തിനുമുമ്പ് പെണ്ണ് ചെറുക്കന്റെ വീട്ടില്‍പോകുന്ന പതിവില്ല.
അമ്മേ, കല്യാണംകഴിഞ്ഞാല്‍പിന്നെ ഞാന്‍ ജീവിക്കേണ്ടത് ഭര്‍ത്താവിന്റെ വീട്ടിലല്ലേ, അവിടത്തെ സാഹചര്യങ്ങളുമായി എനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിയുമോ, വിവാഹശേഷം ജോലിക്കുപോകാന്‍ അനുവദിക്കുമോ എന്നൊക്കെ അറിഞ്ഞതിനുശേഷം മതി ഈ വിവാഹം വേണോ വേണ്ടയോ എന്നൊരു തീരുമാനമെടുക്കുന്നത്.
അവിടത്തെ സാഹചര്യങ്ങള്‍ എങ്ങനെയാണോ അതുമായി പൊരുത്തപ്പെട്ടുപോണം. അല്ലാതെ ഒരുപെണ്ണും അതൊക്കെ നേരില്‍കണ്ടാലേ കല്യാണത്തിന് സമ്മതിക്കൂന്ന് വാശിപിടിക്കാറില്ല. പിന്നെ ജോലിയുടെ കാര്യം, അവര്‍ക്കിഷ്ടമില്ലാന്നുവച്ചാ ജോലിക്കുപോണ്ടാന്നുവയ്ക്കണം, അല്ലാതെ പെണ്ണിന് പ്രത്യേകമായ ഇഷ്ടങ്ങളൊന്നും പാടില്ല. ഞാന്‍ സ്‌കൂളിലെ ജോലി ഉപേക്ഷിച്ചിട്ടാണ് നിന്റെ അച്ഛന്റെകൂടെ മിലിട്ടറിക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍പോയത്. പറ്റില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ അവിടെ തീരുമായിരുന്നു ദാമ്പത്യം.
അമ്മേ, സൗമ്യേച്ചിയും അമ്മയുമൊക്കെ ചെയ്തതുപോലെ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ അടിമയായി ജീവിക്കാന്‍ എന്നെക്കൊണ്ടാവില്ല. എനിക്ക് ആ വീട് കാണണം, അവരോട് സംസാരിക്കണം. എന്നിട്ട് തീരുമാനിക്കാം.
രമ്യാ, നടപ്പില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നീ പൊല്ലാപ്പൊന്നും ഉണ്ടാക്കരുതേ, പറഞ്ഞുകേട്ടിടത്തോളം ഇത് നല്ലൊരാലോചനയാണ്.
കല്യാണംകഴിഞ്ഞ് പൊല്ലാപ്പൊന്നും ഉണ്ടാവാതിരിക്കാനാണ് എനിക്ക് അവിടത്തെ സാഹചര്യങ്ങള്‍ നേരില്‍കണ്ട് മനസിലാക്കണമെന്ന് പറഞ്ഞത്. ചെറുക്കന്‍ പെണ്ണിന്റെ വീടും സാഹചര്യങ്ങളും നേരില്‍കണ്ടു മനസിലാക്കിയിട്ടല്ലേ തീരുമാനിക്കുന്നത്, അതുപോലെ പെണ്ണും ചെറുക്കന്റെ വീടും സാഹചര്യങ്ങളും കണ്ടറിഞ്ഞ് തീരുമാനിക്കണം. അല്ലാതെ ലക്ഷങ്ങള്‍ മുടക്കി കല്യാണംനടത്തിയിട്ട് ഒത്തുപോകാനാകാതെ തിരിച്ചുവരാനോ ആത്മഹത്യചെയ്യാനോ ഞാനില്ല.
ഈ പെണ്ണിനെന്താ വട്ടുപിടിച്ചോ?
ചേച്ചിയേം അമ്മേംപോലുള്ള പെണ്ണുങ്ങള്‍ക്കാ വട്ട്. ബിരുദാനന്തരബിരുദവും നല്ലൊരു ജോലിയുമുണ്ടായിരുന്ന ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താ? കഷ്ടം! നിങ്ങളെയൊക്കെപ്പോലെ വെറുമൊരു വീട്ടടിമയായി ജീവിക്കാന്‍ എനിക്ക് മനസില്ല. ജോലിചെയ്തുകിട്ടുന്ന ശംബളംകൊണ്ട് അന്തസായി ജീവിക്കണം. അല്ലാതെ ഭര്‍ത്താവിന്റെമുന്നില്‍ കാശിന് കൈനീട്ടിനില്‍ക്കാന്‍ എനിക്കാവില്ല.
എന്നാലേ നീ അച്ഛനോട് പറ.
രമ്യ അച്ഛന്റെ മുറിയിലേക്ക് ചെന്നു.
അച്ഛാ, വിവാഹം ഉറപ്പിക്കുംമുമ്പ് എനിക്ക് ചെക്കന്റെ വീടുകാണണം, അവരോട് സംസാരിക്കണം.
എന്തിനാ?
അവിടത്തെ സാഹചര്യങ്ങളുമായി ഒത്തുപോകാനാവുമോ എന്നറിയാനാ. കല്യാണംകഴിഞ്ഞാലും എനിക്ക് ജോലിക്ക് പോകണം. അതിനവര്‍ സമ്മതിക്കുമോ എന്നറിയണം.
കല്യാണംകഴിഞ്ഞാപ്പിന്നെ നീ ജോലിക്കുപോകണോ വേണ്ടയോ എന്നൊക്കെ കെട്ടിയവന്‍ തീരുമാനിക്കും.
പോകണ്ടാന്നു കെട്ടിയവന്‍ പറഞ്ഞാലും ഞാന്‍ ജോലിക്കു പോകും. എനിക്ക് വിവാഹത്തെക്കാള്‍ പ്രധാനം വരുമാനമുള്ളൊരു ജോലിയാണ്. രമ്യ തീര്‍ത്തുപറഞ്ഞു. വെറുമൊരു വീട്ടുവേലക്കാരിയാകാനാണോ അച്ഛനെന്നെ ഇത്രത്തോളം പഠിപ്പിച്ചത്?
അച്ഛന്‍ തെല്ലുനേരം കണ്ണടച്ചിരുന്നു. പിന്നെ മകളോട് പറഞ്ഞു: നമുക്കാലാചിച്ച് തീരുമാനിക്കാം, മോള് വിഷമിക്കാതിരിക്ക്.
അദ്ദേഹം ദല്ലാളിനെ വിളിച്ചുപറഞ്ഞു; എനിക്ക് മോളുമൊത്ത് പയ്യന്റെ വീടുവരെയൊന്ന് പോണം. അവിടത്തെ സാഹചര്യങ്ങള്‍ മോളുംകൂടി കണ്ടറിയട്ടെ, എന്നിട്ടാവാം തീരുമാനം. എപ്പഴാ അവര്‍ക്ക് സൗകര്യപ്പെടുക എന്നറിയിക്കൂ.
ദല്ലാള്‍ പറഞ്ഞദിവസം രമ്യ അച്ഛനോടൊപ്പം അവിടെയെത്തി. പയ്യന്റെ വീടുകാണാന്‍വന്ന പെണ്ണിനെ വീട്ടുകാര്‍ വിചിത്രജീവിയെ പ്പോലെ നോക്കിനിന്നു. പിന്നെ ഇന്റര്‍വ്യൂവിനിരിക്കുന്നതുപോലെ അവളുടെ മുന്നിലിരുന്നു.
അവള്‍ അവരോട് രണ്ടുചോദ്യങ്ങളേ ചോദിച്ചുള്ളൂ: വിവാഹംകഴിഞ്ഞാലും ജോലിയില്‍ തുടരാന്‍ അനുവദിക്കുമോ? കിടപ്പുമുറിയില്‍ ടോയ്‌ലറ്റുണ്ടോ?
പെണ്ണുങ്ങള്‍ ജോലിക്കുപോകേണ്ട ആവശ്യമൊന്നും ഞങ്ങള്‍ക്കില്ല. വീടിനുള്ളില്‍ ഒരു ചെറിയ ടോയ്‌ലറ്റുണ്ട്, അത് എല്ലാവര്‍ക്കും അത്യാവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ്. കക്കൂസും കുളിമുറിയുമൊക്കെ വീടിനുപുറത്താണ്.രമ്യക്ക് കൂടുതലൊന്നും അറിയേണ്ടതില്ല. അവള്‍ അച്ഛന്റെ കൈപിടിച്ച് പുറത്തേക്ക് നടന്നു.
വീട്ടില്‍ തിരിച്ചെത്തിയശേഷം മകള്‍ അച്ഛനോട് പറഞ്ഞു:
അച്ഛന്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നെനിക്കറിയാം. ഞാന്‍ പറയുന്നത് വിവരക്കേടാണെങ്കില്‍ ക്ഷമിക്കണം. ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും സ്വത്തും കൊടുത്ത് ഒരു പുരുഷനെ വിലയ്ക്കുവാങ്ങി, അയാളുടെ അടിമയായി ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ വിവാഹംകഴിച്ചേതീരൂ എന്ന് അച്ഛനുമമ്മയ്ക്കും നിര്‍ബന്ധമാണെങ്കില്‍ വലിയ ഡിമാന്റൊന്നുമില്ലാത്ത, വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള ഒരുപുരുഷനെ കണ്ടെത്തുക. എന്റെ താല്‍പര്യങ്ങള്‍കൂടി പരിഗണിക്കുന്ന ആളാവണം. കുടുംബസ്വത്തുവിറ്റ് സ്ത്രീധനംകൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അഞ്ചുസെന്റ് സ്ഥലമെങ്കിലും എന്റെമാത്രം പേരില്‍ എഴുതിവയ്ക്കണം, എന്തെങ്കിലും കാരണവശാല്‍ ഭര്‍ത്താവുമായി ഒത്തുപോകാന്‍ കഴിയാതെവന്നാല്‍ അവിടെയൊരു വീടുവച്ച് താമസിക്കാമല്ലൊ.
അച്ചന്‍ അല്‍പനേരം മൗനിയായിരുന്നു. എന്നിട്ട് മകളോട് പറഞ്ഞു: മോളേ, നീ പറഞ്ഞതാണ് ശരി. എന്റെ മോള്‍ കാലത്തിനൊത്ത് വളര്‍ന്നിരിക്കുന്നു.
Wednesday, 19 March 2025
മെയ്ഡ് ഇന്‍ സ്പേസ് (കഥ)
' കളിയല്ല കല്യാണം' എന്നു പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് .
എന്നാലും ഗിന്നസ്ബുക്കില്‍ ഇടംനേടാന്‍വേണ്ടി ഒരു കല്യാണമോ !
രത്തന്‍ദാസിന്‍റെ ഏകമകളായ സുമന്‍ദാസാണ് വധു . വെളുത്ത് കൊലുന്നനെയുള്ളൊരു പെണ്ണ്; മണ്ണിന്‍റെ സ്പര്‍ശസുഖം അറിഞ്ഞിട്ടേയില്ലാത്ത സ്വപ്നസുന്ദരി .
അരുണ്‍ഷായുടെ ഏകമകനായ കിരണ്‍ഷായാണ് വരന്‍.
പിതാക്കന്മാര്‍ രണ്ടുപേരും കോടീശ്വരപ്പട്ടികയില്‍ പത്തിനുതാഴെ നില്‍ക്കുന്നവര്‍ . മുംബൈയില്‍ പ്രാതലും മാഞ്ചസ്റ്ററില്‍ ഉച്ചഭക്ഷണവും പാരീസില്‍ അത്താഴവും കഴിക്കുന്നവര്‍ .
മനുഷ്യനുണ്ടായ കാലം മുതല്‍ ഇന്നുവരെ നടന്നിട്ടുള്ള വിവാഹവിശേഷങ്ങള്‍ തേടി 'ചുണ്ടെലി' യുടെ പ്രയാണം തുടങ്ങി.
' ആരും ഇതേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിധത്തിലാവണം വിവാഹം '. സുമന്‍ ആഗ്രഹമറിയിച്ചു .
മക്കള്‍ക്ക് തങ്ങളെക്കാള്‍ ബുദ്ധിയും വിവേകവും ഉണ്ടെന്ന് പിതാക്കന്മാര്‍ വിലയിരുത്തി . വിവാഹം എവിടെവച്ച് എങ്ങനെ നടത്തണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ മക്കള്‍ക്കുതന്നെ വിട്ടുകൊടുത്തു .
നിശ്ചയത്തിന്‍റെ തലേരാത്രിയില്‍ , ഉറക്കത്തിന്‍റെ സുന്ദരമുഹൂര്‍ത്തത്തില്‍ സുമന്‍ വിചിത്രമായൊരു സ്വപ്നം കണ്ടു:
അങ്ങകലെ....ആകാശമേഘങ്ങള്‍ക്കപ്പുറം ......... നക്ഷത്രപ്പൂക്കള്‍കൊണ്ടലങ്കരിച്ച വിവാഹപ്പന്തല്‍! തിളങ്ങുന്ന ലോഹവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ വധൂവരന്മാര്‍ അച്ഛനമ്മമാര്‍ക്കൊപ്പം റോക്കറ്റുപോലുള്ള വാഹനങ്ങളില്‍ വന്നിറങ്ങുന്നു . ഭൂമിയില്‍ അത്ഭുതം കാണുന്നമാതിരി നോക്കിനില്‍ക്കുന്ന .ബന്ധുമിത്രാദികള്‍.....
സ്വപ്നം ഇത്രത്തോളമായപ്പോള്‍ സുമന്‍ ഉണര്‍ന്നു . അടക്കാനാവാത്ത സന്തോഷത്തോടെ അവള്‍ പ്രതിശ്രുതവരനെ വിളിച്ചു പറഞ്ഞു :
'നമ്മുടെ വിവാഹം ആകാശത്തുവച്ചു മതി; ഒരു ബഹിരാകാശനിലയത്തില്‍ വച്ച്. ഇതുവരെ ആരും അവിടെവച്ചു കല്യാണം നടത്തിയിട്ടില്ല . '
'മിടുക്കി . സമ്മതിച്ചിരിക്കുന്നു . കിരണ്‍ പ്രതിശ്രുതവധുവിന്‍റെ
കോടീശ്വരന്മാര്‍ക്കു സന്തോഷമായി. തങ്ങളുടെ പ്രൌഡിയും മോഡിയും പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ അവസരം .
ഉടന്‍തന്നെ അവര്‍ ബഹിരാകാശ ഏജന്‍സിയുമായി ബന്ധപ്പെട്ടു , ബഹിരാകാശത്തു നിലയുറപ്പിച്ചിട്ടുള്ള ഗവേഷണനിലയം വിവാഹാവശ്യത്തിനു വാടകയ്ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടു .
ശാസ്ത്രജ്ഞന്മാരുടെ മറുപടി അനുകൂലമല്ല എന്നു കണ്ട് അവര്‍ ഉന്നതങ്ങളില്‍ പിടിമുറുക്കി .
വിവാഹനിശ്ചയത്തിന്‍റെ തത്സമയസംപ്രേഷണം കണ്ടുകൊണ്ടിരുന്ന ജനം വധൂപിതാവിന്‍റെ അറിയിപ്പുകേട്ടു വാപൊളിച്ചിരുന്നു ;
'വിവാഹം അടുത്തവര്‍ഷം ഇതേ ദിവസം ഇതേസമയം ബഹിരാകാശനിലയത്തില്‍ വച്ചായിരിക്കും. ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ് .എല്ലാവരും മറക്കാതെ കാണുകയും വധൂവരന്മാരെ അനുഗ്രഹിക്കുകയും ചെയ്യണമെന്നു അഭ്യര്‍ഥിക്കുന്നു '
വിചിത്രമായ വാര്‍ത്ത കേട്ട് ജനം അന്ധാളിച്ചു.
'ഇതെന്താ , കല്യാണത്തിന് നമ്മളാരും പങ്കെടുക്കണ്ടാന്നോ ? പണത്തിന്‍റെയൊരു ഹുങ്ക്!'
'ടിവിയില്‍ കണ്ടാല്‍മതിയത്രെ !'
അലമാരകളിലും ലോക്കറുകളിലും പൂട്ടിവചിരിക്കുന്ന പൊന്നും പട്ടും പ്രദര്‍ശിപ്പിക്കാനുള്ള ഒരവസരം നഷ്ടമായതില്‍ ചാര്‍ച്ചക്കാരായ
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഗവേഷണശാലയില്‍ പരീക്ഷിച്ചും നിരീക്ഷിച്ചും കണ്ടുപിടിച്ച ലോഹസങ്കരങ്ങള്‍കൊണ്ട് ആവശ്യമായ ആഭരണങ്ങളും വസ്ത്രങ്ങളും ഉണ്ടാക്കി,
'മെയ്ഡ് ഇന്‍ സ്പേസ്' എന്ന്‍ ഓരോന്നിലും മുദ്രണംചെയ്ത്
'മെയ്ഡ് ഇന്‍ സ്പേസ്' ആഭരണങ്ങളും വസ്ത്രങ്ങളും കാണാന്‍ ജനപ്രവാഹമായി. ആഭരണങ്ങളുടെ മേന്മയും ശില്പഭംഗിയും
ചിത്രങ്ങള്‍ക്കൊപ്പം അടിക്കുറിപ്പുകളും അഭിമുഖങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു .
ബഹിരാകാശത്ത് ഗവേഷണശാലകള്‍ മാത്രമല്ല ,വ്യവസായശാലകളും സ്ഥാപിക്കാമെന്നും ആഭരണങ്ങളും വസ്ത്രങ്ങളും മാത്രമല്ല നിത്യോപയോഗസാധനങ്ങളും മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകളും വളരെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാമെന്നും അവയെല്ലാം 'മെയ്ഡ് ഇന്‍ സ്പേസ്' എന്ന മുദ്രയുമായി ഭൂമിയില്‍ വില്പനയ്ക്കെത്തുന്ന കാലം അതിവിദൂരമല്ലെന്നും മനസ്സിലാക്കിയ വരന്‍ വധൂപിതാവിനോട് പുതിയൊരാവശ്യം കൂടി ഉന്നയിച്ചു :
'മകളുടെ പേരില്‍ ഒരു ബഹിരാകാശ വ്യവസായശാല നിര്‍മ്മിച്ചുനല്‍കണം '.
വധൂപിതാവ് അതും സമ്മതിച്ചു .
മധുവിധുകാലവും മനുഷ്യരുടെ ശല്യമില്ലാത്ത ബഹിരാകാശത്തുതന്നെ ആഘോഷിച്ചാല്‍ മതിയെന്ന് വധൂവരന്മാര്‍ തീരുമാനിച്ചു.
ദിവസങ്ങള്‍ക്കുള്ളില്‍ മധുവിധുപേടകവും സജ്ജമായി .
പത്തുപേരടങ്ങുന്ന വിവാഹസംഘത്തെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകത്തിന്‍റെ വിക്ഷേപണം മംഗളമായി നടന്നു.
തത്സമയ സംപ്രേഷണം കണ്ടുകൊണ്ടു ഭൂമിയിലിരുന്ന ബന്ധുജനങ്ങള്‍ ടെലിവിഷന്‍സ്ക്രീനില്‍ പുഷ്പവൃഷ്ടി നടത്തി വധൂവരന്മാരെ അനുഗ്രഹിച്ചു.
അനന്തരം വധൂവരന്മാര്‍ അച്ഛനമ്മമാരുടെ അനുഗ്രഹാശിസുകളോടെ മധുവിധുപേടകത്തില്‍ കയറി നക്ഷത്രരാജ്യത്തേക്കു പറന്നു .
ഈ സംഭവങ്ങളെല്ലാം ഭൂമിയിലും ആകാശത്തിലും വാര്‍ത്താപ്രാധാന്യം നേടി. ആദ്യസംഭവം എന്നനിലക്ക് ഗിന്നസ്ബുക്കിലും ലോകചരിത്രത്തിലും സ്ഥാനംപിടിച്ചു. അസാധ്യമായി ഒന്നുമില്ല എന്നു തെളിയിച്ച കോടീശ്വരന്മാരെ ലോകം സ്തുതിച്ചു. ഭൂമിയിലെ മറ്റ് കോടീശ്വരസന്തതികള്‍ അസൂയയാല്‍ വലഞ്ഞു . തങ്ങള്‍ക്കും ബഹിരാകാശവിവാഹം മതിയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു .
താലിഭാഗ്യമുണ്ടാവാത്ത നിര്‍ധനയുവതികള്‍ ശൂന്യമായ കഴുത്തില്‍ തഴുകി നെടുവീര്‍പ്പിട്ടൂ. അവരുടെ നെടുവീര്‍പ്പുകള്‍ ശൂന്യാകാശത്തിലേക്കു പറക്കാനാവാതെ മണ്ണില്‍ക്കിടന്നു വട്ടംചുറ്റി .
മധുവിധുപേടകം നക്ഷത്രരാജ്യത്തേക്കുള്ള പ്രയാണം തുടര്‍ന്നു . നവദമ്പതികളുടെ പ്രേമപ്രകടനങ്ങളും രതിക്രീഡകളും ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തില്‍ സിഗ്നലുകളായി എത്തിക്കൊണ്ടിരുന്നു.
തികച്ചും അപ്രതീക്ഷിതം എന്നേ പറയേണ്ടൂ ; പെട്ടെന്നൊരുദിവസം പേടകത്തില്‍നിന്നുള്ള സിഗ്നലുകള്‍ ഭൂമിയില്‍ എത്താതായി .
'പേടകം നിയന്ത്രണപരിധിവിട്ടു സഞ്ചരിക്കുകയാണ് '
'മധുവിധു ആഘോഷം കൂടുതല്‍ സ്വകാര്യവും ഉല്ലാസപ്രദവുമാക്കാന്‍വേണ്ടി വധൂവരന്മാര്‍ സന്ദേശങ്ങള്‍ എത്താത്ത മറ്റേതെങ്കിലും ലോകത്തേക്ക് പേടകത്തെ വഴിതിരിച്ചു വിട്ടതാകാം' എന്നും അഭ്യൂഹമുയര്‍ന്നു .
വര്‍ഷങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു . ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കു പോയിവരുന്നതുപോലെ ബഹിരാകാശയാത്രകള്‍ സാധാരണയായി .ബഹിരാകാശവിവാഹവും കിരണ്‍സുമന്‍ ദമ്പതികളും മധുവിധുപേടകവും ചരിത്രത്താളുകളില്‍ ഒതുങ്ങി .
അരുമസന്തതികളുടെ തിരിച്ചുവരവും കാത്തിരിക്കുന്ന വൃദ്ധകോടീശ്വരന്മാരെയും ലോകം മറന്നു .
തലമുറകള്‍ തമ്മിലുള്ള അകലം ബഹിരാകാശം കടന്നപ്പോള്‍ നിരാശയുടെ കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടിയ വാര്‍ദ്ധ്യക്യം അനന്തശൂന്യതയിലേക്ക് മിഴികളുയര്‍ത്തി .
കോടാനുകോടി നക്ഷത്രങ്ങള്‍ക്കിടയില്‍ ആ വൃദ്ധനയനങ്ങള്‍ കോടികള്‍ക്കു വിലമതിക്കാനാവാത്ത രണ്ടു നക്ഷത്രങ്ങളെ കണ്ടു;
അരികിലായി ഒരു കുഞ്ഞുനക്ഷത്രത്തെയും .
Sunday, 23 February 2025
മച്ചുപിച്ചു - ഒരു മഹാത്ഭുതം
2023-ലെ ലാറ്റിനമേരിക്കന്‍ യാത്രയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് 1983-ല്‍ യുനെസ്‌കൊയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടംനേടിയ മച്ചുപിച്ചു എന്ന മഹാത്ഭുതം കാണുകതന്നെ. പെറുവിലുണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളെതുടര്‍ന്ന് ഒരുമാസത്തോളമായി അടച്ചിട്ടിരുന്ന മച്ചുപിച്ചു ഒരാഴ്ചമുമ്പാണ് സന്ദര്‍ശകര്‍ക്കായി വീണ്ടുംതുറന്നത്. ഹോട്ടലില്‍നിന്ന് കട്ടന്‍കാപ്പി കുടിച്ച്, പാക്കറ്റിലാക്കിയ പ്രഭാതഭക്ഷണവുമായി കൃത്യം നാലരക്കിറങ്ങി. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ വലിയവാഹനങ്ങള്‍ക്ക് ഹോട്ടലിനുമുന്നിലൂടെയുള്ള ഇടറോഡിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. മുറ്റംവരെ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. പൊടിശല്യംകാരണം മാസ്‌കില്ലാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥ. മൂന്നുടാക്‌സികളിലായി ഞങ്ങള്‍ പെറുറെയിലിന്റെ ബസ്സ്‌റ്റേഷനിലെത്തി. സാധാരണഗതിയില്‍, ഇവിടെനിന്ന് മച്ചുപിച്ചുവിലേക്ക് അഞ്ചുമണിക്കൂര്‍ യാത്രാദൂരമുണ്ട് വെളുപ്പാന്‍കാലത്തെ മഞ്ഞിലും തണുപ്പിലും മയങ്ങിയുള്ള ഇരിപ്പ്. ഒല്ലന്തയ്ടാംബോ ടൗണില്‍ ബസ്സിറങ്ങിയപ്പോള്‍ നേരം നന്നേപുലര്‍ന്നിരുന്നു. വഴിയോരക്കച്ചവടക്കാരും വിനോദസഞ്ചാരികളും തിങ്ങിനിറഞ്ഞ തെരുവിലൂടെ നടന്ന് മച്ചുപിച്ചുവിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനിലെത്തി. വിശ്രമമുറിയില്‍കയറി ഫ്രഷായി. ഹോട്ടലില്‍നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണംകഴിച്ചു.
തെക്കന്‍പെറുവിലെ വിശുദ്ധതാഴ്‌വരയിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഒല്ലന്തയ്ടാംബോ. മച്ചുപിച്ചുവിലേക്കുള്ള യാത്രയില്‍ ഒല്ലന്തയ്ടാംബോ ടൗണ്‍ സഞ്ചാരികള്‍ക്ക് ഒരിടത്താവളമായി വര്‍ത്തിക്കുന്നു. മച്ചുപിച്ചുവിലേക്കുള്ള ദിവസങ്ങള്‍നീണ്ട ട്രക്കിംഗിന്റെ (ഇന്‍കട്രയല്‍) തുടക്കം ഇവിടെനിന്നാണ്. പുരാതനമായ ഇന്‍ക സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ചരിത്രനിധിപോലെ കാത്തുസൂക്ഷിക്കുകയാണിവിടെ. മലയുടെ പാര്‍ശ്വത്തില്‍ നിലകൊള്ളുന്ന വലിയൊരു കോട്ടയും കല്ലുകൊണ്ടുള്ള ടെറസുകളും കോട്ടയ്ക്കുള്ളിലെ സൂര്യക്ഷേത്രവും രാജകീയജലധാരയും സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചകളാകുന്നു. പഴയ ടൗണില്‍ ഇന്‍കകളുടെ കാലത്തുള്ള കെട്ടിടങ്ങളും ഉരുളന്‍കല്ലുകള്‍പാകിയ തെരുവുകളും കാണാം. സമാന്തരമായി സ്ഥിതിചെയ്യുന്ന തെരുവുകളും ഇരുവശവും നിരന്നിരിക്കുന്ന വാസസ്ഥലങ്ങളും അന്നത്തെ നിര്‍മ്മാണകലയുടെ വൈദഗ്ധ്യം വിളിച്ചോതുന്നു. പതിനഞ്ചാംനൂറ്റാണ്ടില്‍ പച്ചകുതേക്ക് എന്ന ഇന്‍ക ചക്രവര്‍ത്തി ഈ പ്രദേശം കീഴടക്കുകയും പഴയ നിര്‍മ്മിതികള്‍ നശിപ്പിച്ച്, തന്റേതായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു എന്ന് ചരിത്രം. മഞ്ഞുതൊപ്പിയണിഞ്ഞ മലകളും ഉറുബംബനദിയും ഒല്ലന്തയ്ടാംബോയെ അതിസുന്ദരിയാക്കുന്നു. മലയോരഭംഗികള്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് താഴ്‌വാരത്ത് ചുറ്റിനടക്കവെ, കൂറ്റന്‍മലയുടെ അടിവാരത്തുള്ള ചെറിയപാളത്തില്‍ മൂന്നുബോഗികളുള്ള കുഞ്ഞന്‍ ട്രെയിന്‍ യാത്രക്കൊരുങ്ങിയെത്തി. ആഹ്ലാദത്തോടെ അതിന്റെ പടംപിടിച്ചെടുത്തു. പിന്നെ അതിനരികില്‍നില്‍ക്കുന്ന സെല്‍ഫിയെടുത്തു.
സുന്ദരിയായൊരു ട്രെയിന്‍ ഹോസ്റ്റസ് ടിക്കറ്റുപരിശോധിച്ച് സഞ്ചാരികളെ ഓരോരുത്തരെയായി ട്രെയിനിലേക്ക് കയറ്റി, എട്ടുമണിയോടെ ട്രെയിന്‍ ഓടിത്തുടങ്ങി. ആമസോണ്‍നദിയുടെ കൈവഴികളിലൊന്നായ ഉറുബംബയെ കണ്ടും കാണാതെയും കൂറ്റന്‍മലകള്‍ക്കിടയിലൂടെ, മഴക്കാടിന്റെ നടുവിലൂടെ മച്ചുപിച്ചുവിലേക്കുള്ള വിചിത്രയാത്ര. വശങ്ങളിലും റൂഫിലുമുള്ള കണ്ണാടികളിലൂടെ പുറത്തേക്കുനോക്കി, പനോരമിക് കാഴ്ചകളുടെ സമൃദ്ധിയിലും സൗന്ദര്യത്തിലും കണ്ണുടക്കി ഒരിരിപ്പാണ്. ആകാശത്തോളം ഉയരത്തില്‍ കുത്തിനിര്‍ത്തിയതുപോലുള്ള പര്‍വതശിഖരങ്ങളും വന്‍വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും വര്‍ണ്ണപുഷ്പങ്ങളും കള്ളിച്ചെടികളും കിളികളുടെ പാട്ടും ആസ്വദിച്ച്, സേക്രഡ് വാലിയിലൂടെ അഗ്വാസ് കാലിയന്റസ് ടൗണിലേക്ക് രണ്ടുമണിക്കൂര്‍ നീളുന്ന യാത്രയില്‍ കാഴ്ചകള്‍ക്ക് അകമ്പടിയായി കര്‍ണ്ണാനന്ദകരമായ ആന്‍ഡിയന്‍സംഗീതവും.ട്രെയിനിറങ്ങി, അല്‍പദൂരംനടന്ന്, ഉറുബംബയിലേക്കൊഴുകുന് അരുവിക്കുകുറുകെയുള്ള നടപ്പാലവും കടന്ന്, ഷട്ടില്‍ബസില്‍ അരമണിക്കൂര്‍കൊണ്ട് മച്ചുപിച്ചുവിന്റെ .അടിവാരത്തെത്താം. ഫ്രഷാവണമെന്നുള്ളവര്‍ക്ക് അവിടെ പരിമിതായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൈതൃകസൈറ്റില്‍ ശുചിമുറികളില്ല, ഭക്ഷണപാനീയങ്ങളും ലഭ്യമല്ല. നാലുമണിക്കൂറാണ് അനുവദനീയമായ സന്ദര്‍ശനസമയം. ടിക്കറ്റും പാസ്‌പോര്‍ട്ടും നിര്‍ബന്ധമായും കൈവശം കരുതണം.
സുരക്ഷാപരിശോധനകഴിഞ്ഞ്, ഗൈഡിന്റെ അകമ്പടിയോടെ, മലയുടെ ഉച്ചിയിലേക്കുള്ള നടന്നുകയറ്റം. മഷിനീലമേലാപ്പണിഞ്ഞ മേഘവനങ്ങളിലും വിചിത്രനിര്‍മ്മിതികളിലും കണ്ണുകള്‍ പാറിനടന്നപ്പോള്‍ വെയിലിന്റെചൂടും കാലിന്റെകുഴ;ച്ചിലും മറന്നേപോയി.
ഗൈഡായ മരിയ മലകയറാന്‍ സഹായിക്കുന്നതോടൊപ്പം മച്ചുപിച്ചുവിന്റെ കഥയും സരസമായി വിവരിച്ചുകൊണ്ടിരുന്നു. ഗൈഡുബുക്കില്‍ നിധിപോലെ സൂക്ഷിച്ചിരിക്കുന്ന, പച്ചകുതേക്കിന്റെയും മച്ചുപിച്ചുവിന്റെയും ചില അപൂര്‍വചിത്രങ്ങളും അവരെനിക്ക് കാണിച്ചുതന്നു.1400കളില്‍, പച്ചകുതേക് എന്ന ഇന്‍കരാജാവ് 2430മീറ്റര്‍ ഉയരമുള്ള പര്‍വതത്തിന്റെ മുകളില്‍ അടിമകളെക്കൊണ്ട് പടുത്തുയര്‍ത്തിയ രാജകീയനഗരമാണ് മച്ചുപിച്ചു. ഇത് രാജകുടുംബത്തിന്റെയും പ്രഭുക്കന്മാരുടെയും വിശ്രമകേന്ദ്രമായിരുന്നുവത്രെ.ലോകാത്ഭുതങ്ങളിലൊന്നായി 2007-ല്‍ നാമകരണംചെയ്യപ്പെട്ട മച്ചുപിച്ചു തെക്കന്‍ പെറുവിലെ കിഴക്കന്‍ കോര്‍ഡില്ലേരയില്‍, കുസ്‌കോയില്‍നിന്ന് എണ്‍പതുകിലോമീറ്റര്‍ വടക്കുപടിഞ്ഞാറ്, സേക്രഡ് വാലിക്കുമുകളില്‍, ഉറുബംബപ്രവിശ്യയിലെ മച്ചുപിച്ചുജില്ലയില്‍ സ്ഥിതിചെയ്യുന്നു. ഭൂകമ്പത്തില്‍ തകരാതിരിക്കാന്‍ പ്രത്യേകആകൃതിയില്‍ വെട്ടിയെടുത്ത് മിനുസപ്പെടുത്തിയ ഗ്രാനൈറ്റ്കല്ലുകള്‍കൊണ്ട് ക്ലാസിക്കല്‍ ഇന്‍കശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍. അഥവാ, ഭൂകമ്പത്തില്‍ കല്ലുകള്‍ അകന്നുമാറിയാലും തിരികെ അതേസ്ഥാനങ്ങളില്‍ വന്നുറയ്ക്കുമെന്നതാണ് ഈ നിര്‍മ്മാണശൈലിയുടെ പ്രത്യേകത. രാജാവിനും പരിവാരങ്ങള്‍ക്കും പദവിക്കനുസരിച്ചുള്ള താമസസൗകര്യങ്ങള്‍, ശവസംസ്‌കാര രീതികള്‍, ജ്യോതിശാസ്ത്രപ്രകാരമുള്ള സൂര്യക്ഷേത്രം, തട്ടുതട്ടായുള്ള കൃഷിഭൂമികള്‍, കാലിത്തൊഴുത്തുകള്‍, നദിയില്‍നിന്ന് ജലമെത്തിക്കുന്നതിനുള്ള കല്‍ക്കനാലുകള്‍, ഗോവണിപ്പാതകള്‍ തുടങ്ങി എല്ലാവിധ ജീവിതസൗകര്യങ്ങളും ഉള്‍പ്പെട്ടിരുന്ന നിഗൂഢനഗരത്തിന് ഒരുനൂറ്റാണ്ടുകാലത്തെ നിലനില്‍പേ ഉണ്ടായിരുന്നുള്ളു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്പാനിഷ്‌കോളനിവല്‍ക്കരണത്തിന്റെ ആരംഭത്തില്‍ ഇന്‍കകള്‍ ഇവിടം വിട്ടുപോയതാണെന്നും അധിനിവേശക്കാര്‍ കണ്ടെത്തിനശിപ്പിക്കുമെന്ന ഭയത്താല്‍ അവര്‍തന്നെ കോട്ടയ്ക്കുചുറ്റുമുള്ള കാടും വഴികളും തീയിട്ടുനശിപ്പിച്ചതാണെന്നും തെളിവുണ്ടത്രെ. നൂറ്റാണ്ടുകളോളം ആരാലും ശ്രദ്ധിക്കപ്പെടാതെ ആമസോണ്‍ ഉഷ്ണമേഖലാവനത്തില്‍ മലകള്‍ക്കിടയില്‍ മറഞ്ഞുകിടന്ന നഗരത്തെക്കുറിച്ച് പുറംലോകം അറിയുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. അതുവരെ പ്രദേശവാസികളില്‍ ചിലര്‍ക്കുമാത്രം അറിയാമായിരുന്ന ഈ രാജകീയനഗരം 1911-ല്‍ ഹിറാം ബിംഗ് ഹാം എന്ന അമേരിക്കന്‍ ഗവേഷകന്‍ കണ്ടെത്തി, പുറംലോകത്തെ അറിയിക്കുകയായിരുന്നു. അവസാനത്തെ ഇന്‍കഗ്രാമമായ വില്‍കാബാംബയെ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഉറുബംബതാഴ്‌വരയിലൂടെ സഞ്ചരിക്കുമ്പോള്‍, ഗ്രാനൈറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരം കണ്ടിട്ട്, അടുത്ത് എന്തെങ്കിലും പഴയകാല നിര്‍മ്മിതികള്‍ ഉള്ളതായിഅറിയാമോ എന്ന് അദ്ദേഹം പ്രദേശവാസികളോട് ചോദിച്ചുവെന്നും ഭൂവുടമയായ മെല്‍ചോര്‍ അര്‍തേഗയും പെറുവിയന്‍ നാഷണല്‍ ഗാര്‍ഡിന്റെ സര്‍ജന്റ് കരാസ്‌കോയുമാണ് അദ്ദേഹത്തെ മച്ചുപിച്ചുവിലേക്ക് നയിച്ചതെന്നുമാണ് കഥ. കാടുവെട്ടിത്തെളിച്ചുള്ള അദ്ദേഹത്തിന്റെ പര്യവേഷണങ്ങള്‍ ചില നിര്‍മ്മിതികള്‍ തകരാന്‍ കാരണമായി. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതിന്റെ 40% മാത്രമാണ് നമ്മളിപ്പോള്‍ കാണുന്നത്. പര്‍വതത്തില്‍നിന്ന് താഴേക്കുവീഴുന്നത് തടയാന്‍ നിര്‍മ്മിച്ചവയാണ് കോട്ടയ്ക്കുതാഴെയുള്ള അറുനൂറിലധികം ടെറസുകളെന്ന് പിന്നീടാണ് കണ്ടെത്തിയത്. മച്ചുപിച്ചുവില്‍നിന്നും കണ്ടെത്തിയ അയ്യായിരത്തിലധികം പുരാവസ്തുക്കളുടെ ഉടമസ്ഥതയെച്ചൊല്ലി പെറുവും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യേല്‍ സര്‍വകലാശാലയും തമ്മില്‍ ദീര്‍ഘകാലം തര്‍ക്കത്തിലായിരുന്നു. ഒടുവില്‍, ഗവേഷണത്തിനായി കൊണ്ടുപോയ എല്ലാ പുരാവസ്തുക്കളും ജന്മനാടിന് തിരികെനല്‍കാന്‍ 2012-ല്‍ തീരുമാനമായി.
ഇന്‍കകള്‍ വിശുദ്ധമായി കരുതിയിരുന്ന ഉയരമുള്ള പര്‍വതവും മറ്റ് പ്രകൃതിസാന്നിധ്യങ്ങളും ഉള്ള മച്ചുപിച്ചു സൂര്യാരാധനയുടെയും ജ്യോതിശാസ്ത്രനിരീക്ഷണത്തിന്റെയും കേന്ദ്രമായിരുന്നുവെന്ന് ചില ഗവേഷകര്‍ പറയുന്നു. ഇന്‍കഭാഷയില്‍ മച്ചുപിച്ചു എന്നാല്‍ പഴയപര്‍വതം എന്നര്‍ത്ഥം. അത് കോട്ടയുടെ തൊട്ടുമുന്നിലുള്ള വലിയപര്‍വതത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ക്ലാസിക്‌ഫോട്ടോകളിലും പോസ്റ്റ്കാര്‍ഡുകളിലുമൊക്കെ നമ്മള്‍ കാണുന്നത് കോട്ടയുടെ തൊട്ടുപിന്നിലുള്ള ഹുയ്‌നപിച്ചുവാണ്. പുതിയപര്‍വതം എന്നാണ് ഹുയ്‌നപിച്ചുവിന്റെ അര്‍ത്ഥം. മുക്കാല്‍മണിക്കൂര്‍കൊണ്ട് ഹുയ്‌നപിച്ചുവിന്റെ മുകളിലെത്താം. വഴിയില്‍ ഒരു ഇന്‍ക ക്ഷേത്രവും കാണാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പുരാതനഗോത്രക്കാര്‍ രണ്ടുപുണ്യമലകളുടെ (സൂര്യചന്ദ്രമലകള്‍) സാമീപ്യത്തില്‍, സൂര്യനെ പിതാവായും ചന്ദ്രനെ മാതാവായും ആരാധിച്ചിരുന്നു. ഇന്‍കകളും അതേവിശ്വാസക്കാരായിരുന്നുവെന്ന് ചെറുതുംവലുതുമായ രണ്ടുമലകളുടെ സാമീപ്യവും കോട്ടയിലെ ക്ഷേത്രങ്ങളും സൂചിപ്പിക്കുന്നു പെറുവിലെ 10% ജന്തുജാലങ്ങളുടെയും 22% സസ്യജാലങ്ങളുടെയും ആവാസകേന്ദ്രമാണ് മച്ചുപിച്ചുവിലെ മേഘവനങ്ങള്‍. ഇവിടെ ഓര്‍ക്കിഡുകള്‍മാത്രം മുന്നൂറിലധികം ഇനങ്ങളുണ്ടത്രെ. മച്ചുപിച്ചുവിലെ അവിശ്വസനീയമായ ജൈവവൈവിധ്യങ്ങള്‍ കണ്ടറിയാന്‍ ഇന്‍കട്രയല്‍ നടത്താവുന്നതാണ്. 1983-ല്‍ യുനെസ്‌കോ മച്ചുപിച്ചുവിനെ ഒരു പ്രകൃതി,സാംസ്‌കാരിക, ലോകപൈതൃകസൈറ്റായി പ്രഖ്യാപിച്ചു. നാശോന്മുഖമായ നിര്‍മ്മിതികള്‍ പലതും കേടുപാടുകള്‍തീര്‍ത്തും പുതുക്കിപ്പണിതും നിലനിര്‍ത്തുന്നതിനുള്ള ശ്രമംതുടരുന്നു. ഇപ്പോഴിവിടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും വിനോദസഞ്ചാരികള്‍ ധാരാളമായി വന്നുപോകുന്നു. സൈറ്റിന് താങ്ങാനാവാത്തത്ര തിരക്കാവുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പതിവുമുണ്ട്. മച്ചുപിച്ചു ഒരു നോ-ഫ്‌ളൈ സോണ്‍ ആണ്. കേബിള്‍കാറുമില്ല.
പതിനഞ്ചാംനൂറ്റാണ്ടില്‍ സ്പാനിഷ് അധിനിവേശക്കാര്‍ പെറുവിലെ ധാരാളം ഇന്‍കനിര്‍മ്മിതികളും വിശുദ്ധസ്ഥലങ്ങളും നശിപ്പിക്കുകയും അവയ്ക്കുമുകളില്‍ കത്തോലിക്കാപള്ളികള്‍ സ്ഥാപിക്കുകയുംചെയ്തു. മച്ചുപിച്ചുവിന്റെ വിദൂരസ്ഥാനം കാരണമാവാം അത് അവരുടെ കണ്ണില്‍പെടാതെപോയതും ഇന്നൊരു ലോകാത്ഭുതമായി സംരക്ഷിക്കപ്പെടാന്‍ ഇടയായതും. ഒരുപക്ഷെ, ഇന്‍കകളുടെ ദീര്‍ഘവീക്ഷണമാവാം മച്ചുപിച്ചുവിനെ രക്ഷിച്ചത്. അവര്‍ തീയിട്ടുനശിപ്പിച്ച കാടിനുപകരം പുതിയസസ്യങ്ങളും വൃക്ഷങ്ങളും വളര്‍ന്ന് അതിനെക്കാള്‍ വലിയ കാടായി, ഇന്‍കനഗരത്തിന്റെ വലിയൊരുഭാഗം ഇപ്പോഴും മണ്ണിനടിയിലും കാടിനുള്ളിലും മറഞ്ഞുതന്നെ കിടക്കുന്നു.
നേരം ഉച്ചയായിട്ടും നടന്നുതളര്‍ന്നിട്ടും കാണാന്‍ ഇനിയും ഏറെ ബാക്കിയുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള മരിയയുടെ വിവരണം തുടരുകയാണ്. തലക്കുമുകളിലെത്തിയ സൂര്യന്റെ ചൂടില്‍ വിയര്‍ത്തുകുളിച്ച് ഇനി ഒരടിപോലും മുന്നോട്ടുനടക്കാന്‍ വയ്യെന്നായപ്പോള്‍ ഞാന്‍ മലയിറങ്ങാന്‍തുടങ്ങി. എല്ലാം കണ്ടിട്ടുപോയാല്‍മതിയെന്ന മരിയയുടെ നിര്‍ബന്ധത്തിനു ചെവികൊടുക്കാതെ തണല്‍തേടി താഴേക്കിറങ്ങി. കൂടെയുള്ളവര്‍ മടങ്ങിയെത്തുംവരെ ഒരു മരച്ചുവട്ടില്‍ വിശ്രമിച്ചു. ക്വിറ്റോയില്‍ കുടുങ്ങിയ മൂന്നുപേര്‍ ഇനിയും എത്തിയിട്ടില്ല. രണ്ടുമണിയോടെ, മടക്കയാത്രക്കായി ഞങ്ങള്‍ ബസില്‍ കയറിയപ്പോഴാണ് അവരെത്തിയത്. നിങ്ങള്‍ മച്ചുപിച്ചു എന്ന മഹാത്ഭുതം കണ്ടിട്ടുവരൂ. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കാം എന്ന് അവര്‍ക്ക് ഉറപ്പുനല്‍കി, ഞങ്ങള്‍ മച്ചുപിച്ചുവില്‍നിന്ന് മടങ്ങി.
(മച്ചുപിച്ചുവിനെക്കുറിച്ചുള്ള വസ്തുതകള്‍ക്കും ചിത്രങ്ങള്‍ക്കും മരിയ എന്ന ഗൈഡിനോടും പപ്പീസ് ട്രെക്ക്‌സ് എന്ന പെറൂവിയന്‍ ടൂറിസം ഏജന്‍സിയുടെ വിവരണങ്ങളോടും കടപ്പാട്)
Saturday, 5 October 2024
കുമരകത്തെ പക്ഷികളും പൂമ്പാറ്റകളും - (യാത്ര) എസ്.സരോജം
കായല്‍സവാരി ആസ്വദിക്കുന്നവര്‍ക്കും പക്ഷികളെയും പൂമ്പാറ്റകളെയും ഇഷ്ടപ്പെടുന്നവര്‍ക്കും കുമരകത്തേക്കൊരു വിനോദ യാത്ര പോകാം. വേമ്പനാടു കായല്‍പ്പരപ്പിലൂടെ ഹൗസ്‌ബോട്ടില്‍ കറങ്ങിനടന്ന് കായല്‍സൗന്ദര്യം കണ്ണുകളില്‍ കോരിനിറയ്ക്കാം, കായല്‍മത്സ്യത്തിന്റെയും നാടന്‍ഭക്ഷണത്തിന്റെയും രുചി ആസ്വദിക്കാം, എന്തൊരു ത്രില്ലാണെന്നോ. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പച്ചപ്പുനിറഞ്ഞ ചെറിയൊരു ഗ്രാമമാണ് കുമരകം. കോട്ടയം പട്ടണത്തില്‍നിന്ന് പന്ത്രണ്ടുകിലോമീറ്റര്‍ ദൂരമേയുള്ളു. സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നുകിടക്കുന്ന നിരവധി ചെറുദ്വീപുകള്‍ ചേര്‍ന്ന കുട്ടനാടിന്റെ ഭാഗമാണ് കുമരകം. 5166 ഹെക്ടറാണ് കുമരകത്തിന്റെ ആകെ വിസ്തൃതി. ഇതില്‍ 2418 ഹെക്ടര്‍ കായലും 1500 ഹെക്ടര്‍ നെല്‍പ്പാടങ്ങളും 1253 ഹെക്ടര്‍ കരഭൂമിയും ഉള്‍പ്പെടുന്നു. സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്നതിനാല്‍ കുമരകത്തെ കേരളത്തിലെ നെതര്‍ലാന്റ് എന്നുവിളിക്കുന്നു.
കായല്‍ക്കരയിലെ രാത്രിക്കാഴ്ചകള്‍
വിനോദസഞ്ചാരികളുടെ തിരക്ക് ഏറിയിരുന്ന ഒരു വെള്ളിയാഴ് ച വൈകുന്നേരം കുമരകത്തെത്തിയ ഞങ്ങള്‍ക്ക് ത്രീസ്റ്റാര്‍ സൗകര്യങ്ങള്‍ മാത്രമുള്ള ഇല്ലിക്കളം ലേക്‌സൈഡ് കോട്ടേജിലായിരന്നു താമസസൗകര്യം ലഭ്യമായത്. അതെന്തായാലും വലിയൊരനുഗ്രഹമായിത്തീര്‍ന്നു. കായലിനഭിമുഖമായി നില്‍ക്കുന്ന ചെറിയൊരു കോട്ടേജ്. മുറ്റത്തിനും കായല്‍ഭിത്തിക്കുമിടയില്‍ മനോഹരമായ ചെടികളും പൂക്കളും. പച്ചപ്പട്ടുവിരിച്ചതുപോലുള്ള പുല്‍ത്തകിടിയും ഇളനീര്‍ക്കുടങ്ങള്‍ ചൂടിനില്‍ക്കുന്ന കേരവൃക്ഷങ്ങളും നൈസര്‍ഗികപ്രകൃതിയുടെ ലാവണ്യക്കാഴ്ചകളായി. കായലില്‍ മുട്ടിയുരുമ്മിനില്‍ക്കുന്ന പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമയസൂര്യന്‍ വിരഹചിത്രങ്ങള്‍ വരക്കുന്നതും രാത്രിയും പകലും യാത്രാമൊഴിചൊല്ലി പിരിയുന്നതും കൗതുകത്തോടെ നോക്കിയിരുന്നു.
രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ ഞങ്ങള്‍ കായല്‍ക്കരയില്‍ ഉണര്‍ന്നിരുന്നു. കായലോളങ്ങള്‍ ഭിത്തിയില്‍ മുട്ടുന്ന ഗ്ലും ഗ്ലും ശബ്ദം, ഓളങ്ങളില്‍ ഒഴുകിപ്പരക്കുന്ന കുളവാഴപ്പൂക്കളുടെ അപരിചിതഗന്ധം.മുകളില്‍ നക്ഷത്രനിബിഡമായ നീലാകാശം, കായല്‍ഭിത്തിയിലിരുന്ന് കായലോളങ്ങളില്‍ കാലുചിക്കി, കിന്നാരം പറഞ്ഞും പച്ചപ്പുല്ലില്‍ കിടന്നുരുണ്ടും കായല്‍ക്കാറ്റിന്റെ രാത്രിക്കുളിരില്‍ അലിഞ്ഞുലഞ്ഞും... ഹാ... എന്തുരസം! ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സുന്ദരമായ അനുഭൂതി. പുലരാറായപ്പോള്‍ കാഴ്ച മതിയാക്കി, ഗാഢമായ നിദ്രയിലേക്ക്. ഉണര്‍ന്നപ്പോള്‍ രാവിലെ എട്ടുമണി. തിടുക്കപ്പെട്ട് കുളിച്ചൊരുങ്ങി. പ്രഭാതഭക്ഷണത്തിനുശേഷം പക്ഷിസങ്കേതത്തിലേക്ക് പുറപ്പെട്ടു.കുമരകം പക്ഷിസങ്കേതം
നീര്‍ക്കാക്ക, കൊറ്റി, കുക്കു, കുളക്കോഴി, മരംകൊത്തി, മഴപ്പുള്ള്, നത്ത്, തത്ത, പൊന്മാന്‍, ഇരണ്ട, ഞാറ, മല്ലിക്കോഴി തുടങ്ങി നൂറോളം പ്രാദേശികയിനം പക്ഷികളുടെയും അമ്പതിലേറെയിനം ദേശാടനപ്പക്ഷികളുടെയും ആവാസകേന്ദ്രമാണ് കുമരകം പക്ഷിസങ്കേതം. പ്രാദേശിക പക്ഷിനിരീക്ഷണത്തിന് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയും ദേശാടനപ്പക്ഷിനിരീക്ഷണത്തിന് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുമാണ് ഏറ്റവും അനുയോജ്യമായ കാലം. ഞങ്ങള്‍ ഡിസംബറിന്റെ അവസാനത്തിലാണ് ഇവിടം സന്ദര്‍ശിച്ചത്. ആകയാല്‍, സൈബീരിയന്‍ കൊക്ക് തുടങ്ങിയ ദേശാടനപ്പക്ഷികള്‍ സുലഭമായിരുന്നു. കണ്ടല്‍ക്കാടുകളും ചതുപ്പുനിലങ്ങളും ഉള്‍പ്പെടുന്ന കുമരകത്തിന്റെ ഭൂപ്രകൃതിയാണ് പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പക്ഷിനിരീക്ഷണത്തിനുമാത്രമല്ല, അലസമായി ചുറ്റിനടക്കാനും തണല്‍കൊണ്ടിരിക്കാനും ഇതിനെക്കാള്‍ മികച്ച ഒരിടം കേരളത്തില്‍ വിരളമെന്നേ പറയേണ്ടു. . പിണഞ്ഞുകിടക്കുന്ന കാട്ടുവള്ളികളില്‍ ഊഞ്ഞാലാടിയും വളഞ്ഞുചുറ്റിയ കാട്ടുവള്ളികളില്‍ ചാരുകസേരയിലെന്നപോലെ ചാരിക്കിടന്നും... ഈ പക്ഷിസങ്കേതം പകര്‍ന്നേകുന്ന വിനോദവിസ്മയങ്ങള്‍ ചെറുതല്ല.
പതിനാലേക്കര്‍ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പക്ഷിസങ്കേതം മുഴുവന്‍ നടന്നുകാണുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഡിസംബറിലെ തണുപ്പില്‍ നാടന്‍പക്ഷികളെ കാണാന്‍കിട്ടുക അപൂര്‍വ്വം. കാടിനുള്ളിലെ തടാകത്തില്‍ ഭക്ഷണംതിരയുന്ന നീര്‍ക്കാക്കയും കൊക്കുമൊക്കെ വല്ലപ്പോഴുമൊന്ന് കണ്ണില്‍പെട്ടാലായി. കാടിനുള്ളില്‍ നിന്ന് കുയിലിന്റെ കൂജനം കേള്‍ക്കാം. കായലോരത്തെ നിരീക്ഷണഗോപുരത്തില്‍നിന്നുള്ള ചുറ്റുവട്ടക്കാഴ്ചകള്‍ വല്ലാതെ കൊതിപ്പിച്ചു; കണ്ടല്‍ക്കാടുകളും പച്ചവിരിച്ച കായലരികുകളും നീലജലപ്പരപ്പിലൂടെ പക്ഷിസങ്കേതത്തെ ചുറ്റുന്ന ബോട്ടുകളും... ഞങ്ങള്‍ വേഗം തിരിച്ചുനടന്ന് ബോട്ടുജെട്ടിയിലെത്തി. പക്ഷിനിരീക്ഷണത്തിനായുള്ള ഒരു നൗക വാടകയ്‌ക്കെടുത്ത് കായലിലൂടെ പക്ഷിസങ്കേതത്തെ വലംവച്ചു. കാടിനുള്ളിലെക്കാള്‍ കൂടുതല്‍ പക്ഷികളെ കണ്ടല്‍ക്കാടുകളിലും വൃക്ഷശിഖരങ്ങളിലും ഒറ്റയായും ജോഡിയായും കാണാന്‍ കഴിഞ്ഞു. പാതിരാമണല്‍
പക്ഷിനിരീക്ഷണംകഴിഞ്ഞ് ബോട്ടുജെട്ടിയില്‍ തിരിച്ചെത്തിയപ്പോഴേക്കും കലശലായ വിശപ്പ്. സഞ്ചരിക്കുന്ന ഭക്ഷണശാലയില്‍നിന്ന് കപ്പയും മീനും പാഴ്‌സല്‍ വാങ്ങി, എല്ലാവരുംകൂടി പങ്കിട്ടുകഴിച്ചു, അതുകഴിഞ്ഞ് സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ കയറി പാതിരാമണലിലേക്ക് തിരിച്ചു. 2018 ഏപ്രില്‍ മാസത്തില്‍ സര്‍വീസ് ആരംഭിച്ച കുമരകം - പാതിരാമണല്‍ ബോട്ട് സര്‍വീസ് തുച്ഛമായ ചെലവില്‍ കായല്‍സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ സംവിധാനമാണ്. നാല്‍പത്തിരണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ ഇടമുള്ള ബോട്ടിന് ആകെ 420 രുപ നല്‍കിയാല്‍ മതി, ആളൊന്നിന് വെറും പത്തുരൂപ. തിരിച്ച് അതേബോട്ടില്‍ തന്നെ മടങ്ങണമെന്നില്ല. ദ്വീപിന്റെ പച്ചപ്പും ദേശാടനപ്പക്ഷികളുടെ വ്യത്യസ്തഭാവസൗന്ദര്യങ്ങളും വേണ്ടുവോളം ആസ്വദിച്ചശേഷം അടുത്ത ബോട്ടിന് ടിക്കറ്റെടുത്ത് മടങ്ങാം.
വേമ്പനാടുകായലിനു നടുവില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന നിരവധി ചെറുതുരുത്തുകളുടെ കൂട്ടമാണ് പാതിരാമണല്‍. പ്രകൃതിസ്‌നേഹികളുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടതാവളമാണിവിടം. കുമരകത്തിനും തണ്ണീര്‍മുക്കം ബണ്ടിനും ഇടയില്‍ പത്തേക്കര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന പാതിരാമണല്‍ അനന്തപത്മനാഭന്‍ തോപ്പെന്നും പാതിരാത്തോപ്പെന്നും അറിയപ്പെടുന്നു. കുമരകം പക്ഷിസങ്കേതത്തില്‍ കാണുന്ന എല്ലായിനം പക്ഷികളും ഇവിടെ സുലഭമാണ്. മത്സ്യങ്ങളെ മുങ്ങാങ്കുഴിയിട്ടുപിടിച്ച്, ഉയരത്തിലേക്കെറിഞ്ഞ്, കൊക്കുകൊണ്ടുപിടിച്ച് കൊന്നുതിന്നുന്ന ചേരക്കോഴി കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. ചായമുണ്ടി എന്നുവിളിക്കുന്ന പര്‍പ്പിള്‍ഹെറോണ്‍, ഇന്ത്യന്‍ ഷാഗ്, പലയിനം കൊക്കുകള്‍ തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള ധാരാളംപക്ഷികള്‍ മഞ്ഞുകാലമായാല്‍ ഈ കൊച്ചുദ്വീപില്‍ പറന്നെത്തും. ഇടതൂര്‍ന്നുനില്‍ക്കുന്ന വൃക്ഷങ്ങളും അവയെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന വള്ളികളും കരിങ്കല്ലുപാകിയ വഴിയോരങ്ങളും വനത്തിന്റെ നിബിഡതയും മണ്ണിനുപുറത്തേക്ക് വളരുന്ന വേരുകളും തിങ്ങിവളരുന്ന കാട്ടുചെടികളും വിവിധയിനം കണ്ടല്‍ച്ചെടികളുമൊക്കെയായി സന്ദര്‍ശകരെ പുളകമണിയിക്കാന്‍ കാത്തുനില്‍ക്കുകയാണ് പാതിരാമണല്‍. ഫോട്ടൊഗ്രഫിയില്‍ കമ്പമുള്ളവര്‍ക്കാകട്ടെ ഈ ദ്വീപ് ക്യാമറക്ക് അനുയോജ്യമായ നിരവധി ഫ്രെയിമുകള്‍ സമ്മാനിക്കും.നെക്ടാര്‍ ബട്ടര്‍ഫ്‌ളൈ പാര്ക്ക്കുമരകം പക്ഷിസങ്കേതത്തില്‍നിന്നും അകലെയല്ലാതെ ഒരു ബട്ടര്‍ഫ്‌ളൈ പാര്‍ക്കുണ്ട്. വള്ളിച്ചെടികള്‍ പടര്‍ന്ന ഗേറ്റിലും പരിസരത്തും ചെറുതും വലുതുമായ നിരവധി ശലഭങ്ങള്‍ ഉത്സാഹത്തോടെ പാറിനടക്കുന്നത് പുറത്തുനിന്നുതന്നെ കാണാം. ഓരോയിനം ശലഭങ്ങള്‍ക്കും ഇണങ്ങുന്ന ധാരാളം ചെടികളും പൂക്കളും ചിട്ടയായി പരിപാലിക്കപ്പെടുന്ന ചെറിയൊരു പാര്‍ക്കാണിത്. രാവിലെ ശലഭങ്ങളോടൊപ്പം പാറിനടക്കുമ്പോള്‍ നീയെത്ര ധന്യ എന്ന സിനിമക്കുവേണ്ടി ഒ.എന്‍..വി എഴുതിയ വരികള്‍ മനസ്സില്‍ തുള്ളിത്തുളുമ്പിവന്നു:
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായി മാറി...
പുല്ലിലും പൂവിലും വര്‍ണ്ണച്ചിറകുമായ് പാറീ....
പലനിറത്തിലുള്ള ചെടികളും പൂക്കളും ചെടികളുടെ ഇലകള്‍ക്കടിയില്‍ സുരക്ഷിതമായി പറ്റിപ്പിടിച്ചിരിക്കുന്ന മുട്ടകളും കുരുന്നിലകള്‍ തിന്ന് വയറുനിറയ്ക്കുന്ന പുഴുക്കളും വജ്രക്കുണുക്കുകള്‍പോലെ തൂങ്ങിക്കിടക്കുന്ന പ്യൂപ്പകളും പൂക്കള്‍തോറും പാറിനടന്ന് തേന്‍നുകരുന്ന പൂമ്പാറ്റകളും... അതിജീവനത്തിന്റെ മഹത്തായ പ്രകൃതിപ്രമാണം ചുരുള്‍നിവര്‍ത്തിനില്‍പാണ്.
Tuesday, 24 September 2024
ഒരു സഞ്ചാരിയുടെ കാഴ്ചാപഥങ്ങള്‍ - പ്രദീപ് പനങ്ങാട്
മഴക്കാടുകളിലെ സഞ്ചാരപഥങ്ങള്‍ (യാത്രാവിവരണം) എസ്. സരോജം
ഓരോ യാത്രയും അതിജീവനവും കണ്ടെത്തലുമാണ്. മാത്രമല്ല, അത് കാലത്തേയും ചരിത്രത്തേയും തിരിച്ചറിയാനുള്ള പ്രയാണവുമാണ്. ഒരു സഞ്ചാരിയാവുക എന്നത് സാഹസികതയുടെ പ്രഖ്യാപനംകൂടിയാണ്. അനിശ്ചിതമായ സന്ദര്‍ഭങ്ങളെ നേരിടാനും മറികടക്കാനുമുള്ള ധീരത സഞ്ചാരികളുടെ സവിശേഷതയാണ്. ഈ തിരിച്ചറിവിലൂടെയാണ് യാത്ര പുറപ്പെടുന്നത്. യാത്രകളിലെ കാഴ്ച, അനുഭവം, നിരീക്ഷണം, ധ്യാനം, മനനം, മൗനം എല്ലാം ജീവിതത്തിന്റെ നിതാന്തതാളത്തെ ബാധിക്കും. അത് അകത്തേക്കും പുറത്തേക്കുമുള്ള അന്വേഷണങ്ങള്‍ക്ക് പ്രേരണയാവും. വിഷാദങ്ങളുടെ സമുദ്രത്തില്‍നിന്നും സന്തോഷങ്ങളുടെ കരയിലേക്കെത്താന്‍, സന്നിഗ്ദ്ധതകളുടെ മദ്ധ്യാഹ്നങ്ങളില്‍നിന്നും സ്‌നേഹത്തിന്റെ ശീതളച്ഛായയിലേക്കെത്താന്‍ യാത്രകള്‍ വഴികാട്ടിയാവും. ഞാന്‍ പരിചയപ്പെട്ട പലരും യാത്രകളെ ജീവിതത്തിന്റെ തീക്ഷ്ണസൗന്ദര്യമായി തന്നെയാണ് കാണുന്നത്. എസ്.സരോജം എന്ന സഞ്ചാരിയും ആ അനുഭവതലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വിശ്വസിക്കുന്നു.
നിരന്തരയാത്രകളുടെ ലോകഭൂപടമാണ് ഈ സഞ്ചാരിയുടെ മുന്നിലുള്ളത്. ലോകാന്തരയാത്രയ്ക്കായുള്ള ക്ഷണമാണ് എപ്പോഴും മുന്നിലുള്ളത്. അത് സമര്‍ത്ഥമായി വിനിയോഗിക്കാന്‍ ഈ സഞ്ചാരിക്ക് കഴിയുന്നു. അതുകൊണ്ടാണ് ഇത്രയധികം യാത്രകള്‍ ചെയ്യാന്‍ സരോജത്തിന് സാധിക്കുന്നത്. ഔദ്യോഗികജീവിതം അവസാനിക്കുമ്പോള്‍ ആരംഭിക്കുന്ന അര്‍ത്ഥസാന്ദ്രജീവിതമാണ് സരോജത്തിന് യാത്രകള്‍. ഇത്തരം സന്ദര്‍ഭങ്ങളിലാവാം ജീവിതത്തിലേക്ക് വെളിച്ചത്തിന്റെ സൗന്ദര്യം കടന്നുവരുന്നത്. അത് പകര്‍ത്തിവയ്ക്കുക അത്ര ലളിതകര്‍മ്മമല്ല. കാലത്തിനപ്പുറത്തെ കാഴ്ചകളും കാഴ്ചകള്‍ക്കപ്പുറത്തെ കാലവും കൊത്തിയെടുക്കുകയാണ് സഞ്ചാരരചയിതാക്കള്‍ ചെയ്യേണ്ടത്. ആ സര്‍ഗ്ഗാത്മക ദൗത്യത്തിനുള്ള ശ്രമമാണ് സരോജത്തിന്റെ സഞ്ചാരരചനകള്‍. കാലം, ചരിത്രം, ഭൂമിശാസ്ത്രം, ജനപഥങ്ങള്‍, കാലാവസ്ഥ, രാഷ്ട്രീയസമീക്ഷകള്‍, ജീവിതകാമനകള്‍, ഭക്ഷണശീലങ്ങള്‍, പാരസ്പര്യത്തിന്റെ ഊഷ്മളത തുടങ്ങി എല്ലാം അതില്‍ കടന്നുവരുന്നുണ്ട്. അനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും സമാഹാരമാണ് എസ്.സരോജത്തിന്റെ സഞ്ചാരരചനകള്‍ എന്ന് വിശേഷിപ്പിക്കാം.
സരോജം നടത്തുന്ന യാത്രകള്‍ ഏറെയും സംഘസഞ്ചാരങ്ങളാണ്, പലപ്പോഴും സൗഹൃദങ്ങളുടെ ഊര്‍ജ്ജപ്രവാഹത്തിലൂടെയുള്ള യാത്ര. അപ്പോഴും കൂട്ടത്തില്‍നിന്ന് മാറി ഏകാന്തസഞ്ചാരങ്ങള്‍ നടത്തുകയുംചെയ്യുന്നു. ഈ ഏകാന്ത കാഴ്ചാപഥങ്ങളാണ് സരോജത്തെ എഴുത്തുകാരിയാക്കി മാറ്റുന്നത്. കൂട്ടംതെറ്റി മേയുന്ന മനസിന്റെ സഞ്ചാരസംക്രമണങ്ങളാണ് രചനകളായിമാറുന്നത്. മനസിലാക്കിയിടത്തോളം കൃത്യമായ പഠനങ്ങളോടെയും ബോധ്യങ്ങളോടെയും തയാറെടുപ്പുകളോടെയുമാണ് ഓരോ യാത്രയും നിര്‍വഹിക്കുന്നത്. അലസസഞ്ചാരിയുടെ കാഴ്ചകളല്ല, അന്വേഷണപഥികയുടെ ആത്മസാന്നിധ്യമാണ് വായനയില്‍ തെളിയുന്നത്. സരോജത്തിന്റെ മിക്ക യാത്രാരചനകളിലൂടെയും കടന്നുപോയ ഒരാള്‍ എന്ന നിലയിലാണ് ഈ നിരീക്ഷണം പകര്‍ത്തുന്നത്. ഇത്തരമൊരു നിരീക്ഷണം കുറിക്കേണ്ടിവന്നത് 'മഴക്കാടുകളിലെ സഞ്ചാരപഥങ്ങള്‍' എന്ന പുസ്തകം മുന്നിലെത്തിയ സന്ദര്‍ഭത്തിലാണ്. ക്യൂബ, കൊളംബിയ, ഇക്വഡോര്‍, പെറു, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലൂടെ നടത്തിയ സഞ്ചാരത്തിന്റെ ആത്മമുദ്രകളാണ് ഈ പുസ്തകത്തിലുള്ളത്.
ഈ യാത്രയില്‍ കടന്നുപോകുന്ന രാജ്യങ്ങളോരോന്നും രാഷ്ട്രീയവും സാംസ്‌കാരികവുമായ നിരവധി സവിശേഷതകള്‍ ഉള്ളവയാണ്. പരിചിത ജീവിത ഭൂമികയല്ല അവയൊന്നും. മനുഷ്യനും പ്രകൃതിയും രാഷ്ട്രീയവുമൊക്കെ വേറിട്ടുനില്‍ക്കുന്നു. അത്തരം സവിശേഷതകളുടെ സൂക്ഷ്മവിവരണമാണ് ഈ എഴുത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഓരോ കാഴ്ചകളും കൃത്യമായി അടയാളപ്പെടുത്താനും അതിന്റെ ചരിത്രം അവതരിപ്പിക്കാനും കഴിയുന്നു. ഒരു ദേശത്തെ, ജനപഥത്തെ ശരിയായി മനസിലാക്കാനുള്ള സന്ദര്‍ഭങ്ങളാണ് ഓരോ രചനയിലും ഉള്ളത്. അറിവുകളുടെ അവതരണവും ആവിഷ്‌കാരവുമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ആ രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കൃത്യമായ ഒരു വഴികാട്ടി കൂടിയായി മാറുന്നു ഈ രചനകള്‍.
പലപ്പോഴും മലയാളത്തിലെ യാത്രാവിവരണങ്ങള്‍ അനുഭവങ്ങളുടെ ആലങ്കാരിക അവതരണങ്ങള്‍കൊണ്ട് വിരസമാകാറുണ്ട്. മാത്രമല്ല, ആത്മകഥാഖ്യാനങ്ങളും ആകാറുണ്ട്. അതില്‍നിന്നെല്ലാം വിഭിന്നമാണ് ഈ രചനകള്‍. ഒരു സാധാരണ വായനക്കാരനെ അഭിമുഖം നിര്‍ത്തിയാണ് കാര്യങ്ങള്‍ പറഞ്ഞുപോകുന്നത്. അതുകൊണ്ട് അനായാസ വായനാസഞ്ചാരം നടത്താന്‍ കഴിയും. ദേശത്തെയും മനുഷ്യനെയും ജീവിതത്തെയും സ്പര്‍ശിച്ചറിയാന്‍ കഴിയും. മഴക്കാടുകളിലെ സഞ്ചാരപഥങ്ങള്‍ ഓര്‍മ്മകളിലേക്കുള്ള വഴിത്താര കൂടിയാണ്. യാത്രയുടെ ഓര്‍മ്മയും ഓര്‍മ്മയുടെ യാത്രയുമാണിത്. മലയാളത്തിലെ എണ്ണപ്പെട്ട സഞ്ചാരരചനകള്‍ക്കിടയില്‍ ഈ പുസ്തകവും ചേര്‍ന്നുനില്‍ക്കും.
സരോജത്തിന് സഞ്ചരിക്കാന്‍ ഇനിയും ഏറെ വഴികളും വഴിയോരങ്ങളുമുണ്ട്, രാജ്യങ്ങളും രാജവീഥികളുമുണ്ട്, സമുദ്രങ്ങളും ഗിരിനിരകളുമുണ്ട്, ജനപഥങ്ങളും ജീവിതധാരകളുമുണ്ട്. അതൊക്കെ സഞ്ചരിച്ചുതീര്‍ക്കാന്‍ കഴിയും, കഴിയട്ടെ.
Monday, 23 September 2024
വാമനന്മാരുടെ ഓണം (കവിത) എസ്.സരോജം
ഓണമെന്നൊരു നല്ലസ്വപ്നമുള്ളില്‍
ഓമനിച്ചെന്നോ നിറച്ചുവച്ചു.
ഇന്നോളമാനല്ല സ്വപ്നങ്ങളില്‍
നെല്ലും പതിരും തിരഞ്ഞു ഞാനും.
ഏറെയും പതിരാണ് കണ്ടതെന്നാല്‍
എള്ളോളം പ്രതീക്ഷ ബാക്കിവച്ചു.
മാവേലിവരുമെന്ന് കാത്തിരുന്നെന്‍
മുന്നില്‍തിമര്‍ക്കുന്നു വാമനന്മാര്‍.
സമത്വസുന്ദരലോകമീമന്നില്‍
സ്വപ്നംകണ്ടൊരു ശുദ്ധമാനസന്‍
ഭാവിച്ചുപാടിയമാവേലിനാടേ
നീ വെറുംമിഥ്യയായ് തീര്‍ന്നുവെന്നോ?
കൊള്ളയും കൊലയും കൊള്ളിവയ്പും
ഇന്നീനാടിന്റെയുത്സവങ്ങള്‍
ആമോദമെല്ലാം സമ്പന്നവര്‍ഗം
അക്ഷയപാത്രംനിറച്ചുവയ്പൂ
പാമരന്മാര്‍ക്കെന്തോണമെന്ന
ചോദ്യത്തിനുത്തരമില്ലയെന്നോ?
നേരുംനെറിയും പുലരുന്നകാലം
സ്വപ്നംകണ്ടെന്നും നമുക്കുറങ്ങാം.