Wednesday, 31 July 2013

അച്ചുതണ്ടിലെ യാത്ര (കവിത)



 




















  ഭൂമിതന്‍ ദാഹം ശമിക്കുകില്ലൊരുകാലവും
 പാനപാത്രങ്ങളെത്ര നിറച്ചുനല്‍കീടിലും.
ഏതോ മിഴികളിലദൃശ്യമായെരിഞ്ഞിടും
ശോകത്തീയണയ്ക്കുവാനാവില്ലയാര്‍ക്കും.

പൊട്ടിത്തെറിച്ചതാണവള്‍ കത്തിയെരിഞ്ഞുള്ള
പൂര്‍വ്വാഗ്നിഗോളത്തില്‍നിന്നേതോ ദശാന്തരേ.
ഒരുമാത്രപോലും നില്‍ക്കുവാനാവാതെനിത്യം
ചുറ്റിത്തിരിയുന്നകമുരുകിത്തിളയ്ക്കിലും.

അത്രയ്ക്കു ചൂടാര്‍ന്നൊരുള്‍ത്തടം പേറിയവ-
ളെത്രനാള്‍ തുടരുമീയച്ചുതണ്ടിലെ യാത്ര ?

പുറംതോടില്‍ മുളച്ചുപൊന്തുന്നനാമ്പുകള്‍
അല്‍പകാലത്തില്‍ കരിയുന്ന   ജീവിതങ്ങള്‍!
പ്രാണന്‍റെതുള്ളികള്‍ നക്കിയെടുക്കുന്ന  നാവുകള്‍
കാലത്തെ വെല്ലും ലോകപാലന്‍റെ  ലീലകള്‍ !

പുകയുന്നൊരുള്ളുമായലയുന്ന മര്‍ത്യരും
ഉരുകിത്തിളയ്ക്കുമായമ്മതന്‍ മക്കളല്ലോ.
'നിത്യശാന്തി'യെന്നതും മിഥ്യയാവാമടിഞ്ഞു
ചേരുന്നതായമ്മതന്‍ ചൂടിലേക്കല്ലയോ?

പരിണാമചക്രം തിരിക്കുന്ന കാലത്തിനും
പരമെളുതല്ല മാറ്റുവാന്‍ മര്‍ത്യന്‍റെ  ദുര്‍ഗ്ഗതി! 

No comments:

Post a Comment